വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വൃദ്ധജനങ്ങൾക്കായി കരുതൽ​—⁠ഒരു ക്രിസ്‌തീയ ഉത്തരവാദിത്വം

വൃദ്ധജനങ്ങൾക്കായി കരുതൽ​—⁠ഒരു ക്രിസ്‌തീയ ഉത്തരവാദിത്വം

വൃദ്ധജനങ്ങൾക്കായി കരുതൽ​—⁠ഒരു ക്രിസ്‌തീയ ഉത്തരവാദിത്വം

“നിങ്ങളുടെ വാർദ്ധക്യകാലത്തും ഞാൻ മാറ്റമില്ലാത്തവൻ തന്നെ; നിങ്ങൾ നരയ്‌ക്കുന്നതുവരെയും ഞാൻ നിങ്ങളെ ചുമക്കും.”​—⁠യെശയ്യാവു 46:​4, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം (Nibv).

1, 2. നമ്മുടെ സ്വർഗീയ പിതാവിന്റെ കരുതൽ മാനുഷ മാതാപിതാക്കളുടേതിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

അർപ്പിതരായ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും പോറ്റിവളർത്തുന്നു. അവർക്കു പ്രായപൂർത്തിയായി സ്വന്തം കുടുംബം ആയിക്കഴിഞ്ഞുപോലും അമ്മയപ്പന്മാർ സ്‌നേഹപൂർവമുള്ള ശ്രദ്ധയും പിന്തുണയും നൽകുന്നതു തുടരുന്നു.

2 എന്നിരുന്നാലും മനുഷ്യർക്ക്‌ തങ്ങളുടെ മക്കൾക്കുവേണ്ടി ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ട്‌. എന്നാൽ നമ്മുടെ സ്വർഗീയ പിതാവ്‌ തന്റെ വിശ്വസ്‌ത ദാസർക്ക്‌ സ്‌നേഹപൂർവമായ ശ്രദ്ധയും പിന്തുണയും നൽകാൻ എല്ലായ്‌പോഴും പ്രാപ്‌തനാണ്‌. പുരാതന നാളിലെ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ യഹോവ ഇപ്രകാരം പ്രസ്‌താവിച്ചു: “നിങ്ങളുടെ വാർദ്ധക്യകാലത്തും ഞാൻ മാറ്റമില്ലാത്തവൻ തന്നെ; നിങ്ങൾ നരയ്‌ക്കുന്നതുവരെയും ഞാൻ നിങ്ങളെ ചുമക്കും.” (യെശയ്യാവു 46:​4, NIBV) വാർധക്യത്തിലെത്തിയ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം എത്ര ബലപ്പെടുത്തുന്ന വാക്കുകൾ! തന്നോടുള്ള ദൃഢവിശ്വസ്‌തത കാത്തുസൂക്ഷിക്കുന്നവരെ യഹോവ കൈവിടുകയില്ല. പകരം, ജീവിതത്തിൽ ഉടനീളം, വാർധക്യത്തിൽപ്പോലും അവൻ അവരെ പുലർത്തുകയും താങ്ങുകയും വഴിനയിക്കുകയും ചെയ്യുമെന്ന്‌ അവൻ വാക്കുതരുന്നു.​—⁠സങ്കീർത്തനം 48:14.

3. ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

3 വൃദ്ധരോടുള്ള യഹോവയുടെ സ്‌നേഹനിർഭരമായ താത്‌പര്യം നമുക്ക്‌ എങ്ങനെ അനുകരിക്കാനാകും? (എഫെസ്യർ 5:1, 2) മക്കൾക്കും സഭാമേൽവിചാരകന്മാർക്കും മറ്റു ക്രിസ്‌ത്യാനികൾക്കും നമ്മുടെ ലോകവ്യാപക സഹോദരവർഗത്തിലെ വൃദ്ധരായ അംഗങ്ങളുടെ ആവശ്യങ്ങൾക്കായി കരുതാൻ കഴിയുന്ന വിധങ്ങളെ കുറിച്ച്‌ നമുക്കു പരിചിന്തിക്കാം.

മക്കളെന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്വം

4. ക്രിസ്‌ത്യാനികളായ മക്കൾക്ക്‌ തങ്ങളുടെ മാതാപിതാക്കളോടുള്ള ബന്ധത്തിൽ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?

4 “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” (എഫെസ്യർ 6:3; പുറപ്പാടു 20:12) എബ്രായ തിരുവെഴുത്തിലെ ലളിതമെങ്കിലും അർഥഗർഭമായ ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌, മക്കൾക്കു മാതാപിതാക്കളോടുള്ള ഉത്തരവാദിത്വത്തെ കുറിച്ച്‌ അപ്പൊസ്‌തലനായ പൗലൊസ്‌ അവരെ ഓർമപ്പെടുത്തി. വൃദ്ധജനങ്ങൾക്കായി കരുതുന്നതിനോടുള്ള ബന്ധത്തിൽ ഈ വാക്കുകൾ എങ്ങനെ ബാധകമാകുന്നു? ക്രിസ്‌തീയപൂർവ കാലഘട്ടത്തിൽ നിന്നുള്ള ഹൃദയോഷ്‌മളമായ ഒരു ദൃഷ്ടാന്തം ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കും.

5. (എ) യോസേഫ്‌ ഒരു പുത്രൻ എന്ന നിലയിൽ പിതാവിനോടു തനിക്കുള്ള കടപ്പാടുകൾ മറന്നിരുന്നില്ല എന്ന്‌ എന്തു സൂചിപ്പിക്കുന്നു? (ബി) നമ്മുടെ മാതാപിതാക്കളെ ബഹുമാനിക്കുക എന്നതിന്റെ അർഥമെന്ത്‌, ഇക്കാര്യത്തിൽ യോസേഫ്‌ എന്തു മികച്ച മാതൃക വെച്ചു?

