വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ധനായിരുന്നെങ്കിലും എനിക്കു കാണാൻ കഴിഞ്ഞു!

അന്ധനായിരുന്നെങ്കിലും എനിക്കു കാണാൻ കഴിഞ്ഞു!

ജീവിത കഥ

അന്ധനായിരുന്നെങ്കിലും എനിക്കു കാണാൻ കഴിഞ്ഞു!

എഗോൻ ഹൗസർ പറഞ്ഞപ്രകാരം

രണ്ടുമാസക്കാലത്തെ അക്ഷരീയ അന്ധതയ്‌ക്കുശേഷം എന്റെ കണ്ണുകൾ, അന്നുവരെ ഞാൻ അവഗണിച്ചിരുന്ന ബൈബിൾ സത്യത്തിന്റെ പ്രകാശം കണ്ടു.

ഏഴിലധികം ദശകങ്ങൾക്കപ്പുറത്തേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, എന്റെ ജീവിതത്തിലെ നിരവധി സംഗതികൾ എനിക്കു വളരെയേറെ സംതൃപ്‌തി നൽകുന്നു. എന്നാൽ അവയിലൊന്ന്‌, അതായത്‌ യഹോവയാം ദൈവത്തെ അറിയാനുള്ള അവസരം, എന്റെ ജീവിതത്തിൽ വളരെ നേരത്തേതന്നെ ഞാൻ തിരഞ്ഞെടുത്തിരുന്നെങ്കിൽ എന്ന്‌ ഞാൻ ഓർത്തുപോകുന്നു.

1927-ൽ ഉറുഗ്വേയിലാണു ഞാൻ ജനിച്ചത്‌. അർജന്റീനയ്‌ക്കും ബ്രസീലിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണിത്‌. ഉറുഗ്വേയുടെ അറ്റ്‌ലാന്റിക്‌ തീരം കിലോമീറ്ററുകളോളം പ്രകൃതിരമണീയമാണ്‌. ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ പിൻതലമുറക്കാരാണ്‌ ജനസംഖ്യയിൽ അധികവും. എന്നിരുന്നാലും, എന്റെ മാതാപിതാക്കൾ ഹംഗേറിയൻ കുടിയേറ്റക്കാർ ആയിരുന്നു. എന്റെ ബാല്യകാലത്ത്‌ തുച്ഛമായ വരുമാനംകൊണ്ടാണു ഞങ്ങൾ ജീവിച്ചിരുന്നത്‌. മാത്രമല്ല, അയൽക്കാരെല്ലാം ഒന്നിച്ച്‌ ഒരു കുടുംബംപോലെയാണു കഴിഞ്ഞുപോന്നത്‌. ഞങ്ങളുടെ വാതിലുകൾക്കും ജനലുകൾക്കും പൂട്ടും അഴികളുമൊന്നും ആവശ്യമില്ലായിരുന്നു. ഞങ്ങൾക്കിടയിൽ വർഗീയ മുൻവിധികൾ നിലനിന്നിരുന്നില്ല. സ്വദേശികളും വിദേശികളും, കറുത്തവരും വെള്ളക്കാരും എല്ലാവരും സുഹൃത്തുക്കളായിരുന്നു.

എന്റെ മാതാപിതാക്കൾ കത്തോലിക്ക സഭക്കാരായിരുന്നു. പത്തു വയസ്സുള്ളപ്പോൾ ഞാൻ അൾത്താരയിൽ പുരോഹിതന്റെ സഹായിയായി പ്രവർത്തിച്ചിരുന്നു. മുതിർന്നപ്പോൾ ഞാൻ പ്രാദേശിക ഇടവകയോടു ചേർന്നു പ്രവർത്തിക്കുകയും രൂപതയിലെ ബിഷപ്പിന്റെ ഉപദേശക സമിതിയിൽ ഒരു അംഗമായി സേവിക്കുകയും ചെയ്‌തു. ഞാൻ വൈദ്യശാസ്‌ത്ര രംഗത്തു പ്രവർത്തിച്ചിരുന്ന ഒരാളായതുകൊണ്ട്‌, വെനെസ്വേലയിൽ കത്തോലിക്ക സഭ സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ഗൈനക്കോളജി മുഖ്യ വിഷയമായെടുത്തു പഠനം നടത്തുന്ന ഡോക്ടർമാരുടെ സംഘമെന്ന നിലയിൽ ഞങ്ങൾക്ക്‌, അക്കാലത്തു വിപണിയിൽ പുതുതായി അവതരിപ്പിച്ചുകൊണ്ടിരുന്ന ഗർഭനിരോധന ഗുളികകളെ കുറിച്ചു പഠിക്കാനുള്ള നിയമനമാണു ലഭിച്ചത്‌.

