വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുക

മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുക

മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുക

‘നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്‌.’​—⁠1 കൊരിന്ത്യർ 2:12.

1. ഏതു വിധങ്ങളിൽ ഹവ്വാ വഞ്ചിക്കപ്പെട്ടു?

‘പാമ്പ്‌ എന്നെ വഞ്ചിച്ചു.’ (ഉല്‌പത്തി 3:13) ആ ഏതാനും വാക്കുകളിലൂടെ ആദ്യ സ്‌ത്രീയായ ഹവ്വാ, യഹോവയാം ദൈവത്തിനെതിരെ താൻ ഒരു മത്സരഗതി ആരംഭിച്ചത്‌ എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ ശ്രമിച്ചു. അവൾ പറഞ്ഞത്‌ സത്യമായിരുന്നു, അത്‌ അവളുടെ തെറ്റിനെ ന്യായീകരിക്കുമായിരുന്നില്ലെങ്കിലും. “[ഹവ്വാ] വഞ്ചിക്കപ്പെട്ടു” എന്ന്‌ എഴുതാൻ അപ്പൊസ്‌തലനായ പൗലൊസ്‌ പിന്നീട്‌ നിശ്വസ്‌തനാക്കപ്പെട്ടു. (1 തിമൊഥെയൊസ്‌ 2:14) അനുസരണക്കേടിന്റെ ഒരു പ്രവൃത്തി​—⁠വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നത്‌​—⁠തന്നെത്തന്നെ ദൈവത്തെപ്പോലെ ആക്കിത്തീർത്തുകൊണ്ട്‌ തനിക്കു പ്രയോജനം കൈവരുത്തുമെന്നു വിശ്വസിക്കാൻ തക്കവണ്ണം അവൾ വഞ്ചിക്കപ്പെട്ടു. വഴിതെറ്റിച്ച വ്യക്തിയെ തിരിച്ചറിയുന്നതിലും അവൾ കബളിപ്പിക്കപ്പെട്ടു. പിശാചായ സാത്താന്റെ വെറുമൊരു വക്താവു മാത്രമായിരുന്നു പാമ്പ്‌ എന്ന്‌ അവൾക്ക്‌ അറിയില്ലായിരുന്നു.​—⁠ഉല്‌പത്തി 3:1-6.

2. (എ) സാത്താൻ ഇന്ന്‌ എങ്ങനെയാണ്‌ ആളുകളെ വഴിതെറ്റിക്കുന്നത്‌? (ബി) എന്താണ്‌ ‘ലോകത്തിന്റെ ആത്മാവ്‌,’ നാം ഇപ്പോൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

2 ആദാമിന്റെയും ഹവ്വായുടെയും കാലം മുതൽ ഇന്നോളം സാത്താൻ ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്‌. വാസ്‌തവത്തിൽ, അവൻ “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയു”ന്നതായി ബൈബിൾ പറയുന്നു. (വെളിപ്പാടു 12:9) അവന്റെ തന്ത്രങ്ങൾക്കു മാറ്റംവന്നിട്ടില്ല. അക്ഷരീയമായി ഒരു പാമ്പിനെ ഉപയോഗിക്കുന്നില്ലെങ്കിലും അവൻ തന്റെ യഥാർഥ മുഖം മറച്ചുപിടിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. മനുഷ്യർക്ക്‌ ദൈവത്തിൽനിന്നുള്ള സ്‌നേഹപൂർവകമായ മാർഗനിർദേശത്തിന്റെ ആവശ്യമില്ലെന്നു മാത്രമല്ല അതുകൊണ്ടു യാതൊരു പ്രയോജനവുമില്ല എന്നുകൂടെ ആളുകളെ വിശ്വസിപ്പിച്ചുകൊണ്ട്‌, വിനോദങ്ങൾ, മാധ്യമങ്ങൾ എന്നിവയിലൂടെ സാത്താൻ അവരെ വഴിതെറ്റിക്കുന്നു. മനുഷ്യരെ വഴിതെറ്റിക്കാനുള്ള പിശാചിന്റെ നിരന്തര ശ്രമങ്ങൾ നിമിത്തം, എല്ലായിടത്തുമുള്ള ആളുകളിൽ ബൈബിൾ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും എതിരെയുള്ള ഒരു മത്സരമനോഭാവം ഉളവായിരിക്കുന്നു. ബൈബിൾ ഇതിനെ ‘ലോകത്തിന്റെ ആത്മാവ്‌’ എന്നു വിളിക്കുന്നു. (1 കൊരിന്ത്യർ 2:12) ഈ ആത്മാവ്‌ ദൈവത്തെ അറിയാത്തവരുടെ വിശ്വാസങ്ങൾ, മനോഭാവങ്ങൾ, പെരുമാറ്റം എന്നിവയെ ശക്തമായി സ്വാധീനിക്കുന്നു. ആ ആത്മാവ്‌ എങ്ങനെയാണു പ്രകടമാകുന്നത്‌ എന്നും അതിന്റെ ദുഷിപ്പിക്കുന്ന സ്വാധീനത്തെ നമുക്ക്‌ എങ്ങനെ ചെറുത്തുനിൽക്കാനാകും എന്നും നമുക്കിപ്പോൾ പരിചിന്തിക്കാം.

ധാർമിക മൂല്യങ്ങൾ അധഃപതിക്കുന്നു

3. ആധുനിക നാളിൽ ‘ലോകത്തിന്റെ ആത്മാവ്‌’ അധികമധികം പ്രകടമായിത്തീരുന്നത്‌ എന്തുകൊണ്ട്‌?

