വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പരിശുദ്ധാത്മാവ്‌ ഒരു വ്യക്തി അല്ലെന്നിരിക്കെ നമുക്ക്‌ അതിനെ ദുഃഖിപ്പിക്കാനാകും എന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌?

അപ്പൊസ്‌തലനായ പൗലൊസാണ്‌ “ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്‌” എന്ന്‌ എഴുതിയത്‌. (എഫെസ്യർ 4:30) പരിശുദ്ധാത്മാവ്‌ ഒരു വ്യക്തിയാണ്‌ എന്നതിന്റെ സൂചനയായി ചിലർ ഈ പ്രസ്‌താവനയെ മനസ്സിലാക്കുന്നു. എന്നാൽ പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയായോ ത്രിത്വമെന്നു വിളിക്കപ്പെടുന്നതിന്റെ ഭാഗമെന്ന നിലയിൽ അത്യുന്നതനോട്‌ സമനായ ദൈവമായോ ആദിമ ക്രിസ്‌ത്യാനികൾ വീക്ഷിച്ചിരുന്നില്ല എന്നതിനുള്ള തിരുവെഴുത്തുപരവും ചരിത്രപരവുമായ തെളിവ്‌ ‘വിശ്വസ്‌ത ഗൃഹവിചാരക’ന്റെ പ്രസിദ്ധീകരണങ്ങൾ കൂടെക്കൂടെ പ്രദാനം ചെയ്‌തിട്ടുണ്ട്‌. * (ലൂക്കൊസ്‌ 12:42) അതിനാൽ പൗലൊസ്‌ പരിശുദ്ധാത്മാവിനെ ഒരു വ്യക്തിയായി പരാമർശിക്കുകയായിരുന്നില്ല.

ദൈവത്തിന്റെ അദൃശ്യമായ കർമോദ്യുക്ത ശക്തിയാണ്‌ അവന്റെ പരിശുദ്ധാത്മാവ്‌. (ഉല്‌പത്തി 1:2) യോഹന്നാൻ വെള്ളത്തിൽ സ്‌നാപനം കഴിപ്പിച്ചതുപോലെ, യേശു “പരിശുദ്ധാത്മാവുകൊണ്ടു” സ്‌നാപനം കഴിപ്പിക്കേണ്ടിയിരുന്നു. (ലൂക്കൊസ്‌ 3:16) പൊ.യു. 33-ൽ ഏതാണ്ട്‌ 120 ശിഷ്യർ “പരിശുദ്ധാത്മാവു നിറഞ്ഞവരായി.” തീർച്ചയായും അവരിൽ നിറഞ്ഞത്‌ ഒരു വ്യക്തി അല്ലായിരുന്നു. (പ്രവൃത്തികൾ 1:5, 8; 2:4, 33) ഈ അഭിഷിക്തർ സ്വർഗീയ പ്രത്യാശ ഉള്ളവരായിരുന്നു. ദൈവാത്മാവ്‌ വിശ്വസ്‌ത ജീവിതഗതിയിൽ അവരെ നയിച്ചു. (റോമർ 8:14-17; 2 കൊരിന്ത്യർ 1:22) ആത്മാവ്‌ അവരിൽ ദൈവിക ഫലം ഉത്‌പാദിപ്പിക്കുകയും ദൈവത്തിന്റെ അപ്രീതിക്ക്‌ ഇടയാക്കുന്ന പാപകരമായ ‘ജഡത്തിന്റെ പ്രവൃത്തികൾ’ ഒഴിവാക്കാൻ അവരെ സഹായിക്കുകയും ചെയ്‌തു.​—⁠ഗലാത്യർ 5:19-25.

ദൈവദാസന്മാർ എന്നനിലയിൽ നമുക്കു ഭൗമിക പ്രത്യാശയാണ്‌ ഉള്ളതെങ്കിൽ, നാം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും സ്വർഗീയ പ്രത്യാശ ഉള്ളവരുടേതിന്‌ തുല്യമായ അളവിൽ നമുക്കും ദൈവാത്മാവ്‌ ഉണ്ടായിരിക്കുക സാധ്യമാണ്‌. അതിനാൽ സൂക്ഷിച്ചില്ലെങ്കിൽ നമുക്കും പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാൻ കഴിയും. എങ്ങനെ?

പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിൻ കീഴിൽ രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തു ബുദ്ധിയുപദേശം അവഗണിച്ചാൽ, ആത്മാവിന്‌ എതിരായുള്ള മനഃപൂർവ പാപത്തിലേക്കും, യഹോവയുടെ പ്രീതി നഷ്ടപ്പെടുന്നതിലേക്കും, ഒടുവിൽ നാശത്തിലേക്കും നയിച്ചേക്കാവുന്ന സ്വഭാവവിശേഷങ്ങൾ നാം വളർത്തിയെടുത്തേക്കാം. (മത്തായി 12:31, 32) അപ്പോഴും നാം ഗൗരവമായ പാപം ചെയ്യുന്നില്ലായിരിക്കാമെങ്കിലും, ആത്മാവിന്റെ വഴിനടത്തിപ്പിന്‌ വിരുദ്ധമായ ഗതിയിലേക്ക്‌ ക്രമേണ നയിച്ചേക്കാവുന്ന തെറ്റായ വഴിയിൽ നാം ചരിച്ചുതുടങ്ങുകയായിരിക്കും. അത്തരം സാഹചര്യങ്ങളിൽ നാം പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയായിരിക്കും.

എന്നാൽ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാക്കാനാകും? അതിന്‌ നാം നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും നിയന്ത്രിച്ചേ തീരൂ. സത്യസന്ധമല്ലാത്ത പ്രസ്‌താവനകൾ, നീണ്ടുനിൽക്കുന്ന കോപം, അലസത, അനുചിത സംസാരം എന്നീ കാര്യങ്ങളിലേക്കു നയിക്കുന്ന പ്രവണതകളെ ഒഴിവാക്കേണ്ടതിനെ കുറിച്ച്‌ എഫെസ്യർക്കുള്ള തന്റെ ലേഖനത്തിന്റെ 4-ാം അധ്യായത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ പ്രസ്‌താവിക്കുകയുണ്ടായി. നാം “പുതിയ വ്യക്തിത്വം” (NW) ധരിച്ചിരിക്കെ ഇത്തരം കാര്യങ്ങളിലേക്കു വീണ്ടും വഴുതി വീഴാൻ സ്വയം അനുവദിക്കുന്നെങ്കിൽ, വാസ്‌തവത്തിൽ നാം എന്തായിരിക്കും ചെയ്യുന്നത്‌? നാം ദൈവവചനമായ ബൈബിളിലെ ആത്മനിശ്വസ്‌ത ബുദ്ധിയുപദേശത്തിന്‌ എതിരായി പോകുകയായിരിക്കും. അതുവഴി നാം പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയായിരിക്കും ചെയ്യുന്നത്‌.

പരസംഗത്തോടുള്ള താത്‌പര്യം ഒഴിവാക്കേണ്ടതു സംബന്ധിച്ച പൗലൊസിന്റെ ബുദ്ധിയുപദേശം എഫെസ്യർ 5-ാം അധ്യായത്തിൽ നാം വായിക്കുന്നു. ലജ്ജാകരമായ നടത്ത, അശ്ലീല തമാശ എന്നിവ ഒഴിവാക്കാനും അപ്പൊസ്‌തലൻ സഹവിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നു. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാൻ നാം ആഗ്രഹിക്കുന്നില്ലെങ്കിൽ, വിനോദം തിരഞ്ഞെടുക്കുമ്പോൾ നാം ഈ ബുദ്ധിയുപദേശം മനസ്സിൽ പിടിക്കേണ്ടതുണ്ട്‌. ഇതുപോലുള്ള കാര്യങ്ങളെ കുറിച്ചു സംസാരിച്ചുകൊണ്ടോ, വായിച്ചുകൊണ്ടോ, ഇത്തരം സംഗതികൾ ചിത്രീകരിക്കുന്ന ടെലിവിഷൻ പരിപാടികളും മറ്റും വീക്ഷിച്ചുകൊണ്ടോ നാം എന്തിന്‌ അവയിൽ താത്‌പര്യം പ്രകടമാക്കണം?

