വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വിശ്വസ്‌ത അടിമ’ പരിശോധനയിൽ വിജയിക്കുന്നു!

‘വിശ്വസ്‌ത അടിമ’ പരിശോധനയിൽ വിജയിക്കുന്നു!

‘വിശ്വസ്‌ത അടിമ’ പരിശോധനയിൽ വിജയിക്കുന്നു!

“ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ.”​—⁠1 പത്രൊസ്‌ 4:⁠17.

1. “അടിമ”യെ പരിശോധിച്ചപ്പോൾ യേശു എന്തു കണ്ടെത്തി?

പൊതുയുഗം 33-ലെ പെന്തെക്കൊസ്‌തിൽ, യേശു തന്റെ “വീട്ടിലുള്ളവർക്കു” തക്കസമയത്ത്‌ ഭക്ഷണം പ്രദാനം ചെയ്യുന്നതിനായി ഒരു “അടിമ”യെ ആക്കിവെച്ചു. 1914-ൽ രാജാവെന്ന നിലയിൽ യേശു സിംഹാസനസ്ഥനാക്കപ്പെട്ടു. “അടിമ”യെ പരിശോധിക്കാനുള്ള സമയം പെട്ടെന്നുതന്നെ ആഗതമായി. അടിമവർഗത്തിൽ ഭൂരിഭാഗവും ‘വിശ്വസ്‌തനും വിവേകിയും’ എന്ന വിശേഷണത്തിന്‌ അർഹരെന്നു തെളിയിച്ചിരിക്കുന്നതായി അവൻ കണ്ടെത്തി. തന്നിമിത്തം, അവൻ അടിമയെ “തനിക്കുള്ള സകലത്തിന്മേലും” നിയമിച്ചു. (മത്തായി 24:⁠45-47, NW) എന്നിരുന്നാലും, വിശ്വസ്‌തനോ വിവേകിയോ അല്ലാഞ്ഞ ഒരു ദുഷ്ട അടിമയും ഉണ്ടായിരുന്നു.

“ദുഷ്ട അടിമ”

2, 3. “ദുഷ്ട അടിമ” എവിടെനിന്നു വന്നു, എങ്ങനെയാണ്‌ അതു സംഭവിച്ചത്‌?

2 “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ സംബന്ധിച്ചു വിശദീകരിച്ച ശേഷം ഉടനെ ഒരു ദുഷ്ട അടിമയെ കുറിച്ച്‌ യേശു പരാമർശിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “എന്നാൽ അവൻ ദുഷ്ടദാസനായി: [“ദുഷ്ട അടിമ,” NW] യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു, കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കു കല്‌പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.” (മത്തായി 24:⁠48-51) ‘അവൻ ദുഷ്ടദാസനായി’ എന്ന പദപ്രയോഗം, വിശ്വസ്‌തനും വിവേകിയുമായ അടിമയെ കുറിച്ച്‌ യേശു മുമ്പുപറഞ്ഞ വാക്കുകളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു. അതേ, “ദുഷ്ട അടിമ” വിശ്വസ്‌ത അടിമയുടെ ഇടയിൽനിന്നുതന്നെയാണ്‌ വരിക. * അതെങ്ങനെ?

3 വിശ്വസ്‌ത അടിമവർഗത്തിലെ അനേകം അംഗങ്ങൾ 1914-ന്‌ മുമ്പ്‌, ആ വർഷം തങ്ങൾ സ്വർഗത്തിൽ മണവാളനോടു ചേരുമെന്ന ഉത്‌കടമായ പ്രത്യാശ വെച്ചുപുലർത്തിയിരുന്നു, എന്നാൽ അവരുടെ പ്രതീക്ഷ സഫലമായില്ല. ഇതും ഇതര സംഭവവികാസങ്ങളും നിമിത്തം അനേകർ നിരാശരായി, ചിലരാകട്ടെ കുപിതരും. അവരിൽ ചിലർ തങ്ങളുടെ മുൻ സഹോദരങ്ങളെ വാക്കുകൾകൊണ്ട്‌ ‘അടിക്കാനും’ ‘കുടിയന്മാരോട്‌’ അഥവാ ക്രൈസ്‌തവലോകത്തിലെ മതവിഭാഗങ്ങളോട്‌ സഹവസിക്കാനും തുടങ്ങി.​—⁠യെശയ്യാവു 28:⁠1-3; 32:⁠6.

4. “ദുഷ്ട അടിമ”യെയും, അതേ മനോഭാവം പ്രകടമാക്കിയിട്ടുള്ള എല്ലാവരെയും യേശു എന്തു ചെയ്‌തു?

4 ഈ മുൻ ക്രിസ്‌ത്യാനികൾ ഒടുവിൽ “ദുഷ്ട അടിമ”യായി തിരിച്ചറിയിക്കപ്പെട്ടു. അതുകൊണ്ട്‌ യേശു അവരെ “ദണ്ഡിപ്പിച്ചു.” എങ്ങനെ? അവൻ അവരെ തള്ളിക്കളഞ്ഞു, അങ്ങനെ അവർക്കു സ്വർഗീയ പ്രത്യാശ നഷ്ടമായി. എന്നിരുന്നാലും, അവരെ ഉടനെ നശിപ്പിച്ചില്ല. ആദ്യം, ക്രിസ്‌തീയ സഭയ്‌ക്കു ‘പുറത്തുള്ള ഇരുളിൽ’ കരച്ചലും പല്ലുകടിയും നിറഞ്ഞ ഒരു കാലഘട്ടം അവർ സഹിക്കേണ്ടതുണ്ടായിരുന്നു. (മത്തായി 8:⁠12) ആ ആദ്യനാളുകൾക്കു ശേഷം തുടർന്നിങ്ങോട്ട്‌ അഭിഷിക്തരായ മറ്റു ചില വ്യക്തികളും തങ്ങളെത്തന്നെ “ദുഷ്ട അടിമ”യുടെ ഭാഗമായി തിരിച്ചറിയിച്ചുകൊണ്ട്‌ സമാനമായ ദുഷ്ട മനോഭാവം പ്രകടിപ്പിച്ചിട്ടുണ്ട്‌. “വേറെ ആടുക”ളിൽപെട്ട ചിലരും അവരുടെ അവിശ്വസ്‌തത അനുകരിച്ചിരിക്കുന്നു. (യോഹന്നാൻ 10:⁠16) ക്രിസ്‌തുവിന്റെ അത്തരം ശത്രുക്കളെല്ലാം “പുറത്തുള്ള” ഒരേ ആത്മീയ ‘ഇരുൾ’ അനുഭവിക്കുന്നു.

