വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവിക സംതൃപ്‌തി എന്നെ പുലർത്തിയിരിക്കുന്നു

ദൈവിക സംതൃപ്‌തി എന്നെ പുലർത്തിയിരിക്കുന്നു

ജീവിത കഥ

ദൈവിക സംതൃപ്‌തി എന്നെ പുലർത്തിയിരിക്കുന്നു

ബെഞ്ചമിൻ ഇകേചൂക്വൂ ഒസൂവേകേ പറഞ്ഞ പ്രകാരം

മുഴുസമയ ക്രിസ്‌തീയ ശുശ്രൂഷയിൽ ഏർപ്പെടാൻ തുടങ്ങിയ ശേഷം ഞാൻ കുടുംബാംഗങ്ങളെ കാണാൻ പോയി. എന്നെക്കണ്ടതും അച്ഛൻ എന്റെ കോളറിന്‌ കുത്തിപ്പിടിച്ച്‌ “കള്ളൻ!” എന്ന്‌ ആക്രോശിക്കാൻ തുടങ്ങി. അദ്ദേഹം വാക്കത്തിയെടുത്ത്‌ അതിന്റെ പരന്ന വശംകൊണ്ട്‌ എന്നെ അടിച്ചു. ഒച്ചയും ബഹളവും കേട്ടു നാട്ടുകാർ ഓടിക്കൂടി. ഞാൻ എന്താണു മോഷ്ടിച്ചത്‌? അതു ഞാൻ നിങ്ങളോടു പറയട്ടെ.

ദക്ഷിണ പൂർവ നൈജീരിയയിലെ ഉമുരിയം ഗ്രാമത്തിൽ 1930-ലാണ്‌ ഞാൻ ജനിച്ചത്‌. ഏഴുമക്കളിൽ മൂത്തവനായിരുന്നു ഞാൻ. എന്റെ അനുജത്തിമാരിൽ മൂത്തവൾ 13-ാം വയസ്സിൽ മരണമടഞ്ഞു. ആംഗ്ലിക്കൻ സഭക്കാർ ആയിരുന്നു എന്റെ മാതാപിതാക്കൾ. അച്ഛൻ ഒരു കർഷകനായിരുന്നു. അമ്മ ചെറിയ തോതിൽ കച്ചവടം നടത്തിയിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽനിന്ന്‌ ഏകദേശം 30 കിലോമീറ്റർ അകലെയുള്ള പ്രാദേശിക ചന്തകളിലേക്കു നടന്നുപോയി ഒരു ടിൻ പാമോയിൽ വാങ്ങി അമ്മ ഏറെ വൈകി വീട്ടിൽ തിരിച്ചെത്തും. എന്നിട്ട്‌, അടുത്ത ദിവസം അതിരാവിലെ 40-ഓളം കിലോമീറ്റർ അകലെ, റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന പട്ടണത്തിലേക്ക്‌ എണ്ണ വിൽക്കുന്നതിനായി അമ്മ കാൽനടയായി പോകുമായിരുന്നു. എന്തെങ്കിലും ലാഭം കിട്ടിയാൽ​—⁠സാധാരണ ഏകദേശം ഏഴ്‌ രൂപയിൽ അധികം കിട്ടിയിരുന്നില്ല​—⁠വീട്ടിലേക്കുള്ള ആഹാരസാധനങ്ങളും വാങ്ങി അന്നുതന്നെ തിരിച്ചെത്തും. 1950-ൽ മരിക്കുന്നതുവരെ 15 വർഷത്തോളം അമ്മ ആ പതിവു തുടർന്നു.

ഞങ്ങളുടെ ഗ്രാമത്തിൽ ആംഗ്ലിക്കൻ സഭ നടത്തുന്ന ഒരു സ്‌കൂളിൽ ഞാൻ വിദ്യാഭ്യാസം തുടങ്ങി. എന്നാൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന്‌ എനിക്കു ബോർഡിങ്ങിൽ താമസിക്കേണ്ടിവന്നു. ഏകദേശം 35 കിലോമീറ്റർ അകലെയായിരുന്നു അത്‌. മാതാപിതാക്കൾക്ക്‌ എന്നെ തുടർന്നു പഠിപ്പിക്കാൻ പണമില്ലാതിരുന്നതിനാൽ ഞാൻ ജോലിക്കായി ശ്രമിച്ചുതുടങ്ങി. ആദ്യം ഞാൻ പശ്ചിമ നൈജീരിയയിലെ ലാഗോസിൽ ഒരു റെയിൽവേ ഗാർഡിന്റെ വീട്ടുവേലക്കാരനായി ജോലിനോക്കി. പിന്നീട്‌, ഉത്തര നൈജീരിയയിൽ കാഡൂനയിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനുവേണ്ടിയും ജോലിചെയ്‌തു. തുടർന്ന്‌, മധ്യപശ്ചിമ നൈജീരിയയിലുള്ള ബെനിൻ നഗരത്തിൽ ഒരു വക്കീലിന്റെ ക്ലർക്കായി എനിക്കു ജോലികിട്ടി. പിന്നീട്‌, ഒരു തടിമില്ലിലെ തൊഴിലാളിയായും ഞാൻ ജോലി ചെയ്യുകയുണ്ടായി. 1953-ൽ, അമ്മയുടെ ഇളയ അർധസഹോദരനോടൊപ്പം താമസിക്കുന്നതിനായി ഞാൻ കാമറൂണിലേക്കു പോയി. ഒരു റബ്ബർ പ്ലാന്റേഷനിൽ അദ്ദേഹം എനിക്ക്‌ ഒരു ജോലി തരപ്പെടുത്തിത്തന്നു. ഒരു മാസത്തെ എന്റെ വേതനം ഏകദേശം 420 രൂപയായിരുന്നു. വളരെ വലിയ ജോലിയൊന്നും അല്ലായിരുന്നെങ്കിലും ആഹാരത്തിനുള്ള വക ലഭിച്ചിരുന്നതിനാൽ ഞാൻ സംതൃപ്‌തനായിരുന്നു.

