വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുണ്ടറകളിൽനിന്നും സ്വിസ്സ്‌ ആൽപ്‌സിലേക്ക്‌

കുണ്ടറകളിൽനിന്നും സ്വിസ്സ്‌ ആൽപ്‌സിലേക്ക്‌

ജീവിത കഥ

കുണ്ടറകളിൽനിന്നും സ്വിസ്സ്‌ ആൽപ്‌സിലേക്ക്‌

ലോതർ വാൾട്ടർ പറഞ്ഞപ്രകാരം

പൂർവ ജർമനിയിലെ കമ്മ്യൂണിസ്റ്റ്‌ കുണ്ടറകളിൽ മൂന്നു കൊല്ലക്കാലം കഴിഞ്ഞതിനു ശേഷം, സ്വാതന്ത്ര്യത്തിന്റെ മധുരവും എന്റെ കുടുംബത്തിന്റെ ഊഷ്‌മള സാമീപ്യവും ആസ്വദിക്കാൻ എനിക്കു തിടുക്കമായി.

എന്നാൽ ആറു വയസ്സുകാരനായ എന്റെ മകൻ യൊഹാനസിന്റെ മുഖത്തെ അന്ധാളിപ്പിനെ അഭിമുഖീകരിക്കാൻ ഞാൻ ഒരുങ്ങിയിരുന്നില്ല. കഴിഞ്ഞ മൂന്നു വർഷമായി അവൻ സ്വന്തം അച്ഛനെ കണ്ടിട്ടില്ലായിരുന്നു. അവനു ഞാൻ തികച്ചും അപരിചിതനായിരുന്നു.

എന്റെ മകനിൽനിന്നും വ്യത്യസ്‌തമായി, മാതാപിതാക്കളുടെ സ്‌നേഹവാത്സല്യം വേണ്ടുവോളം ആസ്വദിച്ചാണ്‌ ഞാൻ വളർന്നത്‌. ജർമനിയിലെ കെംനിറ്റ്‌സിൽ 1928-ലായിരുന്നു എന്റെ ജനനം. അവിടത്തെ ഞങ്ങളുടെ കുടുംബാന്തരീക്ഷം ഊഷ്‌മളത നിറഞ്ഞ ഒന്നായിരുന്നു. പിതാവ്‌ മതത്തോടുള്ള തന്റെ വിരക്തി തുറന്നു പ്രകടിപ്പിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത്‌ ഇരുപക്ഷത്തുമുള്ള “ക്രിസ്‌തീയ” ഭടന്മാർ ഡിസംബർ 25-ാം തീയതി “ക്രിസ്‌തുമസ്സ്‌ ആശംസകൾ” കൈമാറുകയും പിറ്റേന്ന്‌ പരസ്‌പരം കൊല്ലുകയും ചെയ്‌തിരുന്നത്‌ അദ്ദേഹത്തിന്റെ ഓർമയിലുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മതം തികഞ്ഞ കാപട്യത്തിന്റെ പര്യായമായിരുന്നു.

നിരാശ വിശ്വാസത്തിന്‌ വഴിമാറുന്നു

എന്നാൽ എനിക്ക്‌ അത്തരം നിരാശ അനുഭവിക്കേണ്ടി വന്നില്ല. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ എനിക്ക്‌ 17 വയസ്സ്‌. സൈന്യത്തിൽ ചേരുന്നതിൽനിന്ന്‌ ഞാൻ കഷ്ടിച്ച്‌ രക്ഷപ്പെട്ടു. എന്നിരുന്നാലും പിൻവരുന്നതുപോലുള്ള ചില ചോദ്യങ്ങൾ എന്നെ അലട്ടിക്കൊണ്ടിരുന്നു: ‘ഇത്രയധികം കൊലകൾ നടക്കുന്നത്‌ എന്തുകൊണ്ട്‌? എനിക്ക്‌ ആരെയാണ്‌ വിശ്വസിക്കാനാവുക? യഥാർഥ സുരക്ഷിതത്വം എനിക്ക്‌ എവിടെ ലഭിക്കും?’ തുടർന്ന്‌, ഞങ്ങൾ പാർത്തിരുന്ന പൂർവജർമനി സോവിയറ്റുകാരുടെ നിയന്ത്രണത്തിലായി. യുദ്ധക്കെടുതികളാൽ മനംമടുത്തിരുന്നവർ ന്യായം, സമത്വം, ഐക്യദാർഢ്യം, സമാധാന ബന്ധങ്ങൾ എന്നിങ്ങനെയുള്ള കമ്മ്യൂണിസ്റ്റ്‌ ആദർശങ്ങളെ സ്വാഗതം ചെയ്‌തു. താമസിയാതെ, ശുദ്ധഗതിക്കാരായ ഇവരിൽ അനേകരും വീണ്ടും നിരാശയുടെ കൈപ്പുനീർ കുടിച്ചു. ഇത്തവണ അതിനു കാരണം മതമായിരുന്നില്ല, രാഷ്‌ട്രീയമായിരുന്നു.