5 ഇരുപതിലധികം വർഷം യോസേഫ്‌ തന്റെ വൃദ്ധപിതാവായ യാക്കോബുമായി യാതൊരു സമ്പർക്കവും പുലർത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നിരുന്നാലും, യാക്കോബിന്‌ തന്റെ പിതൃസ്‌നേഹം നഷ്ടപ്പെട്ടിരുന്നില്ല എന്ന്‌ തെളിവുകൾ വ്യക്തമാക്കുന്നു. താൻ ആരാണെന്ന്‌ യോസേഫ്‌ തന്റെ സഹോദരന്മാർക്കു വെളിപ്പെടുത്തവേ, “എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ” എന്ന്‌ അവൻ ചോദിച്ചു. (ഉല്‌പത്തി 43:7, 27; 45:3) ആ സമയത്ത്‌ കനാൻദേശം ക്ഷാമത്തിന്റെ പിടിയിലായിരുന്നു. അതുകൊണ്ട്‌ തന്റെ പിതാവിനോട്‌ ഇപ്രകാരം പറയാൻ അവൻ അവരെ പറഞ്ഞയയ്‌ക്കുന്നു: “നീ താമസിയാതെ എന്റെ അടുക്കൽ വരേണം. നീ ഗോശെൻദേശത്തു പാർത്തു എനിക്കു സമീപമായിരിക്കും . . . ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും.” (ഉല്‌പത്തി 45:9-11; 47:12) അതേ, പ്രായമായ മാതാപിതാക്കൾക്ക്‌ സ്വന്തം കാര്യങ്ങൾ നോക്കിനടത്താൻ കഴിയാതെവരുന്ന സാഹചര്യത്തിൽ അവരെ സംരക്ഷിക്കുന്നതും അവരുടെ ഭൗതിക ആവശ്യങ്ങൾക്കായി കരുതുന്നതും അപ്പനെയും അമ്മയെയും ബഹുമാനിക്കുന്നതിൽ ഉൾപ്പെടുന്നു. (1 ശമൂവേൽ 22:1-4; യോഹന്നാൻ 19:25-27) യോസേഫ്‌ സസന്തോഷം ഈ ഉത്തരവാദിത്വം നിർവഹിച്ചു.

6. യോസേഫ്‌ തന്റെ പിതാവിനോട്‌ യഥാർഥ സ്‌നേഹം പ്രകടമാക്കിയത്‌ എങ്ങനെ, നമുക്ക്‌ അവന്റെ മാതൃക എങ്ങനെ അനുകരിക്കാനാകും?

6 യഹോവയുടെ സഹായത്താൽ യോസേഫ്‌ ഈജിപ്‌തിലെ അതിസമ്പന്നരും അധികാരമുള്ളവരുമായ വ്യക്തികളിൽ ഒരാൾ ആയിത്തീർന്നിരുന്നു. (ഉല്‌പത്തി 41:40) എന്നാൽ 130 വയസ്സുള്ള തന്റെ പിതാവിനെ ബഹുമാനിക്കാൻ കഴിയാത്തത്ര തിരക്കോ പ്രാമുഖ്യതയോ ഉള്ളവനായി അവൻ ഭാവിച്ചില്ല. യാക്കോബ്‌ (അഥവാ ഇസ്രായേൽ) വരുന്നുണ്ടെന്നു കേട്ടപ്പോൾ, “യോസേഫ്‌ രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്‌പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.” (ഉല്‌പത്തി 46:28, 29) ആദരസൂചകമായ ഒരു ഔദ്യോഗിക ചടങ്ങിലും കവിഞ്ഞതായിരുന്നു ഈ വരവേൽപ്പ്‌. യോസേഫ്‌ തന്റെ വൃദ്ധപിതാവിനെ അതിയായി സ്‌നേഹിച്ചു, ആ സ്‌നേഹം പ്രകടിപ്പിക്കാൻ അവനു യാതൊരു നാണക്കേടും തോന്നിയില്ല. പ്രായംചെന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ സമാനമായി നാമും നിർലോപം സ്‌നേഹപ്രകടനങ്ങൾ നടത്തുന്നുണ്ടോ?

7. കനാനിൽ അടക്കപ്പെടാൻ യാക്കോബ്‌ ആഗ്രഹിച്ചത്‌ എന്തുകൊണ്ട്‌?

7 യഹോവയോടുള്ള യാക്കോബിന്റെ ഭക്തി അവന്റെ ജീവിതാവസാനം വരെ കരുത്തുറ്റതായിത്തന്നെ നിലനിന്നു. (എബ്രായർ 11:21) ദൈവിക വാഗ്‌ദാനങ്ങളിലുള്ള വിശ്വാസം നിമിത്തം, തന്നെ കനാനിൽ അടക്കണമെന്ന്‌ അവൻ ആഗ്രഹം പ്രകടിപ്പിച്ചു. ഗണ്യമായ പണച്ചെലവും ശ്രമവും ഉൾപ്പെട്ടിരുന്നിട്ടും തന്റെ പിതാവ്‌ അപേക്ഷിച്ചതുപോലെതന്നെ ചെയ്‌തുകൊണ്ട്‌ യോസേഫ്‌ അവനെ ബഹുമാനിച്ചു.​—⁠ഉല്‌പത്തി 47:29-31; 50:7-14.

8. (എ) വൃദ്ധരായ മാതാപിതാക്കൾക്കായി കരുതാൻ നമ്മെ പ്രധാനമായും പ്രചോദിപ്പിക്കുന്നത്‌ എന്ത്‌? (ബി) തന്റെ പ്രായംചെന്ന മാതാപിതാക്കൾക്കു വേണ്ടി കരുതുന്നതിന്‌ ഒരു മുഴുസമയ ശുശ്രൂഷകൻ എന്തു ചെയ്‌തു? (17-ാം പേജിലെ ചതുരം കാണുക.)

