വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഒരു മതത്തിന്റെ ഭാഗം ആയിരിക്കണമോ?

നിങ്ങൾ ഒരു മതത്തിന്റെ ഭാഗം ആയിരിക്കണമോ?

നിങ്ങൾ ഒരു മതത്തിന്റെ ഭാഗം ആയിരിക്കണമോ?

‘ദൈവത്തിൽ വിശ്വസിക്കാൻ ഒരു സഭയിൽ അംഗം ആയിരിക്കുകയോ ക്രമമായി പള്ളിയിൽ പോകുകയോ ചെയ്യേണ്ടതില്ല!’ പള്ളിയിലോ ഏതെങ്കിലും മതസംഘടനയിലോ ഉള്ള അംഗത്വം സംബന്ധിച്ച്‌ അനേകർക്കും തോന്നുന്നത്‌ അങ്ങനെയാണ്‌. വാസ്‌തവത്തിൽ, തങ്ങൾക്കു ദൈവത്തോട്‌ അടുപ്പം തോന്നുന്നത്‌ ഒരു പള്ളിശുശ്രൂഷയിൽ സംബന്ധിക്കുമ്പോഴത്തേതിനെക്കാൾ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടു പുറത്തുകൂടെ നടക്കുമ്പോഴാണെന്നാണ്‌ ചിലർ പറയുന്നത്‌. ദൈവത്തിൽ വിശ്വസിക്കുന്നതിന്‌ ഏതെങ്കിലും ഒരു മതസംഘടനയുമായുള്ള ബന്ധം ആവശ്യമില്ലെന്നാണ്‌ ഇക്കാലത്ത്‌ പൊതുവേയുള്ള അഭിപ്രായം.

എന്നിരുന്നാലും, തികച്ചും വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ്‌ മറ്റുചിലരുടേത്‌. ദൈവാംഗീകാരം ഉണ്ടായിരിക്കണമെങ്കിൽ സഭാംഗത്വവും പള്ളിയിൽപ്പോക്കും ആവശ്യമാണെന്ന്‌, അത്യന്താപേക്ഷിതം പോലുമാണെന്ന്‌ അവർ വാദിക്കുന്നു. അതുകൊണ്ട്‌ ഒരു മതത്തിൽ ഉൾപ്പെട്ടു നിൽക്കേണ്ടത്‌ യഥാർഥത്തിൽ അത്യാവശ്യമാണോ എന്നത്‌ ഓരോ വ്യക്തിയെ സംബന്ധിച്ചും പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്‌. അല്ലാതെ അത്‌ കേവലം സ്ഥിതിവിവരക്കണക്കിനും മറ്റു വസ്‌തുതകൾക്കുമായി മതത്തെ കുറിച്ച്‌ പഠനം നടത്തുന്നവർക്കായുള്ള ഒരു വിഷയമല്ല. എന്തുതന്നെ ആയിരുന്നാലും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്ന കാര്യമായതിനാൽ ഇതു സംബന്ധിച്ച ദൈവിക വീക്ഷണം കണ്ടെത്തുന്നത്‌ ന്യായയുക്തമായിരിക്കില്ലേ? അപ്പോൾ ഈ വിഷയം സംബന്ധിച്ച്‌ അവന്റെ വചനമായ ബൈബിളിൽനിന്ന്‌ നമുക്ക്‌ എന്താണ്‌ പഠിക്കാനാകുക?

കഴിഞ്ഞ കാലത്ത്‌ ദൈവം മനുഷ്യരുമായി ഇടപെട്ട വിധം

ഏതാണ്ട്‌ 4,400 വർഷം മുമ്പ്‌ മുഴു ഭൂമിയും വിപത്‌കരമായ ഒരു ജലപ്രളയത്തിൽ മുങ്ങിത്താണു. അത്തരമൊരു സംഭവം മനുഷ്യമനസ്സുകളിൽനിന്ന്‌ എളുപ്പം മാഞ്ഞുപോകുന്ന ഒന്നല്ല. ലോകമെമ്പാടുമുള്ള ജനതകളുടെ ആദിമ ചരിത്രവൃത്താന്തങ്ങളിൽ അതിനെ കുറിച്ചുള്ള കഥകളുണ്ട്‌. വിശദാംശങ്ങൾ വ്യത്യസ്‌തമാണെങ്കിലും, ഏതാനും മനുഷ്യരും കുറച്ച്‌ ജന്തുക്കളും മാത്രമേ അതിജീവിച്ചുള്ളു എന്നത്‌ ഉൾപ്പെടെ ഈ കഥകൾക്ക്‌ പൊതുവായ അനേകം തന്തുക്കളുണ്ട്‌.