5. “ദുഷ്ട അടിമ”യിൽനിന്നു വ്യത്യസ്‌തമായി വിശ്വസ്‌തനും വിവേകയുമായ അടിമ എങ്ങനെ പ്രതികരിച്ചു?

5 എന്നിരുന്നാലും, “ദുഷ്ട അടിമ” അഭിമുഖീകരിച്ച അതേ പരിശോധനകളിലൂടെ വിശ്വസ്‌തനും വിവേകിയുമായ അടിമയും കടന്നുപോയി. എന്നാൽ കുപിതരായിത്തീരുന്നതിനു പകരം അവർ യഥാസ്ഥാനപ്പെടാൻ മനസ്സൊരുക്കം കാട്ടിക്കൊണ്ട്‌ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയാണു ചെയ്‌തത്‌. (2 കൊരിന്ത്യർ 13:⁠11) യഹോവയോടും സഹോദരങ്ങളോടുമുള്ള അവരുടെ സ്‌നേഹം കരുത്തുറ്റതായി. തത്‌ഫലമായി, പ്രക്ഷുബ്ധമായ ഈ “അന്ത്യകാലത്ത്‌” “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി” അവർ വർത്തിച്ചുവരുന്നു.​—⁠1 തിമൊഥെയൊസ്‌ 3:⁠15; 2 തിമൊഥെയൊസ്‌ 3:⁠1.

വിവേകികളും ബുദ്ധിഹീനരുമായ കന്യകമാർ

6. (എ) യേശു തന്റെ വിശ്വസ്‌ത അടിമവർഗത്തിന്റെ വിവേകത്തെ ചിത്രീകരിച്ചത്‌ എങ്ങനെ? (ബി) 1914-നു മുമ്പ്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾ ഏതു സന്ദേശം ഘോഷിച്ചു?

6 “ദുഷ്ട അടിമ”യെ കുറിച്ചു പരാമർശിച്ച ശേഷം, ചില അഭിഷിക്ത ക്രിസ്‌ത്യാനികൾ വിശ്വസ്‌തരും വിവേകികളും ആയിരിക്കുകയും അതേസമയം മറ്റുചിലർ അങ്ങനെ അല്ലാതിരിക്കുകയും ചെയ്യുമായിരുന്നതിന്റെ കാരണം വ്യക്തമാക്കാനായി, യേശു രണ്ട്‌ ഉപമകൾ പറഞ്ഞു. * വിവേകത്തെ ചിത്രീകരിക്കാനായി അവൻ ഇപ്രകാരം പറഞ്ഞു: “സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്‌പാൻ വിളക്കു എടുത്തുംകാണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും. അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും [“വിവേകികളും,” NW] ആയിരുന്നു. ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല. ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു.” (മത്തായി 25:⁠1-4) പത്തു കന്യകമാർ, 1914-നു മുമ്പുള്ള അഭിഷിക്ത ക്രിസ്‌ത്യാനികളെ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. മണവാളനായ യേശുക്രിസ്‌തു പെട്ടെന്നുതന്നെ പ്രത്യക്ഷനാകുമെന്ന്‌ അവർ കണക്കു കൂട്ടിയിരുന്നു. തന്നിമിത്തം, 1914-ൽ “ജനതകളുടെ നിയമിത കാലങ്ങൾ” അവസാനിക്കുമെന്നു സധൈര്യം പ്രസംഗിച്ചുകൊണ്ട്‌ അവർ അവനെ എതിരേൽപ്പാൻ ‘പുറപ്പെട്ടു.’​—⁠ലൂക്കൊസ്‌ 21:⁠24, NW.

7. പ്രതീകാത്മകമായി പറഞ്ഞാൽ, അഭിഷിക്ത ക്രിസ്‌ത്യാനികൾ ‘ഉറങ്ങി’പ്പോയത്‌ എപ്പോൾ, എന്തുകൊണ്ട്‌?

7 അവർ പറഞ്ഞതു ശരിയായിരുന്നു. ജനതകളുടെ നിയമിത കാലങ്ങൾ 1914-ൽ അവസാനിക്കുകതന്നെ ചെയ്‌തു; ക്രിസ്‌തുയേശുവിൻ കീഴിലുള്ള ദൈവരാജ്യം പ്രവർത്തനം ആരംഭിച്ചു. എന്നാൽ അത്‌ അദൃശ്യ സ്വർഗങ്ങളിലായിരുന്നു. ഭൂമിയിൽ മനുഷ്യവർഗം, മുൻകൂട്ടി പറയപ്പെട്ട “കഷ്ടം” അനുഭവിക്കാൻ തുടങ്ങി. (വെളിപ്പാടു 12:⁠10, 12) അതേത്തുടർന്നുള്ള സമയം ഒരു പരിശോധനാ കാലഘട്ടമായിരുന്നു. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ, ‘മണവാളൻ താമസിക്കുകയാണ്‌’ എന്ന്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾ വിചാരിച്ചു. ഈ ആശയക്കുഴപ്പത്തോടൊപ്പം ലോകത്തിന്റെ ശത്രുത കൂടെ ആയപ്പോൾ അവരുടെ പ്രവർത്തനം പൊതുവെ മന്ദഗതിയിലാകുകയും സംഘടിതമായ പരസ്യ പ്രസംഗവേല മിക്കവാറും നിലയ്‌ക്കുകയും ചെയ്‌തു. ഉപമയിലെ കന്യകമാരെപ്പോലെ, ആത്മീയമായി പറഞ്ഞാൽ അവർ “മയക്കംപിടിച്ചു ഉറങ്ങി.” യേശുവിന്റെ അപ്പൊസ്‌തലന്മാരുടെ മരണശേഷം, ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടിരുന്ന അവിശ്വസ്‌തരായ വ്യക്തികൾ ചെയ്‌തതുപോലെയായിരുന്നു അത്‌.​—⁠മത്തായി 25:⁠5; വെളിപ്പാടു 11:⁠7, 8; 12:⁠17.