8 തന്റെ പിതാവിനു വേണ്ടി കരുതാൻ യോസേഫിനെ പ്രചോദിപ്പിച്ചത്‌ എന്താണ്‌? തനിക്കു ജന്മം നൽകി വളർത്തി വലുതാക്കിയ വ്യക്തിയോടുള്ള സ്‌നേഹത്തിനും കടപ്പാടിനും പുറമേ യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഴമായ ആഗ്രഹവും അവന്‌ ഉണ്ടായിരുന്നു. നമുക്കും അതേ ആഗ്രഹം തന്നെ ഉണ്ടായിരിക്കണം. പൗലൊസ്‌ ഇങ്ങനെ എഴുതി: “വല്ല വിധവെക്കും പുത്രപൌത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.” (1 തിമൊഥെയൊസ്‌ 5:4) അതേ, വാർധക്യത്തിലെത്തിയ മാതാപിതാക്കളെ നോക്കുന്നതിൽ എത്രതന്നെ വെല്ലുവിളികൾ ഉൾപ്പെട്ടിരുന്നാലും യഹോവയോടുള്ള സ്‌നേഹവും അവനോടുള്ള ഭയാദരവും അതു ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. *

മൂപ്പന്മാർക്ക്‌ കരുതൽ പ്രകടമാക്കാൻ കഴിയുന്ന വിധം

9. വൃദ്ധരായ ക്രിസ്‌ത്യാനികൾ ഉൾപ്പെടെയുള്ള തന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കാൻ യഹോവ ആരെ നിയമിച്ചിരിക്കുന്നു?

9 യാക്കോബ്‌ തന്റെ സുദീർഘ ജീവിതത്തിന്റെ അവസാനം, യഹോവയെ കുറിച്ച്‌ “ഞാൻ ജനിച്ചനാൾമുതൽ ഇന്നുവരെയും എന്നെ പുലർത്തിയിരിക്കുന്ന [“മേയ്‌ച്ചിരിക്കുന്ന,” NW] ദൈവം” എന്നു പറയുകയുണ്ടായി. (ഉല്‌പത്തി 48:15) ഇന്ന്‌ യഹോവ തന്റെ ഭൗമിക ദാസരെ മേയ്‌ക്കുന്നത്‌ തന്റെ പ്രിയപുത്രനും ‘ഇടയശ്രേഷ്‌ഠനും’ ആയ യേശുക്രിസ്‌തുവിന്റെ മാർഗനിർദേശത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ക്രിസ്‌തീയ മേൽവിചാരകന്മാർ അഥവാ മൂപ്പന്മാർ മുഖാന്തരമാണ്‌. (1 പത്രൊസ്‌ 5:2-4) ആട്ടിൻകൂട്ടത്തിലെ പ്രായംചെന്ന അംഗങ്ങൾക്കായി കരുതവേ മേൽവിചാരകന്മാർക്ക്‌ യഹോവയെ എങ്ങനെ അനുകരിക്കാൻ കഴിയും?

10. വൃദ്ധരായ ക്രിസ്‌ത്യാനികൾക്ക്‌ ഭൗതിക സഹായം നൽകുന്നതിന്‌ എന്തു ചെയ്യപ്പെട്ടിട്ടുണ്ട്‌? (19-ാം പേജിലെ ചതുരം കാണുക.)

10 ക്രിസ്‌തീയ സഭ പിറവിയെടുത്ത്‌ അധികം താമസിയാതെതന്നെ, ദരിദ്രരായ ക്രിസ്‌തീയ വിധവമാരുടെ ഇടയിൽ ‘പ്രതിദിനമുള്ള [ഭക്ഷണ] വിതരണത്തിന്റെ’ (പി.ഒ.സി. ബൈബിൾ) മേൽനോട്ടം വഹിക്കാനായി അപ്പൊസ്‌തലന്മാർ “ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ” നിയമിച്ചു. (പ്രവൃത്തികൾ 6:1-6) പിന്നീട്‌, മാതൃകായോഗ്യരായ വൃദ്ധ വിധവമാരെ ഭൗതിക സഹായത്തിന്‌ അർഹരായവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ പൗലൊസ്‌ തിമൊഥെയൊസിനു നിർദേശം നൽകുകയുണ്ടായി. (1 തിമൊഥെയൊസ്‌ 5:3, 9, 10) സമാനമായി ഇന്ന്‌ വൃദ്ധരായ ക്രിസ്‌ത്യാനികൾക്ക്‌ പ്രായോഗിക സഹായം ആവശ്യമായിരിക്കുമ്പോൾ സഭാ മേൽവിചാരകന്മാർ മനസ്സോടെ അതിനുള്ള ഏർപ്പാടുകൾ ചെയ്യുന്നു. എന്നിരുന്നാലും വിശ്വസ്‌തരായ വയോജനങ്ങളോടു കരുതൽ പ്രകടമാക്കുന്നതിൽ അതിലും അധികം ഉൾപ്പെട്ടിരിക്കുന്നു.

11. ചെറിയ സംഭാവനയിട്ട ദരിദ്രയായ വിധവയെ കുറിച്ച്‌ യേശു എന്താണ്‌ പറഞ്ഞത്‌?

