വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലൈബീരിയ യുദ്ധത്തിന്മധ്യേയും സമൃദ്ധമായ ആത്മീയ ഫലങ്ങൾ

ലൈബീരിയ യുദ്ധത്തിന്മധ്യേയും സമൃദ്ധമായ ആത്മീയ ഫലങ്ങൾ

ലൈബീരിയ യുദ്ധത്തിന്മധ്യേയും സമൃദ്ധമായ ആത്മീയ ഫലങ്ങൾ

ആഭ്യന്തരയുദ്ധം ലൈബീരിയയിൽ ദുരിതം വിതയ്‌ക്കാൻ തുടങ്ങിയിട്ട്‌ ഒരു പതിറ്റാണ്ടിലേറെയായി. 2003 മധ്യത്തോടെ വിപ്ലവകാരികൾ തലസ്ഥാന നഗരിയായ മോൺറോവിയയിൽ എത്തി. യഹോവയുടെ സാക്ഷികളിൽ അനേകർക്ക്‌ തങ്ങളുടെ വീടു വിട്ട്‌ ഓടിപ്പോകേണ്ടി വന്നിട്ടുണ്ട്‌. ഒന്നോ രണ്ടോ തവണയല്ല, ഒട്ടനവധി തവണ. പല പ്രാവശ്യം അവരുടെ വസ്‌തുവകകൾ കൊള്ളയടിക്കപ്പെട്ടു.

തലസ്ഥാനത്തു പോരാട്ടം നടക്കവേ അനേകായിരങ്ങൾ ദാരുണമായി കൊല്ലപ്പെട്ടു. അവരിൽ രണ്ടു സാക്ഷികളുമുണ്ടായിരുന്നു, ഒരു സഹോദരനും ഒരു സഹോദരിയും. മറ്റു സഹോദരങ്ങൾ ഈ പ്രയാസ സാഹചര്യത്തെ എങ്ങനെയാണു നേരിട്ടത്‌? അവർക്ക്‌ എന്തെങ്കിലും സഹായം ലഭിച്ചോ?

സഹായമെത്തിക്കുന്നു

പ്രതിസന്ധി ഘട്ടത്തിൽ ഉടനീളം ലൈബീരിയയിലെ ബ്രാഞ്ച്‌ ഓഫീസ്‌ സഹായം ആവശ്യമുള്ളവർക്ക്‌ ദുരിതാശ്വാസം എത്തിച്ചു കൊടുത്തു. ഭക്ഷണവും അവശ്യ വീട്ടുസാധനങ്ങളും മരുന്നുകളും അതിൽ ഉൾപ്പെട്ടിരുന്നു. വിപ്ലവകാരികൾ തുറമുഖ പ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കിയതോടെ ഭക്ഷണം ദുർലഭമായി. ഈ സ്ഥിതിവിശേഷം മുന്നിൽക്കണ്ടുകൊണ്ട്‌ ബ്രാഞ്ച്‌ ഓഫീസ്‌ നേരത്തേതന്നെ അവശ്യവസ്‌തുക്കൾ കരുതിവെച്ചിരുന്നു. അതുകൊണ്ട്‌ നഗരത്തിൽ ഉടനീളമുള്ള രാജ്യഹാളുകളിൽ അഭയം തേടിയിരുന്ന രണ്ടായിരം സാക്ഷികൾക്ക്‌ വേണ്ട സാധനങ്ങൾ ഉടൻ ലഭ്യമാക്കാൻ സാധിച്ചു. തുറമുഖം തുറന്ന്‌ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പു ശേഖരിച്ചുവെച്ച ഭക്ഷണം തീർന്നുപോകാതിരിക്കാൻ സഹോദരങ്ങൾ റേഷൻ വ്യവസ്ഥയിലാണ്‌ അതു വിതരണം ചെയ്‌തത്‌. ബെൽജിയം, സിയെറാ ലിയോൺ എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ മരുന്നും ചികിത്സാ സാമഗ്രികളും വിമാനമാർഗം അയച്ചുകൊടുത്തു. ബ്രിട്ടനിൽനിന്നും ഫ്രാൻസിൽനിന്നും വസ്‌ത്രങ്ങൾ എത്തിച്ചേർന്നു.