വൈദ്യശാസ്‌ത്ര വിദ്യാർഥി എന്നനിലയിൽ മതിപ്പുളവാക്കിയ കാര്യങ്ങൾ

ഒരു വൈദ്യശാസ്‌ത്ര വിദ്യാർഥി എന്നനിലയിൽ മനുഷ്യ ശരീരത്തെ കുറിച്ച്‌ പഠിച്ചുകൊണ്ടിരിക്കെ, ശരീരത്തിന്റെ രൂപകൽപ്പനയിൽ പ്രകടമായിരുന്ന ജ്ഞാനത്തോടുള്ള എന്റെ മതിപ്പ്‌ ഒന്നിനൊന്നു വർധിച്ചുകൊണ്ടിരുന്നു. ശരീരത്തിനേറ്റ ആഘാതത്തിൽനിന്നു സ്വയം സുഖം പ്രാപിക്കാനും മുറിവ്‌ ഭേദമാക്കാനുമുള്ള അതിന്റെ പ്രാപ്‌തികണ്ട്‌ ഞാൻ വിസ്‌മയിച്ചുപോയി. ഉദാഹരണത്തിന്‌, കരളോ ചില വാരിയെല്ലുകളോ ഭാഗികമായി നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞും അവ വളർന്നു പൂർവസ്ഥിതി പ്രാപിക്കുന്നതുപോലുള്ള സംഗതികൾ.

അതേസമയം, അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്‌; രക്തപ്പകർച്ച സ്വീകരിച്ചതു നിമിത്തം അവർ മരണമടഞ്ഞത്‌ എന്നെ വേദനിപ്പിച്ചു. അവരുടെ ബന്ധുക്കളെ മരണവിവരം അറിയിക്കുന്നത്‌ എത്ര ബുദ്ധിമുട്ടായിരുന്നെന്ന്‌ ഞാൻ ഇന്നും ഓർക്കുന്നു. മിക്കപ്പോഴുംതന്നെ, തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിനു കാരണം രക്തപ്പകർച്ചയിലെ സങ്കീർണതകൾ ആയിരുന്നെന്ന്‌ ബന്ധുക്കളോടു പറയാറില്ലായിരുന്നു. മറിച്ച്‌, വേറെ എന്തെങ്കിലും കാരണങ്ങളായിരിക്കും നൽകുക. എങ്കിലും രക്തപ്പകർച്ച നടത്തുന്നതു സംബന്ധിച്ച്‌ എനിക്ക്‌ ഒരു വല്ലായ്‌മ തോന്നിയിരുന്നതായി ഒട്ടേറെ വർഷങ്ങൾക്കുശേഷം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഈ നടപടിക്ക്‌ എന്തോ ഒരു പന്തികേട്‌ ഉണ്ടെന്നുള്ള നിഗമനത്തിൽ ഞാൻ അന്ന്‌ എത്തുകയും ചെയ്‌തിരുന്നു. രക്തത്തിന്റെ പവിത്രത സംബന്ധിച്ച യഹോവയുടെ നിയമങ്ങൾ ഞാൻ അപ്പോൾ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എങ്കിൽ, ആ വിഷയം സംബന്ധിച്ച്‌ എനിക്ക്‌ അനിശ്ചിതത്വമൊന്നും തോന്നേണ്ടി വരില്ലായിരുന്നു.​—പ്രവൃത്തികൾ 15:⁠19, 20.

ആളുകളെ സഹായിക്കുന്നതിന്റെ സംതൃപ്‌തി

അങ്ങനെയിരിക്കെ, ഞാൻ ഒരു സർജനും സാന്റാ ലൂസിയയിലുള്ള വൈദ്യസഹായ കേന്ദ്രത്തിന്റെ ഡയറക്ടറുമായി. മാത്രമല്ല, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോളജിക്കൽ സയൻസിൽ എനിക്കു ചില ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നു. ഇത്‌ എനിക്കു വളരെ സംതൃപ്‌തി നൽകി. ഞാൻ ആളുകളെ അവരുടെ രോഗാവസ്ഥയിൽ സഹായിച്ചു, അവരുടെ ശാരീരിക വേദനകൾ ശമിപ്പിച്ചു, പലരുടെയും കാര്യത്തിൽ ജീവൻ രക്ഷിച്ചു, പ്രസവസമയത്ത്‌ അമ്മമാരെ സഹായിച്ചുകൊണ്ട്‌ ഞാൻ ജീവന്റെ പുതുനാമ്പുകളെ ലോകത്തിലേക്ക്‌ ആനയിച്ചു. രക്തപ്പകർച്ച സംബന്ധിച്ച്‌ നേരത്തേ ഉണ്ടായിരുന്ന എന്റെ അനുഭവങ്ങൾ നിമിത്തം ഞാൻ അത്‌ ഒഴിവാക്കുകയും രക്തപ്പകർച്ച കൂടാതെ ആയിരക്കണക്കിനു ശസ്‌ത്രക്രിയകൾ നടത്തുകയും ചെയ്‌തു. രക്തസ്രാവം ഒരു വീപ്പയുടെ ചോർച്ച പോലെയാണെന്നു ഞാൻ ന്യായവാദം ചെയ്‌തു. അതു തടയാനുള്ള ശരിയായ ഏകമാർഗം ചോർച്ച അടയ്‌ക്കുകയാണ്‌, അല്ലാതെ വീപ്പ പിന്നെയും നിറച്ചുകൊണ്ടിരിക്കുകയല്ല.