3 ആധുനിക നാളിൽ ‘ലോകത്തിന്റെ ആത്മാവ്‌’ അധികമധികം പ്രകടമായിത്തീർന്നിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:1-5) ധാർമിക മൂല്യങ്ങൾ അധഃപതിക്കുന്നതായി നിങ്ങൾ നിരീക്ഷിച്ചിരിക്കാൻ സാധ്യതയുണ്ട്‌. അതിന്റെ കാരണം തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. 1914-ൽ ദൈവരാജ്യം സ്ഥാപിതമായതിനെ തുടർന്ന്‌ സ്വർഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. സാത്താനും അവന്റെ ദുഷ്ടദൂതന്മാരും യുദ്ധത്തിൽ പരാജയപ്പെടുകയും ഭൂമിയുടെ പരിസരത്തേക്ക്‌ എറിയപ്പെടുകയും ചെയ്‌തു. കോപാക്രാന്തനായ സാത്താൻ ഭൂവാസികളെ മുഴുവൻ തെറ്റിച്ചുകളയാനുള്ള തന്റെ ശ്രമങ്ങൾ കൂടുതൽ തീവ്രമാക്കിയിരിക്കുകയാണ്‌. (വെളിപ്പാടു 12:1-9, 12, 17) സാധ്യമായ എല്ലാവിധത്തിലും, “കഴിയുമെങ്കിൽ വൃതന്മാരെയും തെററിപ്പാനായി” അവൻ പരിശ്രമിക്കുന്നു. (മത്തായി 24:24) ദൈവജനം എന്ന നിലയിൽ നമ്മെയാണ്‌ അവൻ മുഖ്യമായി ലക്ഷ്യമിട്ടിരിക്കുന്നത്‌. നമുക്ക്‌ യഹോവയുടെ അംഗീകാരവും നിത്യജീവന്റെ പ്രത്യാശയും നഷ്ടമാകുംവിധം നമ്മുടെ ആത്മീയതയെ തകർക്കാൻ അവൻ കിണഞ്ഞു പരിശ്രമിക്കുകയാണ്‌.

4. യഹോവയുടെ ദാസർ ബൈബിളിനെ വീക്ഷിക്കുന്നത്‌ എങ്ങനെ, എന്നാൽ ലോകത്തിന്റെ വീക്ഷണം എന്താണ്‌?

4 നമ്മുടെ സ്‌നേഹനിധിയായ സ്രഷ്ടാവിനെ കുറിച്ചു നമ്മെ പഠിപ്പിക്കുന്ന വിലതീരാത്ത ഗ്രന്ഥമായ ബൈബിളിനെ അപകീർത്തിപ്പെടുത്താൻ സാത്താൻ ശ്രമിക്കുന്നു. യഹോവയുടെ ദാസർ ബൈബിളിനെ സ്‌നേഹിക്കുകയും അതിനെ അമൂല്യമായി കരുതുകയും ചെയ്യുന്നു. അത്‌ മനുഷ്യന്റേതല്ല, പിന്നെയോ ദൈവത്തിന്റെ നിശ്വസ്‌ത വചനമാണ്‌ എന്നു നമുക്ക്‌ അറിയാം. (1 തെസ്സലൊനീക്യർ 2:13; 2 തിമൊഥെയൊസ്‌ 3:16) എന്നിരുന്നാലും, നമ്മുടെ ആ വിശ്വാസത്തെ മാറ്റിമറിക്കാൻ സാത്താന്റെ ലോകം ആഗ്രഹിക്കുന്നു. ദൃഷ്ടാന്തത്തിന്‌, ബൈബിളിനെ നിശിതമായി വിമർശിക്കുന്ന ഒരു പുസ്‌തകത്തിന്റെ ആമുഖം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ബൈബിളിനെ സംബന്ധിച്ച്‌ ‘വിശുദ്ധം’ എന്നു വിശേഷിപ്പിക്കാൻ തക്കതായ ഒന്നുമില്ല, അതൊട്ടു ‘ദൈവവചനവും’ അല്ല. ദൈവനിശ്വസ്‌തരായ വിശുദ്ധന്മാരൊന്നുമല്ല അതു രചിച്ചത്‌, മറിച്ച്‌ അധികാരമോഹികളായ പുരോഹിതന്മാരാണ്‌.” അത്തരം അവകാശവാദങ്ങൾ വിശ്വസിക്കുന്നവർ, തങ്ങൾക്ക്‌ ഇഷ്ടമുള്ള രീതിയിൽ ദൈവത്തെ ആരാധിക്കാൻ​—⁠അല്ലെങ്കിൽ അവനെ ആരാധിക്കുന്നതു നിറുത്തിക്കളയാൻപോലും​—⁠തങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്‌ എന്ന വളച്ചൊടിച്ച ആശയഗതിക്ക്‌ എളുപ്പത്തിൽ ഇരകളായേക്കാം.​—⁠സദൃശവാക്യങ്ങൾ 14:12.

5. (എ) ബൈബിളുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്ന മതങ്ങളെ സംബന്ധിച്ച്‌ ഒരു എഴുത്തുകാരൻ എന്ത്‌ ആരോപണം ഉന്നയിച്ചു? (ബി) ലോകത്തിന്റെ സാധാരണമായ ചില വീക്ഷണങ്ങളെ ബൈബിൾ പറയുന്നതിനോട്‌ എങ്ങനെ താരതമ്യം ചെയ്യാം? (അടുത്ത പേജിലെ ചതുരം ഉൾപ്പെടുത്തുക.)