പ്രളയ അതിജീവകർ യാദൃച്ഛികമായി നാശത്തിൽനിന്ന്‌ രക്ഷപ്പെട്ടവരായിരുന്നോ? അങ്ങനെ ആയിരുന്നില്ല എന്ന്‌ ബൈബിൾ വിവരണം വ്യക്തമാക്കുന്നു. എന്നാൽ ശ്രദ്ധേയമായ സംഗതി, വരാൻപോകുന്ന പ്രളയത്തെ കുറിച്ച്‌ ദൈവം നേരിട്ട്‌ ഓരോ വ്യക്തിയെയും അറിയിച്ചില്ല എന്നതാണ്‌. മറിച്ച്‌ ദൈവം അത്‌ നോഹയോടു പറഞ്ഞു, എന്നിട്ട്‌ നോഹയാണ്‌ തന്റെ സമകാലീനർക്കു മുന്നറിയിപ്പു നൽകിയത്‌.​—⁠ഉല്‌പത്തി 6:13-16; 2 പത്രൊസ്‌ 2:5.

അതിജീവനം, പരസ്‌പരം അടുത്ത്‌ പറ്റിനിന്നവരുടെ ഒരു കൂട്ടത്തിന്റെ ഭാഗമായിരിക്കുന്നതിനെയും ദൈവം നോഹയ്‌ക്ക്‌ നൽകിയ മാർഗനിർദേശം മനസ്സോടെ സ്വീകരിക്കുന്നതിനെയും ആശ്രയിച്ചിരുന്നു. പ്രളയത്തെ അതിജീവിച്ച ജന്തുക്കൾക്കുപോലും അതിനു സാധിച്ചത്‌ പെട്ടകത്തിൽ ഈ കൂട്ടത്തോടൊപ്പം ആയിരുന്നതുകൊണ്ടാണ്‌. ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യാനായി ദൈവം നോഹയ്‌ക്ക്‌ വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു.​—⁠ഉല്‌പത്തി 6:17-7:⁠8.

നൂറ്റാണ്ടുകൾക്കു ശേഷം നോഹയുടെ പുത്രനായ ശേമിലൂടെയുള്ള അവന്റെ വംശജർ ഈജിപ്‌തിന്റെ അടിമത്തത്തിൽ ആയിത്തീർന്നു. എന്നാൽ അവരെ മോചിപ്പിച്ച്‌ അവരുടെ പൂർവപിതാവായ അബ്രാഹാമിനോടു വാഗ്‌ദാനം ചെയ്‌ത ദേശത്തേക്കു കൊണ്ടുവരിക എന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. ഈ അവസരത്തിലും, അക്കാര്യം ഓരോ വ്യക്തിക്കും വെളിപ്പെടുത്തിക്കൊടുത്തില്ല. മറിച്ച്‌ അവരുടെ നായകന്മാരായി തിരഞ്ഞെടുക്കപ്പെട്ട മോശെക്കും സഹോദരനായ അഹരോനുമാണ്‌ അത്‌ ആദ്യം വെളിപ്പെടുത്തിയത്‌. (പുറപ്പാടു 3:7-10; 4:27-31) അടിമകളായിരുന്നവരെ ഒരു കൂട്ടമെന്ന നിലയിൽ ഈജിപ്‌തിൽനിന്നു വിടുവിച്ചശേഷം, സീനായി മലയിൽവെച്ച്‌ ദൈവം അവർക്ക്‌ തന്റെ ന്യായപ്രമാണം നൽകുകയും ഇസ്രായേൽ ജനത എന്ന നിലയിൽ അവരെ സംഘടിപ്പിക്കുകയും ചെയ്‌തു.​—⁠പുറപ്പാടു 19:1-6.

