വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വഞ്ചനയ്‌ക്കെതിരെ ജാഗ്രത പുലർത്തുക

വഞ്ചനയ്‌ക്കെതിരെ ജാഗ്രത പുലർത്തുക

വഞ്ചനയ്‌ക്കെതിരെ ജാഗ്രത പുലർത്തുക

‘വഞ്ചനകൊണ്ട്‌ ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ.’​—⁠കൊലൊസ്സ്യർ 2:8.

1-3. (എ) അനുദിന ജീവിതത്തിന്റെ ഒട്ടുമിക്ക മണ്ഡലങ്ങളിലും വഞ്ചന വ്യാപരിക്കുന്നു എന്ന്‌ ഏതു ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കുന്നു? (ബി) ലോകത്തു നടമാടുന്ന വഞ്ചന നമ്മെ അതിശിയിപ്പിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

“നുണപറയാത്ത ഒരു കക്ഷി നിങ്ങളിൽ ആർക്കെങ്കിലും ഉണ്ടായിരുന്നിട്ടുണ്ടോ?” ഏതാനും വർഷങ്ങൾക്കു മുമ്പ്‌ ഒരു നിയമശാസ്‌ത്ര പ്രൊഫസർ ആ ചോദ്യം ചോദിച്ചുകൊണ്ട്‌ ഒരു സർവേ നടത്തുകയുണ്ടായി. ലഭിച്ച പ്രതികരണം എന്തായിരുന്നു? അദ്ദേഹം ഇപ്രകാരം വിവരിക്കുന്നു: “ആയിരക്കണക്കിന്‌ അഭിഭാഷകരിൽ ഒരാൾക്കു മാത്രമാണ്‌ കള്ളംപറഞ്ഞ ഒരു കക്ഷിപോലും ഇല്ലാതിരുന്നത്‌.” കാരണം? “ആ അഭിഭാഷകൻ ഒരു വലിയ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചതേ ഉണ്ടായിരുന്നുള്ളൂ. കക്ഷികളിൽ ആരോടും അദ്ദേഹം അതുവരെ സംസാരിച്ചിട്ടില്ലായിരുന്നു.” ഈ അനുഭവം ദുഃഖകരമായ ഒരു സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു​—⁠ഭോഷ്‌കും വഞ്ചനയും ഇന്നത്തെ ലോകത്തിൽ കൊടികുത്തി വാഴുകയാണ്‌.

2 വഞ്ചന ഒട്ടനവധി വിധങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ആധുനിക ജീവിതത്തിന്റെ ഒട്ടുമിക്ക മണ്ഡലങ്ങളിലും അതു വ്യാപരിക്കുന്നു. മാധ്യമ റിപ്പോർട്ടുകളിൽ ഇതിന്റെ നൂറുകണക്കിനു ദൃഷ്ടാന്തങ്ങൾതന്നെ കാണാം​—⁠രാഷ്‌ട്രീയക്കാർ തങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചു കളവു പറയുന്നു, അക്കൗണ്ടന്റുമാരും അഭിഭാഷകരും സ്ഥാപനങ്ങളുടെ ലാഭം ഊതിപ്പെരുപ്പിക്കുന്നു, പരസ്യക്കമ്പനികൾ ഉപഭോക്താക്കളുടെ കണ്ണിൽ പൊടിയിടുന്നു, ചിലർ കള്ളക്കേസ്‌ ചമച്ച്‌ ഇൻഷ്വറൻസ്‌ കമ്പനികളെ വഞ്ചിക്കുന്നു. ഇവയെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. ഇതു കൂടാതെ മതപരമായ വഞ്ചനയുമുണ്ട്‌. ആത്മാവിന്റെ അമർത്യത, നരകാഗ്നി, ത്രിത്വം എന്നിവ പോലുള്ള വ്യാജോപദേശങ്ങൾ പഠിപ്പിച്ചുകൊണ്ട്‌ വൈദികവർഗം ജനങ്ങളെ വഴിതെറ്റിക്കുന്നു.​—⁠2 തിമൊഥെയൊസ്‌ 4:3, 4.

3 ഈ വഞ്ചനകളെ കുറിച്ചെല്ലാം കേൾക്കുമ്പോൾ നാം അത്ഭുതപ്പെടണോ? അതിന്റെ ആവശ്യമില്ല. “അന്ത്യകാല”ത്തെ കുറിച്ചു ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്‌ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.” (2 തിമൊഥെയൊസ്‌ 3:1, 13) ക്രിസ്‌ത്യാനികൾ എന്നനിലയിൽ, നമ്മെ സത്യത്തിൽനിന്ന്‌ അകറ്റിക്കളഞ്ഞേക്കാവുന്ന വഴിതെറ്റിക്കുന്ന ആശയങ്ങൾ സംബന്ധിച്ച്‌ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്‌. സ്വാഭാവികമായും രണ്ടു ചോദ്യങ്ങൾ ഇവിടെ ഉയരുന്നു: ഇന്ന്‌ വഞ്ചന ഇത്രയധികം വ്യാപകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, വഞ്ചനയ്‌ക്ക്‌ ഇരയാകാതിരിക്കാൻ നമുക്കെങ്ങനെ ജാഗ്രത പുലർത്താൻ കഴിയും?

ഇന്ന്‌ ഇത്രയധികം വഞ്ചന എന്തുകൊണ്ട്‌?

4. ലോകത്ത്‌ വഞ്ചന വ്യാപകമായിരിക്കുന്നതിന്റെ കാരണം ബൈബിൾ വിശദമാക്കുന്നത്‌ എങ്ങനെ?

