വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ കൊച്ചുകൊച്ചു ത്യാഗങ്ങൾ വലിയ അനുഗ്രഹങ്ങളിലേക്കു നയിച്ചു

ഞങ്ങളുടെ കൊച്ചുകൊച്ചു ത്യാഗങ്ങൾ വലിയ അനുഗ്രഹങ്ങളിലേക്കു നയിച്ചു

ജീവിത കഥ

ഞങ്ങളുടെ കൊച്ചുകൊച്ചു ത്യാഗങ്ങൾ വലിയ അനുഗ്രഹങ്ങളിലേക്കു നയിച്ചു

ജോർജ്‌ ആൽജനും ആനും പറഞ്ഞപ്രകാരം

ഒരു ദിവസം “അധ്യാപിക”യെയും “ചുണ്ടെലി”യെയും തമ്മിൽ തെറ്റിപ്പോകുമെന്ന്‌ ഞാനോ ഭാര്യയോ സ്വപ്‌നത്തിൽപ്പോലും കരുതിയിരുന്നില്ല. മാത്രമല്ല, 60-കളിലായിരിക്കെ ഞങ്ങൾ വിദൂര പൗരസ്‌ത്യദേശത്തെ ആളുകളുമായി ആശയവിനിമയം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വിചിത്രങ്ങളായ അക്ഷരക്കാലുകളിൽ മിഴിച്ചുനോക്കിനിൽക്കേണ്ടിവരുമെന്നും ഞങ്ങൾ ഒട്ടും ചിന്തിച്ചിരുന്നില്ല. എന്നാൽ, ആനും ഞാനും 1980-കളുടെ ഒടുവിൽ ചെയ്‌തത്‌ അതായിരുന്നു. ഈ വർഷങ്ങളിലെല്ലാം ഞങ്ങൾ ചെയ്‌ത കൊച്ചുകൊച്ചു ത്യാഗങ്ങൾ വലിയ അനുഗ്രഹങ്ങളിലേക്കുള്ള വാതിൽ തുറന്നത്‌ എങ്ങനെയെന്നു ഞങ്ങൾ നിങ്ങളോടു പറയട്ടെ.

ഞാൻ ഒരു അർമേനിയൻ വംശജനാണ്‌. എന്റെ കുടുംബം അർമേനിയൻ സഭക്കാരായിരുന്നു. ആൻ ആകട്ടെ റോമൻ കത്തോലിക്ക വിശ്വാസിയും. 1950-ൽ വിവാഹിതരായപ്പോൾ ഞങ്ങൾ ഇരുവരും മതവിശ്വാസം സംബന്ധിച്ച്‌ ഒരു ഒത്തുതീർപ്പിലെത്തി. അന്ന്‌ എനിക്ക്‌ 27 വയസ്സും ആനിന്‌ 24 വയസ്സും ആയിരുന്നു. യു.എ⁠സ്‌.എ-യിലെ ന്യൂ ജേഴ്‌സിയിൽ, ജേഴ്‌സി നഗരത്തിലുള്ള എന്റെ ഡ്രൈക്ലീനിങ്‌ കടയുടെ മുകൾ നിലയിലെ ഒരു അപ്പാർട്ടുമെന്റിൽ ഞങ്ങൾ താമസം ആരംഭിച്ചു. അപ്പോഴേക്കും ഞാൻ ഈ ബിസിനസിന്റെ ഉടമസ്ഥനായിട്ട്‌ ഏതാണ്ടു നാലു വർഷമായിരുന്നു.

1955-ൽ, ന്യൂ ജേഴ്‌സിയിലെ മിഡിൽടൗണിൽ ഞങ്ങൾ മൂന്നു കിടപ്പുമുറികളുള്ള മനോഹരമായ ഒരു വീടു വാങ്ങി. എന്റെ കടയിൽനിന്ന്‌ ഏതാണ്ട്‌ 60 കിലോമീറ്റർ അകലെയായിരുന്നു ഇത്‌. ആഴ്‌ചയിൽ ആറു ദിവസവും ഞാൻ ജോലി ചെയ്യുമായിരുന്നു. രാത്രി വളരെ വൈകിയേ വീട്ടിൽ എത്തിയിരുന്നുള്ളൂ. യഹോവയുടെ സാക്ഷികൾ എനിക്കു ബൈബിൾ സാഹിത്യങ്ങൾ നൽകുന്നതിന്‌ ക്രമമായി എന്റെ കടയിൽ വന്നിരുന്നു. ഇതായിരുന്നു സാക്ഷികളുമായി എനിക്ക്‌ ആകെ ഉണ്ടായിരുന്ന ബന്ധം. ആ സാഹിത്യങ്ങൾ ഞാൻ അതീവ താത്‌പര്യത്തോടെ വായിച്ചു. ബിസിനസ്സ്‌ എന്റെ സമയവും ശ്രദ്ധയും ഏറിയപങ്കും അപഹരിച്ചിരുന്നെങ്കിലും ബൈബിളിനോടു ഞാൻ ആഴമായ ആദരവു വളർത്തിയെടുത്തു.

