വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വൈദികർ രാഷ്‌ട്രീയത്തിൽ ഉൾപ്പെടേണ്ടതുണ്ടോ?

വൈദികർ രാഷ്‌ട്രീയത്തിൽ ഉൾപ്പെടേണ്ടതുണ്ടോ?

വൈദികർ രാഷ്‌ട്രീയത്തിൽ ഉൾപ്പെടേണ്ടതുണ്ടോ?

“രാഷ്‌ട്രീയത്തിൽ ഉൾപ്പെടുന്നതുവഴി നമുക്കു പാവപ്പെട്ടവരെ സഹായിക്കാനാകും എന്ന്‌ കാനഡക്കാരനായ ഒരു ആർച്ചുബിഷപ്പ്‌ തീർഥാടകരോടു പറഞ്ഞു . . . രാഷ്‌ട്രീയ വ്യവസ്ഥിതി പ്രവർത്തിക്കുന്നത്‌ ദൈവഹിതത്തിനു ചേർച്ചയിൽ അല്ലായിരിക്കാമെങ്കിൽ പോലും ‘പാവപ്പെട്ടവനു നീതി നേടിക്കൊടുക്കാൻ കഴിയേണ്ടതിന്‌ നാം രാഷ്‌ട്രീയത്തിൽ ഉൾപ്പെടേണ്ടത്‌ ആവശ്യമാണ്‌.’”​—⁠കാത്തലിക്‌ ന്യൂസ്‌.

രാഷ്‌ട്രീയത്തിൽ ഉൾപ്പെടുന്നതിനെ അനുകൂലിച്ച്‌ മുതിർന്ന സഭാധ്യക്ഷന്മാർ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ ഒട്ടും വിരളമല്ല; മതനേതാക്കന്മാർ രാഷ്‌ട്രീയ പദവികൾ വഹിക്കുന്നതും അസാധാരണമല്ല. ചിലർ രാഷ്‌ട്രീയ രംഗത്തെ ശുദ്ധീകരിക്കാൻ ശ്രമിച്ചിരിക്കുന്നു. വേറെ ചിലരാകട്ടെ, വർഗസമത്വവും അടിമത്ത നിർമാർജനവും പോലുള്ള ആശയാദർശങ്ങൾ ഉന്നമിപ്പിച്ചുകൊണ്ടു നടത്തിയ പ്രചാരണ പരിപാടികൾ നിമിത്തം അനുസ്‌മരിക്കപ്പെടുകയും വാഴ്‌ത്തപ്പെടുകയും ചെയ്യുന്നു.

എന്നുവരികിലും, തങ്ങളുടെ മതപ്രചാരകർ രാഷ്‌ട്രീയ പ്രശ്‌നങ്ങളിൽ കക്ഷിചേരുമ്പോൾ അൽമായരിൽ അനേകരും നെറ്റിചുളിക്കുന്നു. “വൈദികരുടെ പൊതുപ്രവർത്തനത്തെ ചിലപ്പോഴെല്ലാം ചോദ്യം ചെയ്‌തിരുന്നത്‌ പ്രൊട്ടസ്റ്റന്റ്‌ സഭാംഗങ്ങളാണ്‌” എന്ന്‌ ക്രിസ്‌തീയ ശതാബ്ദം (ഇംഗ്ലീഷ്‌) എന്ന മാസികയിൽ പ്രസിദ്ധീകരിച്ച രാഷ്‌ട്രീയ ദൈവശാസ്‌ത്രത്തെ കുറിച്ചുള്ള ഒരു ലേഖനം പ്രസ്‌താവിച്ചു. രാഷ്‌ട്രീയം അനുവദിക്കാൻ പാടില്ലാത്ത പവിത്രമായ ഒന്നാണ്‌ സഭ എന്ന്‌ മതഭക്തരായ അനേകം ആളുകൾ വീക്ഷിക്കുന്നു.