4 ഈ ലോകത്തിൽ വഞ്ചന ഇത്രയധികം വ്യാപകമായിരിക്കുന്നതിന്റെ കാരണം ബൈബിൾ വ്യക്തമായി വിശദീകരിക്കുന്നു. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 5:19) ‘ദുഷ്ടൻ’ പിശാചായ സാത്താനാണ്‌. അവനെ കുറിച്ച്‌ യേശു ഇപ്രകാരം പറഞ്ഞു: ‘അവനിൽ സത്യം ഇല്ലായ്‌കകൊണ്ടു സത്യത്തിൽ നില്‌ക്കുന്നില്ല. അവൻ ഭോഷ്‌കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.’ അതുകൊണ്ട്‌, ഈ ലോകം അതിന്റെ ഭരണാധിപന്റെ ആത്മാവും അധഃപതിച്ച മൂല്യങ്ങളും വഞ്ചക സ്വഭാവങ്ങളും പ്രതിഫലിപ്പിക്കുന്നതിൽ അതിശയിക്കാനെന്തിരിക്കുന്നു?—യോഹന്നാൻ 8:44; 14:30; എഫെസ്യർ 2:1-3.

5. ഈ അന്ത്യകാലത്ത്‌, സാത്താൻ തന്റെ വഞ്ചനാശ്രമങ്ങളുടെ ആക്കം വർധിപ്പിച്ചിരിക്കുന്നത്‌ എങ്ങനെ, അവൻ വിശേഷാൽ ഉന്നംവെച്ചിരിക്കുന്നത്‌ ആരെ?

5 ഈ അന്ത്യകാലത്ത്‌, സാത്താൻ തന്റെ പ്രവർത്തനങ്ങളുടെ ആക്കം വർധിപ്പിച്ചിരിക്കുന്നു. അവൻ ഭൂമിയിലേക്ക്‌ എറിയപ്പെട്ടിരിക്കുകയാണ്‌. തനിക്ക്‌ അൽപ്പകാലമേയുള്ളു എന്ന്‌ അറിയാവുന്നതിനാൽ അവൻ “മഹാക്രോധ”ത്തിലാണ്‌. സാധ്യമാകുന്നത്രയും മനുഷ്യരെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അവൻ “ഭൂതലത്തെ മുഴുവൻ തെററിച്ചുകള”ഞ്ഞുകൊണ്ടിരിക്കുന്നു. (വെളിപ്പാടു 12:9, 12) വല്ലപ്പോഴും മാത്രം വഞ്ചന കാട്ടുന്ന ഒരുവനല്ല സാത്താൻ. മറിച്ച്‌ മനുഷ്യവർഗത്തെ വഴിതെറ്റിക്കാൻ അവൻ അനുനിമിഷം കിണഞ്ഞു പരിശ്രമിക്കുകയാണ്‌. * അവിശ്വാസികളെ അന്ധരാക്കിക്കൊണ്ട്‌ ദൈവത്തിൽനിന്ന്‌ അകറ്റി നിറുത്താൻ കൗശലവും ചതിയും ഉൾപ്പെടെ, തന്റെ ആവനാഴിയിലെ സകല ഉപായങ്ങളും അവൻ പ്രയോഗിക്കുന്നു. (2 കൊരിന്ത്യർ 4:4) വിശേഷാൽ, ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നവരെ വിഴുങ്ങിക്കളയാൻ ഈ വിദഗ്‌ധ വഞ്ചകൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്‌. (യോഹന്നാൻ 4:24; 1 പത്രൊസ്‌ 5:8) ‘ആരെയും എനിക്ക്‌ ദൈവത്തിൽനിന്ന്‌ അകറ്റിക്കളയാൻ സാധിക്കും’ എന്ന അവകാശവാദമാണ്‌ ഫലത്തിൽ സാത്താൻ ഉന്നയിച്ചിട്ടുള്ളത്‌ എന്ന്‌ ഒരിക്കലും മറക്കരുത്‌. (ഇയ്യോബ്‌ 1:9-12) സാത്താന്റെ ചില “കുടില തന്ത്രങ്ങൾ” ഏതൊക്കെയാണെന്നും അതിനെതിരെ എപ്രകാരം ജാഗ്രത പുലർത്താൻ കഴിയുമെന്നും നമുക്കു പരിചിന്തിക്കാം.—എഫെസ്യർ 6:​11, പി.ഒ.സി. ബൈബിൾ.

വിശ്വാസത്യാഗികളുടെ വഞ്ചനയ്‌ക്കെതിരെ ജാഗ്രത!

6, 7. (എ) വിശ്വാസത്യാഗികൾ എന്ത്‌ അവകാശവാദം നടത്തിയേക്കാം? (ബി) തിരുവെഴുത്തുകൾ വിശ്വാസത്യാഗികളുടെ ലക്ഷ്യം തുറന്നുകാട്ടുന്നത്‌ എങ്ങനെ?

6 ദൈവദാസരെ വഴിതെറ്റിക്കാൻ സാത്താൻ പണ്ടുമുതൽക്കേ വിശ്വാസത്യാഗികളെ ഉപയോഗിച്ചിട്ടുണ്ട്‌. (മത്തായി 13:36-39) വിശ്വാസത്യാഗികൾ യഹോവയെ ആരാധിക്കുന്നതായും ബൈബിളിൽ വിശ്വസിക്കുന്നതായും അവകാശപ്പെട്ടേക്കാം, എന്നാൽ അവന്റെ ദൃശ്യസംഘടനയെ അവർ തള്ളിക്കളയുന്നു. ചിലർ, വ്യാജമത ലോകസാമ്രാജ്യമായ ‘മഹാബാബിലോണിന്റെ’ ദൈവനിന്ദാകരമായ ഉപദേശങ്ങളിലേക്കു തിരിച്ചുപോകുകപോലും ചെയ്‌തിരിക്കുന്നു. (വെളിപ്പാടു 17:​5, NW; 2 പത്രൊസ്‌ 2:19-22) ദിവ്യ നിശ്വസ്‌തതയിൽ ബൈബിൾ എഴുത്തുകാർ, വിശ്വാസത്യാഗികളുടെ ആന്തരങ്ങളും പ്രവർത്തനരീതികളും ശക്തമായ ഭാഷയിൽ തുറന്നുകാട്ടി.

