വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സുവിശേഷകന്റെ പ്രവൃത്തി ചെയ്‌ക’

‘സുവിശേഷകന്റെ പ്രവൃത്തി ചെയ്‌ക’

‘സുവിശേഷകന്റെ പ്രവൃത്തി ചെയ്‌ക’

“നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; . . . സുവിശേഷകന്റെ പ്രവൃത്തിചെയ്‌ക.”​—⁠2 തിമൊഥെയൊസ്‌ 4:⁠5.

1. യേശു തന്റെ അനുഗാമികൾക്ക്‌ എന്തു നിയോഗം നൽകി?

യഹോവയുടെ നാമവും ഉദ്ദേശ്യങ്ങളും ഭൂമിയിൽ ഉടനീളം ഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. യേശുക്രിസ്‌തു തന്റെ അനുഗാമികൾക്കു നൽകിയ പിൻവരുന്ന നിയോഗം ദൈവത്തിന്റെ സമർപ്പിത ജനം തികഞ്ഞ ഗൗരവത്തോടെ എടുത്തിരിക്കുന്നതുകൊണ്ടാണ്‌ അത്‌: “നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”​—⁠മത്തായി 28:⁠19, 20.

2. മേൽവിചാരകനായ തിമൊഥെയൊസിന്‌ എന്തു നിർദേശം ലഭിച്ചു, ക്രിസ്‌തീയ മേൽവിചാരകന്മാർക്ക്‌ തങ്ങളുടെ ശുശ്രൂഷ നിവർത്തിക്കാൻ കഴിയുന്ന ഒരു വിധം ഏത്‌?

2 യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ ശിഷ്യർ ആ നിയോഗം ഗൗരവത്തോടെ എടുത്തു. ഉദാഹരണത്തിന്‌, അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ സഹ ക്രിസ്‌തീയ മേൽവിചാരകനായ തിമൊഥെയൊസിനെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “സുവിശേഷകന്റെ പ്രവൃത്തിചെയ്‌ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.” (2 തിമൊഥെയൊസ്‌ 4:⁠5) ഒരു മേൽവിചാരകൻ ഇന്നു തന്റെ ശുശ്രൂഷ നിവർത്തിക്കുന്ന ഒരു വിധം, വയൽശുശ്രൂഷയിൽ തീക്ഷ്‌ണതയോടെ ക്രമമായി പങ്കെടുത്തുകൊണ്ടാണ്‌. ദൃഷ്ടാന്തത്തിന്‌, പ്രസംഗവേലയിൽ നേതൃത്വമെടുക്കാനും മറ്റുള്ളവരെ പരിശീലിപ്പിക്കാനുമുള്ള പ്രതിഫലദായകമായ പദവി സഭാ പുസ്‌തകാധ്യയന മേൽവിചാരകനുണ്ട്‌. സുവാർത്ത പ്രസംഗിക്കാനുള്ള തന്റെ വ്യക്തിപരമായ ഉത്തരവാദിത്വം പൗലൊസ്‌ നിവർത്തിച്ചു; ശുശ്രൂഷയ്‌ക്കായി മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിൽ അവൻ സഹായിക്കുകയും ചെയ്‌തു.​—⁠പ്രവൃത്തികൾ 20:⁠20; 1 കൊരിന്ത്യർ 9:⁠16, 17.

കഴിഞ്ഞ കാലത്തെ തീക്ഷ്‌ണതയുള്ള സുവിശേഷകർ

3, 4. ഒരു സുവിശേഷകൻ എന്ന നിലയിൽ ഫിലിപ്പൊസിന്‌ എന്ത്‌ അനുഭവങ്ങൾ ഉണ്ടായി?

3 ആദിമ ക്രിസ്‌ത്യാനികൾ തീക്ഷ്‌ണരായ സുവിശേഷകരായി അറിയപ്പെട്ടു. സുവിശേഷകനായ ഫിലിപ്പൊസിന്റെ കാര്യമെടുക്കുക. യെരൂശലേമിൽ ഉണ്ടായിരുന്ന ഗ്രീക്കു സംസാരിച്ചിരുന്നവരും എബ്രായ സംസാരിച്ചിരുന്നവരുമായ ക്രിസ്‌തീയ വിധവമാർക്ക്‌ പക്ഷപാതമില്ലാതെ അനുദിന ഭക്ഷണം വിതരണം ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട, “ആത്മാവും ജഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാ”രിൽ ഒരാളായിരുന്നു അവൻ. (പ്രവൃത്തികൾ 6:⁠1-6) ആ പ്രത്യേക നിയമനം അവസാനിക്കുകയും അപ്പൊസ്‌തലന്മാരൊഴികെ മറ്റെല്ലാവരും പീഡനം നിമിത്തം ചിതറിക്കപ്പെടുകയും ചെയ്‌തപ്പോൾ ഫിലിപ്പൊസ്‌ ശമര്യയിലേക്കു പോയി. അവിടെ അവൻ സുവാർത്ത ഘോഷിച്ചു; ഭൂതങ്ങളെ പുറത്താക്കാനും മുടന്തരും പക്ഷവാതം പിടിപെട്ടവരുമായ വ്യക്തികളെ സൗഖ്യമാക്കാനും അവൻ പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കപ്പെട്ടു. അനേകം ശമര്യക്കാർ രാജ്യസന്ദേശം സ്വീകരിച്ച്‌ സ്‌നാപനമേറ്റു. യെരൂശലേമിൽ ഉണ്ടായിരുന്ന അപ്പൊസ്‌തലന്മാർ ഇതിനെ കുറിച്ചു കേട്ടപ്പോൾ, പുതുതായി സ്‌നാപനമേറ്റ വിശ്വാസികൾക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്‌ അവർ അപ്പൊസ്‌തലന്മാരായ പത്രൊസിനെയും യോഹന്നാനെയും ശമര്യയിലേക്ക്‌ അയച്ചു.​—⁠പ്രവൃത്തികൾ 8:⁠4-17.

