വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചായങ്ങൾ പൗരാണികതയുടെ ചാരുത

ചായങ്ങൾ പൗരാണികതയുടെ ചാരുത

ചായങ്ങൾ പൗരാണികതയുടെ ചാരുത

കനാന്യ സൈന്യാധിപനായിരുന്ന സീസെര യുദ്ധക്കളത്തിൽനിന്ന്‌ മടങ്ങിവരുന്നതും കാത്ത്‌ അവന്റെ അമ്മ ആകാംക്ഷയോടിരുന്നു. കീഴടക്കിയവരിൽനിന്ന്‌ അവൻ കൊള്ളയടിച്ചുകൊണ്ടുവരുമായിരുന്ന വിലപിടിപ്പുള്ള ചില വസ്‌തുക്കൾ അവൾ മനസ്സിൽ കണ്ടു. ‘നിറം പിടിപ്പിച്ച തുണികളാകുന്ന കൊള്ളവസ്‌തുക്കൾ, ചിത്രപ്പണികളുള്ള നിറം പിടിപ്പിച്ച തുണികൾ, നിറം പിടിപ്പിച്ച്‌ ചിത്രത്തുന്നൽ ചെയ്‌തിട്ടുള്ള രണ്ടു തുണികൾ’ എന്നിവ അക്കൂട്ടത്തിൽ അവൾ പ്രതീക്ഷിച്ചിരുന്നു. (ന്യായാധിപന്മാർ 5:⁠30, ഓശാന ബൈബിൾ) മനുഷ്യൻ എന്നും സൗന്ദര്യം ആസ്വദിച്ചിട്ടുണ്ട്‌. നിറങ്ങളാകട്ടെ സൗന്ദര്യം വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പുരാതനകാലം മുതൽക്കേ, തുണിത്തരങ്ങൾ ചായം മുക്കാനും വീട്ടുസാമാനങ്ങളും മറ്റും ചായമടിക്കാനും ആളുകൾ ആഗ്രഹിച്ചിരുന്നതിൽ അതിശയിക്കാനില്ല. അങ്ങനെ ചായംമുക്കൽ എന്ന വിദഗ്‌ധ കല പിറവിയെടുത്തു.

ചായം ഉപയോഗിച്ച്‌ നൂലുകൾ, തുണിത്തരങ്ങൾ, മറ്റു വസ്‌തുക്കൾ എന്നിവയ്‌ക്കു സവിശേഷമായ നിറങ്ങൾ കൊടുക്കുന്ന കലയാണ്‌ ചായംമുക്കൽ. അബ്രാഹാമിന്റെ നാളുകൾക്കു മുമ്പേ പ്രചാരത്തിലുണ്ടായിരുന്ന ഈ കലയ്‌ക്ക്‌ സാധ്യതയനുസരിച്ച്‌ നെയ്‌ത്തുകലയോളംതന്നെ പഴക്കമുണ്ട്‌. ഇസ്രായേല്യർ തിരുനിവാസത്തിനും പൗരോഹിത്യ വസ്‌ത്രങ്ങൾക്കും വേണ്ടി നീലനൂൽ, ചെമപ്പുനൂൽ, ധൂമ്രനൂൽ തുടങ്ങിയവ ഉപയോഗിച്ചിരുന്നു. (പുറപ്പാടു 25-28, 35, 38, 39 അധ്യായങ്ങൾ കാണുക) ആദിമകാലത്ത്‌ ഏറെക്കുറെ ഒരു ഗാർഹിക പ്രവർത്തനമായിരുന്ന ചായംമുക്കൽ ക്രമേണ പലയിടങ്ങളിലും ഒരു വ്യവസായ സംരംഭമായി മാറി. പുരാതന ഈജിപ്‌തുകാർ ചായം മുക്കിയ വർണപ്പകിട്ടാർന്ന വസ്‌തുക്കളെ പ്രതി വിശേഷാൽ ശ്രദ്ധ നേടിയിരുന്നു. യെഹെസ്‌കേൽ 27-ാം അധ്യായം 7-ാം വാക്യത്തിൽ (പി.ഒ.സി. ബൈബിൾ) നാം ഇങ്ങനെ വായിക്കുന്നു: “നിന്റെ കപ്പൽപായ്‌ ഈജിപ്‌തിൽനിന്നുകൊണ്ടുവന്ന ചിത്രാലംകൃതമായ [“വിവിധ വർണങ്ങളുള്ള,” NW] ചണവസ്‌ത്രമായിരുന്നു. അതായിരുന്നു നിന്റെ അടയാളം. എലീഷാദ്വീപിൽ നിന്നുള്ള നീലാംബരവും ധൂമ്രപടവും ആയിരുന്നു നിന്റെ ആവരണം.” ഈജിപ്‌തിന്റെ പതനത്തിനുശേഷം, സോരും മറ്റ്‌ ഫൊയ്‌നീക്യൻ നഗരങ്ങളും പ്രമുഖ ചായംമുക്കൽ കേന്ദ്രങ്ങളായി മാറി. എന്നാൽ എങ്ങനെയാണ്‌ ചായങ്ങൾ ഉണ്ടാക്കിയിരുന്നത്‌?