5 ബൈബിളിനെ പിന്തുണയ്‌ക്കുന്നതായി അവകാശപ്പെടുന്നവരുടെ പക്ഷത്തെ മതപരമായ കാപട്യവും നേരിട്ടും പരോക്ഷവുമായി ബൈബിളിന്റെമേൽ നടക്കുന്ന ആക്രമണവും മതത്തോട്‌​—⁠ബൈബിളുമായി ബന്ധപ്പെടുത്തി ചിന്തിക്കാറുള്ള മതങ്ങളോട്‌ ഉൾപ്പെടെ​—⁠വർധിച്ചുവരുന്ന വെറുപ്പിന്‌ ഇടയാക്കിയിരിക്കുന്നു. വാർത്താ മാധ്യമങ്ങളിലും വൈജ്ഞാനിക വൃന്ദങ്ങൾക്കിടയിലും മതം നിശിതമായി വിമർശിക്കപ്പെടുന്നു. ഒരു എഴുത്തുകാരൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “യഹൂദമതത്തെയും ക്രിസ്‌ത്യാനിത്വത്തെയും കുറിച്ച്‌ ജനകീയ സംസ്‌കാരത്തിൽ പ്രചരിച്ചിരിക്കുന്ന വീക്ഷണഗതി പ്രതികൂലമായ ഒന്നാണ്‌. കൂടിപ്പോയാൽ, പഴമ പേറുന്ന കൗതുകംനിറഞ്ഞ ഒരു സംഗതിയായി അവ ആദരിക്കപ്പെട്ടേക്കാം; അല്ലാത്തപക്ഷം, ബൗദ്ധിക പക്വതയ്‌ക്കു പ്രതിബന്ധം സൃഷ്ടിക്കുന്ന, ശാസ്‌ത്രീയ പുരോഗതിക്കു വിലങ്ങുതടിയായി നിൽക്കുന്ന കുറെ പഴഞ്ചൻ കാഴ്‌ചപ്പാടുകളായിട്ടാണ്‌ അവ വീക്ഷിക്കപ്പെടുന്നത്‌. അടുത്തകാലത്തായി, ഈ അവഹേളനം പരിഹാസത്തിന്റെയും തുറന്ന ശത്രുതയുടെയും തലങ്ങളിലേക്കു വളർന്നിരിക്കുന്നു.” ഈ ശത്രുത മിക്കപ്പോഴുംതന്നെ ഉടലെടുക്കുന്നത്‌ ദൈവത്തിന്റെ അസ്‌തിത്വത്തെ നിരാകരിക്കുന്ന, “തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്ന” വ്യക്തികളിലാണ്‌.​—⁠റോമർ 1:20-22.

6. ദൈവം കുറ്റം വിധിക്കുന്ന ലൈംഗിക നടപടികളെ കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം എന്താണ്‌?

6 അതുകൊണ്ട്‌, പെരുമാറ്റം സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളിൽനിന്ന്‌ ആളുകൾ ഒന്നിനൊന്ന്‌ അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതിൽ അതിശയിക്കാനില്ല. ദൃഷ്ടാന്തത്തിന്‌, ബൈബിൾ സ്വവർഗരതിയെ ‘ലജ്ജാകരകൃത്യം’ എന്നു വിശേഷിപ്പിക്കുന്നു. (റോമർ 1:26, 27, പി.ഒ.സി. ബൈബിൾ) ദുർന്നടപ്പുകാരും വ്യഭിചാരികളും ദൈവരാജ്യം അവകാശമാക്കുകയില്ല എന്നും ബൈബിൾ പ്രസ്‌താവിക്കുന്നു. (1 കൊരിന്ത്യർ 6:9) എന്നാൽ, അനേക രാജ്യങ്ങളിൽ അത്തരം ലൈംഗിക നടപടികൾ സ്വീകാര്യയോഗ്യമായി വീക്ഷിക്കപ്പെടുന്നുവെന്നു മാത്രമല്ല പുസ്‌തകങ്ങൾ, മാസികകൾ, പാട്ടുകൾ, ചലച്ചിത്രങ്ങൾ, ടിവി പരിപാടികൾ എന്നിവയിൽ അവ അഭികാമ്യ സംഗതികളായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അത്തരം നടപടികൾക്കെതിരെ ശബ്ദമുയർത്തുന്നവരെ സങ്കുചിത മനസ്‌കരെന്നും മുൻവിധി വെച്ചുപുലർത്തുന്നവരെന്നും ഇന്നത്തെ പ്രബുദ്ധ ചിന്താഗതിക്കൊപ്പം വളർന്നിട്ടില്ലാത്തവരെന്നും മുദ്രകുത്തുന്നു. ദൈവത്തിന്റെ നിലവാരങ്ങളെ സ്‌നേഹപൂർവമുള്ള കരുതലായി കാണുന്നതിനു പകരം വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും സംതൃപ്‌തിക്കും ഉള്ള വിലങ്ങുതടിയായിട്ടാണ്‌ ലോകം വീക്ഷിക്കുന്നത്‌.​—⁠സദൃശവാക്യങ്ങൾ 17:15; യൂദാ 4.

7. നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?

7 ദൈവത്തിനെതിരെ ഒന്നിനൊന്നു ശക്തമായ നില സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ ജീവിക്കവേ, നമ്മുടെതന്നെ മനോഭാവത്തെയും മൂല്യങ്ങളെയും പരിശോധിക്കുന്നത്‌ ജ്ഞാനമായിരിക്കും. യഹോവയുടെ ചിന്താഗതിയിൽനിന്നും നിലവാരങ്ങളിൽനിന്നും നാം ക്രമേണ അകന്നു പോകുന്നില്ല എന്ന്‌ ഉറപ്പുവരുത്താൻ പ്രാർഥനാപൂർവം സത്യസന്ധമായി നാം നമ്മെത്തന്നെ ക്രമമായി പരിശോധിക്കണം. ഉദാഹരണത്തിന്‌, നമുക്കു നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: ‘കുറെ വർഷങ്ങൾക്കുമുമ്പ്‌ ഞാൻ ഒഴിവാക്കുമായിരുന്ന ചില വിഷയങ്ങളിൽ ഇന്നു ഞാൻ രസം കണ്ടെത്തുന്നുവോ? ദൈവം കുറ്റംവിധിക്കുന്ന നടപടികൾക്കു നേരെ ഞാൻ കൂടുതൽ അയഞ്ഞ നിലപാടു സ്വീകരിച്ചു തുടങ്ങിയിരിക്കുന്നുവോ? ആത്മീയ കാര്യങ്ങളെ മുമ്പത്തെക്കാൾ ഗൗരവം കുറച്ചു കാണാനുള്ള പ്രവണത എനിക്കുണ്ടോ? രാജ്യതാത്‌പര്യങ്ങൾ ഞാൻ ജീവിതത്തിൽ ഒന്നാമതു വെക്കുന്നുവെന്ന്‌ എന്റെ ജീവിതഗതി തെളിയിക്കുന്നുണ്ടോ?’ (മത്തായി 6:33) ഇത്തരത്തിൽ സ്വയം വിലയിരുത്തുന്നത്‌ ലോകത്തിന്റെ ആത്മാവിനെ ചെറുക്കാൻ നമ്മെ സഹായിക്കും.

