വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തോടുള്ള സ്‌നേഹം നാം പ്രകടമാക്കുന്ന വിധം

ദൈവത്തോടുള്ള സ്‌നേഹം നാം പ്രകടമാക്കുന്ന വിധം

ദൈവത്തോടുള്ള സ്‌നേഹം നാം പ്രകടമാക്കുന്ന വിധം

ദൈവത്തെ സ്‌നേഹിക്കുന്നതിൽ അവനെ കുറിച്ചു കേവലം ശിരോജ്ഞാനം ഉണ്ടായിരിക്കുന്നതിൽ അധികം ഉൾപ്പെടുന്നു. ലോകത്തിനു ചുറ്റുമുള്ള ദൈവദാസർക്കു സാക്ഷ്യപ്പെടുത്താൻ കഴിയുന്നതുപോലെ, ഒരുവൻ ദൈവത്തിന്റെ വ്യക്തിത്വത്തെ കുറിച്ചു പരിചിതനാകുന്തോറും അയാൾക്ക്‌ അവനോടുള്ള യഥാർഥ സ്‌നേഹവും വളരുന്നു. അതുപോലെതന്നെ, ദൈവം സ്‌നേഹിക്കുകയും വെറുക്കുകയും കൂടുതൽ ഇഷ്ടപ്പെടുകയും ആവശ്യപ്പെടുകയും ചെയ്യുന്ന സംഗതികളെ അടുത്തറിയുമ്പോൾ ദൈവത്തോടുള്ള സ്‌നേഹം കൂടുതൽ ശക്തമായിത്തീരുകയും ചെയ്യുന്നു.

സ്‌നേഹപുരസ്സരം യഹോവ നമുക്ക്‌ തന്റെ വചനമായ ബൈബിൾ പ്രദാനം ചെയ്‌തിരിക്കുന്നു, അതിലൂടെ അവൻ തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്‌. വ്യത്യസ്‌ത സാഹചര്യങ്ങളിൽ യഹോവ പ്രവർത്തിച്ചിരിക്കുന്നത്‌ എങ്ങനെയെന്ന്‌ അതിൽനിന്നു നാം പഠിക്കുന്നു. പ്രിയപ്പെട്ട ഒരാളിൽനിന്നുള്ള ഒരു കത്ത്‌ നമുക്ക്‌ ഏറെ സന്തോഷം പകരുന്നതുപോലെ, യഹോവയുടെ വ്യക്തിത്വത്തെ കുറിച്ചുള്ള പുതിയ കാഴ്‌ചപ്പാടുകൾ ബൈബിളിൽനിന്നു ലഭിക്കുമ്പോൾ അതു നമ്മെ ആനന്ദിപ്പിക്കുന്നു.

എന്നിരുന്നാലും, നമ്മുടെ പരസ്യശുശ്രൂഷയിൽ നാം ചിലപ്പോഴൊക്കെ കാണുന്നതുപോലെ, ദൈവത്തെ കുറിച്ചു പഠിക്കുന്നത്‌ ഒരു വ്യക്തിക്ക്‌ അവനോടു സ്‌നേഹം വളരാൻ എല്ലായ്‌പോഴും ഇടയാക്കുന്നില്ല. തന്റെ നാളിലെ വിലമതിപ്പില്ലാതിരുന്ന ചില യഹൂദരോട്‌ യേശു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; . . . എന്നാൽ നിങ്ങൾക്കു ഉള്ളിൽ ദൈവസ്‌നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.” (യോഹന്നാൻ 5:⁠39, 42) ചിലർ യഹോവയുടെ സ്‌നേഹനിർഭരമായ പ്രവൃത്തികളെ കുറിച്ചു പഠിച്ചുകൊണ്ട്‌ വർഷങ്ങൾതന്നെ ചെലവഴിക്കുന്നു, എങ്കിലും അവർക്ക്‌ അവനോട്‌ ഒട്ടുംതന്നെ സ്‌നേഹം തോന്നുന്നില്ല. എന്തുകൊണ്ട്‌? തങ്ങൾ പഠിക്കുന്ന കാര്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന സംഗതികളെ കുറിച്ചു വിചിന്തനം ചെയ്യാൻ അവർ പരാജയപ്പെടുന്നു. എന്നാൽ ഇതിനു വിപരീതമായി, ബൈബിൾ പഠിക്കാൻ നാം സഹായിക്കുന്ന ആത്മാർഥ ഹൃദയരായ ലക്ഷക്കണക്കിന്‌ ആളുകൾ ദൈവത്തോടുള്ള തങ്ങളുടെ സ്‌നേഹം വർധിച്ചുകൊണ്ടേയിരിക്കുന്നതായി അനുഭവിച്ചറിയുന്നു. എന്തുകൊണ്ട്‌? കാരണം, നമ്മെപ്പോലെതന്നെ അവരും ആസാഫിന്റെ ദൃഷ്ടാന്തം അനുകരിക്കുന്നു. ഏതു വിധത്തിൽ?