ഇത്‌, മെച്ചപ്പെട്ട ഒരു ലോകം കാംക്ഷിക്കുന്ന ഏവരും അറിയാൻ ആഗ്രഹിക്കുന്ന താത്‌പര്യജനകമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു. ക്രൈസ്‌തവ മതപ്രചാരകർക്ക്‌ രാഷ്‌ട്രീയരംഗത്തെ ശുദ്ധീകരിക്കാൻ കഴിയുമോ? * ഭേദപ്പെട്ട ഭരണവും മെച്ചപ്പെട്ട ലോകവും ദൈവം കൊണ്ടുവരാൻ പോകുന്നത്‌ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ മുഖാന്തരം ആയിരിക്കുമോ? രാഷ്‌ട്രീയ പ്രവർത്തനത്തിനുള്ള ഒരു പുതിയ പന്ഥാവ്‌ വെട്ടിത്തുറക്കുക എന്നതായിരുന്നോ ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപനോദ്ദേശ്യം?

ക്രിസ്‌തുവിന്റെ നാമത്തിലുള്ള രാഷ്‌ട്രീയത്തിന്റെ ഉദയം

‘ഈ ലോകത്തിലെ അധികാര സ്ഥാനങ്ങൾ വഹിക്കുന്നതിനോടുള്ള [ആദിമ സഭയുടെ] താത്‌പര്യമില്ലായ്‌മ’ പരക്കെ അറിയപ്പെട്ടിരുന്ന ഒരു സംഗതിയായിരുന്നു എന്ന്‌ ചരിത്രകാരനായ ഹെൻട്രി ചാഡ്‌വിക്ക്‌, ആദിമ സഭ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ പറയുന്നു. “ശാന്തരും സമാധാന പ്രിയരുമായ ആളുകളുടെ രാഷ്‌ട്രീയ നിരപേക്ഷമായ ഒരു സമൂഹം” ആയിരുന്നു അത്‌. ക്രിസ്‌ത്യാനിത്വത്തിന്റെ ഒരു ചരിത്രം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “തങ്ങളിൽ ആരും രാഷ്‌ട്രീയ അധികാരസ്ഥാനങ്ങൾ വഹിക്കരുത്‌ എന്നുള്ള വിശ്വാസം ക്രിസ്‌ത്യാനികളുടെ ഇടയിൽ വ്യാപകമായി വേരോടിയിരുന്നു . . . സഭയിൽ ചേരുന്നതിനുള്ള ഒരു അവശ്യ യോഗ്യത എന്ന നിലയിൽ ഒരു നഗര ഭരണാധികാരി തന്റെ സ്ഥാനം രാജി വെക്കണം എന്ന്‌ ചരിത്രപ്രധാനമായ ക്രിസ്‌തീയ ആചാരം അനുശാസിച്ചിരുന്നതായി മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും ഹിപ്പോലറ്റസ്‌ പറയുകയുണ്ടായി.” എങ്കിലും കാലക്രമത്തിൽ, അധികാരമോഹികളായ പുരുഷന്മാർ തങ്ങൾക്കുതന്നെ ഉന്നത പദവിനാമങ്ങൾ സ്വീകരിച്ചുകൊണ്ട്‌ പല സഭകളിലും നേതൃത്വമെടുത്തു തുടങ്ങി. (പ്രവൃത്തികൾ 20:29, 30) ഒരേസമയം മതാധ്യക്ഷരും രാഷ്‌ട്രീയ നേതാക്കളും ആയിരിക്കാൻ ചിലർ ആഗ്രഹിച്ചു. റോമൻ ഭരണകൂടത്തിൽ പൊടുന്നനെ ഉണ്ടായ ഒരു മാറ്റം അത്തരം വൈദികരുടെ മോഹം പൂവണിയാൻ ഇടയാക്കി.

പൊതുയുഗം (പൊ.യു.) 312-ൽ പുറജാതീയ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയ്‌ൻ നാമധേയ ക്രിസ്‌ത്യാനിത്വവുമായി ചങ്ങാത്തം കൂടി. ആശ്ചര്യകരമെന്നു പറയട്ടെ സഭാ ബിഷപ്പുമാർ, ഈ പുറജാതീയ ചക്രവർത്തി അവർക്കു കൽപ്പിച്ചു നൽകിയ സ്ഥാനമാനങ്ങൾക്കായി വിട്ടുവീഴ്‌ചകൾക്കു തയ്യാറായി. “ഉന്നത രാഷ്‌ട്രീയ തീരുമാനങ്ങളിൽ സഭ കൂടുതലായി കൈകടത്താൻ തുടങ്ങി” എന്ന്‌ ഹെൻട്രി ചാഡ്‌വിക്ക്‌ എഴുതി. രാഷ്‌ട്രീയത്തിലുള്ള ഉൾപ്പെടൽ സഭാധ്യക്ഷന്മാരുടെമേൽ എന്തു ഫലം ഉളവാക്കി?

