വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെസ്റ്റ്‌ഫാലിയ സമാധാനക്കരാർ യൂറോപ്പിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവ്‌

വെസ്റ്റ്‌ഫാലിയ സമാധാനക്കരാർ യൂറോപ്പിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവ്‌

വെസ്റ്റ്‌ഫാലിയ സമാധാനക്കരാർ യൂറോപ്പിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവ്‌

“ഇന്ന്‌ ഇവിടെ കൂടിവന്നിരിക്കുന്നതുപോലെ കൂടിവരിക എന്നുള്ളത്‌ നിരവധി യൂറോപ്യൻ രാഷ്‌ട്രത്തലവന്മാരെയും സംബന്ധിച്ചിടത്തോളം തീർച്ചയായും ഒരു അസാധാരണ സംഭവമാണ്‌.” 1998 ഒക്ടോബറിൽ, ഫെഡറൽ റിപ്പബ്ലിക്ക്‌ ഓഫ്‌ ജർമനിയുടെ മുൻ പ്രസിഡന്റായിരുന്ന റോമാൻ ഹെർട്‌സോക്ക്‌ നടത്തിയ പ്രസ്‌താവനയാണിത്‌. ഈ അഭിപ്രായ പ്രകടനത്തിന്റെ സമയത്ത്‌ സദസ്സിൽ നാലു രാജാക്കന്മാർ, നാലു രാജ്ഞിമാർ, രണ്ടു പ്രഭുക്കന്മാർ, ഒരു ഗ്രാൻഡ്‌ ഡ്യൂക്ക്‌, ഏതാനും പ്രസിഡന്റുമാർ എന്നിവർ ഹാജരുണ്ടായിരുന്നു. യൂറോപ്യൻ കൗൺസിൽ ഏറ്റെടുത്തുനടത്തിയ ഈ കൂടിവരവ്‌ ആധുനിക ജർമൻ രാഷ്‌ട്രത്തിന്റെ 50 വർഷത്തെ ചരിത്രത്തിൽ അരങ്ങേറിയ അതിപ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു. ഏതായിരുന്നു ഈ സന്ദർഭം?

1998 ഒക്ടോബർ, വെസ്റ്റ്‌ഫാലിയ സമാധാനക്കരാറിന്റെ 350-ാം വാർഷികം ആയിരുന്നു. സമാധാനക്കരാറുകൾ പലപ്പോഴും ചരിത്രത്തിൽ വഴിത്തിരിവുകൾ സൃഷ്ടിക്കുന്ന നിർണായകസന്ധികളാണ്‌. ഇക്കാര്യത്തിൽ വെസ്റ്റ്‌ഫാലിയ സമാധാനക്കരാർ സവിശേഷതയുള്ള ഒന്നായിരുന്നു. 1648-ൽ ഈ കരാർ ഒപ്പുവെച്ചത്‌ ‘മുപ്പതു വർഷ യുദ്ധ’ത്തിന്‌ അന്ത്യം കുറിക്കുകയും പരമാധികാര രാഷ്‌ട്രങ്ങൾ അടങ്ങുന്ന ഭൂഖണ്ഡമെന്ന നിലയിലുള്ള ആധുനിക യൂറോപ്പിന്റെ പിറവിക്കു വഴിതെളിക്കുകയും ചെയ്‌തു.