ഇരുളടഞ്ഞ സാഹചര്യത്തിലും നമ്മുടെ സഹോദരങ്ങൾ സന്തോഷം കൈവെടിഞ്ഞില്ല. മാത്രമല്ല, അവർ ക്രിയാത്മക മനോഭാവം നിലനിറുത്തുകയും ചെയ്‌തു. മൂന്നു പ്രാവശ്യം വീട്ടിൽനിന്നു പലായനം ചെയ്യേണ്ടി വന്ന ഒരു സഹോദരൻ പറഞ്ഞു: “നമ്മൾ ജീവിക്കുന്നത്‌ അവസാന കാലത്തല്ലേ, ഇതു പോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെന്നാണല്ലോ നമ്മൾ പ്രസംഗിക്കുന്നത്‌.” ഒട്ടനവധി പേരുടെയും മനോഭാവം ഇതുതന്നെ ആയിരുന്നു.

സുവാർത്തയോടുള്ള പ്രതികരണം

രാജ്യം പ്രക്ഷുബ്ധാവസ്ഥയിലാണെങ്കിലും സാക്ഷികൾക്ക്‌ വയലിൽ വളരെ നല്ല ഫലം ലഭിച്ചുകൊണ്ടിരിക്കുന്നു. 2003 ജനുവരിയിൽ പ്രസാധകരുടെ എണ്ണം 3,879 എന്ന സർവകാല അത്യുച്ചത്തിലെത്തി. ഫെബ്രുവരിയിൽ അവർ 15,227 ഭവന ബൈബിളധ്യയനങ്ങളാണു നടത്തിയത്‌.

ആളുകൾ പെട്ടെന്നാണ്‌ സുവാർത്തയോട്‌ അനുകൂലമായി പ്രതികരിക്കുന്നത്‌. രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുനിന്നുള്ള ഈ അനുഭവം ഇതു വ്യക്തമാക്കുന്നു. ബ്വാൻ എന്ന ഒരു വലിയ ഗ്രാമത്തിൽവെച്ച്‌ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാൻ ഒരു സഭ തീരുമാനിച്ചു. അവർ സാധാരണ കൂടിവന്നിരുന്നിടത്തുനിന്ന്‌ അഞ്ചു മണിക്കൂർ നടക്കണമായിരുന്നു അവിടെയെത്താൻ. ഗ്രാമത്തിലെ മറ്റുള്ളവരെ സ്‌മാരകത്തിനു ക്ഷണിക്കുന്നതിനു മുമ്പ്‌ സഹോദരങ്ങൾ ആദ്യം അവിടത്തെ മേയറെ ചെന്നുകണ്ട്‌ ക്ഷണക്കത്ത്‌ നൽകി. ക്ഷണം ലഭിച്ചതിനെ തുടർന്ന്‌ മേയർ തന്റെ ബൈബിളുമെടുത്ത്‌ ഗ്രാമീണരുടെ അടുക്കൽ പോയി ക്ഷണക്കത്തിൽ ഉണ്ടായിരുന്ന വാക്യം വായിച്ചു കേൾപ്പിക്കുകയും അവരെ സ്‌മാരകത്തിനു ക്ഷണിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ പ്രസാധകർ എത്തിയപ്പോൾ അവർക്ക്‌ അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല, ഗ്രാമത്തിലുള്ളവർക്ക്‌ സ്‌മാരകത്തിനുള്ള ക്ഷണം കിട്ടിക്കഴിഞ്ഞിരുന്നു! മേയർ തന്റെ രണ്ടു ഭാര്യമാരോടും കുട്ടികളോടും ഒപ്പം സ്‌മാരകത്തിന്‌ ഹാജരായി. മൊത്തം 27 പേർ വന്നു. അതേത്തുടർന്ന്‌ മേയർ മെഥഡിസ്റ്റ്‌ സഭയിലെ അംഗത്വം രാജിവെക്കുകയും സാക്ഷികളോടൊപ്പം പഠിക്കാൻ തുടങ്ങുകയും ചെയ്‌തു. ഒരു രാജ്യഹാൾ പണിയുന്നതിന്‌ സ്ഥലം നൽകാനും അദ്ദേഹം സന്നദ്ധനായി.

