വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പർവ്വതങ്ങളെക്കാൾ നീ മഹിമ ഉള്ളവനാകുന്നു’

‘പർവ്വതങ്ങളെക്കാൾ നീ മഹിമ ഉള്ളവനാകുന്നു’

യഹോവയുടെ സൃഷ്ടിയിലെ വിസ്‌മയം

‘പർവ്വതങ്ങളെക്കാൾ നീ മഹിമ ഉള്ളവനാകുന്നു’

ഫുജി പർവത ശൃംഗത്തിൽനിന്നു നോക്കുമ്പോൾ കാണുന്ന പ്രഭാതം മിഴിതുറന്നെത്തുന്ന ആ കാഴ്‌ച ഒരു അവിസ്‌മരണീയ അനുഭവമാണ്‌. തീജ്വാലയുടെ നിറം പുരണ്ട ഉദയസൂര്യൻ ചക്രവാളത്തിനു മീതെ ജ്വലിച്ചുയർന്ന്‌ പുതുമഞ്ഞിനെയും ചാരനിറമുള്ള ലാവാ ശിലകളെയും തേജോമയമാക്കുന്നു. നേരം പുലരവേ, പർവതത്തിന്റെ വ്യതിരിക്ത ഛായ പൊടുന്നനെ കുന്നുകളുടെയും താഴ്‌വാരങ്ങളുടെയും മീതെ കിലോമീറ്ററുകളോളം പരക്കുന്നു.

ഫുജി പർവതത്തെപ്പോലെ​—⁠ആദിമ ചൈനീസ്‌ ലിപികളിൽ ഇതിന്റെ അർഥം “അതുല്യമായത്‌” എന്നാണ്‌.​—⁠ഗാംഭീര്യമേറിയ പർവതങ്ങൾ എന്നും നമ്മെ വിസ്‌മയഭരിതരാക്കിയിട്ടുണ്ട്‌. വാസ്‌തവത്തിൽ, അവയുടെ ഭയങ്കര വലുപ്പം നാം ഒന്നുമല്ല എന്ന തോന്നൽ നമ്മിൽ ഉളവാക്കിയേക്കാം! മിക്കപ്പോഴും മൂടൽമഞ്ഞും മേഘങ്ങളും കൊണ്ടു മൂടുപടമണിഞ്ഞു കിടക്കുന്ന ഉത്തുംഗശൃംഗങ്ങൾ ദൈവങ്ങളുടെ വാസസ്ഥാനങ്ങളാണെന്ന്‌ അനേകരും വിശ്വസിച്ചുപോന്നിരിക്കുന്നു. അത്ര ഗാംഭീര്യമുണ്ട്‌ പർവതങ്ങൾക്ക്‌.

മഹത്തായ പർവത ശൃംഗങ്ങളുടെ അതിവിദഗ്‌ധ സ്രഷ്ടാവെന്ന നിലയിൽ അവയ്‌ക്കുള്ള യഥാർഥ ബഹുമതി അർഹിക്കുന്ന ഏക ദൈവം യഹോവയാണ്‌. അവൻ മാത്രമാണ്‌ ‘പർവ്വതങ്ങളെ നിർമ്മിച്ചവൻ.’ (ആമോസ്‌ 4:⁠13) ഭൂമിയുടെ ഏതാണ്ട്‌ നാലിൽ ഒരു ഭാഗം പർവത പ്രദേശങ്ങളാണ്‌. നമ്മുടെ ഗ്രഹത്തെ സൃഷ്ടിച്ചപ്പോൾ ദൈവം സ്ഥാപിച്ച ഭൗമിക ബലങ്ങൾ ഒടുവിൽ ഗംഭീര കൊടുമുടികൾക്കും പർവതനിരകൾക്കും രൂപം നൽകി. (സങ്കീർത്തനം 95:⁠4) ഉദാഹരണത്തിന്‌, ഭൂമിക്കുള്ളിൽ ഉണ്ടായ അതിശക്തമായ സംക്ഷോഭങ്ങളുടെയും ഭൂവൽക്ക ഫലകങ്ങളുടെ ചലനത്തിന്റെയും ഫലമായാണ്‌ ഹിമാലയത്തിലെയും ആൻഡീസിലെയും ഗിരിനിരകൾ രൂപം കൊണ്ടത്‌ എന്നു കരുതപ്പെടുന്നു.