സാക്ഷികളായ രോഗികളെ ചികിത്സിക്കുന്നു

യഹോവയുടെ സാക്ഷികളുമായുള്ള എന്റെ പരിചയം തുടങ്ങുന്നത്‌ 1960-കളിലാണ്‌. അവർ രക്തരഹിത ചികിത്സയ്‌ക്കായി ഞങ്ങളുടെ ആശുപത്രിയിൽ വരാൻ തുടങ്ങിയപ്പോഴായിരുന്നു അത്‌. മെർസേത്തേസ്‌ ഗോൺസാലെസ്‌ എന്ന ഒരു രോഗിയുടെ​—⁠അവർ പയനിയർ സേവനം നടത്തിയിരുന്ന ഒരു മുഴുസമയ ശുശ്രൂഷക ആയിരുന്നു​—കേസ്‌ ഞാൻ ഒരിക്കലും മറക്കില്ല. അവർക്കു വല്ലാത്ത വിളർച്ചയുണ്ടായിരുന്നു. അതിനാൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടർമാർ ആരും രക്തപ്പകർച്ച കൂടാതെ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാറായില്ല, ആ സ്‌ത്രീ രക്ഷപ്പെടില്ലെന്ന്‌ അവർക്കു തോന്നി. രക്തം നഷ്ടപ്പെട്ടുകൊണ്ടിരിക്കെത്തന്നെ ഞങ്ങളുടെ ആശുപത്രിയിൽവെച്ച്‌ അവർക്കു ശസ്‌ത്രക്രിയ നടത്തി. അതു വിജയകരമായിരുന്നു. അടുത്തകാലത്ത്‌, 86-ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ പിന്നെയും 30-ലേറെ വർഷം അവർ മുഴുസമയ ശുശ്രൂഷയിൽ തുടർന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തങ്ങളുടെ ക്രിസ്‌തീയ സഹോദരങ്ങളെ പരിചരിക്കവേ, സാക്ഷികൾ അവരോടു കാണിക്കുന്ന സ്‌നേഹവും താത്‌പര്യവും എല്ലായ്‌പോഴും എന്നിൽ മതിപ്പുളവാക്കിയിരുന്നു. രോഗികളെ പരിശോധിക്കാനുള്ള എന്റെ പതിവു സന്ദർശനത്തിനു പോകുമ്പോൾ സാക്ഷികൾ തങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചു സംസാരിച്ചിരുന്നത്‌ ഞാൻ വളരെ ആസ്വദിച്ചിരുന്നു. അതുപോലെ അവർ എനിക്കു തന്ന പ്രസിദ്ധീകരണങ്ങളും ഞാൻ സ്വീകരിച്ചു. എന്നാൽ അധികം താമസിയാതെതന്നെ ഞാൻ അവരുടെ ഡോക്ടർ മാത്രമല്ല ആത്മീയ സഹോദരൻകൂടി ആയിരിക്കുമെന്ന്‌ ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല.

ഞാൻ ചികിത്സിച്ചിരുന്ന ഒരു രോഗിയുടെ മകളായ ബിയാട്രിസിനെ വിവാഹം കഴിച്ചതോടെ സാക്ഷികളുമായി ഞാൻ കൂടുതൽ അടുത്ത ബന്ധത്തിലേക്കു വന്നു. അവളുടെ കുടുംബാംഗങ്ങളിൽ മിക്കവരും യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കുന്നവരായിരുന്നു. ഞങ്ങളുടെ വിവാഹശേഷം അവളും ഒരു സജീവ സാക്ഷിയായിത്തീർന്നു. അതേസമയം ഞാൻ പൂർണമായി എന്റെ ജോലിയിൽ മുഴുകിയിരുന്നു. ഒപ്പം ചികിത്സാരംഗത്ത്‌ ചില പ്രമുഖ പദവികളും ഞാൻ ആസ്വദിച്ചിരുന്നു. ജീവിതം സംതൃപ്‌തികരം എന്നു തോന്നിയ കാലം. എന്നാൽ എന്റെ ലോകം വളരെ പെട്ടെന്നു തകർന്നുവീഴാൻ പോകുകയാണെന്ന്‌ അപ്പോൾ ഞാൻ സ്വപ്‌നത്തിൽപ്പോലും വിചാരിച്ചില്ല.