പ്രാചീന ചായംമുക്കൽ പ്രക്രിയകൾ

ചായംമുക്കൽ പ്രക്രിയകൾ ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരുന്നു. ചിലപ്പോഴൊക്കെ തുണിനാരിലും മറ്റു ചിലപ്പോൾ നെയ്‌തെടുത്ത തുണിയിലുമാണ്‌ ചായം മുക്കിയിരുന്നത്‌. തുണിനാരുകൾ രണ്ടു പ്രാവശ്യം ചായത്തിൽ മുക്കിയെടുത്തിരുന്നതായി കാണുന്നു. രണ്ടാം പ്രാവശ്യം ചായത്തിൽനിന്ന്‌ എടുത്തശേഷം നന്നായി പിഴിയുമായിരുന്നു. വിലപിടിച്ച ചായം പാഴാക്കിക്കളയാതിരിക്കുന്നതിനാണ്‌ ഇങ്ങനെ ചെയ്‌തിരുന്നത്‌. അതിനുശേഷം അത്‌ ഉണക്കാനിടുമായിരുന്നു.

നിറം പിടിപ്പിക്കേണ്ട വസ്‌തുവിന്റെ സ്വഭാവം അനുസരിച്ച്‌ ചായംമുക്കലിന്‌ വ്യത്യസ്‌ത രീതികൾ ഉണ്ടായിരുന്നു. അപൂർവമായിട്ടാണെങ്കിലും, ചായവും നിറം പിടിപ്പിക്കേണ്ട വസ്‌തുവും തമ്മിൽ ഒരു സ്വാഭാവിക ആകർഷണം ഉണ്ടായിരുന്നു. എന്നാൽ അത്തരം ഒരു ആകർഷണം ഇല്ലാത്ത കേസുകളിൽ ഒരു വർണബന്ധകത്തിന്റെ (mordant) സാന്നിധ്യത്തിൽ മാത്രമേ നിറം പിടിപ്പിക്കാൻ കഴിയൂ. ചായത്തോടും ചായം മുക്കേണ്ട വസ്‌തുവിനോടും ആകർഷണമുള്ള രാസ പദാർഥമാണ്‌ വർണബന്ധകം. വർണബന്ധകമായി വർത്തിക്കുന്നതിന്‌ ഒരു വസ്‌തുവിന്‌ കുറഞ്ഞപക്ഷം ചായത്തോട്‌ ആകർഷണം ഉണ്ടായിരിക്കേണ്ടതുണ്ട്‌. എങ്കിൽ മാത്രമേ അത്‌ ചായവുമായി ചേർന്ന്‌ അലിയാത്ത ഒരു വർണ യൗഗികം രൂപംകൊള്ളുകയുള്ളൂ. ഈജിപ്‌തുകാർ ചായംമുക്കലിൽ വർണബന്ധകങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന്‌ കണ്ടെത്തലുകൾ കാണിക്കുന്നു. ഉദാഹരണത്തിന്‌, അവർ ഉപയോഗിച്ചിരുന്ന നിറങ്ങളിൽ മൂന്നെണ്ണം ചെമപ്പ്‌, മഞ്ഞ, നീല എന്നിവയായിരുന്നു. ആർസെനിക്‌, ഇരുമ്പ്‌, വെളുത്തീയം എന്നിവയുടെ ഓക്‌സൈഡുകൾ വർണബന്ധകങ്ങളായി ഉപയോഗിക്കാതെ ഈ നിറങ്ങൾ പിടിപ്പിക്കാൻ കഴിയുമായിരുന്നില്ലെന്നു പറയപ്പെടുന്നു.

