വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനൗപചാരിക സാക്ഷീകരണം മെക്‌സിക്കോയിലെ ഇംഗ്ലീഷ്‌ വയലിൽ

അനൗപചാരിക സാക്ഷീകരണം മെക്‌സിക്കോയിലെ ഇംഗ്ലീഷ്‌ വയലിൽ

അനൗപചാരിക സാക്ഷീകരണം മെക്‌സിക്കോയിലെ ഇംഗ്ലീഷ്‌ വയലിൽ

തന്റെ സഹയാത്രികരെ പ്രതീക്ഷിച്ച്‌ അഥേനയിൽ കഴിഞ്ഞ സമയം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെട്ടു. ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: ‘അവൻ ചന്തസ്ഥലത്തു ദിവസേന കണ്ടവരോടു സംഭാഷിച്ചുപോന്നു.’ (പ്രവൃത്തികൾ 17:⁠17) യഹൂദ്യയിൽനിന്നു ഗലീലയിലേക്കുള്ള യാത്രയിൽ യേശു ഒരു ശമര്യക്കാരി സ്‌ത്രീയോട്‌ കിണറ്റിൻകരെവെച്ച്‌ അനൗപചാരികമായി സാക്ഷീകരിച്ചു. (യോഹന്നാൻ 4:⁠3-26) ദൈവരാജ്യ സുവാർത്ത പങ്കുവെക്കാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും നിങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടോ?

മെക്‌സിക്കോയിലെ ഇംഗ്ലീഷ്‌ ഭാഷാ വയൽ വിശേഷിച്ചും അനൗപചാരിക സാക്ഷീകരണത്തിനു യോജിച്ചതാണ്‌. വിനോദസഞ്ചാരികൾ അവിടത്തെ റിസോർട്ടുകൾ സന്ദർശിക്കാറുണ്ട്‌, സർവകലാശാലാ പഠനത്തിനായി വന്നുപോകുന്ന വിദ്യാർഥികളെയും നമുക്ക്‌ അവിടെ കാണാം. ജോലിയിൽനിന്നു വിരമിച്ചശേഷം മെക്‌സിക്കോയിൽത്തന്നെ തങ്ങിയിട്ടുള്ള വിദേശികളും പാർക്കുകളിലും റെസ്റ്ററന്റുകളിലും കൂടെക്കൂടെ സമയം ചെലവിടാറുണ്ട്‌. അത്തരക്കാരുമായി സംഭാഷണം ആരംഭിക്കുന്നതിൽ ഇംഗ്ലീഷ്‌ അറിയാവുന്ന യഹോവയുടെ സാക്ഷികളിൽ അനേകരും വൈദഗ്‌ധ്യം നേടിയിരിക്കുന്നു. വാസ്‌തവത്തിൽ, വിദേശികളോ ഇംഗ്ലീഷ്‌ സംസാരിക്കുന്നവരോ ആയ ഏതൊരാളോടും സംസാരിക്കുന്നതിൽ അവർ വളരെ ശ്രദ്ധാലുക്കളാണ്‌. അവർ അതു ചെയ്യുന്നത്‌ എങ്ങനെയെന്നു നമുക്കു നോക്കാം.

