വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌—ഒരു ചരിത്രപ്രധാന ഭാഷാന്തര സഹായി

കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌—ഒരു ചരിത്രപ്രധാന ഭാഷാന്തര സഹായി

കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌—ഒരു ചരിത്രപ്രധാന ഭാഷാന്തര സഹായി

ഏകദേശം 1455-നോടടുത്ത്‌ ബൈബിൾ നിർമാണ-വിതരണ രംഗത്ത്‌ വിപ്ലവാത്മകമായ ഒരു പരിവർത്തനം സംഭവിച്ചു. കൈകൊണ്ടു നിരത്താവുന്ന അച്ചുകൾ ഉപയോഗിച്ചു നിർമിച്ച ആദ്യത്തെ ബൈബിൾ യോഹാനസ്‌ ഗുട്ടൻബർഗിന്റെ അച്ചടിശാലയിൽ പിറന്നു. അങ്ങനെ പരിമിതമായ കയ്യെഴുത്തുപ്രതികളുടെ വലയം ഭേദിച്ചു ബൈബിൾ പുറത്തുവന്നു. ഒടുവിൽ, താരതമ്യേന കുറഞ്ഞ ചെലവിൽ കൂടുതൽ ബൈബിളുകൾ ഉത്‌പാദിപ്പിക്കാം എന്ന അവസ്ഥ സംജാതമായി. വൈകാതെതന്നെ ബൈബിൾ ലോകത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്‌തിട്ടുള്ള പുസ്‌തകം ആയിത്തീരുമായിരുന്നു.

ഗുട്ടൻബർഗിന്റെ ബൈബിൾ ലത്തീൻ ഭാഷയിലായിരുന്നു. എന്നാൽ, മൂലഭാഷകളായ എബ്രായയിലും ഗ്രീക്കിലും ആശ്രയയോഗ്യമായ ബൈബിൾ പാഠത്തിന്റെ ആവശ്യകത യൂറോപ്യൻ പണ്ഡിതന്മാർ ഏറെ താമസിയാതെ തിരിച്ചറിഞ്ഞു. ലത്തീൻ വൾഗേറ്റ മാത്രമാണ്‌ സ്വീകാര്യമായ ഏക ഭാഷാന്തരം എന്നതായിരുന്നു കത്തോലിക്ക സഭയുടെ നിലപാട്‌. എന്നാൽ അതിനു വലിയ രണ്ടു പോരായ്‌മകൾ ഉണ്ടായിരുന്നു. 16-ാം നൂറ്റാണ്ടിൽ ഭൂരിഭാഗം ജനങ്ങൾക്കും ലത്തീൻ മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. മാത്രമല്ല, ആയിരത്തിലധികം വർഷങ്ങളിലെ പകർത്തെഴുത്തിലൂടെ വൾഗേറ്റിൽ വളരെയധികം പിഴവുകൾ കടന്നുകൂടിയിരുന്നു.

പരിഭാഷകർക്കും പണ്ഡിതന്മാർക്കും ഒരുപോലെ ഒരു മൂലഭാഷാ ബൈബിളും കൂടാതെ പരിഷ്‌കരിച്ച ലത്തീൻ പാഠവും ആവശ്യമായിരുന്നു. 1502-ൽ, സ്‌പെയിനിലെ ഒന്നാം ഇസബെല്ല രാജ്ഞിയുടെ രാഷ്‌ട്രീയ, ആത്മീയ ഉപദേശകൻ ആയിരുന്ന കർദിനാൾ ഹിമേനേത്‌ ദേ ദിസ്‌നീറോസ്‌, ഒരൊറ്റ പ്രസിദ്ധീകരണത്തിലൂടെ ഈ ആവശ്യങ്ങളെല്ലാം തൃപ്‌തിപ്പെടുത്താൻ നിശ്ചയിച്ചു. ചരിത്രപ്രധാനമായ ഈ ഭാഷാന്തര സഹായിയാണ്‌ കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌ എന്ന പേരിൽ അറിയപ്പെടാൻ ഇടയായത്‌. ഒരു പോളിഗ്ലൊട്ട്‌ അഥവാ ഏറ്റവും നല്ല എബ്രായ, ഗ്രീക്ക്‌, ലത്തീൻ പാഠത്തോടൊപ്പം ഭാഗികമായി അരമായയിലെയും ബൈബിൾ പാഠം ഉൾക്കൊള്ളുന്ന ബഹുഭാഷാ ബൈബിൾ ഉത്‌പാദിപ്പിക്കുക എന്നതായിരുന്നു ദിസ്‌നീറോസിന്റെ ലക്ഷ്യം. അപ്പോഴും ശൈശവദശയിൽ ആയിരുന്ന അച്ചടി വിദ്യയ്‌ക്കും ഈ സംരംഭം ഒരു നാഴികക്കല്ല്‌ ആയിരിക്കുമായിരുന്നു.

