സഹായത്തിനായി നാം ദൂതന്മാരോടു പ്രാർഥിക്കേണ്ടതുണ്ടോ?
സഹായത്തിനായി നാം ദൂതന്മാരോടു പ്രാർഥിക്കേണ്ടതുണ്ടോ?
അരിഷ്ടതയുടെ സമയത്ത് ദൂതന്മാരെ വിളിച്ചപേക്ഷിക്കുന്നത് ഉചിതമായിരിക്കുമോ? ആണെന്ന് അനേകർ വിശ്വസിക്കുന്നു. ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ ഇപ്രകാരം പറയുന്നു: “ദൂതന്മാരോടു . . . പ്രാർഥിക്കുന്നത്, അവർ നമുക്കുവേണ്ടി ദൈവമുമ്പാകെ മധ്യസ്ഥത വഹിക്കാൻ വേണ്ടി മാത്രമാണ്.” നമുക്കുവേണ്ടി മധ്യസ്ഥരായി വർത്തിക്കാൻ നാം ദൂതന്മാരോടു പ്രാർഥിക്കേണ്ടതുണ്ടോ?
ദൈവത്തിന്റെ വിശ്വസ്‌ത ദൂതന്മാരിൽ മീഖായേൽ, ഗബ്രിയേൽ എന്നീ രണ്ടു പേരുടെ പേരുകൾ മാത്രമേ ദൈവവചനം വെളിപ്പെടുത്തുന്നുള്ളൂ. (ദാനീയേൽ 8:16; 12:1; ലൂക്കൊസ് 1:26; യൂദാ 9) ഈ രണ്ടു പേരുകൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ, ദൂതന്മാർ കേവലം വ്യക്തിത്വമില്ലാത്ത ഏതെങ്കിലും ശക്തിയോ ചൈതന്യമോ അല്ല മറിച്ച് വ്യക്തിഗത നാമമുള്ള ആത്മവ്യക്തികളാണെന്നു നമുക്കു മനസ്സിലാക്കാൻ കഴിയും. എന്നാൽ മറ്റു ദൂതന്മാർ തങ്ങളുടെ പേരുകൾ വെളിപ്പെടുത്താൻ വിസമ്മതിക്കുകയുണ്ടായി. ഉദാഹരണത്തിന്, യാക്കോബ് തന്റെ അടുക്കൽ വന്ന ഒരു ദൂതനോടു പേരു വെളിപ്പെടുത്താൻ അപേക്ഷിച്ചപ്പോൾ ആ ദൂതൻ അതിനു വിസമ്മതിച്ചു. (ഉല്‌പത്തി 32:29; ന്യായാധിപന്മാർ 13:17, 18) ദൂതന്മാരുടെ പേരുവിവരപ്പട്ടിക ബൈബിളിൽ നൽകിയിട്ടില്ല, മനുഷ്യർ അവർക്കു വേണ്ടതിൽ കവിഞ്ഞ പ്രാധാന്യം നൽകാതിരിക്കാൻ ഇതു സഹായിക്കുന്നു.
ദൈവത്തിൽനിന്നുള്ള സന്ദേശങ്ങൾ മനുഷ്യരെ അറിയിക്കുക എന്നതാണു ദൂതന്മാരുടെ ചുമതലയിൽപ്പെടുന്ന ഒരു സംഗതി. “ദൂതൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല എബ്രായ, ഗ്രീക്ക് പദങ്ങളുടെ അക്ഷരീയ അർഥംതന്നെ “സന്ദേശവാഹകൻ” എന്നാണ്. എന്നിരുന്നാലും, മനുഷ്യരുടെ പ്രാർഥനകൾ അത്യുന്നതന്റെ സിംഹാസനത്തിൻ മുമ്പാകെ എത്തിക്കുന്ന മധ്യസ്ഥരായി ദൂതന്മാർ വർത്തിക്കുന്നില്ല. പ്രാർഥനകൾ, തന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ തന്നോടായിരിക്കണം എന്ന കാര്യത്തിൽ ദൈവത്തിനു നിർബന്ധമുണ്ട്. യേശുക്രിസ്‌തു ഇപ്രകാരം പറയുകയുണ്ടായി: ‘നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരും.’—യോഹന്നാൻ 15:16; 1 തിമൊഥെയൊസ് 2:5.
നാം യഹോവയെ ഉചിതമായ വിധത്തിൽ പ്രാർഥനയിൽ സമീപിക്കുമ്പോൾ അതു കേൾക്കാതിരിക്കാൻ മാത്രം തിരക്കുള്ളവനല്ല അവൻ. ബൈബിൾ പിൻവരുന്ന ഉറപ്പ് നൽകുന്നു: “യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.”—സങ്കീർത്തനം 145:18.