വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രൈസ്‌തവ സഭകൾ അവയുടെ ഭാവിയെന്ത്‌?

ക്രൈസ്‌തവ സഭകൾ അവയുടെ ഭാവിയെന്ത്‌?

ക്രൈസ്‌തവ സഭകൾ അവയുടെ ഭാവിയെന്ത്‌?

“ബ്രിട്ടനിലെ ആളുകൾ ഇപ്പോഴും ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്‌, പക്ഷേ ക്രിസ്‌തുവുമായി ഒരു പ്രതിബദ്ധതയിൻ കീഴിൽ വരാൻ അവർ ആഗ്രഹിക്കുന്നില്ല” എന്ന്‌ ഉഗാണ്ടയിൽനിന്നുള്ള ഒരു വൈദികനായ സ്റ്റീവൻ റ്റിറോംവി പറയുന്നു. ഏതാണ്ട്‌ 20 വർഷങ്ങൾക്കു മുമ്പ്‌, ഉഗാണ്ടയിലെ തന്റെ സഭയ്‌ക്കു നേരെയുണ്ടായ കടുത്ത ആക്രമണത്തെ അദ്ദേഹം അതിജീവിക്കുകയുണ്ടായി. ഇന്ന്‌ അദ്ദേഹം ഇംഗ്ലണ്ടിലെ ലീഡ്‌സിൽ പുരുഷന്മാരുടെ ക്ലബ്ബുകളിൽ പ്രസംഗിക്കുന്നു, ശ്രോതാക്കൾ ബിംഗോ എന്ന ചൂതാട്ടക്കളിയിൽ മുഴുകുന്നതിനു മുമ്പ്‌ പത്തുമിനിട്ടു നേരത്തെ ഒരു പ്രസംഗം.

അറ്റ്‌ലാന്റിക്കിനക്കരെ, അമേരിക്കയിൽ അടുത്തകാലത്ത്‌ രൂപീകൃതമായ ആംഗ്ലിക്കൻ മിഷനും സമാനമായ ഒരു ആത്മീയ വിഷമസന്ധിയെ നേരിടുന്നു. “പള്ളിയംഗത്വമില്ലാത്തവരും മതത്തിൽ താത്‌പര്യമില്ലാത്തവരുമായ ഇംഗ്ലീഷ്‌ സംസാരിക്കുന്ന ആളുകൾ ഇന്നു ലോകത്ത്‌ ഏറ്റവും കൂടുതലുള്ളത്‌ ഐക്യനാടുകളിലാണ്‌” എന്ന്‌ പ്രസ്‌തുത മിഷന്റെ ഔദ്യോഗിക വെബ്‌ സൈറ്റ്‌ പ്രസ്‌താവിക്കുന്നു. “നാം മിഷനറി വയൽ ആയിത്തീർന്നുകൊണ്ടിരിക്കുന്നു.” സഭയ്‌ക്കുള്ളിൽ നിന്നുകൊണ്ട്‌ അതിനെ നന്നാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതു നിമിത്തം ഈ പുതിയ മിഷൻ പാരമ്പര്യങ്ങൾ പിന്തുടരുന്നതു നിറുത്തുകയും “ഐക്യനാടുകളിലേക്കു മിഷനറിമാരെ അയയ്‌ക്കാൻ” ലക്ഷ്യമിട്ട്‌ ഏഷ്യയിലെയും ആഫ്രിക്കയിലെയും നേതാക്കളുമായി കൈകോർക്കുകയും ചെയ്‌തു.

എന്നിരുന്നാലും, ക്രൈസ്‌തവ ദേശങ്ങൾ എന്ന്‌ അവകാശപ്പെടുന്ന യൂറോപ്പിലും വടക്കേ അമേരിക്കയിലും ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ മിഷനറിമാർ ‘ആത്മാക്കളെ രക്ഷിക്കുന്നതിൽ’ ഏർപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ആര്‌ ആരെ രക്ഷിക്കുന്നു?

അഭംഗുരം മുന്നേറിക്കൊണ്ടിരുന്ന കോളനിവത്‌കരണത്തിന്റെ ചുവടുപിടിച്ച്‌ ആഫ്രിക്ക, ഏഷ്യ, പസിഫിക്‌ രാജ്യങ്ങൾ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക്‌ നാനൂറിലധികം വർഷങ്ങളായി ആത്മാർപ്പിതരായ യൂറോപ്യൻ മിഷനറിമാർ ഇടമുറിയാതെ പ്രവഹിച്ചുകൊണ്ടിരുന്നു. ആ നാടുകളിലെ അവിശ്വാസികൾ എന്നു വിളിക്കപ്പെട്ടവരുടെ അടുക്കൽ തങ്ങളുടെ മതം എത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കാലാന്തരത്തിൽ, ക്രിസ്‌തീയ തത്ത്വങ്ങളിൽ വേരൂന്നിയതെന്ന്‌ അവകാശപ്പെട്ടിരുന്ന അമേരിക്കൻ കോളനികൾ, ലോകവ്യാപകമായി സ്വന്തം സുവിശേഷ പ്രസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിൽ യൂറോപ്യൻ മിഷനറിമാരുമായി കൈകോർക്കുകയും ഒടുവിൽ അവരെ കടത്തിവെട്ടുകയും ചെയ്‌തു. ഇപ്പോൾ കാറ്റു മാറിവീശാൻ തുടങ്ങിയിരിക്കുന്നു.

