‘ലോകത്തിന്റെ ഒത്തമധ്യത്തിൽ’ കൂടിവരുന്നു
‘ലോകത്തിന്റെ ഒത്തമധ്യത്തിൽ’ കൂടിവരുന്നു
“തീ പിറ്റോ ഓ തീ ഹിനുവാ” എന്ന് നിങ്ങൾ എന്നെങ്കിലും കേട്ടിട്ടുണ്ടോ? ഈസ്റ്റർ ദ്വീപിലെ തനതു ഭാഷയായ റാപാനൂയിയിൽ, “ലോകത്തിന്റെ ഒത്തമധ്യം” എന്നാണ് അതിന്റെ അർഥം. ഇവിടെ നടന്ന ഒരു സമ്മേളനത്തെ വളരെ വിശേഷപ്പെട്ടതാക്കിയത് എന്തായിരുന്നു?
വിദൂരസ്ഥം, നിഗൂഢം, അന്യാദൃശം. ഈസ്റ്റർ ദ്വീപിനെ, അഥവാ നാട്ടുകാർ ഇതിനെ വിളിക്കുന്ന പ്രകാരം റാപാനൂയിയെ വർണിക്കാൻ ഉപയോഗിച്ചിട്ടുള്ള ചില വാക്കുകളാണ് ഇവ. ചിലിയിലെ സാന്റിയാഗോയിൽനിന്ന് 3,790 കിലോമീറ്റർ മാറി ദക്ഷിണ പസിഫിക് സമുദ്രത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വിദൂരസ്ഥ പ്രദേശം തന്നെയാണ് ഇത്. 1888 സെപ്‌റ്റംബർ 9-ന് ഇത് ചിലിയുടെ ഒരു പ്രവിശ്യ ആയിത്തീർന്നു.
അടിസ്ഥാനപരമായി, നിർജീവമായ മൂന്ന് അഗ്നിപർവതങ്ങൾ ഉൾപ്പെട്ടതാണ് 166 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഈ ത്രികോണ ദ്വീപ്. വാസ്‌തവത്തിൽ, മറ്റനേകം പസിഫിക് ദ്വീപുകളെയുംപോലെ സമുദ്രത്തിനടിയിലുള്ള വമ്പൻ പർവതങ്ങളുടെ ശിഖരങ്ങളാൽ നിർമിതമാണ് ഇതും. മുഴുദ്വീപും ഒരു പ്രകൃതി സ്‌മാരകമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ദ്വീപിനെ ലോകപ്രശസ്‌തം ആക്കുന്നത് അവിടത്തെ മോഐ എന്ന് അറിയപ്പെടുന്ന നിഗൂഢ ശിലാപ്രതിമകളാണ്. *
ആകർഷകമായ ഭൂപ്രകൃതിക്കും ചരിത്ര സ്‌മാരകങ്ങൾക്കും പുറമേ, വൈവിധ്യമാർന്ന ഭക്ഷണസാധനങ്ങളും ഈസ്റ്റർ ദ്വീപ് അണിനിരത്തുന്നു. കൈതച്ചക്ക, അവൊക്കാഡോ, കപ്പളങ്ങ, ഒമ്പതുതരം വാഴപ്പഴം എന്നിങ്ങനെയുള്ള ഫലങ്ങൾ ഇവിടെ വിളയുന്നു. കടൽ നാനാതരം മത്സ്യങ്ങളും മറ്റു സമുദ്രഭക്ഷ്യങ്ങളും ലഭ്യമാക്കുന്നു.