‘ഒരിക്കലും ഒഴുകിപ്പോകരുത്‌’

8. ഒരു വ്യക്തി യഹോവയിൽനിന്ന്‌ അകന്നു പോയേക്കാവുന്നത്‌ എങ്ങനെ?

8 അപ്പൊസ്‌തലനായ പൗലൊസ്‌ സഹ ക്രിസ്‌ത്യാനികൾക്ക്‌ ഇപ്രകാരം എഴുതി: ‘നാം ഒരിക്കലും ഒഴുകിപ്പോകാതിരിക്കേണ്ടതിന്‌, കേട്ട കാര്യങ്ങൾക്ക്‌ സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.’ (എബ്രായർ 2:1, NW) ഒഴുകിപ്പോകുന്ന ഒരു കപ്പൽ ഒരിക്കലും അതിന്റെ ലക്ഷ്യസ്ഥാനത്തു ചെന്നെത്തുന്നില്ല. കാറ്റും ഒഴുക്കും സംബന്ധിച്ച്‌ കപ്പിത്താൻ ശ്രദ്ധയുള്ളവനല്ലെങ്കിൽ അയാളുടെ കപ്പൽ സുരക്ഷിതമായ തുറമുഖം വിട്ട്‌ പാറക്കെട്ടുകളിൽ ചെന്നിടിച്ചു തകർന്നേക്കാം. സമാനമായി ദൈവവചനത്തിലെ അമൂല്യ സത്യങ്ങൾ സംബന്ധിച്ച്‌ ശ്രദ്ധയുള്ളവരല്ലെങ്കിൽ നാം യഹോവയിൽനിന്ന്‌ എളുപ്പത്തിൽ അകന്നു പോകുകയും ആത്മീയ കപ്പൽച്ചേതത്തിന്‌ ഇരയാവുകയും ചെയ്‌തേക്കാം. അങ്ങനെയൊന്നു സംഭവിക്കാൻ നാം സത്യത്തെ മുഴുവനായി തള്ളിക്കളയണം എന്നില്ല. വാസ്‌തവത്തിൽ, യഹോവയെ തള്ളിക്കളയുന്ന ഏതാണ്ട്‌ എല്ലാവരുംതന്നെ പെട്ടെന്നൊരു ദിവസം, മനഃപൂർവം അങ്ങനെ ചെയ്യുന്നതല്ല. പകരം ദൈവവചനത്തിനു ശ്രദ്ധ നൽകുന്നതിൽനിന്നു തങ്ങളെ വ്യതിചലിപ്പിക്കുന്ന എന്തിലെങ്കിലും അവർ സാവധാനം ഉൾപ്പെട്ടു പോകുകയാണ്‌ ചെയ്യുന്നത്‌. തിരിച്ചറിയാതെ അവർ സാവകാശം പാപത്തിലേക്ക്‌ ഒഴുകി നീങ്ങുന്നു. ഉറക്കംപിടിച്ച കപ്പിത്താനെപ്പോലെ അത്തരം വ്യക്തികൾ ഉണരുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും.

9. യഹോവ ശലോമോനെ ഏതെല്ലാം വിധങ്ങളിലാണ്‌ അനുഗ്രഹിച്ചത്‌?

9 ശലോമോന്റെ ജീവിതഗതി പരിചിന്തിക്കുക. ഇസ്രായേലിന്റെമേൽ യഹോവ അവനു രാജത്വം നൽകി. ആലയം പണിയാൻ ദൈവം അവനെ അനുവദിച്ചു, ബൈബിളിന്റെ ഭാഗങ്ങൾ എഴുതാൻ അവനെ നിശ്വസ്‌തനാക്കി. രണ്ടു സന്ദർഭങ്ങളിൽ യഹോവ അവനോടു സംസാരിച്ചു. യഹോവ അവനു ധനവും പ്രശസ്‌തിയും നൽകി, സമാധാനപൂർണമായ വാഴ്‌ച നടത്താൻ ദൈവം അവനെ സഹായിച്ചു. എല്ലാറ്റിലുമുപരി, സമൃദ്ധമായ ജ്ഞാനം നൽകിക്കൊണ്ട്‌ യഹോവ ശലോമോനെ അനുഗ്രഹിച്ചു. ബൈബിൾ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ദൈവം ശലോമോന്നു ഏററവും വളരെ ജ്ഞാനവും ബുദ്ധിയും കടൽക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു. സകലപൂർവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്‌ഠമായിരുന്നു.” (1 രാജാക്കന്മാർ 4:21, 29, 30; 11:9) അതേ, ദൈവത്തോടു വിശ്വസ്‌തത പാലിക്കാൻ കൂടുതൽ സാധ്യതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത്‌ ശലോമോനായിരിക്കും എന്ന്‌ ഒരുവൻ ചിന്തിച്ചേക്കാം. എങ്കിലും ശലോമോൻ വിശ്വാസത്യാഗത്തിലേക്ക്‌ ഒഴുകിയകന്നു. എങ്ങനെയാണ്‌ അതു സംഭവിച്ചത്‌?