7 എന്താണ്‌ വിശ്വാസത്യാഗികളുടെ ലക്ഷ്യം? അവരിൽ മിക്കവരും, സത്യമെന്ന്‌ ഒരുപക്ഷേ തങ്ങൾ മുമ്പു വീക്ഷിച്ചിരുന്ന വിശ്വാസം വിട്ടുകളയുന്നതുകൊണ്ടു മാത്രം തൃപ്‌തിപ്പെടുന്നില്ല. മിക്കപ്പോഴും മറ്റുള്ളവരെയുംകൂടെ തങ്ങളോടൊപ്പം അടർത്തിയെടുക്കാനാണ്‌ അവരുടെ ശ്രമം. പുറത്തുപോയി സ്വന്തം ശിഷ്യരെ ഉളവാക്കുന്നതിനു പകരം, “ശിഷ്യന്മാരെ [അതായത്‌, ക്രിസ്‌തുശിഷ്യരെ] തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി” അനേകം വിശ്വാസത്യാഗികൾ കിണഞ്ഞു ശ്രമിക്കുന്നു. (പ്രവൃത്തികൾ 20:29, 30) വ്യാജോപദേഷ്ടാക്കന്മാരെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഈ അടിയന്തിര മുന്നറിയിപ്പു മുഴക്കി: “ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ.” (കൊലൊസ്സ്യർ 2:8) വിശ്വാസത്യാഗികളിൽ അനേകരും ചെയ്യാൻ ശ്രമിക്കുന്നത്‌ അതുതന്നെയല്ലേ? ഒരു വ്യക്തിയെ അയാൾ ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോൾ വീട്ടുകാരുടെയടുത്തുനിന്ന്‌ ആരെങ്കിലും തട്ടിക്കൊണ്ടുപോയേക്കാവുന്നതു പോലെ, തങ്ങളുടെ ആത്മാർഥതയെ സംശയിക്കാത്ത സഭാംഗങ്ങളെ ആട്ടിൻകൂട്ടത്തിൽനിന്നു കവർന്നു കളയാൻ വിശ്വാസത്യാഗികൾ ശ്രമിക്കുന്നു.

8. തങ്ങളുടെ ലക്ഷ്യം നേടാൻ വിശ്വാസത്യാഗികൾ ഏതു മാർഗങ്ങൾ അവലംബിക്കുന്നു?

8 തങ്ങളുടെ ലക്ഷ്യം നേടാൻ വിശ്വാസത്യാഗികൾ ഏതു മാർഗങ്ങൾ അവലംബിക്കുന്നു? അവർ മിക്കപ്പോഴും വളച്ചൊടിച്ച വിവരങ്ങളും അർധസത്യങ്ങളും കല്ലുവെച്ച നുണകളും ഉപയോഗിക്കുന്നു. തന്റെ ശിഷ്യന്മാർ, ‘അവരെക്കൊണ്ടു എല്ലാ തിന്മയും കളവായി പറയുന്ന’ വ്യക്തികളാൽ ഉപദ്രവിക്കപ്പെടുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. (മത്തായി 5:11) ദ്രോഹബുദ്ധികളായ അത്തരം വിരോധികൾ മറ്റുള്ളവരെ വഞ്ചിക്കുക എന്ന ലക്ഷ്യത്തിൽ സത്യമല്ലാത്ത കാര്യങ്ങൾ പറയും. “കൌശലവാക്ക്‌” ഉപയോഗിക്കുകയും “വഞ്ചക പഠിപ്പിക്കലുകൾ” (NW) പ്രചരിപ്പിക്കുകയും സ്വന്തം ലക്ഷ്യങ്ങൾക്കായി ‘തിരുവെഴുത്തുകളെ കോട്ടിക്കളയുകയും’ ചെയ്യുന്ന വിശ്വാസത്യാഗികളെ കുറിച്ച്‌ അപ്പൊസ്‌തലനായ പത്രൊസ്‌ മുന്നറിയിപ്പു നൽകി. (2 പത്രൊസ്‌ 2:3, 13; 3:16) സങ്കടകരമെന്നു പറയട്ടെ, “ചിലരുടെ വിശ്വാസം മറിച്ചുകളയുന്ന”തിൽ വിശ്വാസത്യാഗികൾ വിജയിക്കുന്നു.​—⁠2 തിമൊഥെയൊസ്‌ 2:18.

9, 10. (എ) വിശ്വാസത്യാഗികളാൽ വഞ്ചിക്കപ്പെടുന്നതിനെതിരെ നമുക്ക്‌ എങ്ങനെ ജാഗ്രത പുലർത്താം? (ബി) ദൈവോദ്ദേശ്യത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിൽ പൊരുത്തപ്പെടുത്തലുകൾ ആവശ്യമായി വരുന്നെങ്കിൽ നാം അസ്വസ്ഥരാകാത്തത്‌ എന്തുകൊണ്ട്‌?

9 വിശ്വാസത്യാഗികളാൽ വഞ്ചിക്കപ്പെടുന്നതിനെതിരെ നമുക്ക്‌ എങ്ങനെ ജാഗ്രത പുലർത്താൻ കഴിയും? ദൈവവചനത്തിലെ പിൻവരുന്ന ബുദ്ധിയുപദേശം അനുസരിക്കുന്നതിനാൽ. അത്‌ ഇങ്ങനെ പറയുന്നു: “നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.” (റോമർ 16:17) നേരിട്ടുള്ള സംസാരത്തിലൂടെയോ അച്ചടിച്ച വിവരങ്ങളിലൂടെയോ ഇന്റർനെറ്റിലൂടെയോ ആയാലും ശരി, അവരുടെ വാദഗതികൾ ശ്രദ്ധിക്കാൻ കൂട്ടാക്കാതിരുന്നുകൊണ്ട്‌ നാം ‘അവരോടു അകന്നു മാറുന്നു.’ നാം അത്തരമൊരു പടി സ്വീകരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഒന്നാമതായി, അപ്രകാരം ചെയ്യാനാണ്‌ ദൈവവചനം മാർഗനിർദേശം നൽകുന്നത്‌. നമ്മുടെ നന്മയാണ്‌ യഹോവ എപ്പോഴും ആഗ്രഹിക്കുന്നത്‌ എന്ന്‌ നമുക്കു ബോധ്യമുണ്ട്‌.—യെശയ്യാവു 48:17, 18.

