വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

666 കേവലം ഒരു നിഗൂഢ സംഖ്യയല്ല

666 കേവലം ഒരു നിഗൂഢ സംഖ്യയല്ല

666 കേവലം ഒരു നിഗൂഢ സംഖ്യയല്ല

‘മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്‌ക്കുകയോ ചെയ്‌വാൻ വഹിയാതെ ആകും. ഇവിടെ ജ്ഞാനംകൊണ്ട്‌ ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അത്‌ ഒരു മനുഷ്യന്റെ സംഖ്യയത്രേ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറ്‌.’​—⁠വെളിപ്പാടു 13:​17, 18.

മൃഗത്തിന്റെ മുദ്ര അഥവാ പേർ ആയ 666 എന്ന നിഗൂഢ സംഖ്യയെ കുറിച്ചുള്ള പ്രവചനത്തോളം താത്‌പര്യം ഉണർത്തിയിട്ടുള്ള ബൈബിൾ വിഷയങ്ങൾ അധികമില്ല. മൃഗത്തിന്റെ മുദ്രയെ സംബന്ധിച്ച നിരവധി ഊഹാപോഹങ്ങൾ ടെലിവിഷനിലും ഇന്റർനെറ്റിലും സിനിമകളിലും പുസ്‌തകങ്ങളിലും മാസികകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

666 എന്നത്‌ ബൈബിളിൽ പരാമർശിച്ചിട്ടുള്ള അന്തിക്രിസ്‌തുവിന്റെ അടയാളമാണ്‌ എന്നു ചിലർ വിശ്വസിക്കുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ ഒരു വ്യക്തിയെ മൃഗത്തിന്റെ ദാസനായി തിരിച്ചറിയിക്കുന്ന, അയാൾ ശരീരത്തിൽ നിർബന്ധമായും വഹിക്കേണ്ട ഒരു അടയാളമാണ്‌ അത്‌, പച്ചകുത്തോ ശരീരത്തിനുള്ളിൽ സ്ഥാപിക്കുന്ന ഡിജിറ്റൽ കോഡ്‌ അടങ്ങിയ മൈക്രോ ചിപ്പോ പോലുള്ള ഒന്ന്‌. കത്തോലിക്ക സഭയിലെ പാപ്പായുടെ അധികാരത്തെയാണ്‌ 666 ചിത്രീകരിക്കുന്നതെന്ന്‌ കരുതുന്നവരുമുണ്ട്‌. പാപ്പായുടെ ഔദ്യോഗിക പദവിനാമത്തിന്റെ ഒരു രൂപമായ വികേറിയസ്‌ ഫിലിയൈ ഡിയൈ (ദൈവപുത്രന്റെ വികാരി) എന്നതിലെ അക്ഷരങ്ങളുടെ സ്ഥാനത്ത്‌ റോമൻ അക്കങ്ങൾ വെച്ചും അൽപ്പസ്വൽപ്പം ഭേദഗതികൾ വരുത്തിയും അവർ 666 എന്ന സംഖ്യയിൽ എത്തുന്നു. റോമൻ ചക്രവർത്തിയായ ഡയക്ലീഷ്യന്റെ ലത്തീൻ പേരിൽനിന്നും നീറോ കൈസറിന്റെ എബ്രായയിലുള്ള പേരിൽനിന്നും ഇതേ സംഖ്യ കണക്കുകൂട്ടിയെടുക്കാമെന്നും പറയപ്പെടുന്നു. *

എന്നാൽ അടുത്ത ലേഖനത്തിൽ നാം കാണാൻ പോകുന്നതുപോലെ സാങ്കൽപ്പികവും വസ്‌തുനിഷ്‌ഠമല്ലാത്തതുമായ ഈ വിശദീകരണങ്ങളെല്ലാം മൃഗത്തിന്റെ മുദ്രയെ കുറിച്ചു ബൈബിൾ പറയുന്നതിൽനിന്നു വളരെ വ്യത്യസ്‌തമാണ്‌. ദൈവം ഇപ്പോഴത്തെ വ്യവസ്ഥിതിക്ക്‌ അവസാനം വരുത്തുമ്പോൾ ഈ മുദ്രയുള്ളവർ അവന്റെ ക്രോധത്തിനു പാത്രമാകുമെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. (വെളിപ്പാടു 14:​9-11; 19:20) അതുകൊണ്ട്‌ 666-ന്റെ അർഥം മനസ്സിലാക്കുന്നതിൽ താത്‌പര്യജനകമായ ഒരു നിഗൂഢരഹസ്യത്തിന്റെ ചുരുളഴിക്കുന്നതിലധികം ഉൾപ്പെട്ടിട്ടുണ്ട്‌. സന്തോഷകരമെന്നു പറയട്ടെ, സ്‌നേഹത്തിന്റെ മൂർത്തിമദ്‌ഭാവവും ആത്മീയ വെളിച്ചത്തിന്റെ ഉറവുമായ യഹോവയാം ദൈവം ഈ പ്രധാനപ്പെട്ട കാര്യം സംബന്ധിച്ച ഗ്രാഹ്യം അവന്റെ ദാസർക്കു പ്രദാനം ചെയ്‌തിരിക്കുന്നു.​—⁠2 തിമൊഥെയൊസ്‌ 3:16; 1 യോഹന്നാൻ 1:5; 4:⁠8.

[അടിക്കുറിപ്പ്‌]

^ ഖ. 4 സംഖ്യാജ്യോതിഷത്തെ കുറിച്ചുള്ള ഒരു ചർച്ചയ്‌ക്കായി 2002 ഒക്ടോബർ 8 ലക്കം ഉണരുക! കാണുക.