10. ശലോമോൻ ഏതു മാർഗനിർദേശം അനുസരിക്കാൻ പരാജയപ്പെട്ടു, പരിണതഫലം എന്തായിരുന്നു?

10 ശലോമോന്‌ ദൈവത്തിന്റെ ന്യായപ്രമാണം നന്നായി അറിയാമായിരുന്നു, അവൻ അതു പൂർണമായി ഗ്രഹിക്കുകയും ചെയ്‌തിരുന്നു. ഇസ്രായേലിലെ രാജാക്കന്മാർക്കായി ന്യായപ്രമാണത്തിൽ നൽകിയിരുന്ന നിർദേശങ്ങളിൽ അവൻ നിസ്സംശയമായും പ്രത്യേക താത്‌പര്യം എടുത്തിട്ടുണ്ടായിരുന്നിരിക്കണം. അവയിൽ ഒന്ന്‌ ഇപ്രകാരം പ്രസ്‌താവിച്ചു: ‘തന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ [രാജാവ്‌] എടുക്കരുത്‌.’ (ആവർത്തനപുസ്‌തകം 17:14, 17) വ്യക്തമായ ആ നിർദേശം ഉണ്ടായിരുന്നിട്ടും ശലോമോൻ എഴുന്നൂറു ഭാര്യമാരെയും മുന്നൂറു വെപ്പാട്ടികളെയും സ്വന്തമാക്കി. ഈ സ്‌ത്രീകളിൽ പലരും അന്യദേവന്മാരെ ആരാധിച്ചിരുന്നവർ ആയിരുന്നു. ശലോമോൻ ഇത്രയധികം ഭാര്യമാരെ സ്വന്തമാക്കിയത്‌ എന്തുകൊണ്ടെന്നോ അതിന്‌ അവൻ കണ്ടെത്തിയ ന്യായീകരണം എന്തെന്നോ നമുക്ക്‌ അറിയില്ല. എന്നാൽ ഒരു സംഗതി നമുക്കറിയാം, അവൻ ദൈവത്തിന്റെ വ്യക്തമായ മാർഗനിർദേശം അനുസരിക്കാൻ പരാജയപ്പെട്ടു. പരിണതഫലമാകട്ടെ സംഭവിക്കുമെന്ന്‌ യഹോവ മുന്നറിയിപ്പു നൽകിയതുപോലെതന്നെ ആയിരുന്നു. നാം ഇങ്ങനെ വായിക്കുന്നു: ‘[ശലോമോന്റെ] ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു.’ (1 രാജാക്കന്മാർ 11:3, 4) ക്രമേണ അവന്റെ ദൈവികജ്ഞാനം മങ്ങിപ്പോയി എന്നതിനു സംശയമില്ല. അവൻ ഒഴുകിയകന്നു. കാലാന്തരത്തിൽ തന്റെ വിജാതീയ ഭാര്യമാരെ പ്രസാദിപ്പിക്കാനുള്ള ശലോമോന്റെ ആഗ്രഹം ദൈവത്തെ പ്രസാദിപ്പിക്കാനുള്ള അവന്റെ ആഗ്രഹത്തെ പുറന്തള്ളി. “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക” എന്ന്‌ മുമ്പെഴുതിയ ശലോമോനെ സംബന്ധിച്ചിടത്തോളം ഇത്‌ എന്തൊരു ദുരന്തമായിരുന്നു.​—⁠സദൃശവാക്യങ്ങൾ 27:11.

ലോകത്തിന്റെ ആത്മാവ്‌ ശക്തമാണ്‌

11. നാം മനസ്സിലേക്കു കടത്തിവിടുന്ന കാര്യങ്ങൾ നമ്മുടെ ചിന്തയെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

11 നമുക്കു സത്യം അറിയാവുന്നതുകൊണ്ട്‌ ലോകം നമ്മുടെ ചിന്തയെ സ്വാധീനിക്കുകയില്ല എന്നു ന്യായവാദം ചെയ്യുന്നത്‌ അപകടകരം ആയിരിക്കും എന്നു ശലോമോന്റെ ഉദാഹരണം നമ്മെ പഠിപ്പിക്കുന്നു. ഭൗതിക ആഹാരത്തിന്‌ നമ്മുടെ ശാരീരിക ആരോഗ്യത്തിന്മേൽ നല്ലതോ മോശമോ ആയ ഫലം ഉളവാക്കാനാകുമെന്ന്‌ നമുക്കറിയാം. നമ്മുടെ മനസ്സിൽ നിറയ്‌ക്കുന്ന കാര്യങ്ങളെ ആഹാരത്തോട്‌ ഉപമിക്കാവുന്നതാണ്‌. അവ നമ്മുടെ ചിന്തയെയും മനോഭാവത്തെയും രൂപപ്പെടുത്തുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട്‌ വ്യവസായ സ്ഥാപനങ്ങൾ തങ്ങളുടെ ഉത്‌പന്നങ്ങളുടെ പരസ്യത്തിനായി ഓരോ വർഷവും കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നു. വിജയകരമായ പരസ്യങ്ങൾ ഉപഭോക്താവിന്റെ അഭിലാഷങ്ങൾക്കും ഭാവനകൾക്കും ഇണങ്ങുന്ന രീതിയിലുള്ള വാക്കുകളും ചിത്രങ്ങളും ഉപയോഗപ്പെടുത്തുന്നു. ഒരു പരസ്യം ഒന്നോ രണ്ടോ തവണ മാത്രം കണ്ടതുകൊണ്ട്‌ ഓടിച്ചെന്ന്‌ ആ ഉത്‌പന്നം വാങ്ങാൻ സാധാരണഗതിയിൽ ജനങ്ങൾ പ്രേരിതരാകുകയില്ല എന്നും പരസ്യക്കമ്പനികൾക്ക്‌ അറിയാം. എന്നിരുന്നാലും, കുറെനാൾ ആവർത്തിച്ചു കണ്ടുകഴിയുമ്പോൾ ഒരു ഉത്‌പന്നത്തെ ഉപഭോക്താവിന്റെ മനസ്സ്‌ അംഗീകരിച്ചു തുടങ്ങുന്നു. പരസ്യങ്ങൾക്കു ശക്തിയുണ്ട്‌​—⁠അല്ലാത്തപക്ഷം അതിനു മുതൽമുടക്കാൻ ആരും തയ്യാറാവുകയില്ലല്ലോ. അതു പൊതുജനത്തിന്റെ ചിന്തയുടെയും മനോഭാവങ്ങളുടെയുംമേൽ ശക്തമായ പ്രഭാവം ചെലുത്തുന്നു.