ദുരന്തം ആഞ്ഞടിക്കുന്നു

ഒരു സർജനു സംഭവിക്കാവുന്ന അതിദാരുണമായ ദുരന്തങ്ങളിലൊന്ന്‌ തന്റെ കാഴ്‌ചശക്തി നഷ്ടപ്പെടുക എന്നതാണ്‌. അതാണ്‌ എനിക്കു സംഭവിച്ചത്‌. പെട്ടെന്ന്‌, എന്റെ രണ്ടു കണ്ണിന്റെയും റെറ്റിനകൾ പൊട്ടിപ്പോയി, ഞാൻ അന്ധനായി! കാഴ്‌ച തിരികെ കിട്ടുമോ എന്ന്‌ എനിക്കു നിശ്ചയമില്ലായിരുന്നു. ശസ്‌ത്രക്രിയയ്‌ക്കു ശേഷം രണ്ടു കണ്ണും മൂടിക്കെട്ടി ഞാൻ കിടക്കയിൽത്തന്നെ കഴിഞ്ഞു. അതോടെ ഞാൻ വിഷാദത്തിലേക്കു വഴുതിവീണു. എന്നെക്കൊണ്ട്‌ ഒന്നിനും കൊള്ളുകയില്ലല്ലോ എന്ന നിരാശയിൽ ജീവിതം അവസാനിപ്പിക്കാൻ ഞാൻ നിശ്ചയിച്ചു. ആശുപത്രിയുടെ നാലാം നിലയിലായിരുന്ന ഞാൻ ജനാലയിലൂടെ ചാടി മരിക്കാനായി കിടക്കയിൽനിന്ന്‌ എഴുന്നേറ്റു പുറത്തിറങ്ങി. ഭിത്തിയിൽ പിടിച്ച്‌ ജനാല എവിടെയാണെന്നു കണ്ടുപിടിക്കാൻ ശ്രമിക്കുകയായിരുന്ന ഞാൻ ചെന്നുപെട്ടത്‌ ആശുപത്രിയുടെ ഇടനാഴിയിലാണ്‌. ഒരു നേഴ്‌സ്‌ എന്നെ കിടക്കയ്‌ക്കരികിലേക്കു തിരികെ കൊണ്ടുപോയി.

ഏതായാലും അതോടെ ഞാൻ ആത്മഹത്യാ ശ്രമം ഉപേക്ഷിച്ചു. എന്നാൽ എന്റെ അന്ധകാരലോകത്തിൽ വിഷാദവും അസ്വസ്ഥതയും തുടർന്നും എന്നെ വേട്ടയാടി. ഇരുട്ടിലായിരുന്ന ആ നാളുകളിൽ ഞാൻ ദൈവത്തോട്‌ ഒരു വാഗ്‌ദാനം ചെയ്‌തു, എനിക്ക്‌ എന്നെങ്കിലും കാഴ്‌ച കിട്ടിയാൽ ഞാൻ ബൈബിൾ പുറത്തോടു പുറം വായിക്കുമെന്ന്‌. കാലക്രമേണ എനിക്ക്‌ ഭാഗികമായി കാഴ്‌ചശക്തി വീണ്ടുകിട്ടി, വായിക്കാൻ പറ്റുമെന്നായി. എന്നാൽ ഒരു സർജനെന്ന നിലയിൽ എനിക്കു തുടരാൻ കഴിയില്ലായിരുന്നു. എന്നിരുന്നാലും, “എന്തെങ്കിലും നല്ലത്‌ ഉരുത്തിരിയാൻ കഴിയാത്തത്ര മോശമായ യാതൊന്നുമില്ല” എന്നർഥമുള്ള “നോ ഹൈ മാൽ കേ പോർ ബ്യെൻ നോ വെങ്കാ” എന്ന ഉറുഗ്വേയിലെ പ്രശസ്‌തമായ പഴമൊഴിയുടെ സത്യത ഞാൻ അനുഭവിച്ചറിയാനിരിക്കുകയായിരുന്നു.