10 രണ്ടാമതായി, മഹാബാബിലോണിൽനിന്ന്‌ നമ്മെ വ്യക്തമായി വേർതിരിക്കുന്ന അമൂല്യസത്യങ്ങൾ നമ്മെ പഠിപ്പിച്ചിരിക്കുന്ന സംഘടനയെ നാം സ്‌നേഹിക്കുന്നു. അതേസമയം, ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ചുള്ള നമ്മുടെ പരിജ്ഞാനം പൂർണമല്ല എന്നു നാം സമ്മതിക്കുന്നു; ഇന്നോളം നമ്മുടെ ഗ്രാഹ്യം പൊരുത്തപ്പെടുത്തലുകൾക്കു വിധേയമായിട്ടുണ്ട്‌. അത്തരം പൊരുത്തപ്പെടുത്തലുകൾ വരുത്താനുള്ള യഹോവയുടെ സമയത്തിനായി കാത്തിരിക്കാൻ വിശ്വസ്‌ത ക്രിസ്‌ത്യാനികൾ ഒരുക്കമാണ്‌. (സദൃശവാക്യങ്ങൾ 4:18) യഹോവ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സംഘടനയെ അതിനിടെ നാം ഉപേക്ഷിച്ചുകളയുകയില്ല. കാരണം അതിന്മേലുള്ള അവന്റെ അംഗീകാരത്തിന്റെ വ്യക്തമായ തെളിവ്‌ നാം കാണുന്നു.​—⁠പ്രവൃത്തികൾ 6:7; 1 കൊരിന്ത്യർ 3:6.

ആത്മവഞ്ചനയ്‌ക്കെതിരെ ജാഗ്രത!

11. അപൂർണ മനുഷ്യർക്ക്‌ തങ്ങളെത്തന്നെ വഞ്ചിക്കാനുള്ള ഒരു പ്രവണതയുള്ളത്‌ എന്തുകൊണ്ട്‌?

11 സാത്താൻ വേഗത്തിൽ മുതലെടുക്കുന്ന ഒരു പ്രവണത അപൂർണ മനുഷ്യർക്കുണ്ട്‌​—⁠ആത്മവഞ്ചന. “ഹൃദയം മറ്റെന്തിനേക്കാളും കാപട്യമുള്ളതാണ്‌; ശോചനീയമാംവിധം ദുഷിച്ചതുമാണ്‌” എന്ന്‌ യിരെമ്യാവു 17:9 (പി.ഒ.സി. ബൈ.) പറയുന്നു. കൂടാതെ യാക്കോബ്‌ ഇങ്ങനെ എഴുതി: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.” (യാക്കോബ്‌ 1:14) നമ്മുടെ ഹൃദയം വശീകരിക്കപ്പെടുന്നെങ്കിൽ, അത്‌ പാപം ആകർഷകവും നിരുപദ്രവകരവുമാണ്‌ എന്ന തോന്നൽ ഉളവാക്കിക്കൊണ്ട്‌ നമ്മെ പ്രലോഭിപ്പിച്ചേക്കാം. അത്തരം വീക്ഷണം വഞ്ചനാത്മകമാണ്‌, എന്തുകൊണ്ടെന്നാൽ പാപത്തിനു വശംവദനാകുന്നത്‌ ഒടുവിൽ നാശത്തിലേക്കു നയിക്കുന്നു.​—⁠റോമർ 8:6.

12. ഏതു വിധങ്ങളിൽ നാം ആത്മവഞ്ചനയുടെ കെണിയിൽ അകപ്പെട്ടേക്കാം?

12 ആത്മവഞ്ചനയ്‌ക്ക്‌ നമ്മെ എളുപ്പത്തിൽ അപകടപ്പെടുത്താൻ കഴിയും. കാപട്യമുള്ള ഹൃദയം, സാരമായ ഒരു വ്യക്തിത്വവൈകല്യത്തെ നിസ്സാരമായി തള്ളിക്കളയുകയോ ഗുരുതരമായ പാപത്തിന്‌ ഒഴികഴിവു കണ്ടെത്തുകയോ ചെയ്‌തേക്കാം. (1 ശമൂവേൽ 15:13-15, 20, 21) ശോചനീയമാംവിധം ദുഷിച്ച നമ്മുടെ ഹൃദയം, ചോദ്യം ചെയ്യത്തക്ക നടത്തയെ ന്യായീകരിക്കാനുള്ള വഴികൾ തേടുകയും ചെയ്‌തേക്കാം. ദൃഷ്ടാന്തത്തിന്‌, വിനോദത്തിന്റെ കാര്യമെടുക്കുക. ചില വിനോദങ്ങൾ ആരോഗ്യാവഹവും ആസ്വാദ്യവുമാണ്‌. എന്നിരുന്നാലും, ചലച്ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ഇന്റർനെറ്റ്‌ സൈറ്റുകളിലൂടെയും ഈ ലോകം അണിനിരത്തുന്ന വിനോദങ്ങളിൽ സിംഹഭാഗവും അസഭ്യവും അധാർമികവുമാണ്‌. അധഃപതിച്ച വിനോദ പരിപാടികൾ യാതൊരു ദോഷവും കൂടാതെ നമുക്കു നിരീക്ഷിക്കാൻ കഴിയും എന്ന്‌ സ്വയം ബോധ്യപ്പെടുത്തുക എളുപ്പമാണ്‌. “അത്‌ എന്റെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്നില്ല, പിന്നെയെന്താണ്‌ കുഴപ്പം?” എന്നുപോലും ചിലർ ചോദിക്കുന്നു. എന്നാൽ അത്തരം വ്യക്തികൾ ‘തെറ്റായ ന്യായവാദത്താൽ തങ്ങളെത്തന്നെ വഞ്ചിക്കുകയാണ്‌.’​—⁠യാക്കോബ്‌ 1:​22, NW.