ക്രമമായി എത്തുന്ന മഴയും മഴവില്ലും സഹിതമുള്ള മിതമായ കാലാവസ്ഥയാണ് ഈസ്റ്റർ ദ്വീപിൽ. ഇതു സന്ദർശകർക്കു ശുദ്ധവായുവും ചേതോഹരദൃശ്യങ്ങളും പ്രദാനംചെയ്യുന്നു. ഇപ്പോൾ ഇവിടെ ഏകദേശം 3,800 നിവാസികളുണ്ട്. ആദ്യ കുടിയേറ്റക്കാരുടെയും പിന്നീട് യൂറോപ്പ്, ചിലി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് എത്തിയവരുടെയും സങ്കര സന്താനങ്ങളാണ്
ഇപ്പോഴത്തെ ദ്വീപുവാസികൾ. സമ്പദ്‌വ്യവസ്ഥയെ താങ്ങിനിറുത്തുന്ന ഒരു ഘടകമായ ടൂറിസം തഴച്ചുവളരാൻ ഇടയാക്കിക്കൊണ്ട് യൂറോപ്പിൽനിന്നും ഏഷ്യയിൽനിന്നുമുള്ള നൂറുകണക്കിനു വിനോദസഞ്ചാരികൾ ദ്വീപു സന്ദർശിക്കുന്നു.ആദ്യം നട്ട രാജ്യവിത്തുകൾ
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1982 ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “കുറച്ചുകാലം ഈസ്റ്റർ ദ്വീപിൽ ഒരു പ്രസാധിക ഉണ്ടായിരുന്നു. [ചിലി] ബ്രാഞ്ചിലെ ഒരു മിഷനറി സഹോദരിയുമായി നടത്തിവന്ന എഴുത്തുകുത്തുകളിലൂടെ അവർക്ക് ആത്മീയ സഹായം ലഭിച്ചു. അവർ ചിലിയിലേക്കു മടങ്ങിപ്പോന്നെങ്കിലും, തുടർന്നും ഈ ദ്വീപിൽ വീക്ഷാഗോപുരം വരിസംഖ്യയായി വരുത്തുന്നവർ ഉണ്ടെന്ന് നമ്മുടെ രേഖ കാണിക്കുന്നു. സ്‌മാരകം ആചരിക്കേണ്ടത് എന്നാണ് എന്നു ചോദിച്ചുകൊണ്ട് 1980 ഏപ്രിലിൽ ഒരു താത്‌പര്യക്കാരനിൽനിന്നു ലഭിച്ച ഒരു ദീർഘദൂര ടെലിഫോൺ കോൾ ഞങ്ങളെ തികച്ചും അത്ഭുതപ്പെടുത്തി. തുടർന്ന് ആ വർഷംതന്നെ വാൾപാറൈസോയിൽനിന്നുള്ള ഒരു ദമ്പതികൾ അങ്ങോട്ടു മാറിപ്പാർത്തു. താത്‌പര്യക്കാരുമായി അവർ ബൈബിളധ്യയനങ്ങൾ നടത്തിവരികയാണ്. 1981 ഏപ്രിലിൽ ആദ്യമായി ഈ ദ്വീപിൽ സ്‌മാരകം നടത്തപ്പെട്ടു. 13 പേർ ഹാജരായി. ഒറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്തും ‘സുവാർത്ത’ വ്യാപിച്ചുകൊണ്ടിരിക്കുന്നതിൽ നാം എത്ര സന്തോഷമുള്ളവരാണ്!”
തുടർന്ന്, 1991 ജനുവരി 30-ന് പ്രത്യേക പയനിയർ ദമ്പതികളായ ഡാര്യോ ഫെർണാണ്ടസിനെയും വിന്നിയെയും ബ്രാഞ്ച് ഈസ്റ്റർ ദ്വീപിലേക്ക് അയച്ചു. ഫെർണാണ്ടസ് സഹോദരൻ ഇങ്ങനെ ഓർമിക്കുന്നു: “അഞ്ചു മണിക്കൂർ നീണ്ട വിമാനയാത്ര, ഭൂഗ്രഹത്തിൽ ഏറ്റവും ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്തേക്ക്, നിഗൂഢതകൾ നിറഞ്ഞ ഒരു സംസ്‌കാരത്തിലേക്ക് ഞങ്ങളെ കൊണ്ടുവന്നു.” തദ്ദേശീയനായ ഒരു സഹോദരന്റെയും രണ്ടു കുട്ടികളുമായി ദ്വീപിൽ ആയിടെ എത്തിച്ചേർന്ന ഒരു സഹോദരിയുടെയും പിന്തുണയോടെ യോഗങ്ങളും പ്രസംഗ പ്രവർത്തനവും ഉടനടി ക്രമീകരിക്കപ്പെട്ടു. കുടുംബ സമ്മർദം, മതതീക്ഷ്‌ണത, പോളിനേഷ്യൻ സംസ്‌കാരങ്ങളിൽ സാധാരണമായ ചില ജീവിതരീതികൾ എന്നിവയിന്മധ്യേയും തങ്ങളുടെ ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹം അവർ കണ്ടു. ഫെർണാണ്ടസ് സഹോദരനും സഹോദരിയും ഇപ്പോൾ പ്രത്യേക പയനിയർമാരല്ലെങ്കിലും, ദ്വീപിൽവെച്ച് തങ്ങൾക്കു ജനിച്ച മകനെ വളർത്തിക്കൊണ്ട് അവർ അവിടെത്തന്നെ തുടരുന്നു. ഇന്ന് 32 സന്തുഷ്ട രാജ്യ പ്രസാധകർ ഇവിടെയുണ്ട്. അവരിൽ റാപാനൂയിയിലെ തദ്ദേശവാസികളും കുടിയേറിപ്പാർത്തവരും രാജ്യഘോഷകരുടെ വർധിച്ച ആവശ്യം പരിഗണിച്ച് വന്നെത്തിയവരുമുണ്ട്.