മോശമായ തുടക്കം

വലിയ അക്ഷരത്തിൽ അച്ചടിച്ച ഒരു യെരൂശലേം ബൈബിൾ വാങ്ങാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ യഹോവയുടെ സാക്ഷികളുടെ പക്കൽ അതിനെക്കാൾ വിലക്കുറവുള്ള ഒരു ബൈബിളുണ്ടെന്ന്‌ ഞാൻ അറിഞ്ഞു. ഒരു യുവസാക്ഷി അത്‌ എന്റെ വീട്ടിൽ എത്തിക്കാമെന്നേറ്റു. അടുത്തദിവസം രാവിലെ അദ്ദേഹം ബൈബിളുമായി എന്റെ വീട്ടുവാതിൽക്കലെത്തി. എന്റെ ഭാര്യ വാതിൽ തുറന്ന്‌ അദ്ദേഹത്തോടു സംസാരിച്ചു. അയാൾക്ക്‌ ബൈബിളിന്റെ പണം കൊടുത്തു കഴിഞ്ഞെങ്കിൽ അയാൾ അവിടെനിന്നു സമയം മിനക്കെടുത്തേണ്ടതില്ല എന്നു ഞാൻ അകത്തുനിന്ന്‌ ആക്രോശിച്ചു. അതു കേട്ടയുടനെ അദ്ദേഹം പോവുകയും ചെയ്‌തു. എന്നാൽ, ഈ മനുഷ്യൻ എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവിനു നാന്ദികുറിക്കുമെന്ന്‌ ഞാൻ വിചാരിച്ചതേയില്ല.

ഒരു ദിവസം ഞാൻ എനിക്കു നിവർത്തിക്കാൻ കഴിയാത്ത ഒരു വാഗ്‌ദാനം ഭാര്യയ്‌ക്കു നൽകി. എന്നാൽ അതിനു പ്രായശ്ചിത്തമായും അതോടൊപ്പം അവളെ സന്തോഷിപ്പിക്കാനുമായി, ക്രിസ്‌തുവിന്റെ മരണത്തിന്റെ വാർഷിക സ്‌മാരകത്തിൽ പങ്കെടുക്കാൻ അവളോടൊപ്പം ചെല്ലാമെന്നു ഞാൻ സമ്മതിച്ചു. ആ ദിവസം വന്നപ്പോൾ, വാക്കുകൊടുത്തതല്ലേ എന്നോർത്ത്‌ ഞാൻ അവളോടൊപ്പം സ്‌മാരകത്തിനു പോയി. അവിടത്തെ സൗഹാർദത്തിന്റേതായ അന്തരീക്ഷവും എനിക്കു ലഭിച്ച ഹൃദ്യമായ സ്വാഗതവും എന്റെ മനം കവർന്നു. പ്രസംഗം തുടങ്ങിയപ്പോൾ ഞാൻ അതിശയിച്ചുപോയി. എന്റെ വീട്ടിൽ വന്നപ്പോൾ ഞാൻ അപമര്യാദയായി പെരുമാറിയ ആ ചെറുപ്പക്കാരനായിരുന്നു പ്രസംഗകൻ. അദ്ദേഹത്തിന്റെ പ്രസംഗം എന്നെ ആഴത്തിൽ സ്‌പർശിച്ചു. അദ്ദേഹത്തോടു മര്യാദയില്ലാതെ പെരുമാറിയതിൽ എനിക്കു വളരെ വിഷമം തോന്നി. ഞാൻ ഇതിന്‌ എങ്ങനെയാണു പ്രായശ്ചിത്തം ചെയ്യുക?

അദ്ദേഹത്തെ ഒരു അത്താഴത്തിനു ക്ഷണിക്കാൻ ഞാൻ ഭാര്യയോടു പറഞ്ഞു. പക്ഷേ അവൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “എഗോൻതന്നെ അദ്ദേഹത്തെ ക്ഷണിക്കുന്നതല്ലേ ഒന്നുകൂടി നല്ലത്‌? ഇവിടെത്തന്നെ നിന്നാൽമതി അദ്ദേഹം ഇങ്ങോട്ടു വരും.” അവൾ പറഞ്ഞതു ശരിയായിരുന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തേക്കുവന്നു ഞങ്ങളെ അഭിവാദ്യം ചെയ്യുകയും ഞങ്ങളുടെ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്‌തു.

