വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവജനം ദയാതത്‌പരർ ആയിരിക്കണം

ദൈവജനം ദയാതത്‌പരർ ആയിരിക്കണം

ദൈവജനം ദയാതത്‌പരർ ആയിരിക്കണം

“ന്യായം പ്രവർത്തിപ്പാനും ദയാതല്‌പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്‌മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്‌?”​—⁠മീഖാ 6:8.

1, 2. (എ) തന്റെ ജനം ദയ പ്രകടമാക്കാൻ യഹോവ പ്രതീക്ഷിക്കുന്നു എന്നത്‌ നമ്മെ അതിശയിപ്പിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) ദയയെ സംബന്ധിച്ച്‌ ഏതു ചോദ്യങ്ങൾ നമ്മുടെ പരിചിന്തനം അർഹിക്കുന്നു?

യഹോവ ദയാലുവായ ദൈവമാണ്‌. (റോമർ 2:4; 11:22) ആദ്യ ജോഡികളായ ആദാമും ഹവ്വായും ആ വസ്‌തുത എത്രയധികം വിലമതിച്ചിരിക്കണം! മനുഷ്യരോടുള്ള ദൈവത്തിന്റെ ദയ സംബന്ധിച്ചു തെളിവു നൽകിയ ദൃശ്യ സൃഷ്ടികൾ അവർക്കു ചുറ്റുമുണ്ടായിരുന്നു. അതെല്ലാം ആസ്വദിക്കാനുള്ള പ്രാപ്‌തിയും അവർക്ക്‌ ഉണ്ടായിരുന്നു. ദൈവം ഇപ്പോഴും ദയയുള്ളവനാണ്‌, നന്ദിയില്ലാത്തവരോടും ദുഷ്ടന്മാരോടും പോലും.

2 ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവർ എന്ന നിലയിൽ മനുഷ്യർക്ക്‌ ദൈവിക ഗുണങ്ങൾ പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ട്‌. (ഉല്‌പത്തി 1:⁠26) നാമും ദയ പ്രകടമാക്കാൻ യഹോവ പ്രതീക്ഷിക്കുന്നതിൽ ഒട്ടും അതിശയമില്ല. ദൈവജനം ‘ദയാതല്‌പരരായിരിക്കണം’ എന്ന്‌ മീഖാ 6:8 പ്രസ്‌താവിക്കുന്നു. എന്നാൽ എന്താണ്‌ ദയ? മറ്റു ദൈവിക ഗുണങ്ങളുമായി ഇത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? മനുഷ്യർക്ക്‌ ദയ കാണിക്കാനുള്ള പ്രാപ്‌തിയുണ്ട്‌ എന്നിരിക്കെ ലോകത്തിൽ ക്രൂരതയും ദയയില്ലായ്‌മയും നിറഞ്ഞുനിൽക്കുന്നത്‌ എന്തുകൊണ്ട്‌? ക്രിസ്‌ത്യാനികളായ നാം മറ്റുള്ളവരോട്‌ ദയാവായ്‌പോടെ ഇടപെടാൻ പരിശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

എന്താണ്‌ ദയ?

3. ദയയെ നിങ്ങൾ എങ്ങനെ നിർവചിക്കും?

മറ്റുള്ളവരുടെ ക്ഷേമത്തിൽ സജീവ താത്‌പര്യം എടുക്കുകവഴി ദയ പ്രകടിപ്പിക്കപ്പെടുന്നു. സഹായഹസ്‌തം നീട്ടുന്നതിലൂടെയും പരിഗണനാപൂർവം സംസാരിക്കുന്നതിലൂടെയും അതു വെളിവാകുന്നു. ദയയുണ്ടായിരിക്കുക എന്നാൽ ദ്രോഹകരമായ എന്തെങ്കിലും ചെയ്യാതെ നന്മ ചെയ്യുക എന്നാണ്‌ അർഥം. ദയയുള്ള ഒരു വ്യക്തി സൗഹൃദമനസ്‌കനും സൗമ്യനും സഹാനുഭൂതിയും കൃപയും ഉള്ളവനും ആയിരിക്കും. അയാൾക്ക്‌ മറ്റുള്ളവരോട്‌ ഉദാരവും പരിഗണന നിറഞ്ഞതുമായ ഒരു മനോഭാവം ഉണ്ടായിരിക്കും. അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: ‘മനസ്സലിവ്‌, ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊള്ളുക.’ (കൊലൊസ്സ്യർ 3:12) തന്നിമിത്തം ഓരോ സത്യ ക്രിസ്‌ത്യാനിയുടെയും ആലങ്കാരിക വസ്‌ത്രത്തിന്റെ ഭാഗമാണ്‌ ദയ.