ഒരു സർക്കിട്ട് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ
ദ്വീപും വൻകരയും തമ്മിലുള്ള വലിയ ദൂരം പരിഗണിച്ച്, പ്രത്യേക സമ്മേളനദിനം, സർക്കിട്ട് സമ്മേളനം, ഡിസ്‌ട്രിക്‌റ്റ് കൺവെൻഷൻ എന്നിവയുടെ പരിപാടികൾ അടങ്ങിയ വീഡിയോ ടേപ്പുകൾ വർഷത്തിൽ മൂന്നു പ്രാവശ്യം സഭയ്‌ക്കു ലഭിക്കുമായിരുന്നു. എന്നാൽ, 2000 അവസാനത്തോടെ അവർക്കായി അവരുടെ സ്വന്തം സമ്മേളനം—അത്തരത്തിലൊന്ന് ദ്വീപിൽ ആദ്യമായിട്ടായിരുന്നു—ക്രമീകരിക്കുന്നതിനെ കുറിച്ച് ചിലിയിലെ ബ്രാഞ്ച് കമ്മിറ്റി പരിചിന്തിക്കുകയായിരുന്നു. ഒടുവിൽ, 2001 നവംബറിൽ അവിടെ ഒരു സർക്കിട്ട് സമ്മേളനം നടത്താൻ തീരുമാനിച്ചു. ചിലിയുടെ വ്യത്യസ്‌ത ഭാഗങ്ങളിൽനിന്നുള്ള ഏതാനും സഹോദരീസഹോദരന്മാർക്ക് ഈ പ്രത്യേക അവസരത്തിൽ ഹാജരാകുന്നതിനുള്ള ക്ഷണം ലഭിച്ചു. വിമാന സർവീസിന്റെ സമയം കണക്കിലെടുത്തുകൊണ്ട് സമ്മേളനം ഞായർ, തിങ്കൾ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചു.
വിദൂരസ്ഥമായ ആ പ്രദേശത്ത് ആദ്യമായി നടത്തപ്പെടുന്ന സർക്കിട്ട് സമ്മേളനത്തിൽ പങ്കെടുക്കാനായി ഈസ്റ്റർ ദ്വീപിലേക്കു യാത്ര ചെയ്യുന്നതിനെ കുറിച്ച് ഓർത്തപ്പോൾ ക്ഷണം ലഭിച്ചിരുന്ന 33 പ്രതിനിധികൾ കോരിത്തരിച്ചു. പസിഫിക് സമുദ്രത്തിനു കുറുകെയുള്ള നീണ്ട വിമാനയാത്രയ്‌ക്കു ശേഷം, വിമാനത്താവളത്തിൽ കാത്തുനിന്ന പ്രാദേശിക സഹോദരന്മാർ നൽകിയ വരവേൽപ്പ് അവർക്കു കുളിർമഴ പോലെയായിരുന്നു. മനോഹരമായ പൂമാല അണിയിച്ചാണ്
(ഇതളുകൾകൊണ്ട് ഉണ്ടാക്കിയത്) അവർ പ്രതിനിധികളെ എതിരേറ്റത്, ദ്വീപിലെ തനതു രീതിയിലുള്ള ഉപഹാരമാണിത്. അവിടെനിന്ന് അവരെ താമസസ്ഥലങ്ങളിലേക്കു കൊണ്ടുപോയി. ദ്വീപിലെ കാഴ്‌ചകൾ കണ്ട് അൽപ്പമൊന്നു ചുറ്റിക്കറങ്ങിയ ശേഷം സമ്മേളന പരിപാടികളിൽ പങ്കെടുക്കാനുണ്ടായിരുന്നവരെല്ലാം രാജ്യഹാളിൽ കൂടിവന്നു.അപ്രതീക്ഷിത ഉറവിൽനിന്നുള്ള പരസ്യം