ഇംഗ്ലീഷ്‌ വയലിൽ പ്രവർത്തിക്കുന്ന വിദേശികളായ സാക്ഷികൾ, വിദേശിയെന്നു തോന്നിക്കുന്ന ഒരാളെ കണ്ടാൽ, സ്വയം പരിചയപ്പെടുത്തിയിട്ട്‌ അവരുടെ നാട്‌ ഏതെന്നു ചോദിക്കുകയാണ്‌ പതിവ്‌. ഇത്‌ സ്വാഭാവികമായും സാക്ഷി മെക്‌സിക്കോയിൽ എന്തു ചെയ്യുന്നു എന്ന ചോദ്യത്തിലേക്കു നയിക്കുകയും ഒരു സാക്ഷ്യം കൊടുക്കുന്നതിനു കളമൊരുക്കുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്‌, ആവശ്യം അധികമുള്ള വഹാക്കയിലെ ഇംഗ്ലീഷ്‌ വയലിൽ പ്രവർത്തിക്കുന്ന ഗ്ലോറിയ ഇത്തരത്തിൽ സംഭാഷണം തുടങ്ങുന്നത്‌ വളരെ എളുപ്പമാണെന്നു കണ്ടെത്തിയിരിക്കുന്നു. പട്ടണ ചത്വരത്തിൽ അനൗപചാരിക സാക്ഷീകരണം നടത്തിയതിനുശേഷം വീട്ടിലേക്കു മടങ്ങുമ്പോൾ ഇംഗ്ലണ്ടിൽനിന്നുള്ള ഒരു ദമ്പതികൾ അവരെ സമീപിച്ചു. “ഒരു കറുത്ത വർഗക്കാരി വഹാക്കയുടെ തെരുവിലൂടെ പോകുന്നെന്നോ! എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല,” സ്‌ത്രീ അതിശയത്തോടെ പറഞ്ഞു. വ്രണിതയാകുന്നതിനു പകരം ഗ്ലോറിയ ചിരിക്കുകയാണു ചെയ്‌തത്‌. താൻ മെക്‌സിക്കോയിൽ ആയിരിക്കുന്നതിന്റെ കാരണത്തെ കുറിച്ച്‌ അവൾ അവരോടു സംസാരിച്ചു. ആ സ്‌ത്രീ ഗ്ലോറിയയെ തന്റെ വീട്ടിലേക്കു സൗഹൃദ സന്ദർശനത്തിനു ക്ഷണിച്ചു. സന്ദർശന സമയവും നിശ്ചയിച്ചു. ഗ്ലോറിയ അവർക്ക്‌ വീക്ഷാഗോപുരം, ഉണരുക! മാസികകൾ കൊടുത്തെങ്കിലും താൻ ഒരു നിരീശ്വരവാദി ആണെന്നു പറഞ്ഞുകൊണ്ട്‌ ആ സ്‌ത്രീ അതു നിരസിച്ചു. നിരീശ്വരവാദികളോടു സംസാരിക്കുന്നതു താൻ ആസ്വദിക്കാറുണ്ടെന്നു പറഞ്ഞ ഗ്ലോറിയ “ആരാധന സ്ഥലങ്ങൾ​—⁠നമുക്ക്‌ അവ ആവശ്യമാണോ?” എന്ന ലേഖനത്തെ കുറിച്ച്‌ അവരുടെ അഭിപ്രായം അറിയാൻ താത്‌പര്യം ഉണ്ടെന്നു പറഞ്ഞു. “ഒരു ദൈവം ഉണ്ടെന്ന്‌ എന്നെ ബോധ്യപ്പെടുത്താൻ നിങ്ങൾക്കു കഴിഞ്ഞാൽ അത്‌ അതിശയകരമായിരിക്കും” എന്നു പറഞ്ഞുകൊണ്ട്‌ ആ സ്‌ത്രീ അതു സ്വീകരിച്ചു. പിന്നീട്‌ അവർ സന്ധിച്ച അവസരങ്ങളിലെല്ലാം രസകരമായ ആത്മീയ ചർച്ച നടന്നു. ആ ദമ്പതികൾ പിന്നീട്‌ ഇംഗ്ലണ്ടിലേക്കു പോയെങ്കിലും ഇ-മെയിലിലൂടെ ചർച്ച തുടർന്നു.

വാഷിങ്‌ടൺ ഡി.സി.-യിൽനിന്നുള്ള ഒരു വിദ്യാർഥിനിയായ സരോണുമായും ഗ്ലോറിയ സൗഹൃദം സ്ഥാപിച്ചു. സരോൺ ബിരുദാനന്തരബിരുദ പഠനത്തിന്റെ ഭാഗമായി തദ്ദേശീയ വനിതകളുമൊത്തുള്ള സന്നദ്ധ സേവനത്തിന്‌ എത്തിയതായിരുന്നു. സരോണിന്റെ നല്ല വേലയ്‌ക്ക്‌ അവളെ അഭിനന്ദിച്ചതിനുശേഷം താൻ മെക്‌സിക്കോയിൽ എത്തിയതിന്റെ ഉദ്ദേശ്യം ഗ്ലോറിയ വിശദീകരിച്ചു. അത്‌ ബൈബിളിനെ കുറിച്ചും ദൈവം ദരിദ്രർക്കു മാത്രമല്ല എല്ലാവർക്കുംവേണ്ടി ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ചുമുള്ള താത്‌പര്യജനകമായ ഒരു ചർച്ചയിലേക്കു നയിച്ചു. ഐക്യനാടുകളിൽവെച്ച്‌ താൻ ഒരിക്കലും സാക്ഷികളോടു സംസാരിച്ചിട്ടില്ലെന്നിരിക്കെ മെക്‌സിക്കോയിൽവെച്ച്‌ താൻ സംസാരിച്ച ആദ്യവ്യക്തികളിൽ ഒരാൾ സാക്ഷിയാണ്‌ എന്നതു തികച്ചും അതിശയകരമാണ്‌ എന്നു സരോൺ പറഞ്ഞു. അവൾ ഒരു ബൈബിളധ്യയനം സ്വീകരിക്കുകയും ഉടനെതന്നെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങുകയും ചെയ്‌തു.

