വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു വിഷമസാഹചര്യത്തിനു മാറ്റംവരുത്താൻ നിങ്ങളുടെ പ്രാർഥനകൾക്കു കഴിയുമോ?

ഒരു വിഷമസാഹചര്യത്തിനു മാറ്റംവരുത്താൻ നിങ്ങളുടെ പ്രാർഥനകൾക്കു കഴിയുമോ?

ഒരു വിഷമസാഹചര്യത്തിനു മാറ്റംവരുത്താൻ നിങ്ങളുടെ പ്രാർഥനകൾക്കു കഴിയുമോ?

കാര്യങ്ങളുടെമേൽ നമുക്കു യാതൊരു നിയന്ത്രണവുമില്ലാത്ത ദുഷ്‌കരമായ ഒരു സാഹചര്യം അഭിമുഖീകരിക്കാത്തതായി നമ്മിൽ ആരാണുള്ളത്‌? എന്നാൽ അത്തരം വിഷമസാഹചര്യങ്ങൾ എങ്ങനെ പരിണമിക്കുന്നു എന്നതിനുമേൽ പ്രഭാവം ചെലുത്താൻ പ്രാർഥനയ്‌ക്ക്‌ കഴിയുമെന്ന്‌ അപ്പൊസ്‌തലനായ പൗലൊസിന്‌ അറിയാമായിരുന്നെന്ന്‌ ബൈബിൾ കാണിക്കുന്നു.

റോമിൽ അന്യായമായി തടവിൽ കഴിയേണ്ടി വന്നപ്പോൾ തനിക്കുവേണ്ടി പ്രാർഥിക്കാൻ പൗലൊസ്‌ സഹവിശ്വാസികളോട്‌ അഭ്യർഥിച്ചു. എന്നിട്ട്‌ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നെ നിങ്ങൾക്കു വേഗത്തിൽ വീണ്ടും കിട്ടേണ്ടതിന്നു നിങ്ങൾ പ്രാർത്ഥിക്കേണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.” (എബ്രായർ 13:⁠18, 19) മറ്റൊരു സന്ദർഭത്തിൽ, തന്നെ വേഗത്തിൽ വിടുവിക്കാനുള്ള പ്രാർഥനയോടു ദൈവം പ്രതികരിക്കും എന്നുള്ള ഉറപ്പ്‌ അവൻ പ്രകടമാക്കുകയുണ്ടായി. (ഫിലേമോൻ 22) പൗലൊസ്‌ പെട്ടെന്നുതന്നെ മോചിതനാകുകയും തന്റെ മിഷനറിവേല തുടരുകയും ചെയ്‌തു.

അങ്ങനെയെങ്കിൽ, പ്രാർഥനയ്‌ക്ക്‌ നിങ്ങളുടെ പ്രശ്‌നങ്ങൾ എങ്ങനെ പരിണമിക്കുന്നു എന്നതിനെ യഥാർഥത്തിൽ മാറ്റിമറിക്കാനാകുമോ? ഒരുപക്ഷേ കഴിഞ്ഞേക്കാം. എന്നിരുന്നാലും പ്രാർഥന മതപരമായ വെറും ഒരു ചടങ്ങല്ല എന്ന കാര്യം ഓർക്കുക. അത്‌ സ്‌നേഹസമ്പന്നനും ശക്തനുമായ നമ്മുടെ സ്വർഗീയ പിതാവുമായുള്ള യഥാർഥ ആശയവിനിമയമാണ്‌. പ്രാർഥിക്കുമ്പോൾ നാം നേരിടുന്ന പ്രശ്‌നം വ്യക്തമായി എടുത്തുപറഞ്ഞ്‌ അപേക്ഷിക്കാൻ നാം മടിക്കരുത്‌. എന്നിട്ട്‌ യഹോവയുടെ പ്രതികരണം അറിയാൻ ക്ഷമാപൂർവം കാത്തിരിക്കുക.

എല്ലാ പ്രാർഥനകളോടും ദൈവം നേരിട്ടു പ്രതികരിച്ചെന്നു വരില്ല. മാത്രമല്ല, നാം ആഗ്രഹിക്കുന്ന വിധത്തിലോ പ്രതീക്ഷിക്കുന്ന സമയത്തോ അവൻ എല്ലായ്‌പോഴും ഉത്തരം നൽകിയെന്നും വരില്ല. ഉദാഹരണത്തിന്‌, പൗലൊസ്‌ തന്റെ ‘ജഡത്തിലെ ശൂലം’ മാറിക്കിട്ടാൻ ദൈവത്തോട്‌ ആവർത്തിച്ച്‌ അഭയയാചന കഴിക്കുകയുണ്ടായി. പൗലൊസ്‌ അഭിമുഖീകരിച്ചിരുന്ന പ്രശ്‌നം എന്തായിരുന്നാലും ദൈവം അതു നീക്കിക്കളഞ്ഞില്ല, മറിച്ച്‌ അവനെ പിൻവരുന്ന വാക്കുകളാൽ ശക്തിപ്പെടുത്തി: “എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.”​—⁠2 കൊരിന്ത്യർ 12:⁠7-9.

നാം നേരിടുന്ന ഒരു പ്രത്യേക പ്രശ്‌നം ദൈവം നീക്കിക്കളഞ്ഞില്ലെങ്കിൽപ്പോലും നമുക്കു “സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും” എന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (1 കൊരിന്ത്യർ 10:⁠13) വളരെ പെട്ടെന്നുതന്നെ, ദൈവം മനുഷ്യവർഗത്തിന്റെ മുഴു യാതനകൾക്കും അന്തം വരുത്തും. അതുവരെ, നാം വിഷമസാഹചര്യങ്ങളെ നേരിടുമ്പോൾ “പ്രാർത്ഥന കേൾക്കുന്നവ”നിലേക്കു തിരിയുന്നത്‌ അവയ്‌ക്കു മാറ്റം വരുത്താൻ സഹായിച്ചേക്കാം.​—⁠സങ്കീർത്തനം 65:⁠2.