വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?

സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?

സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?

ക്ലേശപൂർണമായ സാഹചര്യങ്ങളും പ്രശ്‌നങ്ങളും ഈ ‘ദുർഘടസമയങ്ങളിൽ’ സർവസാധാരണമാണ്‌. (2 തിമൊഥെയൊസ്‌ 3:1) ചില പ്രശ്‌നങ്ങൾ താത്‌കാലികമായിരുന്നേക്കാം, കാലക്രമേണ അവ നീങ്ങിപ്പോകും. മറ്റുചിലതാകട്ടെ മാസങ്ങളോ വർഷങ്ങളോ പോലും നീണ്ടുനിൽക്കുന്നു. തത്‌ഫലമായി, പിൻവരുന്ന പ്രകാരം യഹോവയോടു നിലവിളിച്ച സങ്കീർത്തനക്കാരനായ ദാവീദിനെപ്പോലെ അനേകർക്കും തോന്നുന്നു: “എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.”​—⁠സങ്കീർത്തനം 25:17.

നിങ്ങൾ കഠിനമായ പ്രശ്‌നങ്ങളോടു മല്ലിടുകയാണോ? ആണെങ്കിൽ ബൈബിളിൽ നിങ്ങൾക്ക്‌ സഹായവും പ്രോത്സാഹനവും കണ്ടെത്താൻ കഴിയും. ബുദ്ധിമുട്ടുകളെ വിജയകരമായി തരണംചെയ്‌ത, യഹോവയുടെ രണ്ടു വിശ്വസ്‌ത ദാസന്മാരുടെ ജീവിതത്തെ കുറിച്ചു നമുക്കു പരിചിന്തിക്കാം: യോസേഫും ദാവീദും. അവർ പ്രാതികൂല്യങ്ങളോടു പ്രതികരിച്ച വിധം പരിശോധിക്കുന്നതിനാൽ, സമാനമായ വെല്ലുവിളികളെ നേരിടാൻ ഇന്നു നമ്മെ സഹായിക്കുന്ന പ്രായോഗിക പാഠങ്ങൾ നമുക്കു പഠിക്കാൻ കഴിയും.

ഗുരുതരമായ വെല്ലുവിളികളെ നേരിട്ടവർ

യോസേഫിന്‌ 17 വയസ്സായപ്പോഴേക്കും സ്വന്തം കുടുംബത്തിൽനിന്നുതന്നെ ഗുരുതരമായ ഒരു പ്രശ്‌നത്തെ അവനു നേരിടേണ്ടിവന്നു. തങ്ങളുടെ പിതാവായ യാക്കോബ്‌ ‘തങ്ങളെ എല്ലാവരെക്കാളും [യോസേഫിനെ] അധികം സ്‌നേഹിക്കുന്നു’ എന്ന്‌ അവന്റെ ജ്യേഷ്‌ഠന്മാർ കണ്ടു. തന്മൂലം, അവർ “അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.” (ഉല്‌പത്തി 37:4) ഈ സാഹചര്യം യോസേഫിന്‌ ഉളവാക്കിയ ഉത്‌കണ്‌ഠയെയും സമ്മർദത്തെയും കുറിച്ച്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഒടുവിൽ, യോസേഫിന്റെ സഹോദരന്മാർ അവനെ അടിമയായി വിറ്റുകളയുന്ന തലത്തോളം അവരുടെ വിദ്വേഷം വളർന്നു.​—⁠ഉല്‌പത്തി 37:26-33.