4. മനുഷ്യവർഗത്തോട്‌ ദയ പ്രകടമാക്കുന്നതിൽ യഹോവ മുൻകൈ എടുത്തിരിക്കുന്നത്‌ എങ്ങനെ?

ദയ പ്രകടമാക്കുന്നതിൽ യഹോവയാം ദൈവം മുൻകൈ എടുത്തിരിക്കുന്നു. പൗലൊസ്‌ പറഞ്ഞതുപോലെ, ‘നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ ‘പുനർജ്ജനനസ്‌നാനംകൊണ്ടും [“ജീവനിലേക്കു കൊണ്ടുവന്ന സ്‌നാനം,” NW] പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ രക്ഷിച്ചു.’ (തീത്തൊസ്‌ 3:4-7) ദൈവം അഭിഷിക്ത ക്രിസ്‌ത്യാനികളെ യേശുവിന്റെ രക്തത്തിൽ ‘സ്‌നാനം’ ചെയ്യിക്കുന്നു അഥവാ കഴുകി ശുദ്ധീകരിക്കുന്നു. ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ മൂല്യം അവൻ അവർക്കുവേണ്ടി പ്രയോഗിക്കുന്നു എന്നാണ്‌ അതിന്റെ അർഥം. ദൈവത്തിന്റെ ആത്മാഭിഷിക്ത പുത്രന്മാർ എന്ന നിലയിൽ ഒരു “പുതിയ സൃഷ്ടി” ആയിത്തീർന്നുകൊണ്ട്‌ അവർ പരിശുദ്ധാത്മാവു മുഖാന്തരം നവീകരിക്കപ്പെടുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 5:17) കൂടാതെ, ദൈവത്തിന്റെ ദയയും സ്‌നേഹവും ‘കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്ന’ ഒരു “മഹാപുരുഷാര”ത്തിലേക്കും ചെന്നെത്തുന്നു.​—⁠വെളിപ്പാടു 7:9, 14; 1 യോഹന്നാൻ 2:1, 2.

5. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ ദയ കാട്ടേണ്ടത്‌ എന്തുകൊണ്ട്‌?

5 ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ അഥവാ പ്രവർത്തനനിരതമായ ശക്തി ഉത്‌പാദിപ്പിക്കുന്ന ഫലത്തിന്റെ ഭാഗവുമാണ്‌ ദയ. പൗലൊസ്‌ ഇപ്രകാരം പറഞ്ഞു: “ആത്മാവിന്റെ ഫലമോ: സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” (ഗലാത്യർ 5:22, 23) അങ്ങനെയെങ്കിൽ, ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ മറ്റുള്ളവരോട്‌ ദയ കാട്ടേണ്ടതല്ലേ?

യഥാർഥ ദയ ഒരു ബലഹീനതയല്ല

6. ദയ ഒരു ബലഹീനത ആകുന്നത്‌ എപ്പോൾ, എന്തുകൊണ്ട്‌?

6 ചിലയാളുകൾ ദയയെ ബലഹീനതയായി വീക്ഷിക്കുന്നു. മറ്റുള്ളവർക്ക്‌ ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെ കരുത്ത്‌ കാണാൻ സാധിക്കേണ്ടതിന്‌, അയാൾ ചിലപ്പോഴൊക്കെ കർക്കശനും പരുക്കനായി ഇടപെടുന്നവൻപോലും ആയിരിക്കണം എന്ന്‌ അവർ വിചാരിക്കുന്നു. എന്നാൽ ശരിയായ വിധത്തിൽ ദയാലു ആയിരിക്കാനും തെറ്റായ ദയ ഒഴിവാക്കാനും യഥാർഥ കരുത്ത്‌ ആവശ്യമുണ്ട്‌ എന്നതാണു വാസ്‌തവം. യഥാർഥ ദയ ദൈവാത്മാവിന്റെ ഫലത്തിന്റെ ഭാഗമായതിനാൽ ദുഷ്‌പെരുമാറ്റത്തിനു നേരെ കണ്ണടയ്‌ക്കുന്ന, ഒരു ബലഹീന മനോഭാവമായിരിക്കാൻ അതിനു സാധിക്കുകയില്ല. അതേസമയം, തെറ്റായ ദയ ഒരു ബലഹീനതയാണ്‌, അത്‌ ഒരു വ്യക്തി ദുഷ്‌പ്രവൃത്തി ഗൗനിക്കാതിരിക്കാൻ ഇടയാക്കുന്നു.

7. (എ) ഏലി അയഞ്ഞ നിലപാടുകാരനാണെന്ന്‌ തെളിഞ്ഞത്‌ എങ്ങനെ? (ബി) തെറ്റായ ദയ പ്രകടമാക്കുന്നതിനെതിരെ മൂപ്പന്മാർ ജാഗ്രത പുലർത്തേണ്ടത്‌ എന്തുകൊണ്ട്‌?