മറ്റു വിധങ്ങളിലും നാം ആത്മാവിനെ ദുഃഖിപ്പിച്ചേക്കാം. യഹോവയുടെ ആത്മാവ്‌ സഭയിൽ ഐക്യം ഉന്നമിപ്പിക്കുന്നു. എന്നാൽ, നാം ദ്രോഹകരമായ അപവാദം പറഞ്ഞുപരത്തുകയോ സഭയിൽ ചേരിതിരിവിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുവെന്നു വിചാരിക്കുക. ഐക്യം ഉന്നമിപ്പിക്കുന്ന ആത്മാവിന്റെ വഴിനടത്തിപ്പിന്‌ എതിരെ പ്രവർത്തിക്കുകയായിരിക്കില്ലേ നാം? പൊതുവേ പറഞ്ഞാൽ, കൊരിന്ത്യ സഭയിൽ ഭിന്നത സൃഷ്ടിച്ചവരെപ്പോലെ നാമും പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുകയായിരിക്കും. (1 കൊരിന്ത്യർ 1:10; 3:1-4, 16, 17) സഭയിലെ ആത്മനിയുക്ത പുരുഷന്മാരുടെ മാന്യതയ്‌ക്ക്‌ മനഃപൂർവം തുരങ്കംവെച്ചാലും നാം ആത്മാവിനെ ദുഃഖിപ്പിക്കുകയായിരിക്കും.​—⁠പ്രവൃത്തികൾ 20:28; യൂദാ 8.

അപ്പോൾ വ്യക്തമായും, ബൈബിളിലും ക്രിസ്‌തീയ സഭയിലും ദൃശ്യമായിരിക്കുന്ന പ്രകാരം ദൈവാത്മാവിന്റെ വഴിനടത്തിപ്പെന്നു നമുക്ക്‌ അറിയാവുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ മനോഭാവത്തെയും പ്രവർത്തനങ്ങളെയും വിലയിരുത്തുന്നതു ജ്ഞാനമായിരിക്കും. അതുകൊണ്ട്‌ നമുക്ക്‌ “പരിശുദ്ധാത്മാവിൽ പ്രാർത്ഥി”ക്കുകയും അതിന്റെ സ്വാധീനത്തിനു കീഴ്‌പെടുകയും ദൈവത്തിന്റെ നിശ്വസ്‌ത വചനത്തിൽ പറഞ്ഞിരിക്കുന്നതിനു ചേർച്ചയിൽ എല്ലായ്‌പോഴും പ്രവർത്തിക്കുകയും ചെയ്യാം. (യൂദാ 20) ഒരിക്കൽപ്പോലും ആത്മാവിനെ ദുഃഖിപ്പിക്കാതിരിക്കാനും യഹോവയുടെ വിശുദ്ധ നാമത്തിന്റെ മഹത്ത്വത്തിനായി അതിനാൽ വഴിനയിക്കപ്പെടാനും നമുക്കു ദൃഢനിശ്ചയം ചെയ്യാം.

• ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത്‌ ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കാൻ ശ്രമിക്കുന്നത്ര ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന്‌ യേശു പറയുകയുണ്ടായി. ഈ ഉപമ പറഞ്ഞപ്പോൾ, അക്ഷരാർഥത്തിലുള്ള ഒട്ടകവും തുന്നൽസൂചിയുമാണോ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌?

സത്യവേദപുസ്‌തകത്തിൽ, മത്തായി 19:​24, മർക്കൊസ്‌ 10:​25, ലൂക്കൊസ്‌ 18:25 എന്നീ മൂന്നു വാക്യങ്ങളിലും കാണുന്ന ഈ പ്രസ്‌താവനകൾ ഒരേപോലെയാണ്‌. മത്തായിയുടെ വിവരണമനുസരിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം.”

യെരൂശലേമിന്റെ വൻ കവാടങ്ങളിലുള്ള ഒരു ചെറിയ പ്രവേശനദ്വാരമായിരുന്നു “സൂചിക്കുഴ” എന്ന്‌ ചില പരാമർശ കൃതികൾ സൂചിപ്പിക്കുന്നു. രാത്രികാലങ്ങളിൽ വലിയ കവാടം അടച്ചിടുമ്പോൾ, ഈ ചെറിയ കവാടം തുറക്കാമായിരുന്നു. ഒരു ഒട്ടകത്തിന്‌ അതിലൂടെ കഷ്ടിച്ച്‌ കടന്നുപോകാൻ കഴിയുമായിരുന്നെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഇതാണോ യേശുവിന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌?