4 ഗസെക്കുള്ള വഴിയിൽവെച്ച്‌ എത്യോപ്യൻ ഷണ്ഡനെ കണ്ടുമുട്ടുന്നതിന്‌ ദൈവാത്മാവ്‌ അടുത്തതായി ഫിലിപ്പൊസിനെ നയിച്ചു. യെശയ്യാ പ്രവചനത്തെ കുറിച്ചുള്ള ഫിലിപ്പൊസിന്റെ വ്യക്തമായ വിശദീകരണത്തെ തുടർന്ന്‌ “ഐത്യോപ്യരാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ” ഈ മനുഷ്യൻ യേശുക്രിസ്‌തുവിൽ വിശ്വസിച്ച്‌ സ്‌നാപനമേറ്റു. (പ്രവൃത്തികൾ 8:⁠26-38) അതിനുശേഷം, ഫിലിപ്പൊസ്‌ അസ്‌തോദിലേക്കും അവിടെനിന്ന്‌ വഴിയിലുടനീളം “എല്ലാപട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട്‌” കൈസര്യയിലേക്കും പോയി. (പ്രവൃത്തികൾ 8:⁠39, 40) സുവിശേഷകന്റെ പ്രവൃത്തി ചെയ്യുന്നതിൽ അവൻ തീർച്ചയായും ഒരു ഉത്തമ മാതൃകവെച്ചു!

5. ഫിലിപ്പൊസിന്റെ നാലു പുത്രിമാർ വിശേഷാൽ ഏതു കാര്യത്തിന്‌ അറിയപ്പെട്ടിരുന്നു?

5 കൈസര്യയിൽ ഏതാണ്ട്‌ 20 വർഷങ്ങൾക്കു ശേഷവും ഫിലിപ്പൊസ്‌ ശുശ്രൂഷയിൽ സജീവമായി ഏർപ്പെട്ടിരുന്നു. പൗലൊസും ലൂക്കൊസും അവന്റെ ഭവനത്തിൽ തങ്ങിയപ്പോൾ, അവനു “കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു.” (പ്രവൃത്തികൾ 21:⁠8-10) തീർച്ചയായും അവർ ആത്മീയമായി നല്ല രീതിയിൽ പരിശീലിപ്പിക്കപ്പെട്ടവരും ശുശ്രൂഷയിൽ തീക്ഷ്‌ണതയുള്ളവരും ആയിരുന്നു. പ്രാവചനികമായി സംസാരിക്കാൻപോലുമുള്ള പദവി അവർക്കുണ്ടായിരുന്നു. ഇന്നും ശുശ്രൂഷയിൽ മാതാപിതാക്കൾ പ്രകടമാക്കുന്ന തീക്ഷ്‌ണത അവരുടെ പുത്രീപുത്രന്മാരുടെമേൽ ശക്തമായ പ്രഭാവം ചെലുത്തുന്നു, തീക്ഷ്‌ണമായ സുവിശേഷ പ്രവർത്തനം തങ്ങളുടെ ആജീവനാന്ത വേലയായി തിരഞ്ഞെടുക്കാൻ അവർ പ്രചോദിതരാകുന്നു.

ഇന്നത്തെ തീക്ഷ്‌ണതയുള്ള സുവിശേഷകർ

6. ഒന്നാം നൂറ്റാണ്ടിലെ സുവിശേഷകർക്ക്‌ എന്തു വിജയം വരിക്കാനായി?

