വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ആകയാൽ പുറപ്പെട്ട്‌ ശിഷ്യരാക്കിക്കൊൾവിൻ’

‘ആകയാൽ പുറപ്പെട്ട്‌ ശിഷ്യരാക്കിക്കൊൾവിൻ’

‘ആകയാൽ പുറപ്പെട്ട്‌ ശിഷ്യരാക്കിക്കൊൾവിൻ’

‘സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. ആകയാൽ പുറപ്പെട്ട്‌ ശിഷ്യരാക്കിക്കൊൾവിൻ.’​—⁠മത്തായി 28:⁠18-20.

1, 2. (എ) യേശു തന്റെ അനുഗാമികൾക്ക്‌ എന്തു നിയോഗം നൽകി? (ബി) യേശുവിന്റെ കൽപ്പനയുമായി ബന്ധപ്പെട്ട്‌ ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കും?

പൊതുയുഗം 33 ലെ ഒരു വസന്തദിനം. യേശുവിന്റെ ശിഷ്യന്മാർ ഇസ്രായേലിലെ ഗലീലയിലുള്ള ഒരു മലയിൽ കൂടിവന്നു. പുനരുത്ഥാനം പ്രാപിച്ച അവരുടെ കർത്താവ്‌ താമസിയാതെ സ്വർഗാരോഹണം ചെയ്യാൻ പോകുകയാണ്‌. എന്നാൽ അതിനുമുമ്പ്‌ പ്രധാനപ്പെട്ട ഒരു കാര്യം അവന്‌ അവരോടു പറയാനുണ്ട്‌. അവൻ അവർക്ക്‌ ഒരു നിയോഗം നൽകാൻ ആഗ്രഹിക്കുന്നു. ഏതായിരുന്നു ആ വേല? അവന്റെ ശിഷ്യന്മാർ അതിനോട്‌ എങ്ങനെ പ്രതികരിച്ചു? ആ നിയോഗം ഇന്നു നമുക്ക്‌ ഏതു വിധത്തിൽ ബാധകമാണ്‌?

2 യേശു പറഞ്ഞത്‌ മത്തായി 28:⁠18-20-ൽ രേഖപ്പെടുത്തിയിരിക്കുന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌.” ‘സകല അധികാരം,’ ‘സകലജാതികൾ,’ “കല്‌പിച്ചതു ഒക്കെയും,” “എല്ലാനാളും” എന്നീ പദപ്രയോഗങ്ങൾ ശ്രദ്ധിക്കുക. ‘സകല’ എന്ന്‌ അർഥമുള്ള വാക്കുകളടങ്ങിയ, സമസ്‌തതല സ്‌പർശികളായ ഈ നാലു പദപ്രയോഗങ്ങൾ സുപ്രധാനമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു. എന്തുകൊണ്ട്‌? എവിടെ? എന്ത്‌? എപ്പോൾ? എന്നീ നാലു വാക്കുകളിൽ അവയെ സംഗ്രഹിക്കാം. നമുക്ക്‌ ഈ ചോദ്യങ്ങൾ ഓരോന്നായി പരിചിന്തിക്കാം. *

“സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു”

3. ശിഷ്യരെ ഉളവാക്കാനുള്ള കൽപ്പന നാം അനുസരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3 ശിഷ്യരെ ഉളവാക്കാനുള്ള കൽപ്പന നാം അനുസരിക്കേണ്ടത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യം നമുക്ക്‌ ആദ്യം പരിചിന്തിക്കാം. യേശു ഇങ്ങനെ പ്രസ്‌താവിച്ചു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” “ആകയാൽ” എന്ന പദം ഈ കൽപ്പന അനുസരിക്കേണ്ടതിന്റെ ഒരു മുഖ്യ കാരണത്തിലേക്കു വിരൽചൂണ്ടുന്നു. ഈ കൽപ്പന പുറപ്പെടുവിച്ചിരിക്കുന്ന യേശുവിന്‌ “സകല അധികാരവും” ഉണ്ട്‌ എന്നതാണ്‌ അതിനുള്ള കാരണം. എത്ര വിപുലമാണ്‌ അവന്റെ അധികാരം?

4. (എ) എത്ര വിപുലമാണ്‌ യേശുവിന്റെ അധികാരം? (ബി) യേശുവിന്റെ അധികാരത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം ശിഷ്യരാക്കാനുള്ള കൽപ്പനയെ നാം വീക്ഷിക്കുന്ന വിധത്തെ എങ്ങനെ സ്വാധീനിക്കണം?

4 യേശുവിന്‌ തന്റെ സഭയുടെമേൽ അധികാരമുണ്ട്‌, കൂടാതെ 1914 മുതൽ പുതുതായി സ്ഥാപിതമായ ദൈവരാജ്യത്തിന്മേലുള്ള അധികാരവും അവനു ലഭിച്ചിരിക്കുന്നു. (കൊലൊസ്സ്യർ 1:⁠13; വെളിപ്പാടു 11:⁠15) അവൻ പ്രധാന ദൂതനാണ്‌, കോടിക്കണക്കിനു ദൂതന്മാർ അടങ്ങിയ സ്വർഗീയസൈന്യം അവന്റെ ആജ്ഞയ്‌ക്കായി കാത്തുനിൽക്കുന്നു. (1 തെസ്സലൊനീക്യർ 4:⁠16; 1 പത്രൊസ്‌ 3:⁠22; വെളിപ്പാടു 19:⁠14-16) നീതിനിഷ്‌ഠമായ തത്ത്വങ്ങൾക്ക്‌ എതിരുനിൽക്കുന്ന “എല്ലാവാഴ്‌ചെക്കും അധികാരത്തിന്നും ശക്തിക്കും” ഉന്മൂലനാശം വരുത്താനുള്ള അധികാരം പിതാവ്‌ അവനു നൽകിയിട്ടുണ്ട്‌. (1 കൊരിന്ത്യർ 15:⁠24-26; എഫെസ്യർ 1:⁠20-23) ജീവിച്ചിരിക്കുന്നവരുടെമേൽ മാത്രമല്ല യേശുവിന്‌ അധികാരമുള്ളത്‌. “ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതി”യാണ്‌ അവൻ. മരണത്തിൽ നിദ്രപ്രാപിച്ചവരെ പുനരുത്ഥാനത്തിൽ കൊണ്ടുവരാനുള്ള ദൈവദത്ത ശക്തി അവനുണ്ട്‌. (പ്രവൃത്തികൾ 10:⁠42; യോഹന്നാൻ 5:⁠26-29) തീർച്ചയായും ഇത്ര വിപുലമായ അധികാരം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവൻ നൽകിയിരിക്കുന്ന കൽപ്പനയെ നാം അങ്ങേയറ്റം പ്രധാനമായി കാണേണ്ടതാണ്‌. അതുകൊണ്ട്‌, ‘ശിഷ്യരാക്കാനുള്ള’ ക്രിസ്‌തുവിന്റെ കൽപ്പന നാം ആദരപൂർവം, സ്വമനസ്സാലെ അനുസരിക്കുന്നു.