13, 14. (എ) നമ്മുടെ മനസ്സാക്ഷി എല്ലായ്‌പോഴും ആശ്രയയോഗ്യമായ ഒരു വഴികാട്ടിയല്ല എന്ന്‌ ഏതു തിരുവെഴുത്തു ദൃഷ്ടാന്തം കാണിക്കുന്നു? (ബി) ആത്മവഞ്ചനയ്‌ക്കെതിരെ നമുക്ക്‌ എങ്ങനെ ജാഗ്രത പുലർത്താനാവും?

13 ആത്മവഞ്ചനയ്‌ക്കെതിരെ നമുക്ക്‌ എങ്ങനെ ജാഗ്രത പുലർത്താനാകും? ആദ്യംതന്നെ, മനുഷ്യ മനസ്സാക്ഷി എല്ലായ്‌പോഴും ആശ്രയയോഗ്യമല്ല എന്നു നാം മനസ്സിൽ പിടിക്കേണ്ടതുണ്ട്‌. അപ്പൊസ്‌തലനായ പൗലൊസിന്റെ കാര്യമെടുക്കുക. ക്രിസ്‌ത്യാനി ആയിത്തീരുന്നതിനുമുമ്പ്‌ അവൻ ക്രിസ്‌തുവിന്റെ അനുഗാമികളെ പീഡിപ്പിച്ചിരുന്നു. (പ്രവൃത്തികൾ 9:1, 2) അവന്റെ മനസ്സാക്ഷി അന്ന്‌ അവനെ അസ്വസ്ഥനാക്കിയിട്ടുണ്ടാവില്ല. എന്നാൽ അതു തെറ്റായ രീതിയിലാണു നയിക്കപ്പെട്ടിരുന്നത്‌ എന്നതിനു സംശയമില്ല. താൻ “അവിശ്വാസത്തിൽ അറിയാതെ” പ്രവർത്തിക്കുകയായിരുന്നു എന്ന്‌ പൗലൊസ്‌ പറഞ്ഞു. (1 തിമൊഥെയൊസ്‌ 1:13) അതുകൊണ്ട്‌ ഏതെങ്കിലും ഒരു പ്രത്യേകതരം വിനോദം നമ്മുടെ മനസ്സാക്ഷിയെ അലോസരപ്പെടുത്തുന്നില്ല എന്നതുകൊണ്ട്‌ നമ്മുടെ ഗതി ശരിയായിരിക്കണം എന്നില്ല. ദൈവവചനത്താൽ ഉചിതമായി പരിശീലിപ്പിക്കപ്പെട്ട ആരോഗ്യമുള്ള ഒരു മനസ്സാക്ഷിക്കു മാത്രമേ ശരിയായ വഴികാട്ടിയായി വർത്തിക്കാൻ കഴിയൂ.

14 ആത്മവഞ്ചന ഒഴിവാക്കണമെങ്കിൽ നാം മനസ്സിൽ പിടിക്കേണ്ട സഹായകമായ ചില നിർദേശങ്ങൾ ഉണ്ട്‌. പ്രാർഥനാപൂർവം ആത്മപരിശോധന നടത്തുക. (സങ്കീർത്തനം 26:2; 2 കൊരിന്ത്യർ 13:5) സത്യസന്ധമായ ആത്മപരിശോധന, നിങ്ങളുടെ വീക്ഷണത്തിലോ ഗതിയിലോ ചില മാറ്റങ്ങൾ ആവശ്യമാണെന്നു വെളിപ്പെടുത്തിയേക്കാം. മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുക. (യാക്കോബ്‌ 1:19) സ്വന്തം കാഴ്‌ചപ്പാടുകൾ ആത്മപരിശോധനയെ വികലമാക്കാൻ സാധ്യതയുള്ളതുകൊണ്ട്‌, പക്വതയുള്ള സഹ ക്രിസ്‌ത്യാനികളുടെ വസ്‌തുനിഷ്‌ഠമായ അഭിപ്രായങ്ങൾ ശ്രദ്ധിക്കുന്നതു ജ്ഞാനമാണ്‌. നിങ്ങൾ ചോദ്യംചെയ്യത്തക്ക തീരുമാനങ്ങൾ എടുക്കുകയും പ്രവർത്തിക്കയും ചെയ്യുന്നതായി സമനിലയും അനുഭവ പരിചയവുമുള്ള സഹവിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നെങ്കിൽ നിങ്ങൾക്കു സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്‌, ‘എന്റെ മനസ്സാക്ഷി ശരിയായ രീതിയിൽ പരിശീലിപ്പിക്കപ്പെട്ടിട്ടില്ലേ, എന്റെ ഹൃദയം എന്നെ വഞ്ചിക്കുകയാണോ?’ ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും ക്രമമായി പഠിക്കുക. (സങ്കീർത്തനം 1:2) അപ്രകാരം ചെയ്യുന്നത്‌ നിങ്ങളുടെ ചിന്തകളെയും മനോഭാവങ്ങളെയും വികാരങ്ങളെയും ദൈവിക തത്ത്വങ്ങൾക്കു ചേർച്ചയിൽ നിലനിറുത്താൻ നിങ്ങളെ സഹായിക്കും.

സാത്താന്റെ നുണകൾക്കെതിരെ ജാഗ്രത!

15, 16. (എ) നമ്മെ വഞ്ചിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാത്താൻ ഏതെല്ലാം ഭോഷ്‌കുകൾ ഉപയോഗിക്കുന്നു? (ബി) അത്തരം നുണകളാൽ വഞ്ചിക്കപ്പെടുന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാക്കാനാകും?

