വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആവശ്യ സമയത്ത്‌ നന്മ ചെയ്യുന്നു

ആവശ്യ സമയത്ത്‌ നന്മ ചെയ്യുന്നു

ആവശ്യ സമയത്ത്‌ നന്മ ചെയ്യുന്നു

“അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്‌ക” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഉദ്‌ബോധിപ്പിച്ചു. (ഗലാത്യർ 6:10) ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ, എല്ലാവർക്കും പ്രത്യേകിച്ച്‌ സഹവിശ്വാസികൾക്കു നന്മ ചെയ്‌തുകൊണ്ട്‌ ആ തത്ത്വം തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കാൻ ആത്മാർഥമായി ശ്രമിക്കുന്നു. ആവശ്യ സമയത്ത്‌ ഇത്‌ ആവർത്തിച്ച്‌ പ്രകടമാക്കപ്പെടുന്നുണ്ട്‌. മൂന്നു രാജ്യങ്ങളിൽ നിന്നുള്ള അടുത്തകാലത്തെ ചില ഉദാഹരണങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.

മണിക്കൂറിൽ ഏതാണ്ട്‌ 300-ലധികം കിലോമീറ്റർ വേഗത്തിൽ ശക്തമായ ഒരു ചുഴലിക്കൊടുങ്കാറ്റ്‌ 2002 ഡിസംബറിൽ ഗ്വാമിനെ പ്രഹരിച്ചു. നിരവധി വീടുകൾ തകർന്നു, ചിലത്‌ പൂർണമായും തന്നെ. ഏറ്റവുമധികം കെടുതികൾ അനുഭവിച്ച സാക്ഷിക്കുടുംബങ്ങളുടെ സഹായാർഥം പെട്ടെന്നുതന്നെ പ്രാദേശിക സഭകൾ ശുചീകരണ സംഘങ്ങൾക്കു രൂപംനൽകി. കേടുപറ്റിയ വീടുകൾ നന്നാക്കാനായി ഗ്വാമിലെ ബ്രാഞ്ച്‌ ഓഫീസ്‌ ജോലിക്കാരെ അയച്ചു, കൂടാതെ ആവശ്യമായ സാമഗ്രികളും നൽകി. ഹവായ്‌ ബ്രാഞ്ച്‌ ഈ ശ്രമത്തെ പിന്തുണച്ചു. ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഹവായിയിൽനിന്ന്‌ ഒരുകൂട്ടം മരപ്പണിക്കാർ പുനഃനിർമാണ വേലയ്‌ക്കായി എത്തി. അവരെ പിന്തുണയ്‌ക്കാൻ ചില പ്രാദേശിക സഹോദരങ്ങൾ അവധിയെടുത്തു. സന്തോഷത്തോടെയുള്ള ഈ സഹകരണ മനോഭാവം ആ പ്രദേശത്തെ എല്ലാവർക്കും ഒരു സാക്ഷ്യമായി.

