വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ തിരഞ്ഞെടുക്കേണ്ട മതം ഏത്‌?

നിങ്ങൾ തിരഞ്ഞെടുക്കേണ്ട മതം ഏത്‌?

നിങ്ങൾ തിരഞ്ഞെടുക്കേണ്ട മതം ഏത്‌?

‘വ്യത്യസ്‌ത മതങ്ങൾ ഒരേ ലക്ഷ്യത്തിലേക്കുള്ള പല വഴികൾ മാത്രമാണ്‌. ദൈവം ഒന്നല്ലേയുള്ളൂ?’ മതാംഗത്വം പ്രധാനമാണെങ്കിലും, അത്‌ ഏതു മതമാണ്‌ എന്നതിനു പ്രസക്തിയില്ലെന്നു കരുതുന്ന പലരും ചിന്തിക്കുന്നത്‌ ഇങ്ങനെയാണ്‌.

സർവശക്തനായ ഒരു ദൈവമേ ഉള്ളു എന്നത്‌ വാസ്‌തവമായതിനാൽ ഈ വാദം പ്രഥമദൃഷ്ട്യാ ന്യായയുക്തമാണെന്നു തോന്നിയേക്കാം. (യെശയ്യാവു 44:6; യോഹന്നാൻ 17:3; 1 കൊരിന്ത്യർ 8:5, 6) എന്നിരുന്നാലും, സത്യദൈവത്തെ സേവിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന നിരവധി മതവിഭാഗങ്ങൾക്കിടയിലെ പ്രകടമായ അന്തരങ്ങൾ​—⁠വൈരുദ്ധ്യങ്ങൾപോലും​—⁠നമുക്ക്‌ കണ്ടില്ലെന്നുവെക്കാനാവില്ല. ആചാരങ്ങൾ, വിശ്വാസങ്ങൾ, ഉപദേശങ്ങൾ, വ്യവസ്ഥകൾ എന്നിവയിലെല്ലാം അവയ്‌ക്കു സാരമായ വ്യത്യാസങ്ങളുണ്ട്‌. ഒരു മതത്തിലോ മതവിഭാഗത്തിലോ പെട്ടവർക്ക്‌, മറ്റുള്ളവരുടെ പഠിപ്പിക്കലുകളോ വിശ്വാസങ്ങളോ മനസ്സിലാക്കാനോ സ്വീകരിക്കാനോ ബുദ്ധിമുട്ട്‌ ആയിരിക്കത്തക്കവിധം അത്ര വലുതാണ്‌ ഈ അന്തരങ്ങൾ.

അതേസമയം യേശു ഇപ്രകാരം പറഞ്ഞു: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്‌കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്‌കരിക്കേണം.” (യോഹന്നാൻ 4:24) ദൈവത്തെ ആരാധിക്കേണ്ടത്‌ സത്യത്തിൽ ആയതിനാൽ, ദൈവം ആരാണ്‌, അവന്റെ ഉദ്ദേശ്യങ്ങൾ എന്താണ്‌, അവനെ എങ്ങനെ ആരാധിക്കണം എന്നീ കാര്യങ്ങൾ സംബന്ധിച്ച്‌ പരസ്‌പരവിരുദ്ധമായ നിരവധി ആശയങ്ങൾ വെച്ചുപുലർത്താനാകുമോ? ഏതു വിധത്തിൽ ആരാധിച്ചാലും സർവശക്തനായ ദൈവത്തിന്‌ അതു പ്രശ്‌നമല്ല എന്നു വിശ്വസിക്കുന്നത്‌ ന്യായയുക്തമാണോ?

സത്യക്രിസ്‌ത്യാനികൾ​—⁠അന്നും ഇന്നും

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ ചിലപ്പോഴൊക്കെ കാര്യങ്ങൾ സംബന്ധിച്ച്‌ വ്യത്യസ്‌ത വീക്ഷണങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്‌, കൊരിന്ത്യരോട്‌ സംസാരിക്കവേ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ പിണക്കം ഉണ്ടെന്നു ക്ലോവയുടെ ആളുകളാൽ എനിക്കു അറിവു കിട്ടിയിരിക്കുന്നു. നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്‌തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നുപോൽ.”​—⁠1 കൊരിന്ത്യർ 1:11, 12.

ഈ ഭിന്നതകളെ പൗലൊസ്‌ നിസ്സാരമായി തള്ളിക്കളഞ്ഞോ? ഓരോരുത്തരും രക്ഷയിലേക്കുള്ള സ്വന്തം വഴിയിലൂടെ കേവലം ഗമിക്കുകയായിരുന്നോ? ഒരിക്കലുമല്ല! പൗലൊസ്‌ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.”​—⁠1 കൊരിന്ത്യർ 1:10.