അദ്ദേഹം ഞങ്ങളെ സന്ദർശിക്കാൻ വീട്ടിൽ വന്ന ആ വൈകുന്നേരം ഞങ്ങൾ നടത്തിയ സംഭാഷണം എന്നെ സംബന്ധിച്ച്‌ ഒട്ടേറെ പരിവർത്തനങ്ങളിലേക്കുള്ള പടിവാതിലായിരുന്നു. നിത്യജീവനിലേക്കു നയിക്കുന്ന സത്യം * എന്ന പുസ്‌തകം അദ്ദേഹം എന്നെ കാണിച്ചു. ഞാൻ അദ്ദേഹത്തെ അതേ പുസ്‌തകത്തിന്റെ ആറു പ്രതികൾ കാണിച്ചു. സാക്ഷികളായ പല രോഗികൾ ആശുപത്രിയിൽവെച്ചു തന്നതായിരുന്നു അവയെല്ലാം. പക്ഷേ ഞാൻ ഒരിക്കലും അവ തുറന്നുനോക്കുകയുണ്ടായില്ല. ഭക്ഷണ സമയത്തും അതിനു ശേഷവും ഞാൻ ഒന്നിനു പുറകെ ഒന്നായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. എല്ലാറ്റിനും അദ്ദേഹം ബൈബിൾ ഉപയോഗിച്ച്‌ ഉത്തരം നൽകി. ചർച്ച വെളുപ്പിനെവരെ നീണ്ടുപോയി. പോകുന്നതിനു മുമ്പ്‌ അദ്ദേഹം എന്നോടൊപ്പം സത്യം പുസ്‌തകത്തിൽനിന്ന്‌ ഒരു അധ്യയനത്തിനുള്ള ക്രമീകരണം ചെയ്‌തു. മൂന്നു മാസത്തിനുള്ളിൽ ഞങ്ങൾ അതു പഠിച്ചുതീർത്തിട്ട്‌ “മഹാബാബിലോൺ വീണിരിക്കുന്നു!” ദൈവരാജ്യം ഭരിക്കുന്നു! * (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽനിന്നു പഠനം തുടർന്നു. അതിനുശേഷം, ഞാൻ എന്റെ ജീവിതം യഹോവയാം ദൈവത്തിനു സമർപ്പിച്ച്‌ സ്‌നാപനമേറ്റു.

ഉപകാരിയാണെന്നുള്ള തോന്നൽ ഉണ്ടാകുന്നു

അതുവരെ ഞാൻ അവഗണിച്ചു കളഞ്ഞ ബൈബിൾ സത്യത്തിലേക്ക്‌ എന്റെ “ഹൃദയദൃഷ്ടി” തുറക്കാൻ അക്ഷരീയ അന്ധത ഒരു കാരണമായി. (എഫെസ്യർ 1:⁠18) യഹോവയെയും അവന്റെ സ്‌നേഹപൂർവകമായ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ അറിഞ്ഞത്‌ എന്റെ മുഴുജീവിതത്തെയും മാറ്റിമറിച്ചു. സന്തോഷവും ഞാൻ ഉപകാരിയാണെന്ന തോന്നലും വീണ്ടും എന്നിലേക്കു മടങ്ങിവന്നു. ഞാൻ ആളുകളെ ശാരീരികമായും ആത്മീയമായും സഹായിക്കുന്നു. ഈ ദുഷ്ടവ്യവസ്ഥിതിയിൽ കുറച്ചുനാൾകൂടെ തങ്ങളുടെ ജീവിതം എങ്ങനെ തുടർന്നുകൊണ്ടു പോകാമെന്നും അതിനുശേഷം പുതിയ ലോകത്തിൽ നിത്യതയിലുടനീളം ജീവിക്കാൻ കഴിയുന്നത്‌ എങ്ങനെയെന്നും ഞാൻ അവർക്കു കാണിച്ചുകൊടുക്കുന്നു.

ചികിത്സാരംഗത്തെ ഏറ്റവും പുതിയ വികാസങ്ങൾ ഞാൻ അറിഞ്ഞുവെക്കുന്നു. അതുപോലെ രക്തപ്പകർച്ചയുടെ അപകടങ്ങൾ, പകര ചികിത്സാരീതികൾ, രോഗിയുടെ അവകാശങ്ങൾ, ജൈവധർമശാസ്‌ത്രം (bioethics) എന്നിവയെ കുറിച്ചു ഞാൻ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്‌. വൈദ്യശാസ്‌ത്ര സെമിനാറുകളിൽ ഈ വിഷയങ്ങളെ കുറിച്ചു പ്രഭാഷണം നടത്താൻ എന്നെ ക്ഷണിക്കുമ്പോൾ ഈ വിവരങ്ങൾ പ്രാദേശിക ഡോക്ടർമാരുമായി പങ്കുവെക്കാൻ എനിക്ക്‌ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്‌. 1994-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽവെച്ച്‌ രക്തരഹിത ചികിത്സയെ കുറിച്ചു നടത്തിയ ആദ്യത്തെ സെമിനാറിൽ രക്തസ്രാവത്തെ കൈകാര്യം ചെയ്യുന്ന വിധത്തെ കുറിച്ചു ഞാൻ ഒരു പ്രസംഗം നടത്തുകയുണ്ടായി. അതിൽ പങ്കുവെച്ച വിവരങ്ങളുടെ ഒരു ഭാഗം ഹെമോതെറാപ്പിയ എന്ന ഒരു വൈദ്യശാസ്‌ത്ര മാസികയിലെ ഞാൻ എഴുതിയ, “ഊനാ പ്രൊപ്‌വെസ്റ്റാ: എസ്‌ട്രാറ്റെഹ്‌യാസ്‌ പാരാ എൽ ട്രാറ്റാമ്യെൻറ്റോ ഡി ലാസ്‌ ഏമോറാഹ്‌യാസ്‌” (“രക്തസ്രാവത്തിനു ചികിത്സിക്കുന്നതിനുള്ള ഒരു വിദഗ്‌ധ നിർദേശം”) എന്ന ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