ഒരു പഴയ വ്യവസ്ഥിതി ഉലയുന്നു

മധ്യയുഗങ്ങളിൽ, യൂറോപ്പിൽ ഏറ്റവും അധികാരം കൈയാളിയിരുന്ന സ്ഥാപനങ്ങൾ റോമൻ കത്തോലിക്കാ സഭയും വിശുദ്ധ റോമാ സാമ്രാജ്യവുമായിരുന്നു. പല വലുപ്പത്തിലുള്ള നൂറുകണക്കിന്‌ എസ്റ്റേറ്റുകൾ അടങ്ങിയതായിരുന്നു സാമ്രാജ്യം. ഇതിന്റെ മൊത്തം ഭൂവിസ്‌തൃതി ഇപ്പോഴത്തെ ഓസ്‌ട്രിയ, ചെക്ക്‌ റിപ്പബ്ലിക്ക്‌, കിഴക്കൻ ഫ്രാൻസ്‌, ജർമനി, സ്വിറ്റ്‌സർലൻഡ്‌, ബെൽജിയം, നെതർലൻഡ്‌സ്‌, ലക്‌സംബർഗ്‌, ഇറ്റലിയുടെ ഭാഗങ്ങൾ എന്നിവയുടെ വിസ്‌തൃതിയുടെ ആകെത്തുകയായിരുന്നു. സാമ്രാജ്യത്തിന്റെ സിംഹഭാഗവും ജർമൻ എസ്റ്റേറ്റുകൾ ചേർന്നതായിരുന്നതിനാൽ ഇത്‌ ജർമൻ രാഷ്‌ട്രത്തിന്റെ വിശുദ്ധ റോമാ സാമ്രാജ്യം എന്ന്‌ അറിയപ്പെടാനിടയായി. ഓരോ എസ്റ്റേറ്റിലും ഒരു പ്രഭു ഭാഗികമായ സ്വയം ഭരണം നടത്തിപ്പോന്നു. ഓസ്‌ട്രിയയിലെ ഹാപ്‌സ്‌ബർഗ്‌ കുടുംബാംഗമായിരുന്ന ഒരു റോമൻ കത്തോലിക്കൻതന്നെയായിരുന്നു ചക്രവർത്തി. അങ്ങനെ, പാപ്പാധികാരവും സാമ്രാജ്യത്തിന്റെ ശക്തിയും ഇഴചേർന്നപ്പോൾ യൂറോപ്പ്‌ റോമൻ കത്തോലിക്കാ കരങ്ങളിൽ അമർന്നു.

എന്നിരുന്നാലും, 16-ഉം 17-ഉം നൂറ്റാണ്ടുകളിൽ സ്ഥാപിത വ്യവസ്ഥിതിക്ക്‌ ഉലച്ചിൽ തട്ടി. റോമൻ കത്തോലിക്കാ സഭയുടെ ധാരാളിത്തത്തിനെതിരെ യൂറോപ്പിലെങ്ങും അതൃപ്‌തി പ്രകടമായി. ബൈബിൾ നിലവാരങ്ങളിലേക്കു തിരിച്ചുപോകാൻ ആഹ്വാനം ചെയ്‌തുകൊണ്ട്‌ മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ എന്നിവരെപ്പോലെയുള്ള മതനവീകർത്താക്കൾ രംഗത്തിറങ്ങി. ലൂഥറിനും കാൽവിനും വ്യാപകമായ പിന്തുണ കിട്ടി. ഈ പ്രസ്ഥാനം നവീകരണത്തിന്റെയും പ്രൊട്ടസ്റ്റന്റ്‌ മതങ്ങളുടെയും വളർച്ചയ്‌ക്കു വഴിതുറന്നു. നവീകരണം സാമ്രാജ്യത്തെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി പിളർന്നു​—⁠കത്തോലിക്കർ, ലൂഥറന്മാർ, കാൽവിനിസ്റ്റുകൾ.

കത്തോലിക്കർ പ്രൊട്ടസ്റ്റന്റുകാരെ സന്ദേഹത്തോടെ വീക്ഷിച്ചു. പ്രൊട്ടസ്റ്റന്റുകാരാകട്ടെ തങ്ങളുടെ കത്തോലിക്കാ പ്രതിയോഗികളെ അവജ്ഞയോടെയും. ഈ അന്തരീക്ഷം 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രൊട്ടസ്റ്റന്റ്‌ യൂണിയനും കത്തോലിക്കാ സഖ്യവും രൂപം കൊള്ളുന്നതിലേക്കു നയിച്ചു. സാമ്രാജ്യത്തിലെ പ്രഭുക്കന്മാരിൽ ചിലർ യൂണിയനിലും മറ്റുചിലർ സഖ്യത്തിലും ചേർന്നു. യൂറോപ്പിൽ​—⁠പ്രത്യേകിച്ചും വിശുദ്ധ സാമ്രാജ്യത്തിൽ​—⁠സകലരുടെയും കണ്ണുകളിൽ പരസ്‌പര സംശയത്തിന്റെ നിഴൽ മൂടി. എല്ലാം പുകച്ചുരുളുകളായി മാറാൻ ഒരു ചെറിയ തീപ്പൊരി മതിയായിരുന്നു. അവസാനം ആ തീപ്പൊരി വീണപ്പോൾ അടുത്ത 30 വർഷം നീണ്ടുനിന്ന പോരാട്ടത്തിന്‌ അതു തിരികൊളുത്തി.