7 ദൃഷ്ടാന്തത്തിന്‌, ഇസ്രായേലിന്റെ മഹാപുരോഹിതനായിരുന്ന ഏലിയുടെ കാര്യമെടുക്കുക. സമാഗമന കൂടാരത്തിൽ പൗരോഹിത്യ കർമങ്ങൾ നിർവഹിച്ചിരുന്ന തന്റെ പുത്രന്മാരായ ഹൊഫ്‌നിക്കും ഫീനെഹാസിനും ശിക്ഷണം നൽകുന്നതിൽ അവൻ അയഞ്ഞ നിലപാടാണ്‌ സ്വീകരിച്ചത്‌. ദൈവത്തിന്റെ ന്യായപ്രമാണത്തിൽ നിർദേശിച്ചിരുന്നപ്രകാരം തങ്ങൾക്കു ലഭിച്ചുവന്ന യാഗവിഹിതത്തിൽ തൃപ്‌തിപ്പെടുന്നതിനു പകരം വഴിപാടിന്റെ മേദസ്സ്‌ യാഗപീഠത്തിൽ ദഹിപ്പിക്കുംമുമ്പെ, യാഗം കഴിക്കുന്നവനോട്‌ പച്ച മാംസം ആവശ്യപ്പെടാൻ അവർ ഒരു ബാല്യക്കാരനെ നിയോഗിച്ചു. സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ സേവിച്ചിരുന്ന സ്‌ത്രീകളുമായി ഏലിയുടെ പുത്രന്മാർ അധാർമിക ബന്ധം പുലർത്തുകയും ചെയ്‌തു. എന്നിട്ടും, ഹൊഫ്‌നിയെയും ഫീനെഹാസിനെയും അവരുടെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നതിനു പകരം ഏലി അവരെ ലഘുവായി ശാസിക്കുക മാത്രമാണു ചെയ്‌തത്‌. (1 ശമൂവേൽ 2:12-29) ‘ആ കാലത്തു യഹോവയിൽനിന്നുള്ള അരുളപ്പാടുകൾ വിരളമായിത്തീർന്നതിൽ’ അതിശയിക്കാനില്ല. (1 ശമൂവേൽ 3:​1, NW) സഭയുടെ ആത്മീയതയെ അപകടത്തിലാക്കിയേക്കാവുന്ന ദുഷ്‌പ്രവൃത്തിക്കാരോട്‌ തെറ്റായ ദയ കാണിക്കാനുള്ള സമ്മർദത്തിനു വഴങ്ങാതിരിക്കാൻ ക്രിസ്‌തീയ മൂപ്പന്മാർ ജാഗ്രത പുലർത്തണം. യഥാർഥ ദയ, ദൈവത്തിന്റെ നിലവാരങ്ങളെ അതിലംഘിക്കുന്ന വാക്കുകൾക്കും പ്രവൃത്തികൾക്കും നേരെ കണ്ണടയ്‌ക്കുന്നില്ല.

8. യേശു യഥാർഥ ദയ പ്രകടമാക്കിയത്‌ എങ്ങനെ?

8 നമ്മുടെ മാതൃകാപുരുഷനായ യേശുക്രിസ്‌തു ഒരിക്കലും തെറ്റായ ദയ പ്രകടമാക്കിയില്ല. യഥാർഥ ദയയുടെ മകുടോദാഹരണംതന്നെ ആയിരുന്നു അവൻ. ഉദാഹരണത്തിന്‌, “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.” പരമാർഥഹൃദയരായ ആളുകൾക്ക്‌ യേശുവിനെ സമീപിക്കാൻ സ്വാതന്ത്ര്യം തോന്നി. അവർ തങ്ങളുടെ കുട്ടികളെപ്പോലും അവന്റെ അടുക്കൽ കൊണ്ടുവന്നു. “അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ച”പ്പോൾ അവൻ പ്രകടമാക്കിയ ദയയെയും സ്‌നേഹത്തെയും കുറിച്ച്‌ ചിന്തിച്ചു നോക്കൂ. (മത്തായി 9:36; മർക്കൊസ്‌ 10:13-16) യേശു ദയയുള്ളവൻ ആയിരുന്നെങ്കിലും, തന്റെ സ്വർഗീയ പിതാവിന്റെ ദൃഷ്ടിയിൽ ശരിയായതിനുവേണ്ടി അവൻ ദൃഢമായ നിലപാടു സ്വീകരിച്ചു. യേശു ഒരിക്കലും ദുഷ്ടതയ്‌ക്കു നേരെ കണ്ണടച്ചില്ല; കപടഭക്തിക്കാരായ മതനേതാക്കന്മാരെ കുറ്റംവിധിക്കാൻ അവന്‌ ദൈവദത്തമായ ധൈര്യം ഉണ്ടായിരുന്നു. മത്തായി 23:13-26-ൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ, “കപടഭക്തിക്കാരായ ശാസ്‌ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം” എന്ന പ്രഖ്യാപനം അവൻ നിരവധി തവണ ആവർത്തിച്ചു.