ഞാൻ കടയിലേക്കും തിരിച്ചും കാറോടിച്ചു പോകുന്ന സമയത്താണ്‌ വാച്ച്‌ടവർ റേഡിയോ സ്റ്റേഷനായ ഡബ്ലിയുബിബിആർ ബൈബിൾ പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്യുന്നതെന്ന്‌ താമസിയാതെ ഞാൻ മനസ്സിലാക്കി. ആ പ്രഭാഷണങ്ങൾ ഞാൻ അതീവ താത്‌പര്യത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ സാക്ഷികളോട്‌ എന്നെ സന്ദർശിക്കണമെന്ന്‌ ആവശ്യപ്പെടാൻ തക്ക അളവോളം എന്റെ താത്‌പര്യം വളർന്നു. 1957 നവംബറിൽ ജോർജ്‌ ബ്ലാൻടൻ വീട്ടിൽ വരികയും ഞാനുമായി ഒരു ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്‌തു.

ഞങ്ങളുടെ കുടുംബം നിർമലാരാധനയിൽ ഏകീകൃതരാകുന്നു

ആനിന്‌ ഇതെല്ലാം സംബന്ധിച്ച്‌ എന്തു തോന്നി? അത്‌ അവൾതന്നെ നിങ്ങളോടു പറയട്ടെ.

“ആദ്യമൊക്കെ ഈ ബൈബിൾ പഠനത്തോട്‌ എനിക്കു കടുത്ത വിരോധമായിരുന്നു. അദ്ദേഹം ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത്‌ ഞാൻ ഒരുപാടു തടസ്സങ്ങൾ ഉണ്ടാക്കുമായിരുന്നു. അതിനാൽ ബൈബിൾ പഠനം മറ്റൊരു സ്ഥലത്തേക്കു മാറ്റാൻ അദ്ദേഹം തീരുമാനിച്ചു, അങ്ങനെ എട്ടുമാസം തുടർന്നു. ആ സമയത്ത്‌ ജോർജ്‌ ഞായറാഴ്‌ചത്തെ യോഗങ്ങളിൽ സംബന്ധിക്കാൻ രാജ്യഹാളിൽ പോകാൻ തുടങ്ങി. ആകെ ഞായറാഴ്‌ച മാത്രമാണ്‌ അദ്ദേഹത്തിന്‌ അവധിയുണ്ടായിരുന്നത്‌. അതുകൊണ്ട്‌ ജോർജ്‌ തന്റെ ബൈബിൾ പഠനത്തെ ഗൗരവമായിട്ടാണ്‌ കാണുന്നത്‌ എന്ന്‌ എനിക്കു മനസ്സിലായി. ഞാൻ ഇങ്ങനെയൊക്കെ എതിർപ്പു പ്രകടിപ്പിച്ചിട്ടും, അദ്ദേഹം നല്ലൊരു ഭർത്താവും പിതാവുമായിരിക്കുന്നതിൽ തുടർന്നു​—⁠വാസ്‌തവത്തിൽ മുമ്പത്തെക്കാൾ അധികമായി. എന്റെ മനോഭാവത്തിനു മാറ്റം വന്നുതുടങ്ങി. ചിലപ്പോൾ ഞാൻ റ്റീപ്പോയ്‌ പൊടിതുടച്ചു വൃത്തിയാക്കുമ്പോൾ ജോർജ്‌ അവിടെ ഇട്ടിട്ടുപോയ ഉണരുക! മാസിക ആരും കാണാതെ എടുത്തു വായിക്കുമായിരുന്നു. മറ്റു സന്ദർഭങ്ങളിൽ, മതോപദേശത്തെ കുറിച്ചു നേരിട്ടു സംസാരിക്കാത്ത, എന്നാൽ എല്ലായ്‌പോഴും ഒരു സ്രഷ്ടാവിനെ കുറിച്ച്‌ ഊന്നിപ്പറയുന്ന ലേഖനങ്ങൾ ഉണരുക! മാസികയിൽനിന്ന്‌ ജോർജ്‌ എന്നെ വായിച്ചു കേൾപ്പിക്കുമായിരുന്നു.