തെളിവനുസരിച്ച്‌, മൃഗത്തോലുകൾ ഊറയ്‌ക്കിട്ടശേഷം ചായം മുക്കിയിരുന്നു. സിറിയയിൽ അടുത്തകാലത്തു പോലും ചെമ്മരിയാടിന്റെ തോൽ, ഷൂമാക്കിൽ (ഊറയ്‌ക്കിടുന്നതിനും ചായം മുക്കുന്നതിനും ഉപയോഗിക്കുന്ന ഒരു പദാർഥം) ഊറയ്‌ക്കിട്ടശേഷം ചായം മുക്കിയിട്ടുള്ളതായി കാണാം. ചായം ഉണങ്ങിയതിനുശേഷം തോൽ എണ്ണ തേച്ച്‌ മിനുക്കുമായിരുന്നു. അറബി നാടോടികൾ ഉപയോഗിച്ചിരുന്ന ഷൂസും മറ്റ്‌ തുകൽ ഉത്‌പന്നങ്ങളും ഈ വിധത്തിൽ ചെമപ്പു ചായം മുക്കിയിരുന്നു. ഇത്‌ തിരുനിവാസത്തിനായി ഉപയോഗിച്ചിരുന്ന “ചുവപ്പിച്ച ആട്ടുകൊററന്തോ”ലിനെ കുറിച്ച്‌ ഒരുവനെ അനുസ്‌മരിപ്പിക്കുന്നു.​—⁠പുറപ്പാടു 25:⁠5.

ചായം മുക്കിയ വസ്‌തുക്കളുമായി ബന്ധപ്പെട്ട രസകരമായ ഒരു വിവരണം അശ്ശൂർ രാജാവായ തിഗ്ലത്ത്‌-പിലേസർ മൂന്നാമന്റെ ഒരു കെട്ടിട ആലേഖനമാണ്‌. പാലസ്‌തീനും സിറിയയ്‌ക്കും എതിരായ തന്റെ സൈനിക നീക്കങ്ങളെ കുറിച്ചു വിവരിച്ചശേഷം, സോരിലെ ഹീരാമിൽനിന്നും മറ്റു ചില ഭരണാധികാരികളിൽനിന്നും തനിക്ക്‌ കപ്പം ലഭിച്ചതായി അദ്ദേഹം പ്രസ്‌താവിക്കുന്നു. അതിൽ “ബഹുവർണ തൊങ്ങലുകളോടുകൂടിയ ചണവസ്‌ത്രങ്ങൾ, . . . നീലച്ചായം മുക്കിയ കമ്പിളി, ധൂമ്രച്ചായം [purple] മുക്കിയ കമ്പിളി, . . . ധൂമ്രച്ചായം മുക്കിയ വലിച്ചുനീട്ടിയ ആട്ടിൻകുട്ടിത്തോൽ, നീലച്ചായം മുക്കിയ വിടർത്തിവെച്ച ചിറകുകളോടു കൂടിയ കാട്ടുപക്ഷികൾ” എന്നിവ ഉൾപ്പെട്ടിരുന്നു.​—⁠ജെ. പ്രിറ്റ്‌ചാർഡ്‌ പ്രസിദ്ധീകരിച്ച ഏൻഷ്യന്റ്‌ നിയർ ഈസ്റ്റേൺ ടെക്‌സ്റ്റ്‌സ്‌, 1974, പേ. 282, 283.

