വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

യേശുവിനു സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു എന്നതിന്‌ എന്തു സൂചനയാണ്‌ ഉള്ളത്‌?

മത്തായി 13:⁠55, 56-ലും മർക്കൊസ്‌ 6:⁠3-ലും ബൈബിൾ അങ്ങനെ പറയുന്നു. അവിടെ കാണപ്പെടുന്ന ഗ്രീക്കു പദം (അഡൽഫോസ) “ജഡികമോ നിയമപരമോ ആയ ബന്ധത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുമ്പോൾ സ്വന്തം സഹോദരനെ അല്ലെങ്കിൽ അർധസഹോദരനെ ആണ്‌ അർഥമാക്കുന്നത്‌. അതിന്‌ മറ്റൊരു അർഥമില്ല.” (ദ കാത്തലിക്‌ ബിബ്ലിക്കൽ ക്വാർട്ടേർലി, 1992 ജനുവരി)​—⁠12/15, പേജ്‌ 3.

യുദ്ധത്തിന്റെ മുഖച്ഛായയ്‌ക്ക്‌ പ്രകടമായ എന്തു മാറ്റമാണ്‌ സംഭവിച്ചിരിക്കുന്നത്‌, അതിനുള്ള അടിസ്ഥാനപരമായ കാരണങ്ങൾ മിക്കപ്പോഴും എന്തൊക്കെയാണ്‌?

സമീപ വർഷങ്ങളിൽ മനുഷ്യവർഗത്തെ ബാധിച്ച യുദ്ധങ്ങൾ പ്രധാനമായും ആഭ്യന്തര യുദ്ധങ്ങളാണ്‌. അതായത്‌, ഒരേ രാജ്യത്തുതന്നെയുള്ള പൗരന്മാർക്കിടയിലെ എതിർച്ചേരികൾ തമ്മിലുള്ള പോരാട്ടങ്ങൾ. വംശീയ-വർഗീയ വിദ്വേഷം, മതപരമായ ഭിന്നതകൾ, അനീതി, രാഷ്‌ട്രീയ അനിശ്ചിതത്വം എന്നിവയാണ്‌ ചില കാരണങ്ങൾ. അധികാരത്തിനും പണത്തിനും വേണ്ടിയുള്ള അത്യാഗ്രഹമാണ്‌ മറ്റൊരു കാരണം.—⁠1/1, പേജ്‌ 3-4.

ക്രിസ്‌ത്യാനികൾ മാതൃകാ പ്രാർഥനയിലെ വാക്കുകൾ മനഃപാഠമായി ഉരുവിടാൻ യേശു ആഗ്രഹിച്ചില്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

ഗിരിപ്രഭാഷണത്തിലാണ്‌ യേശു പ്രാർഥനയ്‌ക്കുള്ള ഈ മാതൃക പ്രദാനംചെയ്‌തത്‌. ഏകദേശം 18 മാസങ്ങൾക്കുശേഷം പ്രാർഥന സംബന്ധിച്ച തന്റെ പ്രബോധനത്തിന്റെ കാതലായ ആശയങ്ങൾ അവൻ ആവർത്തിച്ചു. (മത്തായി 6:⁠9-13; ലൂക്കൊസ്‌ 11:⁠1-4) അപ്പോൾ യേശു അത്‌ പദാനുപദം ആവർത്തിച്ചില്ല എന്നതു ശ്രദ്ധേയമാണ്‌. മനഃപാഠമാക്കി, യാന്ത്രികമായി ഉരുവിടേണ്ട ഒരു നിർദിഷ്ട പ്രാർഥന അവൻ നൽകുകയായിരുന്നില്ല എന്ന്‌ അതു സൂചിപ്പിക്കുന്നു.​—⁠2/1, പേജ്‌ 8.

പ്രളയത്തിനുശേഷം പെട്ടകത്തിലേക്കു കൊണ്ടുവന്ന ഒലിവില പ്രാവിന്‌ എവിടെനിന്നാണ്‌ കിട്ടിയത്‌?

പ്രളയജലത്തിന്റെ ലവണമാനമോ താപമോ നമുക്കറിയില്ല. എന്നാൽ വെട്ടിക്കളഞ്ഞ ഒലിവു വൃക്ഷങ്ങൾ പോലും പൊട്ടിക്കിളിർക്കുന്നതായി കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ ചില മരങ്ങൾ പ്രളയത്തെ അതിജീവിക്കുകയും അതിനുശേഷം അവയിൽ ഇലകൾ പൊട്ടിക്കിളിർക്കുകയും ചെയ്‌തതായിരിക്കാം.​—⁠2/15, പേജ്‌ 31.