ദയയും മറ്റു ദൈവിക ഗുണങ്ങളും

9. ദയ, ദീർഘക്ഷമയോടും പരോപകാരത്തോടും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

9 ദൈവാത്മാവ്‌ ഉത്‌പാദിപ്പിക്കുന്ന മറ്റു ഗുണങ്ങളോട്‌ ദയ ബന്ധപ്പെട്ടിരിക്കുന്നു. “ദീർഘക്ഷമ”യ്‌ക്കും “പരോപകാര”ത്തിനും ഇടയിലാണ്‌ അതു പട്ടികപ്പെടുത്തിയിരിക്കുന്നത്‌. ദയ നട്ടുവളർത്തുന്ന ഒരു വ്യക്തി ആ ഗുണം പ്രകടമാക്കുന്നത്‌ ദീർഘക്ഷമ ഉള്ളവനായിരുന്നുകൊണ്ടാണ്‌. ദയ ഇല്ലാത്തവരോടുപോലും അയാൾ ക്ഷമയോടെ ഇടപെടുന്നു. ദയ പരോപകാരത്തോടു ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവരുടെ ക്ഷേമത്തെ മുൻനിറുത്തിയുള്ള സഹായ പ്രവൃത്തികളിലൂടെ അത്‌ പ്രകടമാക്കപ്പെടുന്നു. ചില സന്ദർഭങ്ങളിൽ “ദയ” എന്നതിന്‌ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദത്തെ “പരോപകാരം” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്‌. തെർത്തുല്യൻ പറയുന്ന പ്രകാരം, ‘ദയയിൽ വാർത്തെടുത്ത ആളുകൾ’ എന്ന്‌ ആദിമ ക്രിസ്‌ത്യാനികളെ വിശേഷിപ്പിക്കാൻ തക്കവണ്ണം അവരുടെ ഈ ഗുണം വിജാതീയരെ വിസ്‌മയഭരിതരാക്കി.

10. ദയയും സ്‌നേഹവും ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

10 ദയയ്‌ക്കും സ്‌നേഹത്തിനും തമ്മിൽ ഒരു ബന്ധമുണ്ട്‌. യേശു തന്റെ അനുഗാമികളെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) ഈ സ്‌നേഹത്തെ കുറിച്ച്‌ പൗലൊസ്‌ പറഞ്ഞു: “സ്‌നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു.” (1 കൊരിന്ത്യർ 13:4) തിരുവെഴുത്തുകളിൽ കൂടെക്കൂടെ ഉപയോഗിച്ചിരിക്കുന്ന “സ്‌നേഹദയ” എന്ന പദത്തിലും ദയ സ്‌നേഹത്തോടു ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ഈ ദയ, വിശ്വസ്‌ത സ്‌നേഹത്തിൽനിന്നാണ്‌ ഉത്ഭൂതമാകുന്നത്‌. “സ്‌നേഹദയ” എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ നാമത്തിൽ ആർദ്രസ്‌നേഹത്തിലധികം ഉൾപ്പെട്ടിരിക്കുന്നു. ഒരു സംഗതിയോടു ബന്ധപ്പെട്ട ഉദ്ദേശ്യം സാക്ഷാത്‌കരിക്കപ്പെടുന്നതുവരെ സ്‌നേഹപൂർവം അതിനോടു പറ്റിനിൽക്കുന്നതരം ദയയാണ്‌ അത്‌. യഹോവയുടെ സ്‌നേഹദയ അഥവാ വിശ്വസ്‌ത സ്‌നേഹം നാനാവിധങ്ങളിൽ പ്രകടമാകുന്നു. ദൃഷ്ടാന്തത്തിന്‌, വിടുതലും സംരക്ഷണവും നൽകിക്കൊണ്ടുള്ള അവന്റെ പ്രവൃത്തികളിൽ അതു ദൃശ്യമാണ്‌.​—⁠സങ്കീർത്തനം 6:4, NW; 40:11, NW; 143:​12, NW.

11. ദൈവത്തിന്റെ സ്‌നേഹദയ നമുക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു?