അതിദരിദ്രനായ ഒരു വ്യക്തിയിൽനിന്ന്‌ ധനം ലഭിക്കുന്നു

എന്റെ സഹജോലിക്കാരനായ സിൽവാനൂസ്‌ ഒകേമീരി യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരുവനായിരുന്നു. ഞങ്ങൾ പുല്ലു ചെത്തി റബ്ബർമരങ്ങൾക്കു ചുവട്ടിൽ ഇടുമ്പോഴും മറ്റും ലഭിച്ചിരുന്ന എല്ലാ അവസരങ്ങളിലും സിൽവാനൂസ്‌ തന്റെ ബൈബിൾ പരിജ്ഞാനം പങ്കുവെക്കുമായിരുന്നു. അദ്ദേഹം പറയുന്നതു ശ്രദ്ധിച്ചിരുന്നു എന്നതിൽ കവിഞ്ഞ്‌ മറ്റൊന്നും ഞാൻ അപ്പോൾ ചെയ്‌തില്ല. എന്നിട്ടുപോലും, യഹോവയുടെ സാക്ഷികളുമായി എനിക്കു സമ്പർക്കം ഉണ്ടെന്നു മനസ്സിലാക്കിയപ്പോൾ എന്റെ അമ്മാവൻ എന്നെ നിരുത്സാഹപ്പെടുത്താൻ പരമാവധി ശ്രമിച്ചു. അദ്ദേഹം എനിക്ക്‌ ഇപ്രകാരം മുന്നറിയിപ്പു നൽകി: “ബെൻജി, നീ മിസ്റ്റർ ഒകേമീരിയെ കാണാൻ പോകരുത്‌. അയാൾ യഹോവക്കാരനാണ്‌, പോരാഞ്ഞ്‌ പരമദരിദ്രനും. അയാളുമായി സഹവസിക്കുന്നവരൊക്കെ അയാളെപ്പോലെതന്നെ ആകും.”

1954-ന്റെ തുടക്കത്തിൽ, കമ്പനിയിലെ ദുഷ്‌കരമായ ജോലിസാഹചര്യങ്ങളിൽ തുടരാൻ കഴിയാതെ വന്നപ്പോൾ ഞാൻ വീട്ടിലേക്കു തിരിച്ചുപോന്നു. ആംഗ്ലിക്കൻ സഭയ്‌ക്ക്‌ താരതമ്യേന കർക്കശമായ ധാർമിക നിലവാരങ്ങൾ ഉണ്ടായിരുന്ന കാലമായിരുന്നു അത്‌. അധാർമികതയെ വെറുക്കാൻ പഠിച്ചുകൊണ്ടാണ്‌ ഞാൻ വളർന്നുവന്നത്‌. എന്നിരുന്നാലും, പെട്ടെന്നുതന്നെ, പള്ളിയിൽപോക്കുകാരായ സഹമനുഷ്യർക്കിടയിലെ കാപട്യം കണ്ട്‌ എനിക്കു വെറുപ്പുതോന്നി. ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ പിൻപറ്റുന്നവരെന്ന്‌ ആണയിടുമ്പോഴും അവരുടെ ജീവിതരീതി അതിനു നേരെ വിപരീതമായിരുന്നു. (മത്തായി 15:8) ഞാനും അച്ഛനും തമ്മിൽ നിരന്തരം വാക്കുതർക്കങ്ങൾ ഉണ്ടാകാൻ തുടങ്ങി. ഇത്‌ ഞങ്ങളുടെ ബന്ധത്തെ വല്ലാതെ ഉലച്ചു. അങ്ങനെ ഒരു രാത്രിയിൽ ഞാൻ വീടുവിട്ടിറങ്ങി.

റെയിൽവേ സ്റ്റേഷനുള്ള ഒരു കൊച്ചു പട്ടണമായ ഒമോബായിലേക്കാണ്‌ ഞാൻ പോയത്‌. അവിടെവെച്ച്‌ ഞാൻ വീണ്ടും യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽവന്നു. എന്റെ ഗ്രാമത്തിൽവെച്ചുതന്നെ എനിക്കു പരിചയമുണ്ടായിരുന്ന പ്രിസില്ല ഇസിയോച്ച എനിക്കു രണ്ട്‌ ചെറുപുസ്‌തകങ്ങൾ തന്നു. രാജ്യത്തിന്റെ ഈ സുവാർത്ത, അർമഗെദോനു ശേഷം​—⁠ദൈവത്തിന്റെ പുതിയ ലോകം (ഇംഗ്ലീഷ്‌) * എന്നിവ. ഞാൻ ഈ പുസ്‌തകങ്ങൾ ആർത്തിയോടെ വായിച്ചു, ഞാൻ സത്യം കണ്ടെത്തിയെന്ന്‌ എനിക്കു ബോധ്യമായി. പള്ളിയിൽ ഞങ്ങൾ ബൈബിൾ പഠിച്ചിരുന്നില്ല, പകരം മാനുഷ പാരമ്പര്യങ്ങൾക്ക്‌ ആയിരുന്നു ശ്രദ്ധ നൽകിയിരുന്നത്‌. എന്നാൽ, സാക്ഷികളുടെ സാഹിത്യങ്ങളിൽ ബൈബിളിൽനിന്നുള്ള ധാരാളം ഉദ്ധരണികൾ ഉണ്ടായിരുന്നു.

ഒരു മാസം തികഞ്ഞില്ല, ഞാൻ ഇസിയോച്ച സഹോദരനോടും സഹോദരിയോടും അവർ അവരുടെ പള്ളിയിൽ പോകുന്നത്‌ എപ്പോഴാണെന്നു ചോദിച്ചു. ഞാൻ യഹോവയുടെ സാക്ഷികളുടെ സഭായോഗത്തിൽ ആദ്യം സംബന്ധിച്ചപ്പോൾ എനിക്ക്‌ യാതൊന്നും മനസ്സിലായില്ല. വീക്ഷാഗോപുര ലേഖനം യെഹെസ്‌കേലിന്റെ പ്രവചന പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന ‘മാഗോഗിലെ ഗോഗിന്റെ’ ആക്രമണത്തെ കുറിച്ചുള്ളതായിരുന്നു. (യെഹെസ്‌കേൽ 38:⁠1, 2) അവിടെ പറഞ്ഞുകേട്ട പല പദപ്രയോഗങ്ങളും എനിക്ക്‌ അപരിചിതമായിരുന്നു, പക്ഷേ അവിടെ എനിക്കു ലഭിച്ച ഹൃദ്യമായ സ്വീകരണം എന്നെ ആഴത്തിൽ സ്‌പർശിച്ചതിനാൽ അടുത്ത ഞായറാഴ്‌ചയും പോകാൻ ഞാൻ തീരുമാനിച്ചു. രണ്ടാമത്തെ ആഴ്‌ചയിലെ യോഗത്തിൽ ഞാൻ പ്രസംഗവേലയെ കുറിച്ചു കേട്ടു. അതുകൊണ്ട്‌ ഏതു ദിവസമാണ്‌ അവർ പ്രസംഗവേലയ്‌ക്കു പോകുന്നതെന്ന്‌ ഞാൻ പ്രിസില്ലയോടു ചോദിച്ചു. മൂന്നാമത്തെ ഞായറാഴ്‌ച കൈയിൽ ഒരു കൊച്ചു ബൈബിളുമായി ഞാൻ അവരോടൊപ്പം പോയി. സാക്ഷീകരണ ബാഗോ ബൈബിൾ സാഹിത്യങ്ങളോ ഒന്നും എനിക്ക്‌ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ഞാൻ ഒരു രാജ്യ പ്രസാധകൻ ആയിത്തീരുകയും ആ മാസാവസാനം വയൽസേവന റിപ്പോർട്ട്‌ നൽകുകയും ചെയ്‌തു!