8. “മണവാളൻ വരുന്നു” എന്ന ആർപ്പുവിളി ഉണ്ടാകാൻ കാരണം എന്തായിരുന്നു, അഭിഷിക്ത ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം അത്‌ എന്തു ചെയ്യാനുള്ള സമയമായിരുന്നു?

8 തുടർന്ന്‌, 1919-ൽ അപ്രതീക്ഷിതമായ ഒന്നു സംഭവിച്ചു. നാം ഇങ്ങനെ വായിക്കുന്നു: “അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്‌പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി. അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേററു വിളക്കു തെളിയിച്ചു.” (മത്തായി 25:⁠6, 7) കാര്യങ്ങളെല്ലാം അങ്ങേയറ്റം ഇരുളടഞ്ഞതായി തോന്നിയ ആ സമയത്തുതന്നെ ഉണർന്നു പ്രവർത്തിക്കാനുള്ള ആഹ്വാനം മുഴങ്ങി! 1918-ൽ ‘നിയമദൂതനായ [“ഉടമ്പടി ദൂതൻ,” NW]’ യേശു ദൈവത്തിന്റെ സഭയെ പരിശോധിക്കാനും ശുദ്ധീകരിക്കാനുമായി യഹോവയുടെ ആത്മീയ ആലയത്തിലേക്കു വന്നു. (മലാഖി 3:⁠1) ഇപ്പോൾ, അഭിഷിക്ത ക്രിസ്‌ത്യാനികൾ പോയി ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരങ്ങളിൽ അവനെ എതിരേൽക്കേണ്ടതുണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ‘എഴുന്നേറ്റു പ്രകാശിക്കാനുള്ള’ സമയമായിരുന്നു അത്‌.​—⁠യെശയ്യാവു 60:⁠1; ഫിലിപ്പിയർ 2:⁠14, 15.

9, 10. എന്തുകൊണ്ടായിരുന്നു 1919-ൽ ചില ക്രിസ്‌ത്യാനികൾ “വിവേകികളും” മറ്റുചിലർ “ബുദ്ധിയില്ലാത്തവരും” ആയിരുന്നത്‌?

9 എന്നാൽ ശ്രദ്ധിക്കുക, ഉപമയിലെ യുവതികളിൽ ചിലർക്ക്‌ ഒരു പ്രശ്‌നമുണ്ടായിരുന്നു. യേശു ഇങ്ങനെ തുടർന്നു: “എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതുകൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.” (മത്തായി 25:⁠8) എണ്ണയില്ലാതെ വിളക്കുകൾ പ്രകാശം പുറപ്പെടുവിക്കുമായിരുന്നില്ല. അതുകൊണ്ട്‌ വിളക്കിനുള്ള എണ്ണ, പ്രകാശവാഹകർ ആയിരിക്കാൻ സത്യാരാധകരെ പ്രാപ്‌തരാക്കുന്ന ദൈവത്തിന്റെ സത്യവചനത്തെയും പരിശുദ്ധാത്മാവിനെയും കുറിച്ച്‌ നമ്മെ ഓർമിപ്പിക്കുന്നു. (സങ്കീർത്തനം 119:⁠130; ദാനീയേൽ 5:⁠14) 1919-നു മുമ്പ്‌, വിവേകികളായ അഭിഷിക്ത ക്രിസ്‌ത്യാനികൾ തങ്ങളെ കുറിച്ചുള്ള ദൈവോദ്ദേശ്യം എന്താണെന്നു തിരിച്ചറിയാൻ താത്‌കാലിക ദുർബലാവസ്ഥയിൽ പോലും ഉത്സാഹപൂർവം അന്വേഷണം നടത്തിയിരുന്നു. തന്മൂലം, പ്രകാശം പുറപ്പെടുവിക്കാനുള്ള ആഹ്വാനം ലഭിച്ചപ്പോൾ അവർ അതിനു തയ്യാറായിരുന്നു.​—⁠2 തിമൊഥെയൊസ്‌ 4:⁠2; എബ്രായർ 10:⁠24, 25.

10 എന്നിരുന്നാലും ചില അഭിഷിക്ത ക്രിസ്‌ത്യാനികൾ, മണവാളനോടൊപ്പം ആയിരിക്കാൻ അത്മാർഥമായി ആഗ്രഹിച്ചെങ്കിലും ത്യാഗങ്ങൾ ചെയ്യാനോ വ്യക്തിപരമായി പരിശ്രമിക്കാനോ ഒരുക്കമായിരുന്നില്ല. അതുകൊണ്ട്‌, സുവാർത്ത പ്രസംഗിക്കുന്നതിൽ സജീവരാകാനുള്ള സമയം സമാഗതമായപ്പോൾ അവർ അതിനു തയ്യാറല്ലായിരുന്നു. (മത്തായി 24:⁠14) തീക്ഷ്‌ണരായ തങ്ങളുടെ സഹകാരികളുടെ ഉത്സാഹം കെടുത്തിക്കളയാൻ പോലും അവർ ശ്രമിച്ചു. ഇത്‌ ഫലത്തിൽ അവരുടെ എണ്ണയിൽ കുറെ ആവശ്യപ്പെടുന്നതു പോലെയായിരുന്നു. യേശുവിന്റെ ഉപമയിലെ വിവേകികളായ കന്യകമാർ എങ്ങനെയാണു പ്രതികരിച്ചത്‌? അവർ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്‌ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ.” (മത്തായി 25:⁠9) സമാനമായി, 1919-ലെ വിശ്വസ്‌ത അഭിഷിക്ത ക്രിസ്‌ത്യാനികൾ പ്രകാശവാഹകരായിരിക്കാനുള്ള തങ്ങളുടെ പ്രാപ്‌തി കെടുത്തിക്കളയുന്ന എന്തെങ്കിലും ചെയ്യാൻ വിസമ്മതിച്ചു. അങ്ങനെ അവർ പരിശോധനയിൽ വിജയിച്ചു.