യുക്തിസഹമായ ഉത്തരങ്ങൾക്കായുള്ള എന്റെ അന്വേഷണത്തിനിടയിലാണ്‌ യഹോവയുടെ സാക്ഷികളിൽപ്പെട്ട എന്റെ ഒരു ആന്റി അവരുടെ വിശ്വാസത്തെ കുറിച്ച്‌ എന്നോടു സംസാരിച്ചത്‌. അവരിൽനിന്ന്‌ എനിക്ക്‌ ഒരു ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണം ലഭിച്ചു. ജീവിതത്തിൽ ആദ്യമായി മത്തായിയുടെ സുവിശേഷത്തിന്റെ 24-ാം അധ്യായം മുഴുവൻ വായിക്കാൻ ആ പ്രസിദ്ധീകരണം എന്നെ പ്രേരിപ്പിച്ചു. നമ്മുടെ നാളിനെ ‘ഈ വ്യവസ്ഥിതിയുടെ സമാപനമായി’ തിരിച്ചറിയിക്കുകയും മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങളുടെ മൂല കാരണത്തിലേക്ക്‌ വിരൽ ചൂണ്ടുകയും ചെയ്‌തുകൊണ്ട്‌ ആ പുസ്‌തകം നൽകിയ ന്യായയുക്തവും ബോധ്യംവരുത്തുന്നതുമായ വിശദീകരണങ്ങൾ എന്നെ വളരെയേറെ ആകർഷിച്ചു.​—⁠മത്തായി 24:​3, NW; വെളിപ്പാടു 12:⁠9.

താമസിയാതെതന്നെ എനിക്ക്‌ യഹോവയുടെ സാക്ഷികളുടെ കൂടുതൽ പ്രസിദ്ധീകരണങ്ങൾ ലഭിച്ചു. ഞാൻ ആത്മാർഥമായി തിരഞ്ഞുകൊണ്ടിരുന്ന സത്യം കണ്ടെത്തിയിരിക്കുന്നു എന്ന്‌ അവ വായിച്ചപ്പോൾ എനിക്കു മനസ്സിലായി. യേശുക്രിസ്‌തു 1914-ൽ സ്വർഗത്തിൽ സിംഹാസനസ്ഥനായെന്നും അവൻ പെട്ടെന്നുതന്നെ ഭക്തികെട്ട ലൗകിക ഘടകങ്ങളെ കീഴടക്കി അനുസരണമുള്ള മനുഷ്യവർഗത്തിന്‌ അനുഗ്രഹങ്ങൾ കൈവരുത്തുമെന്നും ഗ്രഹിച്ചത്‌ പുളകപ്രദമായിരുന്നു. മറുവില സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യമായിരുന്നു എന്റെ മറ്റൊരു വലിയ കണ്ടെത്തൽ. ഹൃദയംഗമമായ പ്രാർഥനയിലൂടെ ക്ഷമ യാചിച്ചുകൊണ്ട്‌ യഹോവയിലേക്കു തിരിയാൻ ഇത്‌ എന്നെ സഹായിച്ചു. യാക്കോബ്‌ 4:​8-ലെ പിൻവരുന്ന ആഹ്വാനം എന്നെ വളരെയേറെ സ്‌പർശിച്ചു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.”

പുതുതായി കണ്ടെത്തിയ വിശ്വാസത്തിന്റെ കാര്യത്തിൽ എനിക്കു തീക്ഷ്‌ണമായ ഉത്സാഹം ഉണ്ടായിരുന്നെങ്കിലും, എന്റെ മാതാപിതാക്കൾക്കും സഹോദരിക്കും ഞാൻ പറഞ്ഞ കാര്യങ്ങൾ ആദ്യം ഉൾക്കൊള്ളാനായില്ല. എന്നാൽ അത്‌ യഹോവയുടെ സാക്ഷികളുടെ ഒരു ചെറിയ കൂട്ടം കെംനിറ്റ്‌സിന്‌ അടുത്ത്‌ നടത്തിയിരുന്ന ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാനുള്ള എന്റെ ആഗ്രഹത്തെ മന്ദീഭവിപ്പിച്ചില്ല. അതിശയകരമെന്നു പറയട്ടെ, എന്റെ മാതാപിതാക്കളും സഹോദരിയും എന്നോടൊത്ത്‌ ആദ്യ യോഗത്തിന്‌ വന്നു. അത്‌ 1945/46-ലെ ശൈത്യകാലത്തായിരുന്നു. പിന്നീട്‌ ഞങ്ങൾ താമസിച്ചിരുന്ന ഹാർട്ടൗ എന്ന സ്ഥലത്ത്‌ ഒരു ബൈബിളധ്യയന കൂട്ടം ആരംഭിച്ചപ്പോൾ എന്റെ കുടുംബം യോഗങ്ങൾക്ക്‌ ക്രമമായി ഹാജരായിത്തുടങ്ങി.

“ഞാൻ ബാലനല്ലോ”

സുപ്രധാന ബൈബിൾ സത്യങ്ങൾ പഠിച്ചതും യഹോവയുടെ ജനത്തോടൊത്തുള്ള ക്രമമായ സഹവാസവും ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചു. 1946 മേയ്‌ 25-ന്‌ ആയിരുന്നു എന്റെ സ്‌നാപനം. എന്റെ കുടുംബാംഗങ്ങളും ആത്മീയമായി പുരോഗമിക്കുകയും കാലക്രമത്തിൽ മൂന്നുപേരും വിശ്വസ്‌ത സാക്ഷികളായിത്തീരുകയും ചെയ്‌തു എന്നത്‌ എനിക്കു വളരെയേറെ സന്തോഷവും സംതൃപ്‌തിയും നൽകിയ ഒരു കാര്യമാണ്‌. എന്റെ സഹോദരി ഇപ്പോഴും കെംനിറ്റ്‌സിലെ സഭകളിലൊന്നിൽ ഒരു സജീവ പ്രസാധികയാണ്‌. എന്റെ മാതാവും പിതാവും യഥാക്രമം 1965-ലും 1986-ലും മരിച്ചു. അതുവരെ അവരും വിശ്വസ്‌തമായി യഹോവയെ സേവിച്ചു.