മാരകമായ ഒരു തീപ്പൊരി യൂറോപ്പിനെ അഗ്നിയിലാഴ്‌ത്തുന്നു

തങ്ങൾക്ക്‌ കൂടുതൽ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രൊട്ടസ്റ്റന്റ്‌ ഭരണാധികാരികൾ കത്തോലിക്കരായ ഹാപ്‌സ്‌ബർഗുകളെ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ കടുത്ത അനിഷ്ടത്തോടെയാണ്‌ അതിന്‌ സമ്മതം ലഭിച്ചത്‌. മാത്രമല്ല, 1617-18 കാലയളവിൽ ബൊഹീമിയയിൽ (ചെക്ക്‌ റിപ്പബ്ലിക്ക്‌) ഉണ്ടായിരുന്ന രണ്ടു ലൂഥറൻ പള്ളികൾ ബലംപ്രയോഗിച്ച്‌ അടച്ചുപൂട്ടുകയും ചെയ്‌തു. അത്‌ പ്രൊട്ടസ്റ്റന്റ്‌ കുലീനവർഗത്തെ പ്രകോപിപ്പിക്കുകയും അവർ പ്രാഗിലെ ഒരു കൊട്ടാരത്തിലേക്ക്‌ ഇരച്ചുകയറി മൂന്നു കത്തോലിക്കാ അധികാരികളെ പിടിച്ച്‌ മുകൾനിലയിലെ ഒരു ജനാലയിലൂടെ പുറത്തേക്ക്‌ എറിയുകയും ചെയ്‌തു. ഇതായിരുന്നു യൂറോപ്പിനെ അഗ്നിയിലാഴ്‌ത്തിയ ആ തീപ്പൊരി.

അവർ സമാധാന പ്രഭുവായ യേശുക്രിസ്‌തുവിന്റെ അനുഗാമികളെന്നു സ്വയം കരുതിയിരുന്നെങ്കിലും ഇടഞ്ഞുനിൽക്കുന്ന ഇരുമതങ്ങളുടെയും അനുയായികൾ പരസ്‌പരം കടിച്ചുകീറാൻ ഒരുങ്ങിനിന്നു. (യെശയ്യാവു 9:6) വൈറ്റ്‌ മൗണ്ടൻ യുദ്ധത്തിൽ കത്തോലിക്കാ സഖ്യം പ്രൊട്ടസ്റ്റന്റ്‌ യൂണിയനെ അതിദയനീയമായി പരാജയപ്പെടുത്തി. തത്‌ഫലമായി യൂണിയൻ വിഘടിപ്പിക്കപ്പെട്ടു. പ്രൊട്ടസ്റ്റന്റ്‌ കുലീനന്മാർ പ്രാഗിലെ ചന്തസ്ഥലത്തുവെച്ചു വധിക്കപ്പെട്ടു. ബൊഹീമിയയിൽ എല്ലാടവും തങ്ങളുടെ വിശ്വാസം തള്ളിപ്പറയാത്ത പ്രൊട്ടസ്റ്റന്റുകാരുടെ വസ്‌തുവകകൾ കണ്ടുകെട്ടി അവ കത്തോലിക്കർക്കിടയിൽ വിതരണം ചെയ്‌തു. 1648​—⁠ക്രിക്‌ ഉൺട്‌ ഫ്രീഡൻ ഇൻ ഓയിറോപ്പാ (1648​—⁠യൂറോപ്പിലെ യുദ്ധവും സമാധാനവും) എന്ന പുസ്‌തകം ഈ കണ്ടുകെട്ടലിനെ “മധ്യ യൂറോപ്പിലെ എക്കാലത്തെയും വലിയ ഒരു ഉടമസ്ഥതാ മാറ്റം” എന്നു വർണിക്കുന്നു.