പല വിദേശികളും പറുദീസാ അവസ്ഥകൾ തേടി മെക്‌സിക്കോയിലെ ബീച്ച്‌ റിസോർട്ടുകളിൽ എത്തിയിട്ടുണ്ട്‌. ആക്കപൂൾക്കോ എന്ന സ്ഥലത്ത്‌ ലോറെൽ അത്തരക്കാരുമായി സംഭാഷണം നടത്തുന്നു. അവരുടെ സ്വദേശത്തെ അപേക്ഷിച്ച്‌ ആക്കപൂൾക്കോയ്‌ക്ക്‌ ഒരു പറുദീസയുമായി കൂടുതൽ സാമ്യം ഉണ്ടോയെന്നും അവർ ആ സ്ഥലം ഇഷ്ടപ്പെടാൻ കാരണം എന്താണെന്നും ചോദിച്ചുകൊണ്ടാണ്‌ അവൾ ആരംഭിക്കുന്നത്‌. തുടർന്ന്‌, പെട്ടെന്നുതന്നെ മുഴു ഭൂമിയും ഒരു യഥാർഥ പറുദീസ ആയിത്തീരുമെന്ന്‌ അവൾ വിശദീകരിക്കുന്നു. ഒരു മൃഗാശുപത്രിയിൽവെച്ച്‌ കണ്ടുമുട്ടിയ കനേഡിയൻ സ്‌ത്രീയോട്‌ ഇത്തരത്തിൽ നടത്തിയ സംഭാഷണം ഒരു ബൈബിളധ്യയനത്തിലേക്കു നയിച്ചു. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത്‌ സമാനമായ ഒരു സമീപനം ഫലപ്രദമായേക്കുമോ?

‘തെരുവുകളിലും പൊതു സ്ഥലങ്ങളിലും’

“താങ്കൾ ഇംഗ്ലീഷ്‌ സംസാരിക്കുമോ?” എന്ന ചോദ്യം കൊണ്ടുമാത്രം പലപ്പോഴും തെരുവുകളിലും പൊതു സ്ഥലങ്ങളിലും സംഭാഷണങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. മെക്‌സിക്കോ സ്വദേശികളായ പലർക്കും തൊഴിൽ നിമിത്തമോ ഐക്യനാടുകളിൽ താമസിച്ചിട്ടുള്ളതുകൊണ്ടോ ഇംഗ്ലീഷ്‌ അറിയാം.

നഴ്‌സിന്റെ സഹായത്തോടെ ചക്രക്കസേരയിൽ സഞ്ചരിക്കുകയായിരുന്ന പ്രായമായ ഒരു സ്‌ത്രീയെ ഒരു സാക്ഷി ദമ്പതികൾ സമീപിച്ചു. ഇംഗ്ലീഷ്‌ സംസാരിക്കുമോ എന്ന്‌ അവർ ആ സ്‌ത്രീയോടു ചോദിച്ചു. താൻ നിരവധി വർഷം ഐക്യനാടുകളിൽ ജീവിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ്‌ അറിയാമെന്നും സ്‌ത്രീ പറഞ്ഞു. കോൺസ്വെലോ എന്നു പേരായ ആ സ്‌ത്രീ വീക്ഷാഗോപുരം, ഉണരുക! മാസികകൾ സ്വീകരിച്ചു, മുമ്പൊരിക്കലും അവർ ആ മാസികകൾ വായിച്ചിട്ടുണ്ടായിരുന്നില്ല. ആ സ്‌ത്രീ തന്റെ വിലാസവും കൊടുത്തു. നാലു ദിവസത്തിനുശേഷം ആ വിലാസത്തിൽ അന്വേഷിച്ചു ചെന്ന ദമ്പതികൾ എത്തിച്ചേർന്നത്‌ കത്തോലിക്ക കന്യാസ്‌ത്രീകൾ നടത്തുന്ന വൃദ്ധസദനത്തിലാണ്‌. സംശയാലുക്കളായിരുന്ന കന്യാസ്‌ത്രീകൾ കോൺസ്വെലോയ്‌ക്ക്‌ സന്ദർശകരെ സ്വീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞുകൊണ്ട്‌ അവരെ ഒഴിവാക്കാൻ ശ്രമിച്ചു. തങ്ങൾ വന്നിട്ടുണ്ടെന്നും അവരോടു സംസാരിക്കാൻ ആഗ്രഹിക്കുന്നെന്നും ഒന്നു പറഞ്ഞുനോക്കാൻ ദമ്പതികൾ കന്യാസ്‌ത്രീകളോട്‌ അഭ്യർഥിച്ചു. കോൺസ്വെലോ അവരെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. കന്യാസ്‌ത്രീകളുടെ എതിർപ്പു വകവെക്കാതെ 86 വയസ്സുള്ള കോൺസ്വെലോ അന്നുമുതൽ ക്രമമായ ഒരു ബൈബിളധ്യയനം ആസ്വദിക്കുന്നു. ചില ക്രിസ്‌തീയ യോഗങ്ങളിലും അവർ സംബന്ധിച്ചിട്ടുണ്ട്‌.