പർവതങ്ങൾ എങ്ങനെ, എന്തിന്‌ അസ്‌തിത്വത്തിൽ വന്നു എന്ന്‌ മനുഷ്യരായ നമുക്കു പൂർണമായി അറിയില്ല. വാസ്‌തവത്തിൽ, നീതിമാനായ ഇയ്യോബിനോട്‌ യഹോവ ചോദിച്ച പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാൻ നമുക്കാവില്ല: “ഞാൻ [യഹോവ] ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? . . . അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?”—ഇയ്യോബ്‌ 38:⁠4, 5, 7.

എന്നിരുന്നാലും, നമ്മുടെ ജീവിതം പർവതങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന വസ്‌തുത നമുക്കറിയാം. അവയെ പ്രകൃതിയുടെ ജല ഗോപുരങ്ങൾ എന്നു വിളിച്ചിരിക്കുന്നു. എല്ലാ പ്രമുഖ നദികളും പോഷിപ്പിക്കപ്പെടുന്നത്‌ പർവതങ്ങളിലെ ഉറവുകളിൽനിന്നായതുകൊണ്ടും ഭൂവാസികളിൽ പകുതി വെള്ളത്തിനായി പർവതങ്ങളെ ആശ്രയിക്കുന്നതുകൊണ്ടും ആണിത്‌. (സങ്കീർത്തനം 104:⁠13) ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നതനുസരിച്ച്‌, “ലോകത്തിലെ 20 പ്രമുഖ ഭക്ഷ്യവിളകളിൽ ആറെണ്ണത്തിന്റെ ഉത്ഭവം പർവതങ്ങളിലാണ്‌.” ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിലെ സന്തുലിതമായ പാരിസ്ഥിതിക അവസ്ഥകളിൻ കീഴിൽ “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”​—⁠സങ്കീർത്തനം 72:⁠16; 2 പത്രൊസ്‌ 3:⁠13.

പർവതങ്ങളെ കുറിച്ചു കേൾക്കുമ്പോൾ അനേകരുടെയും മനസ്സിലെത്തുന്ന ചിത്രം യൂറോപ്പിലെ ആൽപ്‌സിന്റേതാണ്‌. ഇവിടെ കാണിച്ചിരിക്കുന്ന ചിവെറ്റാ പർവതം ഉൾപ്പെടെയുള്ള ഈ ഗിരിനിരകൾ ഒരു സ്രഷ്ടാവുണ്ട്‌ എന്ന വസ്‌തുതയെ അത്ഭുതകരമാം വിധം വിളിച്ചോതുന്നു. (സങ്കീർത്തനം 98:⁠8) അവ, “തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്ന”വനായ യഹോവയെ സ്‌തുതിക്കുന്നു.​—⁠സങ്കീർത്തനം 65:⁠6. *

ഹിമാവൃതമായ പർവത ശിഖരങ്ങളും മഞ്ഞുമൂടിയ ചെരിവുകളും താഴ്‌വാരങ്ങളും തടാകങ്ങളും പുൽത്തകിടികളും എല്ലാം ഒത്തുചേരുന്ന ആൽപ്‌സിന്റെ പ്രൗഢി ഭയഗംഭീരം തന്നെ. ദാവീദ്‌ രാജാവ്‌ യഹോവയെ, “പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്ന”വൻ ആയി തിരിച്ചറിയിച്ചു.​—⁠സങ്കീർത്തനം 147:⁠8.

ഇവിടെ കാണിച്ചിരിക്കുന്ന, ചൈനയിലെ ഗ്വേലിനിലുള്ള മലകൾ പോലെയുള്ള മലനിരകൾ ആൽപ്‌സിന്റെയത്രയും വിസ്‌മയജനകമല്ലെന്നു തോന്നാം. പക്ഷേ അവ അനുപമമാം വിധം സുന്ദരമാണ്‌. ലി നദിയുടെ കരയിൽ നിലകൊള്ളുന്ന ചുണ്ണാമ്പുകൽശൃംഗങ്ങളുടെ നിരകൾ അവയുടെ ചാരുതയാൽ സന്ദർശകരുടെ മനം കവരുന്നു. മൂടൽമഞ്ഞണിഞ്ഞ ഈ ഗിരിനിരകളിലൂടെ തെളിനീര്‌ ഒഴുകുന്നതു കാണുമ്പോൾ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ ഒരുവന്റെ ഓർമയിൽ തെളിഞ്ഞുവന്നേക്കാം: “അവൻ [യഹോവ] ഉറവുകളെ താഴ്‌വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു.”​—⁠സങ്കീർത്തനം 104:⁠10.