11 തന്റെ ഭൗമിക ശുശ്രൂഷയുടെ അവസാനത്തോടടുത്ത്‌ ഒരു ദിവസം യേശു ആലയത്തിലിരുന്ന്‌ “പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു” നിരീക്ഷിക്കുകയായിരുന്നു. അതിൽ ഒരു വ്യക്തിയെ യേശു പ്രത്യേകം ശ്രദ്ധിക്കാൻ ഇടയായി. “ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ്‌ ഇട്ടു” എന്ന്‌ വിവരണം പറയുന്നു. യേശു തന്റെ ശിഷ്യന്മാരെ അടുക്കൽ വിളിച്ചിട്ട്‌ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്‌മയിൽനിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു.” (മർക്കൊസ്‌ 12:41-44) വിധവയുടെ സംഭാവന നിസ്സാര തുകയേ ഉണ്ടായിരുന്നുള്ളുവെങ്കിലും മുഴുദേഹിയോടെയുള്ള അത്തരം ഭക്തിപ്രകടനങ്ങളെ തന്റെ സ്വർഗീയ പിതാവ്‌ എത്രത്തോളം വിലമതിക്കുന്നുവെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. വിധവയുടെ പ്രായം എന്തുതന്നെ ആയിക്കൊള്ളട്ടെ അവൾ ചെയ്‌തതിനെ യേശു തെല്ലും അവഗണിച്ചില്ല.

12. വാർധക്യത്തിലെത്തിയ ക്രിസ്‌ത്യാനികൾ ചെയ്യുന്ന കാര്യങ്ങളോട്‌ മൂപ്പന്മാർക്ക്‌ എങ്ങനെ വിലമതിപ്പു പ്രകടിപ്പിക്കാൻ കഴിയും?

12 യേശുവിനെപ്പോലെ ക്രിസ്‌തീയ മേൽവിചാരകന്മാരും, സത്യാരാധനയുടെ ഉന്നമനത്തിനായി വൃദ്ധജനങ്ങൾ ചെയ്യുന്ന കാര്യങ്ങളെ അവഗണിക്കുന്നില്ല. ശുശ്രൂഷയിലെ അവരുടെ ശ്രമങ്ങൾ, യോഗങ്ങളിലെ പങ്കുപറ്റൽ, സഭയുടെമേൽ അവർക്കുള്ള ക്രിയാത്മക സ്വാധീനം, സഹിഷ്‌ണുത എന്നിവയ്‌ക്കായി വയോജനങ്ങളെ അഭിനന്ദിക്കാൻ മൂപ്പന്മാർക്ക്‌ നല്ല കാരണമുണ്ട്‌. ആത്മാർഥമായ ഒരു പ്രോത്സാഹനവാക്ക്‌ തങ്ങളുടെ വിശുദ്ധ സേവനത്തിൽ ‘ആഹ്ലാദത്തിനു കാരണം’ കണ്ടെത്താൻ വൃദ്ധരെ സഹായിക്കും. അങ്ങനെയാകുമ്പോൾ, തങ്ങൾ ഇപ്പോൾ ചെയ്യുന്നതിനെ മറ്റു ക്രിസ്‌ത്യാനികൾക്കു ചെയ്യാൻ കഴിയുന്നതിനോടോ മുൻകാലത്ത്‌ തങ്ങൾക്കുതന്നെ കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങളോടോ താരതമ്യം ചെയ്‌ത്‌ അവർ നിരാശപ്പെടുകയില്ല.​—⁠ഗലാത്യർ 6:​4, NW.

13. മൂപ്പന്മാർക്ക്‌ വൃദ്ധജനങ്ങളുടെ പ്രാപ്‌തികളും അനുഭവസമ്പത്തും ഏതെല്ലാം വിധങ്ങളിൽ ഉപയുക്തമാക്കാൻ കഴിയും?

13 പ്രായംചെന്ന ക്രിസ്‌ത്യാനികളുടെ അനുഭവസമ്പത്തും പ്രാപ്‌തികളും ഉപയുക്തമാക്കിക്കൊണ്ട്‌, അവരുടെ അമൂല്യമായ സഹായത്തെ മൂപ്പന്മാർക്കു വിലമതിക്കാൻ കഴിയും. മാതൃകായോഗ്യരായ വൃദ്ധജനങ്ങളെ ഇടയ്‌ക്കൊക്കെ പ്രകടനങ്ങളിലും അഭിമുഖങ്ങളിലും ഉൾപ്പെടുത്താവുന്നതാണ്‌. “മക്കളെ സത്യത്തിൽ വളർത്തിക്കൊണ്ടുവന്നിട്ടുള്ള പ്രായംചെന്ന ഒരു സഹോദരനുമായോ സഹോദരിയുമായോ അഭിമുഖം നടത്തുമ്പോഴൊക്കെ സദസ്സ്‌ കാതുകൂർപ്പിച്ചിരുന്നു ശ്രദ്ധിക്കാറുണ്ട്‌” എന്ന്‌ ഒരു മൂപ്പൻ പറയുന്നു. രാജ്യപ്രസാധകരെ വയൽസേവനത്തിൽ ക്രമമുള്ളവരാകാൻ സഹായിക്കുന്നതിൽ 71 വയസ്സുള്ള ഒരു പയനിയർ സഹോദരി വിജയിച്ചിരിക്കുന്നുവെന്ന്‌ മറ്റൊരു സഭയിലെ മൂപ്പന്മാർ റിപ്പോർട്ടു ചെയ്യുന്നു. ബൈബിളും ദിനവാക്യവും വായിക്കുന്നതും അതിനെ കുറിച്ചു ധ്യാനിക്കുന്നതും പോലുള്ള “അടിസ്ഥാന കാര്യങ്ങൾ” ചെയ്യാനും അവർ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്‌.

14. പ്രായംചെന്ന ഒരു സഹമേൽവിചാരകനോട്‌ മൂപ്പന്മാരുടെ ഒരു സംഘം വിലമതിപ്പു പ്രകടിപ്പിച്ചത്‌ എങ്ങനെ?