ഈജിപ്‌തിൽ ആയിരിക്കെ, യോസേഫിന്‌ തന്റെ യജമാനന്റെ ഭാര്യയുടെ അധാർമിക മുന്നേറ്റങ്ങളെ ചെറുത്തുനിൽക്കേണ്ടി വന്നു. യോസേഫ്‌ വഴങ്ങാതിരുന്നതു നിമിത്തം രോഷാകുലയായ ആ സ്‌ത്രീ, തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന്‌ അവനെതിരെ വ്യാജാരോപണം ഉയർത്തി. അവൻ “കാരാഗൃഹത്തിൽ” അടയ്‌ക്കപ്പെട്ടു. “അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്‌തു.” (ഉല്‌പത്തി 39:7-20; സങ്കീർത്തനം 105:17, 19) അത്‌ എന്തൊരു പരിശോധന ആയിരുന്നിരിക്കണം! സ്വന്ത കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള വ്യക്തികളുടെ അനീതിക്ക്‌ പാത്രമായതു നിമിത്തം യോസേഫിന്‌ ഏകദേശം 13 വർഷം ഒരു അടിമയോ തടവുകാരനോ ആയി കഴിയേണ്ടിവന്നു.​—⁠ഉല്‌പത്തി 37:2; 41:46.

ഒരു യുവാവെന്ന നിലയിൽ പുരാതന ഇസ്രായേലിലെ ദാവീദും പരിശോധനകളെ നേരിട്ടു. ശൗൽ രാജാവ്‌ ഒരു മൃഗത്തെപ്പോലെ അവനെ വേട്ടയാടിയതു നിമിത്തം വർഷങ്ങളോളം ഒരു അഭയാർഥിയായി ജീവിക്കാൻ അവൻ നിർബന്ധിതനായി. ദാവീദിന്റെ ജീവൻ എല്ലായ്‌പോഴും അപകടത്തിലായിരുന്നു. ഒരിക്കൽ അവൻ ഭക്ഷണം അന്വേഷിച്ച്‌ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു. (1 ശമൂവേൽ 21:1-7) അഹീമേലെക്ക്‌ ദാവീദിനെ സഹായിക്കാൻ തയ്യാറായി. ഇതറിഞ്ഞ ശൗൽ അഹീമേലെക്കിനെ മാത്രമല്ല സകല പുരോഹിതന്മാരെയും അവരുടെ കുടുംബങ്ങളെയുംകൂടെ സംഹരിക്കാൻ ഉത്തരവിട്ടു. (1 ശമൂവേൽ 22:12-19) പരോക്ഷമായിട്ടാണെങ്കിലും ഈ ദുരന്തത്തിന്‌ കാരണക്കാരനായതിൽ ദാവീദിന്‌ ഉണ്ടായ മനോവ്യസനത്തെ കുറിച്ച്‌ നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ?

യോസേഫിനും ദാവീദിനും സഹിക്കേണ്ടിവന്ന വർഷങ്ങൾനീണ്ട പ്രാതികൂല്യത്തെയും ദുഷ്‌പെരുമാറ്റത്തെയും പറ്റി ചിന്തിക്കുക. ക്ലേശപൂർണമായ സാഹചര്യങ്ങളെ അവർ കൈകാര്യം ചെയ്‌ത വിധം പരിശോധിക്കുന്നതിനാൽ വിലപ്പെട്ട പാഠങ്ങൾ നമുക്കു പഠിക്കാൻ കഴിയും. ഈ പുരുഷന്മാരെ അനുകരിക്കാൻ കഴിയുന്ന മൂന്നു വിധങ്ങൾ നമുക്കു പരിശോധിക്കാം.