സദൃശവാക്യങ്ങൾ 1:⁠20 ഇങ്ങനെ പറയുന്നു: “ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്തു [“പൊതുസ്ഥലത്തു,” ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം] സ്വരം കേൾപ്പിക്കുന്നു.” ഇതിനോടുള്ള ചേർച്ചയിൽ സാൻ മീഗെൽ ദേ ആയെൻദേ നഗര ചത്വരത്തിൽ എന്താണു സംഭവിച്ചതെന്നു നോക്കാം. ഒരു ദിവസം അതിരാവിലെ റാൽഫ്‌ മധ്യവയസ്‌കനായ ഒരു മനുഷ്യനെ സമീപിച്ചു. ആ മനുഷ്യൻ ഒരു ബഞ്ചിൽ ഇരിക്കുകയായിരുന്നു. വീക്ഷാഗോപുരം, ഉണരുക! മാസികകൾ കിട്ടിയപ്പോൾ അയാൾ അത്ഭുതപ്പെട്ടുപോയി. അയാൾ തന്റെ കഥ റാൽഫിനോടു പറഞ്ഞു.

വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുത്ത ഒരു പട്ടാളക്കാരനായിരുന്നു അയാൾ. സൈനിക സേവന കാലത്ത്‌ നിരവധി മരണങ്ങൾക്കു സാക്ഷിയായ അയാൾ അത്‌ ഉളവാക്കിയ സമ്മർദംമൂലം മാനസികവും വൈകാരികവുമായി തകർന്നുപോയിരുന്നു. അതോടെ അയാളെ യുദ്ധമുന്നണിയിൽനിന്ന്‌ സൈനിക പാളയത്തിലേക്കു മാറ്റി. കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹങ്ങൾ ഐക്യനാടുകളിലേക്ക്‌ അയയ്‌ക്കുന്നതിനുമുമ്പ്‌ കഴുകി വൃത്തിയാക്കുകയായിരുന്നു അവിടെ അയാളുടെ ജോലി. ഇപ്പോൾ, 30 വർഷത്തിനുശേഷവും, പേടിസ്വപ്‌നങ്ങളും ഭീതിയും അയാളെ വിടാതെ പിന്തുടരുകയായിരുന്നു. അന്നു രാവിലെ ചത്വരത്തിലിരുന്നുകൊണ്ട്‌ അയാൾ സഹായത്തിനായി നിശ്ശബ്ദം പ്രാർഥിക്കുകയായിരുന്നു.

അയാൾ സാഹിത്യങ്ങൾ വാങ്ങുകയും രാജ്യഹാളിലേക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്‌തു. 30 വർഷത്തിനുള്ളിൽ ആദ്യമായാണു താൻ സമാധാനം അനുഭവിക്കുന്നതെന്ന്‌ രണ്ടു മണിക്കൂർ രാജ്യഹാളിൽ ചെലവിട്ടതിനുശേഷം അയാൾ പറഞ്ഞു. ആ മനുഷ്യൻ ഏതാനും ആഴ്‌ചകളേ സാൻ മീഗെൽ ദേ ആയെൻദേയിൽ ഉണ്ടായിരുന്നുള്ളൂ. തിരികെ പോകുന്നതുവരെയുള്ള സമയത്ത്‌ അയാളുമായി ഏതാനും തവണ ബൈബിളധ്യയനങ്ങൾ നടത്താൻ കഴിഞ്ഞു. എല്ലാ യോഗങ്ങൾക്കും അയാൾ ഹാജരാകുകയും ചെയ്‌തു. പഠനം തുടരുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ട്‌.