മനോഭാവത്തിനു മാറ്റം വരുന്നു

എതിരാളികളിൽ ചിലർക്ക്‌ സത്യത്തോട്‌ ഉണ്ടായിരുന്ന മനോഭാവത്തിനു മാറ്റം വരുത്താൻ സഹോദരങ്ങളുടെ നല്ല നടത്തയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌. ഓപോകു എന്ന വ്യക്തിയുടെ കാര്യം തന്നെ എടുക്കുക. ഒരു പ്രത്യേക പയനിയർ അദ്ദേഹത്തെ വയൽസേവനത്തിനിടയ്‌ക്കു കണ്ടുമുട്ടുകയും വീക്ഷാഗോപുരം മാസിക നൽകുകയും ചെയ്‌തു. ഓപോകുവിന്‌ മാസികയിലെ ഒരു ലേഖനം വായിക്കാൻ താത്‌പര്യം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കൈവശം പണം ഇല്ലായിരുന്നു. തങ്ങൾ വില ഈടാക്കാതെയാണ്‌ മാസികകൾ കൊടുക്കുന്നതെന്നു പറഞ്ഞുകൊണ്ട്‌ പയനിയർ അദ്ദേഹത്തിനു മാസിക കൊടുക്കുകയും മടക്കസന്ദർശനം ക്രമീകരിക്കുകയും ചെയ്‌തു. പയനിയർ മടങ്ങിവന്നപ്പോൾ ഓപോകു ചോദിച്ചു: “താങ്കൾക്ക്‌ എന്നെ അറിയാമോ? ഹാർപ്പർ പട്ടണത്തിലെ നിങ്ങളുടെ ആളുകൾക്കെല്ലാംതന്നെ എന്നെ അറിയാം. ഞാൻ നിങ്ങളുടെ കുട്ടികളെ സ്‌കൂളിൽനിന്നു പുറത്താക്കിയിരുന്നു!” താൻ പട്ടണത്തിലെ ഒരു ഹൈസ്‌കൂളിന്റെ പ്രധാന അധ്യാപകനാണെന്നും പതാകയെ വന്ദിക്കാത്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളുടെ കുട്ടികളെ വളരെയധികം കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മൂന്നു വ്യത്യസ്‌ത സന്ദർഭങ്ങളിൽ യഹോവയുടെ സാക്ഷികൾ ക്രിസ്‌തീയ സ്‌നേഹം പ്രകടിപ്പിക്കുന്നത്‌ കാണാനിടയായതോടെ ഓപോകുവിന്റെ മനോഭാവത്തിനു മാറ്റം വന്നു. ആദ്യത്തെ പ്രാവശ്യം, രോഗാതുരനായ ഒരു ക്രിസ്‌തീയ സഹോദരന്‌ സഹസാക്ഷികൾ നൽകിയ പരിചരണവും സഹായവും ആയിരുന്നു ഓപോകുവിന്റെ ശ്രദ്ധയിൽ പെട്ടത്‌. അദ്ദേഹത്തിന്‌ അയൽരാജ്യത്ത്‌ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണംവരെ അവർ ചെയ്യുകയുണ്ടായി. രോഗിയായ ആ സഹോദരൻ സാക്ഷികൾക്കിടയിലെ പ്രമുഖ വ്യക്തി ആയിരിക്കും എന്നാണ്‌ ഓപോകു കരുതിയത്‌. എന്നാൽ അദ്ദേഹം ഒരു സാധാരണ സാക്ഷി മാത്രമാണെന്ന്‌ ഓപോകു അറിയാനിടയായി. രണ്ടാമത്തെ സംഭവം ഉണ്ടായത്‌ 1990-കളിലായിരുന്നു. അന്ന്‌ ഓപോകു ഐവറി കോസ്റ്റിൽ ഒരു അഭയാർഥി ആയിരുന്നു. ഒരു ദിവസം ദാഹിച്ചു വലഞ്ഞപ്പോൾ കുറച്ചു വെള്ളം വാങ്ങാമെന്നു കരുതി അദ്ദേഹം ഒരു ചെറുപ്പക്കാരനെ സമീപിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കൈയിൽ വലിയ തുകയ്‌ക്കുള്ള ഒറ്റയൊരു നോട്ടേ ഉണ്ടായിരുന്നുള്ളൂ. ചില്ലറയില്ലാഞ്ഞതുകൊണ്ട്‌ ചെറുപ്പക്കാരൻ പണം വാങ്ങാതെതന്നെ ഓപോകുവിന്‌ വെള്ളം കൊടുത്തു. വെള്ളം കൊടുക്കുമ്പോൾ അയാൾ ചോദിച്ചു: “നമ്മളെല്ലാവരും പണം ചോദിക്കാതെ അങ്ങോട്ടുമിങ്ങോട്ടും സാധനങ്ങൾ കൈമാറുന്ന ഒരു കാലം എന്നെങ്കിലും വരുമെന്ന്‌ താങ്കൾക്കു തോന്നുന്നുണ്ടോ?” ആ ചെറുപ്പക്കാരൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കുമെന്ന്‌ ഓപോകു ഊഹിച്ചു. അതു ശരിയായിരുന്നുതാനും. ആ സഹോദരന്റെ ഉദാര മനോഭാവവും ദയയും ഓപോകുവിനെ സ്‌പർശിച്ചു. ഒടുവിൽ പ്രത്യേക പയനിയർ പണം വാങ്ങാതെ മാസിക കൊടുക്കുകയും കൂടെ ചെയ്‌തപ്പോൾ താൻ സാക്ഷികളെ കുറിച്ചു വിചാരിച്ചിരുന്നതെല്ലാം തെറ്റായിരുന്നുവെന്നും തന്റെ മനോഭാവത്തിനു മാറ്റം വരുത്തേണ്ടതുണ്ടെന്നും ഓപോകുവിന്‌ മനസ്സിലായി. അദ്ദേഹം ആത്മീയ പുരോഗതി വരുത്തി. ഇപ്പോൾ ഓപോകു സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനാണ്‌.