സ്‌നാപനമേറ്റ്‌ ആറു മാസത്തിനു ശേഷം ഞാൻ പ്രത്യേക പയനിയറായി സേവിക്കാൻ തുടങ്ങി. ‘അനുകൂലവും അല്ലാത്തതുമായ സാഹചര്യങ്ങളിലെ’ ആജീവനാന്ത സേവനത്തിന്റെ തുടക്കം കുറിച്ചത്‌ അതായിരുന്നു. (2 തിമൊഥെയൊസ്‌ 4:​2, പി.ഒ.സി. ബൈബിൾ) പെട്ടെന്നുതന്നെ സേവനത്തിനുള്ള പുതിയ അവസരങ്ങൾ തുറന്നുകിട്ടി. പൂർവജർമനിയിലെ ഒരു വിദൂര മേഖലയിൽ മുഴുസമയ സുവിശേഷകരുടെ ആവശ്യമുണ്ടായിരുന്നു. ഞാനും വേറൊരു സഹോദരനും ഈ നിയമനത്തിനായി അപേക്ഷിച്ചു. എന്നാൽ ഇത്തരത്തിലുള്ള ഉത്തരവാദിത്വമേറിയ ഒരു വേല നിർവഹിക്കുന്നതിന്‌ ആവശ്യമായ അനുഭവസമ്പത്തോ പക്വതയോ ഞാൻ നേടിയിട്ടില്ലെന്ന്‌ എനിക്കു തോന്നി. 18 വയസ്സു മാത്രമുണ്ടായിരുന്ന എനിക്ക്‌ യിരെമ്യാവിന്റെ വികാരങ്ങളാണ്‌ അനുഭവപ്പെട്ടത്‌: “അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ.” (യിരെമ്യാവു 1:6) എന്റെ പ്രാപ്‌തി സംബന്ധിച്ച്‌ എനിക്കു സംശയങ്ങളുണ്ടായിരുന്നെങ്കിലും, ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ ഞങ്ങൾക്ക്‌ ഒരു അവസരം നൽകാൻ ദയാപുരസ്സരം തീരുമാനിച്ചു. അങ്ങനെ ബ്രാൻഡെൻബർഗ്‌ സംസ്ഥാനത്തെ ബെൽറ്റ്‌സിക്‌ എന്ന ചെറിയ പട്ടണത്തിലേക്ക്‌ ഞങ്ങൾക്കു നിയമനം ലഭിച്ചു.

ആ പ്രദേശത്തെ നിയമനം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും അത്‌ എനിക്ക്‌ അമൂല്യമായ ഒരു പരിശീലനമായിരുന്നു. കാലക്രമത്തിൽ, ബിസിനസ്സ്‌ മേഖലയിലെ നിരവധി പ്രമുഖ സ്‌ത്രീകൾ രാജ്യസന്ദേശം സ്വീകരിക്കുകയും യഹോവയുടെ സാക്ഷികളായിത്തീരുകയും ചെയ്‌തു. എന്നാൽ അവരുടെ നിലപാട്‌ രൂഢമൂലമായ പ്രാദേശിക ആചാരങ്ങളും ഭയങ്ങളും നിറഞ്ഞ ആ കൊച്ച്‌ ഉൾനാടൻ സമുദായത്തിന്‌ ഉൾക്കൊള്ളാനായില്ല. കത്തോലിക്ക-പ്രൊട്ടസ്റ്റന്റ്‌ പുരോഹിതന്മാർ ശക്തിയുക്തം എതിർക്കുകയും ഞങ്ങളെ കരിതേച്ചുകാണിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്‌തു, എല്ലാം ഞങ്ങളുടെ പ്രസംഗവേല നിമിത്തമായിരുന്നു. എങ്കിലും, മാർഗനിർദേശത്തിനും സംരക്ഷണത്തിനുമായി യഹോവയിൽ ആശ്രയിച്ചതിനാൽ സത്യം സ്വീകരിക്കാൻ നിരവധി പേരെ സഹായിക്കുന്നതിനു ഞങ്ങൾക്കു കഴിഞ്ഞു.