ബൊഹീമിയയിൽ ഒരു മത പോരാട്ടമായി തുടങ്ങിയ സംഗതി രാഷ്‌ട്രീയ മേൽക്കോയ്‌മയ്‌ക്കു വേണ്ടിയുള്ള രാഷ്‌ട്രാന്തര പോരാട്ടമായി ശക്തിപ്രാപിച്ചു. തുടർന്നുവന്ന 30 വർഷക്കാലം, ഡെൻമാർക്ക്‌, ഫ്രാൻസ്‌, നെതർലൻഡ്‌സ്‌, സ്‌പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങൾ യുദ്ധത്തിലേക്കു വലിച്ചിഴയ്‌ക്കപ്പെട്ടു. പലപ്പോഴും അത്യാർത്തിയും അധികാര ദുർമോഹവും മൂത്ത്‌ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമായ ഭരണാധികാരികൾ രാഷ്‌ട്രീയ മേൽക്കോയ്‌മയ്‌ക്കും വ്യാപാര നേട്ടത്തിനും വേണ്ടി കൗശലപൂർവം കരുക്കൾ നീക്കി. മുപ്പതു വർഷ യുദ്ധത്തെ പല ഘട്ടങ്ങളായി തിരിച്ച്‌, ഓരോന്നിനും ചക്രവർത്തിയുടെ മുഖ്യ എതിരാളികളുടെ പേരുകൾ നൽകപ്പെട്ടു. വ്യത്യസ്‌ത പരാമർശ കൃതികൾ അത്തരത്തിലുള്ള നാല്‌ ഘട്ടങ്ങളെ കുറിച്ചു പറയുന്നുണ്ട്‌: ബൊഹീമിയൻ-പാലറ്റൈൻ യുദ്ധം, ഡാനിഷ്‌-ലോവർ സാക്‌സണി യുദ്ധം, സ്വീഡിഷ്‌ യുദ്ധം, ഫ്രഞ്ച്‌-സ്വീഡിഷ്‌ യുദ്ധം. പോരാട്ടങ്ങളിൽ അധികവും അരങ്ങേറിയത്‌ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ മണ്ണിലായിരുന്നു.

ആ കാലത്തെ പടക്കോപ്പുകളിൽ പിസ്റ്റൾ, മസ്‌കറ്റ്‌ (ഒരിനം തോക്ക്‌), മോർട്ടാർ, പീരങ്കികൾ എന്നിവ ഉൾപ്പെട്ടിരുന്നു. സ്വീഡൻകാർ ആയിരുന്നു പ്രമുഖ ആയുധ വിതരണക്കാർ. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും പോരാട്ടത്തിൽ എരിവോടെ ഏർപ്പെട്ടു. പട്ടാളക്കാർ, “സാന്റാ മാരിയ” (കത്തോലിക്കാ മുദ്രാവാക്യം) എന്നോ “ദൈവം നമ്മോടുകൂടെ” എന്നോ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടു പടക്കളത്തിലേക്കിറങ്ങി. എതിരാളികളെയും സൈനികരല്ലാത്തവരെയും മൃഗതുല്യരായി കരുതിക്കൊണ്ട്‌ സൈന്യങ്ങൾ ജർമൻ എസ്റ്റേറ്റുകളിലൂടെ കൊള്ളയടിച്ചു മുന്നേറി. യുദ്ധം കിരാതത്വത്തിലേക്ക്‌ അധഃപതിച്ചു. “ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല” എന്ന ബൈബിൾ പ്രവചനത്തിന്‌ എത്ര കടക വിരുദ്ധം!​—⁠മീഖാ 4:⁠3.

ഈ കാലയളവിൽ യുദ്ധമൊഴികെ മറ്റൊന്നിനെ കുറിച്ചും അറിവില്ലാത്ത ഒരു ജർമൻ തലമുറ വളർന്നുവന്നു. പരിക്ഷീണരായ ജനങ്ങൾ സമാധാനത്തിനുവേണ്ടി അതിയായി വാഞ്‌ഛിച്ചു. ഭരണാധിപന്മാർക്ക്‌ പരസ്‌പര വിരുദ്ധമായ രാഷ്‌ട്രീയ താത്‌പര്യങ്ങൾ ഇല്ലായിരുന്നില്ലെങ്കിൽ സമാധാനം കൈവരിക്കാമായിരുന്നു എന്നു തോന്നുന്നു. യുദ്ധത്തിന്റെ മതപരമായ ഭാവം നഷ്ടപ്പെട്ട്‌ അത്‌ കൂടുതൽ കൂടുതൽ രാഷ്‌ട്രീയ സ്വഭാവം ഉള്ളതായിത്തീർന്നു. വൈരുദ്ധ്യമെന്നു പറയട്ടെ, ഈ മാറ്റത്തിനു വളംവെച്ചുകൊടുത്തത്‌ കത്തോലിക്കാ സഭയിലെ ഒരു ഉന്നത അധികാരിയായിരുന്നു.