നീരസവും വിദ്വേഷവും വിട്ടുകളയുക

ഒന്നാമതായി, നീരസത്തിന്റെയും വിദ്വേഷത്തിന്റെയും വലയിൽ കുടുങ്ങാൻ ഈ വിശ്വസ്‌ത മനുഷ്യർ വിസമ്മതിച്ചു. തടവിലായിരുന്ന സമയത്ത്‌ യോസേഫിനു വേണമെങ്കിൽ തന്റെ സഹോദരന്മാരുടെ വഞ്ചനയെയും, എന്നെങ്കിലും അവരെ കണ്ടുമുട്ടിയാൽ ചെയ്യേണ്ട പ്രതികാരത്തെയും കുറിച്ചു ചിന്തിച്ച്‌ മനസ്സുപുണ്ണാക്കാമായിരുന്നു. വിനാശകരമായ അത്തരം ചിന്തകളെ യോസേഫ്‌ ചെറുത്തുനിന്നു എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? തന്റെ സഹോദരന്മാർ ഈജിപ്‌തിൽ ധാന്യം വാങ്ങാൻ വന്നപ്പോൾ അവരോടു പകപോക്കാനുള്ള ഒരു അവസരം കൈവന്നെങ്കിലും അവൻ എങ്ങനെയാണ്‌ പ്രതികരിച്ചത്‌ എന്നു പരിചിന്തിക്കുക. വിവരണം ഇങ്ങനെ പറയുന്നു: ‘[യോസേഫ്‌] അവരെ വിട്ടു മാറിപ്പോയി കരഞ്ഞു. . . . [അവന്റെ സഹോദരന്മാരുടെ] ചാക്കിൽ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കിൽ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കു കൊടുപ്പാനും യോസേഫ്‌ കല്‌പിച്ചു.’ പിന്നീട്‌, തങ്ങളുടെ പിതാവിനെ ഈജിപ്‌തിലേക്കു കൊണ്ടുവരാൻ അവൻ തന്റെ സഹോദരന്മാരെ അയയ്‌ക്കുമ്പോൾ, “നിങ്ങൾ വഴിയിൽവെച്ചു ശണ്‌ഠകൂടരുത്‌” എന്ന്‌ അവൻ അവരെ ഓർമിപ്പിച്ചു. നീരസവും വിദ്വേഷവും തന്റെ ജീവിതത്തെ വിഷലിപ്‌തമാക്കാൻ താൻ അനുവദിച്ചില്ല എന്ന്‌ യോസേഫ്‌ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തെളിയിച്ചു.​—⁠ഉല്‌പത്തി 42:24, 25; 45:24.

സമാനമായി ദാവീദും ശൗൽ രാജാവിനെതിരെ തന്റെ മനസ്സിൽ നീരസം ഊട്ടിവളർത്തിയില്ല. ശൗലിനെ വധിക്കാൻ ദാവീദിനു രണ്ടു തവണ അവസരം ലഭിച്ചതാണ്‌. എന്നാൽ ദാവീദിന്റെ ആളുകൾ അവനെ അതിനു പ്രോത്സാഹിപ്പിച്ചപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈകാര്യം ചെയ്‌വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ.” തന്റെ ആളുകളോട്‌ ഇപ്രകാരം പറഞ്ഞുകൊണ്ട്‌ ദാവീദ്‌ കാര്യങ്ങൾ യഹോവയ്‌ക്കു വിട്ടു: “യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടെക്കു ചെന്നു നശിക്കും.” പിന്നീട്‌, ശൗലിന്റെയും അവന്റെ പുത്രൻ യോനാഥാന്റെയും മരണത്തിൽ ദാവീദ്‌ ഒരു വിലാപഗീതം ചമയ്‌ക്കുക പോലും ചെയ്‌തു. യോസേഫിനെപ്പോലെതന്നെ ദാവീദും നീരസം തന്നെ കീഴടക്കാൻ അനുവദിച്ചില്ല.​—⁠1 ശമൂവേൽ 24:3-6; 26:7-13; 2 ശമൂവേൽ 1:17-27.

എന്തെങ്കിലും അനീതി നമ്മെ വേദനിപ്പിക്കുമ്പോൾ നാം നീരസവും വിദ്വേഷവും വെച്ചുകൊണ്ടിരിക്കുന്നുവോ? അങ്ങനെ സംഭവിക്കുക എളുപ്പമാണ്‌. നമ്മെ ഭരിക്കാൻ നാം വികാരങ്ങളെ അനുവദിച്ചാൽ അതിന്റെ ഫലം നാം നേരിട്ട അനീതിയെക്കാൾ ഹാനികരം ആയിരുന്നേക്കാം. (എഫെസ്യർ 4:26, 27) മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളുടെമേൽ നമുക്കു കാര്യമായ നിയന്ത്രണമില്ലായിരിക്കാമെങ്കിലും നമ്മുടെ പ്രതികരണത്തെ നമുക്കു നിയന്ത്രിക്കാൻ കഴിയും. യഹോവ തന്റെ തക്ക സമയത്ത്‌ കാര്യങ്ങളെ കൈകാര്യം ചെയ്യും എന്നു വിശ്വാസമുള്ളപ്പോൾ നീരസവും വിദ്വേഷവും വിട്ടുകളയുക എളുപ്പമാണ്‌.​—⁠റോമർ 12:17-19.