സമ്മർദത്തിൻ കീഴിലും നിർമലത പാലിക്കുന്നു

രക്തപ്പകർച്ചയെ കുറിച്ച്‌ തുടക്കത്തിൽ ഉണ്ടായിരുന്ന എന്റെ സംശയങ്ങൾ അധികപങ്കും ശാസ്‌ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിൽ ഉള്ളതായിരുന്നു. എന്നാൽ ഞാൻതന്നെ ഒരു രോഗിയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഡോക്ടർമാരിൽ നിന്നുള്ള ശക്തമായ സമ്മർദത്തെ നേരിട്ടുകൊണ്ട്‌ രക്തപ്പകർച്ചയ്‌ക്കു സമ്മതിക്കാതെ എന്റെ വിശ്വാസം നിലനിറുത്തുക എന്നതു തികച്ചും വ്യത്യസ്‌തമായ ഒരു സംഗതിയാണെന്ന്‌ എനിക്കു മനസ്സിലായി. എനിക്കു ഗുരുതരമായ ഒരു ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന്‌, രണ്ടു മണിക്കൂറിൽ അധികം സമയമെടുത്ത്‌ എന്റെ നിലപാട്‌ ഒരു സർജനോട്‌ എനിക്കു വിശദീകരിക്കേണ്ടിവന്നു. അദ്ദേഹം എന്റെ ഏറ്റവുമടുത്ത ഒരു സുഹൃത്തിന്റെ മകനായിരുന്നു. രക്തപ്പകർച്ച നടത്തിയാൽ എന്റെ ജീവൻ രക്ഷിക്കാമെന്നു തോന്നുന്നപക്ഷം താൻ അതു ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ ഡോക്ടർ എന്റെ നിലപാടിനോടു യോജിക്കുന്നില്ലെങ്കിൽ പോലും അതു മനസ്സിലാക്കാനും മാനിക്കാനും അദ്ദേഹത്തെ സഹായിക്കേണമേ എന്ന്‌ ഞാൻ നിശ്ശബ്ദമായി യഹോവയോടു പ്രാർഥിച്ചു. ഒടുവിൽ, എന്റെ ആഗ്രഹങ്ങളെ മാനിക്കാമെന്ന്‌ ഡോക്ടർ എനിക്കു വാക്കുതന്നു.

മറ്റൊരു സന്ദർഭത്തിൽ, എന്റെ പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയിൽനിന്നും ഒരു വലിയ മുഴ നീക്കം ചെയ്യേണ്ടതായിവന്നു. രക്തസ്രാവവും ഉണ്ടായിരുന്നു. ഒരിക്കൽക്കൂടി, രക്തപ്പകർച്ചയ്‌ക്കു വിസമ്മതിക്കുന്നതിന്റെ കാരണം ഞാൻ ഡോക്ടർമാരോടു വിശദീകരിച്ചു. എന്റെ രക്തത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും നഷ്ടമായെങ്കിലും ചികിത്സാരംഗത്തുള്ളവർ എന്റെ നിലപാടിനെ മാനിച്ചു.

വീക്ഷണം വ്യത്യാസപ്പെടുന്നു

ജൈവധർമശാസ്‌ത്രത്തിന്റെ അന്താരാഷ്‌ട്ര സമിതിയിലെ അംഗമെന്ന നിലയിൽ, രോഗിയുടെ അവകാശങ്ങൾ സംബന്ധിച്ച്‌ ചികിത്സാരംഗത്തുള്ളവരുടെയും നിയമ അധികാരികളുടെയും മനോഭാവത്തിനു മാറ്റം വന്നിരിക്കുന്നതു കാണുന്നതിന്റെ സംതൃപ്‌തി എനിക്കുണ്ട്‌. ഡോക്ടർമാർ രോഗിയുടെമേൽ സർവാധികാരം പ്രയോഗിക്കുന്ന രീതി മാറിയിട്ട്‌, രോഗത്തെയും ചികിത്സയെയും കുറിച്ചു രോഗിയോടു വിശദീകരിച്ചശേഷം രോഗി എടുക്കുന്ന തീരുമാനത്തെ ആദരിക്കാൻ തുടങ്ങിയിരിക്കുന്നു. ചികിത്സാരീതി തിരഞ്ഞെടുക്കുന്നതിൽ പങ്കാളിയാകാൻ രോഗിയെക്കൂടെ അവർ ഇപ്പോൾ അനുവദിക്കുന്നു. വൈദ്യപരിചരണം അർഹിക്കാത്ത മതഭ്രാന്തരായി യഹോവയുടെ സാക്ഷികളെ മേലാൽ വീക്ഷിക്കുന്നില്ല, മറിച്ച്‌ അവകാശങ്ങൾ മാനിക്കപ്പെടാൻ അർഹതയുള്ള തികച്ചും കാര്യജ്ഞാനമുള്ള രോഗികളായി അവരെ കാണുന്നു. വൈദ്യശാസ്‌ത്ര സെമിനാറുകളിലും ടെലിവിഷൻ പരിപാടികളിലും പ്രശസ്‌തരായ പ്രൊഫസർമാർ ഇപ്രകാരം പറഞ്ഞിട്ടുണ്ട്‌: “യഹോവയുടെ സാക്ഷികളുടെ ഉദ്യമങ്ങൾക്കു നന്ദി, . . . ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു . . .” “ഞങ്ങൾ സാക്ഷികളിൽ നിന്നും പഠിച്ചു . . .” “പുരോഗമിക്കാൻ അവർ ഞങ്ങളെ പഠിപ്പിച്ചു.”