5. (എ) പത്രൊസ്‌ യേശുവിന്റെ വാക്കുകൾ അനുസരിച്ചത്‌ എങ്ങനെ? (ബി) പത്രൊസ്‌ യേശുവിന്റെ നിർദേശം അനുസരിച്ചത്‌ എന്ത്‌ അനുഗ്രഹത്തിൽ കലാശിച്ചു?

5 തന്റെ അധികാരത്തെ അംഗീകരിക്കുന്നതും കൽപ്പനകൾ അനുസരിക്കുന്നതും അനുഗ്രഹങ്ങളിലേക്കു നയിക്കും എന്ന്‌ തന്റെ ഭൗമിക ശുശ്രൂഷയുടെ ആരംഭകാലത്ത്‌ വളരെ ശ്രദ്ധേയമായ ഒരു വിധത്തിൽ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന പത്രൊസിനോട്‌ ഒരിക്കൽ അവൻ ഇങ്ങനെ പറഞ്ഞു: “ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ.” അവിടെ മീൻ ഉണ്ടാവില്ലെന്ന്‌ പത്രൊസിന്‌ ഉറപ്പായിരുന്നു, അതുകൊണ്ട്‌ അവൻ യേശുവിനോടു പറഞ്ഞു: “നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല.” എന്നിരുന്നാലും താഴ്‌മയോടെ പത്രൊസ്‌ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: “എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം.” ക്രിസ്‌തുവിന്റെ കൽപ്പന അനുസരിച്ചപ്പോൾ, ‘പെരുത്ത മീൻകൂട്ടത്തെത്തന്നെ’ പത്രൊസ്‌ പിടിച്ചു. സംഭ്രമിച്ചുപോയ പത്രൊസ്‌ “യേശുവിന്റെ കാല്‌ക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.” എന്നാൽ യേശു: “ഭയപ്പെടേണ്ടാ, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും” എന്ന്‌ ഉത്തരം പറഞ്ഞു. (ലൂക്കൊസ്‌ 5:⁠1-10; മത്തായി 4:⁠18) ഈ വിവരണത്തിൽനിന്ന്‌ നാം എന്തു പഠിക്കുന്നു?

6. (എ) അത്ഭുതകരമായ മീൻപിടിത്തത്തെ കുറിച്ചുള്ള വിവരണം, ഏതുതരം അനുസരണമാണ്‌ യേശു ആവശ്യപ്പെടുന്നത്‌ എന്നതു സംബന്ധിച്ച്‌ എന്തു വരച്ചുകാട്ടുന്നു? (ബി) നമുക്ക്‌ എങ്ങനെ യേശുവിനെ അനുകരിക്കാനാകും?

6 യേശു പത്രൊസിനും അന്ത്രെയാസിനും മറ്റ്‌ അപ്പൊസ്‌തലന്മാർക്കും ‘മനുഷ്യരെ പിടിക്കുന്നവർ’ ആകാനുള്ള നിയോഗം നൽകിയത്‌, വിസ്‌മയാവഹമായ ആ മീൻപിടിത്തത്തിനു മുമ്പായിരുന്നില്ല പിന്നെയോ അതിനു ശേഷമായിരുന്നു എന്നതു ശ്രദ്ധിക്കുക. (മർക്കൊസ്‌ 1:⁠16, 17) യേശു അന്ധമായ അനുസരണം ആവശ്യപ്പെട്ടില്ല എന്ന്‌ ഇതു വ്യക്തമാക്കുന്നു. അനുസരിക്കേണ്ടതിന്‌ ബോധ്യംവരുത്തുന്ന ഒരു കാരണം അവൻ അവർക്കു നൽകി. വലയിറക്കാനുള്ള യേശുവിന്റെ നിർദേശം അനുസരിച്ചത്‌ അതിശയകരമായ ഫലങ്ങൾ ഉളവാക്കിയതു പോലെ ‘മനുഷ്യരെ പിടിക്കാനുള്ള’ അവന്റെ കൽപ്പന അനുസരിക്കുന്നതും മഹത്തായ അനുഗ്രഹങ്ങളിലേക്കു നയിക്കുമായിരുന്നു. പൂർണ വിശ്വാസത്തോടെ അപ്പൊസ്‌തലന്മാർ പ്രതികരിച്ചു. വിവരണം ഇങ്ങനെ അവസാനിക്കുന്നു: “പിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.” (ലൂക്കൊസ്‌ 5:⁠11) ഇന്ന്‌, ശിഷ്യരെ ഉളവാക്കുന്ന വേലയിൽ പങ്കുചേരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമ്പോൾ നാം യേശുവിനെ അനുകരിക്കുന്നു. പറയുന്നതെല്ലാം കണ്ണുമടച്ചു ചെയ്യാൻ നാം ആളുകളോട്‌ ആവശ്യപ്പെടുന്നില്ല, പ്രത്യുത ക്രിസ്‌തുവിന്റെ കൽപ്പന അനുസരിക്കാൻ ഈടുറ്റ കാരണങ്ങൾ നാം അവർക്കു നൽകുന്നു.

ബോധ്യംവരുത്തുന്ന കാരണങ്ങളും ഉചിതമായ പ്രേരകങ്ങളും

7, 8. (എ) രാജ്യഘോഷണത്തിലും ശിഷ്യരാക്കൽ വേലയിലും ഏർപ്പെടേണ്ടതിന്റെ ചില തിരുവെഴുത്തു കാരണങ്ങൾ ഏവ? (ബി) പ്രസംഗവേല തുടരാൻ ഏതു തിരുവെഴുത്ത്‌ നിങ്ങളെ വിശേഷാൽ പ്രചോദിപ്പിക്കുന്നു? (അടിക്കുറിപ്പുകൂടെ കാണുക.)