കാർഡിനൽ റിഷല്യൂ അധികാരം കയ്യാളുന്നു

ആർമാൻ-ഷാൻ ഡ്യൂ പ്ലെസിയുടെ ഔദ്യോഗിക സ്ഥാനപ്പേര്‌ കാർഡിനൽ ദെ റിഷല്യൂ എന്നായിരുന്നു. 1624 മുതൽ 1642 വരെ അദ്ദേഹം ഫ്രാൻസിന്റെ പ്രധാനമന്ത്രിയും ആയിരുന്നു. ഫ്രാൻസിനെ യൂറോപ്പിലെ പ്രമുഖ ശക്തിയാക്കി വളർത്താൻ റിഷല്യൂ ആഗ്രഹിച്ചു. ആ ലക്ഷ്യം മുന്നിൽക്കണ്ട്‌, അദ്ദേഹം തന്നെപ്പോലെ കത്തോലിക്കാ വിശ്വാസികളായ ഹാപ്‌സ്‌ബർഗുകളുടെ ശക്തി ക്ഷയിപ്പിക്കാൻ ശമിച്ചു. അദ്ദേഹം എങ്ങനെയാണ്‌ ഇതു ചെയ്‌തത്‌? ഹാപ്‌സ്‌ബർഗുകൾക്കെതിരെ പോരാടുന്ന ജർമൻ എസ്റ്റേറ്റുകൾ, ഡെൻമാർക്ക്‌, നെതർലൻഡ്‌സ്‌, സ്വീഡൻ എന്നിവിടങ്ങളിലെ പ്രൊട്ടസ്റ്റന്റ്‌ സൈന്യങ്ങൾക്കെല്ലാം അദ്ദേഹം സാമ്പത്തിക സഹായം നൽകി.

1635-ൽ, റിഷല്യൂ ഫ്രഞ്ചു സൈന്യത്തെ ആദ്യമായി ഈ യുദ്ധരംഗത്തേക്കിറക്കി. വിവാറ്റ്‌ പാക്‌സ്‌​—⁠എസ്‌ ലേബെ ദേയ ഫ്രീഡെ! (സമാധാനം നീണാൾ വാഴട്ടെ!) എന്ന പുസ്‌തകം പറയുന്ന പ്രകാരം അവസാന ഘട്ടത്തിൽ “മുപ്പതു വർഷ യുദ്ധം മത വിഭാഗങ്ങൾക്കിടയിലുള്ള ഏറ്റുമുട്ടൽ അല്ലാതായി . . . അത്‌ യൂറോപ്പിൽ രാഷ്‌ട്രീയ അധീശത്വത്തിനായുള്ള പോരാട്ടം ആയി മാറി.” കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിൽ തുടങ്ങിയ മത പോരാട്ടം കത്തോലിക്കർ പ്രൊട്ടസ്റ്റന്റുകാരോടൊപ്പം ചേർന്ന്‌ മറ്റു കത്തോലിക്കർക്കെതിരെ നടത്തുന്ന പോരാട്ടമായി പരിണമിച്ചു. 1630-കളുടെ ആരംഭത്തിൽ ശക്തി ക്ഷയിച്ചിരുന്ന കത്തോലിക്കാ സഖ്യം 1635-ൽ പിരിച്ചുവിടപ്പെട്ടു.

വെസ്റ്റ്‌ഫാലിയയിലെ സമാധാന സമ്മേളനം

കൊള്ള, കൊല, ബലാത്സംഗം, രോഗം എന്നിവയാൽ യൂറോപ്പ്‌ താറുമാറായി. ഈ യുദ്ധത്തിൽ ആർക്കുമാർക്കും വിജയം വരിക്കാനാവില്ലെന്നു ബോധ്യമായതോടെ ക്രമേണ സമാധാനത്തിനായുള്ള വാഞ്‌ഛ തീവ്രമായി. വിവാറ്റ്‌ പാക്‌സ്‌​—⁠എസ്‌ ലേബെ ദേയ ഫ്രീഡെ! എന്ന പുസ്‌തകം പറയുന്ന പ്രകാരം, “തങ്ങളുടെ ലക്ഷ്യം സാക്ഷാത്‌കരിക്കാൻ മേലാൽ സൈനിക ശക്തി അവർക്കു സഹായമായി വർത്തിക്കുകയില്ലെന്ന്‌ 1630-കളുടെ അവസാനത്തോടടുത്ത്‌ ഭരണഭാരം വഹിക്കുന്ന പ്രഭുക്കന്മാർക്ക്‌ മനസ്സിലായി.” എന്നാൽ, എല്ലാവർക്കും വേണ്ടിയിരുന്നത്‌ സമാധാനമായിരുന്നെങ്കിൽ അത്‌ എങ്ങനെ നേടിയെടുക്കാൻ കഴിയുമായിരുന്നു?