6 നമ്മുടെ നാളിലേക്കും അന്ത്യകാലത്തേക്കും വിരൽചൂണ്ടുന്ന തന്റെ മഹത്തായ പ്രവചനത്തിൽ യേശുക്രിസ്‌തു ഇപ്രകാരം പ്രഖ്യാപിച്ചു: “സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.” (മർക്കൊസ്‌ 13:⁠10) “ഭൂലോകത്തിൽ ഒക്കെയും” സുവാർത്ത പ്രസംഗിക്കപ്പെട്ടശേഷം ആയിരിക്കും അന്ത്യം വരുന്നത്‌. (മത്തായി 24:⁠14) പൗലൊസും ഒന്നാം നൂറ്റാണ്ടിലെ മറ്റു സുവിശേഷകരും സുവാർത്ത പ്രസംഗിച്ചതിന്റെ ഫലമായി അനേകർ വിശ്വാസികൾ ആയിത്തീർന്നു. റോമാസാമ്രാജ്യത്തിൽ ഉടനീളം ഒന്നിനുപുറകേ ഒന്നായി നിരവധി സ്ഥലങ്ങളിൽ സഭകൾ രൂപീകൃതമായി. ഈ സഭകളിൽ സേവിക്കാൻ നിയമിതരായ മൂപ്പന്മാർ തങ്ങളുടെ സഹോദരീസഹോദരന്മാരോടൊപ്പം സുവിശേഷ വേലയിൽ പങ്കെടുക്കുകയും എല്ലായിടത്തും പ്രസംഗപ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്‌തു. ആ നാളുകളിൽ യഹോവയുടെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു. ലക്ഷക്കണക്കിന്‌ യഹോവയുടെ സാക്ഷികൾ സുവിശേഷകരുടെ പ്രവൃത്തി ചെയ്യുന്നതിനാൽ ഇന്നും അത്‌ അങ്ങനെതന്നെയാണ്‌. (പ്രവൃത്തികൾ 19:⁠20) നിങ്ങൾ യഹോവയുടെ അത്തരം സന്തുഷ്ട സ്‌തുതിപാഠകരിൽ ഒരാൾ എന്ന നിലയിൽ നിലപാട്‌ എടുത്തിട്ടുണ്ടോ?

7. രാജ്യഘോഷകർ ഇന്ന്‌ എന്താണു ചെയ്‌തുകൊണ്ടിരിക്കുന്നത്‌?

7 ഇക്കാലത്തെ അനേകം രാജ്യഘോഷകർ, സുവിശേഷ വേലയിലെ തങ്ങളുടെ പങ്ക്‌ വർധിപ്പിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നു. ആയിരങ്ങൾ മിഷനറിവേല ഏറ്റെടുത്തിരിക്കുന്നു, ലക്ഷങ്ങൾ സാധാരണ, സഹായ പയനിയർമാർ എന്ന നിലയിൽ മുഴുസമയ സുവിശേഷ വേലയിൽ പങ്കെടുക്കുന്നു. തീക്ഷ്‌ണ രാജ്യപ്രസാധകർ എന്ന നിലയിൽ സേവിക്കുന്ന പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും എത്ര അഭിനന്ദനാർഹമായ വേലയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌! അതേ, ക്രിസ്‌തീയ സുവിശേഷകർ എന്ന നിലയിൽ യഹോവയെ തോളോടുതോൾ ചേർന്ന്‌ സേവിക്കവേ അവന്റെ മുഴുജനവും അവനിൽനിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു.​—⁠സെഫന്യാവു 3:⁠9.

8. ഏത്‌ അടയാളമിടൽ വേല ഇപ്പോൾ നിർവഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ആരാണ്‌ അതു ചെയ്യുന്നത്‌?

8 ദൈവം യേശുവിന്റെ അഭിഷിക്ത അനുഗാമികൾക്ക്‌ മുഴുഭൂമിയിലും സുവാർത്ത ഘോഷിക്കാനുള്ള ഉത്തരവാദിത്വം നൽകിയിരിക്കുന്നു. എണ്ണത്തിൽ വർധിച്ചുവരുന്ന, ക്രിസ്‌തുവിന്റെ “വേറെ ആടുകൾ” ഈ സുവിശേഷ വേലയിൽ അവരെ പിന്തുണയ്‌ക്കുന്നു. (യോഹന്നാൻ 10:⁠16) ജീവരക്ഷാകരമായ ഈ വേലയെ, ഇന്നു നടമാടുന്ന മ്ലേച്ഛതകൾ നിമിത്തം നെടുവീർപ്പിട്ടു കരയുന്നവരുടെ നെറ്റികളിൽ അടയാളമിടുന്നതിനോട്‌ പ്രാവചനികമായി ഉപമിച്ചിരിക്കുന്നു. പെട്ടെന്നുതന്നെ ദുഷ്ടന്മാർ നശിപ്പിക്കപ്പെടും. അതിനുമുമ്പ്‌, ജീവരക്ഷാകരമായ സത്യങ്ങൾ ഭൂവാസികളുടെ അടുക്കൽ എത്തിക്കുക എന്നത്‌ എത്ര മഹത്തായ ഒരു പദവിയാണ്‌!​—⁠യെഹെസ്‌കേൽ 9:⁠4-6, 11.

9. പുതിയവരെ എങ്ങനെ ശുശ്രൂഷയിൽ സഹായിക്കാൻ കഴിയും?