വിലമതിപ്പോടെ ധ്യാനിക്കുക

തന്റെ ഹൃദയത്തിൽ യഹോവയോടുള്ള സ്‌നേഹം നട്ടുവളർത്താൻ ആസാഫ്‌ ദൃഢനിശ്ചയം ചെയ്‌തിരുന്നു. അവൻ ഇപ്രകാരം എഴുതി: “എന്റെ ഹൃദയംകൊണ്ടു ഞാൻ ധ്യാനിക്കുന്നു; . . . ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.” (സങ്കീർത്തനം 77:⁠6, 11, 12) സങ്കീർത്തനക്കാരൻ ചെയ്‌തതുപോലെ യഹോവയുടെ വഴികളെ കുറിച്ചു ധ്യാനിക്കുന്ന ഒരുവന്റെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്‌നേഹം വളരും.

കൂടാതെ, യഹോവയെ സേവിക്കവേ നമുക്ക്‌ ഉണ്ടായിട്ടുള്ള സന്തോഷകരമായ അനുഭവങ്ങളെ കുറിച്ച്‌ ഓർക്കുന്നതും അവനുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തും. നാം ദൈവത്തിന്റെ “കൂട്ടുവേലക്കാർ” ആണെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറയുകയുണ്ടായി. കൂട്ടുവേലക്കാർക്കിടയിൽ വളർന്നുവന്നേക്കാവുന്ന സുഹൃദ്‌ബന്ധം വളരെ സവിശേഷതയുള്ളതാണ്‌. (1 കൊരിന്ത്യർ 3:⁠9) നാം യഹോവയോടു സ്‌നേഹം പ്രകടിപ്പിക്കുമ്പോൾ അവൻ അതു വിലമതിക്കുകയും അത്‌ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 27:⁠11) നാം അവനോടു സഹായത്തിനായി അപേക്ഷിക്കുകയും ദുഷ്‌കരമായ ചില സാഹചര്യങ്ങളിൽ അവൻ നമ്മെ സഹായിക്കുകയും ചെയ്യുമ്പോൾ അവൻ നമ്മോടുകൂടെ ഉണ്ടെന്നു നാം മനസ്സിലാക്കുന്നു. അങ്ങനെ, അവനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ ആഴമേറുന്നു.

രണ്ടു വ്യക്തികൾ പരസ്‌പരം വികാരങ്ങൾ പങ്കുവെക്കുമ്പോൾ അവർ തമ്മിലുള്ള സൗഹൃദം വളരുന്നു. സമാനമായി, നാം യഹോവയ്‌ക്കു സമർപ്പിച്ചിരിക്കുന്നതിന്റെ കാരണം അവനോടു പറയുമ്പോൾ നമുക്ക്‌ അവനോടുള്ള സ്‌നേഹം ദൃഢമാകുകയാണു ചെയ്യുന്നത്‌. അപ്പോൾ യേശുവിന്റെ പിൻവരുന്ന വാക്കുകളെ കുറിച്ചു വിചിന്തനം ചെയ്യുന്നതായി നാം കാണും: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം.’” (മർക്കൊസ്‌ 12:⁠30) നാം യഹോവയെ നമ്മുടെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടെ സ്‌നേഹിക്കുന്നതിൽ തുടരുമെന്ന്‌ ഉറപ്പാക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

