വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇപ്പോൾ നടക്കുന്നത്‌ ദൈവേഷ്ടമാണോ?

ഇപ്പോൾ നടക്കുന്നത്‌ ദൈവേഷ്ടമാണോ?

ഇപ്പോൾ നടക്കുന്നത്‌ ദൈവേഷ്ടമാണോ?

“നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”​—⁠മത്തായി 6:⁠10.

തങ്ങളുടെ നാലു മക്കളുടെ ജീവൻ ആ തീയിൽ എരിഞ്ഞില്ലാതാകുന്നത്‌ ഭീതിയോടെ നോക്കിനിൽക്കാനേ ഹൂല്യോയ്‌ക്കും ക്രിസ്റ്റീനയ്‌ക്കും കഴിഞ്ഞുള്ളൂ. മദ്യലഹരിയിൽ ഒരു ഡ്രൈവർ അവരുടെ പാർക്കു ചെയ്‌തിരുന്ന കാറിൽ വാഹനം ഇടിപ്പിക്കുകയായിരുന്നു, കാർ സ്‌ഫോടനത്തോടെ കത്തിയമർന്നു. അഞ്ചാമതൊരു മകനെ ആ തീക്കുണ്ഡത്തിൽനിന്നു രക്ഷിക്കാനായെങ്കിലും അഗ്നിജ്വാലകൾ നക്കിത്തുടച്ച അവന്റെ ശരീരം ഭേദപ്പെടുത്താൻ കഴിയാത്തവിധം വിരൂപമായിപ്പോയി. അപ്പോൾ മാർക്കോസിന്‌ ഒമ്പതു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവന്റെ പിതാവിന്റെ ഹൃദയം തകർന്നുപോയി. ഇങ്ങനെ പറഞ്ഞുകൊണ്ട്‌ അദ്ദേഹം സ്വയം സമാധാനിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‌തു: “ഇത്‌ ദൈവേഷ്ടമാണ്‌, നന്മയായാലും തിന്മയായാലും നാം അത്‌ അംഗീകരിച്ചേ മതിയാകൂ.”

ഇത്തരമൊരു ദുരന്തം ഉണ്ടാകുമ്പോൾ അനേകരും സമാനമായി പ്രതികരിക്കുന്നു. അവർ ഇങ്ങനെ ന്യായവാദം ചെയ്യുന്നു: ‘ദൈവം സർവശക്തനും നമുക്കു വേണ്ടി കരുതുന്നവനുമാണെങ്കിൽ സംഭവിച്ചത്‌ നമ്മുടെ നന്മയ്‌ക്ക്‌ ആയിരിക്കണം, നമുക്ക്‌ അത്‌ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിലും.’ നിങ്ങൾ അതിനോടു യോജിക്കുന്നുണ്ടോ?

നന്മയായാലും തിന്മയായാലും സംഭവിക്കുന്നതെല്ലാം ദൈവേഷ്ടമാണെന്നുള്ള വീക്ഷണം മിക്കപ്പോഴും അടിസ്ഥാനപ്പെട്ടിരിക്കുന്നത്‌ മുകളിൽ ഉദ്ധരിച്ച പ്രാർഥനയിലെ​—⁠കർത്താവിന്റെ പ്രാർഥന എന്നു വിളിക്കപ്പെടുന്നു​—⁠യേശുവിന്റെ വാക്കുകളിലാണ്‌. സ്വർഗത്തിൽ ദൈവേഷ്ടമല്ലേ നടക്കുന്നത്‌? അപ്പോൾ, ‘നിന്റെ ഇഷ്ടം ഭൂമിയിലും ആകേണമേ’ എന്നു പ്രാർഥിക്കുമ്പോൾ ഭൂമിയിൽ നടക്കുന്നത്‌ ദൈവേഷ്ടമാണ്‌ എന്നതിനോടു നാം യോജിക്കുകയല്ലേ എന്നു ചിലർ ചിന്തിച്ചേക്കാം.

പലർക്കും ഈ വീക്ഷണത്തോടു പൊരുത്തപ്പെടാൻ കഴിയുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം അത്തരം കാഴ്‌ചപ്പാട്‌ തന്റെ മനുഷ്യ സൃഷ്ടിയുടെ വികാരങ്ങൾക്കു തെല്ലും വില കൽപ്പിക്കാത്ത ഒരുവനായാണ്‌ ദൈവത്തെ ചിത്രീകരിക്കുന്നത്‌.അവർചോദിക്കുന്നു: ‘നിരപരാധികളായ ആളുകൾക്കു ഭീകര കാര്യങ്ങൾ വന്നുഭവിക്കുന്നത്‌ എങ്ങനെ സ്‌നേഹവാനായ ഒരു ദൈവത്തിന്റെ ഇഷ്ടമായിരിക്കാനാകും? അത്തരം കാര്യങ്ങളിൽനിന്ന്‌ ദൈവം നമ്മെ എന്തു പാഠം പഠിപ്പിക്കാനാണ്‌?’ നിങ്ങൾക്കും ഇങ്ങനെതന്നെ ആയിരിക്കാം തോന്നിയിട്ടുള്ളത്‌.

അതിനെ കുറിച്ച്‌ യേശുവിന്റെ അർധ സഹോദരൻ, ശിഷ്യനായ യാക്കോബ്‌, ഇങ്ങനെ എഴുതി: “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” (യാക്കോബ്‌ 1:⁠13) തിന്മയുടെ ഉറവ്‌ ദൈവമല്ല. അപ്പോൾപ്പിന്നെ വ്യക്തമായും ഇന്ന്‌ ഭൂമിയിൽ സംഭവിക്കുന്നതെല്ലാം ദൈവേഷ്ടമല്ല. തിരുവെഴുത്തുകൾ പുരുഷന്റെ ഇഷ്ടം, ജാതികളുടെ ഇഷ്ടം, പിശാചിന്റെ ഇഷ്ടം എന്നിവയെ കുറിച്ചും പറയുന്നുണ്ട്‌. (യോഹന്നാൻ 1:⁠13; 2 തിമൊഥെയൊസ്‌ 2:⁠26, പി.ഒ.സി. ബൈബിൾ; 1 പത്രൊസ്‌ 4:⁠3) ഹൂല്യോയുടെയും ക്രിസ്റ്റീനയുടെയും കുടുംബത്തിനു സംഭവിച്ചത്‌ സ്‌നേഹവാനായ ഒരു സ്വർഗീയ പിതാവിന്റെ ഇഷ്ടം ആയിരിക്കാൻ ഇടയില്ല എന്നതിനോട്‌ നിങ്ങൾ യോജിക്കുന്നില്ലേ?

അപ്പോൾ, ദൈവത്തിന്റെ ഇഷ്ടം നടക്കണമെന്നു പ്രാർഥിക്കാൻ ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌? അത്‌ ചില പ്രത്യേക സംഗതികളിൽ മാത്രം ഇടപെടാനുള്ള അപേക്ഷയായിരുന്നോ, അതോ കൂടുതൽ പ്രാധാന്യമുള്ളതും മെച്ചപ്പെട്ടതും എല്ലാവർക്കും പ്രത്യാശിക്കാവുന്നതുമായ ഒരു മാറ്റത്തിനുവേണ്ടി പ്രാർഥിക്കാൻ യേശു നമ്മെ പഠിപ്പിക്കുകയായിരുന്നോ? ബൈബിളിന്‌ എന്താണു പറയാനുള്ളതെന്നു നമുക്കു പരിശോധിക്കാം.

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

കാർ: Dominique Faget-STF/AFP/Getty Images; കുട്ടി: FAO photo/B. Imevbore