ഏഹൂദ് എതിരാളിയുടെ നുകം തകർക്കുന്നു
ഏഹൂദ് എതിരാളിയുടെ നുകം തകർക്കുന്നു
ഇത് ധൈര്യത്തിന്റെയും തന്ത്രത്തിന്റെയും ഒരു യഥാർഥ കഥയാണ്. ഏതാണ്ട് 3,000 വർഷങ്ങൾക്കു മുമ്പാണ് ഇതു നടന്നത്. ഈ സംഭവത്തെ കുറിച്ചുള്ള തിരുവെഴുത്തു വിവരണം പിൻവരുന്ന വാക്കുകളോടെ തുടങ്ങുന്നു: “യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു; അവർ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌കകൊണ്ടു യഹോവ മോവാബ്‌രാജാവായ എഗ്ലോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി. അവൻ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്‌പിച്ചു, അവർ ഈന്തപട്ടണവും കൈവശമാക്കി. അങ്ങനെ യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോനെ പതിനെട്ടു സംവത്സരം സേവിച്ചു.”—ന്യായാധിപന്മാർ 3:12-14.
മോവാബ്യരുടെ ദേശം യോർദ്ദാൻ നദിക്കും ചാവുകടലിനും കിഴക്കാണു സ്ഥിതിചെയ്യുന്നത്. പക്ഷേ അവർ നദി കുറുകെ കടന്ന് “ഈന്തനഗരമായ” യെരീഹോയ്‌ക്കു ചുറ്റുമുള്ള പ്രദേശം കൈവശമാക്കി യിസ്രായേല്യരുടെമേൽ വാഴ്‌ച നടത്തി. (ആവർത്തനപുസ്‌തകം 34:3) “തടിച്ചുകൊഴുത്ത,” ശരീരപ്രകൃതിയുള്ള മോവാബ്യ രാജാവായ എഗ്ലോൻ ഏതാണ്ട് രണ്ടു ദശകക്കാലം യിസ്രായേല്യരിൽനിന്ന് അവരെ ഞെരുക്കുന്നതും അപമാനിക്കുന്നതും ആയ വിധത്തിൽ കപ്പം പിടിച്ചുവാങ്ങിയിരുന്നു. (ന്യായാധിപന്മാർ 3:17, പി.ഒ.സി. ബൈബിൾ) എന്നിരുന്നാലും, കപ്പത്തോടുള്ള അദ്ദേഹത്തിന്റെ പ്രിയം, ആ ക്രൂരനായ സ്വേച്ഛാധികാരിയെ ഇല്ലാതാക്കാൻ ഒരു കനകാവസരം പ്രദാനം ചെയ്‌തു.
വിവരണം ഇപ്രകാരം പറയുന്നു: “യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ അവർക്കു ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്‌പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോന്നു കാഴ്‌ച [“കപ്പം,” NW] കൊടുത്തയച്ചു.” (ന്യായാധിപന്മാർ 3:15) കപ്പം കാഴ്‌ചവെക്കാൻ ഏഹൂദിനെത്തന്നെ തിരഞ്ഞെടുക്കുന്നുവെന്ന് യഹോവ ഉറപ്പു വരുത്തിയിരുന്നിരിക്കണം. അവൻ ഈ ജോലി ഇതിനു മുമ്പു ചെയ്‌തിട്ടുണ്ടോ എന്നതു സംബന്ധിച്ച് പരാമർശങ്ങളൊന്നുമില്ല. എന്നിരുന്നാലും, എഗ്ലോനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ഏഹൂദ് ശ്രദ്ധാപൂർവം തയ്യാറായ വിധവും പ്രയോഗിച്ച ഉപായങ്ങളും വെളിവാക്കുന്നത് അവന് എഗ്ലോന്റെ കൊട്ടാരം ഏതാണ്ടു പരിചിതമായിരുന്നിരിക്കാം എന്നും അവിടെ എന്തു പ്രതീക്ഷിക്കാം എന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നിരിക്കാം എന്നുമാണ്. ഇതിൽ എല്ലാം, അവൻ ഇടങ്കയ്യനായിരുന്നു എന്നത് പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമായിരുന്നു.