14 വൃദ്ധരായ സഹമേൽവിചാരകന്മാർ അവരുടെ പ്രാപ്‌തിക്കനുസരിച്ച്‌ നൽകുന്നതെല്ലാം മൂപ്പന്മാർ വിലമതിക്കുന്നു. ദശകങ്ങളായി ഒരു മൂപ്പനെന്ന നിലയിൽ സേവിക്കുന്ന 70 വയസ്സുള്ള ഷോസെ അടുത്തകാലത്ത്‌ ഒരു വലിയ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി. ആരോഗ്യം വീണ്ടെടുക്കാൻ താമസം നേരിട്ടപ്പോൾ അധ്യക്ഷ മേൽവിചാരകൻ എന്ന നിലയിലുള്ള തന്റെ പദവി ഒഴിയുന്നതിനെ കുറിച്ച്‌ അദ്ദേഹം ചിന്തിച്ചു. എന്നാൽ “മൂപ്പന്മാരുടെ പ്രതികരണം എന്നെ അതിശയിപ്പിച്ചുകളഞ്ഞു,” ഷോസെ പറയുന്നു. “എന്റെ നിർദേശം സ്വീകരിക്കുന്നതിനു പകരം, എന്റെ ഉത്തരവാദിത്വങ്ങളിൽ തുടരുന്നതിന്‌ എന്തു പ്രായോഗിക സഹായം തങ്ങൾക്കു നൽകാനാകും എന്നാണ്‌ അവർ ചോദിച്ചത്‌.” പ്രായംകുറഞ്ഞ ഒരു മൂപ്പന്റെ സഹായത്തോടെ, അധ്യക്ഷ മേൽവിചാരകൻ എന്ന നിലയിൽ സന്തോഷപൂർവം സേവിക്കുന്നതിൽ തുടരാൻ ഷോസെയ്‌ക്കു കഴിഞ്ഞു. അത്‌ സഭയ്‌ക്ക്‌ അനുഗ്രഹമായിത്തീരുകയും ചെയ്‌തിരിക്കുന്നു. ഒരു സഹമൂപ്പൻ ഇപ്രകാരം പറയുന്നു: “ഒരു മൂപ്പൻ എന്ന നിലയിലുള്ള ഷോസെയുടെ വേലയെ സഹോദരങ്ങൾ അതിയായി വിലമതിക്കുന്നു. അദ്ദേഹത്തിന്റെ അനുഭവപരിചയവും വിശ്വാസത്തിന്റെ മാതൃകയും നിമിത്തം അവർ അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അദ്ദേഹം ഞങ്ങളുടെ സഭയ്‌ക്ക്‌ ഒരു മുതൽക്കൂട്ടാണ്‌.”

അന്യോന്യം കരുതൽ

15. സകല ക്രിസ്‌ത്യാനികളും തങ്ങളുടെ ഇടയിലെ വയോജനങ്ങളുടെ ക്ഷേമത്തിൽ താത്‌പര്യം പ്രകടമാക്കേണ്ടത്‌ എന്തുകൊണ്ട്‌?

15 പ്രായംചെന്ന മാതാപിതാക്കളുള്ള മക്കളും നിയമിത ദാസന്മാരും മാത്രമല്ല വൃദ്ധജനങ്ങളുടെ കാര്യത്തിൽ താത്‌പര്യം എടുക്കേണ്ടത്‌. ക്രിസ്‌തീയ സഭയെ മനുഷ്യശരീരത്തോട്‌ താരതമ്യം ചെയ്‌തുകൊണ്ട്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.” (1 കൊരിന്ത്യർ 12:24, 25) മറ്റൊരു പരിഭാഷ ഇങ്ങനെ വായിക്കുന്നു: ‘അവയവങ്ങൾ ഒരുപോലെ പരസ്‌പരനന്മയിൽ ശ്രദ്ധാലുക്കളായിരിക്കണം.’ (വിശുദ്ധഗ്രന്ഥം പുതിയനിയമം, മാണിക്കത്തനാർ ജന്മശതാബ്ദി പരിഭാഷ) ക്രിസ്‌തീയ സഭ പരസ്‌പര യോജിപ്പിൽ പ്രവർത്തിക്കുന്നതിന്‌ ഓരോ അംഗവും വയോജനങ്ങൾ ഉൾപ്പെടെയുള്ള തന്റെ സഹവിശ്വാസികളുടെ ക്ഷേമത്തിൽ ശ്രദ്ധാലുവായിരിക്കണം.​—⁠ഗലാത്യർ 6:2.

16. ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുമ്പോൾ പ്രായമായവരിൽ നമുക്ക്‌ എങ്ങനെ താത്‌പര്യം പ്രകടമാക്കാം?

16 വൃദ്ധജനങ്ങളുടെ ക്ഷേമത്തിൽ നമുക്കുള്ള താത്‌പര്യം പ്രകടിപ്പിക്കാൻ ക്രിസ്‌തീയ യോഗങ്ങൾ നമുക്ക്‌ അവസരം നൽകുന്നു. (ഫിലിപ്പിയർ 2:4; എബ്രായർ 10:24, 25) അത്തരം സന്ദർഭങ്ങളിൽ വൃദ്ധരായവരോടു സംസാരിക്കാൻ നാം സമയമെടുക്കാറുണ്ടോ? അവരുടെ ഭൗതിക ക്ഷേമത്തെ കുറിച്ച്‌ തിരക്കുന്നത്‌ ഉചിതമായിരിക്കുമ്പോൾത്തന്നെ, ഒരുപക്ഷേ കെട്ടുപണി ചെയ്യുന്ന ഒരു അനുഭവമോ തിരുവെഴുത്താശയമോ പങ്കുവെച്ചുകൊണ്ട്‌ ‘എന്തെങ്കിലും ആത്മീയ ദാനം പ്രദാനം ചെയ്യാൻ’ നമുക്കാകുമോ? പ്രായംചെന്ന ചിലർക്ക്‌ നടക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നതിനാൽ അവർ നമ്മുടെ അടുത്തേക്കു വരാൻ പ്രതീക്ഷിക്കാതെ അവരുടെ അരികിലേക്കു ചെല്ലുന്നത്‌ ദയയായിരിക്കും. അവരിൽ ആർക്കെങ്കിലും കേൾവിക്കുറവുണ്ടെങ്കിൽ സാവധാനം സംസാരിക്കേണ്ടതും വാക്കുകൾ സ്‌ഫുടമായി ഉച്ചരിക്കേണ്ടതും ആവശ്യമായിരുന്നേക്കാം. യഥാർഥ “പ്രോത്സാഹന കൈമാറ്റം” സാധ്യമാകണമെങ്കിൽ പ്രായമുള്ള വ്യക്തി പറയുന്നത്‌ നാം ശ്രദ്ധിച്ചു കേൾക്കണം.​—⁠റോമർ 1:11, 12, NW.