സ്‌പെയിനിൽ ധാരാളമുണ്ടായിരുന്ന പുരാതന എബ്രായ കയ്യെഴുത്തുപ്രതികൾ വിലയ്‌ക്കു വാങ്ങിക്കൊണ്ട്‌ ദിസ്‌നീറോസ്‌ തന്റെ ബൃഹത്‌ പദ്ധതിക്കു നാന്ദി കുറിച്ചു. കൂടാതെ ഗ്രീക്ക്‌, ലത്തീൻ ഭാഷകളിലുള്ള വ്യത്യസ്‌ത കയ്യെഴുത്തുപ്രതികളും അദ്ദേഹം ശേഖരിച്ചു. ഇവ പോളിഗ്ലൊട്ട്‌ പാഠത്തിന്‌ ആധാരമായി വർത്തിക്കുമായിരുന്നു. സ്‌പെയിനിൽ പുതുതായി രൂപംകൊണ്ട ആൽകാലാ ദേ ഏനാറേസ്‌ എന്ന സർവകലാശാലയിലെ ഒരു കൂട്ടം പണ്ഡിതന്മാരെ പോളിഗ്ലൊട്ടിന്റെ സമാഹരണ ചുമതല ദിസ്‌നീറോസ്‌ ഭരമേൽപ്പിച്ചു. ഈ സംരംഭത്തിൽ സഹകരിക്കാൻ ക്ഷണിക്കപ്പെട്ടിരുന്നവരിൽ റോട്ടർഡാമിലെ ഇറാസ്‌മസും ഉണ്ടായിരുന്നു. എന്നാൽ ആ പ്രശസ്‌ത ഭാഷാശാസ്‌ത്രജ്ഞൻ ക്ഷണം നിരസിച്ചു.

വ്യത്യസ്‌ത ഭാഷകളിലുള്ള ബൈബിൾ പാഠം സമാഹരിക്കുക എന്ന ശ്രമകരമായ വേല പൂർത്തീകരിക്കാൻ പത്തു വർഷം വേണ്ടിവന്നു, തുടർന്ന്‌ അച്ചടിക്കു നാലു വർഷവും. സ്‌പെയിനിലെ അച്ചടിശാലകളിൽ എബ്രായ, ഗ്രീക്ക്‌, അരമായ അക്ഷരങ്ങളുടെ അച്ചുകൾ ഉണ്ടായിരുന്നില്ല എന്നത്‌ സാങ്കേതിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. അതുകൊണ്ട്‌ ഈ ഭാഷകളിലുള്ള അച്ചുകൾ ഉണ്ടാക്കുന്നതിന്‌ ദിസ്‌നീറോസ്‌, ആർനാൾഡോ ഗിയെർമോ ബ്രോക്കാർ എന്ന വിദഗ്‌ധനായ സ്‌പാനിഷ്‌ അച്ചടിക്കാരന്റെ സഹായം തേടി. ഒടുവിൽ, 1514-ൽ അവർ ബൈബിൾ അച്ചടിച്ചുതുടങ്ങി. കർദിനാളിന്റെ മരണത്തിനു കേവലം നാലു മാസംമുമ്പ്‌, 1517 ജൂലൈ 10-ാം തീയതി ആറു വാല്യങ്ങളും അച്ചടിച്ചുതീർന്നു. വൈരുദ്ധ്യമെന്നു പറയട്ടെ, സ്‌പാനിഷ്‌ മതവിചാരണ ഉച്ചാവസ്ഥയിലെത്തിയ കാലത്താണ്‌ സമ്പൂർണ കൃതിയുടെ ഏതാണ്ട്‌ 600 പ്രതികൾ പ്രസിദ്ധീകരിക്കപ്പെടുന്നത്‌. *