9 നാം കുറെക്കാലമായി സുവിശേഷ വേലയിൽ ഏർപ്പെട്ടു വരികയാണെങ്കിൽ സാധ്യതയനുസരിച്ച്‌ സഭയിലെ പുതിയവരെ സഹായിക്കാൻ നമുക്കു ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. ചിലപ്പോഴൊക്കെ, നമുക്ക്‌ അവരെ ശുശ്രൂഷയിൽ നമ്മോടൊപ്പം കൂട്ടിക്കൊണ്ടുപോകാൻ സാധിച്ചേക്കും. സഹ വിശ്വാസികളെ ആത്മീയമായി കെട്ടുപണിചെയ്യുന്നതിന്‌ തങ്ങളുടെ പരമാവധി പ്രവർത്തിക്കാൻ മൂപ്പന്മാരായി സേവിക്കുന്നവർ ആഗ്രഹിക്കും. താഴ്‌മയുള്ള മേൽവിചാരകന്മാരുടെ പക്ഷത്തെ നല്ല ശ്രമം തീക്ഷ്‌ണരും ഫലപ്രദരുമായ സുവിശേഷകർ ആയിത്തീരുന്നതിനു മറ്റുള്ളവരെ വളരെയധികം സഹായിക്കും.​—⁠2 പത്രൊസ്‌ 1:⁠5-8.

വീടുതോറും സാക്ഷീകരിക്കൽ

10. ക്രിസ്‌തുവും അവന്റെ ആദിമ അനുഗാമികളും ശുശ്രൂഷയിൽ എന്തു മാതൃക വെച്ചു?

10 ഒരു സുവിശേഷകൻ എന്ന നിലയിൽ യേശുക്രിസ്‌തു തന്റെ അനുഗാമികൾക്ക്‌ ഒരു അതിവിശിഷ്ട മാതൃക വെച്ചു. ക്രിസ്‌തുവിന്റെയും അവന്റെ അപ്പൊസ്‌തലന്മാരുടെയും ശുശ്രൂഷ സംബന്ധിച്ച്‌ ദൈവവചനം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു. അവനോടുകൂടെ പന്തിരുവരും” ഉണ്ടായിരുന്നു. (ലൂക്കൊസ്‌ 8:⁠1, 2എ) അപ്പൊസ്‌തലന്മാരുടെ പ്രവർത്തനം മാത്രം പരിശോധിച്ചാൽ എന്തു പറയാൻ കഴിയും? പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ പരിശുദ്ധാത്മാവു പകരപ്പെട്ട ശേഷം, “അവർ ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്‌തു എന്നു സുവിശേഷിക്കയും ചെയ്‌തുകൊണ്ടിരുന്നു.”​—⁠പ്രവൃത്തികൾ 5:⁠42.

11. പ്രവൃത്തികൾ 20:⁠20, 21 അനുസരിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ ശുശ്രൂഷയിൽ എന്താണു ചെയ്‌തത്‌?

11 തന്റെ തീക്ഷ്‌ണമായ സുവിശേഷ വേല നിമിത്തം അപ്പൊസ്‌തലനായ പൗലൊസിന്‌ എഫെസൊസിൽനിന്നുള്ള ക്രിസ്‌തീയ മൂപ്പന്മാരോട്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “പ്രയോജനകരമായ യാതൊന്നും നിങ്ങളിൽനിന്നു മറച്ചുവയ്‌ക്കാതെ ഞാൻ പ്രഖ്യാപിച്ചു. വീടുതോറും കയറിയിറങ്ങി പരസ്യമായി ഞാൻ നിങ്ങളെ പഠിപ്പിച്ചു.” (ഓശാന ബൈബിൾ) വിശ്വാസികൾക്ക്‌ ഇടയസന്ദർശനം നടത്തിക്കൊണ്ട്‌ സഹാരാധകരുടെ ഭവനങ്ങൾ സന്ദർശിച്ചതിനെയാണോ പൗലൊസ്‌ ഇവിടെ ‘വീടുതോറും പഠിപ്പിച്ചു’ എന്നു പറയുന്നത്‌? അല്ല, കാരണം അവൻ തുടർന്ന്‌ ഇങ്ങനെ പറയുന്നു: “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള വിശ്വാസവും [ഞാൻ] യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു.” (പ്രവൃത്തികൾ 20:⁠20, 21) അപ്പോൾത്തന്നെ യഹോവയ്‌ക്കു സമർപ്പിതരായിരുന്ന വ്യക്തികൾക്ക്‌ “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള വിശ്വാസവും” സംബന്ധിച്ചുള്ള പ്രബോധനം പൊതുവേ ആവശ്യമുണ്ടായിരിക്കുമായിരുന്നില്ല. പൗലൊസ്‌, മാനസാന്തരവും വിശ്വാസവും സംബന്ധിച്ച്‌ അവിശ്വാസികളെ പഠിപ്പിക്കുമ്പോൾത്തന്നെ എഫെസൊസിലെ ക്രിസ്‌തീയ മൂപ്പന്മാരെ വീടുതോറുമുള്ള ശുശ്രൂഷയിൽ പരിശീലിപ്പിക്കുകയും ചെയ്‌തു. ഇങ്ങനെ ചെയ്‌തുകൊണ്ട്‌, അവൻ യേശു വെച്ച മാതൃക അനുകരിക്കുകയായിരുന്നു.

12, 13. ഫിലിപ്പിയർ 1:⁠7-നു ചേർച്ചയിൽ, പ്രസംഗിക്കാനുള്ള തങ്ങളുടെ അവകാശത്തോടുള്ള ബന്ധത്തിൽ യഹോവയുടെ ജനം എന്തു ചെയ്‌തിട്ടുണ്ട്‌?