17. വീട്ടിൽത്തന്നെ കഴിഞ്ഞുകൂടേണ്ടി വരുന്ന പ്രായംചെന്ന ക്രിസ്‌ത്യാനികളുടെ ക്ഷേമത്തിൽ നമുക്ക്‌ എങ്ങനെ താത്‌പര്യം പ്രകടമാക്കാൻ കഴിയും?

17 പ്രായംചെന്ന ചിലർക്ക്‌ ക്രിസ്‌തീയ യോഗങ്ങൾക്കു വരാൻ സാധിക്കാത്തപ്പോഴോ? “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നത്‌” നമ്മുടെ കടമയാണെന്ന്‌ യാക്കോബ്‌ 1:27 വ്യക്തമാക്കുന്നു. നാം അവരെ ചെന്നുകാണുന്നത്‌ വയോജനങ്ങൾ എത്രയധികം വിലമതിക്കുമെന്നോ! പൊ.യു. 65-നോട്‌ അടുത്ത്‌ റോമിൽ തടവിലായിരിക്കെ, ‘വയസ്സുചെന്ന’ പൗലൊസിന്‌ ഏകാന്തത അനുഭവപ്പെട്ടു. തന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസിനെ കാണാൻ അതിയായി വാഞ്‌ഛിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ എഴുതി: “വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്ക.” (ഫിലേമോൻ 9; 2 തിമൊഥെയൊസ്‌ 1:3, 4; 4:9) പൗലൊസിനെപ്പോലെ തടവിൽ അല്ലെങ്കിലും പ്രായമായ ചിലർ അനാരോഗ്യം നിമിത്തം വീട്ടിൽത്തന്നെ കഴിഞ്ഞുകൂടുന്നുണ്ട്‌. ‘ദയവായി വൈകാതെ എന്നെ വന്നൊന്നു കാണണേ’ എന്ന്‌ ഫലത്തിൽ അവരും പറയുന്നുണ്ടാവും. അത്തരം അഭ്യർഥനകളോടു നാം പ്രതികരിക്കുന്നുണ്ടോ?

18. നാം വൃദ്ധജനങ്ങളെ സന്ദർശിക്കുന്നതു മുഖാന്തരം എന്തു ഫലമുണ്ടായേക്കാം?

18 വാർധക്യത്തിലെത്തിയ ഒരു ആത്മീയ സഹോദരനെയോ സഹോദരിയെയോ സന്ദർശിക്കുന്നതിന്റെ സത്‌ഫലങ്ങളെ നാം ഒരിക്കലും വിലകുറച്ചു കാണരുത്‌. ഒനേസിഫൊരൊസ്‌ എന്നു പേരുള്ള ഒരു ക്രിസ്‌ത്യാനി റോമിലായിരുന്നപ്പോൾ താത്‌പര്യത്തോടെ പൗലൊസിനെ തിരഞ്ഞു കണ്ടെത്തുകയും തുടർന്ന്‌ ‘പലപ്പോഴും അവന്‌ ആശ്വാസം’ പകർന്നുകൊടുക്കുകയും ചെയ്‌തു. (2 തിമൊഥെയൊസ്‌ 1:16, 17, പി.ഒ.സി. ബൈ.) “യുവപ്രായക്കാരോടൊപ്പം സമയം ചെലവഴിക്കാൻ എനിക്കു വലിയ ഇഷ്ടമാണ്‌,” ഒരു വൃദ്ധ സഹോദരി പറയുന്നു. “കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ അവരെന്നോട്‌ ഇടപെടുന്നു എന്നുള്ളതാണ്‌ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സംഗതി. അത്‌ എനിക്കു വളരെയധികം പ്രോത്സാഹനം പകരുന്നു.” പ്രായംചെന്ന മറ്റൊരു സഹോദരി ഇപ്രകാരം പറയുന്നു: “ആരെങ്കിലും എനിക്കൊരു കാർഡ്‌ അയയ്‌ക്കുമ്പോൾ, ഏതാനും മിനിട്ടുനേരം ഫോൺ ചെയ്യുമ്പോൾ, അതുമല്ലെങ്കിൽ അൽപ്പനേരത്തേക്കെങ്കിലും എന്നെ വന്നൊന്നു കാണുമ്പോൾ ഞാനതു തികച്ചും വിലമതിക്കുന്നു. അൽപ്പം ശുദ്ധവായു ലഭിക്കുന്നതു പോലെയാണ്‌ അത്‌.”

കരുതൽ പ്രകടമാക്കുന്നവർക്ക്‌ യഹോവ പ്രതിഫലം നൽകുന്നു

19. വയോജനങ്ങളെ പരിപാലിക്കുന്നതു മുഖാന്തരം എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുന്നു?