ഇന്ന്‌, നാമധേയ ക്രിസ്‌ത്യാനിത്വത്തിന്റെ “സിരാകേന്ദ്രം മാറിയിരിക്കുന്നു,” പാശ്ചാത്യേതര ലോകത്തെ ക്രിസ്‌ത്യാനിത്വം സംബന്ധിച്ചുള്ള പഠന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായ ആൻഡ്രൂ വാൾസ്‌ പറയുന്നു. 1900-ത്തിൽ, ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടിരുന്നവരിൽ 80 ശതമാനം യൂറോപ്പിലോ വടക്കേ അമേരിക്കയിലോ ആയിരുന്നു. എന്നിരുന്നാലും, ഇന്ന്‌ അത്തരം ക്രൈസ്‌തവ വിശ്വാസികളിൽ 60 ശതമാനവും ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലുമാണുള്ളത്‌. അടുത്തയിടെ ഒരു മാധ്യമ റിപ്പോർട്ട്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “യൂറോപ്പിലെ കത്തോലിക്ക പള്ളികൾക്ക്‌ ഇപ്പോൾ ഫിലിപ്പീൻസിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള പാതിരികളാണ്‌ ശരണം.” അതുപോലെ “ഇന്ന്‌, അമേരിക്കയിലെ കത്തോലിക്ക ഇടവകകളിൽ സേവിക്കുന്ന വൈദികരിൽ ആറിൽ ഒരാൾ വീതം വിദേശത്തുനിന്നു വന്നിട്ടുള്ളതാണ്‌.” നെതർലൻഡ്‌സിൽ പ്രവർത്തിക്കുന്ന, മുഖ്യമായും ഘാനയിൽനിന്നുള്ള ആഫ്രിക്കൻ പ്രൊട്ടസ്റ്റന്റ്‌ സഭാ വിഭാഗങ്ങളിൽ നിന്നുള്ളവർ തങ്ങളെത്തന്നെ “ഒരു മതനിരപേക്ഷ ഭൂഖണ്ഡത്തിലെ മിഷനറി സഭക്കാർ” എന്ന നിലയിൽ വീക്ഷിക്കുന്നു. അതുപോലെ, ബ്രസീലിൽനിന്നുള്ള ചില പ്രൊട്ടസ്റ്റന്റുകാർ ബ്രിട്ടന്റെ പല ഭാഗങ്ങളിലും പ്രചരണ പരിപാടികൾ നടത്തുന്നു. ഒരു എഴുത്തുകാരൻ ഇങ്ങനെ നിരീക്ഷിക്കുന്നു: “ക്രൈസ്‌തവ മിഷനറി പ്രവാഹം ഇപ്പോൾ റിവേഴ്‌സ്‌ ഗിയറിൽ വീണിരിക്കുകയാണ്‌.”

ഉരുണ്ടുകൂടുന്ന കാറുംകോളും

ഒന്നിനൊന്നു മതനിരപേക്ഷമായിക്കൊണ്ടിരിക്കുന്ന യൂറോപ്പിലും വടക്കേ അമേരിക്കയിലും സാധ്യതയനുസരിച്ച്‌ മിഷനറിമാരെ ആവശ്യമായി വരും. “സ്‌കോട്ട്‌ലൻഡിൽ, ക്രമമായി പള്ളിയിൽ പോകുന്നത്‌ 10 ശതമാനത്തിൽ താഴെ ക്രിസ്‌ത്യാനികളാണ്‌,” ഒരു വാർത്താപത്രിക കുറിക്കൊള്ളുന്നു. ഫ്രാൻസിലും ജർമനിയിലും ആകട്ടെ അതിലും കുറച്ചുപേരേ പോകുന്നുള്ളൂ. സർവേയിൽ പങ്കെടുത്ത “അമേരിക്കക്കാരിൽ ഏതാണ്ട്‌ 40 ശതമാനവും കാനഡക്കാരിൽ 20 ശതമാനവും തങ്ങൾ ക്രമമായി പള്ളിയിൽ പോകാറുണ്ട്‌ എന്നു പറയുന്നു” എന്ന്‌ മറ്റൊരു മാധ്യമ റിപ്പോർട്ട്‌ പ്രസ്‌താവിക്കുന്നു. നേരേമറിച്ച്‌, ഫിലിപ്പീൻസിൽ 70 ശതമാനത്തോളം പേർ പള്ളികളിൽ ഹാജരാകുന്നതായി പറയുന്നു, മറ്റു വികസ്വര രാജ്യങ്ങളിലും സ്ഥിതി സമാനമാണ്‌.