ചായങ്ങളുടെ സ്രോതസ്സുകൾ

ചായങ്ങൾക്ക്‌ വ്യത്യസ്‌ത ഉറവിടങ്ങൾ ഉണ്ടായിരുന്നു. പാലസ്‌തീനിൽ ബദാം വൃക്ഷത്തിന്റെ ഇലകളിൽനിന്നും മാതളനാരങ്ങയുടെ അരച്ചെടുത്ത പുറന്തോടിൽനിന്നുമാണ്‌ മഞ്ഞച്ചായം ലഭിച്ചിരുന്നത്‌. ഫൊയ്‌നീക്യക്കാർ ഇതിനു പുറമേ മഞ്ഞളും മഹാരജതവും (safflower) ഉപയോഗിച്ചിരുന്നു. എബ്രായർ മാതളനാരകത്തിന്റെ തൊലിയിൽനിന്നാണ്‌ കറുത്ത ചായം എടുത്തിരുന്നത്‌, ചെമന്ന ചായം മഞ്ചെട്ടി സസ്യത്തിന്റെ (റൂബിയ ടിങ്‌റ്റോറം) വേരിൽനിന്നും. സാധ്യതയനുസരിച്ച്‌ ഈജിപ്‌തിൽനിന്നോ സിറിയയിൽനിന്നോ പാലസ്‌തീനിൽ എത്തിയ അമരി ചെടി (ഇൻഡിഗോഫെറാ ടിങ്‌റ്റോറിയ) നീലച്ചായത്തിനുവേണ്ടി ഉപയോഗിച്ചിരുന്നു. കമ്പിളിക്ക്‌ ധൂമ്രനിറം നൽകാൻ ഉപയോഗിച്ചിരുന്ന ഒരു രീതിയുടെ ഭാഗമായി കമ്പിളി രാത്രി മുഴുവൻ മുന്തിരിച്ചാറിൽ മുക്കിയിടുമായിരുന്നു. തുടർന്ന്‌, അതിന്മേൽ മഞ്ചെട്ടിപ്പൊടി വിതറുമായിരുന്നു.

ചായത്തിന്റെ അറിയപ്പെടുന്ന ഉറവിടങ്ങളിൽ ഏറ്റവും പുരാതനമായ കോക്കൈഡേ (കോക്കസ്‌ ഇലിസിസ്‌) കുലത്തിൽപ്പെട്ട ഹോമോപ്‌റ്റെറസ്‌ ഷഡ്‌പദ പരാദത്തിൽനിന്നാണ്‌ കോക്കസ്‌ സ്‌കാർലെറ്റ്‌, ക്രിംസൺ (കടുഞ്ചുവപ്പ്‌) ചായങ്ങൾ ലഭിച്ചിരുന്നത്‌. ഒരു ചെറിപ്പഴത്തിന്റെ കുരുവിനോളം മാത്രം വലുപ്പമുള്ള പെൺ ഷഡ്‌പദത്തിന്‌ ഒരു ബെറിയോടു (ചെറുതും മാംസളവുമായ പഴത്തിന്‌ പൊതുവേ പറയുന്ന പേര്‌) സാദൃശ്യമുള്ളതിനാൽ അതിനെ കുറിക്കാൻ ഗ്രീക്കുകാർ കോക്കസ്‌ എന്ന പദം ഉപയോഗിക്കാൻ തുടങ്ങി. “ബെറി” എന്നാണ്‌ അതിന്റെ അർഥം. ഷഡ്‌പദത്തിന്റെ അറബിനാമമായ ക്വിർമിസ്‌ അഥവാ കെർമെസിൽനിന്നാണ്‌ “ക്രിംസൺ” എന്ന ഇംഗ്ലീഷ്‌ പദം ഉത്ഭവിച്ചത്‌. മധ്യപൂർവ ദേശങ്ങളിൽ ഉടനീളം ഈ ഷഡ്‌പദത്തെ കാണാം. അതിന്റെ മുട്ടയിൽ മാത്രമാണ്‌ കെർമെസിക്‌ ആസിഡിനാൽ സമ്പുഷ്ടമായ ധൂമ്രവർണം കലർന്ന ചെമന്ന ചായക്കൂട്ട്‌ അടങ്ങിയിരിക്കുന്നത്‌. ഏപ്രിൽ അവസാനത്തോടടുത്ത്‌ നിറയെ മുട്ടകളുള്ള, ചിറകില്ലാത്ത പെൺജീവി ശുണ്ഡിക (വദനഭാഗത്തെ നീണ്ട അവയവം) ഉപയോഗിച്ച്‌ കെർമെസ്‌ ഓക്ക്‌ മരത്തിന്റെ (ക്വിർകസ്‌ കോക്കിഫെറ) കൊമ്പുകളിലോ, ചിലപ്പോൾ ഇലകളിലോ, പറ്റിപ്പിടിച്ചിരിക്കുന്നു. ഷഡ്‌പദത്തിന്റെ കെർമെസ്‌ അഥവാ ലാർവകൾ ശേഖരിച്ച്‌ ഉണക്കി വെള്ളത്തിലിട്ട്‌ തിളപ്പിച്ചാണ്‌ വിലപ്പെട്ട ചായം എടുത്തിരുന്നത്‌. ഈ ചെമന്ന ചായമാണ്‌ തിരുനിവാസത്തിന്റെ പല ഉപകരണങ്ങളിലും ഇസ്രായേല്യ മഹാപുരോഹിതന്റെ വസ്‌ത്രങ്ങളിലും ഉപയോഗിച്ചിരുന്നത്‌.