ആരും എനിക്കു ബൈബിളധ്യയനം എടുത്തില്ല. എന്നാൽ ഞാൻ ഇസിയോച്ച കുടുംബത്തെ സന്ദർശിച്ചപ്പോഴെല്ലാം തിരുവെഴുത്തുകളിൽനിന്ന്‌ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വാക്കുകളും പ്രോത്സാഹനങ്ങളും എനിക്കു ലഭിച്ചിരുന്നു, ഒപ്പം ചില ബൈബിൾ സാഹിത്യങ്ങളും. അങ്ങനെ, 1954 ഡിസംബർ 11-ന്‌ അബായിൽ നടന്ന ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ഞാൻ യഹോവയ്‌ക്കുള്ള എന്റെ സമർപ്പണം ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തി. അച്ഛന്റെ വകയിലുള്ള മൂത്ത ഒരു ബന്ധുവിന്റെ കൂടെ താമസിച്ചിരുന്ന ഞാൻ അദ്ദേഹത്തിന്റെ കീഴിൽ തൊഴിൽ പരിശീലിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം എനിക്കു ഭക്ഷണവും പരിശീലനവും നൽകുന്നതു നിറുത്തി. അതുവരെ ഞാൻ അദ്ദേഹത്തിനു ചെയ്‌ത സേവനങ്ങൾക്ക്‌ ഒരു ചില്ലിക്കാശു പോലും പ്രതിഫലവും തന്നില്ല. എങ്കിലും, എനിക്ക്‌ അദ്ദേഹത്തോടു യാതൊരു പരിഭവവും തോന്നിയില്ല. ദൈവവുമായി എനിക്കു വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരുന്നതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനായിരുന്നു. ഇത്‌ എനിക്ക്‌ ആശ്വാസവും മനസ്സമാധാനവും നൽകി. പ്രാദേശിക സാക്ഷികൾ എന്റെ സഹായത്തിനെത്തി. ഇസിയോച്ച കുടുംബം എനിക്ക്‌ ആഹാരം നൽകി, ചെറിയതോതിൽ ഒരു കച്ചവടം തുടങ്ങുന്നതിനുള്ള പണം മറ്റു സാക്ഷികൾ എനിക്കു കടംതന്നു. 1955 മധ്യത്തോടെ ഞാൻ ഒരു പഴയ സൈക്കിൾ വാങ്ങി, 1956 മാർച്ചിൽ ഞാൻ സാധാരണ പയനിയർ വേല തുടങ്ങി. അധികം താമസിയാതെ ഞാൻ കടമെല്ലാം കൊടുത്തുതീർത്തു. എന്റെ കച്ചവടത്തിൽനിന്നു കിട്ടിയ ലാഭം വളരെ തുച്ഛമായിരുന്നെങ്കിലും ഇപ്പോൾ എനിക്കു സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞു. യഹോവ എനിക്കായി പ്രദാനം ചെയ്‌ത സംഗതികൾ എനിക്കു മതിയായതായിരുന്നു.

കൂടെപ്പിറപ്പുകളെ “മോഷ്ടിക്കുന്നു”

എനിക്കു സ്വന്തമായി ഒരു കിടപ്പാടം ഉണ്ടായ ഉടനെ എന്റെ കൂടെപ്പിറപ്പുകളെ ആത്മീയമായി സഹായിക്കുക എന്നതായി എന്റെ ചിന്ത. മുൻവിധിയും കടുത്ത സംശയവും നിമിത്തം ഞാൻ ഒരു സാക്ഷി ആയിത്തീരുന്നതിനെ അച്ഛൻ എതിർത്തിരുന്നു. അപ്പോൾ ബൈബിൾ സത്യം പഠിക്കാൻ എനിക്കു കൂടെപ്പിറപ്പുകളെ എങ്ങനെ സഹായിക്കാൻ കഴിയുമായിരുന്നു? എന്റെ അനുജൻ ഏണസ്റ്റിന്റെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാമെന്ന്‌ ഏറ്റപ്പോൾ അവനെ എന്റെ കൂടെ താമസിപ്പിക്കാൻ അച്ഛൻ സമ്മതിച്ചു. ഏണസ്റ്റ്‌ പെട്ടെന്നു സത്യം സ്വീകരിക്കുകയും 1956-ൽ സ്‌നാപനമേൽക്കുകയും ചെയ്‌തു. അവൻ സാക്ഷിയായത്‌ അച്ഛന്റെ എതിർപ്പിന്‌ ആക്കം കൂട്ടി. എന്നിരുന്നാലും, ഇതിനോടകം വിവാഹം കഴിഞ്ഞിരുന്ന എന്റെ പെങ്ങളും അവളുടെ ഭർത്താവും സത്യം സ്വീകരിക്കുകയുണ്ടായി. എന്റെ രണ്ടാമത്തെ പെങ്ങളായ ഫെലിഷ്യ, സ്‌കൂൾ അവധിക്കാലത്ത്‌ എന്റെ കൂടെ വന്നു നിൽക്കട്ടെ എന്ന്‌ ഞാൻ അച്ഛനോടു പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അദ്ദേഹം അതിനു സമ്മതം മൂളി. താമസിയാതെ ഫെലീഷ്യയും സ്‌നാപനമേറ്റ്‌ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു.

1959-ൽ, എന്റെ മൂന്നാമത്തെ പെങ്ങളായ ബെർനീസിനെ, ഏണസ്റ്റിന്റെ കൂടെ നിറുത്താൻ കൂട്ടിക്കൊണ്ടുവരുന്നതിനായി ഞാൻ വീട്ടിൽ ചെന്നു. അപ്പോഴാണ്‌ തന്റെ കുട്ടികളെ മോഷ്ടിച്ചവൻ എന്ന്‌ ആരോപിച്ച്‌ അച്ഛൻ എന്നെ ആക്രമിച്ചത്‌. അവരെല്ലാം യഹോവയെ സേവിക്കുന്നതിനു സ്വയം തീരുമാനിക്കുകയായിരുന്നു എന്നു മനസ്സിലാക്കാൻ അദ്ദേഹം പരാജയപ്പെട്ടു. ബെർനീസിനെ എന്നോടൊപ്പം വിടാൻ ഒരിക്കലും സമ്മതിക്കുകയില്ലെന്ന്‌ അദ്ദേഹം ആണയിട്ടു പറഞ്ഞു. എന്നാൽ യഹോവയുടെ കൈ കുറുകിപ്പോയിട്ടില്ലായിരുന്നു. തൊട്ടടുത്ത വർഷം ബെർനീസ്‌ തന്റെ സ്‌കൂൾ അവധി ഏണസ്റ്റിനോടൊപ്പം ചെലവഴിക്കാൻ എത്തി. അപ്പോൾ അവളുടെ ചേച്ചിമാരെപ്പോലെ തന്നെ അവളും സത്യം സ്വീകരിക്കുകയും സ്‌നാപനമേൽക്കുകയും ചെയ്‌തു.