പൂർണ ഹൃദയത്തോടെ യഹോവയെ സ്‌നേഹിക്കൽ

നമ്മുടെ അഭിലാഷങ്ങൾ, മനോഭാവങ്ങൾ, വികാരങ്ങൾ എന്നിവ ഉൾപ്പെടുന്ന ആന്തരിക വ്യക്തിയായ ആലങ്കാരിക ഹൃദയത്തെ കുറിച്ചു തിരുവെഴുത്തുകൾ പരാമർശിക്കുന്നു. അതുകൊണ്ട്‌, പൂർണ ഹൃദയത്തോടെ യഹോവയെ സ്‌നേഹിക്കുക എന്നത്‌ മറ്റെല്ലാറ്റിലുമുപരി ദൈവത്തെ പ്രസാദിപ്പിക്കാനുള്ള നമ്മുടെ ഉത്‌കടമായ ആഗ്രഹത്തെയാണ്‌ അർഥമാക്കുന്നത്‌. (സങ്കീർത്തനം 86:⁠11) നമ്മുടെ വ്യക്തിത്വം അവനു സ്വീകാര്യം ആക്കിത്തീർത്തുകൊണ്ട്‌ നമുക്ക്‌ അത്തരം സ്‌നേഹമുണ്ടെന്നു നാം പ്രകടമാക്കുന്നു. ‘തീയതിനെ വെറുത്തു നല്ലതിനോടു പററിക്കൊണ്ട്‌’ നാം ദൈവത്തെ അനുകരിക്കാൻ കഠിനശ്രമം ചെയ്യുന്നു.—റോമർ 12:⁠9.

ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം എല്ലാറ്റിനോടുമുള്ള നമ്മുടെ വികാരങ്ങളെ ബാധിക്കുന്നു. ഉദാഹരണത്തിന്‌, നമ്മുടെ തൊഴിൽ വളരെ രസകരമോ കൂടുതൽ ശ്രദ്ധ ആവശ്യമായിരിക്കുന്നതോ ആണെന്നു നാം കണ്ടെത്തിയേക്കാം. എന്നാൽ, നമ്മുടെ ഹൃദയം അവിടെയാണോ? അല്ല. നാം യഹോവയെ നമ്മുടെ പൂർണ ഹൃദയത്തോടെ സ്‌നേഹിക്കുന്നതിനാൽ എല്ലാറ്റിനുമുപരി നാം ദൈവത്തിന്റെ ശുശ്രൂഷകരാണ്‌. അതുപോലെ, നാം നമ്മുടെ മാതാപിതാക്കളെയും വിവാഹ ഇണയെയും തൊഴിലുടമയെയും പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നു. എന്നാൽ ഒന്നാമതായി, യഹോവയെ പ്രസാദിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്‌ നാം അവനെ പൂർണ ഹൃദയത്തോടെ സ്‌നേഹിക്കുന്നെന്നു തെളിയിക്കുന്നു. അതേ, അവനാണ്‌ നമ്മുടെ ഹൃദയത്തിൽ പ്രഥമസ്ഥാനം അർഹിക്കുന്നത്‌.​—⁠മത്തായി 6:⁠24; 10:⁠37.