11. ബുദ്ധിയില്ലാത്ത കന്യകമാർക്ക്‌ എന്തു സംഭവിച്ചു?

11 യേശു ഇങ്ങനെ ഉപസംഹരിക്കുന്നു: ‘അവർ [ബുദ്ധിയില്ലാത്ത കന്യകമാർ] വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്‌തു. അതിന്റെശേഷം മറെറ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു. അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.’ (മത്തായി 25:⁠10-12) അതേ, മണവാളന്റെ വരവിനായി ചിലർ ഒരുങ്ങിയിരുന്നില്ല. തന്മൂലം, അവർ പരിശോധനയിൽ പരാജയപ്പെടുകയും സ്വർഗീയ വിവാഹസദ്യയിൽ പങ്കുപറ്റാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്‌തു. എത്ര ദാരുണം!

താലന്തുകളുടെ ഉപമ

12. (എ) വിശ്വസ്‌തതയെ ചിത്രീകരിക്കാൻ യേശു എന്ത്‌ ഉപയോഗിച്ചു? (ബി) ‘പരദേശത്തു പോയ’ മനുഷ്യൻ ആരാണ്‌?

12 വിവേകത്തിനു ശേഷം യേശു വിശ്വസ്‌തതയെ ചിത്രീകരിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ [“അടിമകളെ,” NW] വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്‌പിച്ചു. ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഓരോരുത്തന്നു അവനവന്റെ പ്രാപ്‌തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.” (മത്തായി 25:⁠14, 15) ഈ ഉപമയിലെ മനുഷ്യൻ യേശുതന്നെയാണ്‌. പൊ.യു. 33-ൽ സ്വർഗാരോഹണം ചെയ്‌തപ്പോഴാണ്‌ അവൻ ‘പരദേശത്തു പോയത്‌.’ എന്നാൽ സ്വർഗത്തിലേക്കു പോകുന്നതിനു മുമ്പ്‌ യേശു “തന്റെ സമ്പത്ത്‌” വിശ്വസ്‌തരായ ശിഷ്യന്മാരെ ഏൽപ്പിച്ചു. എങ്ങനെ?

13. യേശു പ്രവർത്തനത്തിന്റെ ഒരു വലിയ വയൽ ഒരുക്കുകയും വ്യാപാരം ചെയ്യാൻ തന്റെ “അടിമകളെ” അധികാരപ്പെടുത്തുകയും ചെയ്‌തത്‌ എങ്ങനെ?

13 യേശു ഭൂമിയിലെ തന്റെ ശുശ്രൂഷയുടെ സമയത്ത്‌, ഇസ്രായേൽ ദേശത്തുടനീളം രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ പ്രവർത്തനത്തിന്റെ ഒരു വലിയ വയൽ ഒരുക്കാൻ തുടങ്ങി. (മത്തായി 9:⁠35-38) “പരദേശത്തു പോകു”ന്നതിനുമുമ്പ്‌, പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ ആ വയൽ അവൻ തന്റെ വിശ്വസ്‌ത ശിഷ്യന്മാരെ ഭരമേൽപ്പിച്ചു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:⁠18-20) താൻ മടങ്ങിവരുവോളം ‘ഓരോരുത്തനും അവനവന്റെ പ്രാപ്‌തിപോലെ’ വ്യാപാരം ചെയ്യാൻ ഈ വാക്കുകളിലൂടെ യേശു തന്റെ “അടിമകളെ” അധികാരപ്പെടുത്തി.

14. എല്ലാവരും ഒരേ അളവിൽ വ്യാപാരം ചെയ്യാൻ പ്രതീക്ഷിക്കാഞ്ഞത്‌ എന്തുകൊണ്ട്‌?