15 നമ്മെ വഞ്ചിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാത്താൻ നാനാവിധത്തിലുള്ള നുണകൾ ഉപയോഗിക്കുന്നു. ഭൗതിക സ്വത്തുക്കൾ സന്തോഷവും സംതൃപ്‌തിയും കൈവരുത്തുന്നു എന്ന്‌ നമ്മെ ബോധ്യപ്പെടുത്താൻ അവൻ ശ്രമിക്കുന്നു. എന്നാൽ മിക്കപ്പോഴും സത്യാവസ്ഥ മറിച്ചാണെന്നു തെളിയുന്നു. (സഭാപ്രസംഗി 5:10-12) നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്താണ്‌’ എന്നതിനു വ്യക്തമായ തെളിവുണ്ടെങ്കിലും, ഈ ദുഷ്ടലോകം ഇങ്ങനെതന്നെ നിലനിൽക്കുമെന്നു നമ്മെ വിശ്വസിപ്പിക്കാൻ അവൻ ആഗ്രഹിക്കുന്നു. (2 തിമൊഥെയൊസ്‌ 3:1-5) ഉല്ലാസം തേടിപ്പോകുന്നവർ പലപ്പോഴും തിക്തഫലങ്ങൾ കൊയ്യാറുണ്ടെങ്കിലും, അധാർമിക ജീവിതരീതി പിന്തുടരുന്നതിൽ യാതൊരു ദോഷവുമില്ല എന്ന ധാരണ സാത്താൻ ഉന്നമിപ്പിക്കുന്നു. (ഗലാത്യർ 6:7) അത്തരം ഭോഷ്‌കുകളാൽ വഞ്ചിക്കപ്പെടുന്നത്‌ ഒഴിവാക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

16 ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്നു പ്രയോജനം നേടുക. സാത്താന്റെ നുണകളാൽ വഞ്ചിക്കപ്പെട്ട വ്യക്തികളുടെ മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. അവർ ഭൗതിക വസ്‌തുക്കളെ സ്‌നേഹിക്കുകയോ തങ്ങൾ ജീവിച്ചിരുന്ന കാലത്തിന്റെ പ്രാധാന്യം മനസ്സിൽ പിടിക്കാതിരിക്കുകയോ അധാർമികതയിലേക്കു വഴുതിവീഴുകയോ ചെയ്‌തു. പരിണതഫലങ്ങൾ വളരെ ദാരുണമായിരുന്നു. (മത്തായി 19:16-22; 24:36-42; ലൂക്കൊസ്‌ 16:14; 1 കൊരിന്ത്യർ 10:8-11) ആധുനികകാല ദൃഷ്ടാന്തങ്ങളിൽനിന്നു പഠിക്കുക. ഖേദകരമെന്നു പറയട്ടെ, ഇടയ്‌ക്കൊക്കെ ചില ക്രിസ്‌ത്യാനികൾക്ക്‌ അടിയന്തിരതാബോധം നഷ്ടപ്പെടുകയും ദൈവത്തെ സേവിക്കുന്നതു മുഖാന്തരം തങ്ങൾക്ക്‌ എന്തൊക്കെയോ നന്മകൾ നഷ്ടമാകുകയാണ്‌ എന്നു വിശ്വസിക്കാൻ ഇടയാവുകയും ചെയ്യുന്നു. ഉല്ലാസത്തിന്റേതെന്നു പറയപ്പെടുന്ന ഒരു ജീവിതം പിന്തുടരാനായി അവർ സത്യം ഉപേക്ഷിച്ചേക്കാം. എന്നിരുന്നാലും, അത്തരം വ്യക്തികൾ “വഴുവഴുപ്പിൽ” ആണ്‌ നിൽക്കുന്നത്‌, കാരണം ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ ഭക്തികെട്ട നടത്തയുടെ ഭവിഷ്യത്തുകൾ അവർക്ക്‌ ഏറ്റുവാങ്ങേണ്ടിവരും. (സങ്കീർത്തനം 73:18, 19) മറ്റുള്ളവരുടെ തെറ്റുകളിൽനിന്നു പാഠം ഉൾക്കൊള്ളുന്നതു ജ്ഞാനമാണ്‌.​—⁠സദൃശവാക്യങ്ങൾ 22:3.

17. യഹോവ നമ്മെ സ്‌നേഹിക്കുകയോ വിലമതിക്കുകയോ ചെയ്യുന്നില്ല എന്നുള്ള നുണ സാത്താൻ ഉന്നമിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌?

17 സാത്താൻ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്ന മറ്റൊരു ഭോഷ്‌കുണ്ട്‌​—⁠യഹോവ നമ്മെ സ്‌നേഹിക്കുകയോ വിലമതിക്കുകയോ ചെയ്യുന്നില്ല എന്നുള്ളതാണ്‌ അത്‌. അപൂർണ മനുഷ്യരെ പഠിക്കാൻ സാത്താന്‌ ആയിരക്കണക്കിനു വർഷങ്ങൾ ലഭിച്ചിട്ടുണ്ട്‌. നിരുത്സാഹത്തിനു നമ്മെ തളർത്തിക്കളയാനാകും എന്ന്‌ അവനു നന്നായി അറിയാം. (സദൃശവാക്യങ്ങൾ 24:10) അതുകൊണ്ട്‌ നാം ദൈവദൃഷ്ടിയിൽ വിലയില്ലാത്തവരാണ്‌ എന്നുള്ള നുണ അവൻ ഉന്നമിപ്പിക്കുന്നു. നാം “അടിച്ചുവീഴ്‌ത്തപ്പെടു”കയും യഹോവ നമുക്കായി കരുതുന്നില്ല എന്നു ചിന്തിക്കാൻ ഇടയാകുകയും ആണെങ്കിൽ മടുത്തു പിന്മാറാൻ നാം പ്രലോഭിതരായേക്കാം. (2 കൊരിന്ത്യർ 4:​9, പി.ഒ.സി. ബൈ.) അതുതന്നെയാണ്‌ കൊടിയ വഞ്ചകനായ സാത്താന്റെ ലക്ഷ്യവും! അങ്ങനെയെങ്കിൽ, സാത്താന്റെ ഈ ഭോഷ്‌കിനാൽ വഞ്ചിക്കപ്പെടുന്നതിനെതിരെ നമുക്ക്‌ എങ്ങനെ ജാഗ്രത പുലർത്താൻ കഴിയും?