ജോലിസ്ഥലത്തും വിദ്യാലയങ്ങളിലും അനൗപചാരികമായി സാക്ഷീകരിക്കുന്നു

നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന്‌ സഹജോലിക്കാരോടു പറഞ്ഞിട്ടുണ്ടോ? കേപ്‌ സാൻ ലൂക്കാസിൽ ആവശ്യക്കാർക്ക്‌ അവധിക്കാല വസതികൾ ഏർപ്പാടാക്കി കൊടുക്കുന്ന ജോലിയുള്ള ആഡ്രിയാൻ അങ്ങനെ ചെയ്യാറുണ്ട്‌. അതിന്റെ ഫലമോ? സഹജോലിക്കാരിയായ ജൂഡി പറയുന്നു: “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുമെന്ന്‌ മൂന്നു വർഷം മുമ്പ്‌ നിങ്ങൾ എന്നോടു പറഞ്ഞിരുന്നെങ്കിൽ, ‘അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല’ എന്നു ഞാൻ തറപ്പിച്ചു പറയുമായിരുന്നു. എന്നാൽ ഒരു ദിവസം ബൈബിൾ വായിച്ചു തുടങ്ങാൻ ഞാൻ തീരുമാനിച്ചു. എനിക്കു വായന വലിയ ഇഷ്ടമായതുകൊണ്ട്‌ അത്‌ എളുപ്പമായിരിക്കുമെന്ന്‌ ഞാൻ വിചാരിച്ചു. എന്നാൽ ഏകദേശം ആറു പേജു പിന്നിട്ടുകാണും, വായിക്കുന്നതു മനസ്സിലാക്കാൻ സഹായം കൂടിയേ തീരൂ എന്നു ഞാൻ തിരിച്ചറിഞ്ഞു. ആർക്കായിരിക്കും എന്നെ സഹായിക്കാൻ കഴിയുക എന്നു ചിന്തിച്ചപ്പോൾ എന്റെ സഹജോലിക്കാരനായ ആഡ്രിയാന്റെ പേരു മാത്രമേ എന്റെ മനസ്സിലേക്കു വന്നുള്ളൂ. ജോലിസ്ഥലത്ത്‌ മാന്യമായി പെരുമാറുന്ന ഒരേയൊരാൾ അയാൾ മാത്രമായിരുന്നതുകൊണ്ട്‌ ആഡ്രിയാനോടു സംസാരിക്കാൻ എനിക്ക്‌ ഇഷ്ടമായിരുന്നു.” തന്റെ പ്രതിശ്രുത വധുവായ കാറ്റിയെയും കൂട്ടിവന്ന്‌ ജൂഡിയുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കൊടുക്കാമെന്ന്‌ ആഡ്രിയാൻ ഉടൻതന്നെ സമ്മതിച്ചു. കാറ്റി അവളുമൊത്ത്‌ ഒരു ബൈബിളധ്യയനം ആരംഭിച്ചു, അധികം കഴിയുന്നതിനു മുമ്പുതന്നെ ജൂഡി സ്‌നാപനമേറ്റ സാക്ഷി ആയിത്തീർന്നു.