ദൈവം തിരഞ്ഞെടുത്ത ഒരു കൂട്ടത്തിന്റെ ഭാഗമായിരിക്കുകയും അതിലെ നിയമിത തലവന്മാരുടെ മാർഗനിർദേശങ്ങൾ പിൻപറ്റുകയും ചെയ്‌തതിനാൽ മാത്രമായിരുന്നു ഇസ്രായേലിലെ ഓരോരുത്തർക്കും മോചനം ലഭിച്ചത്‌. വ്യക്തമായും ദിവ്യാംഗീകാരം ഉണ്ടായിരുന്ന ആ കൂട്ടവുമായി സഹവസിക്കാൻ വ്യക്തികളെന്ന നിലയിൽ ഈജിപ്‌തുകാർക്കും അവസരം ലഭിച്ചു. ഇസ്രായേല്യർ ഈജിപ്‌തുവിട്ടപ്പോൾ അവരോടൊപ്പം പോയിക്കൊണ്ട്‌ ഇവരും ദൈവാനുഗ്രഹങ്ങൾക്കു തങ്ങളെത്തന്നെ യോഗ്യരാക്കി.​—⁠പുറപ്പാടു 12:37, 38.

തുടർന്ന്‌ ഒന്നാം നൂറ്റാണ്ടിൽ, ആളുകളെ തന്റെ ശിഷ്യന്മാരായി കൂട്ടിച്ചേർത്തുകൊണ്ട്‌ യേശു തന്റെ പ്രസംഗപ്രവർത്തനം തുടങ്ങി. ആവശ്യമനുസരിച്ച്‌ അവൻ അവർക്ക്‌ വ്യക്തിപരമായി സ്‌നേഹപുരസ്സരമായ ശ്രദ്ധ നൽകിയിരുന്നെങ്കിലും പ്രധാനമായും അവൻ അവരോട്‌ ഇടപെട്ടത്‌ ഒരു കൂട്ടമെന്ന നിലയിലാണ്‌. വിശ്വസ്‌തരായ 11 അപ്പൊസ്‌തലന്മാരോടായി യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു.” (ലൂക്കൊസ്‌ 22:28, 29) പിൽക്കാലത്ത്‌, ഒരു കൂട്ടമെന്ന നിലയിൽ ഒരുമിച്ചായിരുന്ന ശിഷ്യരുടെമേൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ പകരപ്പെട്ടു.​—⁠പ്രവൃത്തികൾ 2:1-4.

ഈ ഉദാഹരണങ്ങളെല്ലാം വ്യക്തമാക്കുന്നത്‌ ദൈവം കഴിഞ്ഞകാലത്തെല്ലാം തന്റെ ജനത്തോട്‌ ഇടപെട്ടിട്ടുള്ളത്‌ ഒരു സംഘടിത കൂട്ടമെന്ന നിലയിലാണ്‌ എന്നാണ്‌. ദൈവം വ്യക്തിപരമായി ഇടപെട്ട ഏതാനും ചിലരെ​—⁠നോഹ, മോശെ, യേശു തുടങ്ങിയവർ​—⁠ഒറ്റക്കെട്ടായി നിലകൊണ്ടിരുന്ന ഒരു കൂട്ടത്തോട്‌ ആശയവിനിമയം നടത്താൻ ദൈവം ഉപയോഗിച്ചു. ഇന്ന്‌ ദൈവം തന്റെ ദാസന്മാരുമായി ഇടപെടുന്നത്‌ വ്യത്യസ്‌തമായിട്ടായിരിക്കുമെന്നു വിശ്വസിക്കാൻ യാതൊരു കാരണവുമില്ല. ഇതു നമ്മെ മറ്റൊരു ചോദ്യത്തിലേക്കു നയിക്കുന്നു: ഏതെങ്കിലുമൊരു മതവിഭാഗത്തിൽ ഉൾപ്പെട്ടുനിന്നാൽ മതിയോ? ജീവത്‌പ്രധാനമായ ഈ ചോദ്യം അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും.

[4-ാം പേജിലെ ചിത്രം]

ഒരു സംഘടിത കൂട്ടമെന്ന നിലയിലാണ്‌ ദൈവം തന്റെ ജനത്തോട്‌ ദീർഘകാലമായി ഇടപെട്ടിട്ടുള്ളത്‌