പോളിഗ്ലൊട്ടിന്റെ ഘടന

പോളിഗ്ലൊട്ടിന്റെ ഓരോ പേജും വിവരങ്ങളുടെ കലവറയായിരുന്നു. എബ്രായ പാഠം ഉൾക്കൊള്ളുന്ന നാലു വാല്യങ്ങളിലും, വൾഗേറ്റ പാഠം പേജിന്റെ നടുവിലും എബ്രായ പാഠം പേജിന്റെ അരികിനോടു ചേർന്ന കോളത്തിലും ഗ്രീക്കു പാഠം ലത്തീനിലേക്കുള്ള വരിമധ്യ പരിഭാഷയോടൊപ്പം പുസ്‌തകത്തിന്റെ മധ്യത്തോടു ചേർന്ന കോളത്തിലുമായാണ്‌ ക്രമീകരിച്ചിരുന്നത്‌. മാർജിനുകളിൽ ധാരാളം എബ്രായ പദങ്ങളുടെ ധാതുക്കൾ പ്രത്യക്ഷപ്പെടുന്നുണ്ട്‌. പഞ്ചഗ്രന്ഥിയിൽ ഓരോ പേജിന്റെയും താഴെയായി റ്റാർഗം ഓഫ്‌ ഓങ്കെലോസിൽനിന്നുള്ള (ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്‌തകങ്ങളുടെ അരമായ ഭാഷയിലുള്ള പരാവർത്തനം) തത്തുല്യമായ ഭാഗവും അതിന്റെ ലത്തീൻ പരിഭാഷയും ഉൾപ്പെടുത്തിയിട്ടുണ്ട്‌.

പോളിഗ്ലൊട്ടിന്റെ അഞ്ചാം വാല്യത്തിൽ ഗ്രീക്കു തിരുവെഴുത്തുകൾ രണ്ടു കോളത്തിലായി കൊടുത്തിരുന്നു. ഒരു കോളത്തിൽ ഗ്രീക്കു പാഠവും മറ്റേതിൽ വൾഗേറ്റിൽനിന്നുള്ള തത്തുല്യ ലത്തീൻ പാഠവും. ഇരു ഭാഷാ പാഠങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ വായനക്കാരനെ സഹായിക്കുന്നതിന്‌ ഓരോ കോളത്തിലെയും തത്തുല്യപദങ്ങളെ സൂചിപ്പിക്കാൻ ചെറിയ അക്ഷരങ്ങൾ കൊടുത്തു. ഗ്രീക്കു തിരുവെഴുത്തുകളുടെ അഥവാ “പുതിയ നിയമ”ത്തിന്റെ അച്ചടിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ സമാഹാരം പോളിഗ്ലൊട്ടിന്റെ ഗ്രീക്കു പാഠമാണ്‌, അടുത്തത്‌ ഇറാസ്‌മസ്‌ തയ്യാറാക്കിയ പതിപ്പും.

അഞ്ചാം വാല്യത്തിൽ ആകെ 50 അച്ചടി പിശകുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത്‌ പ്രൂഫ്‌ വായനയിൽ പണ്ഡിതന്മാർ പുലർത്തിയ ശ്രദ്ധ വിളിച്ചറിയിക്കുന്നു. ആ പണ്ഡിതന്മാർ ചെലുത്തിയ സൂക്ഷ്‌മമായ അത്തരം ശ്രദ്ധ നിമിത്തം ആധുനിക നിരൂപകർ അതിന്‌ ഇറാസ്‌മസിന്റെ പ്രസിദ്ധമായ ഗ്രീക്കു പാഠത്തെക്കാൾ മേന്മ കൽപ്പിക്കുന്നു. വടിവൊത്ത ഗ്രീക്കു ലിപി പുരാതന കയ്യെഴുത്തുപ്രതികളിലെ ലളിതമനോഹരമായ വലിയ ഉരുണ്ട കൈയക്ഷരവുമായി ചേർന്നു പോകുന്നവ ആയിരുന്നു. ഗ്രീക്കിലെ അച്ചടി പതിനഞ്ചാം നൂറ്റാണ്ടിൽ (ഇംഗ്ലീഷ്‌) എന്ന തന്റെ ഗ്രന്ഥത്തിൽ ആർ. പ്രോക്ടർ പ്രസ്‌താവിക്കുന്നു: “ആദ്യശ്രമത്തിൽത്തന്നെ ഏറ്റവും മികച്ച ഗ്രീക്ക്‌ ലിപിമാതൃക നിർമിച്ചതിനുള്ള ബഹുമതി സ്‌പെയിനിന്‌ ഉള്ളതാണ്‌.”