നൈജീരിയയിലെ ആഭ്യന്തര യുദ്ധകാലത്ത്‌, ബയാഫ്രായ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ആ പ്രദേശത്തുണ്ടായിരുന്ന യഹോവയുടെ സാക്ഷികൾക്ക്‌ ആത്മീയാഹാരം ലഭിച്ചത്‌ എങ്ങനെ?

യൂറോപ്പിൽ നിയമനം ലഭിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥനും ബയാഫ്രായിലെ താത്‌കാലിക വിമാനത്താവളത്തിൽ നിയമിക്കപ്പെട്ട ഒരാളും സാക്ഷികളായിരുന്നു. ബയാഫ്രായിലേക്ക്‌ ആത്മീയാഹാരം കൊണ്ടുവരുക എന്ന അപകടകരമായ ദൗത്യം അവർ ഏറ്റെടുത്തു. 1970-ൽ യുദ്ധം കഴിയുവോളം സഹോദരങ്ങൾ ആ വിധത്തിൽ സഹായിക്കപ്പെട്ടു.​—⁠3/1 പേജ്‌ 27.

വെസ്റ്റ്‌ഫാലിയ സമാധാനക്കരാർകൊണ്ട്‌ എന്തു നേട്ടമാണ്‌ ഉണ്ടായത്‌, മതം ഉൾപ്പെട്ടിരുന്നത്‌ എങ്ങനെ?

മതനവീകരണം വിശുദ്ധ റോമാ സാമ്രാജ്യത്തെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി പിളർന്നു​—⁠കത്തോലിക്കർ, ലൂഥറന്മാർ, കാൽവിനിസ്റ്റുകൾ. 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രൊട്ടസ്റ്റന്റ്‌ യൂണിയനും കത്തോലിക്ക സഖ്യവും സ്ഥാപിക്കപ്പെട്ടു. തുടർന്ന്‌ ബൊഹീമിയയിൽ ഉടലെടുത്ത മതപരമായ ഒരു തർക്കം രാഷ്‌ട്രീയ മേൽക്കോയ്‌മയ്‌ക്കു വേണ്ടിയുള്ള രാഷ്‌ട്രാന്തര പോരാട്ടമായി ശക്തിപ്രാപിച്ചു. കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്‌ ഭരണാധികാരികൾ രാഷ്‌ട്രീയ അധീശത്വത്തിനും വാണിജ്യ നേട്ടങ്ങൾക്കുംവേണ്ടി കരുക്കൾ നീക്കി. അവസാനം, ജർമൻ പ്രവിശ്യയായ വെസ്റ്റ്‌ഫാലിയയിൽവെച്ച്‌ സമാധാന ചർച്ചകൾ ആരംഭിച്ചു. ഏതാണ്ട്‌ അഞ്ചു വർഷത്തിനുശേഷം, 1648-ൽ വെസ്റ്റ്‌ഫാലിയ കരാർ ഒപ്പുവെച്ചതോടെ ‘മുപ്പതു വർഷ യുദ്ധം’ അവസാനിക്കുകയും പരമാധികാര രാഷ്‌ട്രങ്ങൾ അടങ്ങിയ ഭൂഖണ്ഡം എന്ന നിലയിൽ ആധുനിക യൂറോപ്പ്‌ പിറവിയെടുക്കുകയും ചെയ്‌തു.​—⁠3/15, പേജ്‌ 20-3.

“മൃഗ”ത്തിന്റെ മുദ്ര അഥവാ പേർ ആയ 666-ന്റെ അർഥമെന്ത്‌?

വെളിപ്പാടു 13:⁠16-18-ലാണ്‌ ഈ മുദ്രയെ കുറിച്ചു പറയുന്നത്‌. മൃഗം മാനുഷ ഭരണത്തെ കുറിക്കുന്നു. അതു “മനുഷ്യന്റെ സംഖ്യ” വഹിക്കുന്നു എന്നത്‌ ഗവൺമെന്റുകൾ മനുഷ്യന്റെ വീഴ്‌ചഭവിച്ച അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു എന്നു സൂചിപ്പിക്കുന്നു. 6 മൂന്നു തവണ ആവർത്തിച്ചിരിക്കുന്നത്‌ ദൈവദൃഷ്ടിയിലെ വലിയ കുറവിനെ കാണിക്കുന്നു. ഈ മുദ്ര വഹിക്കുന്നവർ രാഷ്‌ട്രങ്ങൾക്ക്‌ ആരാധനാപൂർവകമായ ആദരവു നൽകുകയോ രക്ഷയ്‌ക്കായി അതിലേക്കു നോക്കുകയോ ചെയ്യുന്നു.​—⁠4/1, പേജ്‌ 4-7.