19 വയോജനങ്ങളെ പരിപാലിക്കുന്നത്‌ അനേകം അനുഗ്രഹങ്ങൾ കൈവരുത്തുന്നു. പ്രായമായവരുമായി സഹവസിക്കാനും അവരുടെ പരിജ്ഞാനവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്താനും കഴിയുന്നതുതന്നെ ഒരു അനുഗ്രഹമാണ്‌. കൊടുക്കുന്നതു മുഖാന്തരം ലഭിക്കുന്ന ഏറിയ സന്തോഷം പരിപാലകർ അനുഭവിച്ചറിയുന്നു; ചെയ്യേണ്ടതു ചെയ്‌തെന്നുള്ള ചാരിതാർഥ്യവും തിരുവെഴുത്തുപരമായ ഉത്തരവാദിത്വം നിറവേറ്റിയതു മുഖാന്തരമുള്ള ആന്തരിക സമാധാനവും അവർക്ക്‌ അനുഭവവേദ്യമാകുന്നു. (പ്രവൃത്തികൾ 20:​35, NW) കൂടാതെ പ്രായമായവരെ പരിപാലിക്കുന്നവർക്ക്‌, തങ്ങൾക്കു പ്രായംചെല്ലുമ്പോൾ പരിത്യജിക്കപ്പെടുമോ എന്നുള്ള ഭയത്തിന്റെ ആവശ്യമില്ല. ദൈവവചനം നമുക്ക്‌ ഇപ്രകാരം ഉറപ്പുനൽകുന്നു: “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.”​—⁠സദൃശവാക്യങ്ങൾ 11:25.

20, 21. വൃദ്ധരെ പരിപാലിക്കുന്നവരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു, എന്തായിരിക്കണം നമ്മുടെ ദൃഢനിശ്ചയം?

20 വൃദ്ധരായ സഹാരാധകരുടെ ആവശ്യങ്ങൾ സംബന്ധിച്ച്‌ നിസ്സ്വാർഥമായ കരുതൽ പ്രകടമാക്കുന്ന ദൈവഭയമുള്ള മക്കൾക്കും മേൽവിചാരകന്മാർക്കും ക്രിസ്‌ത്യാനികൾക്കും യഹോവ പ്രതിഫലം നൽകും. അത്തരം മനോഭാവം പിൻവരുന്ന സദൃശവാക്യവുമായി ചേർച്ചയിലാണ്‌: “എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്‌പ കൊടുക്കുന്നു; അവൻ ചെയ്‌ത നന്മെക്കു അവൻ പകരം കൊടുക്കും.” (സദൃശവാക്യങ്ങൾ 19:17) എളിയവരോടും ദരിദ്രരോടും കരുണ കാണിക്കാൻ സ്‌നേഹം നമ്മെ പ്രചോദിപ്പിക്കുമ്പോൾ, അത്തരം കൊടുക്കലിനെ തനിക്കു നൽകുന്ന ഒരു വായ്‌പയായി യഹോവ കണക്കാക്കുന്നു, അനേകം അനുഗ്രഹങ്ങളോടൊപ്പം അവൻ അതു തിരിച്ചടയ്‌ക്കുന്നു. വൃദ്ധരായ സഹാരാധകരുടെ​—⁠അവരിൽ അനേകരും ‘ലോകത്തിൽ ദരിദ്രരെങ്കിലും വിശ്വാസത്തിൽ സമ്പന്നരാണ്‌’—⁠ക്ഷേമത്തിൽ നാം പ്രകടമാക്കുന്ന സ്‌നേഹപൂർവകമായ താത്‌പര്യത്തിനായും യഹോവ നമുക്കു പ്രതിഫലം നൽകുന്നു.​—⁠യാക്കോബ്‌ 2:5.

21 ദൈവം നൽകുന്ന പ്രതിഫലം എത്ര സമൃദ്ധമാണ്‌! അതിൽ നിത്യജീവൻ ഉൾപ്പെടുന്നു. യഹോവയുടെ ദാസരിൽ ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചും അതു പറുദീസ ഭൂമിയിലെ നിത്യജീവനാണ്‌. അവിടെ, പാരമ്പര്യമായി കൈമാറിക്കിട്ടിയ പാപത്തിന്റെ ഫലങ്ങൾ നിർമാർജനം ചെയ്യപ്പെടുമ്പോൾ വിശ്വസ്‌തരായ വൃദ്ധജനങ്ങൾ തങ്ങൾക്കു തിരികെ ലഭിക്കുന്ന യുവചൈതന്യത്തിൽ ആനന്ദിക്കും. (വെളിപ്പാടു 21:3-5) ആ അനുഗൃഹീത സമയത്തിനായി കാത്തിരിക്കവേ, വൃദ്ധജനങ്ങളെ പരിപാലിക്കാനുള്ള നമ്മുടെ ക്രിസ്‌തീയ കടപ്പാടു നിറവേറ്റുന്നതു നമുക്കു തുടരാം.

[അടിക്കുറിപ്പ്‌]

^ ഖ. 8 വൃദ്ധരായ മാതാപിതാക്കളോട്‌ കരുതൽ പ്രകടമാക്കാൻ കഴിയുന്ന വിധം സംബന്ധിച്ച പ്രായോഗിക നിർദേശങ്ങൾക്ക്‌ 1994 ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 3-10 പേജുകൾ കാണുക.

നിങ്ങളുടെ ഉത്തരമെന്ത്‌?

• മക്കൾക്ക്‌ തങ്ങളുടെ പ്രായംചെന്ന മാതാപിതാക്കളെ ബഹുമാനിക്കാൻ കഴിയുന്നത്‌ എങ്ങനെ?

• ആട്ടിൻകൂട്ടത്തിലെ വൃദ്ധരായ അംഗങ്ങളോട്‌ മൂപ്പന്മാർ എങ്ങനെ വിലമതിപ്പു പ്രകടമാക്കുന്നു?