വികലാംഗനോ അതോ ഒരു യോദ്ധാവോ?
“ഇടങ്കയ്യൻ” എന്ന പദത്തിന്റെ എബ്രായ ഭാഷയിലുള്ള അർഥം ‘വലതു കൈ അടഞ്ഞ, വലതു കൈയ്‌ക്കു സ്വാധീനമില്ലാത്ത, വലതുകൈ ബന്ധിക്കപ്പെട്ട’ എന്നൊക്കെയാണ്. ഇതിന്റെ അർഥം ഏഹൂദ് വികലാംഗനോ, ഒരുപക്ഷേ വലതുകൈയ്‌ക്ക് വൈരൂപ്യം ഉള്ളവനോ ആയിരുന്നെന്നാണോ? ബെന്യാമീൻ ഗോത്രത്തിൽ നിന്നുള്ള ഇടങ്കയ്യന്മാരായ ‘എഴുനൂറു വിരുതന്മാരെ [“തിരഞ്ഞെടുക്കപ്പെട്ട എഴുന്നൂറു പേരെ,” NW]’ കുറിച്ച് ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക. “അവർ എല്ലാവരും ഒരു രോമത്തിന്നുപോലും ഏറുപിഴെക്കാത്ത കവിണക്കാർ ആയിരുന്നു” എന്ന് ന്യായാധിപന്മാർ 20:16 പ്രസ്‌താവിക്കുന്നു. അവരെ തിരഞ്ഞെടുത്തത്, യുദ്ധത്തിലെ ഇവരുടെ അതീവ നൈപുണ്യം നിമിത്തമായിരിക്കാൻ വളരെയേറെ സാധ്യതയുണ്ട്. ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ “ഇടങ്കയ്യൻ” എന്ന പദം, “ഇടങ്കയ്യും വലങ്കയ്യും ഉപയോഗിക്കുന്ന” ഒരുവനെ, അതായത് രണ്ടു കൈയ്‌ക്കും ഒരുപോലെ സ്വാധീനമുള്ള ഒരു വ്യക്തിയെ കുറിക്കുന്നു.—ന്യായാധിപന്മാർ 3:15, ഡൂവേ ഭാഷാന്തരം.
1 ദിനവൃത്താന്തം 12:1, 2-ൽ നാം വായിക്കുന്നു. അവർ ഈ പ്രാപ്‌തി നേടിയെടുത്തത് എങ്ങനെ ആയിരുന്നിരിക്കാം എന്നതിനെ കുറിച്ച് ഒരു പരാമർശ കൃതി പറയുന്നത് ഇപ്രകാരമാണ്: ‘കൊച്ചു കുട്ടികളുടെ വലതുകരങ്ങൾ ബന്ധിച്ച്, ഇടതു കൈയുടെ പ്രാവീണ്യം വികസിപ്പിച്ചെടുക്കാൻ അവരെ പഠിപ്പിക്കും.’ സാധാരണമായി വലങ്കയ്യന്മാരായ യോദ്ധാക്കളെ നേരിടാൻ ആയിരുന്നു യിസ്രായേലിന്റെ ശത്രുക്കൾ പരിശീലിപ്പിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് ഒരു ഇടങ്കയ്യൻ യോദ്ധാവിനെ അപ്രതീക്ഷിതമായി നേരിടേണ്ടിവന്നാൽ ശത്രു സൈനികന്റെ പരിശീലനം അധികവും നിരർഥകമാകുമായിരുന്നു.