മ്യാൻമാറിലെ മാൻഡലേ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു രാജ്യഹാളിൽനിന്ന്‌ വളരെ അകലെയല്ലാതെ ഒരു തീപിടിത്തമുണ്ടായി. സമീപത്തായി നിഷ്‌ക്രിയയായ ഒരു സഹോദരിയും കുടുംബവും താമസിക്കുന്നുണ്ടായിരുന്നു. അവരുടെ വീടിന്‌ അഭിമുഖമായിട്ടാണ്‌ കാറ്റ്‌ അടിച്ചുകൊണ്ടിരുന്നത്‌. അതുകൊണ്ട്‌ സഹോദരി സഹായത്തിനായി ഹാളിലേക്ക്‌ ഓടി. ആ സമയത്ത്‌ ഹാളിന്റെ അറ്റകുറ്റപ്പണി നടക്കുകയായിരുന്നതിനാൽ അവിടെ ധാരാളം സഹോദരങ്ങൾ ഉണ്ടായിരുന്നു. സഹോദരി അവിടെയാണ്‌ താമസിക്കുന്നതെന്ന്‌ അറിയില്ലായിരുന്ന സഹോദരങ്ങൾക്ക്‌ അവരെ കണ്ടപ്പോൾ അതിശയംതോന്നി. പെട്ടെന്നുതന്നെ, വീട്ടുസാധനങ്ങൾ സുരക്ഷിതമായ ഒരു സ്ഥലത്തേക്കു നീക്കാൻ സഹോദരങ്ങൾ സഹായിച്ചു. തീപിടിത്തത്തെ കുറിച്ചു കേട്ട്‌ വീട്ടിലേക്ക്‌ ഓടിയെത്തിയ സാക്ഷിയല്ലാത്ത അവരുടെ ഭർത്താവ്‌ കണ്ടത്‌ സഹോദരങ്ങൾ തന്റെ കുടുംബത്തെ സഹായിക്കുന്നതാണ്‌. അദ്ദേഹത്തിന്‌ അങ്ങേയറ്റം സന്തോഷവും മതിപ്പും തോന്നി, മാത്രമല്ല വലിയ ആശ്വാസവും. കാരണം, മോഷ്ടാക്കൾ ഇത്തരം സാഹചര്യങ്ങളെ മുതലെടുക്കുന്നത്‌ സാധാരണമാണ്‌. സഹോദരങ്ങളുടെ ഈ ദയാപ്രവൃത്തി ക്രിസ്‌തീയ സഭയോടൊത്ത്‌ വീണ്ടും സഹവസിക്കാൻ സഹോദരിയെയും മകനെയും പ്രേരിപ്പിച്ചു. ഇപ്പോൾ അവർ എല്ലാ യോഗങ്ങൾക്കും ഹാജരാകുന്നുണ്ട്‌.

കഴിഞ്ഞ സേവനവർഷം, വരൾച്ചയും കൃഷിനാശവും നിമിത്തം മൊസാമ്പിക്കിലെ നിരവധിപേർക്ക്‌ പട്ടിണി നേരിടേണ്ടിവന്നു. ആവശ്യമുള്ളവർക്ക്‌ ഭക്ഷ്യവസ്‌തുക്കൾ നൽകിക്കൊണ്ട്‌ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക ബ്രാഞ്ച്‌ ഓഫീസ്‌ സത്വരം പ്രതികരിച്ചു. ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്‌തത്‌ രാജ്യഹാളുകളിലായിരുന്നു, ചിലപ്പോൾ യോഗങ്ങൾക്കു ശേഷം. ഭർത്താവില്ലാത്ത ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “വീട്ടിൽ തിരിച്ച്‌ ചെല്ലുമ്പോൾ കുട്ടികൾക്ക്‌ കഴിക്കാൻ എന്തു കൊടുക്കുമെന്നറിയാതെ ദുഃഖിതയായാണ്‌ ഞാൻ യോഗത്തിനു വന്നത്‌.” സ്‌നേഹപുരസ്സരം സഹോദരങ്ങൾ നൽകിയ സഹായം അവളെ ഏറെ സന്തോഷവതിയാക്കി. “എനിക്ക്‌ ഇതൊരു പുനരുത്ഥാനം പോലെയായിരുന്നു!” എന്ന്‌ അവർ പറയുകയുണ്ടായി.

ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ബൈബിൾ സന്ദേശം പങ്കുവെച്ചുകൊണ്ട്‌ ഒരു ആത്മീയ വിധത്തിലും സാക്ഷികൾ ‘നന്മചെയ്യുന്നു.’ പുരാതന കാലത്തെ ജ്ഞാനിയായ ഒരു മനുഷ്യന്റേതുപോലെയാണ്‌ അവരുടെ വിശ്വാസം: “[ദൈവിക ജ്ഞാനം] കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.”​—⁠സദൃശവാക്യങ്ങൾ 1:⁠33.

[31-ാം പേജിലെ ചിത്രങ്ങൾ]

1, 2. മൊസാമ്പിക്കിലെ ഭക്ഷ്യവിതരണം

3, 4. ഗ്വാമിലെ ചുഴലിക്കൊടുങ്കാറ്റ്‌ നിരവധി വീടുകൾ നശിപ്പിച്ചു

[കടപ്പാട്‌]

ഇടതുവശത്തെ കുട്ടി: Andrea Booher/FEMA News Photo; മുകളിൽ കാണുന്ന സ്‌ത്രീ: AP Photo/Pacific Daily News, Masako Watanabe