വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളെ തരണം ചെയ്യാൻ ദൈവാത്മാവിൽ ആശ്രയിക്കുക

മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളെ തരണം ചെയ്യാൻ ദൈവാത്മാവിൽ ആശ്രയിക്കുക

മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളെ തരണം ചെയ്യാൻ ദൈവാത്മാവിൽ ആശ്രയിക്കുക

‘ദൈവം അംഗീകരിക്കുന്നവരായി നിങ്ങളെത്തന്നെ അർപ്പിക്കാൻ പരമാവധി പ്രവർത്തിക്കുക.’​—⁠2 തിമൊഥെയൊസ്‌ 2:​15, NW.

1. ഏതു മാറ്റങ്ങൾ നമ്മുടെ ആത്മീയ ക്ഷേമത്തിന്‌ വെല്ലുവിളി ഉയർത്തുന്നു?

നമുക്കു ചുറ്റുമുള്ള ലോകം സദാ മാറിക്കൊണ്ടിരിക്കുകയാണ്‌. ശാസ്‌ത്രസാങ്കേതിക രംഗം ശ്രദ്ധേയമായ പുരോഗതികൾ കൈവരിക്കുന്നതോടൊപ്പം ധാർമിക മൂല്യങ്ങൾ ഇടിഞ്ഞു വീഴുന്നതും നാം കാണുന്നു. മുൻലേഖനത്തിൽ പരിചിന്തിച്ചതുപോലെ, ലോകത്തിന്റെ ദൈവവിരുദ്ധ ആത്മാവിനെ ക്രിസ്‌ത്യാനികൾ ചെറുത്തു നിൽക്കണം. എന്നിരുന്നാലും, ലോകം മാറിക്കൊണ്ടിരിക്കുമ്പോൾത്തന്നെ നമുക്കും പലവിധ മാറ്റങ്ങൾ സംഭവിക്കുന്നു. നാം ബാല്യം വിട്ട്‌ മുതിർന്നവരായിത്തീരുന്നു. ധനവും ആരോഗ്യവും പ്രിയപ്പെട്ടവരും വരുകയും പോകുകയും ചെയ്‌തേക്കാം. അത്തരത്തിലുള്ള പല മാറ്റങ്ങളും നമ്മുടെ നിയന്ത്രണത്തിന്‌ അതീതമാണ്‌. അവ നമ്മുടെ ആത്മീയ ക്ഷേമത്തിന്‌ പുതുതായ കടുത്ത വെല്ലുവിളികൾ ഉയർത്തുകയും ചെയ്‌തേക്കാം.

2. ദാവീദിന്റെ ജീവിതം മാറ്റത്തിനു വിധേയമായത്‌ എങ്ങനെ?

2 യിശ്ശായിയുടെ മകനായ ദാവീദിന്റെ ജീവിതത്തിൽ ഉണ്ടായതുപോലുള്ള സമൂല മാറ്റങ്ങൾ അധികമാരുടെയും ജീവിതത്തിൽ ഉണ്ടായെന്നുവരില്ല. ആരോരുമറിയാത്ത ഒരു ഇടയബാലൻ എന്ന നിലയിൽനിന്ന്‌ ദേശമെങ്ങും അറിയപ്പെടുന്ന ഒരു ധീര യോദ്ധാവ്‌ എന്ന പ്രശസ്‌തിയിലേക്ക്‌ ദാവീദ്‌ പൊടുന്നനെ ഉയർന്നു. തുടർന്ന്‌ അസൂയാലുവായ ഒരു രാജാവിനാൽ മൃഗത്തെപ്പോലെ വേട്ടയാടപ്പെട്ട അവൻ അഭയാർഥിയായി അലഞ്ഞു. പിന്നീട്‌ ദാവീദ്‌ ജയശാലിയായ ഒരു രാജാവായിത്തീർന്നു. ഗുരുതരമായ പാപത്തിന്റെ തിക്തഫലങ്ങൾ അവൻ അനുഭവിച്ചു, കുടുംബത്തിലുണ്ടായ ദുരന്തവും ഭിന്നിപ്പും അവനു കാണേണ്ടിവന്നു. അവൻ ധനം ആർജിച്ചു, വയസ്സുചെന്ന്‌ വാർധക്യത്തിന്റെ അവശതകൾ അനുഭവിച്ചറിഞ്ഞു. എന്നാൽ ഇത്രയൊക്കെ മാറ്റങ്ങളിലൂടെ കടന്നുപോയിട്ടും ദാവീദ്‌ ആജീവനാന്തം യഹോവയിലും അവന്റെ ആത്മാവിലും ശക്തമായ വിശ്വാസവും ആശ്രയത്വവും പ്രകടമാക്കി. “ദൈവത്തിന്‌ അംഗീകാരമുള്ളവനായി” സ്വയം അർപ്പിക്കാൻ അവൻ തന്റെ പരമാവധി ശ്രമിച്ചു. ദൈവം അവനെ അനുഗ്രഹിച്ചു. (2 തിമൊഥെയൊസ്‌ 2:​15, NW) നമ്മുടെ സാഹചര്യങ്ങൾ ദാവീദിന്റേതിൽനിന്നു വ്യത്യസ്‌തമായിരുന്നേക്കാമെങ്കിലും തന്റെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളെ അവൻ കൈകാര്യം ചെയ്‌ത വിധത്തിൽനിന്ന്‌ നമുക്കു പലതും പഠിക്കാനാകും. ജീവിതത്തിൽ മാറ്റങ്ങളെ അഭിമുഖീകരിക്കവേ, നമുക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായം തുടർന്നും എങ്ങനെ ഉണ്ടായിരിക്കാൻ കഴിയും എന്നു മനസ്സിലാക്കാൻ അവന്റെ ദൃഷ്ടാന്തത്തിനു നമ്മെ സഹായിക്കാനാകും.