ജീവനാണ്‌ സർവപ്രധാനം എന്നു പറയപ്പെട്ടിരിക്കുന്നു. കാരണം അതില്ലെങ്കിൽ സ്വാതന്ത്ര്യവും വിമോചനവും അന്തസ്സും എല്ലാം നിരർഥകമാണ്‌. ഇന്ന്‌ അനേകരും നിയമപരമായ ഒരു മഹത്തായ ആശയത്തെ അംഗീകരിക്കുന്നു. ഓരോ വ്യക്തിയുടെയും വ്യക്തിപരമായ അവകാശങ്ങളുടെമേൽ സമ്പൂർണ അധികാരമുള്ളത്‌ ആ വ്യക്തിക്കുതന്നെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ ഏത്‌ അവകാശത്തിനാണു മുൻതൂക്കം നൽകേണ്ടതെന്നു തീരുമാനിക്കേണ്ടത്‌ ആ വ്യക്തി മാത്രമാണെന്നും അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ വിധത്തിൽ അന്തസ്സ്‌, തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം, മതവിശ്വാസം എന്നിവയ്‌ക്കു മുൻതൂക്കം നൽകപ്പെടുന്നു. രോഗിക്ക്‌ ഇക്കാര്യത്തിൽ സമ്പൂർണ അധികാരമുണ്ട്‌. യഹോവയുടെ സാക്ഷികൾ സ്ഥാപിച്ച ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസ്‌ ഈ കാര്യങ്ങൾ സംബന്ധിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കുന്നതിന്‌ അനേകം ഡോക്ടർമാരെ സഹായിച്ചിരിക്കുന്നു.

യഹോവയുടെ സേവനത്തിൽ ഉപയുക്തനായിരിക്കാനും ക്രിസ്‌തീയ സഭയിൽ ഒരു മേൽവിചാരകനായി സേവിക്കാനും കുടുംബത്തിന്റെ തുടർച്ചയായ പിന്തുണയാൽ എനിക്കു സാധിക്കുന്നു. ഞാൻ മുമ്പു പറഞ്ഞതുപോലെ, ജീവിതത്തിൽ നേരത്തേതന്നെ യഹോവയെ കുറിച്ച്‌ അറിയാൻ കഴിയാതിരുന്നതിൽ ഞാൻ വളരെ ഖേദിക്കുന്നു. എന്നിരുന്നാലും, ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ലാത്ത’ ദൈവരാജ്യ ക്രമീകരണത്തിൻ കീഴിൽ ജീവിക്കുന്നതിനുള്ള അത്ഭുതകരമായ പ്രത്യാശയിലേക്ക്‌ എന്റെ കണ്ണുകൾ തുറന്നതിൽ ഞാൻ യഹോവയോടു വളരെയധികം കൃതജ്ഞതയുള്ളവനാണ്‌.​—⁠യെശയ്യാവു 33:⁠24. *

[അടിക്കുറിപ്പുകൾ]

^ ഖ. 24 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 24 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 34 ഈ ലേഖനം തയ്യാറാക്കിക്കൊണ്ടിരിക്കെ, എഗോൻ ഹൗസർ സഹോദരൻ മരണമടഞ്ഞു. അദ്ദേഹം മരണപര്യന്തം വിശ്വസ്‌തനായിരുന്നു. അദ്ദേഹത്തിന്റെ പ്രത്യാശ ഉറപ്പുള്ളതായിരിക്കുന്നതിൽ നാമും സന്തോഷിക്കുന്നു.

[24-ാം പേജിലെ ചിത്രം]

എന്റെ 30-കളിൽ സാന്റാ ലൂസിയയിലെ ഒരു ആശുപത്രിയിൽ ജോലിചെയ്യുന്നു

[26-ാം പേജിലെ ചിത്രം]

ഭാര്യ ബിയാട്രിസിനോടൊപ്പം, 1995-ൽ