“ബ്ലാൻടൻ സഹോദരനോടൊപ്പം ജോർജ്‌ ബൈബിൾ പഠിക്കാൻ പോയ ഒരു വൈകുന്നേരം, ഞാൻ ഒരു പ്രസിദ്ധീകരണം കാണാൻ ഇടയായി. ഞങ്ങളുടെ രണ്ടു വയസ്സുകാരനായ മകൻ എന്റെ കിടക്കയ്‌ക്കരികിൽ ഇട്ടിട്ടുപോയതായിരുന്നു അത്‌. മരിച്ചവരുടെ പ്രത്യാശയെ പറ്റി പറയുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു അത്‌. ക്ഷീണിതയായിരുന്നെങ്കിലും ഞാൻ അതു വായിക്കാൻ തുടങ്ങി. കാരണം എന്റെ മുത്തശ്ശി ആയിടയ്‌ക്കായിരുന്നു മരിച്ചത്‌. അതിൽ ഞാൻ വളരെ ദുഃഖിതയുമായിരുന്നു. മരിച്ചവർ എവിടെയെങ്കിലും പോയി ദുരിതം അനുഭവിക്കുന്നില്ല, മറിച്ച്‌ ഭാവിയിൽ ഒരു പുനരുത്ഥാനത്തിലൂടെ അവർ ജീവനിലേക്കു തിരികെ വരും എന്നുള്ള ബൈബിൾ സത്യം വളരെ പെട്ടെന്നു ഞാൻ കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്‌തു. ഉടനെ ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്ന്‌ വളരെ ഉത്സാഹത്തോടെ അതു തുടർന്നു വായിക്കാൻ തുടങ്ങി. ബൈബിളധ്യയനം കഴിഞ്ഞു ജോർജ്‌ വീട്ടിലെത്തുമ്പോൾ കാണിക്കാനുള്ള ആശയങ്ങൾക്ക്‌ ഞാൻ അടിവരയിട്ടു വെക്കുകയും ചെയ്‌തു.

“ഞാൻ ആ പഴയ ആളുതന്നെയാണ്‌ എന്നു ജോർജിനു വിശ്വസിക്കാനേ കഴിഞ്ഞില്ല. അദ്ദേഹം വീട്ടിൽനിന്നു പോയപ്പോൾ ഞാൻ ഇടഞ്ഞു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ, പഠിച്ച അത്ഭുതകരമായ ബൈബിൾ സത്യം നിമിത്തം സന്തോഷംകൊണ്ടു തുള്ളിച്ചാടുകയാണു ഞാൻ! പാതിരാത്രി കഴിഞ്ഞിട്ടും ഞങ്ങൾ ബൈബിൾ വിഷയങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ഭൂമിക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചു ജോർജ്‌ എന്നോടു വിശദീകരിച്ചു. ബൈബിളധ്യയനത്തിൽ എനിക്കും കൂടെ പങ്കെടുക്കാൻ കഴിയേണ്ടതിന്‌ അതു വീട്ടിൽവെച്ചു നടത്താമോ എന്നു ഞാൻ ആ രാത്രിതന്നെ അദ്ദേഹത്തോടു ചോദിച്ചു.

“ഞങ്ങളുടെ കുട്ടികളെയും അധ്യയനത്തിന്‌ ഇരുത്തുന്നത്‌ നന്നായിരിക്കുമെന്ന്‌ ബ്ലാൻടൻ സഹോദരൻ അഭിപ്രായപ്പെട്ടു. നാലും രണ്ടും വയസ്സു മാത്രമുള്ള അവർ അധ്യയനത്തിന്‌ ഇരിക്കാൻ മാത്രം വളർന്നിട്ടുണ്ടോയെന്നു ഞങ്ങൾക്കു സംശയമായിരുന്നു. എന്നാൽ, ബ്ലാൻടൻ സഹോദരൻ ഞങ്ങളെ ആവർത്തനപുസ്‌തകം 31:​12, 13-ലെ പിൻവരുന്ന വാക്കുകൾ കാണിച്ചു തന്നു: ‘പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും കേട്ടു പഠിക്കേണ്ടതിന്‌ ജനത്തെ വിളിച്ചുകൂട്ടേണം.’ ഞങ്ങൾക്ക്‌ ആ നിർദേശം ഇഷ്ടപ്പെട്ടു. ബൈബിളധ്യയനത്തിൽ കുട്ടികൾക്കും അഭിപ്രായം പറയാൻ സാധിക്കേണ്ടതിന്‌ അവരെ സഹായിക്കാനുള്ള ക്രമീകരണങ്ങൾ പോലും ഞങ്ങൾ ചെയ്‌തു. അഭിപ്രായങ്ങൾ ഞങ്ങൾ ഒന്നിച്ചു തയ്യാറാകും, എന്നാൽ എന്തു പറയണം എന്ന്‌ കുട്ടികൾക്കു ഞങ്ങൾ ഒരിക്കലും പറഞ്ഞു കൊടുത്തിരുന്നില്ല. ഈ ക്രമീകരണം സത്യം തങ്ങളുടെ സ്വന്തം ആക്കാൻ അവരെ സഹായിച്ചെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളുടെ കുടുംബം ആത്മീയമായി അഭിവൃദ്ധി പ്രാപിക്കാൻ ബ്ലാൻടൻ സഹോദരൻ നൽകിയ മാർഗനിർദേശങ്ങളെ പ്രതി ഞങ്ങൾ എല്ലായ്‌പോഴും നന്ദിയുള്ളവരായിരുന്നു.”