രാഷ്‌ട്രീയം മതപ്രചാരകരെ സ്വാധീനിച്ച വിധം

ദൈവം മതാധ്യക്ഷരെ രാഷ്‌ട്രീയ നേതാക്കളായി ഉപയോഗിക്കും എന്നുള്ള ആശയം അഞ്ചാം നൂറ്റാണ്ടിലെ, സ്വാധീനശക്തിയുള്ള ഒരു കത്തോലിക്ക വേദാന്തിയായിരുന്ന അഗസ്റ്റിനാണ്‌ വിശേഷാൽ ഉന്നമിപ്പിച്ചത്‌. രാഷ്‌ട്രങ്ങളെ ഭരിക്കുകയും മനുഷ്യവർഗത്തിനു സമാധാനം ആനയിക്കുകയും ചെയ്യുന്ന ഒരു സഭയെ അദ്ദേഹം വിഭാവന ചെയ്‌തു. എന്നാൽ ചരിത്രകാരനായ എച്ച്‌. ജി. വെൽസ്‌ ഇപ്രകാരം എഴുതി: “അഞ്ചു മുതൽ പതിനഞ്ചു വരെയുള്ള നൂറ്റാണ്ടുകളിലെ യൂറോപ്യൻ ചരിത്രത്തിന്റെ സിംഹഭാഗവും, ദിവ്യമായ ഒരു ഐഹിക ഭരണകൂടം എന്ന സാക്ഷാത്‌കരിക്കപ്പെടാതെ പോയ മഹത്തായ സങ്കൽപ്പത്തിന്റെ പരാജയ ചരിത്രമാണ്‌.” ക്രൈസ്‌തവലോകത്തിന്‌ യൂറോപ്പിൽ പോലും സമാധാനം കൈവരുത്താനായില്ല, അപ്പോൾപ്പിന്നെ ലോകസമാധാനത്തിന്റെ കാര്യം പറയാനുണ്ടോ! ക്രിസ്‌ത്യാനിത്വം എന്ന്‌ കണക്കാക്കപ്പെട്ടിരുന്നതിന്‌ അനേകരുടെയും മുമ്പിൽ വിലയിടിഞ്ഞു. എവിടെയാണ്‌ പിശകു പറ്റിയത്‌?