തീർച്ചയായും അല്ല. യേശു ഒരു തുന്നൽ സൂചിയെത്തന്നെ പരാമർശിക്കുകയായിരുന്നു. പണ്ടുകാലത്ത്‌ ഉപയോഗിച്ചിരുന്ന, ലോഹംകൊണ്ടും അസ്ഥികൊണ്ടും നിർമിച്ച സൂചികൾ ആ പ്രദേശത്തുനിന്ന്‌ കണ്ടെത്തിയിട്ടുള്ളതിനാൽ, അവ വീടുകളിൽ സാധാരണ ഉപയോഗിച്ചുവന്നിരുന്ന ഒരു വസ്‌തുവായിരുന്നിരിക്കണം. പുതിയലോക ഭാഷാന്തരം അനുസരിച്ച്‌, ലൂക്കൊസ്‌ 18:25 യേശുവിന്റെ പ്രസ്‌താവനയെ കുറിച്ചുള്ള ഏതൊരു സംശയത്തെയും ദൂരീകരിക്കുന്നതാണ്‌. അവിടെ ഇങ്ങനെ പറയുന്നു: “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം തുന്നൽസൂചിക്കുഴയിലൂടെ കടക്കുന്നത്‌ എളുപ്പം.”

പുതിയലോക ഭാഷാന്തരത്തിൽ കാണുന്ന പ്രകാരമുള്ള “തുന്നൽസൂചി” എന്ന വിവർത്തനത്തോട്‌ വിവിധ നിഘണ്ടു നിർമാതാക്കൾ യോജിക്കുന്നു. മത്തായി 19:​24-ലും മർക്കൊസ്‌ 10:​25-ലും കാണുന്ന “സൂചി” എന്നതിനുള്ള ഗ്രീക്ക്‌ പദം (റാഫിസ്‌) “തുന്നുക” എന്നർഥമുള്ള ഒരു ക്രിയയിൽനിന്നു വന്നിട്ടുള്ളതാണ്‌. ലൂക്കൊസ്‌ 18:​25-ൽ കാണുന്ന ഗ്രീക്ക്‌ പദം (വെലൊനി) അക്ഷരാർഥത്തിലുള്ള ശസ്‌ത്രക്രിയാ സൂചിയെ പരാമർശിക്കാനാണ്‌ ഉപയോഗിക്കുന്നത്‌. വൈൻസ്‌ എക്‌സ്‌പോസിറ്ററി ഡിക്‌ഷണറി ഓഫ്‌ ഓൾഡ്‌ ആൻഡ്‌ ന്യൂ ടെസ്റ്റമെന്റ്‌ വേർഡ്‌സ്‌ ഇങ്ങനെ പറയുന്നു: “‘സൂചിക്കുഴ’ എന്നത്‌ ചെറിയ കവാടങ്ങളാണെന്ന വ്യാഖ്യാനം ആധുനികമായ ഒന്നാണെന്നു തോന്നുന്നു; പുരാതനകാലത്ത്‌ അത്‌ ആ അർഥത്തിലാണ്‌ ഉപയോഗിക്കപ്പെട്ടിരുന്നത്‌ എന്നതിന്‌ തെളിവുകളൊന്നുമില്ല. യേശുവിന്റെ പ്രസ്‌താവനയുടെ ഉദ്ദേശ്യം മാനുഷികതലത്തിലുള്ള അസാധ്യതയെ കാണിക്കുകയായിരുന്നു. സൂചി എന്ന പദത്തെ അത്‌ ആയിരിക്കുന്ന അർഥത്തിൽ എടുക്കാതെ മറ്റെന്തോ ആയി വ്യാഖ്യാനിച്ചുകൊണ്ട്‌ ആ ബുദ്ധിമുട്ടിനെ ലഘൂകരിച്ചു കാണിക്കാൻ ശ്രമിക്കേണ്ടതില്ല.”​—⁠1981, വാല്യം 3, പേജ്‌ 106.