ത്യാഗങ്ങൾ ആവശ്യമാക്കിത്തീർത്ത വെല്ലുവിളികൾ

ഒരുമിച്ചു ബൈബിൾ പഠിക്കാൻ തുടങ്ങിയ ഞങ്ങൾക്കിപ്പോൾ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. എന്റെ കട വളരെ അകലെ ആയിരുന്നതിനാൽ സാധാരണ രാത്രി ഒമ്പതു മണി കഴിഞ്ഞേ എനിക്കു വീട്ടിലെത്താൻ കഴിഞ്ഞിരുന്നുള്ളൂ. ഇതുനിമിത്തം, എനിക്കു മധ്യവാര യോഗങ്ങളിൽ ഒന്നും സംബന്ധിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ സമയമായപ്പോഴേക്കും, ആൻ എല്ലാ യോഗങ്ങൾക്കും ഹാജരാകുകയും വളരെ വേഗത്തിൽ പുരോഗതി വരുത്തുകയും ചെയ്‌തു. എല്ലാ യോഗങ്ങൾക്കും സംബന്ധിക്കാനും അർഥവത്തായ ഒരു കുടുംബ അധ്യയനം നടത്താനും എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതിനു ഞാൻ ചില ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ടെന്ന്‌ എനിക്കറിയാമായിരുന്നു. അതുകൊണ്ടു ഞാൻ ബിസിനസിൽ ചെലവഴിക്കുന്ന സമയം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചു, ഇതുമൂലം എന്റെ ചില ഇടപാടുകാരെ എനിക്കു നഷ്ടപ്പെട്ടേക്കുമായിരുന്നു.

ഈ ക്രമീകരണം ഫലപ്രദമായിരുന്നു. കുടുംബാധ്യയനത്തെ, രാജ്യഹാളിലെ അഞ്ചു യോഗങ്ങളെ പോലെതന്നെ ഞങ്ങൾ ഗൗരവമായി കരുതി. ഇതിനെ ഞങ്ങൾ ആറാമത്തെ യോഗമായി കണക്കാക്കി. കുടുംബാധ്യയനത്തിന്‌ കൃത്യമായ ദിവസവും സമയവും ഉണ്ടായിരിക്കേണ്ടത്‌ ആവശ്യമായിരുന്നു. ബുധനാഴ്‌ച ദിവസം വൈകിട്ട്‌ എട്ടു മണിക്കായിരുന്നു അതിനായി സമയം ക്രമീകരിച്ചത്‌. ചിലപ്പോൾ അത്താഴം കഴിഞ്ഞ്‌ അവസാനത്തെ പാത്രവും കഴുകി വെച്ചു കഴിയുമ്പോൾ ഞങ്ങളിൽ ആരെങ്കിലും പറയും, “‘യോഗത്തിനു’ സമയമായി!” ഞാൻ എത്താൻ താമസിച്ചാൽ ആൻ അധ്യയനം തുടങ്ങിവെക്കും, എന്നിട്ട്‌ ഞാൻ വരുന്നയുടനെ അത്‌ എനിക്കു കൈമാറും.

ഞങ്ങളെ കുടുംബമെന്ന നിലയിൽ ബലപ്പെടുത്തുകയും ഏകീകൃതരാക്കുകയും ചെയ്‌ത മറ്റൊരു സംഗതി രാവിലെ തോറും നടത്തിയിരുന്ന ദിനവാക്യ പരിചിന്തനമാണ്‌. എന്നിരുന്നാലും, ഇതു ക്രമീകരിക്കുന്നതിൽ അൽപ്പം പ്രശ്‌നമുണ്ടായിരുന്നു. എല്ലാവരും പല സമയത്താണ്‌ എഴുന്നേറ്റിരുന്നത്‌. ഞങ്ങൾ ഇതേ കുറിച്ചു ചർച്ചചെയ്യുകയും എല്ലാവരും ഒരേ സമയത്ത്‌ എഴുന്നേറ്റ്‌ 6:30-ന്‌ പ്രഭാത ഭക്ഷണം കഴിച്ച്‌ ദിനവാക്യം പരിചിന്തിക്കാമെന്നു തീരുമാനിക്കുകയും ചെയ്‌തു. ഈ ക്രമീകരണം ഞങ്ങളുടെ കാര്യത്തിൽ വളരെ പ്രയോജനകരമെന്നു തെളിഞ്ഞു. ഞങ്ങളുടെ പുത്രന്മാർ വളർന്നപ്പോൾ അവർ ബെഥേൽ സേവനം തിരഞ്ഞെടുത്തു. ഈ ദിനവാക്യ ചർച്ചകൾ അവരുടെ ആത്മീയതയ്‌ക്കു കരുത്തു പകർന്നതായി ഞങ്ങൾക്കു തോന്നി.