11 യഹോവയുടെ സ്‌നേഹദയ ആളുകളെ അവനിലേക്ക്‌ അടുപ്പിക്കുന്നു. (യിരെമ്യാവു 31:​3, NW) ദൈവത്തിന്റെ വിശ്വസ്‌ത ദാസർക്ക്‌ വിടുതലോ സഹായമോ ആവശ്യമുള്ളപ്പോൾ അവന്റെ സ്‌നേഹദയ തീർച്ചയായും വിശ്വസ്‌ത സ്‌നേഹംതന്നെയാണ്‌ എന്ന്‌ അവർക്ക്‌ അറിയാം. അത്‌ ഒരിക്കലും അവരെ നിരാശപ്പെടുത്തുകയില്ല. തന്നിമിത്തം പിൻവരുന്ന പ്രകാരം പറഞ്ഞ സങ്കീർത്തനക്കാരനെ പോലെ അവർക്കു വിശ്വാസത്തോടെ പ്രാർഥിക്കാൻ കഴിയും: “ഞാനോ നിന്റെ കരുണയിൽ [“സ്‌നേഹദയയിൽ,” NW] ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.” (സങ്കീർത്തനം 13:5) ദൈവത്തിന്റെ സ്‌നേഹം വിശ്വസ്‌തമായതിനാൽ അവന്റെ ദാസർക്ക്‌ അവനിൽ പൂർണമായും ആശ്രയിക്കാനാവും. അവർക്ക്‌ ഈ ഉറപ്പുണ്ട്‌: “യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.”—സങ്കീർത്തനം 94:14.

ലോകം ഇത്ര ക്രൂരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12. മർദക ഭരണം എവിടെ, എങ്ങനെ ആരംഭിച്ചു?

12 ഇതിനുള്ള ഉത്തരം ഏദെൻതോട്ടത്തിൽ സംഭവിച്ച കാര്യങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യചരിത്രത്തിന്റെ ആദ്യഭാഗത്ത്‌, സ്വാർഥനും അഹങ്കാരിയും ആയിത്തീർന്നിരുന്ന ഒരു ആത്മസൃഷ്ടി ലോക ഭരണാധിപനാകാനായി ഒരു പദ്ധതിയിണക്കി. ഈ ഉപായത്തിലൂടെ അവൻ “ഈ ലോകത്തിന്റെ പ്രഭു [“ഭരണാധികാരി,” ഓശാന ബൈബിൾ]” ആയിത്തീരുകതന്നെ ചെയ്‌തു. തീർച്ചയായും, ഒരു മർദക ഭരണാധിപൻതന്നെ. (യോഹന്നാൻ 12:31) ദൈവത്തിന്റെയും മനുഷ്യന്റെയും മുഖ്യ എതിരാളി എന്ന നിലയിൽ അവൻ പിശാചായ സാത്താൻ എന്ന്‌ അറിയപ്പെടാൻ തുടങ്ങി. (യോഹന്നാൻ 8:44; വെളിപ്പാടു 12:9) യഹോവയുടെ ദയാപൂർണമായ ഭരണാധിപത്യത്തെ എതിർക്കുന്ന ഒരു ഭരണം സ്ഥാപിക്കാനുള്ള അവന്റെ സ്വാർഥ തന്ത്രം ഹവ്വാ സൃഷ്ടിക്കപ്പെട്ട്‌ അധികം താമസിയാതെ വെളിവായി. ആദാം ദൈവത്തിന്റെ ദയയെ പൂർണമായി തിരസ്‌കരിച്ചുകൊണ്ട്‌ ദൈവിക ഭരണത്തിൽനിന്നും സ്വതന്ത്രമായ ഗതി തിരഞ്ഞെടുത്തത്‌ ദുർഭരണത്തിന്‌ ആരംഭം കുറിച്ചു. (ഉല്‌പത്തി 3:1-6) ആദാമിനും ഹവ്വായ്‌ക്കും അവർ മോഹിച്ച സ്വാതന്ത്ര്യം ലഭിച്ചില്ല. പകരം അവർ സ്വാർഥനും ഗർവിഷ്‌ഠനുമായ പിശാചിന്റെ ഭരണത്തിൻ കീഴിലെ പ്രജകൾ ആയിത്തീർന്നുകൊണ്ട്‌ അവന്റെ സ്വാധീനത്തിലായി.