വിദ്യാലയങ്ങളിൽ അനൗപചാരികമായി സാക്ഷീകരിക്കുന്നതു സംബന്ധിച്ചെന്ത്‌? യൂണിവേഴ്‌സിറ്റിയിൽ സ്‌പാനിഷ്‌ പഠിക്കുന്നുണ്ടായിരുന്ന രണ്ടു സാക്ഷികൾ ഒരു ക്രിസ്‌തീയ സമ്മേളനത്തിൽ സംബന്ധിക്കാൻ പോയതുകൊണ്ട്‌ ഒരു ദിവസം ക്ലാസ്സിൽ പോയില്ല. തിരികെ ചെന്നപ്പോൾ അവർ എവിടെ ആയിരുന്നു എന്നതു സംബന്ധിച്ചു സ്‌പാനിഷിൽ വിവരിക്കാൻ അവരോട്‌ ആവശ്യപ്പെട്ടു. ആ അവസരം ഉപയോഗിച്ചുകൊണ്ട്‌ സ്‌പാനിഷിൽ ഒരു നല്ല സാക്ഷ്യം കൊടുക്കാൻ തങ്ങളുടെ കഴിവിന്റെ പരമാവധി അവർ ശ്രമിച്ചു. അധ്യാപികയായ സിൽവിയയ്‌ക്ക്‌ ബൈബിൾ പ്രവചനത്തിൽ അതിയായ താത്‌പര്യമുണ്ടായിരുന്നു. അവൾ ഒരു ബൈബിളധ്യയനം സ്വീകരിച്ചു, ഇംഗ്ലീഷിലായിരുന്നു പഠനം. ഇപ്പോൾ സിൽവിയ സുവാർത്തയുടെ ഒരു പ്രസാധികയാണ്‌. അവളുടെ കുടുംബത്തിലെ ഏതാനും പേരും കൂടെ ഇപ്പോൾ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്‌. സിൽവിയ പറയുന്നു: “ജീവിതത്തിൽ ഉടനീളം അന്വേഷിച്ചു നടന്നത്‌ ഞാൻ കണ്ടെത്തിയിരിക്കുന്നു.” ഉവ്വ്‌, അനൗപചാരിക സാക്ഷീകരണത്തിന്‌ മികച്ച ഫലങ്ങൾ ഉളവാക്കാൻ കഴിയും.

മറ്റ്‌ അവസരങ്ങൾ ഉപയോഗിക്കുന്നു

അതിഥിപ്രിയം കാട്ടുന്നതും നല്ല സാക്ഷ്യം നൽകുന്നതിൽ കലാശിച്ചേക്കാം. സോനോറയിലെ സാൻ കാർലോസിൽ സേവിക്കുന്ന ജിമ്മും ഗേലും അതു സത്യമെന്നു തിരിച്ചറിഞ്ഞു. തന്റെ നായ്‌ക്കളോടൊത്ത്‌ രാവിലെ ആറു മണിക്ക്‌ പ്രഭാത സവാരിക്കിറങ്ങിയ ഒരു സ്‌ത്രീ, ജിമ്മും ഗേലും വീടിന്റെ പരിസരം മനോഹരമായി സൂക്ഷിക്കുന്നതിന്‌ അവരെ അഭിനന്ദിച്ചു. അവർ ആ സ്‌ത്രീയെ കാപ്പി കുടിക്കാൻ ക്ഷണിച്ചു. 60 വയസ്സുള്ള ആ സ്‌ത്രീ തന്റെ ആയുസ്സിലാദ്യമായി യഹോവയെയും നിത്യജീവന്റെ പ്രത്യാശയെയും കുറിച്ചു കേട്ടു. തുടർന്ന്‌ ഒരു ബൈബിളധ്യയനം ആരംഭിച്ചു.

ആഡ്രിയെനും അപരിചിതരോടു ദയാവായ്‌പോടെ പെരുമാറുന്നു. അവൾ കാൻകൂണിലുള്ള ഒരു റെസ്റ്ററന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ആൺകുട്ടി അവളെ സമീപിച്ച്‌ അവൾ കാനഡ സ്വദേശിയാണോ എന്നു ചോദിച്ചു. അതേ എന്ന്‌ അവൾ പറഞ്ഞു. കാനഡക്കാരെ കുറിച്ച്‌ ഒരു സ്‌കൂൾ റിപ്പോർട്ടു തയ്യാറാക്കാൻ താനും അമ്മയും തന്റെ സഹോദരിയെ സഹായിക്കാൻ ശ്രമിക്കുകയാണ്‌ എന്ന്‌ അവൻ വിശദീകരിച്ചു. അപ്പോഴേക്കും ഇംഗ്ലീഷ്‌ സംസാരിക്കുന്ന അവന്റെ അമ്മയും അവരുടെ അടുത്തേക്കു വന്നു. കാനഡക്കാരെ കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം കൊടുത്തതിനുശേഷം ആഡ്രിയെൻ പറഞ്ഞു: “ഞാൻ കാനഡയിൽനിന്ന്‌ ഇവിടെ വന്നതിന്‌ വളരെ പ്രധാനപ്പെട്ട ഒരു കാരണമുണ്ട്‌, ബൈബിൾ പഠിക്കാൻ ആളുകളെ സഹായിക്കുക എന്നതാണ്‌ അത്‌. നിങ്ങൾക്ക്‌ അതിൽ താത്‌പര്യമുണ്ടോ?” ഉണ്ട്‌ എന്നായിരുന്നു അവരുടെ മറുപടി. പത്തു വർഷംമുമ്പ്‌ സഭ ഉപേക്ഷിച്ചുപോന്ന അവർ തനിയെ ബൈബിൾ പഠിക്കാൻ ശ്രമിക്കുകയായിരുന്നു. അവർ വിലാസവും ഫോൺ നമ്പറും കൊടുത്തു, ഫലകരമായ ഒരു ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്‌തു.