7 ക്രിസ്‌തുവിന്റെ അധികാരത്തെ അംഗീകരിക്കുന്നതുകൊണ്ട്‌, നാം രാജ്യഘോഷണത്തിലും ശിഷ്യരാക്കൽ വേലയിലും ഏർപ്പെടുന്നു. സത്‌പ്രവൃത്തികളിൽ പങ്കുണ്ടായിരിക്കുന്നതിന്‌ നാം പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നവരുമായി, ആ വേല ചെയ്യേണ്ടതിന്റെ മറ്റേതു തിരുവെഴുത്തു കാരണങ്ങൾ നമുക്കു പങ്കുവെക്കാൻ കഴിയും? വ്യത്യസ്‌ത ദേശങ്ങളിൽനിന്നുള്ള പല വിശ്വസ്‌ത സാക്ഷികളുടെ പിൻവരുന്ന പ്രസ്‌താവനകൾ പരിചിന്തിക്കുക, നൽകിയിരിക്കുന്ന തിരുവെഴുത്തുകൾ അവരുടെ അഭിപ്രായങ്ങളെ എങ്ങനെ പിന്തുണയ്‌ക്കുന്നു എന്ന്‌ ശ്രദ്ധിക്കുക.

8 “ഞാൻ എന്നെത്തന്നെ യഹോവയ്‌ക്കു സമർപ്പിച്ചപ്പോൾ എക്കാലവും അവനെ സേവിച്ചുകൊള്ളാമെന്ന്‌ ഞാൻ അവനു വാക്കുകൊടുത്തു. എനിക്ക്‌ ആ വാക്കു പാലിക്കണം,” 1951-ൽ സ്‌നാപനമേറ്റ റോയിയുടേതാണ്‌ ആ വാക്കുകൾ. (സങ്കീർത്തനം 50:⁠14; മത്തായി 5:⁠37) 1962-ൽ സ്‌നാപനമേറ്റ ഹെതർ ഇങ്ങനെ മനസ്സുതുറക്കുന്നു: “യഹോവ എനിക്കായി ചെയ്‌ത സകല കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുമ്പോൾ, അവനെ വിശ്വസ്‌തതയോടെ സേവിച്ചുകൊണ്ട്‌ എന്റെ കൃതജ്ഞത പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” (സങ്കീർത്തനം 9:⁠1, 9-11; കൊലൊസ്സ്യർ 3:⁠15) 1954-ൽ സ്‌നാപനമേറ്റ ഹാനെലോറെ പറയുന്നതു ശ്രദ്ധിക്കുക: “നാം ശുശ്രൂഷയിൽ ആയിരിക്കുന്ന ഓരോ സന്ദർഭത്തിലും നമുക്കു ദൂതന്മാരുടെ പിന്തുണയുണ്ട്‌​—⁠എത്ര വിശിഷ്ടമായ പദവി!” (പ്രവൃത്തികൾ 10:⁠30-33; വെളിപ്പാടു 14:⁠6, 7) 1969-ൽ സ്‌നാപനമേറ്റ ഓണർ ഇങ്ങനെ പറയുന്നു: “യഹോവയുടെ ന്യായവിധി നാഴിക വന്നെത്തുമ്പോൾ, എന്റെ ഈ ചുറ്റുവട്ടത്തുള്ള ഒരാളും ‘എനിക്ക്‌ ആരും മുന്നറിയിപ്പു തന്നില്ല’ എന്നു പറഞ്ഞ്‌ യഹോവയ്‌ക്കും അവന്റെ സാക്ഷികൾക്കും നേരെ വിരൽ ചൂണ്ടരുതെന്ന്‌ എനിക്കു നിർബന്ധമുണ്ട്‌.” (യെഹെസ്‌കേൽ 2:⁠5; 3:⁠17-19; റോമർ 10:⁠16, 18) ഇനി, 1974-ൽ സ്‌നാപനമേറ്റ ക്ലോഡ്‌ല്യോ പറയുന്നതു കേൾക്കൂ: “പ്രസംഗവേലയിൽ ആയിരിക്കുമ്പോൾ നാം ‘ദൈവത്തിന്റെ നിരീക്ഷണത്തിലാണ്‌,’ ‘ക്രിസ്‌തുവിനോടൊപ്പവും.’ അതിനെ കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ! ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ, നമ്മുടെ ആ ഏറ്റവും നല്ല രണ്ടു സുഹൃത്തുക്കളുടെ സഖിത്വം നാം ആസ്വദിക്കുന്നു.”​—⁠2 കൊരിന്ത്യർ 2:⁠17, NW. *

9. (എ) പത്രൊസിന്റെയും മറ്റ്‌ അപ്പൊസ്‌തലന്മാരുടെയും ശ്രദ്ധേയമായ മീൻപിടിത്തത്തെ കുറിച്ചുള്ള വിവരണം ക്രിസ്‌തുവിനെ അനുസരിക്കുന്നതിനുള്ള ഉചിതമായ പ്രേരകം സംബന്ധിച്ച്‌ എന്തു വെളിപ്പെടുത്തുന്നു? (ബി) ഇന്ന്‌ ദൈവത്തെയും ക്രിസ്‌തുവിനെയും അനുസരിക്കുന്നതിനുള്ള ഉചിതമായ പ്രേരകം എന്ത്‌, എന്തുകൊണ്ട്‌?

9 ശ്രദ്ധേയമായ ആ മീൻപിടിത്തത്തെ കുറിച്ചുള്ള വിവരണം, ക്രിസ്‌തുവിനെ അനുസരിക്കുന്നതിനുള്ള ഉചിതമായ പ്രേരകം എന്ന നിലയിൽ സ്‌നേഹം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുകാണിക്കുന്നു. “ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ” എന്ന്‌ പത്രൊസ്‌ പറഞ്ഞപ്പോൾ യേശു അവനെ ഉപേക്ഷിച്ചുപോകുകയോ ഏതെങ്കിലും പാപത്തിന്‌ അവനെ കുറ്റംവിധിക്കുകയോ ചെയ്‌തില്ല. (ലൂക്കൊസ്‌ 5:⁠8) തന്നെ വിട്ടുപോകേണമേ എന്ന്‌ അപേക്ഷിച്ചതിന്റെ പേരിൽ യേശു അവനെ വിമർശിക്കുക പോലും ചെയ്‌തില്ല. പകരം, “ഭയപ്പെടേണ്ടാ” എന്നായിരുന്നു യേശു ദയാപുരസ്സരം നൽകിയ മറുപടി. അനാരോഗ്യകരമായ ഭയം ക്രിസ്‌തുവിനെ അനുസരിക്കുന്നതിനുള്ള ശരിയായ പ്രേരകം ആയിരിക്കുമായിരുന്നില്ല. മറിച്ച്‌, പത്രൊസും കൂട്ടരും മനുഷ്യരെ പിടിക്കുന്നവർ എന്ന നിലയിൽ പ്രയോജനമുള്ളവർ ആയിത്തീരുമെന്ന്‌ യേശു അവനോടു പറഞ്ഞു. ഇന്നും അതുപോലെ ആളുകളിൽ ഭയം, കുറ്റബോധം, ലജ്ജ തുടങ്ങിയ വികാരങ്ങൾ ഉളവാക്കിക്കൊണ്ട്‌ ക്രിസ്‌തുവിനെ അനുസരിക്കാൻ തക്കവണ്ണം അവരുമേൽ നിർബന്ധം ചെലുത്താൻ നാം ആഗ്രഹിക്കുന്നില്ല. ദൈവത്തോടും ക്രിസ്‌തുവിനോടുമുള്ള സ്‌നേഹത്തിൽ വേരുറച്ച മുഴുദേഹിയോടെയുള്ള അനുസരണം മാത്രമേ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയുള്ളൂ.​—⁠മത്തായി 22:⁠37.

“സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ”

10. (എ) ശിഷ്യരെ ഉളവാക്കാനുള്ള യേശുവിന്റെ കൽപ്പനയുടെ ഏതു ഭാഗം അവന്റെ ശിഷ്യന്മാർക്ക്‌ വലിയ വെല്ലുവിളി ഉയർത്തി? (ബി) ശിഷ്യന്മാർ യേശുവിന്റെ കൽപ്പനയോട്‌ എങ്ങനെ പ്രതികരിച്ചു?

10 ക്രിസ്‌തുവിന്റെ കൽപ്പനയോടുള്ള ബന്ധത്തിൽ ഉയർന്നുവരുന്ന രണ്ടാമത്തെ ചോദ്യം ശിഷ്യരാക്കൽവേല നിർവഹിക്കേണ്ടത്‌ എവിടെയാണ്‌ എന്നുള്ളതാണ്‌. “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന്‌ യേശു തന്റെ അനുഗാമികളോടു പറഞ്ഞു. യഹോവയെ സേവിക്കാനായി ഇസ്രായേലിലേക്കു വന്നിരുന്ന അന്യജാതിക്കാരെ യേശുവിന്റെ ശുശ്രൂഷയ്‌ക്കു മുമ്പുള്ള കാലത്ത്‌ സ്വാഗതം ചെയ്‌തിരുന്നു. (1 രാജാക്കന്മാർ 8:⁠41-43) യേശുവിന്റെ പ്രസംഗപ്രവർത്തനം മുഖ്യമായും സ്വാഭാവിക യഹൂദന്മാരുടെ ഇടയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ സകലജാതികളുടെയും അടുക്കലേക്കു പോകാൻ അവൻ തന്റെ അനുഗാമികളോട്‌ കൽപ്പിച്ചു. അതായത്‌, അവന്റെ ശിഷ്യന്മാരുടെ മത്സ്യബന്ധന മേഖല, അഥവാ പ്രസംഗ പ്രദേശം അതുവരെ ഒരു “ചെറിയ കുളം”​—⁠സ്വാഭാവിക യഹൂദന്മാർ​—⁠മാത്രമായിരുന്നെങ്കിലും പെട്ടെന്നുതന്നെ മുഴു മനുഷ്യവർഗ ‘സമുദ്രത്തെയും’ ഉൾക്കൊള്ളിക്കുംവിധം അതു വ്യാപിപ്പിക്കേണ്ടിയിരുന്നു. ഈ മാറ്റം ഒരു വെല്ലുവിളി ഉയർത്തിയെങ്കിലും ശിഷ്യന്മാർ യേശുവിന്റെ കൽപ്പന യാതൊരു സന്ദേഹവും കൂടാതെ അനുസരിച്ചു. യേശു മരിച്ച്‌ മുപ്പതു വർഷങ്ങൾക്കുള്ളിൽ, യഹൂദന്മാരുടെ ഇടയിൽ മാത്രമല്ല, “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത പ്രസംഗിക്കപ്പെട്ടുവെന്ന്‌ അപ്പൊസ്‌തലനായ പൗലൊസിന്‌ എഴുതാൻ കഴിഞ്ഞു.​—⁠കൊലൊസ്സ്യർ 1:⁠23.

11. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടം മുതൽ ‘മത്സ്യബന്ധന മേഖലകളുടെ’ കാര്യത്തിൽ എന്ത്‌ വിപുലീകരണം സംഭവിച്ചിരിക്കുന്നു?

11 അടുത്തകാലത്തായി, പ്രസംഗ പ്രദേശത്തിന്റെ കാര്യത്തിൽ സമാനമായ ഒരു വിപുലീകരണം സംഭവിച്ചിരിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ‘മത്സ്യബന്ധന മേഖലകൾ’ ഏതാനും ചില രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങിനിന്നിരുന്നു. എന്നാൽ ക്രിസ്‌തുവിന്റെ അക്കാലത്തെ അനുഗാമികൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ മാതൃക അനുകരിച്ചുകൊണ്ട്‌ തങ്ങളുടെ പ്രസംഗ പ്രദേശത്തെ വിപുലമാക്കുന്നതിൽ ശുഷ്‌കാന്തിയോടെ പ്രവർത്തിച്ചു. (റോമർ 15:⁠20, 21) 1930-കളുടെ പ്രാരംഭത്തോടെ നൂറോളം രാജ്യങ്ങളിൽ അവർ ശിഷ്യരെ ഉളവാക്കുന്നുണ്ടായിരുന്നു. ഇന്ന്‌, 235 ദേശങ്ങളിലേക്ക്‌ നമ്മുടെ ‘മത്സ്യബന്ധന മേഖലകൾ’ വ്യാപിച്ചിരിക്കുന്നു.​—⁠മർക്കൊസ്‌ 13:⁠10.

“സകലഭാഷകളിലുംനിന്ന്‌”

12. സെഖര്യാവു 8:⁠23-ൽ കാണുന്ന പ്രവചനം ഏതു വെല്ലുവിളി എടുത്തുകാണിക്കുന്നു?

