ആളുകളോട് അവരുടെ ജോലിസ്ഥലത്തു ചെന്നു സാക്ഷീകരിക്കൽ
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ആളുകളോട് അവരുടെ ജോലിസ്ഥലത്തു ചെന്നു സാക്ഷീകരിക്കൽ
അപ്പൊസ്‌തലന്മാരായ മത്തായി, പത്രൊസ്, അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ എന്നിവർക്കിടയിലെ സമാനത എന്തായിരുന്നു? ഇവരെല്ലാം തങ്ങളുടെ ജോലിസ്ഥലത്ത് ആയിരുന്നപ്പോഴാണ് യേശുക്രിസ്‌തു തന്നെ അനുഗമിക്കാൻ ഇവരെ വിളിച്ചത്. പത്രൊസ്, അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ എന്നിവർ മത്സ്യബന്ധന വ്യാപാരവുമായി തിരക്കിലായിരുന്നപ്പോഴാണ് “എന്റെ പിന്നാലെ വരുവിൻ” എന്നു പറഞ്ഞ് യേശു അവരെ ക്ഷണിച്ചത്. തന്റെ ശിഷ്യനാകാൻ യേശു മത്തായിയെ ക്ഷണിച്ചത് അവന്റെ നികുതി ഓഫീസിൽ വെച്ചാണ്.—മത്തായി 4:18-21; 9:9.
ആളുകളോട് അവരുടെ ജോലിസ്ഥലത്തു ചെന്നു സാക്ഷീകരിക്കുന്നത് പ്രതിഫലദായകമായിരിക്കാൻ കഴിയും. ഇതു തിരിച്ചറിഞ്ഞുകൊണ്ട് ജപ്പാനിലെ യഹോവയുടെ സാക്ഷികൾ ശുശ്രൂഷയുടെ ഈ സവിശേഷ മേഖലയിൽ പങ്കെടുക്കാൻ അടുത്തകാലത്ത് സംഘടിത ശ്രമം നടത്തി. ഫലമോ? രാജ്യഘോഷകർക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ ആയിരക്കണക്കിനു മടക്കസന്ദർശനങ്ങൾ ലഭിച്ചു, ഏതാണ്ട് 250 ബൈബിളധ്യയനങ്ങൾ തുടങ്ങാൻ കഴിഞ്ഞു. പിൻവരുന്ന ചില അനുഭവങ്ങൾ ശ്രദ്ധിക്കുക:
ടോക്കിയോയിലെ ഒരു മുഴുസമയ ശുശ്രൂഷകൻ ഒരു റെസ്റ്ററന്റ് മാനേജരെ കണ്ടുമുട്ടി. ഏതാണ്ട് 30 വർഷം മുമ്പ് ഒരു സ്‌കൂൾവിദ്യാർഥി ആയിരിക്കെ ഈ വ്യക്തി ഒരു സാക്ഷിയോടു സംസാരിച്ചിട്ടുണ്ടായിരുന്നു. അന്നു പറഞ്ഞ സംഗതികളിലധികവും മനസ്സിലായില്ലെങ്കിലും അദ്ദേഹത്തിനു ബൈബിളിൽ താത്‌പര്യം ജനിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ താത്‌പര്യം വീണ്ടുമുണർന്നു. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം * എന്ന പുസ്‌തകം ഉപയോഗിച്ചുകൊണ്ടുള്ള ഒരു ബൈബിളധ്യയനം അദ്ദേഹം സ്വീകരിച്ചു. കൂടാതെ, ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പ് അദ്ദേഹം വ്യക്തിപരമായി ബൈബിൾ വായിക്കാനും തുടങ്ങി.