സ്‌നാപനശേഷമുള്ള സേവനപദവികൾ വലിയ ത്യാഗങ്ങൾ ആവശ്യമാക്കിത്തീർത്തു

ഞാൻ 1962-ൽ സ്‌നാപനമേറ്റു. എന്റെ കുടുംബത്തോട്‌ ഒപ്പമായിരിക്കുന്നതിനും ഞങ്ങൾക്കൊന്നിച്ച്‌ യഹോവയെ സേവിക്കാൻ കഴിയേണ്ടതിനുമായി, 21 വർഷമായി ഞാൻ നോക്കിനടത്തിക്കൊണ്ടിരുന്ന ബിസിനസ്‌ ഞാൻ വിൽക്കുകയും ആ പ്രദേശത്തുതന്നെ ഒരു ജോലി കണ്ടെത്തുകയും ചെയ്‌തു. ഇതു വലിയ അനുഗ്രഹങ്ങളിലേക്കു നയിച്ചു. ഞങ്ങൾ എല്ലാവരും മുഴുസമയ ശുശ്രൂഷ ഞങ്ങളുടെ ജീവിത ലക്ഷ്യമാക്കി. 1970-കളുടെ പ്രാരംഭത്തിൽ, ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടനെ ഞങ്ങളുടെ മൂത്ത മകൻ എഡ്വേർഡ്‌ ഒരു മുഴുസമയ ശുശ്രൂഷകൻ അഥവാ സാധാരണ പയനിയർ ആയി. കുറച്ചു കഴിഞ്ഞ്‌, രണ്ടാമത്തെ മകൻ ജോർജ്‌ പയനിയറിങ്‌ തുടങ്ങി, താമസിയാതെ ആനും അവരോടൊപ്പം ചേർന്നു. ഇവർ മൂന്നുപേരും എനിക്കു പ്രോത്സാഹനത്തിന്റെ ഉറവുകളായിരുന്നു, വയൽസേവനത്തിൽ അവർക്കുണ്ടായ അനുഭവങ്ങൾ അവർ എന്നോടു പറയുമായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും മുഴുസമയ ശുശ്രൂഷയിൽ ആയിരിക്കാൻ കഴിയേണ്ടതിന്‌ എങ്ങനെ ജീവിതം ലളിതമാക്കാം എന്ന്‌ കുടുംബം ഒത്തൊരുമിച്ച്‌ ഞങ്ങൾ ചർച്ച ചെയ്‌തു. അങ്ങനെ ഞങ്ങൾ വീടു വിൽക്കാൻ തീരുമാനിച്ചു. 18 വർഷം താമസിച്ച്‌ ഞങ്ങളുടെ കുട്ടികളെ വളർത്തി വലുതാക്കിയ വീടായിരുന്നു അത്‌. ഞങ്ങളുടെ വീടിനെ ഞങ്ങൾ അതിയായി സ്‌നേഹിച്ചിരുന്നു. എന്നാൽ അതു വിൽക്കണമെന്നുള്ള ഞങ്ങളുടെ തീരുമാനത്തെ യഹോവ അനുഗ്രഹിക്കുകതന്നെ ചെയ്‌തു.

1972-ൽ എഡ്വേർഡിന്‌ ബെഥേലിലേക്കുള്ള ക്ഷണം വന്നു, 1974-ൽ ജോർജിനും. അവരെ പിരിഞ്ഞിരിക്കുന്നതിൽ എനിക്കും ആനിനും വിഷമം ഉണ്ടായിരുന്നെങ്കിലും, അവർ വിവാഹം കഴിച്ച്‌ കുട്ടികളുമൊക്കെയായി ഇവിടെ അടുത്തുതന്നെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നൊന്നും ഞങ്ങൾ ചിന്തിച്ചു ഭാരപ്പെട്ടില്ല. പകരം, ഞങ്ങളുടെ പുത്രന്മാർ ബെഥേലിൽ യഹോവയെ സേവിക്കുന്നതിൽ ഞങ്ങൾ ആനന്ദിച്ചു. * സദൃശവാക്യങ്ങൾ 23:15 പറയുന്ന വാക്കുകളോടു ഞങ്ങൾ തികച്ചും യോജിക്കുന്നു: “മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.”