സമാധാന സന്ധിയിൽ ഏർപ്പെടുന്നതിന്‌ യുദ്ധത്തിൽ പങ്കെടുത്ത എല്ലാ കക്ഷികളെയും ഒന്നിച്ചുകൂട്ടാനായി ഒരു കൂടിയാലോചനാ യോഗം സംഘടിപ്പിക്കാൻ വിശുദ്ധ റോമാ സാമ്രാജ്യത്തിലെ ഫെർഡിനാൻഡ്‌ മൂന്നാമൻ ചക്രവർത്തി, ഫ്രാൻസിലെ ലൂയി പതിമൂന്നാമൻ രാജാവ്‌, സ്വീഡനിലെ ക്രിസ്റ്റിനാ രാജ്ഞി എന്നിവർ തീരുമാനിച്ചു. ചർച്ചയ്‌ക്കായി രണ്ടു സ്ഥലങ്ങൾ തിരഞ്ഞെടുത്തു​—⁠ജർമൻ പ്രവിശ്യയായ വെസ്റ്റ്‌ഫാലിയയിലെ മൂൻസ്റ്ററും ഓസ്‌നാബ്രൂക്ക്‌ പട്ടണവും. ഈ സ്ഥലങ്ങൾ സ്വീഡന്റെയും ഫ്രാൻസിന്റെയും തലസ്ഥാന നഗരികൾക്കു മധ്യേ സ്ഥിതിചെയ്‌തിരുന്നതിനാലാണ്‌ ഇവ തിരഞ്ഞെടുത്തത്‌. 1643 മുതൽ ഏകദേശം 150 പ്രതിനിധിസംഘങ്ങൾ​—⁠ചിലർ വലിയ ഉപദേശക സമിതികളോടൊപ്പമാണു വന്നത്‌​—⁠രണ്ടു പട്ടണങ്ങളിലുമായി എത്തിച്ചേർന്നു. കത്തോലിക്കാ നയതന്ത്ര പ്രതിനിധികൾ മൂൻസ്റ്ററിലും പ്രൊട്ടസ്റ്റന്റ്‌ പ്രതിനിധികൾ ഓസ്‌നാബ്രൂക്കിലും കൂടിവന്നു.

ഒന്നാമതായി, നയതന്ത്രപ്രതിനിധികളുടെ പദവിനാമം, സ്ഥാനം, ഉപവിഷ്ടരാകുന്ന ക്രമം, നടപടിക്രമങ്ങൾ എന്നിവ തീരുമാനിക്കാനായി ഒരു വ്യവസ്ഥ രൂപീകരിക്കപ്പെട്ടു. എന്നിട്ട്‌, സമാധാന ചർച്ചയാരംഭിച്ചു, നിർദേശങ്ങൾ ഒരു പ്രതിനിധിസംഘത്തിൽനിന്ന്‌ അടുത്തതിലേക്ക്‌ മധ്യസ്ഥർ മുഖാന്തരം കൈമാറ്റം ചെയ്‌തു. ഏതാണ്ട്‌ അഞ്ചു വർഷത്തിനു ശേഷം​—⁠യുദ്ധം അപ്പോഴും തുടർന്നു​—⁠സമാധാന വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടു. വെസ്റ്റ്‌ഫാലിയ ഉടമ്പടിയിൽ ഒന്നിലധികം പ്രമാണങ്ങൾ ഉണ്ടായിരുന്നു. ഫെർഡിനാൻഡ്‌ മൂന്നാമൻ ചക്രവർത്തിയും സ്വീഡനും തമ്മിൽ ഒപ്പുവെച്ചതായിരുന്നു ഒരു കരാർ. മറ്റൊന്ന്‌ ചക്രവർത്തിയും ഫ്രാൻസും തമ്മിൽ ഒപ്പുവെച്ചതും.

സമാധാനക്കരാറിനെ കുറിച്ചുള്ള വാർത്ത എങ്ങും പരന്നപ്പോൾ ജനങ്ങൾ അതിനെ ആഘോഷത്തോടെ വരവേറ്റു. മാരകമായ ഒരു തീപ്പൊരി തുടക്കമിട്ട പോരാട്ടങ്ങൾക്ക്‌ അങ്ങനെ അക്ഷരീയ വെടിക്കെട്ടുകൾ പരിസമാപ്‌തി കുറിച്ചു. വെടിക്കെട്ടുകൾ നിരവധി നഗരങ്ങളുടെ ആകാശത്തെ പ്രഭാപൂരിതമാക്കി. പള്ളിമണികൾ മുഴങ്ങി, പീരങ്കികൾ ഉപചാര വെടികൾ മുഴക്കി, ജനങ്ങൾ തെരുവുകളിൽ ഗാനങ്ങൾ ആലപിച്ചു. യൂറോപ്പിന്‌ ഇപ്പോൾ നിലനിൽക്കുന്ന സമാധാനം പ്രതീക്ഷിക്കാൻ കഴിയുമായിരുന്നോ?