അസഹിഷ്‌ണുതയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു

ഞങ്ങളുടെമേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞതും അതേസമയം അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ സമ്മാനിച്ചതുമായ ഒരു വർഷമായിരുന്നു 1948. ഒന്നാമതായി, തുറിഞ്ചിയയിലെ റൂഡോൾഷ്‌റ്റാറ്റിൽ എനിക്കു പയനിയർ നിയമനം ലഭിച്ചു. അവിടെവെച്ച്‌ നിരവധി വിശ്വസ്‌ത സഹോദരങ്ങളെ പരിചയപ്പെടുന്നതിനും അവരുമായുള്ള സഹവാസം ആസ്വദിക്കുന്നതിനും കഴിഞ്ഞു. ആ വർഷം ജൂലൈയിൽ മറ്റൊരു വലിയ അനുഗ്രഹവും ലഭിച്ചു. ഞാൻ എറീക്കാ ഉൾമാനെ വിവാഹം കഴിച്ചു. കെംനിറ്റ്‌സിലെ സഭയിൽ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയതു മുതൽ എനിക്കു പരിചയമുള്ള വിശ്വസ്‌തയും ഊർജസ്വലയുമായ ഒരു യുവതിയായിരുന്നു അവൾ. ഞങ്ങൾ ഇരുവരും എന്റെ സ്വദേശമായ ഹാർട്ടൗവിൽ പയനിയറിങ്‌ ആരംഭിച്ചു. എന്നാൽ പിന്നീട്‌ ആരോഗ്യ പ്രശ്‌നങ്ങളാലും മറ്റു ചില കാരണങ്ങളാലും എറീക്കായ്‌ക്ക്‌ മുഴുസമയ സേവനത്തിൽ തുടരാൻ സാധിച്ചില്ല.

ആ കാലം യഹോവയുടെ ജനത്തിന്‌ ബുദ്ധിമുട്ടുള്ള ഒരു സമയമായിരുന്നു. എന്റെ പ്രസംഗ വേല നിറുത്തിക്കാനും മുഴുസമയ ലൗകിക ജോലിയിൽ പ്രവേശിപ്പിക്കാനുമായി കെംനിറ്റ്‌സിലെ തൊഴിൽകാര്യ വകുപ്പ്‌ എന്റെ റേഷൻ കാർഡ്‌ റദ്ദാക്കി. എന്റെ ഈ കേസിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റിന്റെ നിയമാംഗീകാരം നേടിയെടുക്കാൻ ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ ശ്രമിച്ചു. എങ്കിലും അത്‌ നിരസിക്കപ്പെട്ടു. ഒടുവിൽ 1950, ജൂൺ 23-ന്‌ വിധിവന്നു​—⁠ഒന്നുകിൽ പിഴ അടയ്‌ക്കുക അല്ലെങ്കിൽ 30 ദിവസം ജയിലിൽ കിടക്കുക. ഞങ്ങൾ അപ്പീലിന്‌ പോയെങ്കിലും മേൽക്കോടതി അതു തള്ളി, എന്നെ ജയിലിലേക്കും വിട്ടു.

വരാനിരുന്ന വലിയ എതിർപ്പിന്റെയും ബുദ്ധിമുട്ടുകളുടെയും ഒരു സൂചന മാത്രമായിരുന്നു അത്‌. കഷ്ടിച്ച്‌ ഒരു മാസം കഴിഞ്ഞ്‌ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ ഒരു പ്രചാരണം നടത്തിയതിനെ തുടർന്ന്‌, 1950 സെപ്‌റ്റംബറിൽ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം ഞങ്ങളുടെ പ്രവർത്തനം നിരോധിച്ചു. ദ്രുതഗതിയിലുള്ള ഞങ്ങളുടെ വർധനയും നിഷ്‌പക്ഷ നിലപാടും നിമിത്തം, മതത്തിന്റെ മറപിടിച്ച്‌ “സംശയകരമായ പ്രവർത്തനം” നിർവഹിക്കുന്ന പാശ്ചാത്യശക്തികളുടെ അപകടകാരികളായ ചാരന്മാരായി ഞങ്ങളെ മുദ്രകുത്തി. നിരോധനം നിലവിൽവന്ന ദിവസമാണ്‌ എന്റെ ഭാര്യ വീട്ടിൽവെച്ച്‌ ഞങ്ങളുടെ മകൻ യോഹാനാസിനു ജന്മമേകിയത്‌. ഞാൻ അപ്പോൾ ജയിലിൽ ആയിരുന്നു. വയറ്റാട്ടി തടയാൻ ശ്രമിച്ചെങ്കിലും സ്റ്റേറ്റ്‌ സെക്യൂരിറ്റി ഓഫീസർമാർ ബലം പ്രയോഗിച്ച്‌ വീട്ടിൽ കടന്ന്‌ അവരുടെ ആരോപണങ്ങൾ സത്യമാണെന്ന്‌ വരുത്തിത്തീർക്കാനുള്ള തെളിവുകൾക്കായി തിരഞ്ഞു. എന്നാൽ അവർക്ക്‌ ഒന്നും കിട്ടിയില്ല. എങ്കിലും പിന്നീട്‌, ഞങ്ങളുടെ സഭയിലേക്ക്‌ ഒരു ചാരനെ കടത്തിവിടുന്നതിൽ അവർ വിജയിച്ചു. അങ്ങനെ 1953 ഒക്ടോബറിൽ ഞാൻ ഉൾപ്പെടെ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരെല്ലാം അറസ്റ്റിലായി.