നിങ്ങളുടെ സാഹചര്യത്തിനുള്ളിൽ സാധ്യമായതിന്റെ പരമാവധി ചെയ്യുക

ജീവിതത്തെ തളർത്തിക്കളയാൻ നാം നമ്മുടെ സാഹചര്യങ്ങളെ അനുവദിക്കരുത്‌ എന്നതാണ്‌ നമുക്കു പഠിക്കാൻ കഴിയുന്ന രണ്ടാമത്തെ പാഠം. ചെയ്യാൻ കഴിയാത്തതിനെ കുറിച്ച്‌ ചിന്തിച്ചിരുന്ന്‌ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾപോലും നാം വിസ്‌മരിച്ചേക്കാം. ഫലത്തിൽ, സാഹചര്യങ്ങൾ നമ്മെ നിയന്ത്രിച്ചു തുടങ്ങുന്നു. ഇതു യോസേഫിനു സംഭവിക്കാമായിരുന്നു. എന്നാൽ അവൻ തന്റെ സാഹചര്യത്തിനുള്ളിൽ സാധ്യമായതിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുകയാണു ചെയ്‌തത്‌. ഒരു അടിമയായി കഴിയവേ, ‘യോസേഫ്‌ [യജമാനന്‌] ഇഷ്ടനായി ശുശ്രൂഷചെയ്‌തു; അവൻ അവനെ ഗൃഹവിചാരകനാക്കി.’ തടവിലായിരുന്നപ്പോഴും യോസേഫ്‌ സമാനമായ നിലപാടുതന്നെ സ്വീകരിച്ചു. യഹോവയുടെ അനുഗ്രഹവും യോസേഫിന്റെ ശുഷ്‌കാന്തിയും നിമിത്തം, “കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യിൽ ഏല്‌പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവൻ വിചാരകനായിരുന്നു.”​—⁠ഉല്‌പത്തി 39:4, 21-23.

ഒരു അഭയാർഥിയായി ജീവിച്ച കാലമൊക്കെയും ദാവീദും തന്റെ സാഹചര്യങ്ങൾക്കുള്ളിൽ സാധ്യമായതിന്റെ പരമാവധി പ്രവർത്തിച്ചു. അവനും കൂട്ടരും പാരാൻ മരുഭൂമിയിൽ ആയിരിക്കെ നാബാലിന്റെ ആട്ടിൻപറ്റങ്ങളെ കവർച്ചക്കാരിൽനിന്നും സംരക്ഷിച്ചു. “രാവും പകലും അവർ ഞങ്ങൾക്കു ഒരു മതിൽ ആയിരുന്നു” എന്ന്‌ നാബാലിന്റെ ഇടയന്മാരിൽ ഒരുവൻ പറയുകയുണ്ടായി. (1 ശമൂവേൽ 25:16) പിന്നീട്‌ സിക്ലാഗിൽ കഴിയുമ്പോൾ ഇസ്രായേലിന്റെ തെക്കുള്ള ശത്രുപട്ടണങ്ങളെ ആക്രമിച്ച്‌ അവൻ യഹൂദായുടെ അതിരുകളെ ഉറപ്പിച്ചു.​—⁠1 ശമൂവേൽ 27:8; 1 ദിനവൃത്താന്തം 12:20-22.