നിലനിൽക്കുന്ന സമാധാനം സാധ്യമോ?

വെസ്റ്റ്‌ഫാലിയ സമാധാനക്കരാർ പരമാധികാര തത്ത്വം അംഗീകരിച്ചു. കരാറിലെ ഓരോ കക്ഷിയും മറ്റെല്ലാ കക്ഷികളുടെയും ഭൂപ്രദേശപരമായ അവകാശത്തെ മാനിക്കാനും അവരുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കാനും സമ്മതിച്ചു എന്നാണ്‌ ഇതിന്റെ അർഥം. പരമാധികാര രാഷ്‌ട്രങ്ങളുടെ ഭൂഖണ്ഡമെന്ന നിലയിലുള്ള ആധുനിക യൂറോപ്പ്‌ അങ്ങനെ പിറവിയെടുത്തു. ഈ രാഷ്‌ട്രങ്ങളിൽ ചിലതിന്‌, കരാറിൽനിന്നു മറ്റുള്ളവരെക്കാൾ നേട്ടമുണ്ടായി.

ഒരു പ്രമുഖ ശക്തിയായി ഫ്രാൻസ്‌ സ്ഥാനം പിടിച്ചു. നെതർലൻഡ്‌സും സ്വിറ്റ്‌സർലൻഡും സ്വാതന്ത്ര്യം നേടി. എന്നാൽ ജർമൻ എസ്റ്റേറ്റുകളെ സംബന്ധിച്ചിടത്തോളം​—⁠അവയിൽ പലതും യുദ്ധത്തിൽ തകർന്നു തരിപ്പണമായിരുന്നു​—⁠ഈ കരാറിന്‌ പോരായ്‌മകൾ ഉണ്ടായിരുന്നു. ജർമനിയുടെ ഭാവി നിർണയിച്ചത്‌ ഒരു പരിധിവരെ മറ്റു രാഷ്‌ട്രങ്ങളായിരുന്നു. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക റിപ്പോർട്ടു ചെയ്യുന്നു: “ജർമൻ പ്രഭുക്കന്മാരുടെ ലാഭചേതങ്ങൾ നിർണയിച്ചിരുന്നത്‌, പ്രമുഖ ശക്തികളായ ഫ്രാൻസ്‌, സ്വീഡൻ, ഓസ്‌ട്രിയ എന്നിവർ ആയിരുന്നു. അതും അവർക്കു സൗകര്യപ്പെടുന്നതുപോലെ.” ഒന്നിച്ചുകൂടി ഒറ്റരാഷ്‌ട്രം ആകുന്നതിനു പകരം ജർമൻ എസ്റ്റേറ്റുകൾ മുമ്പത്തെപ്പോലെതന്നെ വിഭജിതമായിരുന്നു. കൂടാതെ, ജർമനിയുടെ ചില ഭാഗങ്ങൾ വിദേശ ഭരണാധികാരികളുടെ നിയന്ത്രണത്തിനു കൈമാറി. ജർമനിയുടെ പ്രമുഖ നദികളായ റൈൻ, എൽബെ, ഓഡെർ എന്നിവയുടെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

കത്തോലിക്കർ, ലൂഥറന്മാർ, കാൽവിനിസ്റ്റുകൾ എന്നീ മതസ്ഥർക്ക്‌ തുല്യ അംഗീകാരം ലഭ്യമായി. അത്‌ എല്ലാവരെയും സംപ്രീതരാക്കിയില്ല. ഈ കരാർ അസാധുവും നിരർഥകവും ആണെന്ന്‌ ആരോപിച്ചുകൊണ്ട്‌ പോപ്പ്‌ ഇന്നസെന്റ്‌ പത്താമൻ കരാറിനെ രൂക്ഷമായി എതിർത്തു. എന്നിരുന്നാലും, സ്ഥാപിക്കപ്പെട്ട മതപരമായ അതിർവരമ്പുകൾ ഏറിയകൂറും അടുത്ത മൂന്നു നൂറ്റാണ്ടുകളിൽ അചഞ്ചലമായിത്തന്നെ തുടർന്നു. ഈ കരാർ മൂലം വ്യക്തികൾക്ക്‌ മതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടില്ലെങ്കിലും ആ ദിശയിൽ മുന്നേറാൻ അതു സഹായകമായി.