സമ്മേളന സ്ഥലത്തേക്കു യാത്ര ചെയ്യവേ, തങ്ങളുടെ സന്ദർശനത്തെ കുറിച്ചു പ്രാദേശിക വൈദികൻ റേഡിയോയിൽ അറിയിപ്പു നടത്തുന്നതു കേട്ട് ചില പ്രതിനിധികൾ ആശ്ചര്യപ്പെട്ടു. വരാൻപോകുന്ന ലോകാവസാനത്തെ കുറിച്ചു സംസാരിക്കാൻ വീടുതോറും സന്ദർശനം നടത്താൻ പോകുന്ന, വൻകരയിൽ നിന്നുള്ള ടൂറിസ്റ്റുകളെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. സന്ദർശകരെ ശ്രദ്ധിക്കരുതെന്ന് അദ്ദേഹം തന്റെ ഇടവകാംഗങ്ങളെ വിലക്കിയെങ്കിലും, ദ്വീപിൽ വലിയൊരു കൂട്ടം യഹോവയുടെ സാക്ഷികളുടെ സാന്നിധ്യം പരസ്യപ്പെടുത്താൻ ഈ അറിയിപ്പു സഹായിച്ചു. ഇത് ദ്വീപുവാസികളിൽ ആകാംക്ഷ ഉണർത്തി. അടുത്ത ദിവസങ്ങളിൽ പ്രതിനിധികൾ നയപൂർവം അവരുമായി പ്രോത്സാഹജനകമായ സുവാർത്താ സന്ദേശം പങ്കുവെച്ചു.
സമ്മേളനം ആരംഭിക്കുന്നു
സമ്മേളനത്തിന്റെ ആദ്യദിവസമായ ഞായറാഴ്‌ച രാവിലെ, പ്രതിനിധികൾ എത്തിച്ചേരുമ്പോൾ അവരെ സ്വാഗതം ചെയ്യാനായി രാജ്യഹാളിന്റെ വാതിൽക്കൽ പ്രാദേശിക സഹോദരങ്ങൾ കാത്തുനിൽപ്പുണ്ടായിരുന്നു. “ഇയോറാനാ കോയി! ഇയോറാനാ കോയി!” “സ്വാഗതം!” ചില സഹോദരിമാർ പരമ്പരാഗത രീതിയിലുള്ള വസ്‌ത്രം ധരിച്ച് തനി പോളിനേഷ്യൻ ശൈലിയിൽ, മുടിയിൽ ഭംഗിയുള്ള പൂക്കൾ ചൂടിയിരുന്നു.
ഹൃദ്യമായ ഒരു പ്രാരംഭ സംഗീത വേളയെ തുടർന്ന്, “സ്ഥിരതയുള്ളവരും അചഞ്ചലരും ആയിരിക്കുക!” എന്ന ഗീതം ആ ദ്വീപിൽ ആദ്യമായി നൂറോളം പേർ ഒത്തുചേർന്ന് ആലപിച്ചു. പ്രാദേശിക ഭാഷയായ റാപാനൂയിയിൽ അധ്യക്ഷൻ ഊഷ്‌മളമായ സ്വാഗതം ആശംസിച്ചപ്പോൾ തദ്ദേശീയ സഹോദരങ്ങൾ സന്തോഷാശ്രുക്കൾ പൊഴിച്ചു. ഉച്ചയ്‌ക്കത്തെ ഇടവേളയിൽ പുതിയ മൂന്നു സാക്ഷികൾ ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണം പ്രതീകപ്പെടുത്തിക്കൊണ്ട് ജലസ്‌നാപനമേറ്റു. ഒന്നാം ദിവസത്തെ പരിപാടി അവസാനിച്ചപ്പോൾ, യഹോവയോടും മുഴു സഹോദരവർഗത്തോടുമുള്ള തങ്ങളുടെ അടുപ്പം വർധിച്ചതായി എല്ലാവർക്കും അനുഭവപ്പെട്ടു.—1 പത്രൊസ് 5:9.
പ്രഭാത സാക്ഷീകരണം
ദ്വീപിലെ പ്രത്യേക സാഹചര്യങ്ങൾ നിമിത്തം സർക്കിട്ട് സമ്മേളനത്തിന്റെ രണ്ടാം ദിവസം പരിപാടികൾ ഉച്ചകഴിഞ്ഞാണ് ആരംഭിച്ചത്. പ്രതിനിധികൾ ആ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് രാവിലത്തെ സമയം വയൽശുശ്രൂഷയിൽ ഏർപ്പെടാനായി വിനിയോഗിച്ചു. ഏത് അനുഭവങ്ങളാണ് അവരെ കാത്തിരുന്നത്?