‘നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിയുക’

സാധ്യമായ എല്ലാ അവസരങ്ങളിലും സുവാർത്ത പ്രസംഗിക്കുന്നത്‌ പലപ്പോഴും, സുവാർത്ത കേൾക്കാൻ ഒരിക്കലും അവസരം ലഭിച്ചിട്ടില്ലാത്തവർക്കും വളരെ കുറച്ചുമാത്രം കേട്ടിട്ടുള്ളവർക്കും നല്ല സാക്ഷ്യം നൽകുന്നതിൽ കലാശിക്കുന്നു. തുറമുഖ പട്ടണമായ സിവാറ്റാനെഹോയിലെ തിരക്കുള്ള ഒരു ചെറിയ റെസ്റ്ററന്റിൽ ഒരു വിദേശ ദമ്പതികൾ ഇരിപ്പിടം കിട്ടാതെ വിഷമിക്കുന്നതു കണ്ടപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു സാക്ഷി അവരെ തന്റെ അടുത്തിരിക്കാൻ ക്ഷണിച്ചു. ഏഴു വർഷമായി അവർ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു. സാക്ഷികളെ കുറിച്ച്‌ തങ്ങൾക്കു മോശമായ അഭിപ്രായമാണ്‌ ഉള്ളതെന്ന്‌ അവർ പറഞ്ഞു. പിന്നീട്‌ സാക്ഷി അവരുടെ ബോട്ടു സന്ദർശിക്കുകയും അവളുടെ വീട്ടിലേക്ക്‌ അവരെ ക്ഷണിക്കുകയും ചെയ്‌തു. അവർ 20-ലധികം മാസികകളും 5 പുസ്‌തകങ്ങളും സ്വീകരിച്ചു. കൂടാതെ തങ്ങൾ നങ്കൂരമിടുന്ന അടുത്ത തുറമുഖത്ത്‌ സാക്ഷികളെ കണ്ടെത്താൻ ശ്രമിക്കും എന്ന്‌ ഉറപ്പും നൽകി.

കാൻകൂണിലെ ഒരു ഷോപ്പിങ്‌ സെന്ററിലുള്ള ഭക്ഷണശാലയിൽവെച്ച്‌ ജെഫും ഡെബും ഒരു കുടുംബത്തെ കണ്ടുമുട്ടി. അവരുടെ കൈയിൽ ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞ്‌ ഉണ്ടായിരുന്നു. കുഞ്ഞിന്‌ എന്തൊരു ഓമനത്തമാണ്‌ എന്ന്‌ ജെഫും ഡെബും പറഞ്ഞപ്പോൾ അവളുടെ മാതാപിതാക്കൾ തങ്ങളോടൊപ്പം പീറ്റ്‌സ്സ കഴിക്കാൻ അവരെയും ക്ഷണിച്ചു. ആ കുടുംബം ഇന്ത്യയിൽനിന്നു വന്നതായിരുന്നു. അവർ യഹോവയുടെ സാക്ഷികളെ കുറിച്ചു കേൾക്കുകയോ നമ്മുടെ സാഹിത്യങ്ങൾ കാണുകയോ ചെയ്‌തിട്ടുണ്ടായിരുന്നില്ല. അവർ നമ്മുടെ ചില സാഹിത്യങ്ങളുംകൊണ്ടാണ്‌ ഷോപ്പിങ്‌ സെന്ററിൽനിന്നു പോയത്‌.