സമാധാനക്കരാർ മുപ്പതു വർഷ യുദ്ധത്തിനു വിരാമമിട്ടു, അതോടെ ശത്രുതകൾ ഒട്ടുമുക്കാലും കെട്ടടങ്ങി. യൂറോപ്പിൽ അരങ്ങേറിയ പ്രമുഖ മതയുദ്ധങ്ങളിൽ ഒടുവിലത്തേതായിരുന്നു ഇത്‌. യുദ്ധങ്ങൾ അവസാനിച്ചില്ല, പക്ഷേ അവയുടെ മൂലകാരണം മതം എന്നതിൽനിന്ന്‌ രാഷ്‌ട്രീയം, വാണിജ്യം എന്നിവയിലേക്കു ഗതിമാറി. എന്നാൽ യൂറോപ്പിൽ നിലവിലിരുന്ന ശത്രുതകളിൽ മതത്തിന്റെ സ്വാധീനം പൂർണമായി നഷ്ടപ്പെട്ടു എന്ന്‌ അതിന്‌ അർഥമില്ല. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ ജർമൻ സൈനികർ തങ്ങളുടെ ബെൽറ്റിന്റെ കൊളുത്തിൽ “ദൈവം ഞങ്ങളോടുകൂടെ” എന്ന ആലേഖനം അണിഞ്ഞിരുന്നു. ഭീതിദമായ ആ പോരാട്ടങ്ങളിൽ എതിർ ചേരിയിലുള്ള കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകാർക്കും എതിരെ പോരാടാനായി കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒരിക്കൽക്കൂടി അണിനിരന്നു.

അതേ, വെസ്റ്റ്‌ഫാലിയ സമാധാനക്കരാർ നിലനിൽക്കുന്ന സമാധാനം കൊണ്ടുവന്നില്ല എന്നു വ്യക്തം. എന്നാൽ അനുസരണമുള്ള മനുഷ്യവർഗം ഉടൻതന്നെ അത്തരം സമാധാനം ആസ്വദിക്കും. യഹോവയാം ദൈവം തന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ മിശിഹൈക രാജ്യം മുഖാന്തരം മനുഷ്യവർഗത്തിന്‌ നിലനിൽക്കുന്ന സമാധാനം സാധ്യമാക്കും. ആ ഗവൺമെന്റിൻ കീഴിൽ, ഒരേയൊരു സത്യമതം, ഐക്യത്തിനുള്ള​—⁠വിഭാഗീയതയ്‌ക്കല്ല​—⁠പ്രേരകശക്തിയായി വർത്തിക്കും. മതപരമോ മറ്റുള്ളതോ ആയ കാരണങ്ങളാൽ ആരും യുദ്ധത്തിൽ ഏർപ്പെടുകയില്ല. ഭൂമിയുടെമേൽ ദൈവരാജ്യ ഭരണം മുഴു നിയന്ത്രണവും ഏറ്റെടുക്കുന്ന, ‘സമാധാനത്തിന്‌ അവസാനം ഉണ്ടാകാത്ത’ ഒരു കാലം എത്ര ആശ്വാസദായകമായിരിക്കും!​—⁠യെശയ്യാവു 9:6, 7.

[21-ാം പേജിലെ ആകർഷകവാക്യം]

കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിൽ തുടങ്ങിയ പോരാട്ടം കത്തോലിക്കർ പ്രൊട്ടസ്റ്റന്റുകാരോടൊപ്പം ചേർന്ന്‌ മറ്റു കത്തോലിക്കർക്കെതിരെ നടത്തുന്ന പോരാട്ടമായി മാറി

[22-ാം പേജിലെ ആകർഷകവാക്യം]

പട്ടാളക്കാർ, “സാന്റാ മാരിയ” എന്നോ “ദൈവം നമ്മോടുകൂടെ” എന്നോ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടു പടക്കളത്തിലേക്കിറങ്ങി

[21-ാം പേജിലെ ചിത്രം]

കാർഡിനൽ റിഷല്യൂ

[23-ാം പേജിലെ ചിത്രം]

ലൂഥർ, കാൽവിൻ, പാപ്പാ എന്നിവർ തമ്മിലുള്ള പോരാട്ടം ചിത്രീകരിക്കുന്ന പതിനാറാം നൂറ്റാണ്ടിലെ ഒരു ചിത്രം

[20-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

From the book Spamers Illustrierte Weltgeschichte VI

[23-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

മതനേതാക്കൾ പോരാടുന്നു: From the book Wider die Pfaffenherrschaft; മാപ്പ്‌: The Complete Encyclopedia of Illustration/J.G.Heck