ഉത്തരാർധഗോളത്തിലുള്ളവരെക്കാൾ ദക്ഷിണാർധഗോളത്തിലുള്ള പള്ളിയിൽപോക്കുകാരാണ്‌ പാരമ്പര്യത്തോടു കൂടുതൽ കൂറുപുലർത്തിക്കാണുന്നത്‌ എന്നത്‌ അതിലും ശ്രദ്ധേയമാണ്‌. ഉദാഹരണത്തിന്‌, ഐക്യനാടുകളിലെയും യൂറോപ്പിലെയും കത്തോലിക്കരുടെ ഇടയിൽ അഭിപ്രായ വോട്ടെടുപ്പു നടത്തിയപ്പോൾ, എല്ലാവരുംതന്നെ വൈദിക മേധാവിത്വത്തോടുള്ള വർധിച്ചുവരുന്ന അവിശ്വാസം പ്രകടിപ്പിക്കുകയും കൂടുതൽ അൽമായ പങ്കാളിത്തത്തിനും സ്‌ത്രീസമത്വത്തിനുമായി വാദിക്കുകയും ചെയ്‌തു. അതേസമയം, ദക്ഷിണാർധഗോളത്തിലെ കത്തോലിക്കർ ഈ പ്രശ്‌നങ്ങളിൽ സഭയുടെ പരമ്പരാഗത നിലപാടിനെ ആവലാതി കൂടാതെ ശിരസ്സാവഹിക്കുന്നതായി കണ്ടു. സഭകളുടെ ജനപിന്തുണ തെക്കോട്ടു നീങ്ങവേ ഭാവി സംഘട്ടനങ്ങൾക്കുള്ള അരങ്ങൊരുങ്ങുകയാണ്‌. ചരിത്ര, മത പണ്ഡിതനായ ഫിലിപ്‌ ജെങ്കൻസ്‌ ഇങ്ങനെ പ്രവചിക്കുന്നു: “അടുത്ത ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ, ആഗോള ക്രിസ്‌ത്യാനിത്വത്തിന്റെ ഇരു ശാഖകളും പൂർണമായ അല്ലെങ്കിൽ ആധികാരികമായ ക്രിസ്‌ത്യാനിത്വമായി പരസ്‌പരം അംഗീകരിക്കാത്ത ഒരു നില വരാനുള്ള സാധ്യത വളരെയധികമാണ്‌.”

ഈ പ്രവണതകളുടെ വെളിച്ചത്തിൽ, “ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ, വടക്കേ അമേരിക്കൻ, യൂറോപ്യൻ ക്രിസ്‌ത്യാനികൾക്ക്‌ ആധികാരികമായി ഒരേ വിശ്വാസം ഉള്ളവരായിരുന്നുകൊണ്ട്‌ ഒരേ പള്ളിയിൽ കഴിഞ്ഞുകൂടാൻ എങ്ങനെ കഴിയും” എന്നുള്ളത്‌ അടിയന്തിര പ്രാധാന്യമുള്ള ഒരു ചോദ്യമാണ്‌ എന്ന്‌ വാൾസ്‌ പറയുന്നു. നിങ്ങൾക്ക്‌ എന്തു തോന്നുന്നു? വിഭജിതമായ ഒരു ലോകത്ത്‌ ക്രൈസ്‌തവ സഭകൾക്ക്‌ അതിജീവിക്കാനാകുമോ? യഥാർഥ ക്രിസ്‌തീയ ഐക്യത്തിന്റെ അടിസ്ഥാനം എന്താണ്‌? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്കുള്ള തിരുവെഴുത്തുപരമായ ഉത്തരം നൽകും. കൂടാതെ, ഒരു ഏകീകൃത ക്രിസ്‌തീയ സമൂഹം ഇപ്പോൾത്തന്നെ ലോകവ്യാപകമായി തഴച്ചുവളരുന്നു എന്നതിന്റെ തെളിവും അതു പ്രദാനം ചെയ്യും.

[4-ാം പേജിലെ ചിത്രം]

ഈ മ്യൂസിക്‌ കഫേ മുമ്പ്‌ ഒരു പള്ളി ആയിരുന്നു

[കടപ്പാട്‌]

AP Photo/Nancy Palmieri