13-15. (എ) യഹോവയുടെ നീതിനിഷ്‌ഠമായ ഭരണത്തെ തിരസ്‌കരിച്ചതിന്റെ അനന്തരഫലങ്ങളിൽ ചിലത്‌ ഏവ? (ബി) ഈ ലോകം ക്രൂരതകൊണ്ടു നിറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ചില അനന്തരഫലങ്ങൾ പരിചിന്തിക്കുക. ഭൂമിയുടെ പറുദീസ ആയിരുന്ന ഭാഗത്തുനിന്ന്‌ ആദാമും ഹവ്വായും കുടിയൊഴിപ്പിക്കപ്പെട്ടു. ആരോഗ്യകരമായ ജീവിതത്തിനു സംഭാവന ചെയ്യുന്ന സസ്യജാലങ്ങളും കായ്‌കനികളും യഥേഷ്ടം ലഭ്യമായിരുന്ന ഫലഭൂയിഷ്‌ഠമായ ഒരു തോട്ടത്തിൽനിന്ന്‌ ഏദെനു പുറത്തുള്ള ക്ലേശപൂർണമായ ചുറ്റുപാടിലേക്ക്‌ അവർ പുറന്തള്ളപ്പെട്ടു. ദൈവം ആദാമിനോട്‌ ഇങ്ങനെ പറഞ്ഞു: “നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്‌പിച്ച വൃക്ഷഫലം തിന്നുകയും ചെയ്‌തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്‌കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും.” ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞതിനർഥം അതിൽ കൃഷി ചെയ്യുന്നത്‌ അതീവ ബുദ്ധിമുട്ടായിരിക്കും എന്നായിരുന്നു. മുള്ളും പറക്കാരയും നിറഞ്ഞ, ശപിക്കപ്പെട്ട ഭൂമിയിൽ വേല ചെയ്യുന്നതിന്റെ കഷ്ടപ്പാട്‌ ആദാമിന്റെ സന്തതികൾ ശരിക്കും അനുഭവിച്ചറിഞ്ഞു. ‘യഹോവ ശപിച്ച ഭൂമിനിമിത്തം അവർക്കുണ്ടായ കൈകളുടെ ക്ലേശകരമായ അധ്വാനത്തെ’ കുറിച്ച്‌ നോഹയുടെ പിതാവായ ലാമെക്ക്‌ പറയുന്നു.—⁠ഉല്‌പത്തി 3:17-19; 5:​29, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

14 കൂടാതെ, ആദാമും ഹവ്വായും മനശ്ശാന്തി നഷ്ടമാക്കിക്കൊണ്ട്‌ ക്ലേശങ്ങൾ ഏറ്റുവാങ്ങുകയും ചെയ്‌തു. ദൈവം ഹവ്വായോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏററവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.” പിന്നീട്‌, ആദാമിന്റെയും ഹവ്വായുടെയും ആദ്യജാതനായ കയീൻ തന്റെ സഹോദരനായ ഹാബെലിനെ നിഷ്‌ഠുരമായി കൊന്നുകളഞ്ഞു.—⁠ഉല്‌പത്തി 3:16; 4:8.

15 “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ യോഹന്നാൻ പറഞ്ഞു. (1 യോഹന്നാൻ 5:19) ലോകം അതിന്റെ ഭരണാധിപനെ പോലെതന്നെ സ്വാർഥതയും ഗർവവും ഉൾപ്പെടെ തിന്മയുടെ സ്വഭാവവിശേഷതകൾ പ്രകടമാക്കുന്നു. നിർദയത്വവും ക്രൂരതയുംകൊണ്ട്‌ അതു നിറഞ്ഞിരിക്കുന്നതിൽ യാതൊരു അതിശയവുമില്ല! എന്നാൽ അത്‌ എല്ലായ്‌പോഴും അങ്ങനെ ആയിരിക്കുകയില്ല. തന്റെ രാജ്യത്തിൻ കീഴിൽ നിർദയത്വത്തിനും ക്രൂരതയ്‌ക്കും പകരം ദയയും ആർദ്രതയും കളിയാടുന്നുവെന്ന്‌ യഹോവ ഉറപ്പുവരുത്തും.

ദൈവരാജ്യത്തിൻ കീഴിൽ ദയ കളിയാടും

16. ദയ എന്ന ഗുണം, യേശുക്രിസ്‌തു മുഖാന്തരമുള്ള ദൈവഭരണത്തിന്റെ സവിശേഷതയായിരിക്കും എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌, ഇതു നമ്മെ എന്തു ചെയ്യാൻ ബാധ്യസ്ഥരാക്കുന്നു?