ദാവീദിന്റെ താഴ്‌മ​—⁠ഒരു ഉത്തമ മാതൃക

3, 4. ദാവീദ്‌, അറിയപ്പെടാത്ത ഒരു ഇടയബാലൻ എന്ന നിലയിൽ നിന്ന്‌ ദേശീയ പ്രശസ്‌തിയിലേക്ക്‌ ഉയർന്നത്‌ എങ്ങനെ?

3 ഒരു ബാലൻ എന്ന നിലയിൽ തന്റെ കുടുംബത്തിൽപ്പോലും ദാവീദിന്‌ പ്രാമുഖ്യത ഉണ്ടായിരുന്നില്ല. ശമൂവേൽ പ്രവാചകൻ ബേത്ത്‌ലേഹെമിൽ ചെന്നപ്പോൾ ദാവീദിന്റെ പിതാവ്‌ തന്റെ എട്ടു പുത്രന്മാരിൽ ഏഴുപേരെയും അവന്റെ മുമ്പിൽ കൊണ്ടുവന്നു. ഏറ്റവും ഇളയവനായ ദാവീദിനെ ആടുകളെ മേയ്‌ക്കാൻ വിട്ടിരിക്കുകയായിരുന്നു. എന്നാൽ ഇസ്രായേലിന്റെ രാജാവായി യഹോവ ദാവീദിനെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്‌. ദാവീദിനെ വയലിൽനിന്നു വിളിച്ചുവരുത്തി. തുടർന്ന്‌ ബൈബിൾ രേഖ ഇപ്രകാരം പറയുന്നു: “അങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ചു അവനെ അഭിഷേകം ചെയ്‌തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു.” (1 ശമൂവേൽ 16:12, 13) ദാവീദ്‌ തന്റെ ജീവിതത്തിൽ ഉടനീളം ആ ആത്മാവിൽ ആശ്രയിച്ചു.

4 ഈ ഇടയബാലൻ പെട്ടെന്നുതന്നെ ദേശീയ പ്രശസ്‌തിയിലേക്ക്‌ ഉയരുമായിരുന്നു. രാജാവിനെ ശുശ്രൂഷിക്കാനും അവനുവേണ്ടി സംഗീതം വായിക്കാനും അവൻ നിയമിതനായി. ഇസ്രായേലിലെ തഴക്കംചെന്ന യോദ്ധാക്കൾപോലും നേരിടാൻ ഭയന്നിരുന്ന ഗൊല്യാത്ത്‌ എന്ന ഘോര മല്ലനെ അവൻ വധിച്ചു. യോദ്ധാക്കളെ നയിക്കാൻ നിയമിതനായ ദാവീദ്‌ ഫെലിസ്‌ത്യർക്കെതിരെ യുദ്ധംചെയ്‌തു വിജയിച്ചു. ജനം അവനെ സ്‌നേഹിച്ചു. അവർ അവനെ പുകഴ്‌ത്തിക്കൊണ്ടുള്ള ഗീതങ്ങൾ ചമച്ചു. മുമ്പ്‌ ശൗൽ രാജാവിന്റെ ഒരു ഉപദേഷ്ടാവ്‌ യുവാവായ ദാവീദിനെ ‘കിന്നരവായനയിൽ നിപുണൻ’ എന്നതിനു പുറമേ “പരാക്രമശാലിയും യോദ്ധാവും വാക്‌ചാതുര്യമുള്ളവനും കോമളനും” എന്നും വർണിച്ചിരുന്നു.​—⁠1 ശമൂവേൽ 16:18; 17:23, 24, 45-51; 18:5-7.

5. ദാവീദിനെ തലക്കനം ഉള്ളവനാക്കാൻ എന്തിനു കഴിയുമായിരുന്നു, എന്നാൽ അവൻ അങ്ങനെ ആയിത്തീർന്നില്ല എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

5 പ്രശസ്‌തി, സൗന്ദര്യം, യുവത്വം, വാക്‌ചാതുര്യം, സംഗീത വൈദഗ്‌ധ്യം, യുദ്ധ പ്രാവീണ്യം, ദൈവാംഗീകാരം​—⁠അവയെല്ലാം ദാവീദിന്‌ ഉണ്ടായിരുന്നു. അവയിൽ ഒന്നിനെങ്കിലും ദാവീദിനെ അൽപ്പം തലക്കനം ഉള്ളവനാക്കാൻ കഴിയുമായിരുന്നു. എന്നാൽ അവയൊന്നും അവനെ അങ്ങനെയാക്കിയില്ല. തന്റെ പുത്രിയെ ദാവീദിന്‌ വിവാഹവാഗ്‌ദാനം ചെയ്‌ത ശൗൽ രാജാവിനോടുള്ള അവന്റെ മറുപടി ശ്രദ്ധിക്കുക. യഥാർഥ താഴ്‌മയോടെ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആർ? യിസ്രായേലിൽ എന്റെ അസ്‌മാദികളും എന്റെ പിതൃഭവനവും എന്തുള്ളു?” (1 ശമൂവേൽ 18:18) ഈ വാക്യത്തെ കുറിച്ച്‌ അഭിപ്രായം പറഞ്ഞുകൊണ്ട്‌ ഒരു പണ്ഡിതൻ ഇപ്രകാരം എഴുതി: “വ്യക്തിപരമായ യോഗ്യതകളാലോ സാമൂഹിക നിലയാലോ വംശപാരമ്പര്യത്താലോ രാജാവിന്റെ മരുമകനാകാനുള്ള യോഗ്യത ഒട്ടുംതന്നെ തനിക്കില്ല എന്നാണ്‌ ദാവീദ്‌ അർഥമാക്കിയത്‌.”