കുണ്ടറകളിൽ

കുറ്റം ചുമത്തപ്പെടുകയും മൂന്നു മുതൽ ആറു വരെ വർഷം വിവിധ ദൈർഘ്യമുള്ള ശിക്ഷകൾ ലഭിക്കുകയും ചെയ്‌ത ഞങ്ങൾ സ്വിക്കാവുയിലെ ഓസ്റ്റഷ്‌റ്റൈൻ മന്ദിരത്തിലെ വൃത്തികെട്ട കുണ്ടറകളിലുള്ള നിരവധി സഹോദരങ്ങളോട്‌ ചേർന്നു. ഹീനമായ ആ അവസ്ഥകളിലും പക്വതയുള്ള സഹോദരങ്ങളോടൊത്തു സഹവസിക്കാനായത്‌ യഥാർഥ സന്തോഷത്തിനു വക നൽകി. ഞങ്ങളുടെ സ്വാതന്ത്ര്യമില്ലായ്‌മ ആത്മീയ ഭക്ഷണത്തിന്റെ ഇല്ലായ്‌മയെ അർഥമാക്കിയില്ല. വെറുപ്പും നിരോധനവും ഉണ്ടായിരുന്നിട്ടും വീക്ഷാഗോപുരം മാസിക ജയിലിലേക്കും ഞങ്ങളുടെ സെല്ലുകളിലേക്കും കടന്നുവന്നു! എങ്ങനെ?

ചില സഹോദരങ്ങളെ കൽക്കരി ഖനികളിൽ പണി ചെയ്യാൻ അയച്ചിരുന്നു. അവിടെവെച്ച്‌ അവർ കണ്ടുമുട്ടിയ പുറത്തുള്ള സാക്ഷികളിൽനിന്നാണ്‌ അവർക്ക്‌ മാസികകൾ ലഭിച്ചത്‌. ഈ സഹോദരങ്ങൾ അതു ജയിലിലേക്കു കൊണ്ടുവരികയും വിലയേറിയ ആത്മീയ ഭക്ഷണം ബാക്കിയുള്ളവർക്ക്‌ വളരെ ബുദ്ധിപൂർവം കൈമാറുകയും ചെയ്‌തു. ഈ വിധത്തിൽ യഹോവയുടെ സംരക്ഷണവും മാർഗനിർദേശവും അനുഭവിച്ചറിയാനായത്‌ എനിക്ക്‌ അങ്ങേയറ്റം സന്തോഷവും പ്രോത്സാഹനവും നൽകി!

1954 അവസാനിക്കാറായപ്പോഴേക്കും ഞങ്ങളെ റ്റോർഗൗയിലെ കുപ്രസിദ്ധ ജയിലിലേക്കു മാറ്റി. അവിടെയുണ്ടായിരുന്ന സാക്ഷികൾ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. ഈ സമയമത്രയും, വീക്ഷാഗോപുരത്തിന്റെ പഴയ ലക്കങ്ങളിൽനിന്ന്‌ ഓർമിക്കാൻ കഴിഞ്ഞിരുന്ന കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടാണ്‌ അവർ ആത്മീയമായി ശക്തരായി നിലകൊണ്ടിരുന്നത്‌. പുതിയ ആത്മീയ ഭക്ഷണത്തിനായി അവർക്ക്‌ എത്രത്തോളം വിശപ്പുണ്ടായിരുന്നെന്നോ! ഞങ്ങൾ സ്വിക്കാവുയിൽ വെച്ച്‌ പഠിച്ച കാര്യങ്ങൾ അവരുമായി പങ്കുവെക്കേണ്ടത്‌ ഇപ്പോൾ ഞങ്ങളുടെ കടമയായിരുന്നു. ദിവസവും നടക്കാൻ അനുവദിച്ചിരിക്കുന്ന സമയത്ത്‌ പരസ്‌പരം സംസാരിക്കരുതെന്ന്‌ കർശനമായി വിലക്കിയിരുന്നതിനാൽ ഞങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയുമായിരുന്നു? അത്‌ എങ്ങനെ ചെയ്യണമെന്നതു സംബന്ധിച്ച്‌ സഹോദരങ്ങൾ ഞങ്ങൾക്കു വിലയേറിയ നിർദേശങ്ങൾ നൽകിയിട്ടുണ്ടായിരുന്നു. ഞങ്ങളുടെ മേൽ യഹോവയുടെ ശക്തമായ സംരക്ഷക കരം ഉണ്ടെന്ന്‌ ഞങ്ങൾ അനുഭവിച്ചറിയാനിടയായി. നമുക്ക്‌ സ്വാതന്ത്ര്യവും അവസരവും ഉള്ളപ്പോൾ ഉത്സാഹപൂർവം ബൈബിൾ പഠിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇതു ഞങ്ങളെ പഠിപ്പിച്ചു.

നിർണായക തീരുമാനങ്ങൾക്കുള്ള സമയം

യഹോവയുടെ സഹായത്താൽ ഞങ്ങൾ ഉറച്ചുനിന്നു. അതിശയകരമെന്നു പറയട്ടെ, 1956-ന്റെ അവസാനത്തിൽ ഞങ്ങളിൽ നിരവധി പേർക്ക്‌ പൊതുമാപ്പ്‌ ലഭിച്ചു. ജയിൽ കവാടങ്ങൾ തുറന്നപ്പോഴുള്ള ഞങ്ങളുടെ സന്തോഷം അവർണനീയമാണ്‌. അപ്പോഴേക്കും, എന്റെ മകന്‌ ആറു വയസ്സായിരുന്നു, ഭാര്യയോട്‌ വീണ്ടും ചേരാനും രണ്ടുപേരും ചേർന്ന്‌ കുട്ടിയെ വളർത്താനും കഴിയുക എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായിരുന്നു. കുറച്ചു കാലത്തേക്ക്‌ യോഹാനാസ്‌ എന്നോട്‌ ഒരു അപരിചിതനെപ്പോലെയാണ്‌ പെരുമാറിയിരുന്നത്‌. എങ്കിലും അധികം താമസിയാതെ ഞങ്ങൾക്കിടയിൽ ഊഷ്‌മളമായ ഒരു ബന്ധം വളർന്നുവന്നു.