പൂർണ ആത്മാവോടെ യഹോവയെ സേവിക്കൽ

ഈ തിരുവെഴുത്തിൽ, മലയാളം ബൈബിളിൽ ആത്മാവ്‌ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന സൈക്കി എന്ന ഗ്രീക്കുപദം ശാരീരികവും മാനസികവുമായ സകല പ്രാപ്‌തികളും സഹിതമുള്ള മുഴുവ്യക്തിയെയും നമ്മുടെ ജീവനെയും അർഥമാക്കുന്നു. അതുകൊണ്ട്‌, യഹോവയെ പൂർണ ആത്മാവോടെ സ്‌നേഹിക്കുക എന്നതിന്റെ അർഥം അവനു സ്‌തുതി കരേറ്റാനും അവനോടുള്ള സ്‌നേഹം തെളിയിക്കാനും നാം നമ്മുടെ ജീവിതം ഉപയോഗിക്കുക എന്നാണ്‌.

നമുക്കെല്ലാം ജീവിതത്തിൽ ഇതര താത്‌പര്യങ്ങൾ ഉണ്ടായിരുന്നേക്കാം എന്നതു ശരിതന്നെ. അതായത്‌, ഒരു തൊഴിൽ പഠിക്കുക, ബിസിനസ്‌ നടത്തുക, കുട്ടികളെ വളർത്തുക മുതലായവ. അതേസമയം, നാം യഹോവയുടെ ഹിതാനുസരണം കാര്യങ്ങൾ ചെയ്‌തുകൊണ്ടും നമ്മുടെ ജീവിതത്തിലെ മറ്റു കാര്യങ്ങളെ ഉചിതമായ സ്ഥാനത്തു നിറുത്തിക്കൊണ്ടും ‘മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നു.’ അങ്ങനെ നാം യഹോവയെ പൂർണ ആത്മാവോടെ സ്‌നേഹിക്കുന്നുവെന്നു തെളിയിക്കുന്നു. (മത്തായി 6:⁠33) പൂർണ ആത്മാവോടെയുള്ള ആരാധനയുടെ അർഥം ശുഷ്‌കാന്തിയുള്ളവർ ആയിരിക്കുക എന്നും കൂടിയാണ്‌. രാജ്യസന്ദേശം ശുഷ്‌കാന്തിയോടെ പ്രസംഗിച്ചുകൊണ്ടും യോഗങ്ങളിൽ പരിപുഷ്ടിപ്പെടുത്തുന്ന അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാരെ സഹായിച്ചുകൊണ്ടും നാം യഹോവയെ സ്‌നേഹിക്കുന്നുവെന്നു പ്രകടമാക്കുന്നു. എല്ലാ സംഗതികളിലും നാം ‘ദൈവേഷ്ടം മനസ്സോടെ [ഗ്രീക്കിൽ സൈക്കി] ചെയ്യുന്നതിൽ’ തുടരുന്നു.​—⁠എഫെസ്യർ 6:⁠6.

യേശു തന്നെത്താൻ ത്യജിച്ചുകൊണ്ട്‌ ദൈവത്തെ പൂർണ ആത്മാവോടെ സ്‌നേഹിക്കുന്നുവെന്നു പ്രകടമാക്കി. തന്റെ വ്യക്തിപരമായ ആവശ്യങ്ങൾ രണ്ടാം സ്ഥാനത്തേക്കു മാറ്റിക്കൊണ്ട്‌ അവൻ ദൈവേഷ്ടത്തിനു പ്രഥമസ്ഥാനം നൽകി. തന്റെ ദൃഷ്ടാന്തം അനുകരിക്കാൻ യേശു നമ്മെ ക്ഷണിക്കുകയുണ്ടായി. അവൻ ഇപ്രകാരം പറഞ്ഞു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.” (മത്തായി 16:⁠24, 25) നമ്മെത്തന്നെ ത്യജിക്കുകയെന്നാൽ ഒരു സമർപ്പണം നടത്തുക എന്നാണ്‌ അർഥം. എന്നുവെച്ചാൽ, നാം ദൈവത്തെ അതിയായി സ്‌നേഹിക്കുന്നതുകൊണ്ട്‌ നമ്മുടെമേലുള്ള ഉടമസ്ഥാവകാശം അവനു കൈമാറുന്നു. അതായത്‌, ബൈബിൾ കാലങ്ങളിൽ ഒരു യിസ്രായേല്യൻ തന്റെ യജമാനനെ അതിയായി സ്‌നേഹിക്കുമ്പോൾ യജമാനന്‌ എന്നേക്കും അടിമയായി തന്നെത്തന്നെ നൽകിയിരുന്നതുപോലെ. (ആവർത്തനപുസ്‌തകം 15:⁠16, 17) നമ്മുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുന്നത്‌ നാം അവനെ സ്‌നേഹിക്കുന്നു എന്നതിന്റെ ശക്തമായ തെളിവാണ്‌.