ക്രിസ്‌ത്യാനിത്വത്തിന്റെ പ്രചാരകർ എന്ന്‌ അവകാശപ്പെട്ടിരുന്ന അനേകർ സദുദ്ദേശ്യത്തോടെയാണ്‌ രാഷ്‌ട്രീയത്തിലേക്കു കാലെടുത്തുവെച്ചത്‌. എന്നാൽ പിന്നീട്‌ അവർ അഴിമതിയിലേക്കു വഴുതിവീണു. മതഘോഷകനും ബൈബിൾ പരിഭാഷകനും ആയിരുന്ന മാർട്ടിൻ ലൂഥർ, കത്തോലിക്ക സഭയെ അഴിച്ചുപണിയാൻ നടത്തിയ ശ്രമം നിമിത്തം വിഖ്യാതനാണ്‌. എന്നിരുന്നാലും സഭാ ഉപദേശങ്ങൾക്ക്‌ എതിരെയുള്ള അദ്ദേഹത്തിന്റെ സുധീര നിലപാട്‌ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്ന വിപ്ലവകാരികളുടെ ഇടയിൽ അദ്ദേഹത്തെ സമ്മതനാക്കി. രാഷ്‌ട്രീയ പ്രശ്‌നങ്ങളിൽ ലൂഥറും പരസ്യമായി ശബ്ദമുയർത്തിയതോടെ അദ്ദേഹത്തിനു പലരുടെയും ആദരവു നഷ്ടപ്പെട്ടു. മർദകരായ ജന്മികൾക്കെതിരെ സമരം ചെയ്യുന്ന കുടിയാന്മാർക്ക്‌ ആദ്യമൊക്കെ അദ്ദേഹം പിന്തുണ കൊടുത്തുപോന്നു. എന്നാൽ പിന്നീട്‌ പ്രക്ഷോഭം അക്രമാസക്തമായപ്പോൾ അത്‌ അടിച്ചമർത്താൻ അദ്ദേഹം ജന്മികളെ പ്രോത്സാഹിപ്പിച്ചു. ആയിരങ്ങളെ കൊന്നൊടുക്കിക്കൊണ്ടാണ്‌ അവർ അതു ചെയ്‌തത്‌. കുടിയാന്മാർ അദ്ദേഹത്തെ കരിങ്കാലിയായി കരുതിയതിൽ അതിശയിക്കാനില്ല. കത്തോലിക്ക ചക്രവർത്തിക്ക്‌ എതിരെയുള്ള ജന്മികളുടെ പോരാട്ടത്തിലും ലൂഥർ പിന്തുണയും പ്രോത്സാഹനവും നൽകി. എന്തിന്‌, ലൂഥറിന്റെ അനുഗാമികളായി അറിയപ്പെടാൻ തുടങ്ങിയ പ്രൊട്ടസ്റ്റന്റുകാർതന്നെ തുടക്കം മുതലേ ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിനു രൂപം നൽകിയിരുന്നു. അധികാരം ലൂഥറിനെ എങ്ങനെ സ്വാധീനിച്ചു? അത്‌ അയാളെ അങ്ങേയറ്റം വഷളാക്കി. ഉദാഹരണത്തിന്‌ ആദ്യമൊക്കെ അദ്ദേഹം, ആളുകളെ നിർബന്ധപൂർവം മതംമാറ്റുന്നതിന്‌ എതിരായിരുന്നെങ്കിലും പിൽക്കാലത്ത്‌, ശിശുക്കളുടെ മാമ്മോദീസയെ എതിർത്ത ആളുകളെ ചുട്ടുകൊല്ലാൻ അദ്ദേഹം തന്റെ രാഷ്‌ട്രീയ ചങ്ങാതിമാരെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.

ജനീവയിലെ പേരുകേട്ട ഒരു വൈദികനായിരുന്നു ജോൺ കാൽവിൻ. എന്നാൽ അദ്ദേഹത്തിനു കാലാന്തരത്തിൽ ശക്തമായ രാഷ്‌ട്രീയ സ്വാധീനം കൈവന്നു. ത്രിത്വത്തിന്‌ തിരുവെഴുത്തുകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന്‌ മീഖായേൽ സെർവെറ്റസ്‌ വിശദീകരിച്ചപ്പോൾ അദ്ദേഹത്തെ സ്‌തംഭത്തിൽ ചുട്ടുകൊല്ലുന്നതിനെ പിന്തുണയ്‌ക്കാൻ കാൽവിൻ തന്റെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചു. യേശുവിന്റെ പഠിപ്പിക്കലുകളിൽനിന്നുള്ള എത്ര ഭീകരമായ വ്യതിചലനം!

“സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന്‌ 1 യോഹന്നാൻ 5:⁠19-ൽ ബൈബിൾ പറയുന്നത്‌ ഒരുപക്ഷേ ഈ വ്യക്തികൾ മറന്നുകളഞ്ഞിരിക്കാം. തങ്ങളുടെ നാളിലെ രാഷ്‌ട്രീയത്തെ ശുദ്ധീകരിക്കാനുള്ള ആത്മാർഥമായ ആഗ്രഹമായിരുന്നോ അതോ അധികാരം കയ്യാളാമെന്നും ഉന്നതശ്രേണിയിലുള്ളവരുമായി ചങ്ങാത്തം കൂടാമെന്നുമുള്ള പ്രതീക്ഷ ആയിരുന്നോ അവരെ ഇതിനൊക്കെ പ്രേരിപ്പിച്ചത്‌? ഏതായിരുന്നാലും, യേശുവിന്റെ ശിഷ്യനായ യാക്കോബിന്റെ നിശ്വസ്‌ത വചനങ്ങൾ അവർ ഓർക്കേണ്ടതായിരുന്നു: “ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്‌നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” (യാക്കോബ്‌ 4:⁠4) “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല” എന്ന്‌ യേശു തന്റെ അനുഗാമികളെ കുറിച്ചു പറഞ്ഞിരുന്നത്‌ യാക്കോബിന്‌ അറിയാമായിരുന്നു.​—⁠യോഹന്നാൻ 17:⁠14, NW.