പൂർവ ജർമനിയിലെ യഹോവയുടെ സാക്ഷികൾ വളരെ പ്രയാസം നേരിടുന്നുണ്ടായിരുന്നു. നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷയ്‌ക്കും നിഷ്‌പക്ഷ നിലപാടിനും എതിരായി നുരഞ്ഞുപൊന്തുന്ന ശത്രുത നിമിത്തം ഞങ്ങൾ നിരന്തര ഭീഷണിയിൻ കീഴിലായിരുന്നു​—⁠അപകടവും ഉത്‌കണ്‌ഠയും നിറഞ്ഞ ക്ലേശപൂർണമായ ഒരു ജീവിതം. അതിനാൽ, എറീക്കായും ഞാനും ഞങ്ങളുടെ സാഹചര്യത്തെ പ്രാർഥനാപൂർവം ശ്രദ്ധയോടെ പരിശോധിച്ചപ്പോൾ ഉത്‌കണ്‌ഠയ്‌ക്ക്‌ അടിമപ്പെടാതെ ജീവിക്കാനായി ഏറെ അനുകൂല അവസ്ഥകളുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞു. യഹോവയെ സേവിക്കാനും ആത്മീയ ലക്ഷ്യങ്ങൾ വെച്ച്‌ പ്രവർത്തിക്കാനുമായി കൂടുതൽ സ്വാതന്ത്ര്യം ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.

പശ്ചിമ ജർമനിയിലെ സ്റ്റുട്ട്‌ഗാർട്ടിലേക്ക്‌ മാറാനുള്ള ഒരു അവസരം 1957-ലെ വസന്തകാലത്തു ഞങ്ങൾക്കു ലഭിച്ചു. സാക്ഷീകരണവേല അവിടെ നിരോധിച്ചിരുന്നില്ല, സഹോദരങ്ങളോട്‌ സ്വതന്ത്രമായി സഹവസിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നു. അവർ സ്‌നേഹപുരസ്സരം നൽകിയ പിന്തുണ ശ്രദ്ധേയമായിരുന്നു. ഞങ്ങൾ ഏഴു വർഷം ഹേഡൽഫിങ്‌ഗനിലെ സഭയോടൊപ്പം ഉണ്ടായിരുന്നു. ആ സമയത്ത്‌ ഞങ്ങളുടെ മകൻ സ്‌കൂളിൽ പോയിത്തുടങ്ങുകയും ആത്മീയമായി നല്ല പുരോഗതി വരുത്തുകയും ചെയ്‌തു. 1962 സെപ്‌റ്റംബറിൽ വിസ്‌ബാഡനിൽവെച്ചു നടന്ന രാജ്യശുശ്രൂഷാ സ്‌കൂളിൽ സംബന്ധിക്കാനുള്ള പ്രത്യേക പദവി എനിക്കു ലഭിച്ചു. അവിടെ വെച്ച്‌, ജർമൻ സംസാരിക്കുന്ന ബൈബിൾ അധ്യാപകരെ ആവശ്യമുണ്ടായിരുന്ന ഇടങ്ങളിൽ സേവിക്കാനായി സകുടുംബം പോകാനുള്ള പ്രോത്സാഹനം എനിക്കു ലഭിച്ചു. ഈ പ്രദേശങ്ങളിൽ ജർമനിയുടെയും സ്വിറ്റ്‌സർലൻഡിന്റെയും ചില ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു.

സ്വിസ്സ്‌ ആൽപ്‌സിലേക്ക്‌

അങ്ങനെ 1963-ൽ ഞങ്ങൾ സ്വിറ്റ്‌സർലൻഡിലേക്കു മാറി. തുടർന്ന്‌ സ്വിസ്സ്‌ ആൽപ്‌സിന്റെ കേന്ദ്രഭാഗത്ത്‌ ലൂസേൺ എന്ന മനോഹരമായ തടാകത്തിന്റെ കരയിൽ സ്ഥിതിചെയ്യുന്ന ബ്രൂണെൻ പട്ടണത്തിലെ ഒരു ചെറിയ സഭയോടൊത്ത്‌ പ്രവർത്തിക്കാൻ ഞങ്ങൾക്കു നിർദേശം ലഭിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്‌ ഒരു പറുദീസ ആയിരുന്നു. അവിടത്തെ ജർമൻ ഭാഷാഭേദം, പ്രാദേശിക ജീവിതരീതി, ആളുകളുടെ ചിന്താഗതികൾ എന്നിവയൊക്കെയുമായി ഞങ്ങൾക്ക്‌ പരിചിതരാകേണ്ടിയിരുന്നു. എന്നിരുന്നാലും, സമാധാനപ്രേമികളായ ആളുകൾക്കിടയിലെ വേലയും സുവാർത്ത പ്രസംഗവും ഞങ്ങൾ ആസ്വദിച്ചു. ഞങ്ങൾ 14 വർഷം ബ്രൂണെനിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ മകൻ വളർന്നത്‌ അവിടെയാണ്‌.