യുക്കട്ടാൻ തീരത്തുനിന്ന്‌ കുറച്ച്‌ അകലെയുള്ള ഒരു ദ്വീപിലും സമാനമായ ഒരു അനുഭവമുണ്ടായി. അടുത്തയിടെ വിവാഹിതരായ ചൈനയിൽനിന്നുള്ള ഒരു ദമ്പതികൾ ജെഫിനോടു ഫോട്ടോ എടുത്തു കൊടുക്കാമോ എന്നു ചോദിച്ചു, ജെഫ്‌ സന്തോഷപൂർവം സമ്മതിച്ചു. കഴിഞ്ഞ 12 വർഷമായി അവർ ഐക്യനാടുകളിലാണു താമസിക്കുന്നതെങ്കിലും യഹോവയുടെ സാക്ഷികളെ കാണുകയോ അവരെ കുറിച്ചു കേൾക്കുകയോ ചെയ്‌തിട്ടില്ല എന്നു പിന്നീട്‌ അവരുമായുള്ള സംസാരത്തിൽനിന്ന്‌ ജെഫിനു മനസ്സിലായി. തുടർന്ന്‌ രസകരമായ ഒരു സംഭാഷണം നടന്നു. തിരികെ നാട്ടിലെത്തുമ്പോൾ സാക്ഷികളെ അന്വേഷിക്കാൻ ജെഫ്‌ അവരെ പ്രോത്സാഹിപ്പിച്ചു.

നിങ്ങളുടെ പ്രദേശത്തു നടക്കുന്ന ഏതെങ്കിലും പ്രത്യേക പരിപാടികളോടു ബന്ധപ്പെട്ട്‌ അനൗപചാരിക സാക്ഷീകരണത്തിന്‌ അവസരം ലഭിച്ചേക്കാം. ഐക്യനാടുകളുടെ പ്രസിഡന്റ്‌ മെക്‌സിക്കോയുടെ പ്രസിഡന്റിനെ ഗ്വാനഹ്വാറ്റോയ്‌ക്ക്‌ അടുത്തുള്ള അദ്ദേഹത്തിന്റെ ഫാമിൽ സന്ദർശിച്ചപ്പോൾ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള റിപ്പോർട്ടർമാർ അതു റിപ്പോർട്ടു ചെയ്യാൻ എത്തിയിരുന്നു. ഇതിനെ ഇംഗ്ലീഷിൽ സുവാർത്ത പ്രസംഗിക്കാനുള്ള ഒരു അവസരമായിക്കണ്ട്‌ പ്രയോജനപ്പെടുത്താൻ ഒരു സാക്ഷി കുടുംബം തീരുമാനിച്ചു. അവർക്ക്‌ നല്ല പ്രതികരണം ലഭിച്ചു. ദൃഷ്ടാന്തത്തിന്‌ ഒരു റിപ്പോർട്ടർ കൊസോവോയിലെയും കുവൈറ്റിലേതുമടക്കം നിരവധി യുദ്ധങ്ങൾ റിപ്പോർട്ടു ചെയ്‌തിട്ടുള്ള ആളായിരുന്നു. ഒളിപ്പോരാളിയുടെ വെടിയേറ്റ ഒരു സഹപ്രവർത്തകൻ അദ്ദേഹത്തിന്റെ കൈകളിൽ കിടന്നാണു മരിച്ചത്‌. പുനരുത്ഥാനത്തെ കുറിച്ചു കേട്ടപ്പോൾ ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടെന്നു വെളിപ്പെടുത്തിക്കൊടുത്തതിന്‌ നിറകണ്ണുകളോടെ അദ്ദേഹം ദൈവത്തിനു നന്ദി പറഞ്ഞു. സാക്ഷി ദമ്പതികളെ വീണ്ടും കാണാൻ കഴിയില്ലെങ്കിലും ബൈബിളിൽനിന്നുള്ള ആ സുവാർത്ത താൻ ഒരിക്കലും മറക്കുകയില്ല എന്ന്‌ അയാൾ പറഞ്ഞു.

നാം കണ്ടുകഴിഞ്ഞതുപോലെ ഇത്തരം സാക്ഷീകരണത്തിന്റെ അന്തിമ ഫലം എന്താണെന്ന്‌ മിക്കപ്പോഴും അറിയാൻ കഴിയില്ല. എന്നിരുന്നാലും ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും.” അവൻ തുടർന്നു പറഞ്ഞു: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു [“വൈകുന്നേരം വരെ,” NW] നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.” (സഭാപ്രസംഗി 11:⁠1, 6) ഉവ്വ്‌, യേശുവിനെയും പൗലൊസിനെയും മെക്‌സിക്കോയിലെ ഇംഗ്ലീഷ്‌ വയലിൽ പ്രവർത്തിക്കുന്ന ഈ ആധുനികകാല സാക്ഷികളെയും പോലെ തീക്ഷ്‌ണതയോടെ ‘നിങ്ങളുടെ അപ്പത്തെ വെള്ളത്തിന്മേൽ എറിയുക’യും ധാരാളമായി ‘വിത്തു വിതയ്‌ക്കുക’യും ചെയ്യുക.