എന്നാൽ, ക്രിസ്‌ത്യാനികൾ ലോകത്തിലെ തിന്മകളുടെ ഭാഗമായിരിക്കരുത്‌ എന്ന വസ്‌തുത അനേകർ അംഗീകരിക്കുമ്പോൾത്തന്നെ രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷരായിരുന്നുകൊണ്ട്‌ യഥാർഥത്തിൽ ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കാൻ’ അവർ വിസമ്മതിക്കുന്നു. അത്തരം നിഷ്‌പക്ഷത മറ്റുള്ളവരോടു സജീവ സ്‌നേഹം പ്രകടമാക്കുന്നതിൽനിന്ന്‌ ക്രിസ്‌ത്യാനികളെ തടയുന്നു എന്നാണ്‌ അവരുടെ പക്ഷം. സഭാനേതാക്കൾ അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദമുയർത്തുകയും സജീവമായി പോരാടുകയും ചെയ്യണമെന്ന്‌ അവർ വിശ്വസിക്കുന്നു. എന്നാൽ യേശു പഠിപ്പിച്ച നിഷ്‌പക്ഷത മറ്റുള്ളവരോടു സജീവ പരിഗണന കാണിക്കുന്നതിന്‌ വാസ്‌തവത്തിൽ പ്രതിബന്ധമാണോ? ഒരു ക്രിസ്‌ത്യാനിക്ക്‌ ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയ വിവാദങ്ങളിൽനിന്ന്‌ ഒഴിഞ്ഞിരിക്കാനും അതേസമയം മറ്റാളുകൾക്കു പ്രായോഗിക സഹായം നൽകാനും കഴിയുമോ? പിൻവരുന്ന ലേഖനം ഈ ചോദ്യങ്ങൾ അവലോകനം ചെയ്യുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 5 ഒരു രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ ഭരണപരമായ പ്രവർത്തനങ്ങൾ, വിശേഷിച്ചും അധികാരത്തിൽ ഇരിക്കുന്നതോ അതിനായി കാംക്ഷിക്കുന്നതോ ആയ വ്യക്തികളോ പാർട്ടികളോ തമ്മിലുള്ള സംവാദം അല്ലെങ്കിൽ ആശയ സംഘട്ടനങ്ങൾ എന്നാണ്‌ രാഷ്‌ട്രീയത്തെ നിർവചിച്ചിരിക്കുന്നത്‌.

[4-ാം പേജിലെ ചിത്രം]

രാഷ്‌ട്രീയ അധികാരം നേടിയെടുക്കാനായി, കോൺസ്റ്റന്റയ്‌ൻ ചക്രവർത്തിയെ പോലുള്ള ഭരണാധിപന്മാരുമായി സഭാനേതാക്കൾ വിട്ടുവീഴ്‌ചകൾക്കു തയ്യാറായി

[കടപ്പാട്‌]

Musée du Louvre, Paris

[5-ാം പേജിലെ ചിത്രങ്ങൾ]

അറിയപ്പെട്ട മതനേതാക്കന്മാർ രാഷ്‌ട്രീയത്തിലേക്ക്‌ ആകർഷിക്കപ്പെട്ടത്‌ എന്തുകൊണ്ടായിരുന്നു?

അഗസ്റ്റിൻ

ലൂഥർ

കാൽവിൻ

[കടപ്പാട്‌]

അഗസ്റ്റിൻ: ICCD Photo; കാൽവിൻ: Portrait by Holbein, from the book The History of Protestantism (Vol. II)