സംതൃപ്‌തിയുടെ രഹസ്യം പഠിക്കുന്നു

1957 സെപ്‌റ്റംബറിൽ, ഞാൻ പ്രസംഗവേലയിൽ മാസംതോറും ഏകദേശം 150 മണിക്കൂർ ചെലവഴിച്ചുകൊണ്ട്‌ ഒരു പ്രത്യേക പയനിയറായി സേവിക്കാൻ തുടങ്ങി. എന്റെ സഹപ്രവർത്തകൻ സൺഡേ ഇറോബേലാകിയും ഞാനും ഏക്കേയിലുള്ള അക്‌പു-ന-ഒബുവൊയിലെ വിശാലമായ ഒരു പ്രദേശത്തു സേവിച്ചു. അവിടെയായിരുന്നപ്പോൾ ഞങ്ങൾ ആദ്യമായി പങ്കെടുത്ത സർക്കിട്ട്‌ സമ്മേളനത്തിൽ ഞങ്ങളുടെ കൂട്ടത്തിൽനിന്ന്‌ 13 പേർ സ്‌നാപനമേറ്റു. ഇന്ന്‌ ആ പ്രദേശത്ത്‌ 20 സഭകൾ ഉള്ളതു കാണുന്നത്‌ ഞങ്ങളെ എത്ര ആനന്ദഭരിതരാക്കുന്നുവെന്നോ!

അങ്ങനെയിരിക്കെ, 1958-ൽ, അബാ ഈസ്റ്റ്‌ സഭയോടൊപ്പം ഒരു സാധാരണ പയനിയറായി സേവിക്കുകയായിരുന്ന ക്രിസ്റ്റ്യാനാ അസുവിക്കേയെ ഞാൻ പരിചയപ്പെടാനിടയായി. ശുശ്രൂഷയിലെ അവളുടെ തീക്ഷ്‌ണത എന്നെ വളരെ ആകർഷിച്ചു. അങ്ങനെ, ആ വർഷം ഡിസംബറിൽ ഞങ്ങൾ വിവാഹിതരായി. 1959-ന്റെ തുടക്കത്തിൽ, ഞങ്ങളുടെ ആത്മീയ സഹോദരങ്ങളെ സഭതോറും സന്ദർശിച്ച്‌ ശക്തിപ്പെടുത്തുന്നതിന്‌ ഒരു സഞ്ചാര മേൽവിചാരകനായി എനിക്കു നിയമനം ലഭിച്ചു. അന്നു മുതൽ 1972 വരെ ഞാനും ഭാര്യയും നൈജീരിയയുടെ കിഴക്കും മധ്യപശ്ചിമ പ്രദേശത്തും ഉള്ള യഹോവയുടെ സാക്ഷികളുടെ ഏതാണ്ട്‌ എല്ലാ സഭകളും സന്ദർശിക്കുകയുണ്ടായി.

സഭകൾ തമ്മിലുള്ള ദൂരം വളരെ കൂടുതലായിരുന്നു, യാത്രയ്‌ക്കുള്ള ഞങ്ങളുടെ പ്രാഥമിക മാർഗമാകട്ടെ സൈക്കിളും. ഞങ്ങൾ വലിയ പട്ടണങ്ങളിലെ സഭകൾ സന്ദർശിച്ചപ്പോൾ അടുത്ത സഭയിലേക്കു ഞങ്ങളെ കൊണ്ടുപോകാൻ സഹോദരങ്ങൾ ടാക്‌സി ഏർപ്പാടു ചെയ്യുമായിരുന്നു. ചിലപ്പോഴൊക്കെ, ഞങ്ങൾ താമസിച്ചിരുന്ന മുറി തട്ടിടാത്തതും അതിന്റെ തറ മണ്ണുകൊണ്ടുള്ളതും ആയിരുന്നു. റാഫിയ കഴകൾ കൊണ്ട്‌ ഉണ്ടാക്കിയ കട്ടിലിലാണ്‌ ഞങ്ങൾ ഉറങ്ങിയിരുന്നത്‌. ചില കട്ടിലുകൾക്ക്‌ പുല്ലുകൊണ്ട്‌ ഉണ്ടാക്കിയ ഒരു മെത്തയും അതിന്മേൽ ഒരു പായും ഉണ്ടായിരുന്നു. ചിലതിന്‌ മെത്തപോലും ഇല്ലായിരുന്നു. ഭക്ഷണത്തിന്റെ അളവും ഗുണമേന്മയും ഞങ്ങൾക്കൊരു പ്രശ്‌നമേ അല്ലായിരുന്നു. അൽപ്പമേ ഉള്ളുവെങ്കിലും അതിൽ സംതൃപ്‌തരായിരിക്കാൻ കഴിഞ്ഞ കാലത്തു ഞങ്ങൾ പഠിച്ചിരുന്നതിനാൽ ലഭിക്കുന്ന ആഹാരം എന്തുതന്നെ ആയിരുന്നാലും ഞങ്ങൾ അത്‌ ആസ്വദിച്ചിരുന്നു. ഞങ്ങളുടെ ഈ മനോഭാവം ആതിഥേയരും വിലമതിച്ചിരുന്നു. ആ കാലത്ത്‌ ചില നഗരങ്ങളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഞങ്ങൾ എല്ലായ്‌പോഴും ഒരു റാന്തൽവിളക്കും കൂടെ കരുതിയിരുന്നു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ആയിരുന്നെങ്കിലും സഭകളോടൊത്ത്‌ ആയിരുന്നപ്പോൾ സന്തോഷനിർഭരമായ അനേകം അവസരങ്ങൾ ഞങ്ങൾക്ക്‌ ആസ്വദിക്കാൻ കഴിഞ്ഞു.

അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന ഉദ്‌ബോധനത്തിന്റെ മൂല്യം ആ വർഷങ്ങളിൽ ഞങ്ങൾ തിരിച്ചറിയാനിടയായി: “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.” (1 തിമൊഥെയൊസ്‌ 6:⁠8) ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകവേ, തന്നെ സംതൃപ്‌തനാക്കി നിറുത്തുന്നതിനു സഹായിച്ച ഒരു രഹസ്യം പൗലൊസ്‌ പഠിച്ചു. അത്‌ എന്തായിരുന്നു? അവൻ ഇപ്രകാരം പറഞ്ഞു: “താഴ്‌ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്‌തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.” ഞങ്ങളും അതുതന്നെ പഠിച്ചു. പൗലൊസ്‌ ഇങ്ങനെയും പറയുകയുണ്ടായി: “എന്നെ ശക്തനാക്കുന്നവൻ [ദൈവം] മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” (ഫിലിപ്പിയർ 4:⁠12, 13) ഞങ്ങളുടെ കാര്യത്തിൽ ഈ വാക്കുകൾ എത്ര സത്യമെന്നു തെളിഞ്ഞു! ഞങ്ങൾ യഥാർഥ സംതൃപ്‌തി അനുഭവിച്ചു. കൂടാതെ, കെട്ടുപണി ചെയ്യുന്ന ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ പൂർണമായ അളവിൽ ഏർപ്പെടാനുള്ള അവസരം ലഭിക്കുകയും മനസ്സമാധാനം ആസ്വദിക്കുകയും ചെയ്‌തു.

ഒരു കുടുംബമെന്ന നിലയിൽ സഭകളെ സേവിക്കുന്നു

1959 അവസാനത്തോടെ ഞങ്ങളുടെ മൂത്ത മകൻ ജോയൽ പിറന്നു, 1962-ൽ രണ്ടാമത്തെ മകൻ സാമുവലും. കുട്ടികളോടൊപ്പം സഭകൾ സന്ദർശിച്ചുകൊണ്ട്‌ ക്രിസ്റ്റ്യാനായും ഞാനും സർക്കിട്ട്‌ വേലയിൽ തുടർന്നു. 1967-ൽ നൈജീരിയയിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. നിരന്തരമായ വ്യോമാക്രമണം നിമിത്തം സ്‌കൂളുകൾ എല്ലാം അടച്ചു. സർക്കിട്ടു വേലയിൽ എന്നോടൊപ്പം ചേരുന്നതിനു മുമ്പ്‌ ക്രിസ്റ്റ്യാനാ ഒരു സ്‌കൂൾ അധ്യാപിക ആയിരുന്നതിനാൽ അവൾ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിച്ചു. ആറു വയസ്സായപ്പോഴേക്ക്‌ സാമുവൽ എഴുതാനും വായിക്കാനും പഠിച്ചു. യുദ്ധം കഴിഞ്ഞ്‌ അവനെ സ്‌കൂളിൽ ചേർത്തപ്പോൾ സമപ്രായക്കാരെക്കാളും രണ്ടു ക്ലാസ്സുകൾക്കു മുന്നിലായിരുന്നു അവൻ.

ആ സമയത്ത്‌, സർക്കിട്ട്‌ വേലയിൽ തുടരുകയും കുട്ടികളെ വളർത്തിക്കൊണ്ടുവരുകയും ചെയ്യുന്നതിന്റെ ബുദ്ധിമുട്ട്‌ ഞങ്ങൾ അത്ര തിരിച്ചറിഞ്ഞിരുന്നില്ല. എന്നിരുന്നാലും, 1972-ൽ പ്രത്യേക പയനിയർമാരായി സേവിക്കാൻ നിയമനം ലഭിച്ചത്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രയോജനപ്രദമായിരുന്നു. അപ്പോൾ ഞങ്ങൾക്ക്‌ ഒരു സ്ഥലത്തുതന്നെ താമസിച്ചുകൊണ്ട്‌ കുടുംബത്തിന്റെ ആത്മീയ കാര്യങ്ങൾക്കു മതിയായ ശ്രദ്ധ നൽകാൻ കഴിഞ്ഞു. ദൈവിക സംതൃപ്‌തിയുടെ മൂല്യത്തെ കുറിച്ച്‌ ചെറുപ്പത്തിലേതന്നെ ഞങ്ങൾ മക്കളെ പഠിപ്പിച്ചു. 1973-ൽ സാമുവൽ സ്‌നാപനമേറ്റു. ആ വർഷം തന്നെ ജോയൽ സാധാരണ പയനിയറിങ്‌ ഏറ്റെടുക്കുകയും ചെയ്‌തു. ഞങ്ങളുടെ രണ്ട്‌ മക്കളും മാതൃകായോഗ്യരായ ക്രിസ്‌തീയ സ്‌ത്രീകളെ വിവാഹം കഴിച്ചു, തങ്ങളുടെ കുട്ടികളെ സത്യത്തിൽ വളർത്തിക്കൊണ്ടുവരികയും ചെയ്യുന്നു.

ആഭ്യന്തര യുദ്ധത്തിന്റെ യാതനകൾ

ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഞാൻ കുടുംബത്തോടൊപ്പം ഒനീച്ചായിലുള്ള ഒരു സഭയിൽ സർക്കിട്ട്‌ സന്ദർശനം നടത്തുകയായിരുന്നു. ഭൗതിക വസ്‌തുക്കൾ സമ്പാദിച്ചുകൂട്ടുന്നതിന്റെയും അവയിൽ ആശ്രയം വെക്കുന്നതിന്റെയും മൗഢ്യം ആ യുദ്ധം ഒന്നുകൂടി ഞങ്ങളെ ബോധ്യപ്പെടുത്തി. തങ്ങളുടെ വിലയേറിയ സമ്പാദ്യങ്ങൾ തെരുവിൽ ഉപേക്ഷിച്ച്‌ ആളുകൾ പ്രാണരക്ഷാർഥം ഓടുന്നത്‌ ഞാൻ കണ്ടു.

