വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ പ്രസാദിപ്പിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം

ദൈവത്തെ പ്രസാദിപ്പിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം

ദൈവത്തെ പ്രസാദിപ്പിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം

“മാനവ സമൂഹത്തിൽ ദൈവത്തിന്‌ എക്കാലത്തും ഒരു സ്ഥാനം ഉണ്ടായിരുന്നിട്ടുണ്ട്‌​—⁠പൊതുവേ, സ്രഷ്ടാവും നിയന്താവും എന്ന നിലയിൽ. തീർത്തും മതേതര സ്വഭാവമുള്ള സമൂഹങ്ങളുടെ കാര്യത്തിൽപ്പോലും അതു സത്യമാണ്‌,” ദൈവം​—⁠ഒരു ഹ്രസ്വ ചരിത്രം (ഇംഗ്ലീഷ്‌) എന്ന തന്റെ ഗ്രന്ഥത്തിൽ ജോൺ ബോക്കർ പറയുന്നു. ദൈവത്തെ കണ്ടെത്താനും അവന്റെ പ്രീതി നേടാനുമുള്ള ആഗ്രഹം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ മനുഷ്യ സ്വഭാവത്തിന്റെ ഒരു സവിശേഷ ഭാഗമായിരുന്നിട്ടുണ്ട്‌. ലോകമെമ്പാടുമുള്ള അനേകർക്കും ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആത്മാർഥമായ ആഗ്രഹമുണ്ട്‌. എന്നാൽ അവർ അതിനായി എങ്ങനെ ശ്രമിക്കുന്നു എന്നത്‌ ഓരോരുത്തരുടെയും വിശ്വാസങ്ങളനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നു.

ദൈവപ്രീതി ലഭിക്കാൻ ആകെക്കൂടി ചെയ്യേണ്ടത്‌ നേരായ മാർഗത്തിൽ ജീവിക്കുക എന്നതാണെന്നു ചിലർ വിചാരിക്കുന്നു. ദരിദ്രർക്ക്‌ ദാനധർമം ചെയ്‌തുകൊണ്ട്‌ ദൈവാംഗീകാരം നേടാമെന്ന്‌ മറ്റൊരു കൂട്ടർക്ക്‌ തോന്നുന്നു. അതിനു പുറമേ, ദശലക്ഷങ്ങൾ മതചടങ്ങുകൾക്കും ആചാരങ്ങൾക്കും പ്രാധാന്യം കൽപ്പിക്കുന്നു.

അതേസമയം ദൈവം സമീപസ്ഥനല്ലെന്ന്‌, അതായത്‌ സാധാരണ മനുഷ്യന്‌ ശ്രദ്ധ നൽകാനാവാത്തവിധം ദൈവം തങ്ങളിൽനിന്നൊക്കെ വളരെ അകലെയാണെന്നോ മറ്റു കാര്യങ്ങളിൽ വ്യാപൃതനാണെന്നോ വിശ്വസിക്കുന്നവരുമുണ്ട്‌. ‘നിങ്ങളുടെ കാര്യങ്ങളിൽ യാതൊരു പ്രകാരത്തിലും ഇടപെടാനാവാത്തവിധം ദൈവങ്ങൾ അത്ര വിദൂരത്തിലാണ്‌’ എന്ന്‌ പുരാതന ഗ്രീസിലെ തത്ത്വചിന്തകനായ എപ്പിക്യൂറസ്‌ വിശ്വസിച്ചിരുന്നതായി പറയപ്പെടുന്നു. എന്നിരുന്നാലും അത്തരം ചിന്താഗതിക്കാരായ പലരും മതഭക്തരാണ്‌. മരിച്ചുപോയ പൂർവികരെ പ്രസാദിപ്പിക്കാമെന്നുള്ള പ്രതീക്ഷയിൽ ചിലർ ബലികൾ അർപ്പിക്കുകയും പ്രത്യേക ചടങ്ങുകൾ നടത്തുകയും പോലും ചെയ്‌തേക്കാം.

നിങ്ങളുടെ അഭിപ്രായമെന്താണ്‌? ദൈവപ്രീതി നേടാനുള്ള നമ്മുടെ ശ്രമങ്ങളെ ദൈവം യഥാർഥത്തിൽ ശ്രദ്ധിക്കുന്നുണ്ടോ? ദൈവത്തിന്റെ വികാരങ്ങളെ സ്‌പർശിക്കാനും അവനെ പ്രസാദിപ്പിക്കാനും നമുക്കു കഴിയുമോ?