വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കടന്നുവന്നു ഞങ്ങളെ സഹായിക്ക”

“കടന്നുവന്നു ഞങ്ങളെ സഹായിക്ക”

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

“കടന്നുവന്നു ഞങ്ങളെ സഹായിക്ക”

ജർമൻ ഭാഷ അറിയാവുന്ന സാക്ഷികളെ ബൊളീവിയയിൽ ആവശ്യമുണ്ട്‌ എന്നൊരു അറിയിപ്പ്‌ ഓസ്‌ട്രിയ, ജർമനി, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിൽ 2000 ജൂലൈയിൽ നടത്തപ്പെടുകയുണ്ടായി. എന്തുകൊണ്ട്‌? ബൊളീവിയയിലെ സാന്താക്രൂസിന്റെ 300 കിലോമീറ്റർ ചുറ്റളവിലുള്ള ഒറ്റപ്പെട്ടു കിടക്കുന്ന കർഷക കോളനികളിലെ ജർമൻ ഭാഷ സംസാരിക്കുന്ന മെനനൈറ്റുകൾ ബൈബിളിൽ നല്ല താത്‌പര്യം കാണിച്ചതു നിമിത്തമായിരുന്നു അത്‌.

ആ ക്ഷണത്തോട്‌ 140-ഓളം സാക്ഷികൾ പ്രതികരിച്ചു. ചിലർ ഏതാനും ആഴ്‌ചയോ മറ്റു ചിലർ ഒരു വർഷമോ അതിൽ കൂടുതലോ അവിടെ സേവിച്ചു. അങ്ങനെ ചെയ്യുകവഴി പിൻവരുന്ന അഭ്യർഥനയ്‌ക്കു ചെവികൊടുത്ത ഒന്നാം നൂറ്റാണ്ടിലെ മിഷനറിമാരുടേതിനു സമാനമായ മനോഭാവമാണ്‌ അവർ പ്രകടിപ്പിച്ചത്‌: “മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക.”​—⁠പ്രവൃത്തികൾ 16:9, 10.

ആ പ്രദേശത്തെ പ്രവർത്തനം എങ്ങനെയാണ്‌? പ്രാദേശിക സഭയിലെ ഒരു മൂപ്പൻ പറയുന്നു: “മണ്ണ്‌ റോഡുകളിലൂടെ വാഹനത്തിൽ എട്ടു മണിക്കൂറോളം യാത്ര ചെയ്‌തുവേണം മെനനൈറ്റുകളുടെ 43 കോളനികളിലൊന്നിൽ എത്താൻ. ഏറെ അകലെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ മിക്കപ്പോഴും നാലു ദിവസത്തെ സമയം വേണം. ചില രാത്രികളിൽ കൂടാരങ്ങളിൽ കിടന്നുറങ്ങേണ്ടി വരും. എന്നിരുന്നാലും ഇത്‌ ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്‌. കാരണം ഇവരിൽ ആരുംതന്നെ മുമ്പൊരിക്കലും സുവാർത്ത കേട്ടിട്ടില്ല.”

പല മെനനൈറ്റുകളുടെയും പ്രതികരണം ആദ്യമൊന്നും അത്ര അനുകൂലമല്ലായിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾക്ക്‌ നൽകാനുള്ളത്‌ എന്താണെന്ന്‌ മനസ്സിലാക്കാൻ സാക്ഷികളുടെ ആവർത്തിച്ചുള്ള ശ്രമം അവരെ സഹായിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, താൻ ഒരു വർഷമായി ഉണരുക! മാസിക വായിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഒരു കർഷകൻ പറഞ്ഞു. തുടർന്ന്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ പറയുന്ന കാര്യങ്ങളോട്‌ ഇവിടത്തെ മിക്കവർക്കും യോജിപ്പില്ലെന്ന്‌ എനിക്കറിയാം, പക്ഷേ ഇതുതന്നെയാണ്‌ സത്യം.” മറ്റൊരു കോളനിയിലെ ഒരാൾ പറഞ്ഞു: “നിങ്ങൾ കള്ളപ്രവാചകന്മാരാണെന്ന്‌ എന്റെ ചില അയൽക്കാർ പറയുന്നു, എന്നാൽ നിങ്ങൾ പറയുന്നത്‌ സത്യമാണെന്നാണ്‌ മറ്റു ചിലരുടെ പക്ഷം. ഇതിൽ ഏതാണ്‌ ശരിയെന്നു വ്യക്തിപരമായി കണ്ടുപിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

ബൊളീവിയയിൽ ഇപ്പോൾ 14 മുഴുസമയ സുവിശേഷകർ ഉൾപ്പെടെ 35 പ്രസാധകരുള്ള ഒരു ജർമൻ സഭയുണ്ട്‌. ഇതേവരെ 14 മെനനൈറ്റുകൾ രാജ്യഘോഷകരായിത്തീർന്നിട്ടുണ്ട്‌, മറ്റ്‌ 9 പേർ ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നു. ഈയിടെ സ്‌നാപനമേറ്റ പ്രായംചെന്ന ഒരാൾ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ മാർഗനിർദേശം ഞങ്ങൾക്കു വ്യക്തമായി കാണാൻ കഴിയുന്നുണ്ട്‌. ഞങ്ങളെ സഹായിക്കാൻ അനുഭവസമ്പന്നരും ജർമൻ ഭാഷ അറിയാവുന്നവരുമായ സഹോദരങ്ങളെ അവൻ അയച്ചിരിക്കുന്നു. ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്‌.” അദ്ദേഹത്തിന്റെ 17 വയസ്സുള്ള സ്‌നാപനമേറ്റ മകൾ ഇങ്ങനെ പറഞ്ഞു: “ഇവിടെ എത്തിയ യുവസഹോദരങ്ങളുടെ ഉത്സാഹം മറ്റുള്ളവരെയും ഉത്സാഹഭരിതരാക്കുന്നു. അവരിൽ മിക്കവരും, മറ്റുള്ളവരെ സഹായിക്കാനായി തങ്ങളുടെ സമയവും പണവും ചെലവഴിക്കുന്ന പയനിയർമാരാണ്‌. അതുതന്നെ ചെയ്യാൻ ഞാനും പ്രചോദിതയാകുന്നു.”

സത്യമായും, സഹായിക്കാനായി ‘കടന്നുവരാ’നുള്ള ശ്രമം ചെയ്‌തവർ വലിയ സന്തോഷവും സംതൃപ്‌തിയും ആസ്വദിക്കുന്നുണ്ട്‌.