12 സകല ജനതകളിൽനിന്നും ശിഷ്യരെ ഉളവാക്കുക എന്നത്‌, ഭൂമിശാസ്‌ത്രപരമായി മാത്രമല്ല ഭാഷാപരമായും ഒരു വെല്ലുവിളിയാണ്‌. സെഖര്യാ പ്രവാചകൻ മുഖാന്തരം യഹോവ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്‌ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (സെഖര്യാവു 8:⁠23) ഈ പ്രവചനത്തിന്റെ വലിയ നിവൃത്തിയിൽ ‘യഹൂദൻ’ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ശേഷിപ്പിനെ പ്രതിനിധാനം ചെയ്യുന്നു, “പത്തുപേർ” “മഹാപുരുഷാര”ത്തെയും. * (വെളിപ്പാടു 7:⁠9, 10; ഗലാത്യർ 6:⁠16) ക്രിസ്‌തുശിഷ്യരുടെ ഈ മഹാപുരുഷാരം അനേക ജനതകളിൽനിന്നുള്ളവരും, സെഖര്യാവ്‌ പറഞ്ഞതുപോലെ, വിവിധ ഭാഷകൾ സംസാരിക്കുന്നവരും ആയിരിക്കുമായിരുന്നു. ശിഷ്യത്വവുമായി ബന്ധപ്പെട്ട ഈ സംഗതി ആധുനികകാല ദൈവജനത്തിന്റെ കാര്യത്തിൽ സത്യമായിത്തീർന്നിട്ടുണ്ടോ? തീർച്ചയായുമുണ്ട്‌.

13. (എ) ആധുനികകാല ദൈവജനത്തിന്റെ ഇടയിൽ ഭാഷകളുടെ കാര്യത്തിൽ ഏത്‌ അവസ്ഥ വികാസം പ്രാപിച്ചിരിക്കുന്നു? (ബി) വ്യത്യസ്‌ത ഭാഷകളിൽ ആത്മീയാഹാരത്തിന്റെ വർധിച്ചുവരുന്ന ആവശ്യത്തോട്‌ വിശ്വസ്‌ത അടിമവർഗം എങ്ങനെ പ്രതികരിച്ചിരിക്കുന്നു? (“അന്ധർക്കു വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങൾ” എന്ന ചതുരം ഉൾപ്പെടുത്തുക.)

13 ആയിരത്തിത്തൊള്ളായിരത്തമ്പതിൽ, ലോകവ്യാപകമായുണ്ടായിരുന്ന യഹോവയുടെ സാക്ഷികളിൽ 5-ൽ 3 പേരുടെയും മാതൃഭാഷ ഇംഗ്ലീഷ്‌ ആയിരുന്നു. 1980-ൽ ആ അനുപാതം 5-ൽ 2 ആയി, ഇന്നാകട്ടെ അത്‌ 5-ൽ 1 ആയിരിക്കുന്നു. ഈ മാറ്റത്തോട്‌ വിശ്വസ്‌തനും വിവേകിയുമായ അടിമ എങ്ങനെയാണ്‌ പ്രതികരിച്ചിട്ടുള്ളത്‌? കൂടുതൽക്കൂടുതൽ ഭാഷകളിൽ ആത്മീയ ഭക്ഷണം പ്രദാനം ചെയ്‌തുകൊണ്ട്‌. (മത്തായി 24:⁠45, NW) ദൃഷ്ടാന്തത്തിന്‌ 1950-ൽ നമ്മുടെ സാഹിത്യങ്ങൾ 90 ഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇന്നത്‌ ഏകദേശം 400 ആയി വർധിച്ചിരിക്കുന്നു. വ്യത്യസ്‌ത ഭാഷാക്കൂട്ടങ്ങളിലുള്ള ആളുകൾക്കു നൽകപ്പെട്ട ഈ വർധിച്ച ശ്രദ്ധ ഫലമുളവാക്കിയിട്ടുണ്ടോ? തീർച്ചയായും! “സകലഭാഷകളിലുംനിന്ന്‌” ശരാശരി 5,000-ത്തോളംപേർ ഓരോ ആഴ്‌ചയിലും ക്രിസ്‌തുശിഷ്യർ ആയിക്കൊണ്ടിരിക്കുന്നു! (വെളിപ്പാടു 7:⁠9) വർധന തുടരുകയുമാണ്‌. ചില രാജ്യങ്ങളിൽ വലിയ ചാകരക്കൊയ്‌ത്തുതന്നെ നടക്കുന്നു!​—⁠ലൂക്കൊസ്‌ 5:⁠6; യോഹന്നാൻ 21:⁠6.

പ്രതിഫലദായകമായ ഒരു ശുശ്രൂഷ —നിങ്ങൾക്ക്‌ അതിൽ പങ്കെടുക്കാനാകുമോ?

14. നമ്മുടെ പ്രദേശത്തുള്ള മറ്റു ഭാഷക്കാരായ ആളുകളെ നമുക്ക്‌ എങ്ങനെ സഹായിക്കാനാകും? (“ആംഗ്യഭാഷയും ശിഷ്യരാക്കലും” എന്ന ചതുരം ഉൾപ്പെടുത്തുക.)

14 പല പാശ്ചാത്യ രാജ്യങ്ങളിലും കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ അവിടെയുള്ള സാക്ഷികൾക്ക്‌ സ്വന്തം നാട്ടിൽത്തന്നെ, ‘സകല ഭാഷയിൽ’നിന്നുമുള്ള ആളുകളെ ശിഷ്യരാക്കുകയെന്ന വെല്ലുവിളി നേരിടുന്നു. (വെളിപ്പാടു 14:⁠6) നമ്മുടെ പ്രദേശത്തുള്ള അന്യഭാഷക്കാരായ ആളുകളെ നമുക്ക്‌ എങ്ങനെ സഹായിക്കാനാകും? (1 തിമൊഥെയൊസ്‌ 2:⁠4) ആലങ്കാരികമായി പറഞ്ഞാൽ, കൃത്യമായ മത്സ്യബന്ധന ഉപകരണം ഉപയോഗിച്ചുകൊണ്ട്‌. അത്തരം വ്യക്തികൾക്ക്‌ അവർ സംസാരിക്കുന്ന ഭാഷയിലുള്ള സാഹിത്യം കൊടുക്കുക. സാധ്യമെങ്കിൽ, അവരുടെ ഭാഷ സംസാരിക്കുന്ന ഒരു സാക്ഷി അവരെ സന്ദർശിക്കാനുള്ള ക്രമീകരണം ചെയ്യുക. (പ്രവൃത്തികൾ 22:⁠2) ഈ ക്രമീകരണങ്ങൾ ചെയ്യാൻ ഇപ്പോൾ താരതമ്യേന എളുപ്പമാണ്‌, കാരണം മറ്റു സ്ഥലങ്ങളിൽനിന്നുള്ളവരെ ക്രിസ്‌തുശിഷ്യരാകാൻ സഹായിക്കുന്നതിനായി പല സാക്ഷികളും തങ്ങളുടേതല്ലാത്ത ഒരു ഭാഷ സംസാരിക്കാൻ പഠിച്ചിരിക്കുന്നു. ഈ വിധത്തിൽ സഹായിക്കുന്നത്‌ പ്രതിഫലദായകമായ ഒരു അനുഭവമാണെന്നു റിപ്പോർട്ടുകൾ കാണിക്കുന്നു.