14 ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രിസ്‌ത്യാനികൾക്കും തുല്യമായ സാഹചര്യങ്ങളോ സാധ്യതകളോ അല്ല ഉണ്ടായിരുന്നത്‌ എന്ന്‌ ആ പദപ്രയോഗം സൂചിപ്പിക്കുന്നു. പ്രസംഗ, പഠിപ്പിക്കൽ വേലയിൽ പൂർണമായ പങ്കുണ്ടായിരിക്കാൻ പൗലൊസിനെയും തിമൊഥെയൊസിനെയും പോലുള്ള ചിലരുടെ സാഹചര്യം അനുവദിച്ചു. മറ്റുള്ളവരുടെ സാഹചര്യങ്ങൾ പ്രവർത്തിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ വളരെയധികം പരിമിതപ്പെടുത്തിയിട്ടുണ്ടാകണം. ദൃഷ്ടാന്തത്തിന്‌, ചില ക്രിസ്‌ത്യാനികൾ അടിമകളായിരുന്നു. മറ്റുചിലരാകട്ടെ, രോഗികളോ വാർധക്യം ചെന്നവരോ കുടുംബ ഉത്തരവാദിത്വങ്ങൾ ഉള്ളവരോ ആയിരുന്നു. അതുപോലെ സഭാപരമായ ചില ഉത്തരവാദിത്വങ്ങൾ എല്ലാ ശിഷ്യന്മാർക്കും തീർച്ചയായും ലഭ്യമായിരുന്നില്ല. അഭിഷിക്ത സ്‌ത്രീകളും ചില അഭിഷിക്ത പുരുഷന്മാരും സഭയിൽ പഠിപ്പിച്ചിരുന്നില്ല. (1 കൊരിന്ത്യർ 14:⁠34; 1 തിമൊഥെയൊസ്‌ 3:⁠1; യാക്കോബ്‌ 3:⁠1) എങ്കിലും, തങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും സ്‌ത്രീപുരുഷഭേദമെന്യേ ക്രിസ്‌തുവിന്റെ സകല അഭിഷിക്ത ശിഷ്യരും വ്യാപാരത്തിൽ ഏർപ്പെടാൻ, അഥവാ ക്രിസ്‌തീയ ശുശ്രൂഷയിൽ തങ്ങളുടെ അവസരങ്ങളും സാഹചര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ, നിയമനം ലഭിച്ചവർ ആയിരുന്നു. ആധുനിക കാലത്തെ ക്രിസ്‌തു ശിഷ്യരും അതുതന്നെയാണു ചെയ്യുന്നത്‌.

പരിശോധനാഘട്ടം ആരംഭിക്കുന്നു!

15, 16. (എ) കണക്കു തീർക്കാനുള്ള സമയം എപ്പോഴായിരുന്നു? (ബി) വിശ്വസ്‌തരായവർക്ക്‌ ‘വ്യാപാരം ചെയ്യാനുള്ള’ ഏതു പുതിയ അവസരങ്ങൾ കൊടുക്കപ്പെട്ടു?

15 ഉപമ ഇങ്ങനെ തുടരുന്നു: “വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു.” (മത്തായി 25:⁠19) 1914-ൽ​—⁠തീർച്ചയായും പൊ.യു. 33-നു വളരെക്കാലത്തിനു ശേഷം​—⁠യേശുക്രിസ്‌തുവിന്റെ രാജകീയ സാന്നിധ്യം ആരംഭിച്ചു. മൂന്നര വർഷം കഴിഞ്ഞ്‌ 1918-ൽ അവൻ ദൈവത്തിന്റെ ആത്മീയ ആലയത്തിലേക്കു വന്നുകൊണ്ട്‌ “ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ” എന്നുള്ള പത്രൊസിന്റെ വാക്കുകൾ നിവർത്തിച്ചു. (1 പത്രൊസ്‌ 4:⁠17; മലാഖി 3:⁠1) കണക്കു തീർക്കാനുള്ള സമയമായിരുന്നു അത്‌.

16 രാജാവിന്റെ ‘താലന്തുകൾ’ ഉപയോഗിച്ച്‌ അടിമകൾ, യേശുവിന്റെ അഭിഷിക്ത സഹോദരന്മാർ, എന്തു ചെയ്‌തിരുന്നു? പൊ.യു. 33 മുതലുള്ള കാലം​—⁠1914-നു മുമ്പുള്ള വർഷങ്ങളിൽ ഉൾപ്പെടെ​—⁠അനേകർ യേശു ഏൽപ്പിച്ച “വ്യാപാര”ത്തിൽ കഠിനാധ്വാനം ചെയ്‌തുവരികയായിരുന്നു. (മത്തായി 25:⁠16) ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്തുപോലും യജമാനനെ സേവിക്കാനുള്ള ശക്തമായ ആഗ്രഹം അവർ പ്രകടമാക്കിയിരുന്നു. ഇപ്പോൾ വിശ്വസ്‌തരായവർക്കു ‘വ്യാപാരം ചെയ്യാനുള്ള’ പുതിയ അവസരങ്ങൾ കൊടുക്കുന്നത്‌ തികച്ചും ഉചിതമായിരുന്നു. ഈ വ്യവസ്ഥിതിയുടെ സമാപന കാലം സമാഗതമായിരുന്നു. സുവാർത്ത ലോകവ്യാപകമായി പ്രസംഗിക്കപ്പെടണമായിരുന്നു. “ഭൂമിയിലെ വിളവു” കൊയ്‌തെടുക്കേണ്ടിയിരുന്നു. (വെളിപ്പാടു 14:⁠6, 7, 14-16) കോതമ്പു വർഗത്തിലെ അവസാന അംഗങ്ങളെ കണ്ടെത്തുകയും വേറെ ആടുകളുടെ “ഒരു മഹാപുരുഷാര”ത്തെ കൂട്ടിച്ചേർക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു.​—⁠വെളിപ്പാടു 7:⁠9; മത്തായി 13:⁠24-30.

17. വിശ്വസ്‌ത അഭിഷിക്ത ക്രിസ്‌ത്യാനികൾ “യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശി”ച്ചത്‌ എങ്ങനെ?

17 കൊയ്‌ത്തുകാലം സന്തോഷത്തിന്റെ ഒരു സമയമാണ്‌. (സങ്കീർത്തനം 126:⁠6) അതുകൊണ്ട്‌, 1919-ൽ തന്റെ വിശ്വസ്‌ത അഭിഷിക്ത സഹോദരന്മാരെ കൂടുതലായ ഉത്തരവാദിത്വം ഭരമേൽപ്പിക്കവേ അവൻ ഇങ്ങനെ പറഞ്ഞത്‌ തികച്ചും ഉചിതമായിരുന്നു: “നീ അല്‌പത്തിൽ വിശ്വസ്‌തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (മത്തായി 25:⁠21, 23) മാത്രമല്ല, ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ പുതുതായി സിംഹാസനസ്ഥനായ യജമാനന്റെ സന്തോഷം നമ്മുടെ ഭാവനകൾക്കെല്ലാം അതീതമാണ്‌. (സങ്കീർത്തനം 45:⁠1, 2, 6, 7) രാജാവിനെ പ്രതിനിധാനം ചെയ്‌തുകൊണ്ടും ഭൂമിയിലുള്ള അവന്റെ ആസ്‌തികൾ വർധിപ്പിച്ചുകൊണ്ടും വിശ്വസ്‌ത അടിമവർഗം ആ സന്തോഷത്തിൽ പങ്കുചേരുന്നു. (2 കൊരിന്ത്യർ 5:⁠20) അവരുടെ ആനന്ദം യെശയ്യാവു 61:⁠10-ലെ പ്രാവചനിക വാക്കുകളിൽ പ്രതിഫലിക്കുന്നു: ‘ഞാൻ യഹോവയിൽ ഏററവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. അവൻ എന്നെ രക്ഷാവസ്‌ത്രം ധരിപ്പിച്ചിരിക്കുന്നു.’