ബലപ്രയോഗത്തിലൂടെയോ നിർബന്ധത്തിലൂടെയോ വിശ്വാസ ഐക്യം കൈവരിക്കാനാവില്ല. ഓരോരുത്തരും കാര്യങ്ങൾ ശ്രദ്ധാപൂർവം വിശകലനം ചെയ്‌ത്‌ ഒരേ നിഗമനങ്ങളിൽ എത്തിച്ചേരുകയും അവ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ അത്‌ സാധ്യമാകൂ. അക്കാരണത്താൽ, പൗലൊസ്‌ സംസാരിച്ച തരത്തിലുള്ള ഐക്യം ആസ്വദിക്കുന്നതിനു വേണ്ട അവശ്യ പടികളാണ്‌ ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനവും പഠിച്ച കാര്യങ്ങൾ ബാധകമാക്കാനുള്ള ആത്മാർഥമായ ആഗ്രഹവും. അത്തരത്തിലുള്ള ഐക്യം ഇന്ന്‌ കണ്ടെത്താനാകുമോ? നാം കണ്ടുകഴിഞ്ഞതുപോലെ, സംഘടിത കൂട്ടം എന്ന നിലയിലാണ്‌ ദൈവം തന്റെ ജനത്തോട്‌ കാലങ്ങളായി ഇടപെട്ടിട്ടുള്ളത്‌. ഇക്കാലത്ത്‌ ആ കൂട്ടത്തെ കണ്ടെത്തുക സാധ്യമാണോ?

ദൈവാംഗീകൃത കൂട്ടവുമായി സഹവസിക്കുന്നതിന്റെ പ്രയോജനങ്ങൾ

സങ്കീർത്തനക്കാരനായ ദാവീദ്‌ ഒരിക്കൽ ഇങ്ങനെ ചോദിച്ചു: “യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും?” തീർച്ചയായും അത്‌ ചിന്തോദ്ദീപകമായ ഒരു ചോദ്യമാണ്‌. ദാവീദ്‌തന്നെ ഇങ്ങനെ ഉത്തരം നൽകുന്നു: “നിഷ്‌കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.” (സങ്കീർത്തനം 15:1, 2) ആ ദിവ്യ വ്യവസ്ഥകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്ന മതസംഘടനയെ തിരിച്ചറിയാൻ സൂക്ഷ്‌മമായ ബൈബിൾ ഗ്രാഹ്യം ഒരുവനെ സഹായിക്കും. ആ കൂട്ടവുമായി സഹവസിക്കുകവഴി ദൈവത്തെ “ആത്മാവിലും സത്യത്തിലും” ഐക്യത്തിൽ ആരാധിക്കുന്ന ജനത്തിന്റെ കെട്ടുപണി ചെയ്യുന്ന കൂട്ടായ്‌മ ഒരുവന്‌ ആസ്വദിക്കാൻ കഴിയും.

ഐക്യമില്ലാത്ത ഈ ലോകത്തിൽപ്പോലും വിശ്വാസത്തിന്റെയും പ്രവൃത്തിയുടെയും കാര്യത്തിൽ ഐക്യം കൈവരിക്കാനാകുമെന്ന്‌ യഹോവയുടെ സാക്ഷികൾ പ്രകടമാക്കിയിരിക്കുന്നു. വ്യത്യസ്‌തമായ നിരവധി മതങ്ങളിലും വംശീയ കൂട്ടങ്ങളിലും നിന്നുള്ള അംഗങ്ങൾ അവർക്കിടയിലുണ്ട്‌. മറ്റുചില സാക്ഷികൾ മുമ്പ്‌ അജ്ഞേയവാദികളോ നിരീശ്വരവാദികളോ ആയിരുന്നു. വേറെ ചിലർ മതത്തെ ഗൗരവമായി കണ്ടിരുന്നില്ല. മതപരവും സാംസ്‌കാരികവും തത്ത്വചിന്താപരവുമായ വൈജാത്യങ്ങളുടെ നടുവിൽനിന്നാണ്‌, ലോകത്തിൽ മറ്റുപ്രകാരത്തിൽ കാണാൻ കഴിയാത്ത മതപരമായ ഐക്യം ഇപ്പോൾ ആസ്വദിക്കുന്നവർ വന്നുചേർന്നിട്ടുള്ളത്‌.