12. (എ) സാത്താൻ ആളുകളുടെ ചിന്തയെ സ്വാധീനിക്കുന്നത്‌ എങ്ങനെ? (ബി) ക്രിസ്‌ത്യാനികൾ സ്വാധീനിക്കപ്പെട്ടേക്കാം എന്ന്‌ എന്തു കാണിക്കുന്നു?

12 സാത്താൻ ഒരു പരസ്യക്കാരനെപ്പോലെ തന്റെ ആശയങ്ങളെ വശ്യമായി അവതരിപ്പിച്ചുകൊണ്ട്‌ അവയെ ഉന്നമിപ്പിക്കുന്നു. കാലക്രമേണ ആളുകളെ തന്റെ ചിന്താഗതിയിലേക്കു മാറ്റിയെടുക്കാൻ കഴിയുമെന്ന്‌ അവന്‌ അറിയാം. വിനോദങ്ങളിലൂടെയും മറ്റനേകം സരണികളിലൂടെയും, നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിശ്വസിപ്പിച്ചുകൊണ്ട്‌ സാത്താൻ ആളുകളെ വഞ്ചിക്കുന്നു. (യെശയ്യാവു 5:20) സാത്താന്റെ വഴിതെറ്റിക്കുന്ന പ്രചാരണങ്ങൾക്ക്‌ സത്യക്രിസ്‌ത്യാനികൾപോലും ഇരകളായിട്ടുണ്ട്‌. ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “വരുംകാലങ്ങളിൽ, ചിലർ കപടാത്‌മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്‌ധയർപ്പിച്ചുകൊണ്ട്‌ വിശ്വാസത്തിൽനിന്നു വ്യതിചലിക്കുമെന്ന്‌ ആത്‌മാവ്‌ വ്യക്‌തമായിപ്പറയുന്നു. മനഃസാക്‌ഷി കത്തിക്കരിഞ്ഞുപോയ നുണയൻമാരുടെ കാപട്യമാണ്‌ ഇതിനു കാരണം.”​—⁠1 തിമൊഥെയൊസ്‌ 4:1, 2, പി.ഒ.സി. ബൈ.; യിരെമ്യാവു 6:15.

13. എന്താണ്‌ മോശമായ സഹവാസങ്ങൾ, നമ്മുടെ സഹവാസങ്ങൾ നമ്മെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

13 നമ്മിൽ ആരും ലോകത്തിന്റെ ആത്മാവിന്റെ സ്വാധീനത്തിൽനിന്ന്‌ ഒഴിവുള്ളവരല്ല. സാത്താന്റെ വ്യവസ്ഥിതിയിലെ കാറ്റും അടിയൊഴുക്കുകളും ശക്തമാണ്‌. ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “വഴിതെറ്റിക്കപ്പെടരുത്‌. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:​33, NW) മോശമായ സഹവാസത്തിൽ ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന​—⁠സഭയ്‌ക്കുള്ളിൽ പോലുമുള്ള​—⁠ഏതൊരു സംഗതിയും അല്ലെങ്കിൽ വ്യക്തിയും ഉൾപ്പെടാം. മോശമായ സഹവാസങ്ങൾക്ക്‌ നമ്മെ അപകടപ്പെടുത്താൻ കഴിയുകയില്ല എന്ന്‌ നാം ന്യായവാദം ചെയ്യുന്നെങ്കിൽ, നല്ല സഹവാസത്തിന്‌ നമ്മെ സഹായിക്കാനും കഴിയുകയില്ല എന്നു നാം നിഗമനം ചെയ്യേണ്ടിവരികയില്ലേ? അത്‌ എത്ര വലിയ പിഴവായിരിക്കും! “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും” എന്നു പറഞ്ഞുകൊണ്ട്‌ ബൈബിൾ കാര്യത്തെ വ്യക്തമായി വിശദീകരിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 13:20.

14. ഏതെല്ലാം വിധങ്ങളിൽ നമുക്ക്‌ ലോകത്തിന്റെ ആത്മാവിനെ ചെറുക്കാൻ കഴിയും?

14 ലോകത്തിന്റെ ആത്മാവിനെ ചെറുക്കുന്നതിന്‌ നാം ജ്ഞാനികളായ​—⁠യഹോവയെ സേവിക്കുന്ന​—⁠വ്യക്തികളുമായി സഹവസിക്കണം. നമ്മുടെ വിശ്വാസത്തെ കെട്ടുപണിചെയ്യുന്ന സംഗതികൾകൊണ്ടു നാം മനസ്സു നിറയ്‌ക്കണം. അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: “സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്‌ക്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.” (ഫിലിപ്പിയർ 4:8) സ്വതന്ത്ര ധാർമിക കാര്യസ്ഥർ ആയിരിക്കുന്നതിനാൽ എന്തു പരിചിന്തിക്കണം എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പു നടത്താനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌. നമ്മെ യഹോവയോട്‌ കൂടുതൽ അടുപ്പിക്കുന്ന കാര്യങ്ങളായിരിക്കട്ടെ നാം എല്ലായ്‌പോഴും തിരഞ്ഞെടുക്കുന്നത്‌.