എനിക്ക്‌ ഏതാണ്ട്‌ 50 വയസ്സുള്ളപ്പോൾ അതായത്‌ 1977-ൽ, ടൂണിൽ ഉള്ള സ്വിസ്സ്‌ ബെഥേലിൽ സേവിക്കാനുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. അതിനെ ഒരു പ്രത്യേക പദവിയായി കണക്കാക്കി ഞങ്ങൾ അതു വളരെ വിലമതിപ്പോടെ സ്വീകരിച്ചു. ഞാനും ഭാര്യയും ബെഥേലിൽ ചെലവഴിച്ച ഒൻപതു വർഷക്കാലം ഞങ്ങളുടെ ക്രിസ്‌തീയ ജീവിതത്തിലെയും വ്യക്തിപരമായ ആത്മീയ പുരോഗതിയിലെയും സുപ്രധാന നാഴികക്കല്ലാണ്‌. ടൂണിലെയും സമീപപ്രദേശങ്ങളിലെയും പ്രാദേശിക പ്രസാധകരോടൊത്തുള്ള പ്രസംഗവേല മാത്രമല്ല യഹോവയുടെ ‘അത്ഭുത പ്രവൃത്തികളുടെ’​—⁠ബെർനീസ്‌ ആൽപ്‌സിലെ മഞ്ഞുമൂടിക്കിടക്കുന്ന പ്രൗഢഗംഭീരമായ പർവതങ്ങൾ​—⁠നിരന്തര ദർശനവും ഞങ്ങൾ ആസ്വദിച്ചു.​—⁠സങ്കീർത്തനം 9:⁠1, NW.

വീണ്ടും ഒരു മാറ്റം

ഞങ്ങളുടെ അടുത്ത മാറ്റം 1986-ന്റെ തുടക്കത്തിൽ ആയിരുന്നു. സ്വിറ്റ്‌സർലൻഡിന്റെ കിഴക്കു ഭാഗത്തുള്ള ബൂക്ക്‌സ്‌ സഭയ്‌ക്കു നിയമിച്ചുകൊടുത്തിരിക്കുന്ന വലിയ ഒരു പ്രദേശത്ത്‌ പ്രത്യേക പയനിയർമാരായി സേവിക്കാൻ ഞങ്ങൾക്കു നിർദേശം ലഭിച്ചു. വീണ്ടും ഞങ്ങൾക്ക്‌ വ്യത്യസ്‌തമായ ഒരു ജീവിതശൈലിയുമായി പൊരുത്തപ്പെടേണ്ടിവന്നു. എന്നിരുന്നാലും, ഞങ്ങളെ മെച്ചമായി ഉപയോഗപ്പെടുത്താൻ കഴിയുന്നത്‌ ഏതു മേഖലയിൽ ആണോ അവിടെ യഹോവയെ സേവിക്കാനുള്ള ആഗ്രഹത്താൽ പ്രചോദിതരായി ഞങ്ങൾ ഈ പുതിയ നിയമനം ഏറ്റെടുക്കുകയും അവന്റെ അനുഗ്രഹം ആസ്വദിക്കുകയും ചെയ്‌തു. പകര സഞ്ചാരമേൽവിചാരകനെന്ന നിലയിൽ ഇടയ്‌ക്കൊക്കെ സഭകൾ സന്ദർശിക്കാനും അവയെ ശക്തിപ്പെടുത്താനും എനിക്കു സാധിച്ചിട്ടുണ്ട്‌. ഇപ്പോൾ പതിനെട്ടു വർഷം കഴിഞ്ഞിരിക്കുന്നു, ഇതിനിടയ്‌ക്ക്‌ ഞങ്ങൾക്ക്‌ ഈ പ്രദേശത്ത്‌ സുവാർത്ത പ്രസംഗിച്ചതിന്റെ സന്തോഷകരമായ അനവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. ബൂക്ക്‌സിലെ സഭ വളർന്നു. യോഗങ്ങൾക്കായി ഞങ്ങൾ കൂടിവരുന്നത്‌ അഞ്ചുവർഷം മുമ്പ്‌ സമർപ്പിച്ച മനോഹരമായ ഒരു രാജ്യഹാളിലാണ്‌.

യഹോവ ഞങ്ങളെ വളരെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. ജീവിതം ഒട്ടുമുക്കാലും ഞങ്ങൾ മുഴുസമയ ശുശ്രൂഷയിൽ വിനിയോഗിച്ചിരിക്കുന്നു. എങ്കിലും, ഞങ്ങൾക്ക്‌ ഒന്നിനും കുറവുണ്ടായിരുന്നിട്ടില്ല. ഞങ്ങളുടെ മകനും ഭാര്യയും അവരുടെ കുട്ടികളും അതുപോലെതന്നെ അവരുടെ കുടുംബങ്ങളും യഹോവയുടെ മാർഗത്തിൽ വിശ്വസ്‌തമായി നടക്കുന്നതിന്റെ സന്തോഷവും സംതൃപ്‌തിയും ഞങ്ങൾക്കുണ്ട്‌.