പോളിഗ്ലൊട്ടിന്റെ ആറാം വാല്യം നിരവധി ബൈബിൾ പഠന സഹായികൾ ഉൾക്കൊള്ളുന്നതായിരുന്നു: എബ്രായ-അരമായ നിഘണ്ടു; എബ്രായ, ഗ്രീക്ക്‌, അരമായ പേരുകളുടെ വിശദീകരണം; എബ്രായ വ്യാകരണം; എബ്രായ-അരമായ നിഘണ്ടുവിന്റെ ലത്തീൻ സൂചിക എന്നിങ്ങനെ. കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌ “അച്ചടി വിദ്യക്കും തിരുവെഴുത്തു ശാസ്‌ത്രത്തിനുമുള്ള ഒരു വിശിഷ്ട ഉപഹാരം” എന്നു വിശേഷിപ്പിക്കപ്പെടുന്നതിൽ അതിശയിക്കാനില്ല.

അതുവരെ “സുഷുപ്‌തിയിലാണ്ടിരുന്ന തിരുവെഴുത്തു പഠനത്തെ പുനരുദ്ധരിക്കുക” എന്നതായിരുന്നു ദിസ്‌നീറോസിന്റെ ഉദ്ദേശ്യം. എന്നാൽ പൊതുജനങ്ങൾക്കു ബൈബിൾ ലഭ്യമാക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. “ദൈവവചനം സാധാരണക്കാരനു ഗ്രഹിക്കാനാവാത്ത നിഗൂഢതകളാൽ സൂക്ഷ്‌മമായി മറച്ചുവെക്കേണ്ടതുണ്ട്‌” എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതി. “ക്രൂശിക്കപ്പെട്ട തന്റെ പുത്രന്റെ ശിരസ്സിനു മുകളിൽ വെച്ചിരുന്ന ഫലകത്തിൽ എഴുതാൻ ദൈവം അനുവദിച്ച മൂന്നു പുരാതന ഭാഷകളിൽ മാത്രമേ തിരുവെഴുത്തുകൾ രേഖപ്പെടുത്താൻ പാടുള്ളൂ” എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. * ഇക്കാരണത്താൽ കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ടിൽ സ്‌പാനിഷിലേക്കുള്ള പരിഭാഷ ഉൾപ്പെടുത്തിയിരുന്നില്ല.

വൾഗേറ്റും മൂലഭാഷകളും

പോളിഗ്ലൊട്ടിന്റെ സവിശേഷതകൾ അതിന്റെ നിർമാണത്തിൽ പങ്കെടുത്ത പണ്ഡിതന്മാർക്കിടയിൽ വിയോജിപ്പിനു കാരണമായിട്ടുണ്ട്‌. പ്രശസ്‌ത സ്‌പാനിഷ്‌ പണ്ഡിതനായ ആന്റോണ്യോ ദേ നേബ്രീഹായെയാണ്‌ * പോളിഗ്ലൊട്ടിൽ കൊടുക്കേണ്ടിയിരുന്ന വൾഗേറ്റ്‌ പാഠം പരിഷ്‌കരിക്കാൻ നിയോഗിച്ചത്‌. കത്തോലിക്ക സഭ ജെറോമിന്റെ വൾഗേറ്റിനെ ഏക അംഗീകൃത ഭാഷാന്തരമായി കണക്കാക്കിയിരുന്നു എങ്കിലും അതിനെ എബ്രായ, ഗ്രീക്ക്‌, അരമായ ഭാഷകളിലെ മൂല പാഠങ്ങളുമായി താരതമ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത നേബ്രീഹാ കണ്ടറിഞ്ഞു. വൾഗേറ്റിന്റെ ലഭ്യമായ പ്രതികളിൽ കടന്നുകൂടിയിരുന്ന പ്രകടമായ പിശകുകൾ തിരുത്താൻ അദ്ദേഹം ആഗ്രഹിച്ചു.