പുറന്തോടുള്ള ഒരിനം ജലജീവികൾ (നീല കല്ലുമ്മക്കായ്‌) നീലച്ചായത്തിന്റെ സ്രോതസ്സാണെന്നു പറയപ്പെടുന്നു. മ്യൂറെക്‌സ്‌ ട്രൻകുലസ്‌, മ്യൂറെക്‌സ്‌ ബ്രാൻഡാറിസ്‌ തുടങ്ങിയ കക്കാപ്രാണികളിൽനിന്നാണ്‌ ധൂമ്രവർണച്ചായം ഉണ്ടാക്കിയിരുന്നത്‌. ഈ ജീവികളുടെ കഴുത്തിൽ ഒരു ചെറിയ ഗ്രന്ഥിയുണ്ട്‌. അതിൽ ഫ്‌ളവർ എന്നറിയപ്പെടുന്ന ഒരു തുള്ളി സ്രവം അടങ്ങിയിരിക്കുന്നു. ആദ്യം കാഴ്‌ചയിലും സ്വഭാവത്തിലും പാൽപ്പാട പോലെയിരിക്കുന്ന ഈ സ്രവം വായുവിന്റെയും പ്രകാശത്തിന്റെയും സാന്നിധ്യത്തിൽ ക്രമേണ കടും വയലറ്റ്‌ അല്ലെങ്കിൽ ചെമപ്പു കലർന്ന ധൂമ്രനിറമായി മാറുന്നു. മെഡിറ്ററേനിയൻ കടലിന്റെ തീരങ്ങളിലാണ്‌ ഈ കക്കാപ്രാണിയെ കണ്ടുവരുന്നത്‌. സ്ഥലത്തിനനുസരിച്ച്‌, അവയിൽനിന്ന്‌ എടുക്കുന്ന ചായത്തിന്റെ നിറം അൽപ്പസ്വൽപ്പം വ്യത്യാസപ്പെട്ടിരിക്കും. വലിയ കക്കകളുടെ കാര്യത്തിൽ, അതു തുറന്ന്‌ അതിനകത്തുനിന്ന്‌ ഈ അമൂല്യസ്രവം ശ്രദ്ധാപൂർവം എടുക്കുകയാണു ചെയ്‌തിരുന്നത്‌. എന്നാൽ ചെറിയവ ഉരലിലിട്ട്‌ ഇടിച്ചെടുക്കുമായിരുന്നു.