• വയോജനങ്ങളുടെ ക്ഷേമത്തിലുള്ള തങ്ങളുടെ യഥാർഥ താത്‌പര്യം പ്രകടമാക്കാൻ മറ്റു ക്രിസ്‌ത്യാനികൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

• വാർധക്യത്തിലെത്തിയ ക്രിസ്‌ത്യാനികളെ പരിപാലിക്കുന്നതു മുഖാന്തരം എന്ത്‌ അനുഗ്രഹങ്ങൾ കൈവരുന്നു?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചതുരം]

മാതാപിതാക്കൾക്ക്‌ സഹായം ആവശ്യമായി വന്നപ്പോൾ

ലൈബീരിയയിൽ 1999-ൽ ഒരു സന്നദ്ധ നിർമാണ പ്രവർത്തകനായി സേവിക്കവേ ഫിലിപ്പിന്‌ തന്റെ പിതാവിന്റെ ആരോഗ്യനില തീരെ മോശമായി എന്നുള്ള വർത്തമാനം ലഭിച്ചു. അമ്മയ്‌ക്കു തനിച്ച്‌ ആ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും എന്ന്‌ നന്നായി അറിയാമായിരുന്നതിനാൽ വീട്ടിലേക്കു തിരിച്ചുപോയി പിതാവിന്റെ ചികിത്സയ്‌ക്കു വേണ്ട ഏർപ്പാടുകൾ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.

“തിരിച്ചുപോകാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നില്ല, എങ്കിലും എന്റെ പ്രഥമ കടപ്പാട്‌ മാതാപിതാക്കളോടാണ്‌ എന്ന്‌ എനിക്കു തോന്നി,” ഫിലിപ്പ്‌ സ്‌മരിക്കുന്നു. അടുത്ത മൂന്നുവർഷം കൊണ്ട്‌ മെച്ചപ്പെട്ട ഒരു ഭവനത്തിലേക്ക്‌ അദ്ദേഹം തന്റെ മാതാപിതാക്കളെ മാറ്റിപ്പാർപ്പിച്ചു. പ്രദേശത്തുള്ള സഹക്രിസ്‌ത്യാനികളുടെ സഹായത്തോടെ പിതാവിന്റെ പ്രത്യേക ആവശ്യങ്ങൾക്ക്‌ ഇണങ്ങുന്ന രീതിയിൽ വീടിന്‌ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്‌തു.

പിതാവിന്റെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോട്‌ മെച്ചമായി പൊരുത്തപ്പെട്ടു പോകാൻ ഫിലിപ്പിന്റെ അമ്മയ്‌ക്ക്‌ ഇപ്പോൾ സാധിക്കുന്നുണ്ട്‌. ഫിലിപ്പിന്‌ ഈയിടെ മാസിഡോണിയയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽ ഒരു സ്വമേധയാ സേവകനായി പ്രവർത്തിക്കാനുള്ള ക്ഷണം സ്വീകരിക്കാനും കഴിഞ്ഞു.

[19-ാം പേജിലെ ചതുരം]

അവർ ആ സഹോദരിയുടെ ആവശ്യങ്ങളെ അവഗണിച്ചിട്ടില്ല

ഓസ്‌ട്രേലിയയിലെ 85 വയസ്സുള്ള ഒരു ക്രിസ്‌തീയ സഹോദരിയായ ഏഡയ്‌ക്ക്‌ അനാരോഗ്യം നിമിത്തം വീട്ടിൽത്തന്നെ കഴിഞ്ഞുകൂടേണ്ടി വന്നപ്പോൾ സഭാ മൂപ്പന്മാർ അവരെ സഹായിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. സഹവിശ്വാസികളുടെ ഒരു കൂട്ടത്തെ അവർ അതിനായി ഏർപ്പാടാക്കി. സഹോദരിയുടെ വീടു വൃത്തിയാക്കൽ, തുണിയലക്കൽ, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ ജോലികൾക്കു പുറമേ അവർക്കുവേണ്ടി പുറത്തുപോയി ഓരോ കാര്യങ്ങൾ ചെയ്‌തുകൊടുക്കാനും ഈ സഹോദരീസഹോദരന്മാർ സന്തോഷമുള്ളവരായിരുന്നു.

ഏതാണ്ട്‌ പത്തു വർഷം മുമ്പാണ്‌ ഈ ക്രമീകരണം തുടങ്ങിയത്‌. 30-ലധികം സഹ ക്രിസ്‌ത്യാനികൾ ഇന്നോളം ഏഡയെ സഹായിച്ചിട്ടുണ്ട്‌. അവർ തുടർന്നും സഹോദരിയെ സന്ദർശിച്ച്‌ ബൈബിൾ പ്രസിദ്ധീകരണങ്ങൾ വായിച്ചുകേൾപ്പിക്കുകയും സഭയിലുള്ളവരുടെ ആത്മീയ പുരോഗതിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും പതിവായി അവരോടൊപ്പം പ്രാർഥിക്കുകയും ചെയ്യുന്നു.

ഒരു പ്രാദേശിക മൂപ്പൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഏഡയെ ശുശ്രൂഷിക്കുന്നവർ അവരെ സഹായിക്കുന്നത്‌ ഒരു പദവിയായിട്ടാണ്‌ വീക്ഷിക്കുന്നത്‌. ദശകങ്ങളായുള്ള അവരുടെ വിശ്വസ്‌ത സേവനത്താൽ അനേകർ പ്രോത്സാഹിതരായിട്ടുണ്ട്‌, അവരുടെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിക്കാൻ ഈ സഹോദരങ്ങൾക്കു കഴിയില്ല.”

[16-ാം പേജിലെ ചിത്രം]

പ്രായംചെന്ന മാതാപിതാക്കളോടുള്ള സ്‌നേഹപ്രകടനങ്ങളിൽ നാം ഉദാരമതികളാണോ?

[18-ാം പേജിലെ ചിത്രങ്ങൾ]

സഭയിലെ എല്ലാവർക്കും വൃദ്ധരായ സഹവിശ്വാസികളോട്‌ സ്‌നേഹം പ്രകടിപ്പിക്കാൻ കഴിയും