18. യഹോവയുടെ സ്‌നേഹത്തെ കുറിച്ചു ബൈബിൾ നമുക്ക്‌ ഉറപ്പുനൽകുന്നത്‌ എങ്ങനെ?

18 ദൈവത്തിനു നമ്മോടുള്ള സ്‌നേഹം സംബന്ധിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുക. യഹോവ നമ്മിൽ ഓരോരുത്തരെയും ശ്രദ്ധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്ന്‌ നമുക്ക്‌ ഉറപ്പുനൽകാൻ ദൈവവചനം ഹൃദയസ്‌പൃക്കായ ചില വാങ്‌മയചിത്രങ്ങൾ ഉപയോഗിക്കുന്നു. വിശ്വസ്‌തനായി നിലനിൽക്കാനുള്ള നിങ്ങളുടെ പോരാട്ടത്തിൽ നിങ്ങൾ ചൊരിയുന്ന കണ്ണുനീർ ദൈവം കാണുന്നുണ്ടെന്നും അവൻ അത്‌ ഓർമിക്കുമെന്നുമുള്ള അർഥത്തിൽ അവൻ നിങ്ങളുടെ കണ്ണുനീർ “തുരുത്തിയിൽ” ആക്കിവെക്കുന്നു. (സങ്കീർത്തനം 56:8) നിങ്ങൾ ‘ഹൃദയം നുറുങ്ങിയവൻ’ ആയിരിക്കുമ്പോൾ യഹോവ അത്‌ അറിയുകയും അത്തരം സമയങ്ങളിൽ നിങ്ങൾക്കു സമീപസ്ഥൻ ആയിരിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 34:18) അവനു നിങ്ങളെ കുറിച്ചു സകല വിശദാംശങ്ങളും അറിയാം, “നിങ്ങളുടെ തലയിലെ രോമ”ത്തിന്റെ എണ്ണം പോലും. (മത്തായി 10:29-31) എല്ലാറ്റിലും ഉപരിയായി, ദൈവം നിങ്ങൾക്കു വേണ്ടി ‘തന്റെ ഏകജാതനായ പുത്രനെ നൽകി.’ (യോഹന്നാൻ 3:16; ഗലാത്യർ 2:20) അത്തരം തിരുവെഴുത്തുകൾ വ്യക്തിപരമായി നിങ്ങൾക്കു ബാധകമാകുന്നു എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതായി ചിലപ്പോഴൊക്കെ നിങ്ങൾക്കു തോന്നിയേക്കാം. എന്നിരുന്നാലും, നാം യഹോവയുടെ വാക്കുകൾ വിശ്വസിക്കണം. ഒരു കൂട്ടമെന്ന നിലയിൽ മാത്രമല്ല വ്യക്തികൾ എന്ന നിലയിലും അവൻ നമ്മെ സ്‌നേഹിക്കുന്നു എന്നു നാം വിശ്വസിക്കാൻ അവൻ ആഗ്രഹിക്കുന്നു.

19, 20. (എ) യഹോവ നിങ്ങളെ സ്‌നേഹിക്കുന്നില്ല എന്നുള്ള സാത്താന്യ ഭോഷ്‌ക്‌ തിരിച്ചറിഞ്ഞു തിരസ്‌കരിക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ഒരു സഞ്ചാര മേൽവിചാരകൻ വിഷാദമഗ്നരെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ?

19 ഭോഷ്‌കു തിരിച്ചറിഞ്ഞ്‌ തിരസ്‌കരിക്കുക. ആരെങ്കിലും നുണപറയുകയാണെന്നു നിങ്ങൾക്ക്‌ അറിയാമെങ്കിൽ വഞ്ചിക്കപ്പെടാതിരിക്കാൻ നിങ്ങൾക്കു കഴിയും. അതുപോലെ, യഹോവ നമ്മെ സ്‌നേഹിക്കുന്നില്ല എന്ന ഭോഷ്‌ക്‌ നാം വിശ്വസിക്കണമെന്നു സാത്താൻ ആഗ്രഹിക്കുന്നു എന്ന അറിവുതന്നെ ശക്തമായ ഒരു സഹായം ആയിരുന്നേക്കാം. സാത്താന്റെ കുതന്ത്രങ്ങളെ കുറിച്ചു മുന്നറിയിപ്പു നൽകിയ ഒരു വീക്ഷാഗോപുര ലേഖനത്തോടുള്ള പ്രതികരണം എന്ന നിലയിൽ ഒരു ക്രിസ്‌ത്യാനി ഇപ്രകാരം പറഞ്ഞു: “എന്നെ നിരുത്സാഹപ്പെടുത്താൻ സാത്താൻ എന്റെ വികാരങ്ങളെത്തന്നെ ഉപയോഗിക്കുന്നു എന്ന്‌ ഞാനൊരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. ഇതു മനസ്സിലായത്‌, ഈ വികാരങ്ങൾക്കെതിരെ പോരാടാൻ എനിക്കു പ്രചോദനം പകരുന്നു.”

