വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദീർഘായുസ്സിനും സന്തുഷ്ടിക്കുമുള്ള സൂത്രവാക്യം

ദീർഘായുസ്സിനും സന്തുഷ്ടിക്കുമുള്ള സൂത്രവാക്യം

ദീർഘായുസ്സിനും സന്തുഷ്ടിക്കുമുള്ള സൂത്രവാക്യം

ദീർഘായുസ്സോടെയിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്‌, എന്നാൽ വയസ്സാകുന്നത്‌ ആർക്കും ഇഷ്ടമല്ല എന്നു ചിലർ പറയാറുണ്ട്‌. ജോലിയിൽ നിന്നു വിരമിക്കാറായിരിക്കുന്ന പലരും വ്യക്തിപരമായ കാര്യങ്ങൾക്കായി തങ്ങൾക്ക്‌ ഇനി കൂടുതൽ സമയമുണ്ടല്ലോ, ഉത്തരവാദിത്വങ്ങളൊക്കെ കുറഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ്‌. എന്നാൽ, അതോടൊപ്പം തങ്ങൾ ഇനി യാതൊരു ലക്ഷ്യവുമില്ലാത്ത, ഉപയോഗശൂന്യരായ ആളുകളായി മാറുമോ എന്നൊരു പേടിയും അവർക്കുണ്ട്‌. അതുപോലെ, ഒറ്റപ്പെടൽ, അസന്തുഷ്ടി, ആരോഗ്യക്ഷയം എന്നിവയെയും അവർ ഭയക്കുന്നു.

അങ്ങനെയെങ്കിൽ, എന്താണ്‌ സന്തുഷ്ട ജീവിതത്തിന്റെ രഹസ്യം? ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ സന്തുഷ്ടി പകരാൻ നല്ല സുഹൃത്തുക്കൾക്കും സ്‌നേഹധനരായ കുടുംബാംഗങ്ങൾക്കും കഴിയും. എന്നാൽ പ്രായമായ ഒരു വ്യക്തിക്കുവേണ്ടി മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നതിനെക്കാൾ പ്രായമായ വ്യക്തി മറ്റുള്ളവർക്കുവേണ്ടി എന്തു ചെയ്യുന്നു എന്നതാണു പ്രധാനം.

“മറ്റുള്ളവർക്ക്‌ എന്തെങ്കിലും നന്മ ചെയ്യാൻ നമുക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു നമ്മുടെതന്നെ ആയുസ്സു വർധിപ്പിച്ചേക്കാം” എന്ന്‌ 423 വൃദ്ധദമ്പതികളിൽ നടത്തിയ ഒരു ദീർഘകാല പഠനം സൂചിപ്പിക്കുന്നു. ഈ പഠനം നടത്തിയ സ്റ്റെഫനി ബ്രൗൺ ഇപ്രകാരം പറയുന്നു: “മറ്റുള്ളവരിൽനിന്ന്‌ നമുക്ക്‌ എന്തു കിട്ടുന്നു എന്നതല്ല നാം എന്തു കൊടുക്കുന്നു എന്നതാണ്‌ ഏറെ പ്രയോജനകരമായിരിക്കുന്നത്‌ എന്ന്‌ ഈ കണ്ടെത്തലുകൾ കാണിക്കുന്നു.” മറ്റുള്ളവരെ വീട്ടുജോലികൾ ചെയ്യുന്നതിൽ സഹായിക്കുക, അവരുടെ കുട്ടികളെ നോക്കുക, അവർക്കു ചില സേവനങ്ങൾ ചെയ്യുക, യാത്രാസൗകര്യം നൽകുക, ആരെങ്കിലും സംസാരിക്കാൻ ഇഷ്ടപ്പെട്ടാൽ ശ്രദ്ധിച്ചു കേൾക്കുക എന്നിവ അത്തരം കൊടുക്കലിൽ ഉൾപ്പെട്ടേക്കാം.

ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ യേശുക്രിസ്‌തു ഇപ്രകാരം പറഞ്ഞു: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌.” (പ്രവൃത്തികൾ 20:​35) ദീർഘായുസ്സിന്റെയും സന്തുഷ്ടിയുടെയും സൂത്രവാക്യം, വലിയൊരു ബാങ്കു നിക്ഷേപമോ പ്രായത്തെ പടിക്കുപുറത്തു നിറുത്താനുള്ള ചികിത്സാവിധികളോ ആഹാരക്രമമോ ഒന്നുമല്ല. മറിച്ച്‌, പ്രവർത്തനനിരതർ ആയിരിക്കുന്നതും മറ്റുള്ളവരുടെ ജീവിതം ധന്യമാക്കുന്നതിന്‌ നമ്മുടെ സമയം, ഊർജം, ശക്തി എന്നിവ കൊടുക്കുന്നതുമാണ്‌.

എന്നിരുന്നാലും, വാർധക്യം, രോഗം, മരണം എന്നിവയിൽനിന്നു നമ്മെ രക്ഷിക്കുന്നതിന്‌ നമ്മുടെ ഈ കൊടുക്കൽ മാത്രം മതിയാകുന്നില്ല. ഇവയെ ഉന്മൂലനം ചെയ്യാൻ ദൈവരാജ്യത്തിനേ കഴിയൂ. ദൈവരാജ്യ ഭരണത്തിൻ കീഴിൽ രോഗങ്ങൾ നീക്കം ചെയ്യപ്പെടും, എന്തിന്‌ ‘മരണം പോലും ഉണ്ടായിരിക്കുകയില്ല.’ (വെളിപ്പാടു 21:3-5; യെശയ്യാവു 33:24) അനുസരണമുള്ള മനുഷ്യവർഗം ഒരു പറുദീസ ഭൂമിയിൽ സന്തുഷ്ടരായി എന്നേക്കും വസിക്കും. (ലൂക്കൊസ്‌ 23:43) സുദീർഘവും സന്തുഷ്ടവുമായ ജീവിതത്തിന്റെ ഈ ബൈബിളധിഷ്‌ഠിത സൂത്രവാക്യം മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്‌.