വൾഗേറ്റും മൂലഭാഷാ പാഠങ്ങളും തമ്മിലുള്ള ഏതു വ്യത്യാസവും പരിഹരിക്കാൻ ദിസ്‌നീറോസിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ നേബ്രീഹാ ഇങ്ങനെ പറഞ്ഞു: “നമ്മുടെ മതത്തിന്റെ പ്രകാശിപ്പിക്കാത്ത രണ്ടു ദീപശിഖകളെ​—⁠എബ്രായ, ഗ്രീക്ക്‌ ഭാഷകളെ​—⁠ഒരിക്കൽക്കൂടി ജ്വലിപ്പിക്കുക. ഈ ദൗത്യത്തിനു സ്വയം അർപ്പിക്കുന്നവരെ അവർ അർഹിക്കുന്ന ബഹുമതി നൽകി ആദരിക്കുക.” അദ്ദേഹം പിൻവരുന്ന നിർദേശവും മുന്നോട്ടുവെച്ചു: “പുതിയ നിയമത്തിന്റെ ലത്തീൻ കയ്യെഴുത്തു പ്രതികളിൽ വ്യത്യാസം കാണുന്ന ഓരോ സന്ദർഭത്തിലും നാം ഗ്രീക്കു കയ്യെഴുത്തു പ്രതികൾ പരിശോധിക്കേണ്ടതുണ്ട്‌. പഴയനിയമത്തിന്റെ വ്യത്യസ്‌ത ലത്തീൻ കയ്യെഴുത്തു പ്രതികൾ തമ്മിലോ ലത്തീൻ, ഗ്രീക്ക്‌ കയ്യെഴുത്തു പ്രതികൾ തമ്മിലോ വ്യത്യാസം കാണുന്ന ഓരോ അവസരത്തിലും നാം കൃത്യതയ്‌ക്കായി എബ്രായ പാഠം പരിശോധിക്കുക തന്നെ വേണം.”

ദിസ്‌നീറോസ്‌ എങ്ങനെ പ്രതികരിച്ചു? പോളിഗ്ലൊട്ട്‌ ബൈബിളിന്റെ ആമുഖത്തിൽ അദ്ദേഹം അർഥശങ്കയ്‌ക്കിടയില്ലാതെ തന്റെ അഭിപ്രായം വ്യക്തമാക്കി. “റോമൻ അഥവാ ലത്തീൻ സഭയെ പ്രതിനിധാനം ചെയ്യുന്ന യേശുവിന്റെ ഇരുവശങ്ങളിലും ഓരോ കള്ളന്മാരെ തൂക്കിയതുപോലെയാണ്‌ വാഴ്‌ത്തപ്പെട്ട ജെറോമിന്റെ ലത്തീൻ പരിഭാഷ സിനഗോഗിന്റെയും [എബ്രായ പാഠം] പൗരസ്‌ത്യ സഭയുടെയും [ഗ്രീക്ക്‌ പാഠം] നടുവിൽ ഞങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌.” മൂലഭാഷാ പാഠങ്ങളുടെ അടിസ്ഥാനത്തിൽ ലത്തീൻ വൾഗേറ്റിലെ പിശകുകൾ തിരുത്താൻ ദിസ്‌നീറോസ്‌ നേബ്രീഹായെ അനുവദിച്ചില്ല. അവസാനം, ന്യൂനതയുള്ള ഒരു പരിഷ്‌കരണ സംരംഭവുമായി തന്റെ പേര്‌ ബന്ധപ്പെടുത്തുന്നതിനെക്കാൾ നല്ലത്‌ അതിൽനിന്നു പിന്മാറുന്നതാണെന്ന്‌ നേബ്രീഹാ തീരുമാനിച്ചു.