6. നാം താഴ്‌മ നട്ടുവളർത്തേണ്ടത്‌ എന്തുകൊണ്ട്‌?

6 യഹോവ അപൂർണ മനുഷ്യരെക്കാൾ എല്ലാവിധത്തിലും അതീവ ശ്രേഷ്‌ഠനാണ്‌ എന്ന്‌ അംഗീകരിച്ചതാണ്‌ ദാവീദിന്റെ താഴ്‌മയ്‌ക്ക്‌ ആധാരം. ദൈവം മനുഷ്യരെ ശ്രദ്ധിക്കുന്നു എന്നതുപോലും ദാവീദിനെ അത്ഭുതപ്പെടുത്തി. (സങ്കീർത്തനം 144:3) തനിക്ക്‌ എന്തെങ്കിലും മഹത്ത്വം ഉണ്ടെങ്കിൽത്തന്നെ അത്‌, തന്നെ പുലർത്താനും സംരക്ഷിക്കാനും തനിക്കായി കരുതാനുമായി യഹോവ തന്നെത്തന്നെ താഴ്‌ത്തിക്കൊണ്ട്‌ “താഴ്‌മ” [NW] പ്രകടമാക്കിയതുകൊണ്ടാണ്‌ എന്നും ദാവീദിന്‌ അറിയാമായിരുന്നു. (സങ്കീർത്തനം 18:​35) എത്ര സുന്ദരമായ ഒരു പാഠം! നമ്മുടെ കഴിവുകളും നേട്ടങ്ങളും പദവികളും ഒന്നും നമ്മെ ഒരിക്കലും അഹങ്കാരികൾ ആക്കിത്തീർക്കരുത്‌. “ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു?” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ചോദിച്ചു. “ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു?” (1 കൊരിന്ത്യർ 4:7) യഹോവയുടെ പരിശുദ്ധാത്മാവ്‌ ഉണ്ടായിരിക്കുന്നതിനും അവന്റെ അംഗീകാരം ആസ്വദിക്കുന്നതിനും നാം താഴ്‌മ നട്ടുവളർത്തുകയും നിലനിറുത്തുകയും വേണം.​—⁠യാക്കോബ്‌ 4:6.

‘നിങ്ങൾ തന്നേ പ്രതികാരം ചെയ്യരുത്‌’

7. ശൗൽ രാജാവിനെ വധിക്കാൻ ദാവീദിന്‌ ഏത്‌ അവസരം വീണുകിട്ടി?

7 തന്റെ പ്രശസ്‌തി ദാവീദിൽ അഹങ്കാരം വളർത്തിയില്ലെങ്കിലും ശൗൽ രാജാവിൽ അതു ഹിംസാത്മകമായ അസൂയ ജനിപ്പിക്കുകതന്നെ ചെയ്‌തു. ശൗലിൽനിന്ന്‌ ദൈവത്തിന്റെ ആത്മാവ്‌ വിട്ടുമാറിയിരുന്നു. ദാവീദ്‌ തെറ്റൊന്നും ചെയ്‌തിരുന്നില്ലെങ്കിലും അവനു പ്രാണരക്ഷാർഥം ഓടിപ്പോകേണ്ടതായും മരുഭൂമിയിൽ ചെന്നുപാർക്കേണ്ടതായും വന്നു. ദാവീദിനെ വിടാതെ പിന്തുടർന്നുകൊണ്ടിരുന്ന ഒരു സന്ദർഭത്തിൽ ശൗൽ രാജാവ്‌ ഒരു ഗുഹയിൽ ചെന്നുകയറി. അവിടെ ദാവീദും അവന്റെ ആളുകളും ഒളിച്ചു പാർത്തിരുന്നു എന്ന്‌ അവൻ അറിഞ്ഞിരുന്നില്ല. ശൗലിനെ വധിക്കാൻ ദൈവം നൽകിയതെന്നു തോന്നിച്ച ആ അവസരം പ്രയോജനപ്പെടുത്താൻ ദാവീദിന്റെ ആളുകൾ അവനെ പ്രോത്സാഹിപ്പിച്ചു. ഗുഹയ്‌ക്കുള്ളിലെ ഇരുട്ടിൽ അവർ ദാവീദിന്റെ ചെവിയിൽ ഇങ്ങനെ മന്ത്രിക്കുന്നത്‌ നമുക്കു വിഭാവന ചെയ്യാൻ കഴിയും: “‘ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്‌പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം’ എന്നു യഹോവ നിന്നോടു അരുളിച്ചെയ്യുന്ന ദിവസം ഇതാ.”​—⁠1 ശമൂവേൽ 24:2-6.

8. പ്രതികാരം ചെയ്യുന്നതിൽനിന്ന്‌ ദാവീദ്‌ തന്നെത്തന്നെ തടഞ്ഞത്‌ എന്തുകൊണ്ട്‌?