പിന്തിരിഞ്ഞു നോക്കുമ്പോൾ, ‘സാഹചര്യങ്ങൾ അനുകൂലമായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും’ യഹോവയെ സേവിച്ചിരിക്കുന്നു എന്നു ഞങ്ങൾക്ക്‌ ഉറപ്പോടെ പറയാൻ കഴിയും. ക്രിസ്‌തീയ ശുശ്രൂഷ എന്നെ ഇരുണ്ട കമ്മ്യൂണിസ്റ്റു കുണ്ടറകളിലും പിന്നീട്‌ അവിടെനിന്ന്‌ സ്വിസ്സ്‌ ആൽപ്‌സിലെ പ്രൗഢിയേറിയ പർവതപ്രദേശങ്ങളിലും എത്തിച്ചിരിക്കുന്നു. എന്റെ കുടുംബത്തിനും എനിക്കും ഒരിക്കൽപ്പോലും ഖേദം തോന്നിയിട്ടില്ല.

[28-ാം പേജിലെ ചതുരം]

“ഇരട്ട ശിക്ഷ ലഭിച്ചവർ” പീഡനത്തിൻ കീഴിൽ ഉറച്ചുനിൽക്കുന്നു

പൂർവ ജർമനി എന്നും അറിയപ്പെടുന്ന ജർമൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ യഹോവയുടെ സാക്ഷികൾ മൃഗീയ പീഡനത്തിന്‌ വിധേയരായി. രേഖകളനുസരിച്ച്‌, 5,000-ത്തിലധികം സാക്ഷികളാണ്‌ തങ്ങളുടെ ക്രിസ്‌തീയ ശുശ്രൂഷയും നിഷ്‌പക്ഷതയും നിമിത്തം നിർബന്ധിത തൊഴിൽപാളയങ്ങളിലേക്കും തടങ്കലിലേക്കും അയയ്‌ക്കപ്പെട്ടത്‌.​—⁠യെശയ്യാവു 2:⁠4.

ഇവരിൽ ചിലരെ “ഇരട്ട ശിക്ഷ ലഭിച്ചവർ” എന്നാണ്‌ വിളിച്ചിരിക്കുന്നത്‌. അവരിൽപ്പെട്ട 325-ഓളം പേർ നാസി തടങ്കൽ പാളയങ്ങളിലും ജയിലുകളിലും തടവ്‌ അനുഭവിച്ചിരുന്നു. തുടർന്ന്‌, 1950-കളിൽ ജർമൻ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിന്റെ സ്റ്റേറ്റ്‌ സെക്യൂരിറ്റി സർവീസ്‌ ആയ ഷ്‌റ്റാസി അവരെ തിരഞ്ഞുപിടിച്ച്‌ തടവിലാക്കി. ഈ ജയിലുകളിൽ ചിലതിന്‌ രണ്ടു ധർമമാണ്‌ അനുഷ്‌ഠിക്കേണ്ടി വന്നത്‌​—⁠ആദ്യം നാസി ജയിലുകളായും പിന്നെ ഷ്‌റ്റാസി ജയിലുകളായും.

മൃഗീയ പീഡനത്തിന്റെ ആദ്യദശകത്തിൽ അതായത്‌ 1950 മുതൽ 1961 വരെയുള്ള സമയത്ത്‌ സ്‌ത്രീകളും പുരുഷന്മാരുമായി മൊത്തം 60 സാക്ഷികൾ ദുഷ്‌പെരുമാറ്റവും വികലപോഷണവും രോഗവും വാർധക്യവും നിമിത്തം ജയിലിൽ വെച്ച്‌ മരണമടഞ്ഞു. പന്ത്രണ്ടുപേരെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചെങ്കിലും പിന്നീട്‌ അത്‌ 15 വർഷമായി കുറച്ചു.

പൂർവ ജർമനിയിൽ യഹോവയുടെ സാക്ഷികൾ നേരിട്ട 40 വർഷക്കാലത്തെ ഔദ്യോഗിക പീഡനത്തെ എടുത്തുകാട്ടുന്ന ഒരു സ്‌മാരകം ഇപ്പോൾ ബെർനിലിനുള്ള മുൻ ഷ്‌റ്റാസി ഹെഡ്‌ക്വാർട്ടേഴ്‌സിൽ സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ട്‌. കടുത്ത പീഡനത്തിൻ കീഴിൽ ഈ സാക്ഷികൾ പ്രകടമാക്കിയ ധൈര്യത്തിനും ആത്മീയ ബലത്തിനും മൂക സാക്ഷ്യം നൽകുന്നവയാണ്‌ അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ഫോട്ടോകളും വ്യക്തിവിവരണങ്ങളും.

[24, 25 പേജുകളിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പൂർവ ജർമനി

റൂഡോൾഷ്‌റ്റാറ്റ്‌

ബെൽറ്റ്‌സിക്‌

റ്റോർഗൗ

കെംനിറ്റ്‌സ്‌

സ്വിക്കാവു

[25-ാം പേജിലെ ചിത്രം]

സ്വിക്കാവുയിലെ ഓസ്റ്റഷ്‌റ്റൈൻ മന്ദിരം

[കടപ്പാട്‌]

Fotosammlung des Stadtarchiv Zwickau,Deutschland

[26-ാം പേജിലെ ചിത്രം]

എന്റെ ഭാര്യ എറീക്കായോടൊപ്പം