നമ്മുടെ സാഹചര്യത്തിൽ സാധ്യമായതിന്റെ പരമാവധി പ്രവർത്തിക്കാൻ നാം കൂടുതൽ ശ്രമം ചെയ്യേണ്ടതുണ്ടോ? അതു വെല്ലുവിളി നിറഞ്ഞത്‌ ആയിരുന്നേക്കാമെങ്കിലും വിജയിക്കുക സാധ്യമാണ്‌. തന്റെ ജീവിതത്തിലേക്കു പിന്തിരിഞ്ഞുനോക്കിക്കൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു. . . . തൃപ്‌തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.” ജീവിതത്തിനുനേർക്ക്‌ ഇത്തരമൊരു സമീപനം വളർത്തിയെടുക്കാൻ പൗലൊസിന്‌ സാധിച്ചത്‌ എങ്ങനെയാണ്‌? യഹോവയിൽ അവൻ തുടർച്ചയായി ആശ്രയിച്ചതു നിമിത്തമായിരുന്നു അത്‌. “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു” എന്ന്‌ അവൻ സമ്മതിച്ചു പറഞ്ഞു.​—⁠ഫിലിപ്പിയർ 4:11-13.

യഹോവയ്‌ക്കായി കാത്തിരിക്കുക

നമ്മുടെ സാഹചര്യങ്ങൾക്കു മാറ്റം വരുത്താൻ തിരുവെഴുത്തുവിരുദ്ധ മാർഗങ്ങൾ അവലംബിക്കാതെ നാം യഹോവയ്‌ക്കായി കാത്തിരിക്കേണ്ടതുണ്ട്‌ എന്നതാണ്‌ മൂന്നാമത്തെ പാഠം. ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ [“സഹിഷ്‌ണുത അതിന്റെ വേല തികയ്‌ക്കട്ടെ,” NW].” (യാക്കോബ്‌ 1:​4) തിരുവെഴുത്തുപരമല്ലാത്ത ഒരു കുറുക്കുവഴിയിലൂടെ സത്വര പരിഹാരം തേടുന്നതിനുപകരം ഒരു പരിശോധനാ കാലഘട്ടം മുഴുവനായി കടന്നുപോകാൻ കാത്തിരുന്നുകൊണ്ട്‌ സഹിഷ്‌ണുതയെ ‘അതിന്റെ വേല തികയ്‌ക്കാൻ’ നാം അനുവദിക്കണം. അപ്പോൾ നമ്മുടെ വിശ്വാസം പരിശോധിക്കപ്പെട്ട്‌ സ്‌ഫുടംചെയ്യപ്പെടും, നമ്മെ താങ്ങിനിറുത്താനുള്ള അതിന്റെ ശക്തി വെളിപ്പെടുകയും ചെയ്യും. യോസേഫിനും ദാവീദിനും ഇത്തരം സഹിഷ്‌ണുത ഉണ്ടായിരുന്നു. യഹോവയുടെ അപ്രീതി വിളിച്ചുവരുത്തിയേക്കാവുന്ന ഏതെങ്കിലും പരിഹാരമാർഗം അവർ ആസൂത്രണം ചെയ്‌തില്ല. പകരം, തങ്ങളുടെ സാഹചര്യങ്ങൾക്കുള്ളിൽ സാധ്യമായിരുന്നതിന്റെ പരമാവധി അവർ ചെയ്‌തു. അവർ യഹോവയ്‌ക്കായി കാത്തിരുന്നു, അപ്രകാരം ചെയ്‌തതു നിമിത്തം അവർ എത്രയധികം അനുഗ്രഹിക്കപ്പെട്ടു! തന്റെ ജനത്തെ വിടുവിക്കാനും നയിക്കാനും യഹോവ അവരെ ഇരുവരെയും ഉപയോഗിച്ചു.​—⁠ഉല്‌പത്തി 41:39-41; 45:5; 2 ശമൂവേൽ 5:4, 5.