8 ശൗലിനെ ഉപദ്രവിക്കാൻ ദാവീദ്‌ വിസമ്മതിച്ചു. വിശ്വാസവും സഹിഷ്‌ണുതയും പ്രകടമാക്കിക്കൊണ്ട്‌ കാര്യങ്ങൾ യഹോവയ്‌ക്കു വിടാൻ അവൻ ഒരുക്കമായിരുന്നു. രാജാവ്‌ ഗുഹയിൽനിന്നു പോയിക്കഴിഞ്ഞപ്പോൾ ദാവീദ്‌ അവനോട്‌ ഇങ്ങനെ വിളിച്ചു പറഞ്ഞു: “യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.” (1 ശമൂവേൽ 24:12) തെറ്റ്‌ ശൗലിന്റെ പക്ഷത്താണ്‌ എന്ന്‌ അറിയാമായിരുന്നെങ്കിലും ദാവീദ്‌ പ്രതികാരം ചെയ്‌തില്ല; ശൗലിനെ ശപിക്കുകയോ അവനെ കുറിച്ചു മോശമായി സംസാരിക്കുകയോ ചെയ്‌തില്ല. മറ്റു നിരവധി സന്ദർഭങ്ങളിലും പ്രതികാരം ചെയ്യുന്നതിൽനിന്ന്‌ ദാവീദ്‌ വിട്ടുനിന്നു. പകരം, കാര്യങ്ങൾ നേരെയാക്കാൻ അവൻ യഹോവയിൽ ആശ്രയിച്ചു.​—⁠1 ശമൂവേൽ 25:32-34; 26:10, 11.

9. എതിർപ്പോ പീഡനമോ നേരിടുമ്പോൾ നാം പകരത്തിനു പകരം ചെയ്യരുതാത്തത്‌ എന്തുകൊണ്ട്‌?

9 ദാവീദിനെപ്പോലെ നിങ്ങളും ദുഷ്‌കരമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചേക്കാം. സഹപാഠികളോ സഹജോലിക്കാരോ കുടുംബാംഗങ്ങളോ നിങ്ങളുടെ വിശ്വാസം പങ്കുവെക്കാത്ത മറ്റുള്ളവരോ നിങ്ങളെ എതിർക്കുകയോ പീഡിപ്പിക്കുകയോ ചെയ്‌തേക്കാം. പക്ഷേ പകരത്തിനു പകരം ചെയ്യരുത്‌. സഹായത്തിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി യാചിച്ചുകൊണ്ട്‌ യഹോവയ്‌ക്കായി കാത്തിരിക്കുക. ഒരുപക്ഷേ നിങ്ങളുടെ നല്ല നടത്തയിൽ മതിപ്പുതോന്നി ആ അവിശ്വാസികൾ വിശ്വാസികൾ ആയിത്തീർന്നേക്കാം. (1 പത്രൊസ്‌ 3:1) എന്തുതന്നെ സംഭവിച്ചാലും സാഹചര്യം യഹോവ കാണുന്നുണ്ടെന്നും തന്റേതായ സമയത്ത്‌ അതു സംബന്ധിച്ച്‌ അവൻ വേണ്ടതു ചെയ്യുമെന്നും ഉറപ്പുള്ളവരായിരിക്കുക. അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: “പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിചെയ്യുന്നു.”​—⁠റോമർ 12:19.

“ശിക്ഷണത്തിന്‌ ചെവികൊടുക്കുക”

10. ദാവീദ്‌ പാപത്തിൽ വഴുതിവീണത്‌ എങ്ങനെ, അതു മറച്ചുവെക്കാൻ അവൻ ശ്രമിച്ചത്‌ എങ്ങനെ?