15, 16. (എ) മറ്റു ഭാഷക്കാരെ സഹായിക്കുന്നത്‌ പ്രതിഫലദായകമാണെന്ന്‌ ഏതു ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കുന്നു? (ബി) ഒരു അന്യഭാഷാവയലിൽ സേവിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഏതു ചോദ്യങ്ങൾ നമുക്കു പരിചിന്തിക്കാനാകും?

15 നെതർലൻഡ്‌സിൽ നിന്നുള്ള രണ്ട്‌ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. ഇവിടെ 35 ഭാഷകളിൽ രാജ്യപ്രസംഗവേല സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. പോളിഷ്‌ ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരെ സന്ദർശിച്ച്‌ ശിഷ്യരെ ഉളവാക്കാൻ ഒരു ദമ്പതികൾ മുന്നോട്ടു വന്നു. അവർക്കു ലഭിച്ച പ്രതികരണം തികച്ചും വിസ്‌മയാവഹമായിരുന്നു. തന്നിമിത്തം താത്‌പര്യക്കാരുമൊത്തു ബൈബിൾ പഠിക്കുന്നതിന്‌ ആഴ്‌ചയിൽ ഒരു ദിവസംകൂടി ലഭിക്കത്തക്കവണ്ണം തന്റെ ലൗകിക ജോലിസമയം വെട്ടിക്കുറയ്‌ക്കാൻ ഭർത്താവ്‌ പ്രേരിതനായി. താമസിയാതെ, ആ ദമ്പതികൾക്ക്‌ ആഴ്‌ചയിൽ 20-ലേറെ ബൈബിളധ്യയനങ്ങൾ നടത്താനായി. അവർ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ശുശ്രൂഷ ഞങ്ങളെ സന്തോഷഭരിതരാക്കുന്നു.” ബൈബിൾ സത്യങ്ങൾ തങ്ങളുടെ സ്വന്തം ഭാഷയിൽ ശ്രവിക്കാൻ കഴിയുന്നതിൽ ആളുകൾ വിലമതിപ്പു പ്രകടിപ്പിക്കുമ്പോൾ ശിഷ്യരാക്കൽ വേലയിൽ ഏർപ്പെട്ടിരിക്കുന്നവർ വിശേഷാൽ ആഹ്ലാദിക്കുന്നു. ദൃഷ്ടാന്തത്തിന്‌, വിയറ്റ്‌നാമീസ്‌ ഭാഷയിൽ നടത്തപ്പെട്ട ഒരു യോഗത്തിനിടയിൽ പ്രായംചെന്ന ഒരു മനുഷ്യൻ എഴുന്നേറ്റുനിന്ന്‌ സംസാരിക്കാൻ അനുവാദം ചോദിച്ചു. നിറകണ്ണുകളോടെ അദ്ദേഹം സാക്ഷികളോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ ബുദ്ധിമുട്ടു പിടിച്ച ഭാഷ പഠിച്ചെടുക്കാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കു ഞാൻ നന്ദി പറയുന്നു. എന്റെ ഈ വാർധക്യകാലത്ത്‌ ബൈബിളിൽനിന്ന്‌ അത്ഭുതകരമായ നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്‌.”

16 അതുകൊണ്ട്‌, വിദേശഭാഷാ സഭകളിൽ സേവിക്കുന്നവർക്ക്‌ തങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുന്നു എന്നു തോന്നുന്നതിൽ തെല്ലും അതിശയമില്ല. ബ്രിട്ടനിൽനിന്നുള്ള ഒരു ദമ്പതികൾ ഇങ്ങനെ പറഞ്ഞു: “40 വർഷത്തെ രാജ്യസേവനത്തിൽ ഞങ്ങൾ ഏറ്റവും അധികം ആസ്വദിച്ചിരിക്കുന്ന ഒന്നാണ്‌ വിദേശഭാഷാ വയലിലെ ശുശ്രൂഷ.” ആവേശജനകമായ ഈ ശുശ്രൂഷയിൽ ഒരു പങ്കുണ്ടായിരിക്കാൻ തക്കവണ്ണം സാഹചര്യങ്ങളെ ക്രമപ്പെടുത്താൻ നിങ്ങൾക്കു കഴിയുമോ? നിങ്ങൾ ഒരു സ്‌കൂൾ വിദ്യാർഥിയാണെങ്കിൽ, ഇത്തരം ശുശ്രൂഷയ്‌ക്കുള്ള ഒരു തയ്യാറെടുപ്പെന്ന നിലയിൽ മറ്റേതെങ്കിലുമൊരു ഭാഷ പഠിക്കാൻ നിങ്ങൾക്കു സാധിക്കുമോ? അങ്ങനെ ചെയ്യുന്നത്‌ പ്രതിഫലദായകവും അനുഗ്രഹ സമൃദ്ധവുമായ ഒരു ജീവിതവൃത്തിയിലേക്കുള്ള വാതിൽ നിങ്ങൾക്കു തുറന്നുതന്നേക്കാം. (സദൃശവാക്യങ്ങൾ 10:⁠22, NW) ഇതിനെ കുറിച്ച്‌ നിങ്ങളുടെ മാതാപിതാക്കളുമായി എന്തുകൊണ്ട്‌ ചർച്ച ചെയ്‌തുകൂടാ?

പ്രവർത്തനരീതികൾ വ്യത്യാസപ്പെടുത്തൽ

17. നമ്മുടെ സഭയുടെ പ്രദേശത്ത്‌ കൂടുതൽ ആളുകളുടെ അടുക്കൽ നമുക്ക്‌ എങ്ങനെ എത്തിച്ചേരാനായേക്കും?