തിരുവെഴുത്തുപരമല്ലാത്ത പരിഹാരമാർഗങ്ങൾ തേടാൻ പ്രലോഭനം തോന്നുന്ന സാഹചര്യങ്ങളെ നമ്മളും അഭിമുഖീകരിച്ചേക്കാം. ദൃഷ്ടാന്തത്തിന്‌, യോജിച്ച ഒരു വിവാഹ ഇണയെ ഇതുവരെയും കണ്ടെത്താൻ കഴിയാത്തതിൽ നിങ്ങൾ നിരുത്സാഹപ്പെട്ടിരിക്കുകയാണോ? ആണെങ്കിൽ ‘കർത്താവിൽ മാത്രം’ വിവാഹം കഴിക്കുക എന്ന യഹോവയുടെ കൽപ്പന ലംഘിക്കാനുള്ള ഏതൊരു പ്രലോഭനത്തെയും ചെറുത്തുനിൽക്കുക. (1 കൊരിന്ത്യർ 7:39) നിങ്ങൾ വിവാഹത്തിൽ പ്രശ്‌നങ്ങളെ നേരിടുകയാണോ? വേർപിരിയലും വിവാഹമോചനവും പ്രോത്സാഹിപ്പിക്കുന്ന ലോകത്തിന്റെ ആത്മാവിനു വഴങ്ങാതെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിങ്ങൾ ഇരുവരും ഒത്തൊരുമിച്ചു ശ്രമിക്കുക. (മലാഖി 2:16; എഫെസ്യർ 5:21-33) സാമ്പത്തികനില മോശമായതു നിമിത്തം കുടുംബത്തിനുവേണ്ടി കരുതുന്നതിൽ നിങ്ങൾ ബുദ്ധിമുട്ടുകളെ നേരിടുകയാണോ? പണമുണ്ടാക്കാൻവേണ്ടി ചോദ്യംചെയ്യത്തക്കതോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽനിന്ന്‌ വിട്ടുനിൽക്കുന്നത്‌ യഹോവയ്‌ക്കായി കാത്തിരിക്കുന്നതിൽ ഉൾപ്പെടുന്നു. (സങ്കീർത്തനം 37:25; എബ്രായർ 13:​18, NW) അതേ, നമ്മുടെ സാഹചര്യങ്ങൾക്കുള്ളിൽ സാധിക്കുന്നതിന്റെ പരമാവധി ചെയ്യാൻ നാമെല്ലാം കഠിനാധ്വാനം ചെയ്യുകയും യഹോവയിൽ നിന്നുള്ള അനുഗ്രഹത്തിനു കളമൊരുക്കുകയും വേണം. അപ്രകാരം ചെയ്‌തുകൊണ്ട്‌ പ്രശ്‌നങ്ങളുടെ ഉത്തമ പരിഹാരത്തിനുവേണ്ടി യഹോവയ്‌ക്കായി കാത്തിരിക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം.​—⁠മീഖാ 7:7.

യഹോവ നിങ്ങളെ താങ്ങും

ബൈബിൾ കഥാപാത്രങ്ങളായ യോസേഫിനെയും ദാവീദിനെയും പോലുള്ളവർ ഇച്ഛാഭംഗത്തെയും ക്ലേശപൂർണമായ സാഹചര്യങ്ങളെയും വിജയകരമായി തരണംചെയ്‌തത്‌ എങ്ങനെയെന്നു ധ്യാനിക്കുന്നത്‌ നമ്മുടെമേൽ ഒരു ക്രിയാത്മക സ്വാധീനം ചെലുത്തും. അവരുടെ ചരിത്രം ബൈബിളിന്റെ ഏതാനും പേജുകളിൽ മാത്രമായി വർണിക്കപ്പെട്ടിരിക്കുന്നെങ്കിലും അവർ നേരിട്ട പരിശോധനകൾ അനവധി വർഷം നീണ്ടുനിന്നവയാണ്‌. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘തങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അത്തരം ദൈവദാസർ പഠിച്ചത്‌ എങ്ങനെയാണ്‌? അവർ എങ്ങനെയാണ്‌ തങ്ങളുടെ സന്തോഷം നിലനിറുത്തിയത്‌? അവർക്ക്‌ ഏതെല്ലാം ഗുണങ്ങൾ വളർത്തിയെടുക്കേണ്ടത്‌ ഉണ്ടായിരുന്നു?’