10 വർഷങ്ങൾ കടന്നുപോയി. ദാവീദ്‌ സുപ്രസിദ്ധനും പ്രിയങ്കരനുമായ ഒരു രാജാവായിത്തീർന്നു. അവന്റെ ശ്രദ്ധേയമായ വിശ്വസ്‌തതയുടെ ചരിത്രവും യഹോവയെ സ്‌തുതിച്ചുകൊണ്ട്‌ അവൻ രചിച്ച മനോഹര സങ്കീർത്തനങ്ങളും, ഈ മനുഷ്യൻ ഗുരുതരമായ പാപത്തിലേക്ക്‌ ഒരിക്കലും വഴുതി വീഴുകയില്ല എന്ന ധാരണ എളുപ്പത്തിൽ ഉളവാക്കിയേക്കാം. എന്നാൽ അവൻ ഗുരുതരമായ പാപം ചെയ്‌തു. ഒരു ദിവസം, രാജാവ്‌ തന്റെ മട്ടുപ്പാവിൽനിന്നു നോക്കിയപ്പോൾ സുന്ദരിയായ ഒരു സ്‌ത്രീ കുളിക്കുന്നതു കണ്ടു. രാജാവ്‌ അവളെ കുറിച്ച്‌ അന്വേഷിച്ചു. സ്‌ത്രീ ബത്ത്‌-ശേബ ആണെന്നും അവളുടെ ഭർത്താവായ ഊരീയാവ്‌ യുദ്ധത്തിനു പോയിരിക്കുകയാണെന്നും കേട്ടപ്പോൾ ദാവീദ്‌ അവളെ കൊട്ടാരത്തിലേക്കു വിളിപ്പിക്കുകയും അവളുമായി ശാരീരികബന്ധം പുലർത്തുകയും ചെയ്‌തു. പിന്നീട്‌, അവൾ തന്നിൽനിന്ന്‌ ഗർഭം ധരിച്ചിരിക്കുന്നതായി അവൻ മനസ്സിലാക്കി. കാര്യം പുറത്തറിഞ്ഞാൽ അത്‌ എത്ര വലിയ കോളിളക്കം സൃഷ്ടിക്കുമായിരുന്നു! മോശൈക ന്യായപ്രമാണത്തിൻ കീഴിൽ വ്യഭിചാരം വധശിക്ഷ അർഹിക്കുന്ന ഒരു കുറ്റമായിരുന്നു. പാപം മറച്ചുവെക്കാമെന്ന്‌ രാജാവു കരുതിയിട്ടുണ്ടാവണം. അതുകൊണ്ട്‌ ഊരീയാവിനോട്‌ യെരൂശലേമിലേക്ക്‌ മടങ്ങിവരാൻ കൽപ്പിച്ചുകൊണ്ട്‌ പടനിലത്തേക്ക്‌ അവൻ ആളെ അയച്ചു. ഊരീയാവ്‌ ബത്ത്‌-ശേബയുമായി രാത്രി കഴിയുമെന്ന്‌ ദാവീദ്‌ കണക്കുകൂട്ടി, പക്ഷേ അതുണ്ടായില്ല. അങ്ങനെ ഗത്യന്തരമില്ലാതെ, സൈന്യാധിപനായ യോവാബിനുള്ള ഒരു കത്തുമായി ദാവീദ്‌ ഊരിയാവിനെ പടമുഖത്തേക്ക്‌ തിരിച്ചയച്ചു. ഊരീയാവ്‌ മരിക്കത്തക്കവണ്ണം പട കഠിനമായിരിക്കുന്ന സ്ഥലത്ത്‌ അവനെ നിറുത്താനായിരുന്നു കത്തിലെ നിർദേശം. യോവാബ്‌ അത്‌ അനുസരിച്ചു, ഊരീയാവ്‌ കൊല്ലപ്പെടുകയും ചെയ്‌തു. ബത്ത്‌-ശേബ ആചാരപരമായ വിലാപകാലം ആചരിച്ച ശേഷം ദാവീദ്‌ അവളെ തന്റെ ഭാര്യയായി എടുത്തു.​—⁠2 ശമൂവേൽ 11:1-27.

11. നാഥാൻ ദാവീദിന്റെ മുമ്പാകെ അവതരിപ്പിച്ച കഥ എന്തായിരുന്നു, ദാവീദ്‌ എങ്ങനെ പ്രതികരിച്ചു?

11 ഉപായം വിജയിച്ചതുപോലെ കാണപ്പെട്ടു. എന്നാൽ യഹോവയുടെ മുമ്പാകെ യാതൊന്നും മറഞ്ഞിരിക്കുന്നില്ലെന്നും കാര്യങ്ങളെല്ലാം അവൻ കാണുന്നുണ്ടെന്നും ദാവീദ്‌ മനസ്സിലാക്കേണ്ടതായിരുന്നു. (എബ്രായർ 4:13) മാസങ്ങൾ കടന്നുപോയി, ബത്ത്‌-ശേബ കുഞ്ഞിനു ജന്മം നൽകി. അപ്പോൾ ദൈവത്തിന്റെ നിർദേശപ്രകാരം നാഥാൻ പ്രവാചകൻ ദാവീദിന്റെ അടുക്കൽ ചെന്നു. പ്രവാചകൻ ദാവീദിനോട്‌ അനേകം ആടുകളുണ്ടായിരുന്ന ധനവാനായ ഒരു മനുഷ്യനെ കുറിച്ചുള്ള ഒരു കഥ പറയുന്നു. ആ മനുഷ്യൻ ഒരു ദരിദ്രന്‌ ആകെയുണ്ടായിരുന്ന പ്രിയപ്പെട്ട ഒരു കുഞ്ഞാടിനെ പിടിച്ചുകൊണ്ടുപോയി അറുത്തു. കഥ ദാവീദിന്റെ നീതിബോധത്തെ തൊട്ടുണർത്തിയെങ്കിലും അതിന്റെ അന്തരാർഥത്തെ കുറിച്ച്‌ അത്‌ അവനിൽ സംശയമൊന്നും ജനിപ്പിച്ചില്ല. ധനവാനായ മനുഷ്യനെതിരെ ദാവീദ്‌ സത്വരം ന്യായവിധി ഉച്ചരിച്ചു. കോപംകൊണ്ടു ജ്വലിച്ച അവൻ നാഥാനോട്‌ ഇങ്ങനെ പറഞ്ഞു: “ഇതു ചെയ്‌തവൻ മരണയോഗ്യൻ!”​—⁠2 ശമൂവേൽ 12:1-6.

12. യഹോവ ദാവീദിന്‌ എതിരെ ഏതു ന്യായവിധി ഉച്ചരിച്ചു?