12 വീടുതോറുമുള്ള ശുശ്രൂഷ വെല്ലുവിളികൾ നിറഞ്ഞതായിരുന്നേക്കാം. ദൃഷ്ടാന്തത്തിന്‌, നാം ബൈബിൾ സന്ദേശവുമായി വീടുകളിൽ ചെല്ലുമ്പോൾ ചിലർ നീരസപ്പെടുന്നു. ആളുകളെ നീരസപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, വീടുതോറുമുള്ള ശുശ്രൂഷ തിരുവെഴുത്തധിഷ്‌ഠിതമാണ്‌. മാത്രവുമല്ല, ദൈവത്തോടും അയൽക്കാരോടുമുള്ള സ്‌നേഹം ഈ രീതിയിൽ സാക്ഷ്യം നൽകാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. (മർക്കൊസ്‌ 12:⁠28-31) വീടുതോറും പ്രസംഗിക്കാനുള്ള നമ്മുടെ അവകാശത്തിനുവേണ്ടി ‘പ്രതിവാദം നടത്തി അതു നിയമപരമായി സ്ഥാപിച്ചെടുക്കാൻ,’ ഐക്യനാടുകളിലെ സുപ്രീംകോടതി ഉൾപ്പെടെ അനേകം കോടതികളിൽ നാം കേസു നടത്തിയിരിക്കുന്നു. (ഫിലിപ്പിയർ 1:⁠7, NW) ഏതാണ്ട്‌ എല്ലായ്‌പോഴും തന്നെ കോടതി നമുക്ക്‌ അനുകൂലമായി വിധിച്ചിട്ടുണ്ട്‌. പിൻവരുന്ന വിധിന്യായം അതിന്‌ ഉദാഹരണമാണ്‌:

13 “മതപരമായ ലഘുലേഖകളുടെ വിതരണം മിഷനറിമാരുടെ സുവിശേഷ വേലയുടെ ഒരു ചിരകാല രൂപമാണ്‌. അച്ചടിയന്ത്രങ്ങൾ കണ്ടുപിടിച്ച കാലംമുതൽ അതു നിലനിന്നു പോരുന്നു. ഇന്നോളം അത്‌ വ്യത്യസ്‌ത മത പ്രസ്ഥാനങ്ങളിലെ ശക്തമായ ഒരു ഉപാധി ആയിരുന്നിട്ടുണ്ട്‌. ഇന്ന്‌ നിരവധി മതവിഭാഗങ്ങൾ സുവിശേഷ വേലയുടെ ഈ രൂപം വ്യാപകമായി ഉപയോഗിക്കുന്നു. അവരുടെ കോൽപോർട്ടർമാർ ആയിരക്കണക്കിനു വീടുകളിൽ സുവിശേഷം എത്തിക്കുകയും തങ്ങളുടെ വിശ്വാസത്തിലേക്ക്‌ അനുയായികളെ ചേർക്കുന്നതിന്‌ വ്യക്തിപരമായി ആളുകളെ സന്ദർശിക്കുകയും ചെയ്യുന്നു. . . . [ഐക്യനാടുകളുടെ ഭരണഘടനയിലെ] ഒന്നാം ഭേദഗതി അനുസരിച്ച്‌, പള്ളികളിലെ ആരാധനയ്‌ക്കും പ്രസംഗവേദിയിൽനിന്നുള്ള പ്രസംഗത്തിനും തുല്യമായ സ്ഥാനം ഈ രൂപത്തിലുള്ള മതപ്രവർത്തനത്തിനും ഉണ്ട്‌.”​—⁠മർഡക്ക്‌ v. പെൻസിൽവേനിയ, 1943.

പ്രസംഗിച്ചുകൊണ്ടിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

14. നമ്മുടെ ശുശ്രൂഷയ്‌ക്ക്‌, വർധിച്ചുവരുന്ന എന്തു പ്രഭാവം ചെലുത്താൻ സാധിക്കും?

14 വീടുതോറും സാക്ഷീകരിക്കുന്നതിന്‌ പല കാരണങ്ങളുണ്ട്‌. ഒരു വീട്ടുകാരനെ സന്ദർശിക്കുന്ന ഓരോ തവണയും നാം തിരുവെഴുത്തു സത്യത്തിന്റെ ഒരു വിത്ത്‌ നടാൻ ശ്രമിക്കുന്നു. മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട്‌ അതിനെ നനയ്‌ക്കാൻ നാം ശ്രമം ചെയ്യുന്നു. ഇതിന്‌ വീട്ടുകാരന്റെമേൽ വർധിച്ചുവരുന്ന ഒരു പ്രഭാവം ചെലുത്താൻ കഴിയും. എന്തുകൊണ്ടെന്നാൽ പൗലൊസ്‌ ഇപ്രകാരം എഴുതി: “ഞാൻ നട്ടു, അപ്പൊല്ലോസ്‌ നനെച്ചു, ദൈവമത്രേ വളരുമാറാക്കിയത്‌.” (1 കൊരിന്ത്യർ 3:⁠6) അതുകൊണ്ട്‌, യഹോവ ‘വളരുമാറാക്കും’ എന്ന ഉറപ്പോടെ നമുക്ക്‌ ‘നടുകയും നനയ്‌ക്കുകയും’ ചെയ്യുന്നതിൽ തുടരാം.

15, 16. നാം ആളുകളുടെ ഭവനങ്ങൾ ആവർത്തിച്ച്‌ സന്ദർശിക്കുന്നത്‌ എന്തുകൊണ്ട്‌?

15 ആളുകളുടെ ജീവൻ അപകടത്തിൽ ആയിരിക്കുന്നതിനാലാണ്‌ നാം സുവിശേഷകരുടെ പ്രവൃത്തി ചെയ്യുന്നത്‌. പ്രസംഗിക്കുന്നതിനാൽ നമുക്കു നമ്മുടെതന്നെയും നമ്മെ ശ്രദ്ധിക്കുന്നവരുടെയും ജീവൻ രക്ഷിക്കാൻ കഴിയും. (1 തിമൊഥെയൊസ്‌ 4:⁠16) ഒരു വ്യക്തിയുടെ ജീവൻ അപകടത്തിലാണ്‌ എന്ന്‌ നമുക്ക്‌ അറിയാമെങ്കിൽ അയാളെ സഹായിക്കാൻ മനസ്സില്ലാമനസ്സോടെയുള്ള ലഘുവായ ഒരു ശ്രമം മാത്രമേ നമ്മൾ ചെയ്യുകയുള്ളോ? തീർച്ചയായും അല്ല! ആളുകളുടെ രക്ഷ ഉൾപ്പെട്ടിരിക്കുന്നതിനാൽ നാം അവരുടെ ഭവനങ്ങൾ ആവർത്തിച്ചു സന്ദർശിക്കുന്നു. സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്‌. ഒരു സന്ദർഭത്തിൽ, ശ്രദ്ധിക്കാൻ കഴിയാത്തവണ്ണം തിരക്കിലായിരിക്കുന്ന ഒരാൾ മറ്റൊരു സമയത്ത്‌ ബൈബിൾ സന്ദേശം കേൾക്കാൻ മനസ്സൊരുക്കം കാണിച്ചേക്കാം. കുടുംബത്തിലെ മറ്റൊരു അംഗത്തെ നാം വീട്ടുവാതിൽക്കൽ കണ്ടുമുട്ടാൻ സാധ്യതയുണ്ട്‌. അത്‌ ഒരു തിരുവെഴുത്തു ചർച്ചയിലേക്കു നയിച്ചേക്കാം.

16 വീട്ടുകാരുടെ സാഹചര്യങ്ങൾക്കു മാത്രമല്ല മനോഭാവത്തിനും മാറ്റം സംഭവിക്കാം. ഉദാഹരണത്തിന്‌, പ്രിയപ്പെട്ട ഒരാളുടെ മരണം ഉളവാക്കുന്ന ദുഃഖം, രാജ്യസന്ദേശം ശ്രദ്ധിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിച്ചേക്കാം. ആ വ്യക്തിയെ ആശ്വസിപ്പിക്കാനും തന്റെ ആത്മീയ ആവശ്യത്തെ കുറിച്ച്‌ അയാളെ ബോധവാനാക്കാനും അത്‌ എങ്ങനെ തൃപ്‌തിപ്പെടുത്താൻ കഴിയും എന്നു കാണിച്ചുകൊടുക്കാനും നാം ആഗ്രഹിക്കുന്നു.​—⁠മത്തായി 5:⁠3, 4, NW.

17. നമ്മുടെ പ്രസംഗപ്രവർത്തനത്തിന്റെ ഏറ്റവും മുഖ്യമായ കാരണം എന്താണ്‌?

17 നാം വീടുതോറും സാക്ഷീകരിക്കാനും ക്രിസ്‌തീയ ശുശ്രൂഷയുടെ മറ്റു രൂപങ്ങളിൽ ഏർപ്പെടാനുമുള്ള ഏറ്റവും മുഖ്യമായ കാരണം യഹോവയുടെ നാമം പ്രസിദ്ധമാക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ നാം ആഗ്രഹിക്കുന്നു എന്നതാണ്‌. (പുറപ്പാടു 9:⁠16; സങ്കീർത്തനം 83:⁠18) നമ്മുടെ സുവിശേഷ വേല, യഹോവയുടെ സ്‌തുതിപാഠകർ ആയിത്തീരാൻ സത്യത്തെയും നീതിയെയും സ്‌നേഹിക്കുന്നവരെ സഹായിക്കുമ്പോൾ അത്‌ എത്ര പ്രതിഫലദായകമാണ്‌! “യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, ഇവരൊക്കയും യഹോവയുടെ നാമത്തെ സ്‌തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ പാടി.​—⁠സങ്കീർത്തനം 148:⁠12, 13.

സുവിശേഷിക്കൽ നമുക്കു വ്യക്തിപരമായി പ്രയോജനം കൈവരുത്തുന്നു

18. സുവിശേഷ വേല ചെയ്യുന്നതിൽനിന്ന്‌ നാം എങ്ങനെ പ്രയോജനം അനുഭവിക്കുന്നു?

18 സുവിശേഷകന്റെ പ്രവൃത്തി ചെയ്യുന്നത്‌ വ്യക്തിപരമായി അനേകം വിധങ്ങളിൽ നമുക്കു പ്രയോജനം കൈവരുത്തുന്നു. സുവാർത്തയുമായി വീടുതോറും പോകുന്നത്‌ താഴ്‌മ നട്ടുവളർത്താൻ നമ്മെ സഹായിക്കുന്നു, വിശേഷിച്ചും ആളുകൾ ദയാപൂർവം നമ്മെ സ്വീകരിക്കാത്തപ്പോൾ. ഫലപ്രദരായ സുവിശേഷകർ ആയിരിക്കണമെങ്കിൽ, ‘ചിലരെ രക്ഷിക്കേണ്ടതിന്‌ എല്ലാവർക്കും എല്ലാമായിത്തീർന്ന’ പൗലൊസിനെ പോലെ നാം ആയിരിക്കേണ്ടതുണ്ട്‌. (1 കൊരിന്ത്യർ 9:⁠19-23) നയം ഉള്ളവരായിരിക്കാൻ ശുശ്രൂഷയിലെ അനുഭവം നമ്മെ സഹായിക്കുന്നു. യഹോവയിൽ ആശ്രയിക്കുകയും ഉചിതമായ വാക്കുകൾ തിരഞ്ഞെടുത്ത്‌ ഉപയോഗിക്കുകയും ചെയ്‌തുകൊണ്ട്‌ നമുക്ക്‌ പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം ബാധകമാക്കാം: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.”​—⁠കൊലൊസ്സ്യർ 4:⁠6.

19. സുവിശേഷകർ പരിശുദ്ധാത്മാവിനാൽ സഹായിക്കപ്പെടുന്നത്‌ ഏതു വിധത്തിൽ?

19 ദൈവത്തിന്റെ പരിശുദ്ധാത്മാവിൽ ആശ്രയിക്കാനും സുവിശേഷ വേല നമ്മെ പ്രചോദിപ്പിക്കുന്നു. (സെഖര്യാവു 4:⁠6) അങ്ങനെ, ആത്മാവിന്റെ ഫലം​—⁠“സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത [“വിശ്വാസം,” NW], സൌമ്യത, ഇന്ദ്രിയജയം [“ആത്മനിയന്ത്രണം,” NW]”​—⁠നമ്മുടെ ശുശ്രൂഷയിൽ പ്രകടമായിത്തീരുന്നു. (ഗലാത്യർ 5:⁠22, 23) ആളുകളോടുള്ള നമ്മുടെ ഇടപെടലിനെ അതു സ്വാധീനിക്കുന്നു. കാരണം, ആത്മാവിന്റെ മാർഗനിർദേശത്തിനു കീഴ്‌പെടുന്നത്‌, സുവാർത്ത ഘോഷിക്കവേ സ്‌നേഹം കാണിക്കാനും സന്തോഷമുള്ളവരും സമാധാനപ്രിയരും ആയിരിക്കാനും ദീർഘക്ഷമയോടെയും ദയയോടെയും ഇടപെടാനും പരോപകാരവും വിശ്വാസവും പ്രകടമാക്കാനും സൗമ്യതയും ആത്മനിയന്ത്രണവും ഉള്ളവരായിരിക്കാനും നമ്മെ സഹായിക്കുന്നു.

20, 21. സുവിശേഷകർ എന്ന നിലയിൽ തിരക്കുള്ളവർ ആയിരിക്കുന്നതിന്റെ ചില അനുഗ്രഹങ്ങളും പ്രയോജനങ്ങളും ഏവ?

20 നാം കൂടുതൽ അനുകമ്പയുള്ളവർ ആയിത്തീരുന്നു എന്നതാണ്‌ സുവിശേഷകർ എന്ന നിലയിൽ നമുക്കു ലഭിക്കുന്ന മറ്റൊരു അനുഗ്രഹം. രോഗം, തൊഴിലില്ലായ്‌മ, കുടുംബപ്രശ്‌നങ്ങൾ എന്നിങ്ങനെ ആളുകൾ തങ്ങളെ അലട്ടുന്ന കാര്യങ്ങളെ കുറിച്ചു പറയുമ്പോൾ നാം കൗൺസലിങ്‌ നടത്തുന്നവരായി ചമയുന്നില്ല. എന്നാൽ, പ്രോത്സാഹനവും ആശ്വാസവും നൽകുന്ന തിരുവെഴുത്തുകൾ നാം അവരുമായി പങ്കുവെക്കുന്നു. ആത്മീയമായി അന്ധകാരത്തിൽ ആണെങ്കിലും നീതിയെ സ്‌നേഹിക്കുന്നവരായ ആളുകളെ കുറിച്ച്‌ നാം ചിന്തയുള്ളവരാണ്‌. (2 കൊരിന്ത്യർ 4:⁠4) ‘നിത്യജീവനു ചേർന്ന പ്രകൃതമുള്ളവർക്ക്‌’ ആത്മീയ സഹായം നൽകാനാകുന്നത്‌ എത്ര വലിയ ഒരു സന്തോഷമാണ്‌!​—⁠പ്രവൃത്തികൾ 13:⁠48, NW.

21 സുവിശേഷ വേലയിൽ ക്രമമായി പങ്കുപറ്റുന്നത്‌ ആത്മീയ കാര്യങ്ങളിൽ മനസ്സു കേന്ദ്രീകരിച്ചു നിറുത്താൻ നമ്മെ സഹായിക്കുന്നു. (ലൂക്കൊസ്‌ 11:⁠34) അത്‌ തീർച്ചയായും പ്രയോജനകരമാണ്‌. എന്തുകൊണ്ടെന്നാൽ, അല്ലാത്തപക്ഷം ഈ ലോകത്തിൽ സർവ സാധാരണമായിരിക്കുന്ന ഭൗതികത്വപരമായ പ്രലോഭനങ്ങൾക്ക്‌ നാം വശംവദരായേക്കാം. അപ്പൊസ്‌തലനായ യോഹന്നാൻ ക്രിസ്‌ത്യാനികളെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്‌നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്‌നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:⁠15-17) കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുള്ള സുവിശേഷകർ എന്ന നിലയിൽ നമ്മെത്തന്നെ തിരക്കുള്ളവരായി നിറുത്തുന്നത്‌ ലോകത്തെ സ്‌നേഹിക്കാതിരിക്കാൻ നമ്മെ സഹായിക്കുന്നു.​—⁠1 കൊരിന്ത്യർ 15:⁠58, NW.

സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ

22, 23. (എ) ക്രിസ്‌തീയ സുവിശേഷകർ ഏതു നിക്ഷേപം സ്വരുക്കൂട്ടുന്നു? (ബി) അടുത്ത ലേഖനം നമ്മെ എങ്ങനെ സഹായിക്കും?

22 തീക്ഷ്‌ണമായ രാജ്യപ്രസംഗ പ്രവർത്തനം നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്നു. പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ യേശു ഇതു വ്യക്തമാക്കി: “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.”​—⁠മത്തായി 6:⁠19-21.

23 പരമാധികാരിയാം കർത്താവായ യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ അവനെ പ്രതിനിധാനം ചെയ്യുന്നതിനെക്കാൾ മഹത്തായ ഒരു പദവി നമുക്കു ലഭിക്കാനില്ല എന്ന ഉത്തമ ബോധ്യത്തോടെ നമുക്കു സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നതു തുടരാം. (യെശയ്യാവു 43:⁠10-12) ദൈവത്തിന്റെ ശുശ്രൂഷകർ എന്ന നിലയിൽ നമുക്കുള്ള നിയോഗം നിറവേറ്റവേ, സുദീർഘമായ തന്റെ ദൈവസേവനത്തെ കുറിച്ചു പിൻവരുന്ന പ്രകാരം അഭിപ്രായപ്പെട്ട, 90-ൽ അധികം വയസ്സുള്ള ഒരു ക്രിസ്‌തീയ സഹോദരിയെപ്പോലെതന്നെ നമുക്കും അനുഭവപ്പെട്ടേക്കാം: “എന്റെ ബലഹീനതകൾ പൊറുത്തുകൊണ്ട്‌ ഇക്കാലമത്രയും എന്നെ ഉപയോഗിച്ചതിൽ ഞാൻ യഹോവയോടു നന്ദി പറയുന്നു. അവൻ എന്നുമെന്നും എന്റെ സ്‌നേഹനിധിയായ പിതാവ്‌ ആയിരിക്കണമേ എന്നാണ്‌ എന്റെ ആത്മാർഥമായ പ്രാർഥന.” ദൈവവുമായുള്ള ബന്ധത്തെ ഇതേവിധം അമൂല്യമായി കരുതുന്നെങ്കിൽ സമഗ്രമായ വിധത്തിൽ സുവിശേഷകന്റെ പ്രവൃത്തി ചെയ്യാൻ തീർച്ചയായും നാം ആഗ്രഹിക്കും. ശുശ്രൂഷ നിറപടിയായി നിവർത്തിക്കാൻ നമുക്ക്‌ എങ്ങനെ സാധിക്കും എന്ന്‌ കാണാൻ അടുത്ത ലേഖനം നമ്മെ സഹായിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• നാം സുവിശേഷകന്റെ പ്രവൃത്തി ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

• കഴിഞ്ഞകാലത്തെയും ഇന്നത്തെയും സുവിശേഷകരുടെ പ്രവർത്തനത്തെ കുറിച്ച്‌ എന്തു പറയാൻ കഴിയും?

• നാം വീടുതോറും സാക്ഷീകരിക്കുന്നത്‌ എന്തുകൊണ്ട്‌?

• സുവിശേഷകന്റെ പ്രവൃത്തി ചെയ്യുന്നതു മുഖാന്തരം നിങ്ങൾ വ്യക്തിപരമായി എങ്ങനെ പ്രയോജനം അനുഭവിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രങ്ങൾ]

ഫിലിപ്പൊസിനെയും പുത്രിമാരെയും പോലുള്ള സന്തുഷ്ട സുവിശേഷകർ ആധുനിക നാളിലുമുണ്ട്‌

[14-ാം പേജിലെ ചിത്രം]

മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കവേ നിങ്ങൾ വ്യക്തിപരമായി എങ്ങനെ പ്രയോജനം നേടുന്നു?