അത്തരം ഐക്യത്തിന്‌ അടിസ്ഥാനം ദൈവവചനമായ ബൈബിളാണ്‌. തീർച്ചയായും, എന്തു ചെയ്യണമെന്ന്‌ മറ്റുള്ളവരോട്‌ ആജ്ഞാപിക്കാൻ തങ്ങൾക്ക്‌ അവകാശമില്ലെന്ന്‌ യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. എന്നാൽ, ആരാധനയോടു ബന്ധപ്പെട്ട കാര്യങ്ങളുടെ തിരഞ്ഞെടുപ്പ്‌ ബൈബിൾ എന്ന ഈടുറ്റ ആധാരത്തിൽ അധിഷ്‌ഠിതമായിരിക്കേണ്ടതിന്‌ ബൈബിൾ പഠിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള പദവിയെ അവർ വിലമതിക്കുന്നു. ഈ വിധത്തിൽ കൂടുതൽ ആളുകൾക്ക്‌ ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നതിന്റെ പ്രയോജനങ്ങൾ അനുഭവിക്കാൻ കഴിയും.

ഇക്കാലത്ത്‌, ദ്രോഹകരമായ സ്വാധീനങ്ങൾക്കും വശീകരണങ്ങൾക്കും വഴിപ്പെട്ടു പോകാനുള്ള സാധ്യത വളരെയേറെയാണ്‌. അതുകൊണ്ട്‌ സഹവാസം സംബന്ധിച്ച്‌ ശരിയായ തീരുമാനം കൈക്കൊള്ളേണ്ടതു മർമപ്രധാനമാണ്‌. “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും” എന്നും “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്നും ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:20; 1 കൊരിന്ത്യർ 15:​33, NW) ദൈവത്തിന്റെ യഥാർഥ ആരാധകരുമായുള്ള സഹവാസം ഒരു സംരക്ഷണമാണ്‌. അതുകൊണ്ട്‌ ബൈബിൾ നമ്മെ ഇപ്രകാരം ഓർമിപ്പിക്കുന്നു: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) ദൈവമുമ്പാകെയുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ആത്മീയ സഹോദരീസഹോദരന്മാരായ യഥാർഥ സുഹൃത്തുക്കൾ സ്‌നേഹപുരസ്സരം അന്യോന്യം പിന്തുണയ്‌ക്കുന്നത്‌ എത്ര വലിയ ഒരു അനുഗ്രഹമാണ്‌!

ഇതിനെ സ്ഥിരീകരിക്കുന്നതാണ്‌ ഒട്ട്‌മാറിന്റെ അനുഭവം. ജർമനിയിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ വളർന്നുവന്ന അദ്ദേഹം പള്ളിയിൽപോക്ക്‌ നിറുത്തി. അദ്ദേഹം വിശദീകരിക്കുന്നു: “പള്ളിയിൽ പോയപ്പോഴൊക്കെ, ഞാൻ അങ്ങോട്ട്‌ പോയതുപോലെതന്നെ ഉദ്ദേശ്യരഹിതനായാണ്‌ തിരിച്ചുംപോന്നത്‌.” എന്നിരുന്നാലും, അദ്ദേഹത്തിന്‌ ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. തുടർന്ന്‌ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നപ്പോൾ അവരാണ്‌ യഥാർഥ ദൈവദാസരെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യമായി. അവരുമായി സഹവസിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം തിരിച്ചറിഞ്ഞു. ഇപ്പോൾ അദ്ദേഹം പറയുന്നു: “ഒരു ലോകവ്യാപക സംഘടനയുടെ സജീവ പ്രവർത്തകനായിരിക്കുന്നതിനാൽ ഞാൻ മനസ്സമാധാനം ആസ്വദിക്കുന്നു. സൂക്ഷ്‌മമായ ബൈബിൾ പരിജ്ഞാനം കൂടുതൽ നേടാൻ എനിക്ക്‌ പടിപടിയായി സഹായം ലഭിക്കുന്നുണ്ട്‌. അത്‌ വ്യക്തിപരമായി എനിക്ക്‌ ഏറെ മൂല്യവത്താണ്‌.”

അന്വേഷിക്കുന്നവർക്കുള്ള ഒരു ക്ഷണം

വ്യക്തികളെന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരെക്കാൾ ഫലപ്രദമായി ഒരു കൂട്ടമെന്ന നിലയിൽ ഒരുമയോടെ അടുത്തു പ്രവർത്തിക്കുന്നവർക്ക്‌ ഒരു ജോലി ചെയ്‌തുതീർക്കാനാകും. ഉദാഹരണത്തിന്‌, തന്റെ അനുഗാമികളോടുള്ള യേശുവിന്റെ വിടവാങ്ങൽ നിർദേശങ്ങൾ ഇവയായിരുന്നു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) മാർഗനിർദേശമോ സംഘാടനമോ ഇല്ലാതെ അത്തരമൊരു വേല തൃപ്‌തികരമായി ചെയ്‌തുതീർക്കാൻ എങ്ങനെ കഴിയും? സ്വതന്ത്രമായി ദൈവത്തെ സേവിക്കാൻ ശ്രമിക്കുന്ന ഒരാൾക്ക്‌ എങ്ങനെ ഈ തിരുവെഴുത്തു കൽപ്പന അനുസരിക്കാൻ കഴിയും?