ഇപ്പോഴും ലൈബീരിയയിലെ സഹോദരങ്ങൾ അങ്ങേയറ്റം ദുരിതപൂർണമായ സാഹചര്യങ്ങളിലാണു കഴിയുന്നത്‌. എങ്കിലും അവർ ദൈവത്തിൽ ആശ്രയിക്കുകയും ദൈവരാജ്യത്തിന്റെ നീതിനിഷ്‌ഠമായ ഭരണത്തിൻ കീഴിൽ വരാൻ പോകുന്ന മെച്ചപ്പെട്ട അവസ്ഥകളെ കുറിച്ചുള്ള സുവാർത്ത വിശ്വസ്‌തതയോടെ ഘോഷിക്കുകയും ചെയ്യുന്നു. യഹോവ ഒരിക്കലും അവരുടെ കഠിനാധ്വാനവും തന്റെ നാമത്തോട്‌ അവർ കാണിക്കുന്ന സ്‌നേഹവും മറന്നുകളയുകയില്ല.​—⁠എബ്രായർ 6:10.

[30-ാം പേജിലെ ഭൂപടങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മോൺറോവിയ

[31-ാം പേജിലെ ചിത്രങ്ങൾ]

പ്രതിസന്ധിഘട്ടങ്ങളിൽ യഹോവയുടെ ജനം ആവശ്യമുള്ളവർക്ക്‌ ആത്മീയവും ഭൗതികവുമായ സഹായം നൽകുന്നു