ഒരു പ്രത്യേക പയനിയർ ശുശ്രൂഷക ഒരു ഓഫീസ് സന്ദർശിച്ചു. മാനേജരോടു സംസാരിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ഫോണിൽ പയനിയറോടു മറുപടി പറഞ്ഞ യുവതി ചോദിച്ചു: “നിങ്ങൾക്ക് എന്നോടു സംസാരിക്കാൻ താത്‌പര്യമുണ്ടോ?” ഫോണിലൂടെ നടത്തിയ ഹ്രസ്വമായ സംഭാഷണത്തിനുശേഷം ആ യുവതി പുറത്തേക്കു വന്ന്, തനിക്ക് ബൈബിൾ വായിക്കാൻ താത്‌പര്യമുണ്ടെന്നു പറഞ്ഞു. ഒരു ബൈബിളുമായി മടങ്ങിവരാനും ജോലിസമയത്തിനുമുമ്പ് അതിരാവിലെ അടുത്തുള്ള ഒരു പാർക്കിൽ വെച്ച് ആ യുവതിയോടൊത്തു ബൈബിൾ പഠിക്കാനും ആ പ്രത്യേക പയനിയർ സഹോദരി ക്രമീകരണം ചെയ്‌തു.
വേറൊരു ഓഫീസിൽ, സാക്ഷികളിൽപ്പെട്ട ഒരാൾ നൽകിയ വീക്ഷാഗോപുരം, ഉണരുക! മാസികകൾ അദ്ദേഹം പോയ ഉടൻതന്നെ തന്റെ സഹപ്രവർത്തക വലിച്ചെറിയുന്നത് ഒരാൾ നിരീക്ഷിക്കുകയുണ്ടായി. ആ മനുഷ്യൻ വീട്ടിൽചെന്ന് തന്റെ സാക്ഷിയായ ഭാര്യയോട് ഈ സംഭവം വിവരിച്ചു, തനിക്കാണ് ആ മാസികകൾ ലഭിച്ചിരുന്നതെങ്കിൽ താൻ കുറഞ്ഞപക്ഷം അത് എന്താണെന്നു നോക്കുകയെങ്കിലും ചെയ്യുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞത് കേൾക്കാനിടയായ മകൾ ആ ബിസിനസ് പ്രദേശത്ത് സാക്ഷീകരണം നടത്തുന്ന ഒരു സഹോദരനോട് ഇതേക്കുറിച്ചു പറഞ്ഞു. ആ സഹോദരൻ മേൽപ്പറഞ്ഞ വ്യക്തിയെ ഓഫീസിൽ ചെന്നു കാണുകയും അദ്ദേഹത്തോടൊപ്പം ഒരു ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്‌തു. പെട്ടെന്നുതന്നെ അദ്ദേഹം ക്രമമായി എല്ലാ ഞായറാഴ്‌ചത്തെയും യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി.
ആളുകളോട് അവരുടെ ജോലിസ്ഥലത്തു ചെന്നു സാക്ഷീകരിച്ചതിൽനിന്നും മറ്റു പ്രയോജനങ്ങളും ഉണ്ടായിട്ടുണ്ട്. വ്യാപാരസ്ഥലങ്ങൾ, ഫാക്ടറികൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ ജപ്പാനിലെ മിക്ക പ്രസാധകരും വൈദഗ്‌ധ്യം നേടിയിരിക്കുന്നു. കൂടാതെ, ഈ തരത്തിലുള്ള സാക്ഷീകരണത്തിലൂടെ, നിഷ്‌ക്രിയരായിരിക്കുന്ന ആളുകളെ കണ്ടുമുട്ടുന്നതിനും അവരോടൊത്തു ബൈബിളധ്യയനം തുടങ്ങുന്നതിനും കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഫലങ്ങൾ എടുത്തുപറയത്തക്കതാണ്. മധ്യ ടോക്കിയോയിലെ ഒരു സഭ അടുത്തകാലത്ത് 108 ബൈബിളധ്യയനങ്ങളും ഒരു വർഷം മുമ്പു ലഭിച്ചതിന്റെ ഇരട്ടിയിലേറെ മടക്കസന്ദർശനങ്ങളും റിപ്പോർട്ടു ചെയ്യുകയുണ്ടായി.
[അടിക്കുറിപ്പ്]
^ ഖ. 5 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.