ബെന്യാമീൻ ഗോത്രം അതിലെ ഇടങ്കയ്യന്മാരായ പുരുഷന്മാരെ പ്രതി കീർത്തികേട്ടതായിരുന്നു. ‘വീരന്മാരും യുദ്ധത്തിൽ തുണനിൽക്കുന്നവരും വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‌വാനും സമർത്ഥന്മാരുമായിരുന്ന’ ബെന്യാമീന്യരെ കുറിച്ച്രാജാവിനുള്ള “സ്വകാര്യം”
കൃത്യം നടത്താൻ “ഒരു ചുരിക” ഉണ്ടാക്കുക എന്നതായിരുന്നു ഏഹൂദിന്റെ ആദ്യ നടപടി. തന്റെ വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ കഴിയുന്ന, നീളം കുറഞ്ഞ ഇരുവായ്‌ത്തലയുള്ള ഒരു വാൾ ആയിരുന്നു അത്. തന്നെ പരിശോധിക്കാൻ സാധ്യതയുണ്ടെന്ന് അവന് അറിയാമായിരുന്നിരിക്കാം. വാളുകൾ സാധാരണ ശരീരത്തിന്റെ ഇടത്തു വശത്താണു സൂക്ഷിക്കാറുണ്ടായിരുന്നത്, വലതുകയ്യന്മാർക്കു പെട്ടെന്ന് അവ വലിച്ചൂരാനുള്ള സൗകര്യത്തിനായിരുന്നു ഇത്. എന്നാൽ ഇടങ്കയ്യനായ ഏഹൂദ്, തന്റെ ആയുധം “വസ്‌ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.” അവിടെയാണെങ്കിൽ രാജാവിന്റെ കാവൽക്കാർ തെരച്ചിൽ നടത്താനുള്ള സാധ്യത കുറവായിരുന്നു. അങ്ങനെ വിഘാതങ്ങളേതും ഇല്ലാതെ “അവൻ മോവാബ്‌രാജാവായ എഗ്ലോന്റെ അടുക്കൽ കാഴ്‌ച കൊണ്ടു ചെന്നു.”—ന്യായാധിപന്മാർ 3:16, 17.
എഗ്ലോന്റെ കൊട്ടാരത്തിൽ ആദ്യം നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും ലഭ്യമല്ല. ബൈബിൾ ഇത്രമാത്രം പറയുന്നു: “[ഏഹൂദ്] കാഴ്‌ചവെച്ചു കഴിഞ്ഞശേഷം കാഴ്‌ച ചുമന്നുകൊണ്ടു വന്നവരെ അവൻ അയച്ചുകളഞ്ഞു.” (ന്യായാധിപന്മാർ 3:18) ഏഹൂദ് കപ്പം കാഴ്‌ചവെച്ച ശേഷം കാഴ്‌ച ചുമന്നു കൊണ്ടുവന്നവരെ എഗ്ലോന്റെ വസതിയിൽനിന്നു സുരക്ഷിതമായ അകലം വരെ അനുഗമിച്ച് അവരെ പറഞ്ഞയച്ച ശേഷം തിരിച്ചുവന്നു. എന്തുകൊണ്ട്? അവൻ അവരെ കൊണ്ടുവന്നത് സംരക്ഷണത്തിനായിട്ട് ആയിരുന്നോ അതോ വെറും ഒരു പെരുമാറ്റവ്യവസ്ഥയുടെ പേരിൽ ആയിരുന്നോ? അല്ലെങ്കിൽ കേവലം കപ്പം ചുമട്ടുകാരായി കൊണ്ടുവന്നതായിരുന്നോ? തന്റെ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് അവർ സുരക്ഷിതമായ അകലത്തിൽ ആയിരിക്കണമെന്ന് അവൻ ആഗ്രഹിച്ചിരുന്നോ? ഏഹൂദിന്റെ മനോവിചാരങ്ങൾ എന്തായിരുന്നാലും ശരി അവൻ ഒറ്റയ്‌ക്ക് ധൈര്യത്തോടെ എഗ്ലോന്റെ വസതിയിലേക്കു തിരിച്ചുനടന്നു.
“[ഏഹൂദ്] ഗില്‌ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്നു: രാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു എന്നു പറഞ്ഞു.” അവൻ തിരിച്ച് എഗ്ലോന്റെ രാജസന്നിധിയിൽ പ്രവേശനം നേടിയെടുത്തത് എങ്ങനെയെന്നു തിരുവെഴുത്തുകൾ വിശദീകരിക്കുന്നില്ല. രാജാവിന്റെ കാവൽക്കാർ അവനെ സംശയിച്ചില്ലേ? ഒറ്റയ്‌ക്കുള്ള ഒരു യിസ്രായേല്യൻ തങ്ങളുടെ തമ്പുരാന് ഭീഷണിയായിരിക്കില്ലെന്ന് അവർ കരുതിയോ? ഒറ്റയ്‌ക്കുള്ള അവന്റെ തിരിച്ചുവരവ് അവൻ സ്വജനത്തിലുള്ളവരെ ചതിക്കുകയാണെന്ന ധാരണ ഉളവാക്കിയോ? എന്തായിരുന്നാലും, ഏഹൂദ് രാജാവുമായി ഒറ്റയ്‌ക്കൊരു കൂടിക്കാഴ്‌ചയ്‌ക്കുള്ള അവസരം തേടി. അവന് അതു തരപ്പെടുകയും ചെയ്‌തു.—ന്യായാധിപന്മാർ 3:19.