യുദ്ധം തീവ്രമായതോടെ ആരോഗ്യമുള്ള പുരുഷന്മാരെയെല്ലാം നിർബന്ധിതമായി സൈന്യത്തിൽ ചേർക്കാൻ തുടങ്ങി. അതിനു വിസമ്മതിച്ച അനേകം സഹോദരന്മാർ പീഡനത്തിനിരയായി. ഞങ്ങൾക്ക്‌ സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കാൻ വയ്യാതായി. ആഹാര ദൗർലഭ്യം ദേശത്തെ സംഭ്രാന്തിയിലാഴ്‌ത്തി. അര കിലോ മരച്ചീനിയുടെ വില മൂന്നു രൂപയിൽനിന്ന്‌ 660 രൂപയായി ഉയർന്നു. ഒരു കപ്പ്‌ ഉപ്പിന്റെ വില 380 രൂപയിൽനിന്ന്‌ 2,000 രൂപയായി. പാൽ, വെണ്ണ, പഞ്ചസാര എന്നിവ കാണാൻ പോലും കിട്ടാതായി. ജീവൻ നിലനിറുത്തുന്നതിന്‌ ഞങ്ങൾ മൂപ്പെത്താത്ത കപ്പളങ്ങ അരച്ച്‌ അൽപ്പം മരച്ചീനിപ്പൊടിയും ചേർത്തു കഴിക്കുമായിരുന്നു. പുൽച്ചാടികൾ, മരച്ചീനിത്തൊലി എന്നിവയും ആനപ്പുല്ല്‌, ചെമ്പരത്തിയില തുടങ്ങി കിട്ടാവുന്ന ഏത്‌ ഇലകളും ഞങ്ങൾ ഭക്ഷിച്ചു. മാംസത്തിനു തീപിടിച്ച വിലയായിരുന്നു. അതുകൊണ്ട്‌ കുട്ടികൾക്കു കഴിക്കാനായി ഞാൻ പല്ലികളെ പിടിച്ചുകൊണ്ടുവന്നു. എന്നാൽ, എത്ര മോശമായ സാഹചര്യത്തിലും യഹോവ ഞങ്ങൾക്കുവേണ്ടി കരുതി.

എന്നിരുന്നാലും, യുദ്ധം വരുത്തിവെച്ച ആത്മീയ ക്ഷാമമായിരുന്നു കൂടുതൽ അപകടകരം. മിക്ക സഹോദരങ്ങളും യുദ്ധമേഖലയിൽനിന്നു കാടുകളിലേക്കോ മറ്റു ഗ്രാമങ്ങളിലേക്കോ ഓടിപ്പോയി. ആ ബഹളത്തിനിടയിൽ അവർക്ക്‌ തങ്ങളുടെ ബൈബിൾ പ്രസിദ്ധീകരണങ്ങൾ അധികവും, പലർക്കും മുഴുവനുംതന്നെ നഷ്ടമായി. കൂടാതെ, സൈന്യത്തിന്റെ നിയന്ത്രണം മൂലം പുതിയ ബൈബിൾ സാഹിത്യങ്ങൾ ഒന്നും ബയാഫ്രാൻ പ്രദേശത്തേക്കു കടത്തിവിട്ടിരുന്നില്ല. മിക്ക സഭകളും യോഗങ്ങൾ നടത്താൻ ശ്രമിച്ചിരുന്നെങ്കിലും ബ്രാഞ്ച്‌ ഓഫീസിൽനിന്നുള്ള മാർഗനിർദേശങ്ങൾ ലഭിക്കാൻ മാർഗമൊന്നുമില്ലായിരുന്നു. അത്‌ സഹോദരങ്ങളുടെ ആത്മീയതയെ ബാധിച്ചു.

ആത്മീയ പട്ടിണിക്കെതിരെ പോരാടുന്നു

ഓരോ സഭയും സന്ദർശിക്കാനുള്ള ക്രമീകരണം തുടരാൻ സഞ്ചാര മേൽവിചാരകന്മാർ തങ്ങളാൽ ആവതെല്ലാം ചെയ്‌തു. നിരവധി സഹോദരങ്ങൾ പലായനം ചെയ്‌തതിനാൽ, അവരെ കണ്ടെത്താൻ സാധ്യതയുള്ള എല്ലായിടത്തും ഞാൻ അന്വേഷിച്ചു. ഒരിക്കൽ, ഞാൻ ഭാര്യയെയും മക്കളെയും സുരക്ഷിതമായ ഒരിടത്താക്കിയിട്ട്‌ സഹോദരങ്ങളെ തേടി പല ഗ്രാമങ്ങളിലും കാടിന്റെ ചില ഭാഗങ്ങളിലും സഞ്ചരിച്ചുകൊണ്ട്‌ ആറ്‌ ആഴ്‌ച ചെലവിട്ടു.

ഓഗ്‌ബൂങ്കാ എന്ന സ്ഥലത്തെ ഒരു സഭയിൽ സേവിച്ചുകൊണ്ടിരിക്കെ, ഒക്കിഗ്‌വേ ഡിസ്‌ട്രിക്‌റ്റിലെ ഇസൂവോചി പ്രദേശത്ത്‌ സാക്ഷികളുടെ ഒരു വലിയ കൂട്ടം ഉണ്ടെന്നു ഞാൻ കേട്ടു. ഉമുവാകു ഗ്രാമത്തിലെ ഒരു കശുമാവിൻ തോട്ടത്തിൽ ഒത്തുകൂടാൻ അവരോടു പറയാൻ ഞാൻ ഏർപ്പാടാക്കി. അവിടെ എത്തിച്ചേരാൻ പ്രായംചെന്ന ഒരു സഹോദരനും ഞാനും സൈക്കിളിൽ 15 കിലോമീറ്റർ യാത്ര ചെയ്‌തു. ഞങ്ങൾ ചെന്നപ്പോൾ അവിടെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 200 സാക്ഷികൾ ഒത്തുകൂടിയിരുന്നു. ലോമാറാ കാട്ടുപ്രദേശത്ത്‌ അഭയം പ്രാപിച്ചിരുന്ന ഏതാണ്ട്‌ നൂറുപേർ അടങ്ങുന്ന സഹോദരങ്ങളുടെ മറ്റൊരു കൂട്ടത്തെ കണ്ടെത്താൻ ഒരു പയനിയർ സഹോദരി എന്നെ സഹായിച്ചു.

യുദ്ധം പിച്ചിച്ചീന്തിയ ഒവെരി പട്ടണത്തിൽ താമസിക്കുന്ന ഒരു കൂട്ടം ധീരരായ സഹോദരന്മാരിൽ ഒരാളായിരുന്നു ലോറൻസ്‌ ഉഗ്വൂവേബൂ. ഒഹാജി പ്രദേശത്ത്‌ ഒരുപാടു സാക്ഷികൾ ഉണ്ടെന്ന്‌ അദ്ദേഹം എനിക്കു വിവരം നൽകി. പട്ടാളക്കാർ ആ പ്രദേശം കൈയടക്കിയതിനാൽ അവർക്കു സഞ്ചാര സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഞങ്ങൾ രണ്ടുപേരുംകൂടി രാത്രിയുടെ മറവിൽ സൈക്കിളിൽ യാത്രചെയ്‌ത്‌ ഒരു സഹോദരന്റെ വീട്ടുവളപ്പിൽ കൂടിവന്നിരുന്ന 120 സാക്ഷികളെ സന്ദർശിച്ചു. ഒളിവിൽ പാർക്കുകയായിരുന്ന മറ്റു ചില സാക്ഷികളെ സന്ദർശിക്കാനും ഞങ്ങൾ ആ അവസരം ഉപയോഗപ്പെടുത്തി.