ഓരോ കക്കാപ്രാണിയിൽനിന്നും കിട്ടിയിരുന്ന സ്രവത്തിന്റെ അളവ്‌ വളരെ കുറവായിരുന്നു. അതുകൊണ്ട്‌ ഗണ്യമായ ഒരളവ്‌ ശേഖരിക്കുക എന്നത്‌ ചെലവേറിയ ഒരു പ്രക്രിയയായിരുന്നു. അതുകൊണ്ടുതന്നെ ഈ ചായത്തിനു വില വളരെ കൂടുതലായിരുന്നു. അങ്ങനെ ധൂമ്രവർണം മുക്കിയ വസ്‌ത്രങ്ങൾ സമ്പന്നരുടെയും ഉന്നതസ്ഥാനീയരുടെയും തിരിച്ചറിയിക്കൽ അടയാളമായിത്തീർന്നു. അഹശ്വേരോശ്‌ രാജാവിൽനിന്ന്‌ ഒരു ഉന്നത പദവി ലഭിച്ചപ്പോൾ മൊർദ്ദെഖായി “നീലവും ശുഭ്രവുമായ രാജവസ്‌ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും [“ധൂമ്രവർണമായ മേലങ്കിയും,” ഓശാന ബൈ.] ധരിച്ചു രാജസന്നിധിയിൽനിന്നു പുറപ്പെട്ടു.” (എസ്ഥേർ 8:⁠15) ലൂക്കൊസ്‌ 16-ാം അധ്യായം 19 മുതൽ 31 വരെയുള്ള വാക്യങ്ങളിൽ കാണുന്ന യേശുവിന്റെ ഉപമയിലെ ‘ധനവാനും’ “ധൂമ്രവസ്‌ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു” എന്നു പറഞ്ഞിരിക്കുന്നു.

സോരിലെ ധൂമ്രവർണം

പുരാതന സോർ, ധൂമ്രവർണച്ചായത്തിന്‌ പ്രശസ്‌തമായിത്തീർന്നു. സോര്യൻ ധൂമ്രവർണം അല്ലെങ്കിൽ രാജകീയ ധൂമ്രവർണം എന്നാണ്‌ അത്‌ അറിയപ്പെട്ടിരുന്നത്‌. ഈ നിറം കിട്ടുന്നതിന്‌ സോർ നിവാസികൾ ഒരു ഇരട്ട ചായംമുക്കൽ രീതി ഉപയോഗിച്ചിരുന്നെന്നു പറയപ്പെടുന്നെങ്കിലും ഇതിന്റെ കൃത്യമായ ഫോർമുല ഇന്നും അജ്ഞാതമാണ്‌. തെളിവനുസരിച്ച്‌ മ്യൂറെക്‌സ്‌, പർപറ കക്കാപ്രാണികളിൽനിന്നാണ്‌ വർണവസ്‌തു എടുത്തിരുന്നത്‌. കാരണം, മ്യൂറെക്‌സ്‌ ട്രൻക്യുലസിന്റെ ഒഴിഞ്ഞ പുറന്തോടുകളുടെ കൂമ്പാരങ്ങൾ സോർ തീരങ്ങളിലും സീദോന്റെ സമീപ പ്രദേശങ്ങളിലുംനിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. ധൂമ്രവർണം മുക്കിയ കമ്പിളിയും മറ്റു വർണവസ്‌തുക്കളുമുള്ള, അത്തരം വസ്‌തുക്കൾ വ്യാപാരം ചെയ്യുന്ന ഒരു സ്ഥലമെന്നനിലയിൽ യഹോവ ഫൊയ്‌നീക്യൻ നഗരമായ സോരിനെ കുറിച്ചു വർണിച്ചിരിക്കുന്നു.​—⁠യെഹെസ്‌കേൽ 27:⁠2, 7, 24.

അതേ, സീസെരയുടെ അമ്മ മാത്രമല്ല മറ്റനേകം സ്‌ത്രീകളും​—⁠അവരുടെ പുരുഷന്മാരും​—⁠മനോഹരമായ ചായം മുക്കിയ വസ്‌ത്രങ്ങളും മറ്റ്‌ അലങ്കാരങ്ങളും ആഗ്രഹിച്ചിരുന്നിരിക്കണം. ഇന്നും സത്യമായിരിക്കുന്നതുപോലെ, ചായം മുക്കി വസ്‌ത്രങ്ങൾക്കും മറ്റും നിറം പകരുന്നത്‌ മനോഹാരിത വർധിപ്പിക്കുകയും കണ്ണിനു വിരുന്നേകുകയും ചെയ്യുന്നു.