ദൈവത്തിന്റെ ആത്മാവ്‌ കൂടുതൽ ശക്തം

15. പുരാതന കൊരിന്തിലെ ക്രിസ്‌ത്യാനികൾ അതേ നഗരത്തിലെ മറ്റു നിവാസികളിൽനിന്നു വ്യത്യസ്‌തരായിരുന്നത്‌ എങ്ങനെ?

15 ലോകത്തിന്റെ ആത്മാവിനാൽ വഴിതെറ്റിക്കപ്പെട്ടിരിക്കുന്നവരിൽനിന്നു വ്യത്യസ്‌തമായി സത്യ ക്രിസ്‌ത്യാനികൾ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു. കൊരിന്തിലെ സഭയ്‌ക്ക്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്‌കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്‌.” (1 കൊരിന്ത്യർ 2:12) ലോകത്തിന്റെ ആത്മാവിനാൽ വലയം ചെയ്യപ്പെട്ട ഒരു നഗരമായിരുന്നു പുരാതന കൊരിന്ത്‌. അതിലെ നിവാസികളിൽ ഭൂരിപക്ഷവും തികച്ചും കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നതു നിമിത്തം “കൊരിന്ത്യവത്‌കരിക്കുക” എന്ന പദപ്രയോഗത്തിന്‌ “അധാർമിക ജീവിതം നയിക്കുക” എന്ന അർഥം കൈവന്നു. സാത്താൻ ആളുകളുടെ മനസ്സിനെ കുരുടാക്കിയിരുന്നു. തത്‌ഫലമായി സത്യദൈവത്തെ കുറിച്ച്‌ അവർ ഒന്നുംതന്നെ മനസ്സിലാക്കിയില്ല. (2 കൊരിന്ത്യർ 4:4) എങ്കിലും, സത്യത്തിന്റെ പരിജ്ഞാനം നേടാൻ കൊരിന്ത്യരിൽ ചിലരെ സഹായിച്ചുകൊണ്ട്‌ യഹോവ തന്റെ പരിശുദ്ധാത്മാവിനാൽ അവരുടെ കണ്ണുതുറന്നു. അവന്റെ അംഗീകാരവും അനുഗ്രഹങ്ങളും പ്രാപിക്കാൻ തക്കവണ്ണം തങ്ങളുടെ ജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്താൻ അവന്റെ ആത്മാവ്‌ അവരെ പ്രേരിപ്പിക്കുകയും നയിക്കുകയും ചെയ്‌തു. (1 കൊരിന്ത്യർ 6:9-11) ലോകത്തിന്റെ ആത്മാവ്‌ ശക്തമായിരുന്നെങ്കിലും അതിലും ശക്തമായിരുന്നു യഹോവയുടെ പരിശുദ്ധാത്മാവ്‌.

16. നമുക്ക്‌ എങ്ങനെ ദൈവാത്മാവിനെ പ്രാപിക്കാനും അതു കൈവിട്ടു കളയാതെ നോക്കാനും കഴിയും?

16 ഇന്നും അത്‌ അങ്ങനെതന്നെയാണ്‌. യഹോവയുടെ പരിശുദ്ധാത്മാവാണ്‌ പ്രപഞ്ചത്തിലെ ഏറ്റവും പ്രബലമായ ശക്തി. വിശ്വാസത്തോടെ അതിനായി അപേക്ഷിക്കുന്നവർക്ക്‌ അവൻ അതു സൗജന്യമായും സമൃദ്ധമായും നൽകുന്നു. (ലൂക്കൊസ്‌ 11:13) എന്നിരുന്നാലും, യഹോവയുടെ പരിശുദ്ധാത്മാവ്‌ ഉണ്ടായിരിക്കുന്നതിന്‌ നാം ലോകത്തിന്റെ ആത്മാവിനെ ചെറുത്താൽ മാത്രം മതിയാകുന്നില്ല. നമ്മുടെ ആത്മാവ്‌​—⁠നമ്മുടെ മാനസിക ചായ്‌വ്‌​—⁠യഹോവയുടെ ചിന്തയോട്‌ അനുരൂപപ്പെടാൻ തക്കവണ്ണം നാം ദൈവവചനം ക്രമമായി പഠിക്കുകയും ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യണം. അങ്ങനെ ചെയ്യുന്നെങ്കിൽ, നമ്മുടെ ആത്മീയതയെ തകർക്കാൻ സാത്താൻ ഉപയോഗിക്കുന്ന ഏതൊരു തന്ത്രത്തെയും ചെറുക്കാൻ യഹോവ നമ്മെ ശക്തരാക്കും.

17. ലോത്തിന്റെ അനുഭവം ഏതു വിധങ്ങളിൽ നമുക്ക്‌ ആശ്വാസമായിരുന്നേക്കാം?