സ്വന്തം വീടുകൾ ഉപേക്ഷിച്ചു പോകേണ്ടിവന്ന മറ്റു ചില സഹോദരങ്ങളുടെ അടുത്ത്‌ എന്നെ കൊണ്ടുപോകാനായി ഐസക്‌ വാഗ്വു സഹോദരൻ തന്റെ ജീവൻ പണയപ്പെടുത്തുകയുണ്ടായി. അദ്ദേഹം ഒട്ടാമീറി നദിയിലൂടെ തോണിതുഴഞ്ഞ്‌ ഏഗ്‌ബൂ-ഏചേയിൽ കൂടിയിരിക്കുന്ന 150-ലധികം സാക്ഷികളുടെ അടുത്ത്‌ എന്നെ എത്തിച്ചു. അവിടെയുണ്ടായിരുന്ന ഒരു സഹോദരൻ അതിശയത്തോടെ ഇപ്രകാരം പറഞ്ഞു: “എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണ്‌ ഇന്ന്‌! ഒരു സർക്കിട്ട്‌ മേൽവിചാരകനെ വീണ്ടും കാണാൻ കഴിയുമെന്ന്‌ ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഇനി, ഈ യുദ്ധാഗ്നിയിൽ മരിക്കാൻ പോലും എനിക്കു വിഷമമില്ല.”

നിർബന്ധിത സൈനിക സേവനത്തിന്റെ ഭീഷണിയിലായിരുന്നു ഞാൻ. എന്നാൽ യഹോവയുടെ സംരക്ഷണം എനിക്ക്‌ ആവർത്തിച്ച്‌ അനുഭവപ്പെട്ടു. ഒരു ദിവസം ഉച്ചകഴിഞ്ഞ്‌, ഏകദേശം 250 സഹോദരങ്ങളെ കണ്ടിട്ട്‌ ഞാൻ എന്റെ താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്നു. വഴി തടഞ്ഞിരിക്കുന്ന ഒരിടത്തുവെച്ച്‌ പട്ടാള കമാൻഡോകളുടെ ഒരു യൂണിറ്റ്‌ എന്നെ തടഞ്ഞുനിറുത്തി. “നിങ്ങൾ എന്തുകൊണ്ട്‌ പട്ടാളത്തിൽ ചേർന്നില്ല?” അവർ ചോദിച്ചു. ഞാൻ ദൈവരാജ്യത്തെ കുറിച്ചു പ്രസംഗിക്കുന്ന ഒരു മിഷനറിയാണെന്ന്‌ അവരോടു വിശദീകരിച്ചു. അവർ എന്നെ അറസ്റ്റു ചെയ്യാൻ തീരുമാനിച്ചെന്ന്‌ ഞാൻ മനസ്സിലാക്കി. പെട്ടെന്ന്‌ ഒരു നിമിഷം മൗനമായി പ്രാർഥിച്ചശേഷം ഞാൻ ക്യാപ്‌റ്റനോടു പറഞ്ഞു: “ദയവായി എന്നെ വെറുതെ വിടൂ.” എന്നെ അതിശയിപ്പിച്ചുകൊണ്ട്‌ അദ്ദേഹം ചോദിച്ചു: “നിങ്ങളെ പോകാൻ അനുവദിക്കണമെന്നാണോ പറയുന്നത്‌?” “അതേ, എന്നെ വിടൂ” എന്നു ഞാൻ മറുപടി പറഞ്ഞു. “ശരി നിങ്ങൾക്കു പോകാം,” അദ്ദേഹം പറഞ്ഞു. പട്ടാളക്കാർ ആരും ഒരക്ഷരം മിണ്ടിയില്ല.​—⁠സങ്കീർത്തനം 65:⁠1, 2.

സംതൃപ്‌തി തുടർന്നും അനുഗ്രഹങ്ങൾ കൈവരുത്തുന്നു

1970-ൽ യുദ്ധം അവസാനിച്ചപ്പോൾ ഞാൻ സർക്കിട്ട്‌ വേലയിൽ തുടർന്നു. സഭകൾ പുനഃസംഘടിപ്പിക്കുന്നതിൽ സഹായിക്കാൻ കഴിഞ്ഞത്‌ ഒരു പദവിയായിരുന്നു. അതുകഴിഞ്ഞ്‌, 1976-ൽ സർക്കിട്ട്‌ മേൽവിചാരകനായി എനിക്കു വീണ്ടും നിയമനം കിട്ടുന്നതുവരെ ക്രിസ്റ്റ്യാനായും ഞാനും പ്രത്യേക പയനിയർമാരായി സേവിച്ചു. ആ വർഷം മധ്യത്തോടെ ഞാൻ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി നിയമിതനായി. ഏഴു വർഷങ്ങൾക്കു ശേഷം, യഹോവയുടെ സാക്ഷികളുടെ നൈജീരിയ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. ഞങ്ങളുടെ ഇപ്പോഴത്തെ ഭവനം ഇതാണ്‌. ഇവിടെ ആയിരിക്കെ, യഹോവയെ ഇന്നും വിശ്വസ്‌തതയോടെ സേവിക്കുന്ന, ആഭ്യന്തര യുദ്ധകാലത്തും മറ്റു സമയങ്ങളിലും ഞങ്ങൾ കണ്ടുമുട്ടിയ സഹോദരീസഹോദരന്മാരെ വീണ്ടും കാണുന്നത്‌ ഞങ്ങൾക്ക്‌ എല്ലായ്‌പോഴും വലിയ സന്തോഷം കൈവരുത്തുന്നു.

ഈ വർഷങ്ങളിലുടനീളം ക്രിസ്റ്റ്യാനാ എന്റെ വിശ്വസ്‌ത പങ്കാളി എന്നനിലയിൽ എനിക്ക്‌ വലിയ പിന്തുണ നൽകിയിരിക്കുന്നു. 1978 മുതൽ അവൾക്ക്‌ സ്ഥിരം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും എന്റെ ഉത്തരവാദിത്വങ്ങളുമായി മുന്നോട്ടുപോകാൻ എനിക്കു കഴിഞ്ഞത്‌ അവളുടെ ക്രിയാത്മക മനോഭാവവും നിശ്ചയദാർഢ്യവും നിമിത്തമാണ്‌. സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളുടെ സത്യത ഞങ്ങൾ അനുഭവിച്ചറിഞ്ഞു: “യഹോവ അവനെ രോഗശയ്യയിൽ താങ്ങും.”​—⁠സങ്കീർത്തനം 41:⁠3.