ഞങ്ങൾ പ്രത്യേക പയനിയർ സേവനത്തിൽ പ്രവേശിക്കുന്നു

ഞങ്ങളുടെ മക്കൾ രണ്ടുപേരും ബെഥേൽ സേവനത്തിലും ഞങ്ങൾ പയനിയറിങ്ങിലും തുടർന്നു. അങ്ങനെയിരിക്കെ, 1975-ൽ ഒരു ദിവസം ഇല്ലിനോയ്‌സിലെ ക്ലിന്റൺ കൗണ്ടിയിലുള്ള നിയമിച്ചുകൊടുത്തിട്ടില്ലാത്ത പ്രദേശത്ത്‌ പ്രത്യേക പയനിയർ വേലയിൽ പ്രവേശിക്കുന്നതിനു ക്ഷണിച്ചുകൊണ്ട്‌ ഞങ്ങൾക്കൊരു കത്തുകിട്ടി. അത്‌ എന്തൊരു ആശ്ചര്യമായിരുന്നെന്നോ! അതിന്റെ അർഥം ഞങ്ങളുടെ സൃഹൃത്തുക്കളും ബന്ധുക്കളും ഒക്കെയുള്ള ന്യൂജേഴ്‌സി വിടേണ്ടിയിരിക്കുന്നു എന്നായിരുന്നു. തന്നെയുമല്ല, ന്യൂയോർക്കിൽ താമസിക്കുന്ന ഞങ്ങളുടെ മക്കളിൽനിന്നും ദൂരെ ആകുമായിരുന്നു. എന്നിരുന്നാലും, ഇത്‌ യഹോവയിൽനിന്നുള്ള ഒരു നിയമനമായി ഞങ്ങൾ കരുതി. ഇതിനുവേണ്ടി ചെയ്‌ത ത്യാഗങ്ങൾ പുതിയ അനുഗ്രഹങ്ങളിൽ കലാശിക്കുകയും ചെയ്‌തു.

ഈ പ്രദേശത്ത്‌ നിരവധി മാസങ്ങൾ വേല ചെയ്‌തതിനു ശേഷം ഞങ്ങൾ ഇല്ലിനോയ്‌സിലെ കാർലൈലിലുള്ള ഒരു കമ്മ്യൂണിറ്റി ഹാളിൽ യോഗങ്ങൾ നടത്താൻ തുടങ്ങി. പക്ഷേ കൂടിവരാൻ ഞങ്ങൾക്ക്‌ സ്ഥിരമായൊരു സ്ഥലം ആവശ്യമായിരുന്നു. അവിടത്തെ ഒരു സഹോദരനും ഭാര്യയും ചെറിയ ഒരു വീടോടു കൂടിയ സ്ഥലം കണ്ടെത്തുകയും അതു ഞങ്ങൾ വാടകയ്‌ക്കെടുക്കുകയും ചെയ്‌തു. പുറത്തെ കക്കൂസ്‌ സഹിതം ഞങ്ങൾ അത്‌ ആകമാനം വൃത്തിയാക്കി ചെറിയൊരു യോഗസ്ഥലമാക്കി മാറ്റി. ഞങ്ങളെ സാകൂതം വീക്ഷിക്കുമായിരുന്ന ഒരു കുതിരയെ ഞങ്ങൾ വാത്സല്യത്തോടെ ഓർക്കുന്നു. യോഗത്തിൽ എന്താണു നടക്കുന്നതെന്നറിയാൻ കക്ഷി മിക്കപ്പോഴും ജനാലയിലൂടെ തലയിട്ടു നോക്കുമായിരുന്നു!

കാലാന്തരത്തിൽ, കാർലൈലിൽ ഒരു സഭ രൂപീകൃതമായി. അതിൽ ഒരു പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ആ പ്രദേശത്തുതന്നെ സേവിക്കാനെത്തിയ യുവ പയനിയർ ദമ്പതിമാരായ സ്റ്റീവ്‌ തോംസണും കാരിലും ഞങ്ങൾക്കു വലിയൊരു സഹായമായിരുന്നു. തോംസൺ ദമ്പതിമാർ അവിടെ നിരവധി വർഷങ്ങൾ താമസിച്ചു. പിന്നീട്‌ വാച്ച്‌ടവർ ഗിലെയാദ്‌ സ്‌കൂളിൽ സംബന്ധിച്ച അവർ മിഷനറി നിയമനം കിട്ടി പൂർവാഫ്രിക്കയിലേക്കു പോയി. അവർ അവിടെ സഞ്ചാരവേലയിലാണ്‌.