ഈ വാക്യങ്ങളിൽ “ഒട്ടക”ത്തെ “കയർ” എന്ന്‌ വിവർത്തനം ചെയ്യേണ്ടതാണെന്ന്‌ ചിലർ അഭിപ്രായപ്പെടുന്നു. കയർ (കമീലൊസ്‌) എന്നതിന്റെയും ഒട്ടകം (കാമീലൊസ്‌) എന്നതിന്റെയും ഗ്രീക്ക്‌ പദങ്ങൾക്ക്‌ സാദൃശ്യമുണ്ട്‌. എന്നിരുന്നാലും, “കയർ” എന്നതിന്റെയല്ല, “ഒട്ടകം” എന്നതിന്റെ ഗ്രീക്ക്‌ പദമാണ്‌ മത്തായിയുടെ സുവിശേഷത്തിന്റെ നിലവിലുള്ളതും ഏറ്റവും പഴക്കമേറിയതുമായ ഗ്രീക്ക്‌ കയ്യെഴുത്തുപ്രതികളിൽ (സൈനാററിക്ക്‌, വത്തിക്കാൻ നമ്പർ 1209, അലക്‌സാൻഡ്രിൻ) കാണുന്നത്‌. മത്തായി ആദ്യം തന്റെ സുവിശേഷം എബ്രായയിൽ എഴുതിയെന്നും പിന്നീട്‌ അവൻതന്നെ അത്‌ ഗ്രീക്കിലേക്ക്‌ വിവർത്തനം ചെയ്‌തിരിക്കാമെന്നും പറയപ്പെടുന്നു. യേശു പറഞ്ഞത്‌ എന്താണെന്ന്‌ കൃത്യമായി മനസ്സിലാക്കിയിരുന്ന അവൻ ഉചിതമായ പദംതന്നെയാണ്‌ ഉപയോഗിച്ചത്‌.

അതുകൊണ്ട്‌, യേശു ഉദ്ദേശിച്ചത്‌ അക്ഷരാർഥത്തിലുള്ള തുന്നൽസൂചിയെയും ഒട്ടകത്തെയും ആയിരുന്നു. ഒരു കാര്യത്തിന്റെ അസാധ്യത ഊന്നിപ്പറയാനാണ്‌ അവൻ അത്‌ ഉപയോഗിച്ചത്‌. എന്നാൽ, ധനവാന്മാരായ ആർക്കും രാജ്യത്തിൽ പ്രവേശിക്കാനാവില്ലെന്ന്‌ യേശു അർഥമാക്കിയോ? ഇല്ല, എന്തെന്നാൽ യേശുവിന്റെ പ്രസ്‌താവന അക്ഷരാർഥത്തിൽ എടുക്കാനുള്ളതായിരുന്നില്ല. ഒരു അക്ഷരീയ ഒട്ടകത്തിന്‌ ഒരു യഥാർഥ തുന്നൽ സൂചിക്കുഴയിലൂടെ കടക്കാൻ സാധ്യമല്ലാത്തതുപോലെ, ഒരു ധനവാൻ തന്റെ ജീവിതത്തിൽ യഹോവയ്‌ക്ക്‌ പ്രഥമസ്ഥാനം നൽകാതെ സമ്പത്തിനോട്‌ പറ്റിനിൽക്കുന്നതിൽ തുടർന്നാൽ അയാൾക്ക്‌ രാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കില്ല എന്നു ദൃഷ്ടാന്തീകരിക്കാൻ യേശു ഒരു അതിശയോക്തി അലങ്കാരം ഉപയോഗിക്കുകയായിരുന്നു.​—⁠ലൂക്കൊസ്‌ 13:24; 1 തിമൊഥെയൊസ്‌ 6:17-19.

ധനികനായ ഒരു യുവ ഭരണാധികാരി യേശുവിന്റെ ശിഷ്യനായിത്തീരാനുള്ള മഹത്തായ പദവി തിരസ്‌കരിച്ച ഉടനെയാണ്‌ യേശു ഈ പ്രസ്‌താവന നടത്തിയത്‌. (ലൂക്കൊസ്‌ 18:18-24) ആത്മീയ കാര്യങ്ങളെക്കാൾ തന്റെ വസ്‌തുവകകളെ പ്രിയപ്പെടുന്ന ഒരു സമ്പന്നന്‌ രാജ്യക്രമീകരണത്തിൽ നിത്യജീവൻ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല. എന്നാൽ, ധനികരായ ചിലർ യേശുവിന്റെ ശിഷ്യരായിത്തീരുകതന്നെ ചെയ്‌തു. (മത്തായി 27:57; ലൂക്കൊസ്‌ 19:2, 9) അതുകൊണ്ട്‌, ഒരു ധനികൻ തന്റെ ആത്മീയ ആവശ്യം സംബന്ധിച്ച്‌ ബോധമുള്ളവനും ദിവ്യ സഹായം തേടുന്നവനുമാണെങ്കിൽ മാത്രമേ ദൈവത്തിൽനിന്നുള്ള രക്ഷ പ്രാപിക്കാൻ അയാൾക്കു കഴിയൂ.​—⁠മത്തായി 5:​3, NW; 19:16-26.

[അടിക്കുറിപ്പ്‌]

^ ഖ. 3 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക കാണുക.