ഒരു കത്തോലിക്ക വിശ്വാസി ആയതുകൊണ്ട് തനിക്കു സാക്ഷികളോടു സംസാരിക്കാനാവില്ലെന്ന് എട്ടു മക്കളുള്ള ഒരു വൃദ്ധ അവരോടു പറഞ്ഞു. മയക്കുമരുന്നുകളുടെ ദുരുപയോഗവും കുടുംബപ്രശ്‌നങ്ങളും പോലെ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചു സംസാരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞപ്പോൾ അവർ ശ്രദ്ധിക്കാമെന്നു സമ്മതിച്ചു.
പ്രായംചെന്ന ഒരു നാട്ടുകാരി സാക്ഷികളായ ഒരു ദമ്പതികളോട് തണുപ്പൻ മട്ടിലാണു പ്രതികരിച്ചത്. വൻകരയിൽ ചെന്ന്, മറ്റുള്ളവരോടു ക്രൂരതകൾ കാട്ടുന്നവരോടു പ്രസംഗിക്കാൻ അവർ അവരോടു പറഞ്ഞു. “രാജ്യത്തിന്റെ ഈ സുവിശേഷം” എല്ലാവരെയും അറിയിക്കുന്നുണ്ടെന്നും തങ്ങൾ ദ്വീപിലേക്കു വന്നത്, ദൈവത്തോടുള്ള സ്‌നേഹത്തിൽ വളരാൻ എല്ലാവരെയും സഹായിക്കുന്ന ഒരു സമ്മേളനത്തിൽ പങ്കെടുക്കാനാണെന്നും ദമ്പതികൾ ആ സ്‌ത്രീയോടു വിശദീകരിച്ചു. (മത്തായി 24:14) ‘മനോഹരമായ ഈ ദ്വീപുപോലെയുള്ള, എന്നാൽ അതോടൊപ്പം രോഗവും മരണവും ഇല്ലാത്ത ഒരു പറുദീസാവസ്ഥയിൽ എന്നേക്കും ജീവിക്കാൻ കഴിഞ്ഞാൽ നിങ്ങൾ അത് ആസ്വദിക്കുകയില്ലേ’ എന്ന് അവർ ആ സ്‌ത്രീയോടു ചോദിച്ചു. ദ്വീപിലെ അഗ്നിപർവത മുഖങ്ങൾ എത്ര വർഷമായി നിലനിൽക്കുന്നു എന്നതിനെ കുറിച്ചു ന്യായവാദം ചെയ്‌തപ്പോൾ മനുഷ്യജീവിതം എത്ര ക്ഷണികമാണെന്നു ചിന്തിക്കാൻ ആ സ്‌ത്രീ പ്രേരിതയായി. അവർ ഇങ്ങനെ ചോദിച്ചു: “പിന്നെ നാം ഇത്ര കുറച്ചുകാലം മാത്രം ജീവിക്കുന്നത് എന്തുകൊണ്ടാണ്?” സങ്കീർത്തനം 90:10 വായിച്ചപ്പോൾ അവർ അതിശയിച്ചുപോയി.
പെട്ടെന്ന്, അടുത്ത വീട്ടിൽനിന്ന് ഒരു ആക്രോശം കേട്ടു. അവർ എന്താണു വിളിച്ചുപറയുന്നതെന്നു സാക്ഷികൾക്കു മനസ്സിലായില്ലെങ്കിലും അയൽക്കാർ അവരെ അസഭ്യം പറയുകയാണെന്നും സാക്ഷികൾ തങ്ങളെ സന്ദർശിക്കുന്നത് ഇഷ്ടമില്ലെന്ന് അവർ വ്യക്തമാക്കുകയാണെന്നും ആ സ്‌ത്രീ അവരോടു വിശദീകരിച്ചു. എന്നുവരികിലും, ഈ സ്‌ത്രീ കുടുംബത്തിലെ മൂത്ത പുത്രി അഥവാ “നൂവാ” ആയിരുന്നു. പിതാവു മരിച്ചപ്പോൾ മുതൽ കുടുംബത്തിന്റെ ക്ഷേമത്തോടു ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അവരുടെ ചുമതലയായിരുന്നു. തന്റെ ബന്ധുക്കളുടെയെല്ലാം മുമ്പിൽവെച്ച്, മാതൃഭാഷയിൽ അവർ സാക്ഷികളെ അനുകൂലിച്ചു സംസാരിക്കുകയും അവർ നൽകിയ പ്രസിദ്ധീകരണങ്ങൾ ദയാപുരസ്സരം സ്വീകരിക്കുകയും ചെയ്‌തു. ആ ആഴ്‌ചതന്നെ മറ്റൊരു സമയത്ത് കാറിൽ സഞ്ചരിക്കവേ, സാക്ഷികളെ കടന്നുപോയപ്പോൾ അവർ അനുജനോട് കാർ നിറുത്താൻ ആവശ്യപ്പെട്ടു. അനുജന് അതത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും അവർ സഹോദരങ്ങൾക്ക് തങ്ങളുടെ ശുശ്രൂഷയിൽ വിജയം ആശംസിക്കുകയും യാത്രാമംഗളങ്ങൾ നേരുകയും ചെയ്‌തു.