17 അന്യഭാഷാ പ്രദേശങ്ങളിൽ “വല” ഇറക്കാൻ നമ്മിൽ മിക്കവരുടെയും സാഹചര്യങ്ങൾ അനുവദിക്കുന്നില്ല എന്നതു ശരിതന്നെ. എന്നിരുന്നാലും, നമ്മുടെ സഭയുടെ പ്രദേശത്ത്‌ നാം ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നതിലും അധികം ആളുകളുടെ അടുക്കലേക്ക്‌ എത്തിച്ചേരാൻ നമുക്കു സാധിച്ചേക്കും. എങ്ങനെ? സന്ദേശത്തിൽ മാറ്റം വരുത്തിക്കൊണ്ടല്ല, പ്രത്യുത പ്രവർത്തനരീതികൾ വ്യത്യാസപ്പെടുത്തിക്കൊണ്ട്‌. കനത്ത സുരക്ഷാ സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങളിൽ താമസിക്കുന്ന ആളുകളുടെ എണ്ണം പല പ്രദേശങ്ങളിലും വർധിച്ചുവരുകയാണ്‌. മറ്റനേകരാകട്ടെ, വയൽശുശ്രൂഷയിൽ നാം ഭവനങ്ങൾ സന്ദർശിക്കുമ്പോൾ വീട്ടിൽ ഉണ്ടാകാറില്ല. അതുകൊണ്ട്‌ മറ്റു സമയങ്ങളിലും വ്യത്യസ്‌ത സ്ഥലങ്ങളിലും നമ്മൾ “വല” ഇറക്കേണ്ടതുണ്ടായിരിക്കാം. അങ്ങനെ ചെയ്യുമ്പോൾ നാം യേശുവിനെ അനുകരിക്കുകയാണ്‌. വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽവെച്ച്‌ ആളുകളോടു സംസാരിക്കാൻ അവൻ വഴികൾ കണ്ടെത്തി.—മത്തായി 9:⁠9; ലൂക്കൊസ്‌ 19:⁠1-10; യോഹന്നാൻ 4:⁠6-15.

18. വ്യത്യസ്‌ത പശ്ചാത്തലങ്ങളിലെ സാക്ഷീകരണം ഫലപ്രദമെന്ന്‌ തെളിഞ്ഞിരിക്കുന്നത്‌ എങ്ങനെ? (“വ്യാപാര സ്ഥലങ്ങളിൽ ആളുകളെ ശിഷ്യരാക്കൽ” എന്ന ചതുരം ഉൾപ്പെടുത്തുക.)

18 ലോകത്തിന്റെ ചില ഭാഗങ്ങളിൽ, ആളുകളെ കണ്ടെത്താവുന്ന സ്ഥലങ്ങളിലെല്ലാം സാക്ഷീകരിക്കുന്നത്‌ ശിഷ്യരാക്കൽ വേലയുടെ ഒരു മുഖ്യ ഭാഗമാണ്‌. ശിഷ്യരാക്കൽ വേലയിൽ പരിചയസമ്പന്നരായ വ്യക്തികൾ പലതരത്തിലുള്ള സ്ഥലങ്ങളിൽ സാക്ഷീകരിക്കുന്നതിന്‌ കൂടുതൽ ശ്രദ്ധനൽകിവരുകയാണ്‌. വീടുതോറുമുള്ള ശുശ്രൂഷയ്‌ക്കു പുറമേ, വിമാനത്താവളങ്ങൾ, ഓഫീസുകൾ, കടകൾ, പാർക്കിങ്‌ സ്ഥലങ്ങൾ, ബസ്‌ സ്റ്റോപ്പുകൾ, തെരുവുകൾ, പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിലും പ്രസാധകർ ഇപ്പോൾ സാക്ഷീകരണത്തിൽ ഏർപ്പെടുന്നു. ഹവായിയിൽ പുതുതായി സ്‌നാപനമേറ്റവരിൽ നല്ലൊരു പങ്കും അത്തരം സ്ഥലങ്ങളിൽവെച്ചാണ്‌ ആദ്യം സുവാർത്ത കേട്ടത്‌. പ്രവർത്തന രീതികൾ വ്യത്യാസപ്പെടുത്തുന്നത്‌ ശിഷ്യരെ ഉളവാക്കാനുള്ള യേശുവിന്റെ കൽപ്പന തികഞ്ഞ അളവിൽ നിറവേറ്റാൻ നമ്മെ സഹായിക്കുന്നു.​—⁠1 കൊരിന്ത്യർ 9:⁠22, 23.

19. യേശു നമുക്കു നൽകിയ നിയോഗത്തിന്റെ ഏതു രണ്ടു വശങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും?

19 ശിഷ്യരെ ഉളവാക്കാനുള്ള യേശുവിന്റെ കൽപ്പനയിൽ, ഈ വേല ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌, എവിടെ എന്നിവ സംബന്ധിച്ചു മാത്രമല്ല, എന്തു പ്രസംഗിക്കണം, എപ്പോൾവരെ അതു തുടരണം എന്നിവയെ കുറിച്ചും വിശദാംശങ്ങൾ അടങ്ങിയിട്ടുണ്ട്‌. യേശു നമുക്കു നൽകിയ നിയോഗത്തിന്റെ ഈ രണ്ട്‌ വശങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 2 ആദ്യത്തെ രണ്ടു ചോദ്യങ്ങൾ ഈ ലേഖനത്തിൽ നാം പരിചിന്തിക്കും. ബാക്കി രണ്ടെണ്ണം അടുത്തതിലും.

^ ഖ. 8 പ്രസംഗവേല നിർവഹിക്കേണ്ടതിന്റെ കൂടുതലായ കാരണങ്ങൾ പിൻവരുന്ന വാക്യങ്ങൾ നൽകുന്നു: സദൃശവാക്യങ്ങൾ 10:⁠5; ആമോസ്‌ 3:⁠8; മത്തായി 24:⁠42; മർക്കൊസ്‌ 12:⁠17; റോമർ 1:⁠14, 15.

^ ഖ. 12 ഈ പ്രവചനത്തിന്റെ നിവൃത്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച 2001 മേയ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 12-ാം പേജും യെശയ്യാ പ്രവചനം​—⁠മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം, 2-ാം വാല്യം, 408-ാം പേജും കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• നാം ഏതു കാരണങ്ങളാലാണ്‌ രാജ്യപ്രസംഗ, ശിഷ്യരാക്കൽ വേലയിൽ പങ്കെടുക്കുന്നത്‌, അതിനുള്ള പ്രേരകം എന്ത്‌?

• സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കാൻ യേശു നൽകിയ നിയോഗം യഹോവയുടെ ദാസർ ഇന്ന്‌ ഏത്‌ അളവോളം നിറവേറ്റിയിരിക്കുന്നു?