18. ചിലർ പരിശോധനയിൽ വിജയിക്കാതിരുന്നത്‌ എന്തുകൊണ്ട്‌, എന്തായിരുന്നു ഫലം?

18 ഖേദകരമെന്നു പറയട്ടെ, ചിലർ പരിശോധനയിൽ വിജയിച്ചില്ല. നാം ഇങ്ങനെ വായിക്കുന്നു: “ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു.” (മത്തായി 25:⁠24, 25) സമാനമായി, ചില അഭിഷിക്ത ക്രിസ്‌ത്യാനികൾ ‘വ്യാപാരത്തിൽ’ ഏർപ്പെട്ടിരുന്നില്ല. 1914-നു മുമ്പ്‌ അവർ തങ്ങളുടെ പ്രത്യാശ മറ്റുള്ളവരുമായി ഉത്സാഹപൂർവം പങ്കുവെച്ചിരുന്നില്ല, 1919-ലും അതു തുടങ്ങാൻ അവർ കൂട്ടാക്കിയില്ല. അവരുടെ ധിക്കാരത്തോട്‌ യേശു എങ്ങനെയാണു പ്രതികരിച്ചത്‌? അവൻ അവരുടെ സകല പദവികളും എടുത്തുകളഞ്ഞു. അവരെ ‘കരച്ചലും പല്ലുകടിയും ഉള്ള ഏററവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളഞ്ഞു.’—മത്തായി 25:⁠28, 30.

പരിശോധന തുടരുന്നു

19. ഏതുവിധത്തിൽ പരിശോധന പ്രക്രിയ തുടരുന്നു, എല്ലാ അഭിഷിക്ത ക്രിസ്‌ത്യാനികളും എന്തു ചെയ്യാൻ ദൃഢചിത്തരാണ്‌?

19 യേശു 1918-ൽ തന്റെ പരിശോധന ആരംഭിച്ചപ്പോൾ, അന്ത്യകാലത്ത്‌ യേശുവിന്റെ അഭിഷിക്ത അടിമകൾ ആയിത്തീരാനിരുന്നവരിൽ ഭൂരിഭാഗവും യഹോവയെ സേവിച്ചു തുടങ്ങിയിരുന്നില്ല എന്നതു ശരിയാണ്‌. അവർ പരിശോധനയെ നേരിടാതെ പോയോ? ഒരിക്കലുമില്ല. വിശ്വസ്‌തനും വിവേകിയുമായ അടിമ ഒരു കൂട്ടമെന്ന നിലയിൽ പരിശോധനയിൽ വിജയിച്ച 1918/19 കാലഘട്ടം പരിശോധന പ്രക്രിയയുടെ തുടക്കം മാത്രമായിരുന്നു. ശാശ്വതമായി മുദ്രയിടപ്പെടുന്നതുവരെ ഓരോ അഭിഷിക്ത ക്രിസ്‌ത്യാനിയും പരിശോധനയിൻ കീഴിൽ ആയിരിക്കും. (വെളിപ്പാടു 7:⁠1-3) ഇതു തിരിച്ചറിഞ്ഞുകൊണ്ട്‌, ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാർ വിശ്വസ്‌തമായി ‘വ്യാപാരം’ ചെയ്യുന്നതിൽ തുടരാൻ ദൃഢചിത്തരാണ്‌. ശക്തമായി പ്രകാശം ചൊരിയത്തക്കവണ്ണം സമൃദ്ധമായി എണ്ണ കാത്തുസൂക്ഷിച്ചുകൊണ്ട്‌ വിവേകികൾ ആയിരിക്കാൻ അവർ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. ഓരോരുത്തനും വിശ്വസ്‌തതയോടെ തന്റെ ജീവിതഗതി പൂർത്തിയാക്കുമ്പോൾ സ്വർഗീയ വാസസ്ഥലത്ത്‌ യേശു അവനെ ചേർത്തുകൊള്ളും എന്ന്‌ അവർക്ക്‌ അറിയാം.​—⁠മത്തായി 24:⁠13; യോഹന്നാൻ 14:⁠2-4; 1 കൊരിന്ത്യർ 15:⁠50-52.

20. (എ) ഇന്ന്‌ മഹാപുരുഷാരം എന്തു ചെയ്യാൻ ദൃഢചിത്തരാണ്‌? (ബി) അഭിഷിക്ത ക്രിസ്‌ത്യാനികൾ എന്തു സംബന്ധിച്ച്‌ ബോധവാന്മാരാണ്‌?

20 വേറെ ആടുകളുടെ മഹാപുരുഷാരം തങ്ങളുടെ അഭിഷിക്ത സഹോദരന്മാരെ അനുകരിച്ചിരിക്കുന്നു. ദൈവോദ്ദേശ്യങ്ങളെ കുറിച്ചു തങ്ങൾക്കുള്ള അറിവ്‌ വലിയ ഉത്തരവാദിത്വം കൈവരുത്തുന്നു എന്ന്‌ അവർക്കറിയാം. (യെഹെസ്‌കേൽ 3:⁠17-21) തന്നിമിത്തം, യഹോവയുടെ വചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും സഹായത്തോടെ, പഠനത്തിലൂടെയും ക്രിസ്‌തീയ സഹവാസത്തിലൂടെയും അവരും എണ്ണ സമൃദ്ധമായി കരുതിവെക്കുന്നു. പ്രസംഗ, പഠിപ്പിക്കൽ വേലയിൽ പങ്കെടുക്കുകവഴി അഭിഷിക്ത സഹോദരന്മാരോടൊപ്പം ‘വ്യാപാരം ചെയ്‌തുകൊണ്ട്‌’ അവർ തങ്ങളുടെ പ്രകാശം പരത്തുന്നു. എന്നിരുന്നാലും, താലന്തുകൾ നൽകപ്പെട്ടിരിക്കുന്നത്‌ തങ്ങളുടെ കൈയിലാണ്‌ എന്നതു സംബന്ധിച്ച്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾ പൂർണമായും ബോധവാന്മാരാണ്‌. കർത്താവിന്റെ ഭൂമിയിലുള്ള സ്വത്തുക്കൾ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നതിന്‌ അവർ കണക്കുബോധിപ്പിക്കണം. എണ്ണത്തിൽ കുറവാണെങ്കിലും, തങ്ങളുടെ ഉത്തരവാദിത്വം മഹാപുരുഷാരത്തിനു വെച്ചൊഴിയാൻ അവർക്കു സാധ്യമല്ല. ഇതു മനസ്സിൽ പിടിച്ചുകൊണ്ട്‌, രാജാവിന്റെ വ്യാപാര കാര്യങ്ങൾ നോക്കിനടത്തുന്നതിൽ വിശ്വസ്‌തനും വിവേകിയുമായ അടിമ തുടർന്നും നേതൃത്വമെടുക്കുന്നു. മഹാപുരുഷാരത്തിലെ അർപ്പിതരായ അംഗങ്ങൾ നൽകുന്ന പിന്തുണയ്‌ക്ക്‌ അവർ നന്ദിയുള്ളവരാണ്‌. മഹാപുരുഷാരത്തിലെ അംഗങ്ങളാകട്ടെ, തങ്ങളുടെ അഭിഷിക്ത സഹോദരന്മാർക്കുള്ള ഉത്തരവാദിത്വം തിരിച്ചറിയുകയും അവരുടെ മേൽനോട്ടത്തിൻകീഴിൽ വേല ചെയ്യാൻ കഴിയുന്നത്‌ വിലയേറിയ പദവിയായി വീക്ഷിക്കുകയും ചെയ്യുന്നു.

21. സകല ക്രിസ്‌ത്യാനികൾക്കും 1919-നു മുമ്പു മുതൽ ഇന്നോളം ഏത്‌ ആഹ്വാനം ബാധകമാകുന്നു?

21 അതുകൊണ്ട്‌, ഈ രണ്ട്‌ ഉപമകൾ 1919-ലോ അതിനോടടുത്ത കാലഘട്ടത്തിലോ അരങ്ങേറിയ സംഭവവികാസങ്ങളുടെമേൽ വെളിച്ചം വീശുന്നവയാണെങ്കിലും അന്ത്യകാലത്തു ജീവിക്കുന്ന സകല സത്യ ക്രിസ്‌ത്യാനികൾക്കും തത്ത്വത്തിൽ അവ ബാധകമാണ്‌. ഈ വിധത്തിൽ, പത്തു കന്യകമാരെ കുറിച്ചുള്ള ഉപമയുടെ അവസാനം യേശു നൽകിയ ആഹ്വാനം മുഖ്യമായും 1919-നു മുമ്പുണ്ടായിരുന്ന അഭിഷിക്ത ക്രിസ്‌ത്യാനികൾക്കു ബാധകമാകുന്നതാണെങ്കിലും തത്ത്വത്തിൽ അത്‌ ഇപ്പോഴും ഓരോ ക്രിസ്‌ത്യാനിക്കും ബാധകമാണ്‌. അതുകൊണ്ട്‌, നമുക്ക്‌ ഓരോരുത്തർക്കും യേശുവിന്റെ ഈ വാക്കുകൾക്കു ശ്രദ്ധകൊടുക്കാം: “ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്‌കകൊണ്ടു ഉണർന്നിരിപ്പിൻ.”​—⁠മത്തായി 25:⁠13.

[അടിക്കുറിപ്പുകൾ]

^ ഖ. 2 സമാനമായി, അപ്പൊസ്‌തലന്മാരുടെ മരണശേഷം അഭിഷിക്ത ക്രിസ്‌തീയ മൂപ്പന്മാരുടെ ഗണത്തിൽനിന്നുതന്നെ “കൊടിയ ചെന്നായ്‌ക്കൾ” രംഗപ്രവേശം ചെയ്‌തു.​—⁠പ്രവൃത്തികൾ 20:⁠29, 30.

^ ഖ. 6 യേശുവിന്റെ ഉപമയുടെ മറ്റൊരു ചർച്ചയ്‌ക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “സമാധാനപ്രഭു”വിൻ കീഴിൽ ലോകവ്യാപക സുരക്ഷിതത്വം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 5, 6 അധ്യായങ്ങൾ കാണുക.

നിങ്ങൾക്കു വിശദീകരിക്കാമോ?

• യേശു തന്റെ അനുഗാമികളെ പരിശോധിച്ചത്‌ എപ്പോൾ, അവൻ എന്തു കണ്ടെത്തി?

• ചില അഭിഷിക്ത ക്രിസ്‌ത്യാനികൾ “ദുഷ്ട അടിമ”യുടെ മനോഭാവം വികസിപ്പിച്ചത്‌ എന്തുകൊണ്ട്‌?

• ആത്മീയമായി വിവേകികൾ ആണെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

• യേശുവിന്റെ വിശ്വസ്‌ത അഭിഷിക്ത സഹോദരന്മാരെ അനുകരിച്ചുകൊണ്ട്‌ ‘വ്യാപാരം ചെയ്യുന്നതിൽ’ തുടരാൻ നമുക്ക്‌ എങ്ങനെ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചതുരം]

യേശു വരുന്നത്‌ എപ്പോൾ?

മത്തായി 24, 25 അധ്യായങ്ങളിൽ, യേശു ‘വരുന്ന’തായി പറഞ്ഞിരിക്കുന്നത്‌ വ്യത്യസ്‌ത അർഥങ്ങളിലാണ്‌. ‘വരുന്ന’തിന്‌ അവൻ അക്ഷരാർഥത്തിൽ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു നീങ്ങേണ്ട ആവശ്യമില്ല. പകരം, മിക്കപ്പോഴുംതന്നെ ന്യായവിധിക്കായി, മനുഷ്യവർഗത്തിനുനേരെയോ തന്റെ അനുഗാമികൾക്കുനേരെയോ ശ്രദ്ധതിരിക്കുന്നു എന്ന അർഥത്തിലാണ്‌ അവൻ ‘വരുന്നത്‌.’ അങ്ങനെ, സിംഹാസനസ്ഥനായ രാജാവ്‌ എന്നനിലയിൽ തന്റെ സാന്നിധ്യം തുടങ്ങുന്നതിനായി 1914-ൽ അവൻ ‘വന്നു.’ (മത്തായി 16:⁠28; 17:⁠1; പ്രവൃത്തികൾ 1:⁠11) 1918-ൽ അവൻ ഉടമ്പടി ദൂതൻ എന്നനിലയിൽ ‘വന്ന്‌’ യഹോവയെ ആരാധിക്കുന്നു എന്ന്‌ അവകാശപ്പെട്ടവരെ ന്യായംവിധിക്കാൻ ആരംഭിച്ചു. (മലാഖി 3:⁠1-3; 1 പത്രൊസ്‌ 4:⁠17) അർമഗെദോനിൽ, യഹോവയുടെ ശത്രുക്കളുടെമേലുള്ള ന്യായവിധി നിർവഹണത്തിനായി അവൻ ‘വരും.’​—⁠വെളിപ്പാടു 19:⁠11-16.

മത്തായി 24:⁠29-44; 25:⁠31-46 എന്നിവിടങ്ങളിൽ അനേകം തവണ പരാമർശിച്ചിരിക്കുന്ന വരവ്‌ (അഥവാ, എത്തിച്ചേരൽ) “മഹോപദ്രവ”ത്തിന്റെ സമയത്ത്‌ നടക്കാനുള്ളതാണ്‌. (വെളിപ്പാടു 7:⁠14, NW) അതേസമയം, മത്തായി 24:⁠45 മുതൽ 25:⁠30 വരെ പല പ്രാവശ്യം പരാമർശിച്ചിരിക്കുന്ന വരവ്‌, ക്രിസ്‌തുശിഷ്യന്മാരെന്ന്‌ അവകാശപ്പെടുന്നവരുടെമേൽ 1918 മുതൽ അവൻ നടത്തുന്ന ന്യായവിധിയോടു ബന്ധപ്പെട്ടുള്ളതാണ്‌. ഉദാഹരണത്തിന്‌, വിശ്വസ്‌ത അടിമയ്‌ക്കു പ്രതിഫലം നൽകൽ, ബുദ്ധിയില്ലാത്ത കന്യകമാരുടെ ന്യായവിധി, യജമാനന്റെ താലന്ത്‌ നിലത്തു മറച്ചുവെച്ച മടിയനായ അടിമയുടെ ന്യായവിധി എന്നിവ മഹോപദ്രവത്തിന്റെ സമയത്ത്‌ യേശു ‘വരുമ്പോൾ’ ആയിരിക്കും എന്നു പറയുന്നത്‌ ന്യായയുക്തമായിരിക്കുകയില്ല. അങ്ങനെ പറയുന്നെങ്കിൽ, ആ സമയത്ത്‌ അനേകം അഭിഷിക്ത ക്രിസ്‌ത്യാനികൾ അവിശ്വസ്‌തരായി കണ്ടെത്തപ്പെടും എന്നും അവർക്കു പകരക്കാരെ തിരഞ്ഞെടുക്കേണ്ടിവരും എന്നുമായിരിക്കും അതിന്റെ അർഥം. എന്നാൽ, ആ സമയമാകുമ്പോഴേക്കും ക്രിസ്‌തുവിന്റെ സകല അഭിഷിക്ത അടിമകളെയും ശാശ്വതമായി “മുദ്രയിട്ടു” കഴിഞ്ഞിരിക്കും എന്ന്‌ വെളിപ്പാടു 7:⁠3 സൂചിപ്പിക്കുന്നു.

[14-ാം പേജിലെ ചിത്രം]

“ദുഷ്ട അടിമ”യ്‌ക്ക്‌ 1919-ൽ യാതൊരു അനുഗ്രഹങ്ങളും ലഭിച്ചില്ല

[15-ാം പേജിലെ ചിത്രം]

മണവാളൻ വന്നെത്തിയപ്പോൾ ബുദ്ധിയുള്ള കന്യകമാർ ഒരുങ്ങിയിരിക്കുകയായിരുന്നു

[17-ാം പേജിലെ ചിത്രം]

വിശ്വസ്‌തരായ അടിമകൾ “വ്യാപാര”ത്തിൽ ഏർപ്പെട്ടിരുന്നു

മടിയനായ അടിമ അങ്ങനെ ചെയ്‌തിരുന്നില്ല

[18-ാം പേജിലെ ചിത്രങ്ങൾ]

അഭിഷിക്തരും ‘മഹാപുരുഷാരവും’ തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതിൽ തുടരുന്നു