16 തങ്ങളുടെ പ്രജകൾ ദയയ്‌ക്കു കേൾവികേട്ടവരായിരിക്കണം എന്ന്‌ യഹോവയ്‌ക്കും അവന്റെ രാജ്യത്തിന്റെ നിയുക്ത രാജാവായ യേശുക്രിസ്‌തുവിനും നിർബന്ധമുണ്ട്‌. (മീഖാ 6:8) ദയ എന്ന ഗുണം, പിതാവ്‌ തന്നെ ഭരമേൽപ്പിച്ചിരിക്കുന്ന ഭരണത്തിന്റെ സവിശേഷത ആയിരിക്കും എന്നതിന്‌ യേശു ഒരു പൂർവ വീക്ഷണം നൽകുകയുണ്ടായി. (എബ്രായർ 1:3) ഭാരിച്ച ചുമടുകളാൽ ജനങ്ങളെ ഞെരുക്കിയ കപട മതനേതാക്കളെ തുറന്നുകാട്ടിക്കൊണ്ടുള്ള യേശുവിന്റെ വാക്കുകളിൽ ഇതു കാണാൻ കഴിയും. അവൻ പറഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” (മത്തായി 11:28-30) മതത്തിലെയും ഇതര മണ്ഡലങ്ങളിലെയും അനേകം നേതാക്കൾ എണ്ണമറ്റ ചട്ടങ്ങളാലും നിഷ്‌പ്രയോജനങ്ങളായ കടപ്പാടുകളാലും ആളുകളെ പരിക്ഷീണരാക്കുന്നു. എന്നാൽ തന്റെ അനുഗാമികൾ ചെയ്യാൻ യേശു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ അവരുടെതന്നെ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നു എന്നുമാത്രമല്ല അവരുടെ പ്രാപ്‌തികൾക്ക്‌ ഉള്ളിലാണുതാനും. തീർച്ചയായും നവോന്മേഷപ്രദവും ദയാപൂർണവുമായ ഒരു നുകംതന്നെ! മറ്റുള്ളവരോടു ദയ കാണിക്കുന്നതിൽ അവനെ അനുകരിക്കാൻ നാം പ്രചോദിതരാകുന്നില്ലേ?​—⁠യോഹന്നാൻ 13:15.

17, 18. സ്വർഗത്തിൽ ക്രിസ്‌തുവിനോടുകൂടി വാഴുന്നവരും അവന്റെ ഭൗമിക പ്രതിനിധികളും ദയ പ്രകടമാക്കും എന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പുള്ളവരായിരിക്കാൻ കഴിയും?

17 ദൈവരാജ്യ ഭരണം മാനുഷ ഭരണത്തിൽനിന്നു തികച്ചും വ്യത്യാസപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്ന്‌ തന്റെ അപ്പൊസ്‌തലന്മാരോടുള്ള യേശുവിന്റെ ശ്രദ്ധേയമായ പ്രസ്‌താവനകൾ എടുത്തുകാട്ടുന്നു. ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: ‘തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ [ശിഷ്യന്മാരുടെ] ഇടയിൽ ഉണ്ടായി. അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.’​—⁠ലൂക്കൊസ്‌ 22:24-27.

18 ആളുകളുടെ മേൽ “കർത്തൃത്വം” നടത്തിക്കൊണ്ടും വലിയ വലിയ പദവിനാമങ്ങൾ കരസ്ഥമാക്കാൻ ശ്രമിച്ചുകൊണ്ടും മാനുഷ ഭരണാധികാരികൾ മഹത്ത്വം നേടാൻ ശ്രമിക്കുന്നു. അത്തരം പദവിനാമങ്ങൾ തങ്ങളെ പ്രജകളെക്കാൾ ശ്രേഷ്‌ഠരാക്കുന്നു എന്നാണ്‌ അവർ കരുതുന്നത്‌. എന്നാൽ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിനാൽ​—⁠സേവിക്കുന്നതിനായി ഉത്സാഹത്തോടും സ്ഥിരതയോടുംകൂടി പരിശ്രമിക്കുന്നതിനാൽ​—⁠ആണ്‌ യഥാർഥ മഹത്ത്വം കൈവരുന്നത്‌ എന്ന്‌ യേശു പറഞ്ഞു. സ്വർഗത്തിൽ ക്രിസ്‌തുവിനോടുകൂടി വാഴാനുള്ളവരായാലും ഭൗമിക പ്രതിനിധികൾ എന്നനിലയിൽ സേവിക്കാനുള്ളവരായാലും അവന്റെ താഴ്‌മയുടെയും ദയയുടെയും മാതൃക അനുകരിക്കാൻ എല്ലാവരും കഠിന ശ്രമം ചെയ്യണം.

19, 20. (എ) യഹോവയുടെ ദയയുടെ വ്യാപ്‌തി യേശു വ്യക്തമാക്കിയത്‌ എങ്ങനെ? (ബി) ദയ പ്രകടമാക്കുന്നതിൽ നമുക്ക്‌ എങ്ങനെ യഹോവയെ അനുകരിക്കാൻ കഴിയും?