12 “ആ മനുഷ്യൻ നീ തന്നേ” പ്രവാചകൻ പ്രതിവചിച്ചു. ദാവീദ്‌ തന്നെത്തന്നെ ന്യായം വിധിച്ചുകഴിഞ്ഞിരുന്നു. നിസ്സംശയമായും ദാവീദിന്റെ കോപം കടുത്ത ലജ്ജയ്‌ക്കും ആഴമായ ദുഃഖത്തിനും വഴിമാറി. സ്‌തബ്ധനായ അവൻ, നാഥാൻ യഹോവയുടെ തെറ്റിയൊഴിയാനാവാത്ത ന്യായവിധി ഉച്ചരിക്കവേ കേട്ടുനിന്നു. സാന്ത്വനത്തിന്റെയോ ആശ്വാസത്തിന്റെയോ വാക്കുകൾ ഒന്നുമുണ്ടായിരുന്നില്ല. ദുഷ്‌പ്രവൃത്തി ചെയ്യുകവഴി ദാവീദ്‌ യഹോവയുടെ വാക്കുകളെ അവഗണിച്ചിരുന്നു. ശത്രുവിന്റെ വാളാൽ അവൻ ഊരിയാവിനെ വധിച്ചിരുന്നില്ലേ? ദാവീദിന്റെ കുടുംബത്തിൽനിന്ന്‌ വാൾ അകന്നു പോകുമായിരുന്നില്ല. അവൻ രഹസ്യത്തിൽ ഊരീയാവിന്റെ ഭാര്യയെ എടുത്തിരുന്നില്ലേ? സമാനമായ ഒരു നിന്ദ, രഹസ്യമായല്ല പരസ്യമായിത്തന്നെ, അവന്റെമേൽ വരുമായിരുന്നു.​—⁠2 ശമൂവേൽ 12:7-12.

13. യഹോവയുടെ ശിക്ഷണത്തോട്‌ ദാവീദ്‌ എങ്ങനെ പ്രതികരിച്ചു?

13 ദാവീദിനെ കുറിച്ച്‌ അനുകൂലമായി പറയാവുന്ന ഒരു സംഗതി അവൻ തന്റെ തെറ്റ്‌ നിരാകരിച്ചില്ല എന്നുള്ളതാണ്‌. അവൻ നാഥാൻ പ്രവാചകനു നേരെ തട്ടിക്കയറിയില്ല. അവൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ താൻ ചെയ്‌തതിന്‌ ന്യായീകരണങ്ങൾ നിരത്തുകയോ ചെയ്‌തില്ല. പാപങ്ങൾ സംബന്ധിച്ച്‌ ഉത്തരം പറയേണ്ടി വന്നപ്പോൾ, “ഞാൻ യഹോവയോടു പാപം ചെയ്‌തിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ ദാവീദ്‌ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. (2 ശമൂവേൽ 12:13) തന്റെ തെറ്റിനെ കുറിച്ചുള്ള അവന്റെ ഹൃദയവ്യഥയും അനുതാപത്തിന്റെ ആഴവും 51-ാം സങ്കീർത്തനം വെളിപ്പെടുത്തുന്നു. “നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ” എന്ന്‌ അവൻ യഹോവയോട്‌ യാചിച്ചു. യഹോവ തന്റെ കരുണ നിമിത്തം പാപത്താൽ “തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ” നിരസിക്കയില്ല എന്ന്‌ അവൻ വിശ്വസിച്ചു. (സങ്കീർത്തനം 51:11, 17) ദാവീദ്‌ ദൈവത്തിന്റെ ആത്മാവിൽ ആശ്രയിക്കുന്നതു തുടർന്നു. ദാവീദിനെ അവന്റെ പാപങ്ങളുടെ തിക്തഫലങ്ങളിൽനിന്നു സംരക്ഷിച്ചില്ലെങ്കിലും യഹോവ അവനോടു ക്ഷമിച്ചു.

14. യഹോവയുടെ ശിക്ഷണത്തോട്‌ നാം എങ്ങനെ പ്രതികരിക്കണം?

14 അപൂർണരായതിനാൽ നാമെല്ലാം പാപം ചെയ്യുന്നു. (റോമർ 3:23) ചിലപ്പോൾ ദാവീദിനെപ്പോലെ നാം ഗുരുതരമായ പാപത്തിൽ വീണുപോയേക്കാം. സ്‌നേഹവാനായ ഒരു പിതാവ്‌ തന്റെ മക്കൾക്കു ശിക്ഷണം നൽകുന്നതുപോലെ, തന്നെ സേവിക്കാൻ ആഗ്രഹിക്കുന്നവരെ യഹോവ തിരുത്തുന്നു. ശിക്ഷണം പ്രയോജനപ്രദമായ ഒരു സംഗതിയാണെങ്കിലും അതു സ്വീകരിക്കുക അത്ര എളുപ്പമല്ല. ചിലപ്പോൾ അത്‌ ‘ദുഃഖകരം’ പോലുമാണ്‌. (എബ്രായർ 12:6, 11) എന്നാൽ, നാം ‘ശിക്ഷണത്തിനു ചെവികൊടുക്കുന്നെങ്കിൽ’ നമുക്ക്‌ യഹോവയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 8:​33, NW) തുടർന്നും യഹോവയുടെ ആത്മാവിന്റെ അനുഗ്രഹം ആസ്വദിക്കുന്നതിന്‌ നാം തിരുത്തൽ സ്വീകരിക്കുകയും ദൈവാംഗീകാരം നേടാനായി പ്രവൃത്തിക്കുകയും വേണം.

നിശ്ചയമില്ലാത്ത ധനത്തിൽ പ്രത്യാശ വെക്കരുത്‌

15. (എ) ചിലയാളുകൾ ഏതു വിധങ്ങളിലാണ്‌ തങ്ങളുടെ സമ്പത്ത്‌ വിനിയോഗിക്കുന്നത്‌? (ബി) ദാവീദ്‌ തന്റെ സമ്പത്ത്‌ വിനിയോഗിക്കാൻ ആഗ്രഹിച്ചത്‌ എങ്ങനെ?