വൻകരയിൽനിന്നെത്തിയ സാക്ഷികൾ പ്രസംഗിച്ച സന്ദേശം ചില ദ്വീപുവാസികൾ തിരസ്‌കരിക്കുന്നതായി ആദ്യം തോന്നിയെങ്കിലും, റാപാനൂയികൾ പ്രകൃത്യാ ദയയും സൗഹൃദവും ഉള്ളവരാണെന്ന് സന്ദർശകർക്കു വ്യക്തമായിത്തീർന്നു. അവരിൽ മിക്കവരും സന്തോഷപൂർവം സുവാർത്ത ശ്രദ്ധിച്ചു. വാസ്‌തവത്തിൽ, ദ്വീപിൽ സ്‌നാപനമേറ്റിട്ടുള്ള 20 സാക്ഷികളിൽ 6 പേരും തദ്ദേശവാസികളാണ്. തന്റെ ഭാര്യ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നത് അടുത്ത മുറിയിലിരുന്നു കേട്ടാണ് അതിൽ ഒരാൾ ബൈബിൾ സത്യം പഠിക്കാൻ തുടങ്ങിയത്. അദ്ദേഹവും ഭാര്യയും ഇന്നു സ്‌നാപനമേറ്റ സാക്ഷികളാണെന്നു മാത്രമല്ല, അദ്ദേഹം സഭയിൽ ഒരു ശുശ്രൂഷാദാസനുമാണ്.
ആത്മീയ പരിപാടി തുടരുന്നു
ഉച്ചഭക്ഷണത്തിനു ശേഷം രണ്ടാം ദിവസത്തെ പരിപാടികൾ ആരംഭിച്ചു. ഒരിക്കൽക്കൂടി 32 പ്രാദേശിക സഹോദരങ്ങളോടും 33 പ്രതിനിധികളോടുമൊപ്പം അനേകം താത്‌പര്യക്കാരും കൂടിവന്നു. “സ്‌നേഹവും വിശ്വാസവും ലോകത്തെ ജയിച്ചടക്കുന്ന വിധം” എന്ന പരസ്യപ്രസംഗം ഉൾപ്പെടെയുള്ള പരിപാടികൾ നൂറോളം ആളുകൾ ശ്രദ്ധിച്ചു. വാസ്‌തവത്തിൽ, വ്യത്യസ്‌ത സംസ്‌കാരങ്ങളിൽനിന്നുള്ളവർ ആയിരുന്നിട്ടുപോലും യഹോവയുടെ ജനത്തിന്റെ ഇടയിൽ നിലവിലുള്ള സ്‌നേഹത്തിന്റെ ജീവനുള്ള ഒരു പ്രകടനം കൂടിവന്നവർ കൺമുമ്പിൽത്തന്നെ കാണുകയായിരുന്നു.—യോഹന്നാൻ 13:35.