19 യേശു നൽകിയ മറ്റു ബുദ്ധിയുപദേശങ്ങൾ നമുക്കു പരിചിന്തിക്കാം. യഹോവയുടെ ദയയുടെ വ്യാപ്‌തി വ്യക്തമാക്കിക്കൊണ്ട്‌ യേശു പറഞ്ഞു: “നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നുവല്ലോ. നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നന്മ ചെയ്‌താൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ. മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവർക്കു കടം കൊടുത്താൽ നിങ്ങൾക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ. നിങ്ങളോ ശത്രുക്കളെ സ്‌നേഹിപ്പിൻ; അവർക്കു നന്മ ചെയ്‌വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)​—⁠ലൂക്കൊസ്‌ 6:32-36

20 ദൈവിക ദയ നിസ്സ്വാർഥമാണ്‌. അത്‌ എന്തെങ്കിലും പകരം ആവശ്യപ്പെടുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. യഹോവ ദയാപൂർവം “ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നു.” (മത്തായി 5:43-45; പ്രവൃത്തികൾ 14:16, 17) നമ്മുടെ സ്വർഗീയ പിതാവിനെ അനുകരിച്ചുകൊണ്ട്‌, നാം നന്ദികെട്ടവർക്കു ദോഷം ചെയ്യുന്നതിൽനിന്നു വിട്ടുനിൽക്കുന്നു എന്നു മാത്രമല്ല അവർക്ക്‌, നമ്മോടു ശത്രുതയോടെ പ്രവർത്തിച്ചവർക്കു പോലും നന്മ ചെയ്യുകയും ചെയ്യുന്നു. ദൈവരാജ്യത്തിൻ കീഴിൽ ദയയും മറ്റു ദൈവിക ഗുണങ്ങളും സകല മാനുഷ ബന്ധങ്ങളിലും വ്യാപരിക്കുമ്പോൾ അവിടെ ഉണ്ടായിരിക്കാൻ നാം ആഗ്രഹിക്കുന്നു എന്ന്‌ ഇപ്പോൾ ദയ പ്രകടമാക്കിക്കൊണ്ട്‌ നാം യഹോവയ്‌ക്കും യേശുവിനും മുമ്പാകെ വ്യക്തമാക്കുന്നു.

നാം ദയ കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

21, 22. നാം ദയ കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

21 ഒരു യഥാർഥ ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം ദയ പ്രകടമാക്കുന്നത്‌ വിശേഷാൽ പ്രധാനമാണ്‌. ദൈവാത്മാവ്‌ നമ്മിൽ പ്രവർത്തിക്കുന്നുണ്ട്‌ എന്നതിന്റെ തെളിവാണ്‌ അത്‌. കൂടാതെ, യഥാർഥ ദയ പ്രകടമാക്കുമ്പോൾ നാം യഹോവയാം ദൈവത്തെയും യേശുക്രിസ്‌തുവിനെയും അനുകരിക്കുകയാണ്‌. ദൈവരാജ്യത്തിന്റെ പ്രജകൾ ആയിരിക്കാനുള്ളവർക്ക്‌ അനിവാര്യമായ ഒരു യോഗ്യത കൂടിയാണ്‌ ദയ. ആയതിനാൽ, നാം ദയാതത്‌പരർ ആയിരിക്കുകയും ആ ഗുണം പ്രകടമാക്കാൻ പഠിക്കുകയും വേണം.

22 നമ്മുടെ ദൈനംദിന ജീവിതത്തിൽ ദയ കാണിക്കാനുള്ള ചില പ്രായോഗിക വിധങ്ങൾ ഏതെല്ലാമാണ്‌? അടുത്ത ലേഖനം ആ വിഷയം കൈകാര്യം ചെയ്യും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• എന്താണ്‌ ദയ?

• ലോകം ക്രൂരതയും നിർദയത്വവുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ദൈവത്തിന്റെ ഭരണത്തിൻ കീഴിൽ എങ്ങും ദയ കളിയാടും എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

• ദൈവരാജ്യത്തിൻ കീഴിൽ ജീവിക്കാൻ ആഗ്രഹി ക്കുന്നവർ ദയാലുക്കൾ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

ആട്ടിൻകൂട്ടത്തോട്‌ ദയാപൂർവം ഇടപെടാൻ ക്രിസ്‌തീയ മൂപ്പന്മാർ പരിശ്രമിക്കുന്നു

[15-ാം പേജിലെ ചിത്രം]

യഹോവയുടെ സ്‌നേഹദയ അരിഷ്ടകാലങ്ങളിൽ അവന്റെ ദാസരെ നിരാശപ്പെടുത്തുകയില്ല

[16-ാം പേജിലെ ചിത്രങ്ങൾ]

യഹോവ മുഴു മനുഷ്യവർഗത്തിന്മേലും സൂര്യൻ ഉദിക്കാൻ ഇടയാക്കുകയും മഴ പെയ്യിക്കുകയും ചെയ്യുന്നു