പൂർണ മനസ്സോടെ യഹോവയെ സ്‌നേഹിക്കൽ

യഹോവയെ പൂർണ മനസ്സോടെ സേവിക്കുക എന്നത്‌ അവന്റെ വ്യക്തിത്വം, ഉദ്ദേശ്യങ്ങൾ, അവൻ ആവശ്യപ്പെടുന്ന സംഗതികൾ എന്നിവ ഗ്രഹിക്കുന്നതിന്‌ ആവശ്യമായ എല്ലാ ശ്രമവും നമ്മുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നതിനെ അർഥമാക്കുന്നു. (യോഹന്നാൻ 17:⁠3; പ്രവൃത്തികൾ 17:⁠11) യഹോവയെ സ്‌നേഹിക്കാൻ മറ്റുള്ളവരെയും സഹായിക്കുന്ന വിധത്തിൽ നമ്മുടെ മുഴു മാനസിക പ്രാപ്‌തികളും ഉപയോഗിച്ചുകൊണ്ടും നമ്മുടെ പഠിപ്പിക്കൽ കല അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടും യഹോവയോടുള്ള നമ്മുടെ സ്‌നേഹം നാം പ്രകടിപ്പിക്കുന്നു. “നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി” ഇരിക്കാൻ അപ്പൊസ്‌തലനായ പത്രൊസ്‌ പ്രോത്സാഹിപ്പിച്ചു. (1 പത്രൊസ്‌ 1:⁠13) കൂടാതെ, മറ്റുള്ളവരിൽ താത്‌പര്യം കാണിക്കാൻ നാം ശ്രമം ചെലുത്തുന്നു, വിശേഷിച്ച്‌ സഹ ദൈവദാസരിൽ. നമുക്ക്‌ അവരുടെ സാഹചര്യങ്ങളെ കുറിച്ചു ബോധമുണ്ട്‌, അവർക്ക്‌ എപ്പോഴാണ്‌ അഭിനന്ദനമോ ആശ്വാസമോ ആവശ്യമായിരിക്കുന്നത്‌ എന്നു നാം കണ്ടു മനസ്സിലാക്കുന്നു.

മാനസികമായി നാം യഹോവയ്‌ക്കു നമ്മെത്തന്നെ വിധേയരാക്കുമ്പോൾ നാം പൂർണ മനസ്സോടെ യഹോവയെ സ്‌നേഹിക്കുന്നുവെന്നു പ്രകടമാക്കുകയാണു ചെയ്യുന്നത്‌. അവൻ കാര്യങ്ങളെ വീക്ഷിക്കുന്നതുപോലെ ചെയ്യാൻ നാം ശ്രമിക്കുന്നു, അവനെ കണക്കിലെടുത്തുകൊണ്ട്‌ തീരുമാനങ്ങൾ എടുക്കുന്നു, അതുപോലെ അവന്റെ വഴിയാണ്‌ ഏറ്റവും ശ്രേഷ്‌ഠമെന്നു നാം ഉറച്ചു വിശ്വസിക്കുന്നു. (സദൃശവാക്യങ്ങൾ 3:⁠5, 6; യെശയ്യാവു 55:⁠9; ഫിലിപ്പിയർ 2:⁠3-7) എന്നാൽ നാം ദൈവത്തോടു സ്‌നേഹം പ്രകടമാക്കുന്നതിൽ തുടരവേ നമ്മുടെ ശക്തി എങ്ങനെയാണ്‌ ഉപയോഗിക്കാൻ കഴിയുന്നത്‌?