കോമാ യോഹാനേയും

ആൽകാലാ ദേ ഏനാറേസിന്റെ പോളിഗ്ലൊട്ട്‌ ബൈബിൾ, ബൈബിളിന്റെ മൂലഭാഷകളിൽ മെച്ചപ്പെട്ട പാഠം ഉളവാക്കുന്ന ഗതിയിൽ വലിയൊരു ചുവടുവയ്‌പായിരുന്നു എങ്കിലും ഇടയ്‌ക്കൊക്കെ പാണ്ഡിത്യം പാരമ്പര്യത്തിനു കീഴടങ്ങി. വൾഗേറ്റിലെ പിശകുകൾ തിരുത്തുന്നതിനു പകരം “പുതിയ നിയമ”ത്തിന്റെ ഗ്രീക്കു പാഠം ലത്തീൻ പാഠത്തോട്‌ ഒക്കുംവിധം തിരുത്താനാണ്‌ പല സന്ദർഭങ്ങളിലും പ്രസാധകർ ശ്രമിച്ചിട്ടുള്ളത്‌ എന്ന വസ്‌തുത വൾഗേറ്റിനെ അവർ എത്ര ഉയരത്തിലാണു പ്രതിഷ്‌ഠിച്ചിരുന്നത്‌ എന്നു വ്യക്തമാക്കുന്നു. അത്തരത്തിലുള്ള തിരുത്തലുകളിൽ ഒന്നാണ്‌ കോമാ യോഹാനേയും * എന്ന പ്രസിദ്ധമായ വ്യാജ പാഠം. ആദ്യകാല കയ്യെഴുത്തു പ്രതികളിൽ ഒന്നും ഇല്ലാത്ത ഈ വാചകം യോഹന്നാൻ ലേഖനം എഴുതി നൂറ്റാണ്ടുകൾക്കുശേഷം തിരുകിക്കയറ്റിയതാണെന്നു വ്യക്തം. ലത്തീൻ വൾഗേറ്റിന്റെ ഏറ്റവും പഴയ കയ്യെഴുത്തുപ്രതികളിലും അതില്ല. അതുകൊണ്ട്‌ ഇറാസ്‌മസ്‌ തന്റെ ഗ്രീക്ക്‌ “പുതിയ നിയമ”ത്തിൽ ഈ കൂടുതലായ പരാമർശം ഒഴിവാക്കി.

നൂറ്റാണ്ടുകളായി പരമ്പരാഗത വൾഗേറ്റിന്റെ ഭാഗമായിരുന്ന ഒരു വാക്യം ഒഴിവാക്കാൻ പോളിഗ്ലൊട്ടിന്റെ പ്രസാധകർ മടിച്ചു. അതുകൊണ്ട്‌ പിശകുള്ള ലത്തീൻ പാഠം അങ്ങനെതന്നെ നിലനിറുത്താനും അത്‌ പരിഭാഷപ്പെടുത്തി ഗ്രീക്കു പാഠത്തിൽ ചേർത്തുകൊണ്ട്‌ രണ്ടു കോളങ്ങളും തമ്മിൽ ചേർന്നുപോകുന്നുവെന്ന്‌ ഉറപ്പു വരുത്താനും അവർ നിശ്ചയിച്ചു.

പുതിയ ബൈബിൾ പരിഭാഷകൾക്ക്‌ ഒരു അടിസ്ഥാനം

മുഴു ഗ്രീക്കു തിരുവെഴുത്തുകളുടെയും സെപ്‌റ്റുവജിന്റിന്റെയും അച്ചടിച്ച ആദ്യത്തെ പതിപ്പുകൾ ഉൾപ്പെട്ടിരുന്നു എന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ടിന്റെ മൂല്യം. ഇറാസ്‌മസിന്റെ ഗ്രീക്കു “പുതിയ നിയമം” ഗ്രീക്കു തിരുവെഴുത്തുകളുടെ സ്വീകൃത പാഠം (മറ്റു ഭാഷകളിലേക്കുള്ള നിരവധി പരിഭാഷകൾക്കുള്ള അടിസ്ഥാനം) ആയിത്തീർന്നതുപോലെ പോളിഗ്ലൊട്ടിന്റെ എബ്രായ പാഠം എബ്രായ-അരമായ തിരുവെഴുത്തുകളുടെ പരിഭാഷയ്‌ക്കുള്ള മെച്ചപ്പെട്ട അടിസ്ഥാന പാഠമായി ഉതകി. * പോളിഗ്ലൊട്ടിന്റെ എബ്രായ പാഠമാണ്‌ വില്യം ടിൻഡെയ്‌ൽ ഇംഗ്ലീഷിലേക്കുള്ള തന്റെ ബൈബിൾ പരിഭാഷയ്‌ക്ക്‌ ആധാരമായി ഉപയോഗിച്ചത്‌.