പർവതങ്ങൾ മനുഷ്യവർഗത്തിന്റെ ക്ഷേമത്തിനും ആസ്വാദനത്തിനുമായുള്ള സ്രഷ്ടാവിന്റെ സ്‌നേഹപൂർവകമായ കരുതലിന്റെ ഒരു പ്രൗഢഗംഭീരമായ ഭാഗമാണെന്നു നാം തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ അവ നമ്മുടെ ഹൃദയം കവരുന്നു. എന്നാൽ, പർവതങ്ങൾ ഭയഗംഭീരം ആയിരുന്നേക്കാമെങ്കിലും അവയ്‌ക്ക്‌ യഹോവയുടെ മഹിമയോടു കിടപിടിക്കാനാകില്ല. അവൻ വാസ്‌തവമായും ‘പർവ്വതങ്ങളെക്കാൾ മഹിമ ഉള്ളവനാകുന്നു.’​—⁠സങ്കീർത്തനം 76:⁠4.

[അടിക്കുറിപ്പ്‌]

^ ഖ. 8 2004 യഹോവയുടെ സാക്ഷികളുടെ കലണ്ടർ, മാർച്ച്‌/ഏപ്രിൽ കാണുക.

[9-ാം പേജിലെ ചതുരം/ചിത്രം]

ലോക ജനസംഖ്യയുടെ പത്തു ശതമാനം പർവത പ്രദേശങ്ങളിലാണു വസിക്കുന്നത്‌. എന്നാൽ ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കുന്നവർക്ക്‌ അതൊന്നും മറികടക്കാനാവാത്ത ഒരു തടസ്സമല്ല. ഉയരം ഏറെയുള്ള ഒട്ടേറെ പ്രദേശങ്ങളിൽ ഈ ക്രിസ്‌തീയ ശുശ്രൂഷകർ വളരെ തിരക്കിലാണ്‌. “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും . . . ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!”​—⁠യെശയ്യാവു 52:⁠7.

‘ഉയർന്നമലകൾ കാട്ടാടുകൾക്കുള്ളത്‌ [“മലയാടുകൾക്കുള്ളത്‌,” NW],’ സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 104:⁠18) പ്രൗഢിയേറിയ കൊമ്പുകളുള്ള നൂബിയൻ ഐബക്‌സിനെ പോലെയുള്ള മലയാടുകൾ പർവത വാസികളിൽ തെല്ലും ലക്ഷ്യം പിഴയ്‌ക്കാത്ത കാലുകളുള്ളവയിൽപ്പെടുന്നു. കടന്നുപോകാൻ പറ്റാത്തവിധം അത്ര ഇടുങ്ങിയതായി കാണപ്പെടുന്ന വക്കുകളിലൂടെ അവ നടക്കുന്നു. എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിൽ വസിക്കുന്നതിന്‌ ഐബക്‌സ്‌ തികച്ചും സജ്ജമാണ്‌. ഇത്‌ ഭാഗികമായി അതിന്റെ കുളമ്പുകളുടെ നിർമിതി മൂലമാണ്‌. കുളമ്പിനടിയിലെ പിളർപ്പ്‌ ആടിന്റെ ഭാരത്തിന്‌ അനുസൃതമായി വികസിക്കുന്നവയാണ്‌. പാറക്കെട്ടുകളുടെ ഉന്തിനിൽക്കുന്ന ഇടുങ്ങിയ വക്കുകളിൽ നിൽക്കുകയോ അതിലൂടെ നീങ്ങുകയോ ചെയ്യുമ്പോൾ നല്ല പിടുത്തം കിട്ടാൻ ഈ പ്രത്യേകത അതിനെ സഹായിക്കുന്നു. നിസ്സംശയമായും, ഐബക്‌സ്‌ ഒരു അത്യുത്‌കൃഷ്ട രൂപകൽപ്പനയാണ്‌!

[9-ാം പേജിലെ ചിത്രം]

ജപ്പാനിലെ ഹോൻഷൂവിലുള്ള ഫുജി പർവതം