പെട്ടെന്നുതന്നെ ഞങ്ങളുടെ കൊച്ചു യോഗസ്ഥലം നിറഞ്ഞു കവിഞ്ഞു. ഞങ്ങൾക്ക്‌ വലിയൊരു ഹാൾ ആവശ്യമായിവന്നു. മുമ്പത്തെ ആ സഹോദരനും ഭാര്യയും വീണ്ടും ഞങ്ങളുടെ സഹായത്തിനെത്തി. രാജ്യഹാളിനു പറ്റിയ ഒരു വസ്‌തു ഞങ്ങൾ വാങ്ങി. ഏതാനും വർഷങ്ങൾക്കുശേഷം ഞങ്ങളെ കാർലൈലിലെ പുതിയ രാജ്യഹാളിന്റെ സമർപ്പണത്തിനു ക്ഷണിച്ചപ്പോൾ ഞങ്ങൾക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ! സമർപ്പണ പ്രസംഗം നടത്താനുള്ള പദവി എനിക്കു ലഭിച്ചു. അവിടത്തെ നിയമനം ഞങ്ങളെ സംബന്ധിച്ചിടത്തോളം വിശിഷ്ടമായ ഒരു അനുഭവം, യഹോവയിൽനിന്നുള്ള അനുഗ്രഹം ആയിരുന്നു.

ഞങ്ങളുടെ മുമ്പാകെ പുതിയൊരു വയൽ തുറക്കുന്നു

1979-ൽ ന്യൂ ജേഴ്‌സിയിലെ ഹാരിസണിൽ ഞങ്ങൾക്ക്‌ പുതിയൊരു നിയമനം ലഭിച്ചു. ഏകദേശം 12 വർഷം ഞങ്ങൾ അവിടെ സേവിച്ചു. ആ സമയത്ത്‌ ചൈനക്കാരിയായ ഒരു സ്‌ത്രീയുമായി ഞങ്ങൾ ബൈബിളധ്യയനം തുടങ്ങി. ഇത്‌ ചൈനക്കാരായ നിരവധി ആളുകളുമായി ബൈബിളധ്യയനം നടത്തുന്നതിലേക്കു വഴിതുറന്നു. ഞങ്ങളുടെ പ്രദേശത്ത്‌ ആയിരക്കണക്കിനു ചൈനീസ്‌ വിദ്യാർഥികളും കുടുംബങ്ങളും പാർക്കുന്നുണ്ടെന്നു ക്രമേണ ഞങ്ങൾക്കു മനസ്സിലായി. അതിനാൽ ചൈനീസ്‌ ഭാഷ പഠിക്കാൻ ഞങ്ങൾ പ്രോത്സാഹിതരായി. ഇതിനായി ഭാഷ പഠിക്കാൻ ദിവസവും സമയം കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഫലമോ? ഞങ്ങളുടെ പ്രദേശത്തെ ചൈനക്കാരായ നിരവധി ആളുകളുമായി ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിന്‌ ഇത്‌ ഇടയാക്കി. തികച്ചും സന്തോഷകരമായ ഒരനുഭവം ആയിരുന്നു അത്‌.

ആ കാലത്ത്‌, ഓർത്തോർത്തു ചിരിക്കാൻ പറ്റിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌, വിശേഷിച്ച്‌ ചൈനീസ്‌ സംസാരിക്കാനുള്ള ഞങ്ങളുടെ ഉദ്യമങ്ങളിൽ. ഒരിക്കൽ ആൻ, താനൊരു ബൈബിൾ “അധ്യാപിക” ആണെന്ന്‌ പരിചയപ്പെടുത്താൻ ശ്രമിച്ചിട്ട്‌ പറഞ്ഞു വന്നപ്പോൾ, താൻ ഒരു ബൈബിൾ “ചുണ്ടെലി” ആണ്‌ എന്നായി. ഈ വാക്കുകൾ തമ്മിൽ നല്ല സാമ്യമാണ്‌. വീട്ടുകാരി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു “അകത്തേക്കു വരൂ, ഞാൻ ഇതുവരെയും ഒരു ബൈബിൾ ചുണ്ടെലിയോടു സംസാരിച്ചിട്ടില്ല.” ഭാഷയുമായി ഞങ്ങൾ ഇപ്പോഴും മൽപ്പിടുത്തത്തിലാണ്‌.