യഹോവയുടെ സാക്ഷികൾ കഴിഞ്ഞവർഷം 9,19,33,280 ബൈബിളധിഷ്‌ഠിത പുസ്‌തകങ്ങളും ചെറുപുസ്‌തകങ്ങളും ലഘുപത്രികകളും, 69,76,03,247 മാസികകളും ലോകവ്യാപകമായി വിതരണം ചെയ്‌തു. അങ്ങനെ, 235 രാജ്യങ്ങളിലായി കോടിക്കണക്കിന്‌ ആളുകളുടെ പക്കൽ ദൈവവചനത്തിലെ സന്ദേശം എത്തിക്കാൻ അവർക്കു കഴിഞ്ഞു. പിന്തുണയില്ലാതെ വ്യക്തികൾക്കു ചെയ്യാനാകുന്നതിനെക്കാൾ വളരെയേറെ കാര്യങ്ങൾ ഏകീകൃതവും സുസംഘടിതവുമായ കൂട്ടുപ്രവർത്തനത്തിലൂടെ സാധ്യമാകും എന്നതിന്റെ ശ്രദ്ധേയമായ തെളിവുതന്നെ!

ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്യുന്നതു കൂടാതെ, ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങളെ കുറിച്ചുള്ള സൂക്ഷ്‌മ ഗ്രാഹ്യം നേടുന്നതിന്‌ ആളുകളെ സഹായിക്കാനായി യഹോവയുടെ സാക്ഷികൾ യാതൊരു ഫീസും ഈടാക്കാതെ ബൈബിളധ്യയനങ്ങളും നടത്തുന്നുണ്ട്‌. കഴിഞ്ഞവർഷം, വ്യക്തികൾക്കോ കൂട്ടങ്ങൾക്കോ ആയി പ്രതിവാരം ശരാശരി 57,26,509 ബൈബിളധ്യയനങ്ങൾ നടത്തപ്പെടുകയുണ്ടായി. തങ്ങളുടെ ആരാധനരീതി തിരഞ്ഞെടുക്കുന്നതിന്‌ ഒരു ഉറച്ച അടിസ്ഥാനം ഉണ്ടായിരിക്കാൻ ഈ ബൈബിൾ പ്രബോധന പരിപാടി ദശലക്ഷങ്ങളെ സഹായിച്ചിരിക്കുന്നു. ബൈബിളിൽ വിവരിച്ചിരിക്കുന്ന ദിവ്യവ്യവസ്ഥകളെ കുറിച്ചു പഠിക്കാൻ നിങ്ങളെ ക്ഷണിക്കുകയാണ്‌. അതിനുശേഷം നിങ്ങൾ തിരഞ്ഞെടുപ്പു നടത്തുക.​—⁠എഫെസ്യർ 4:12; ഫിലിപ്പിയർ 1:9; 1 തിമൊഥെയൊസ്‌ 6:20; 2 പത്രൊസ്‌ 3:18.

ദൈവത്തെ പ്രസാദിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതിന്‌ മതാംഗത്വം ആവശ്യമാണ്‌​—⁠എന്നാൽ അത്‌ ഏതെങ്കിലുമൊരു മതമോ മതവിഭാഗമോ ആയിരുന്നാൽ പോരാ. മതം സംബന്ധിച്ച നിങ്ങളുടെ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം സൂക്ഷ്‌മമായ ബൈബിൾ പരിജ്ഞാനമായിരിക്കണം, അല്ലാതെ അടിസ്ഥാനരഹിതമായ സിദ്ധാന്തങ്ങളോ കേട്ടുകേൾവിയോ ആയിരിക്കരുത്‌. (സദൃശവാക്യങ്ങൾ 16:25) സത്യമതത്തിന്റെ വ്യവസ്ഥകൾ പഠിക്കുക. അതിനെ നിങ്ങളുടെ വിശ്വാസങ്ങളുമായി തട്ടിച്ചുനോക്കുക. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുക.​—⁠ആവർത്തനപുസ്‌തകം 30:19.

[7-ാം പേജിലെ ചിത്രങ്ങൾ]

ഐക്യമില്ലാത്ത ലോകത്തിൽ യഹോവയുടെ സാക്ഷികൾ ഐക്യം ആസ്വദിക്കുന്നു