അങ്ങനെ, കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ടിന്റെ സമാഹരണത്തിലൂടെ ആ പണ്ഡിത സംഘം തിരുവെഴുത്തു പഠനത്തിന്റെ പുരോഗതിക്കു വലിയ ഒരു സംഭാവന ചെയ്‌തു. യൂറോപ്പിൽ ഉടനീളം ബൈബിളിൽ പ്രകടമായ വർധിച്ച താത്‌പര്യം നിമിത്തം അതു സാധാരണക്കാരുടെ ഭാഷയിലേക്കു പരിഭാഷപ്പെടുത്താൻ ശ്രമം നടക്കുന്ന കാലത്താണ്‌ പോളിഗ്ലൊട്ട്‌ പ്രസിദ്ധീകരിക്കപ്പെടുന്നത്‌. എബ്രായ, ഗ്രീക്ക്‌ പാഠങ്ങളുടെ ശുദ്ധീകരണത്തിനും സംരക്ഷണത്തിനും ഉതകിയ ശ്രമങ്ങളുടെ നിരയിലെ ഒരു കണ്ണികൂടെ ആയി അത്‌. ഈ ശ്രമങ്ങളെല്ലാം ‘യഹോവയുടെ ഊതിക്കഴിച്ച [“ശുദ്ധമായ”] വചനം’ അഥവാ ‘നമ്മുടെ ദൈവത്തിന്റെ വചനം, എന്നേക്കും നിലനില്‌ക്കും’ എന്ന ദിവ്യ ഉദ്ദേശ്യത്തിനു ചേർച്ചയിലാണ്‌.—⁠സങ്കീർത്തനം 18:⁠30; യെശയ്യാവു 40:⁠8; 1 പത്രൊസ്‌ 1:⁠25.

[അടിക്കുറിപ്പുകൾ]

^ ഖ. 6 600 പ്രതികൾ പേപ്പറിലും ആറു പ്രതികൾ ചർമപത്രത്തിലുമാണ്‌ തയ്യാറാക്കിയത്‌. 1984-ൽ അതിന്റെ ആധുനിക പതിപ്പ്‌ പരിമിത എണ്ണം മാത്രം പ്രസിദ്ധീകരിച്ചു.

^ ഖ. 12 എബ്രായ, ഗ്രീക്ക്‌, ലത്തീൻ ഭാഷകൾ.​—⁠യോഹന്നാൻ 19:⁠20.

^ ഖ. 14 സ്‌പെയിനിലെ മാനവതാവാദികളിൽ ആദ്യത്തെ ആളായിട്ടാണ്‌ നേബ്രീഹാ ഗണിക്കപ്പെടുന്നത്‌. 1492-ൽ അദ്ദേഹം ആദ്യത്തെ ഗ്രാമാറ്റിക്കാ കാസ്റ്റെല്യാനാ (കാസ്റ്റിലിയൻ ഭാഷാ വ്യാകരണം) പ്രസിദ്ധപ്പെടുത്തി. തന്റെ ശിഷ്ടജീവിതം വിശുദ്ധ തിരുവെഴുത്തുകളുടെ പഠനത്തിനുവേണ്ടി ഉഴിഞ്ഞുവെക്കാൻ മൂന്നു വർഷത്തിനുശേഷം അദ്ദേഹം തീരുമാനിച്ചു.

^ ഖ. 18 ചില ബൈബിൾ ഭാഷാന്തരങ്ങളിൽ 1 യോഹന്നാൻ 5:⁠7-ൽ കൂട്ടിച്ചേർത്തിരിക്കുന്ന ഭാഗം ‘സ്വർഗത്തിൽ മൂന്നുപേരുണ്ട്‌​—⁠പിതാവും വചനവും പരിശുദ്ധാത്മാവും. അവർ മൂവരും ഒന്നാകുന്നു’ എന്നു വായിക്കുന്നു.

^ ഖ. 21 ഇറാസ്‌മസിന്റെ പതിപ്പിനെ സംബന്ധിച്ച വിവരണത്തിന്‌ 1982 സെപ്‌റ്റംബർ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 8-11 പേജുകൾ കാണുക.

[29-ാം പേജിലെ ചിത്രം]

കർദിനാൾ ഹിമേനേത്‌ ദേ ദിസ്‌നീറോസ്‌

[കടപ്പാട്‌]

Biblioteca Histórica. Universidad Complutense de Madrid

[30-ാം പേജിലെ ചിത്രം]

ആന്റോണ്യോ ദേ നേബ്രീഹാ

[കടപ്പാട്‌]

Biblioteca Histórica. Universidad Complutense de Madrid

[28-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Biblioteca Histórica. Universidad Complutense de Madrid