20 ഒരു തെക്കേ അമേരിക്കൻ രാജ്യത്തുള്ള ഒരു സഞ്ചാര മേൽവിചാരകന്റെ അനുഭവം പരിചിന്തിക്കുക. വിഷാദമഗ്നരായ സഹവിശ്വാസികൾക്ക്‌ ഇടയസന്ദർശനം നടത്തുമ്പോൾ അദ്ദേഹം മിക്കപ്പോഴും ഇങ്ങനെ ചോദിക്കാറുണ്ട്‌, ‘നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കുന്നുണ്ടോ?’ ‘ഒരിക്കലുമില്ല,’ നിരുത്സാഹിതനായ വ്യക്തി സാധാരണഗതിയിൽ മറുപടി പറയും. ത്രിത്വോപദേശം സാത്താന്റെ ഒരു ഭോഷ്‌കാണെന്ന്‌ അയാൾക്കറിയാം. ‘നിങ്ങൾ നരകാഗ്നിയിൽ വിശ്വസിക്കുന്നുണ്ടോ?’ സഞ്ചാര മൂപ്പന്റെ അടുത്ത ചോദ്യം. ‘അയ്യോ, ഇല്ല,’ വീണ്ടും ഉത്തരം അതായിരിക്കും. സാത്താന്റെ ഒരു ഭോഷ്‌കായി സാധാരണഗതിയിൽ തിരിച്ചറിയപ്പെടാത്ത മറ്റൊരു നുണകൂടിയുണ്ടെന്ന്‌ അടുത്തതായി അദ്ദേഹം അവരോടു പറയുന്നു. യഹോവയോട്‌ അടുത്തു ചെല്ലുവിൻ * പുസ്‌തകത്തിന്റെ 249-ാം പേജിലെ 21-ാം ഖണ്ഡികയിലേക്ക്‌ അദ്ദേഹം അവരുടെ ശ്രദ്ധ ക്ഷണിക്കുന്നു. ആ ഭാഗം യഹോവ നമ്മെ വ്യക്തികൾ എന്ന നിലയിൽ സ്‌നേഹിക്കുന്നില്ല എന്ന ഭോഷ്‌കിനെ തുറന്നു കാട്ടുന്നു. ഇപ്രകാരം സാത്താന്റെ ഭോഷ്‌കിനെ തിരിച്ചറിഞ്ഞു തിരസ്‌കരിക്കാൻ നിരുത്സാഹിതരായവരെ സഹായിക്കുന്നതിൽനിന്ന്‌ നല്ല ഫലങ്ങൾ ലഭിക്കുന്നതായി ആ സഞ്ചാര മേൽവിചാരകൻ റിപ്പോർട്ടു ചെയ്യുന്നു.

വഞ്ചനയ്‌ക്കെതിരെ നിങ്ങളെത്തന്നെ കാക്കുക

21, 22. സാത്താന്റെ കുടില തന്ത്രങ്ങളെ കുറിച്ച്‌ നാം അജ്ഞരല്ലാത്തത്‌ എന്തുകൊണ്ട്‌, എന്തായിരിക്കണം നമ്മുടെ ദൃഢനിശ്ചയം?

21 അന്ത്യനാളുകളുടെ ഈ സമാപന ഭാഗത്ത്‌, ഭോഷ്‌കിന്റെയും വഞ്ചനയുടെയും ശരവർഷം സാത്താൻ തുടരുമെന്നു നാം പ്രതീക്ഷിക്കേണ്ടതാണ്‌. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, സാത്താന്റെ കുടില തന്ത്രങ്ങളെ കുറിച്ച്‌ യഹോവ നമ്മെ അജ്ഞരായി വിട്ടിട്ടില്ല. ബൈബിളും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും പിശാചിന്റെ ദുഷ്ട തന്ത്രങ്ങൾ വ്യക്തമായി തുറന്നു കാട്ടുന്നു. (മത്തായി 24:​45, NW) അതേ, മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാൽ, നമുക്കു കരുതിയിരിക്കാം.​—⁠2 കൊരിന്ത്യർ 2:11.

22 അതുകൊണ്ട്‌, നമുക്ക്‌ വിശ്വാസത്യാഗികളുടെ വാദഗതികൾക്കെതിരെ ജാഗ്രത പുലർത്താം. ആത്മവഞ്ചനയെന്ന കുടിലമായ കെണി ഒഴിവാക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. സാത്താന്റെ സകല ഭോഷ്‌കുകളെയും നമുക്കു തിരിച്ചറിഞ്ഞ്‌ തിരസ്‌കരിക്കാം. അപ്രകാരം ചെയ്‌തുകൊണ്ട്‌, സകല വഞ്ചനയെയും വെറുക്കുന്ന “സത്യത്തിന്റെ ദൈവമായ” യഹോവയുമായുള്ള നമ്മുടെ ബന്ധം നാം കാത്തുസൂക്ഷിക്കും.​—⁠സങ്കീർത്തനം 31:⁠5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം; സദൃശവാക്യങ്ങൾ 3:32.

[അടിക്കുറിപ്പുകൾ]

^ ഖ. 5 വെളിപ്പാടു 12:​9-ൽ “തെററിച്ചുകളയുന്ന” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന ക്രിയാരൂപത്തെ കുറിച്ച്‌ ഒരു പരാമർശ കൃതി പറയുന്നത്‌, അത്‌ “സ്വഭാവത്തിന്റെതന്നെ ഭാഗമായിത്തീർന്ന ഒരു ശീലമെന്ന നിലയിൽ തുടർച്ചയായ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു” എന്നാണ്‌.

^ ഖ. 20 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഇന്ന്‌ ലോകത്തിൽ ഇത്രയധികം വഞ്ചനയുള്ളത്‌ എന്തുകൊണ്ട്‌?

• വിശ്വാസത്യാഗികളാൽ വഞ്ചിക്കപ്പെടുന്നതിനെതിരെ നമുക്ക്‌ എങ്ങനെ ജാഗ്രത പുലർത്താം?

• ആത്മവഞ്ചനയുടെ ഏതൊരു പ്രവണതയ്‌ക്കുമെതിരെ നമുക്ക്‌ എങ്ങനെ ജാഗ്രത പുലർത്താം?

• സാത്താന്യ ഭോഷ്‌കുകളാൽ വഞ്ചിക്കപ്പെടുന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രം]

വിനോദത്തിന്റെ കാര്യത്തിൽ സ്വയം വഞ്ചിക്കരുത്‌

[18-ാം പേജിലെ ചിത്രങ്ങൾ]

ആത്മവഞ്ചനയ്‌ക്കെതിരെ ജാഗ്രത പുലർത്തുന്നതിന്‌, പ്രാർഥനാപൂർവം ആത്മപരിശോധന നടത്തുക, മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുക, ദൈവവചനത്തിൽനിന്നു ക്രമമായി ഭക്ഷിക്കുക