സർക്കിട്ട് സമ്മേളനത്തോട് അനുബന്ധിച്ച്, സർക്കിട്ട്, ഡിസ്‌ട്രിക്‌റ്റ് മേൽവിചാരകന്മാർ പയനിയർ ശുശ്രൂഷകരോടൊത്ത് ഒരു പ്രത്യേക യോഗം നടത്തി. ദ്വീപിലുള്ള മൂന്നു സാധാരണ പയനിയർമാരോടൊപ്പം പ്രതിനിധികളിൽപ്പെട്ട സാധാരണ, പ്രത്യേക പയനിയർമാരും
കൂടിവന്നു. എല്ലാവരും വളരെയധികം പ്രോത്സാഹിതരായി.അടുത്ത ദിവസം, വിനോദ സഞ്ചാരികളുടെ വഴികാട്ടികളായി ജോലിചെയ്യുന്ന ചില പ്രാദേശിക സഹോദരങ്ങൾ പ്രതിനിധികളെ ദ്വീപ് ചുറ്റിക്കാണാൻ കൂട്ടിക്കൊണ്ടുപോയി. മോഐകളുടെ കൊത്തുപണി നടന്ന കല്ലുവെട്ടു കുഴികളും പുരാതന കാലത്ത് മത്സരങ്ങൾ നടത്തപ്പെട്ടിരുന്ന അഗ്നിപർവതങ്ങളും പിന്നെ, ആദ്യ കുടിയേറ്റക്കാർ കപ്പലിറങ്ങിയ കൺമയക്കുന്ന സുവർണ മണൽത്തീരമായ ആനാക്കെന ബീച്ചും അവർ സന്ദർശിച്ചു. *
പ്രാദേശിക സഹോദരങ്ങളോടൊത്തു കൂടിവരാനുള്ള അവസാന അവസരമായിരുന്നു സഭാ പുസ്‌തകാധ്യയനം. യോഗത്തിനു ശേഷം ഒരു നാടൻ വിരുന്നു വിളമ്പിക്കൊണ്ട് പ്രാദേശിക സാക്ഷികൾ അതിഥികളെ ആശ്ചര്യപ്പെടുത്തി. പിന്നീട്, തങ്ങളുടെ പ്രാദേശിക വേഷഭൂഷാദികളണിഞ്ഞ് ചേതോഹരമായ ഒരു നാടോടി നൃത്തം അവർ അവതരിപ്പിച്ചു. സമ്മേളനത്തിനു വേണ്ടി നടത്തിയ ഒരുക്കങ്ങൾ ശ്രമത്തിനു തക്ക മൂല്യമുള്ളതായിരുന്നു എന്ന് പ്രതിനിധികൾക്കും റാപാനൂയിയിലെ സഹോദരീസഹോദരന്മാർക്കും ഉറപ്പായിരുന്നു.
ഒറ്റപ്പെട്ട ഈ നാട്ടിലുള്ള തങ്ങളുടെ സഹോദരീസഹോദരന്മാരോടൊപ്പം വളരെ രസകരമായ ഒരാഴ്‌ച ചെലവഴിച്ച, പ്രതിനിധികളായി വന്ന എല്ലാവർക്കും അവരോട് ആഴമായ അടുപ്പം അനുഭവപ്പെട്ടു. ദ്വീപിനോടു യാത്ര പറയുക ബുദ്ധിമുട്ടായിരുന്നു. തങ്ങൾക്കു ലഭിച്ച പുതിയ സുഹൃത്തുക്കളെയും ആത്മീയ പ്രോത്സാഹനത്തെയും അവർ ഒരിക്കലും മറക്കില്ല. വിമാനത്താവളത്തിൽവെച്ച്, പ്രാദേശിക സഹോദരങ്ങൾ തങ്ങൾ കോർത്തുണ്ടാക്കിയ ശംഖുമാലകൾ പ്രതിനിധികളുടെ കഴുത്തിൽ അണിയിച്ചു.
വിടവാങ്ങവേ പ്രതിനിധികൾ ഇങ്ങനെ പറഞ്ഞു: “ഇയോറാനാ! ആവു ഹെ ഹോകി മായി എ റാപാനൂയി എ ഏ.” അതായത്: “വിട! റാപാനൂയീ, ഞാൻ ഇനിയും വരും!” അതേ, അന്യാദൃശവും വിദൂരസ്ഥവും നിഗൂഢവും ഊഷ്‌മളവുമായ ഈസ്റ്റർ ദ്വീപിലെ പുതുതായി കണ്ടെത്തിയ സുഹൃത്തുക്കളെയും ആത്മീയ കുടുംബാംഗങ്ങളെയും സന്ദർശിക്കാനായി ഒരിക്കൽക്കൂടി മടങ്ങിയെത്താൻ അവർ അതിയായി ആഗ്രഹിക്കുന്നു.
[അടിക്കുറിപ്പുകൾ]
^ ഖ. 4 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, 2000 ജൂൺ 22 ലക്കം ഉണരുക! കാണുക.