ദിവ്യാധിപത്യ പ്രവർത്തനങ്ങൾ നിറഞ്ഞുനിന്ന ഗതകാല വർഷങ്ങളിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതകരമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞതിന്‌ ഞാൻ യഹോവയ്‌ക്ക്‌ അകമഴിഞ്ഞ നന്ദി നൽകുന്നു. അവൻ പ്രദാനം ചെയ്യുന്ന കാര്യങ്ങളിൽ സംതൃപ്‌തനായിരുന്നുകൊണ്ട്‌ വലിയ സന്തോഷം കണ്ടെത്താൻ എനിക്കു കഴിഞ്ഞിരിക്കുന്നു എന്ന്‌ നിസ്സംശയമായും പറയാൻ കഴിയും. എന്റെ കൂടെപ്പിറപ്പുകളും എന്റെ മക്കളും അവരുടെയെല്ലാം കുടുംബങ്ങളും എന്നോടും ഭാര്യയോടും ഒപ്പം യഹോവയെ സേവിക്കുന്നത്‌ അനുപമമായ അനുഗ്രഹമാണ്‌. സമ്പന്നവും അർഥപൂർണവുമായ ഒരു ജീവിതം നൽകി യഹോവ എന്നെ സംതൃപ്‌തനാക്കിയിരിക്കുന്നു. എന്റെ ആഗ്രഹങ്ങൾ ഒന്നും നിറവേറാതെ പോയിട്ടില്ല.

[അടിക്കുറിപ്പ്‌]

^ ഖ. 10 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌. ഇപ്പോൾ അച്ചടിക്കുന്നില്ല.

[27-ാം പേജിലെ ചതുരം]

തക്കസമയത്തെ ഒരു ക്രമീകരണം സഹോദരങ്ങളെ പുലർത്തുന്നു

1960-കളുടെ മധ്യത്തിൽ നൈജീരിയയുടെ വടക്കും കിഴക്കും ഭാഗങ്ങളിലെ വംശീയ കൂട്ടങ്ങൾക്കിടയിൽ നിലനിന്ന കൊടുംപക പ്രക്ഷുബ്ധത, വിപ്ലവം, അരാജകത്വം, വംശീയ അക്രമം എന്നിവയിലേക്കു നയിച്ചു. പോരാട്ടത്തിൽ തികഞ്ഞ നിഷ്‌പക്ഷത പാലിക്കുന്നതിൽ തുടരാൻ ദൃഢനിശ്ചയംചെയ്‌ത യഹോവയുടെ സാക്ഷികളുടെമേൽ ഈ സംഭവ വികാസങ്ങൾ വർധിച്ച സമ്മർദം വരുത്തിവെച്ചു. അവരിൽ 20-ഓളം പേർ കൊല്ലപ്പെട്ടു. മിക്കവർക്കും തങ്ങളുടെ മുഴുസമ്പാദ്യവും നഷ്ടമായി.

1967 മേയ്‌ 30-ന്‌, നൈജീരിയയുടെ കിഴക്കൻ സംസ്ഥാനങ്ങൾ ഫെഡറേഷനിൽനിന്നു പിരിഞ്ഞുപോയി ബയാഫ്രാ റിപ്പബ്ലിക്കിനു രൂപം നൽകി. എന്നാൽ ഫെഡറൽ സൈന്യം രംഗത്തിറങ്ങി ബയാഫ്രായ്‌ക്ക്‌ എതിരെ ഒരു സമ്പൂർണ ഉപരോധം ഏർപ്പെടുത്തി. രക്തരൂഷിതവും അത്യുഗ്രവുമായ ഒരു ആഭ്യന്തര യുദ്ധമായിരുന്നു അനന്തര ഫലം.

നിഷ്‌പക്ഷത പാലിച്ചതു നിമിത്തം ബയാഫ്രാ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾ ആക്രമണ ലക്ഷ്യങ്ങളായി. അവർക്കെതിരെ പൊതുജന വിദ്വേഷം ആളിക്കത്തിക്കുന്ന തരത്തിലുള്ള വാർത്തകൾ പത്രങ്ങൾ പുറത്തുവിട്ടു. എന്നിരുന്നാലും, തന്റെ ദാസർക്ക്‌ ആത്മീയ ഭക്ഷണം ലഭിക്കുന്നുവെന്ന്‌ യഹോവ ഉറപ്പുവരുത്തി. എങ്ങനെ?

1968-ന്റെ തുടക്കത്തിൽ, ഒരു സർക്കാർ ഉദ്യോഗസ്ഥന്‌ യൂറോപ്പിൽ നിയമനം ലഭിച്ചു. മറ്റൊരാൾക്ക്‌ ബയാഫ്രായിലെ താത്‌കാലിക വിമാനത്താവളത്തിലും. ഇവർ രണ്ടുപേരും സാക്ഷികളായിരുന്നു. ബയാഫ്രായെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണിയുടെ രണ്ട്‌ അറ്റത്തുമായിരുന്നു ഇവരുടെ നിയമനം. ബയാഫ്രായിലേക്ക്‌ ആത്മീയ ഭക്ഷണം എത്തിക്കാനുള്ള മാർഗമായി വർത്തിക്കുകയെന്ന അപകടകരമായ ദൗത്യം ഈ രണ്ടു സാക്ഷികളും സ്വമേധയാ ഏറ്റെടുത്തു. ദുരിതത്തിലായിരുന്ന നമ്മുടെ സഹോദരങ്ങൾക്കുള്ള ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുകൊടുക്കുന്നതിലും ഈ സഹോദരന്മാർ സഹായിച്ചു. 1970-ൽ യുദ്ധം അവസാനിക്കുന്നതുവരെ അവർക്ക്‌ ഈ സുപ്രധാന ക്രമീകരണം നിലനിറുത്തിക്കൊണ്ടു പോകാൻ കഴിഞ്ഞു. അവരിൽ ഒരാൾ പിന്നീട്‌ ഇപ്രകാരം പറഞ്ഞു: “ഈ ക്രമീകരണം മനുഷ്യർക്കു പ്ലാൻ ചെയ്യാൻ കഴിയുന്ന എന്തിനും അപ്പുറമായിരുന്നു.”

[23-ാം പേജിലെ ചിത്രം]

1956-ൽ

[25-ാം പേജിലെ ചിത്രം]

1965-ൽ ഞങ്ങൾ മക്കളായ ജോയലിനോടും സാമുവലിനോടും ഒപ്പം

[26-ാം പേജിലെ ചിത്രം]

ഒരു കുടുംബമെന്ന നിലയിൽ യഹോവയെ സേവിക്കുന്നത്‌ എന്തൊരു അനുഗ്രഹമാണ്‌!

[27-ാം പേജിലെ ചിത്രം]

ഇന്ന്‌ ക്രിസ്റ്റ്യാനായും ഞാനും നൈജീരിയ ബ്രാഞ്ചിൽ സേവിക്കുന്നു