പൂർണ ശക്തിയോടെ യഹോവയെ സ്‌നേഹിക്കൽ

ക്രിസ്‌തീയ സഭയിലെ നിരവധി യുവജനങ്ങൾ യഹോവയെ സ്‌തുതിക്കാൻ തങ്ങളുടെ ശക്തി ഉപയോഗിക്കുന്നു. (സദൃശവാക്യങ്ങൾ 20:⁠29; സഭാപ്രസംഗി 12:⁠1) ക്രിസ്‌തീയ യുവജനങ്ങളിൽ ഒട്ടനവധി പേർ യഹോവയെ തങ്ങളുടെ പൂർണ ശക്തിയോടെ സ്‌നേഹിക്കുന്നുവെന്നു കാണിക്കുന്ന ഒരു വിധം മുഴുസമയ ശുശ്രൂഷയായ പയനിയർ സേവനത്തിൽ ഏർപ്പെട്ടുകൊണ്ടാണ്‌. അനേകം അമ്മമാർ കുട്ടികൾ സ്‌കൂളിൽ ആയിരിക്കുമ്പോൾ ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്നു. സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തിനുവേണ്ടി കരുതേണ്ടതുള്ള വിശ്വസ്‌ത ക്രിസ്‌തീയ മൂപ്പന്മാർ ഇടയ സന്ദർശനങ്ങൾക്കായും സമയം ചെലവഴിച്ചുകൊണ്ട്‌ പൂർണ ശക്തിയോടെ യഹോവയെ സ്‌നേഹിക്കുന്നുവെന്നു പ്രകടമാക്കുന്നു. (2 കൊരിന്ത്യർ 12:⁠15) തങ്ങളുടെ മുഴുശക്തിയും ഉപയോഗിച്ച്‌ യഹോവയെ സ്‌തുതിച്ചുകൊണ്ട്‌ സ്‌നേഹം പ്രകടമാക്കാൻ തക്കവണ്ണം തന്നിൽ പ്രത്യാശയർപ്പിക്കുന്നവർക്ക്‌ യഹോവ ശക്തി പ്രദാനം ചെയ്യുന്നു.​—⁠യെശയ്യാവു 40:⁠29; എബ്രായർ 6:⁠11, 12.

വേണ്ടവിധം നട്ടുവളർത്തിയാൽ സ്‌നേഹം അഭിവൃദ്ധി പ്രാപിക്കും. അതുകൊണ്ട്‌, ധ്യാനിക്കാൻ നാം തുടർന്നും സമയം കണ്ടെത്തും. യഹോവ നമുക്കു വേണ്ടി ചെയ്‌തിരിക്കുന്ന സംഗതികളെയും അവൻ നമ്മുടെ ഭക്തി അർഹിക്കുന്നതിന്റെ കാരണത്തെയും കുറിച്ച്‌ നാം ഓർക്കുന്നു. ആദാമിന്റെ അപൂർണ സന്തതികൾ എന്നനിലയിൽ നമുക്ക്‌ “ദൈവം തന്നെ സ്‌നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ള” കാര്യങ്ങൾക്കായി യോഗ്യത പ്രാപിക്കാൻ ഒരിക്കലും കഴിയുകയില്ല. എന്നാൽ, നാം യഹോവയെ സ്‌നേഹിക്കുന്നെന്ന്‌ നമ്മുടെ ഓരോ അണുവിനാലും നമുക്കു പ്രകടമാക്കാൻ കഴിയും. അങ്ങനെ ചെയ്യുന്നതിൽ നമുക്കു തുടരാം!​—⁠1 കൊരിന്ത്യർ 2:⁠9.

[20-ാം പേജിലെ ചിത്രം]

ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം നാം പ്രവൃത്തികളിലൂടെ പ്രകടമാക്കുന്നു