^ ഖ. 27 റാനോ റാറാക്കൂ അഗ്നിപർവതമുഖത്ത് ഒട്ടനവധി ശിലാ ലിഖിതങ്ങൾ കാണാം. ദ്വീപു ഭരിക്കാൻ ആഗ്രഹിക്കുന്നവരുടെ ഇടയിലെ ഒരു മത്സരത്തിനു നാന്ദി കുറിക്കുന്ന സ്ഥലം റാനോ കാവുവിൽ ആയിരുന്നു. കിഴുക്കാം തൂക്കായ പാറയിറങ്ങി നീന്തി ഒരു ചെറിയ ദ്വീപിൽ ചെന്ന് ഒരു നാടൻ പക്ഷിയുടെ മുട്ട കൈക്കലാക്കി മുഖ്യദ്വീപിലേക്കു തിരിച്ചു നീന്തി ചെങ്കുത്തായ പാറക്കെട്ട് വീണ്ടും കയറി മുട്ട പൊട്ടാതെ കൊണ്ടുവരിക എന്നുള്ളതായിരുന്നു മത്സരം.
[24-ാം പേജിലെ ചതുരം]
ഈസ്റ്റർ ദ്വീപിൽ സാക്ഷീകരിക്കുന്നു
ചിരസ്‌മരണീയമായ ഈ സമ്മേളനത്തിനു രണ്ടുവർഷം മുമ്പ്, ഒരു സർക്കിട്ട് മേൽവിചാരകനും ഭാര്യയും ഈ ദ്വീപു സന്ദർശിക്കുകയും അനേകം രസകരമായ അനുഭവങ്ങൾ ആസ്വദിക്കുകയും ചെയ്‌തു. ദൃഷ്ടാന്തത്തിന്, അവരെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയ സഹോദരി, ഏതാണ്ട് 16 വർഷങ്ങൾക്കു മുമ്പ് താൻ കൗമാരപ്രായത്തിലായിരിക്കുമ്പോൾ ദക്ഷിണ ചിലിയിൽവെച്ച് തന്നെ ബൈബിൾ പഠിപ്പിച്ചത് ഓർക്കുന്നോ എന്ന് ചോദിച്ചപ്പോൾ അവർക്കുണ്ടായ അത്ഭുതം ഒന്നു സങ്കൽപ്പിച്ചുനോക്കൂ. പിന്നീട് റാപാനൂയിയിൽവെച്ച് ആ വിത്ത് ഫലം കായ്‌ച്ചു.
അവർക്ക് രസകരമായ മറ്റൊരു അനുഭവംകൂടി ഉണ്ടായി: സ്‌മരണികകൾ വിൽക്കുന്ന ഒരു കടയുടമ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരവും (മലയാളത്തിൽ ലഭ്യമല്ല) നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം (രണ്ടും യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്) എന്ന ബൈബിൾ പഠന സഹായിയും സ്വീകരിച്ചു. അദ്ദേഹത്തെ സന്ദർശിക്കാനായി മടങ്ങിച്ചെന്നപ്പോൾ, തനിക്കു ബൈബിൾ വായിക്കാൻ സാധിച്ചില്ല എന്ന് അദ്ദേഹം അവരോടു പറഞ്ഞു. സ്‌പാനീഷിനു പകരം ഫ്രഞ്ചിലുള്ള ബൈബിളായിരുന്നു അവർ കൊടുത്തിട്ടുപോന്നത്! പെട്ടെന്നുതന്നെ ആ പ്രശ്‌നം പരിഹരിച്ചു. പ്രാദേശിക സാക്ഷികളുടെയും, ഒപ്പം സ്വന്തം ഭാഷയിലുള്ള ബൈബിളിന്റെയും സഹായത്തോടെ, ഗ്രഹിക്കാൻ അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല ബൈബിൾ എന്ന് അദ്ദേഹം മനസ്സിലാക്കി.
[22-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഈസ്റ്റർ ദ്വീപ്
ചിലി
[23-ാം പേജിലെ ചിത്രങ്ങൾ]
സർക്കിട്ട് സമ്മേളനത്തിൽ സ്‌നാപന മേറ്റവരിൽ രണ്ടുപേർ
[25-ാം പേജിലെ ചിത്രങ്ങൾ]
റാനോ റാറാക്കൂ അഗ്നിപർവതത്തിന്റെ ചെരിവ്; ഉൾച്ചിത്രം: ഈസ്റ്റർ ദ്വീപിൽ വിളയുന്ന ഗ്വായാബാ എന്ന കാട്ടുകനി