• ‘മത്സ്യബന്ധന രീതി’ നമുക്ക്‌ എങ്ങനെ വ്യത്യാസപ്പെടുത്താവുന്നതാണ്‌, അങ്ങനെ ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

അന്ധർക്കു വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങൾ

ഐക്യനാടുകളിൽ താമസിക്കുന്ന ഒരു ക്രിസ്‌തീയ മൂപ്പനും മുഴുസമയ ശുശ്രൂഷകനുമാണ്‌ ആൽബർട്ട്‌. അദ്ദേഹം അന്ധനാണ്‌. ബ്രയിലിലുള്ള (അന്ധലിപി) ബൈബിൾ സാഹിത്യം, സേവന മേൽവിചാരകൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ ശുശ്രൂഷയിലെ ഫലപ്രദത്വം വർധിപ്പിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നു. അദ്ദേഹം എങ്ങനെയാണ്‌ തന്റെ സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത്‌?

“ആൽബർട്ടിനെക്കാൾ ഫലപ്രദനായ ഒരു സേവന മേൽവിചാരകൻ ഞങ്ങളുടെ സഭയിൽ ഉണ്ടായിരുന്നിട്ടില്ല,” അധ്യക്ഷ മേൽവിചാരകനായ ജയിംസ്‌ പറയുന്നു. ഇംഗ്ലീഷിലും സ്‌പാനീഷിലുമുള്ള ബ്രയിൽ സാഹിത്യം വർഷങ്ങളായി ലഭിച്ചിട്ടുള്ള, ഐക്യനാടുകളിലെ 5,000-ത്തോളം അന്ധന്മാരിൽ ഒരാളാണ്‌ ആൽബർട്ട്‌. വാസ്‌തവത്തിൽ 1912 മുതൽ വിശ്വസ്‌തനും വിവേകിയുമായ അടിമ വർഗം അന്ധലിപിയിൽ നൂറിലധികം പ്രസിദ്ധീകരണങ്ങൾ പ്രദാനം ചെയ്‌തിട്ടുണ്ട്‌. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ യഹോവയുടെ സാക്ഷികളുടെ അച്ചടിശാലകൾ ഓരോ വർഷവും പത്തിലധികം ഭാഷകളിലുള്ള അന്ധലിപിയിൽ ദശലക്ഷക്കണക്കിന്‌ പേജുകൾ വരുന്ന സാഹിത്യം ഉത്‌പാദിപ്പിച്ച്‌ 70-ലധികം രാജ്യങ്ങളിലേക്ക്‌ കയറ്റി അയയ്‌ക്കുന്നു. അന്ധർക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ള ബൈബിൾ പ്രസിദ്ധീകരണങ്ങളിൽനിന്നു പ്രയോജനം നേടിയേക്കാവുന്ന ആരെയെങ്കിലും നിങ്ങൾക്ക്‌ അറിയാമോ?

[11-ാം പേജിലെ ചതുരം/ചിത്രം]

ആംഗ്യഭാഷയും ശിഷ്യരാക്കലും

ക്രിസ്‌തുശിഷ്യരാകാൻ ബധിരരെ സഹായിക്കുന്നതിനായി ലോകമെമ്പാടും ഊർജസ്വലരായ അനേകം യുവജനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു സാക്ഷികൾ ആംഗ്യഭാഷ സ്വായത്തമാക്കിയിരിക്കുന്നു. അതിന്റെ ഫലമായി, ബ്രസീലിൽ മാത്രം അടുത്തയിടെ ഒരു വർഷം 63 ബധിരർ സ്‌നാപനമേറ്റു. അവിടെ 35 ബധിരർ മുഴുസമയ ശുശ്രൂഷകരായി സേവിക്കുന്നുമുണ്ട്‌. ലോകവ്യാപകമായി 1,200-ലധികം ആംഗ്യഭാഷാ സഭകളും കൂട്ടങ്ങളുമുണ്ട്‌. റഷ്യയിലെ ഏക ആംഗ്യഭാഷാ സർക്കിട്ടാണ്‌ ഭൂമിശാസ്‌ത്രപരമായി പറഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സർക്കിട്ട്‌, മുഴു റഷ്യയിലുമായി അതു പരന്നുകിടക്കുന്നു!

[12-ാം പേജിലെ ചതുരം]

വ്യാപാര സ്ഥലങ്ങളിൽ ആളുകളെ ശിഷ്യരാക്കൽ

വ്യാപാര സ്ഥലങ്ങളിൽ ജോലിചെയ്യുന്നവരുടെ ഓഫീസുകൾ സന്ദർശിച്ചപ്പോൾ ഹവായിയിലെ ഒരു സാക്ഷി ഒരു ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിലെ എക്‌സിക്യൂട്ടിവിനെ കണ്ടുമുട്ടി. തിരക്കുള്ള വ്യക്തിയാണെങ്കിലും ആഴ്‌ചയിൽ ഒരിക്കൽ ഓഫീസിൽവെച്ച്‌ അര മണിക്കൂർ ബൈബിൾ പഠിക്കാൻ അദ്ദേഹം സമ്മതിച്ചു. എല്ലാ ബുധനാഴ്‌ച രാവിലെയും കീഴ്‌ജീവനക്കാരെ ടെലിഫോൺ കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചിട്ട്‌ അദ്ദേഹം ബൈബിളധ്യയനത്തിൽ മുഴുകുന്നു. ഹവായിയിലെ മറ്റൊരു സാക്ഷി പാദരക്ഷകൾ നന്നാക്കിക്കൊടുക്കുന്ന ഒരു കടയുടെ ഉടമസ്ഥയുമായി ആഴ്‌ചയിൽ ഒരിക്കൽ ബൈബിൾ പഠിക്കുന്നു. കടയുടെ കൗണ്ടറിൽവെച്ചാണ്‌ അധ്യയനം. കടയിൽ ആരെങ്കിലും വരുമ്പോൾ സാക്ഷി ഒരു വശത്തേക്കു മാറിനിൽക്കും. അവർ പോയിക്കഴിയുമ്പോൾ വീണ്ടും അധ്യയനം തുടരുകയായി!

വ്യത്യസ്‌ത സ്ഥലങ്ങളിൽ തങ്ങളുടെ “വല” ഇറക്കാൻ സാക്ഷികൾ മുൻകൈയെടുത്തതു നിമിത്തമാണ്‌ ഈ എക്‌സിക്യൂട്ടിവിനെയും കടയുടമയെയും കണ്ടെത്താനായത്‌. വീട്ടിൽ വളരെ വിരളമായി മാത്രം കാണാറുള്ള ആളുകളെ കണ്ടെത്താൻ കഴിയുന്ന, നിങ്ങളുടെ പ്രദേശത്തെ ചില സ്ഥലങ്ങൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നുണ്ടോ?

[12-ാം പേജിലെ ചിത്രം]

നിങ്ങൾക്ക്‌ ഒരു അന്യഭാഷാ വയലിൽ സേവിക്കാൻ കഴിയുമോ?