15 ദാവീദ്‌ പ്രാമുഖ്യതയുള്ള പശ്ചാത്തലത്തിൽനിന്നോ സമ്പന്ന കുടുംബത്തിൽനിന്നോ ആണ്‌ വന്നത്‌ എന്നതിനു യാതൊരു സൂചനയുമില്ല. എന്നിരുന്നാലും തന്റെ വാഴ്‌ചക്കാലത്ത്‌ അവൻ അളവറ്റ സമ്പത്തു സ്വരൂപിക്കുകയുണ്ടായി. നിങ്ങൾക്ക്‌ അറിയാവുന്നതുപോലെ അനേകർ തങ്ങളുടെ ധനം പൂഴ്‌ത്തിവെക്കുകയോ അതു വർധിപ്പിക്കാനായി അത്യാഗ്രഹത്തോടെ പ്രവർത്തിക്കുകയോ സ്വാർഥ ഉദ്ദേശ്യങ്ങളോടെ അതു ചെലവഴിക്കുകയോ ആണ്‌ ചെയ്യാറുള്ളത്‌. മറ്റുള്ളവർ തങ്ങളെത്തന്നെ മഹത്ത്വീകരിക്കുന്നതിനായി പണം വിനിയോഗിക്കുന്നു. (മത്തായി 6:2) ദാവീദ്‌ തന്റെ സമ്പത്ത്‌ തികച്ചും വ്യത്യസ്‌തമായ ഒരു രീതിയിലാണ്‌ ഉപയോഗിച്ചത്‌. അവൻ യഹോവയെ മഹത്ത്വപ്പെടുത്താൻ അതിയായി വാഞ്‌ഛിച്ചു. യഹോവയ്‌ക്കായി ഒരു ആലയം പണിയാനുള്ള തന്റെ ആഗ്രഹം അവൻ നാഥാൻ പ്രവാചകനെ അറിയിച്ചു. അന്ന്‌ യെരൂശലേമിൽ ‘തിരശ്ശീലെക്കകത്ത്‌ ഇരുന്ന’ നിയമപെട്ടകം വെക്കാനായിരുന്നു അത്‌. ദാവീദിന്റെ ആഗ്രഹം അറിഞ്ഞ്‌ യഹോവ സംപ്രീതനായി. എന്നാൽ ദാവീദിന്റെ പുത്രനായ ശലോമോനായിരിക്കും ആലയം പണിയുന്നത്‌ എന്ന്‌ യഹോവ നാഥാൻ പ്രവാചകൻ മുഖാന്തരം അവനോടു പറഞ്ഞു.​—⁠2 ശമൂവേൽ 7:1, 2, 12, 13.

16. ആലയനിർമാണത്തിനായി ദാവീദ്‌ എന്തു തയ്യാറെടുപ്പു നടത്തി?

16 മഹത്തായ ഈ നിർമാണ പദ്ധതിക്കായി ദാവീദ്‌ നിർമാണ വസ്‌തുക്കൾ ശേഖരിച്ചു. ശലോമോനോട്‌ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത്‌ പൊന്നും പത്തു ലക്ഷം താലന്ത്‌ വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും [ഞാൻ] സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.” ഇതിനു പുറമേ, തന്റെ സ്വന്ത ഭണ്ഡാരത്തിൽനിന്ന്‌ 3,000 താലന്ത്‌ പൊന്നും 7,000 താലന്ത്‌ വെള്ളിയും അവൻ സംഭാവന ചെയ്‌തു. * (1 ദിനവൃത്താന്തം 22:14; 29:3, 4) ദാവീദിന്റെ ഉദാരമായ സംഭാവന വെറും പ്രഹസനമായിരുന്നില്ല, പ്രത്യുത യഹോവയിലുള്ള വിശ്വാസത്തിന്റെയും അവനോടുള്ള ഭക്തിയുടെയും ഒരു പ്രകടനമായിരുന്നു. തന്റെ ധനത്തിന്റെ ഉറവിടം തിരിച്ചറിഞ്ഞുകൊണ്ട്‌ അവൻ യഹോവയോട്‌ ഇങ്ങനെ പറഞ്ഞു: “സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.” (1 ദിനവൃത്താന്തം 29:14) സത്യാരാധനയെ ഉന്നമിപ്പിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യാൻ ദാവീദിന്റെ ഉദാരമായ ഹൃദയം അവനെ പ്രചോദിപ്പിച്ചു.

17. 1 തിമൊഥെയൊസ്‌ 6:17-19-ലെ ബുദ്ധിയുപദേശം ധനവാനും ദരിദ്രനും ഒരുപോലെ ബാധകമാകുന്നത്‌ എങ്ങനെ?

17 സമാനമായി നമുക്കും നമ്മുടെ ഭൗതിക സ്വത്തുക്കൾ നന്മ ചെയ്യാനായി ഉപയോഗിക്കാം. ഭൗതികത്വത്തിൽ ഊന്നിയ ഒരു ജീവിതഗതി പിന്തുടരുന്നതിനെക്കാൾ ദൈവത്തിന്റെ അംഗീകാരം തേടുന്നതാണ്‌ മെച്ചം​—⁠യഥാർഥ ജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും വഴി അതാണ്‌. പൗലൊസ്‌ ഇങ്ങനെ എഴുതി: “ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെപ്പാനും നന്മ ചെയ്‌വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.” (1 തിമൊഥെയൊസ്‌ 6:17-19) നമ്മുടെ സാമ്പത്തിക സാഹചര്യം എന്തുതന്നെ ആയിരുന്നാലും നമുക്ക്‌ ദൈവാത്മാവിൽ ആശ്രയിക്കുകയും നമ്മെ ‘ദൈവവിഷയമായി സമ്പന്നരാക്കുന്ന’ ഒരു ജീവിതഗതി പിന്തുടരുകയും ചെയ്യാം. (ലൂക്കൊസ്‌ 12:21) നമ്മുടെ സ്‌നേഹവാനായ പിതാവിന്റെ മുമ്പാകെയുള്ള ഒരു അംഗീകൃത നിലയെക്കാൾ വിലയേറിയതായി മറ്റൊന്നുമില്ല.