നിശ്വസ്‌ത വിവരണം ഇങ്ങനെ തുടരുന്നു: “ഏഹൂദ് അടുത്തുചെന്നു. എന്നാൽ അവൻ [എഗ്ലോൻ] തന്റെ ഗ്രീഷ്‌മഗൃഹത്തിൽ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാൻ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു.” ദൈവത്തിൽനിന്നുള്ള വാമൊഴി സന്ദേശത്തിന്റെ കാര്യമായിരുന്നില്ല അവൻ പറഞ്ഞത്. തന്റെ വാൾ പ്രയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ഏഹൂദിന്റെ മനസ്സിലുണ്ടായിരുന്നത്. തന്റെ ദേവനായ കെമോശിൽനിന്ന് എന്തെങ്കിലും സന്ദേശം കേൾക്കാമെന്നു പ്രതീക്ഷിച്ചിട്ടാവണം രാജാവ് “ആസനത്തിൽനിന്നു എഴുന്നേററു.” മിന്നൽ വേഗത്തിൽ ഏഹൂദ് തന്റെ ആയുധം വലിച്ചൂരി എഗ്ലോന്റെ വയറ്റിൽ കുത്തിയിറക്കി. വാളിന്റെ അലകിനും പിടിക്കും ഇടയിലായി കുറുകെയുള്ള ഖണ്ഡം ഇല്ലായിരുന്നതായി കാണപ്പെടുന്നു. അതുകൊണ്ട്, “വായ്‌ത്തലയുടെ പിന്നാലെ പിടിയും അകത്തു കടന്നു. . . . വായ്‌ത്തലയെ മേദസ്സു പൊതിഞ്ഞു. മലം പുറത്തു വന്നു.” (ഓശാന ബൈബിൾ) വിസർജ്യം മുറിവിലൂടെയോ എഗ്ലോന്റെ കുടലിൽനിന്ന് അനൈച്ഛികമായോ പുറത്തുവന്നതാകാം.—ന്യായാധിപന്മാർ 3:20-22.
അനായാസേന രക്ഷപ്പെടുന്നു
തന്റെ ചുരിക തിരിച്ചെടുക്കാൻ മിനക്കെടാതെ ‘ഏഹൂദ് പൂമുഖത്തു ഇറങ്ങി [“വായുസഞ്ചാര മാർഗത്തിലൂടെ ഇറങ്ങി,” NW]. [എന്നാൽ] മാളികയുടെ വാതിൽ അടെച്ചുപൂട്ടി. അവൻ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; അവർ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ: അവൻ ഗ്രീഷ്‌മഗൃഹത്തിൽ വിസർജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവർ പറഞ്ഞു.’—ന്യായാധിപന്മാർ 3:23, 24.
ഏഹൂദ് രക്ഷപ്പെട്ട ‘വായുസഞ്ചാര മാർഗം’ എന്തായിരുന്നു? “[ആ എബ്രായ പദത്തിന്റെ] കൃത്യമായ അർഥം അജ്ഞാതമാണ്” എന്ന് ഒരു പരാമർശ കൃതി പറയുന്നു. എന്നാൽ, അതിന് “‘സ്‌തംഭനിര,’ ‘പ്രവേശനമുറി’
എന്നിവയെ അർഥമാക്കാൻ കഴിയുമെന്നു പറയപ്പെടുന്നു.” ഏഹൂദ് വാതിൽ അകത്തുനിന്നു പൂട്ടിയിട്ട് മറ്റ് ഏതെങ്കിലും വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നോ? അതോ മരിച്ചുകിടക്കുന്ന രാജാവിന്റെ പക്കൽനിന്നും താക്കോൽ എടുത്ത് വാതിൽ പുറത്തുനിന്നു പൂട്ടുകയായിരുന്നോ? എന്നിട്ട്, യാതൊന്നും സംഭവിക്കാത്ത മട്ടിൽ അവൻ കാവൽക്കാരുടെ സമീപത്തുകൂടെ നടന്നു പോകുകയായിരുന്നോ? തിരുവെഴുത്തുകൾ അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഏഹൂദ് ഉപയോഗിച്ചത് ഏതു രീതി ആയിരുന്നാലും ശരി, വാതിൽ പൂട്ടിക്കിടക്കുന്നതു കണ്ടിട്ട് എഗ്ലോന്റെ ഭൃത്യന്മാർക്കു പെട്ടെന്ന് യാതൊരു സംശയവും തോന്നിയില്ല. രാജാവ് “വിസർജ്ജനത്തിന്നു ഇരിക്കയായിരിക്കും” എന്നാണ് അവർ വിചാരിച്ചത്.രാജഭൃത്യന്മാർ കാത്തിരുന്ന സമയം കൊണ്ട് ഏഹൂദ് രക്ഷപ്പെട്ടു. എന്നിട്ട് അവൻ തന്റെ ജനങ്ങളെ വിളിച്ചുകൂട്ടി ഇപ്രകാരം പറഞ്ഞു: “എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്‌പിച്ചിരിക്കുന്നു.” ഏഹൂദിന്റെ ആളുകൾ, യോർദ്ദാൻ നദിയുടെ തന്ത്രപ്രധാനമായ കടവുകൾ പിടിച്ചടക്കിക്കൊണ്ട് നാഥനില്ലാത്ത മോവാബ്യർ തങ്ങളുടെ സ്വദേശത്തേക്ക് ഓടിപ്പോകുന്നതു തടഞ്ഞു. അങ്ങനെ, “[ഇസ്രായേല്യർ] ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു; ഒരുത്തനും ചാടിപ്പോയില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്തിന്നു എണ്‌പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്‌തു.”—ന്യായാധിപന്മാർ 3:25-30.
നമുക്കു പഠിക്കാൻ കഴിയുന്ന പാഠങ്ങൾ
യഹോവയുടെ ദൃഷ്ടിയിൽ മോശമായതു ചെയ്യുമ്പോൾ അതിന് ദാരുണമായ പരിണതഫലങ്ങൾ ഉണ്ടാകുമെന്ന് ഏഹൂദിന്റെ നാളിൽ സംഭവിച്ച സംഗതികൾ നമ്മെ പഠിപ്പിക്കുന്നു. അതേസമയം, അനുതപിച്ചു തന്നിലേക്കു തിരിയുന്നവരെ യഹോവ സഹായിക്കുകയും ചെയ്യുന്നു.
ഏഹൂദിന്റെ പദ്ധതികൾ വിജയിച്ചത് അവന്റെ സാമർഥ്യം കൊണ്ടോ ശത്രുക്കളുടെ കഴിവുകേടുകൊണ്ടോ അല്ല. ദിവ്യ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണം മാനുഷ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നില്ല. തന്റെ ജനത്തെ വിടുവിക്കാനുള്ള സുനിശ്ചിത ദിവ്യഹിതത്തിനു ചേർച്ചയിൽ ഏഹൂദ് പ്രവർത്തിച്ചപ്പോൾ അവന് ദൈവത്തിന്റെ പിന്തുണ ലഭിച്ചു എന്നതാണ് അവന്റെ വിജയത്തിന്റെ പ്രഥമ കാരണം. ദൈവം ഏഹൂദിനെ എഴുന്നേൽപ്പിച്ചിരുന്നു, ‘യഹോവ തന്റെ ജനത്തിനു ന്യായാധിപന്മാരെ എഴുന്നേല്‌പിച്ചപ്പോൾ യഹോവ അതതു ന്യായാധിപനോടു കൂടെയിരുന്നു.’—ന്യായാധിപന്മാർ 2:18; 3:15.