യഹോവയുടെ ആധുനികകാല ദാസരുടെ സഹിഷ്‌ണുതയെ കുറിച്ചു പരിചിന്തിക്കുന്നതിൽനിന്നും നമുക്കു പ്രയോജനം നേടാൻ സാധിക്കും. (1 പത്രൊസ്‌ 5:9) വീക്ഷാഗോപുരം, ഉണരുക! മാസികകൾ വർഷംതോറും നിരവധി ജീവിതകഥകൾ പ്രസിദ്ധീകരിക്കുന്നു. ഈ വിശ്വസ്‌ത ക്രിസ്‌ത്യാനികൾവെച്ച മാതൃകയെ കുറിച്ച്‌ നിങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യാറുണ്ടോ? കൂടാതെ, ദുരിതപൂർണമായ സാഹചര്യങ്ങളിൽ വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുന്ന വ്യക്തികൾ നമ്മുടെ സഭകളിലുമുണ്ട്‌. ക്രിസ്‌തീയ യോഗങ്ങളിൽ അങ്ങനെയുള്ള ആളുകളുമായി നിങ്ങൾ ക്രമമായി സഹവസിക്കുകയും അവരിൽനിന്നു പഠിക്കുകയും ചെയ്യുന്നുണ്ടോ?​—⁠എബ്രായർ 10:24, 25.

വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ യഹോവ നിങ്ങൾക്കായി കരുതുന്നുവെന്നും അവൻ നിങ്ങളെ താങ്ങുമെന്നും ഉറപ്പുള്ളവരായിരിക്കുക. (1 പത്രൊസ്‌ 5:6-10) സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്‌ ഒഴിവാക്കാൻ കഠിന പ്രയത്‌നം ചെയ്യുക. നീരസവും വിദ്വേഷവും വിട്ടുകളഞ്ഞുകൊണ്ടും നിങ്ങളുടെ സാഹചര്യങ്ങൾക്കുള്ളിൽ സാധ്യമായതിന്റെ പരമാവധി ചെയ്‌തുകൊണ്ടും ഉത്തമ പ്രശ്‌നപരിഹാരത്തിനുവേണ്ടി യഹോവയ്‌ക്കായി കാത്തിരുന്നുകൊണ്ടും യോസേഫിന്റെയും ദാവീദിന്റെയും, അത്തരത്തിലുള്ള മറ്റുള്ളവരുടെയും മാതൃക പിന്തുടരുക. പ്രാർഥനയിലൂടെയും ആത്മീയ പ്രവർത്തനങ്ങളിലൂടെയും യഹോവയോട്‌ അടുത്തുചെല്ലുക. അപ്രകാരം ചെയ്യുമ്പോൾ, ക്ലേശപൂർണമായ സമയങ്ങളിൽപ്പോലും സന്തോഷവും സമാധാനവും ആസ്വദിക്കാനാവുമെന്ന്‌ നിങ്ങൾ തിരിച്ചറിയും.​—⁠സങ്കീർത്തനം 34:​8, NW.

[20, 21 പേജുകളിലെ ചിത്രം]

തന്റെ സാഹചര്യങ്ങൾക്കുള്ളിൽ സാധ്യമായതിന്റെ പരമാവധി ചെയ്യാൻ യോസേഫ്‌ പരിശ്രമിച്ചു

[23-ാം പേജിലെ ചിത്രം]

തന്റെ പ്രശ്‌നങ്ങളുടെ പരിഹാരത്തിനുവേണ്ടി ദാവീദ്‌ യഹോവയ്‌ക്കായി കാത്തിരുന്നു