17 ക്രിസ്‌ത്യാനികൾ ലോകത്തിന്റെ ഭാഗമല്ലെങ്കിലും അവർ ജീവിക്കുന്നതു ലോകത്തിലാണ്‌. (യോഹന്നാൻ 17:11, 16) ദൈവത്തെയോ അവന്റെ വഴികളെയോ സ്‌നേഹിക്കാത്ത ആളുകളോടൊപ്പം ജോലി ചെയ്യുകയോ ജീവിക്കുകയോ ചെയ്യേണ്ടതുള്ളതിനാൽ ലോകത്തിന്റെ ആത്മാവിനെ പൂർണമായി ഒഴിവാക്കാൻ നമുക്കാർക്കും സാധ്യമല്ല. താൻ ജീവിച്ച സൊദോമിലെ ആളുകളുടെ അധർമ പ്രവൃത്തികളാൽ മനസ്സുനൊന്ത്‌ “വലഞ്ഞുപോയ” ലോത്തിനെ പോലെ നമുക്ക്‌ അനുഭവപ്പെടുന്നുണ്ടോ? (2 പത്രൊസ്‌ 2:7, 8) എങ്കിൽ നമുക്ക്‌ ആശ്വാസത്തിനു വകയുണ്ട്‌. യഹോവ ലോത്തിനെ സംരക്ഷിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്‌തു. നമ്മുടെ കാര്യത്തിലും അവന്‌ അതുതന്നെ ചെയ്യാൻ കഴിയും. നമ്മുടെ സ്‌നേഹവാനായ പിതാവ്‌ നമ്മുടെ സാഹചര്യങ്ങൾ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു, നമ്മുടെ ആത്മീയത കാത്തുസൂക്ഷിക്കാൻ ആവശ്യമായ സഹായവും ശക്തിയും പ്രദാനം ചെയ്യാൻ അവനു കഴിയും. (സങ്കീർത്തനം 33:18, 19) നമ്മുടെ സാഹചര്യങ്ങൾ എത്രതന്നെ ക്ലേശപൂർണമായിരുന്നാലും, നാം അവനിൽ ശരണം പ്രാപിക്കുന്നെങ്കിൽ, അവനിൽ ആശ്രയിക്കുന്നെങ്കിൽ, അവനെ വിളിച്ചപേക്ഷിക്കുന്നെങ്കിൽ, ലോകത്തിന്റെ ആത്മാവിനെ ചെറുക്കാൻ അവൻ നമ്മെ സഹായിക്കും.​—⁠യെശയ്യാവു 41:10.

18. യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ നാം നിധിപോലെ കാത്തുകൊള്ളേണ്ടത്‌ എന്തുകൊണ്ട്‌?

18 ദൈവത്തിൽനിന്ന്‌ അകന്നു പോയിരിക്കുന്ന, സാത്താനാൽ വഴിതെറ്റിക്കപ്പെട്ടിരിക്കുന്ന ഒരു ലോകത്തിലാണു ജീവിക്കുന്നതെങ്കിലും യഹോവയുടെ ജനമെന്ന നിലയിൽ നാം സത്യത്തിന്റെ പരിജ്ഞാനത്താൽ അനുഗൃഹീതരാണ്‌. തന്നിമിത്തം ലോകത്തിന്‌ അന്യമായ സന്തോഷവും സമാധാനവും നാം ആസ്വദിക്കുന്നു. (യെശയ്യാവു 57:20, 21; ഗലാത്യർ 5:22) നാശത്തിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ ആത്മാവ്‌ മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത പറുദീസയിലെ നിത്യജീവന്റെ മഹത്തായ പ്രത്യാശ നാം കാത്തുസൂക്ഷിക്കുന്നു. ആയതിനാൽ ദൈവവുമായുള്ള നമ്മുടെ അമൂല്യ ബന്ധം നമുക്ക്‌ ഒരു നിധി പോലെ കാത്തുകൊള്ളാം, ആത്മീയമായി ഒഴുകിപ്പോകാനുള്ള ഏതൊരു പ്രവണതയ്‌ക്കും എതിരെ നമുക്കു ജാഗരൂകരായിരിക്കാം. യഹോവയോടു നമുക്കു പൂർവാധികം അടുത്തു ചെല്ലാം, ലോകത്തിന്റെ ആത്മാവിനെ ചെറുക്കാൻ അവൻ നമ്മെ സഹായിക്കും.—യാക്കോബ്‌ 4:7, 8.

നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?

• സാത്താൻ ഏതെല്ലാം വിധങ്ങളിൽ ആളുകളെ വഞ്ചിക്കുകയും വഴിതെറ്റിക്കുകയും ചെയ്‌തിരിക്കുന്നു?

• യഹോവയിൽനിന്ന്‌ അകന്നു പോകുന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാക്കാൻ കഴിയും?

• ലോകത്തിന്റെ ആത്മാവ്‌ ശക്തമാണെന്ന്‌ എന്തു പ്രകടമാക്കുന്നു?

• ദൈവത്തിൽനിന്നുള്ള ആത്മാവിനെ നമുക്ക്‌ എങ്ങനെ പ്രാപിക്കാനും കൈവിട്ടുകളയാതെ നോക്കാനും സാധിക്കും?

[അധ്യയന ചോദ്യങ്ങൾ]

[11-ാം പേജിലെ ചാർട്ട്‌]

ലോകത്തിന്റെ ജ്ഞാനത്തിനെതിരെ ദൈവിക ജ്ഞാനം

സത്യം ആപേക്ഷികമാണ്‌ —ആളുകൾ അവരുടെ സ്വന്തം സത്യം ഉണ്ടാക്കുന്നു.

“[ദൈവത്തിന്റെ] വചനം സത്യം ആകുന്നു.”​—⁠യോഹന്നാൻ 17:17.

ശരിയും തെറ്റും നിർണയിക്കുന്നതിന്‌ നിങ്ങൾക്ക്‌ അനുഭവപ്പെടുന്നതെന്തോ അതിനെ ആശ്രയിക്കുക.

“ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ളത്‌.”​—⁠യിരെമ്യാവു 17:9.

നിങ്ങൾക്ക്‌ ഇഷ്ടമുള്ളതു ചെയ്യുക.

“മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.”​—⁠യിരെമ്യാവു 10:23.

ധനമാണ്‌ സന്തോഷത്തിന്റെ താക്കോൽ.

“ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ.”​—⁠1 തിമൊഥെയൊസ്‌ 6:10.

[10-ാം പേജിലെ ചിത്രം]

ശലോമോൻ സത്യാരാധനയിൽനിന്ന്‌ അകന്നുപോയി വ്യാജദൈവങ്ങളിലേക്കു തിരിഞ്ഞു

[12-ാം പേജിലെ ചിത്രം]

ഒരു പരസ്യക്കാരനെപ്പോലെ സാത്താൻ ലോകത്തിന്റെ ആത്മാവിനെ ഉന്നമിപ്പിക്കുന്നു. നിങ്ങൾ അതിനെ ചെറുക്കുന്നുവോ?