തുടർന്ന്‌, ന്യൂ ജേഴ്‌സിയിലെ മറ്റൊരു പ്രദേശത്തേക്കു ഞങ്ങൾക്കു നിയമനം ലഭിച്ചു, അവിടെയും ചൈനീസ്‌ ഭാഷാ വയലിൽ പ്രവർത്തനം തുടരുന്നതിനു ഞങ്ങൾക്കു കഴിഞ്ഞു. അതുകഴിഞ്ഞ്‌, മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണിലേക്ക്‌ പോകാൻ ഞങ്ങളെ ക്ഷണിച്ചു. അവിടെ മൂന്നു വർഷത്തോളമായി ഒരു ചൈനീസ്‌ ഭാഷാക്കൂട്ടം വികസിച്ചു വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏഴു വർഷമായി ഈ കൂട്ടത്തെ സഹായിക്കുന്നത്‌ ഞങ്ങളുടെ പദവി ആയിരുന്നിട്ടുണ്ട്‌. അതുപോലെ 2003 ജനുവരി ഒന്നിന്‌ ഇത്‌ ഒരു സഭയായി മാറുന്നതു കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ഞങ്ങൾക്കുണ്ട്‌.

ജീവിതത്തിലെ ആത്മത്യാഗത്തിന്റെ അനുഗ്രഹങ്ങൾ

മലാഖി 3:​10-ൽ, സ്ഥലം പോരാതെ വരുവോളം തന്റെ ജനത്തിന്മേൽ അനുഗ്രഹങ്ങൾ ചൊരിയേണ്ടതിന്‌ യാഗങ്ങളും ദശാംശങ്ങളും കൊണ്ടുവരാൻ യഹോവ അവരെ ക്ഷണിക്കുന്നതിനെ കുറിച്ച്‌ നാം വായിക്കുന്നു. ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന ബിസിനസാണ്‌ ഞങ്ങൾ ഉപേക്ഷിച്ചത്‌. ഞങ്ങൾ വളരെയേറെ പ്രിയങ്കരമായി കരുതിയിരുന്ന വീട്‌ ഞങ്ങൾ വിറ്റു. അതുപോലെ മറ്റു വസ്‌തുക്കളും ഞങ്ങൾ ഉപേക്ഷിച്ചു. എന്നാൽ ലഭിച്ച അനുഗ്രഹങ്ങളുടെ മുന്നിൽ ഞങ്ങൾ ചെയ്‌ത ത്യാഗങ്ങൾ എത്രയോ നിസ്സാരമാണ്‌.

വാസ്‌തവത്തിൽ, യഹോവ ഞങ്ങളുടെമേൽ എത്ര സമൃദ്ധമായ അനുഗ്രഹങ്ങളാണു ചൊരിഞ്ഞിരിക്കുന്നത്‌! മക്കൾ സത്യത്തോടു പ്രതികരിക്കുന്നത്‌ കാണാനിടയായതിന്റെ സംതൃപ്‌തി ഞങ്ങൾക്കുണ്ട്‌. ജീവരക്ഷാകരമായ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടതിന്റെ സന്തോഷം ഞങ്ങൾ ആസ്വദിച്ചിരിക്കുന്നു. അതുപോലെ ഞങ്ങൾക്ക്‌ ആവശ്യമായ കാര്യങ്ങൾ പ്രദാനം ചെയ്യുകവഴി യഹോവ പ്രകടമാക്കിയ കരുതൽ അനുഭവിച്ചറിയാൻ ഞങ്ങൾക്കു സാധിച്ചിരിക്കുന്നു. അതേ, ഞങ്ങളുടെ കൊച്ചുകൊച്ചു ത്യാഗങ്ങൾ ഞങ്ങളെ നയിച്ചത്‌ അനുഗ്രഹങ്ങളുടെ കലവറയിലേക്കായിരുന്നു!

[അടിക്കുറിപ്പ്‌]

^ ഖ. 20 അവർ ഇപ്പോഴും ബെഥേലിൽ വിശ്വസ്‌തതയോടെ സേവിക്കുന്നു​—⁠എഡ്വേർഡും ഭാര്യ കോണീയും പാറ്റേഴ്‌സണിലും, ജോർജും ഭാര്യ ഗ്രേസും ബ്രൂക്ലിനിലും.

[25-ാം പേജിലെ ചിത്രം]

ആനിനോടൊപ്പം ജോർജ്‌ ബ്ലാൻടനും ഭാര്യ ലൂയിസും, 1991-ൽ

[26-ാം പേജിലെ ചിത്രം]

1983 ജൂൺ 4-ന്‌ സമർപ്പിച്ച കാർലൈലിലെ രാജ്യഹാൾ

[27-ാം പേജിലെ ചിത്രം]

ബോസ്റ്റണിലെ പുതുതായി രൂപംകൊണ്ട ചൈനീസ്‌ സഭയോടൊപ്പം

[28-ാം പേജിലെ ചിത്രം]

എഡ്വേർഡ്‌, കോണീ, ജോർജ്‌, ഗ്രേസ്‌ എന്നിവരോടൊപ്പം