ദൈവാംഗീകാരമുള്ളവരായി നിങ്ങളെത്തന്നെ അർപ്പിക്കുക

18. ദാവീദ്‌ ക്രിസ്‌ത്യാനികൾക്ക്‌ ഒരു ഉത്തമ മാതൃക വെച്ചത്‌ ഏതു വിധത്തിൽ?

18 ദാവീദ്‌ തന്റെ ജീവിതത്തിൽ ഉടനീളം യഹോവയുടെ അംഗീകാരം തേടി. തന്റെ ഗീതത്തിൽ അവൻ ഇങ്ങനെ യാചിച്ചു: “ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാൻ നിന്നെ ശരണംപ്രാപിക്കുന്നു” (സങ്കീർത്തനം 57:1) യഹോവയിലുള്ള അവന്റെ ആശ്രയം വൃഥാവായില്ല. ദാവീദ്‌ വാർധക്യം ചെന്ന്‌ ‘കാലസമ്പൂർണൻ’ ആയി. (1 ദിനവൃത്താന്തം 23:1) ഗുരുതരമായ തെറ്റുകൾ ചെയ്‌തെങ്കിലും ശ്രദ്ധേയമായ വിശ്വാസം കാഴ്‌ചവെച്ച ദൈവത്തിന്റെ അനേകം സാക്ഷികളിൽ ഒരുവനായി ദാവീദ്‌ സ്‌മരിക്കപ്പെടുന്നു.​—⁠എബ്രായർ 11:32.

19. ദൈവം അംഗീകരിക്കുന്നവരായി നമ്മെത്തന്നെ അർപ്പിക്കാൻ നമുക്ക്‌ എങ്ങനെ സാധിക്കും?

19 ജീവിതത്തിൽ പലവിധ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ, സമാനമായ സാഹചര്യങ്ങളിൽ യഹോവ ദാവീദിനെ പുലർത്തുകയും ശക്തീകരിക്കുകയും തിരുത്തുകയും ചെയ്‌തുവെന്ന്‌ ഓർക്കുക. നിങ്ങളുടെ കാര്യത്തിലും അവന്‌ അതുതന്നെ ചെയ്യാനാകും. ദാവീദിനെപ്പോലെ അപ്പൊസ്‌തലനായ പൗലൊസിന്റെ ജീവിതത്തിലും പല മാറ്റങ്ങളും ഉണ്ടായി. എങ്കിലും ദൈവാത്മാവിൽ ആശ്രയിച്ചുകൊണ്ട്‌ അവനും വിശ്വസ്‌തനായി നിലകൊണ്ടു. അവൻ ഇങ്ങനെ എഴുതി: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” (ഫിലിപ്പിയർ 4:12, 13) നാം യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ വിജയംവരിക്കാൻ അവൻ നമ്മെ സഹായിക്കും. നാം വിജയം വരിക്കാൻ അവൻ ആഗ്രഹിക്കുന്നു. നാം അവനു ചെവികൊടുക്കുകയും അവനോട്‌ അടുത്തു ചെല്ലുകയുമാണെങ്കിൽ തന്റെ ഇഷ്ടം ചെയ്യാനുള്ള ശക്തി അവൻ നമുക്കു പ്രദാനം ചെയ്യും. നാം ദൈവത്തിന്റെ ആത്മാവിൽ ആശ്രയിക്കുന്നതു തുടരുന്നെങ്കിൽ ഇന്നും സകല നിത്യതയിലും ‘ദൈവം അംഗീകരിക്കുന്നവരായി നമ്മെത്തന്നെ അർപ്പിക്കാൻ’ നമുക്കു സാധിക്കും.​—⁠2 തിമൊഥെയൊസ്‌ 2:15.

[അടിക്കുറിപ്പ്‌]

^ ഖ. 16 ഇന്നത്തെ വിലനിലവാരം അനുസരിച്ച്‌ ദാവീദ്‌ നൽകിയ സംഭാവനയുടെ മൂല്യം 5,600 കോടി രൂപയിലധികം വരും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• നമുക്ക്‌ എങ്ങനെ അഹങ്കാരത്തിനെതിരെ ജാഗ്രത പുലർത്താവുന്നതാണ്‌?

• നാം പ്രതികാരം ചെയ്യരുതാത്തത്‌ എന്തുകൊണ്ട്‌?

• ശിക്ഷണത്തെ സംബന്ധിച്ച്‌ നമുക്ക്‌ എന്തു വീക്ഷണം ഉണ്ടായിരിക്കണം?

• നാം സമ്പത്തിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16, 17 പേജുകളിലെ ചിത്രം]

ദാവീദ്‌ ദൈവത്തിന്റെ ആത്മാവിൽ ആശ്രയിക്കുകയും ദിവ്യാംഗീകാരം തേടുകയും ചെയ്‌തു. നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ?

[18-ാം പേജിലെ ചിത്രം]

“സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു”