വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഞാൻ നിങ്ങളോടു കല്‌പിച്ചത്‌ ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം അവരെ ഉപദേശിപ്പിൻ’

‘ഞാൻ നിങ്ങളോടു കല്‌പിച്ചത്‌ ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം അവരെ ഉപദേശിപ്പിൻ’

‘ഞാൻ നിങ്ങളോടു കല്‌പിച്ചത്‌ ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം അവരെ ഉപദേശിപ്പിൻ’

‘ആകയാൽ നിങ്ങൾ പുറപ്പെട്ടു ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു ശിഷ്യരാക്കിക്കൊൾവിൻ.’​—⁠മത്തായി 28:⁠19, 20.

1. ക്രിസ്‌തുശിഷ്യനായ ഫിലിപ്പൊസും എത്യോപ്യനും തമ്മിൽ എന്തു സംഭാഷണം നടന്നു?

എത്യോപ്യയിൽനിന്നുള്ള ആ മനുഷ്യൻ വളരെ ദൂരം സഞ്ചരിച്ചാണ്‌ യെരൂശലേമിൽ എത്തിയത്‌. അവിടെ, താൻ സ്‌നേഹിക്കുന്ന ദൈവമായ യഹോവയെ അവൻ ആരാധിച്ചു. ദൈവത്തിന്റെ നിശ്വസ്‌ത വചനത്തോടും അവന്‌ സ്‌നേഹം ഉണ്ടായിരുന്നിരിക്കണം. കാരണം വീട്ടിലേക്കുള്ള മടക്കയാത്രയിൽ ക്രിസ്‌തുശിഷ്യനായ ഫിലിപ്പൊസ്‌ അവനെ കണ്ടുമുട്ടുമ്പോൾ, അവൻ തേരിലിരുന്ന്‌ യെശയ്യാ പ്രവാചകന്റെ ലിഖിതങ്ങളുടെ ഒരു പ്രതി വായിക്കുകയായിരുന്നു. “നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ” എന്ന്‌ ഫിലിപ്പൊസ്‌ ചോദിച്ചു. “ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും” എന്നായിരുന്നു അവന്റെ മറുപടി. തുടർന്ന്‌, തിരുവെഴുത്തുകളുടെ ആത്മാർഥതയുള്ള ഈ പഠിതാവിനെ ക്രിസ്‌തുശിഷ്യൻ ആയിത്തീരാൻ തക്കവണ്ണം ഫിലിപ്പൊസ്‌ സഹായിച്ചു.​—⁠പ്രവൃത്തികൾ 8:⁠26-39.

2. (എ) എത്യോപ്യൻ നൽകിയ മറുപടി ഏതു വിധത്തിൽ അർഥവത്തായിരുന്നു? (ബി) ശിഷ്യരെ ഉളവാക്കാനുള്ള യേശുവിന്റെ കൽപ്പനയുമായി ബന്ധപ്പെട്ട ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കും?

2 എത്യോപ്യന്റെ ഉത്തരം ശ്രദ്ധേയമാണ്‌. “ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും” എന്ന്‌ അവൻ പറഞ്ഞു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) അതേ, പൊരുൾ തിരിച്ചുകൊടുക്കുന്ന ഒരാളെ, ഒരു വഴികാട്ടിയെ അയാൾക്ക്‌ ആവശ്യമായിരുന്നു. എത്യോപ്യന്റെ ഈ അഭിപ്രായം, ശിഷ്യരെ ഉളവാക്കാൻ യേശു നൽകിയ നിയോഗത്തിൽ അവൻ ഉൾപ്പെടുത്തിയ ഒരു പ്രത്യേക നിർദേശത്തിന്റെ പ്രാധാന്യത്തെ ദൃഷ്ടാന്തീകരിക്കുന്നു. ഏതായിരുന്നു ആ നിർദേശം? ഉത്തരം കണ്ടെത്തുന്നതിന്‌, മത്തായി 28-ാം അധ്യായത്തിൽ കാണുന്ന യേശുവിന്റെ വാക്കുകളുടെ പരിചിന്തനം നമുക്കു തുടരാം. മുൻലേഖനം ശ്രദ്ധ കേന്ദ്രീകരിച്ചത്‌ എന്തുകൊണ്ട്‌? എവിടെ? എന്നീ ചോദ്യങ്ങളിലാണ്‌. എന്നാൽ ഇപ്പോൾ, ശിഷ്യരെ ഉളവാക്കാനുള്ള യേശുവിന്റെ കൽപ്പനയുമായി ബന്ധപ്പെട്ട മറ്റു രണ്ടു ചോദ്യങ്ങൾ പരിചിന്തിക്കാൻ പോകുകയാണ്‌, എന്ത്‌? എപ്പോൾ? എന്നീ ചോദ്യങ്ങൾ.

“കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട്‌”

3. (എ) ആരെങ്കിലും യേശുക്രിസ്‌തുവിന്റെ ഒരു ശിഷ്യൻ ആയിത്തീരുന്നത്‌ എങ്ങനെയാണ്‌? (ബി) ശിഷ്യരെ ഉളവാക്കുന്നതിൽ എന്ത്‌ ഉപദേശിക്കുന്നത്‌ ഉൾപ്പെട്ടിരിക്കുന്നു?

3 മറ്റുള്ളവർ ക്രിസ്‌തുശിഷ്യർ ആയിത്തീരുന്നതിന്‌ നാം അവരെ എന്തു പഠിപ്പിക്കണം? യേശു തന്റെ അനുഗാമികളോട്‌ ഇങ്ങനെ കൽപ്പിച്ചു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:⁠19, 20) അതുകൊണ്ട്‌ യേശു കൽപ്പിച്ച കാര്യങ്ങളാണ്‌ നാം പഠിപ്പിക്കേണ്ടത്‌. * എന്നിരുന്നാലും യേശുവിന്റെ കൽപ്പനകൾ പഠിക്കുന്ന വ്യക്തി ഒരു ശിഷ്യൻ ആയിത്തീരുന്നതിൽ ഉപരി അങ്ങനെതന്നെ തുടരുകയും ചെയ്യുമെന്ന്‌ ഉറപ്പാക്കാൻ എന്തു ചെയ്യാനാകും? യേശു ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത വാക്കുകളിൽ ഒരു മുഖ്യ ആശയം കാണാൻ കഴിയും. കേവലം, ‘ഞാൻ കൽപ്പിച്ചത്‌ അവരെ ഉപദേശിക്കുവിൻ’ എന്നല്ല യേശു പറഞ്ഞത്‌ എന്ന്‌ കുറിക്കൊള്ളുക. പ്രത്യുത, ‘ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിപ്പിൻ’ എന്നാണ്‌ അവൻ പറഞ്ഞത്‌. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (മത്തായി 19:⁠17) എന്താണ്‌ ഇതിന്റെ പ്രസക്തി?

4. (എ) ഒരു കൽപ്പന പ്രമാണിക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അതിന്റെ അർഥം? (ബി) ക്രിസ്‌തുവിന്റെ കൽപ്പനകൾ പ്രമാണിക്കാൻ നാം ഒരാളെ പഠിപ്പിക്കുന്ന രീതി ഒരു ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കുക.

4 ഒരു കൽപ്പന പ്രമാണിക്കുക എന്നു പറഞ്ഞാൽ കൽപ്പനയ്‌ക്കു ചേർച്ചയിൽ “ഒരുവന്റെ പ്രവർത്തനത്തെ അനുരൂപപ്പെടുത്തുക” അല്ലെങ്കിൽ അത്‌ അനുസരിക്കുക, പാലിക്കുക എന്നൊക്കയാണ്‌ അർഥം. അങ്ങനെയെങ്കിൽ ക്രിസ്‌തു കൽപ്പിച്ച കാര്യങ്ങൾ പ്രമാണിക്കാൻ അഥവാ അനുസരിക്കാൻ നാം ഒരാളെ എങ്ങനെയാണു പഠിപ്പിക്കുന്നത്‌? ഡ്രൈവിങ്‌ പഠിപ്പിക്കുന്ന ഒരാൾ ഗതാഗത നിയമങ്ങൾ അനുസരിക്കാൻ തന്റെ വിദ്യാർഥികളെ പഠിപ്പിക്കുന്ന രീതിയെ കുറിച്ചു ചിന്തിക്കുക. ഒരുപക്ഷേ അദ്ദേഹം ഒരു ക്ലാസ്‌ മുറിയിൽവെച്ച്‌ റോഡിലെ നിയമങ്ങൾ അവരെ പഠിപ്പിച്ചേക്കാം. എന്നിരുന്നാലും, ഈ നിയമങ്ങൾ എങ്ങനെ പാലിക്കണം എന്ന്‌ തന്റെ വിദ്യാർഥികളെ പഠിപ്പിക്കുന്നതിന്‌ അവർ യഥാർഥത്തിൽ വാഹനം ഓടിച്ചുകൊണ്ട്‌ പഠിച്ച കാര്യങ്ങൾ പ്രായോഗികമാക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം അവരുടെ കൂടെയിരുന്ന്‌ അവർക്കു മാർഗനിർദേശം നൽകേണ്ടതുണ്ട്‌. സമാനമായി, ആളുകളോടൊത്ത്‌ ബൈബിൾ പഠിക്കുമ്പോൾ നാം ക്രിസ്‌തുവിന്റെ കൽപ്പനകൾ അവരെ പഠിപ്പിക്കുന്നു. എന്നിരുന്നാലും, അവർ തങ്ങളുടെ അനുദിന ജീവിതത്തിലും ശുശ്രൂഷയിലും ക്രിസ്‌തുവിന്റെ നിർദേശങ്ങൾ ബാധകമാക്കാൻ ശ്രമിക്കവേ നാം അവരെ നയിക്കേണ്ടതുണ്ട്‌. (യോഹന്നാൻ 14:⁠15; 1 യോഹന്നാൻ 2:⁠3) അതുകൊണ്ട്‌, ശിഷ്യരാക്കാനുള്ള ക്രിസ്‌തുവിന്റെ കൽപ്പന പൂർണമായി നിറവേറ്റുന്നതിന്‌ നാം അധ്യാപകരും വഴികാട്ടികളും ആയിരിക്കണം. അങ്ങനെ ആയിരുന്നുകൊണ്ട്‌, നാം യഹോവയും യേശുവും വെച്ചിരിക്കുന്ന മാതൃക അനുകരിക്കുന്നു.​—⁠സങ്കീർത്തനം 48:⁠14; വെളിപ്പാടു 7:⁠17.

5. നമ്മോടൊപ്പം ബൈബിൾ പഠിക്കുന്ന ഒരു വ്യക്തി ശിഷ്യരാക്കാനുള്ള ക്രിസ്‌തുവിന്റെ കൽപ്പന അനുസരിക്കാൻ സന്ദേഹിച്ചേക്കാവുന്നത്‌ എന്തുകൊണ്ട്‌?

5 യേശുവിന്റെ കൽപ്പനകൾ പ്രമാണിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ ശിഷ്യരെ ഉളവാക്കാനുള്ള കൽപ്പന അനുസരിക്കാൻ അവരെ സഹായിക്കുന്നതും ഉൾപ്പെടുന്നു. നമ്മോടൊപ്പം ബൈബിൾ പഠിക്കുന്ന ചിലർക്ക്‌ അതു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നേക്കാം. മുമ്പ്‌ അവർ ഏതെങ്കിലും ക്രൈസ്‌തവസഭയിലെ സജീവ അംഗങ്ങളായിരുന്നെങ്കിൽപ്പോലും ആളുകളുടെ ഇടയിലേക്കിറങ്ങി ശിഷ്യരെ ഉളവാക്കാൻ മതാധ്യാപകർ അവരെ എന്നെങ്കിലും പഠിപ്പിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണ്‌. ആട്ടിൻകൂട്ടത്തെ സുവിശേഷ പ്രവർത്തനത്തിനു പരിശീലിപ്പിക്കുന്ന കാര്യത്തിൽ ക്രൈസ്‌തവലോകത്തിലെ സഭകൾ അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്ന്‌ ചില സഭാ നേതാക്കൾതന്നെ തുറന്നു സമ്മതിക്കുന്നു. ലോകത്തിലിറങ്ങി എല്ലാ തുറകളിലും നിന്നുള്ള ആളുകളെ ശിഷ്യരാക്കാനുള്ള യേശുവിന്റെ കൽപ്പനയെ കുറിച്ച്‌ ബൈബിൾ പണ്ഡിതനായ ജോൺ ആർ. ഡബ്ലിയു. സ്റ്റോറ്റ്‌ പിൻവരുന്നവിധം അഭിപ്രായപ്പെട്ടു: “ഈ കൽപ്പനയിൽ ഉൾക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ്‌ സുവിശേഷ പ്രചാരണ രംഗത്ത്‌ ഇന്ന്‌ ഇവാഞ്ചലിക്കൽ സഭകൾ വരുത്തിയിരിക്കുന്ന ഏറ്റവും വലിയ വീഴ്‌ച.” അദ്ദേഹം ഇങ്ങനെ തുടർന്നു: “സന്ദേശം ദൂരെമാറിനിന്ന്‌ ഘോഷിക്കാനുള്ള പ്രവണതയാണ്‌ നമുക്ക്‌. മുങ്ങിമരിക്കാൻ പോകുന്ന വ്യക്തിയോട്‌ തീരത്തു സുരക്ഷിതമായിനിന്ന്‌ നിർദേശങ്ങൾ വിളിച്ചു കൂവുന്ന ആളുകളെപ്പോലെയാണ്‌ നാം ചിലപ്പോഴൊക്കെ. അവരെ രക്ഷപ്പെടുത്താനായി നാം വെള്ളത്തിലേക്ക്‌ എടുത്തു ചാടുന്നില്ല. നനയുമല്ലോ എന്ന പേടിയാണ്‌ നമുക്ക്‌.”

6. (എ) ഒരു ബൈബിൾ വിദ്യാർഥിയെ സഹായിക്കുമ്പോൾ നമുക്ക്‌ ഫിലിപ്പൊസിന്റെ മാതൃക അനുകരിക്കാൻ കഴിയുന്നത്‌ എങ്ങനെ? (ബി) ഒരു ബൈബിൾ വിദ്യാർഥി പ്രസംഗവേലയിൽ പങ്കെടുക്കാൻ തുടങ്ങുമ്പോൾ നമുക്ക്‌ ആ വ്യക്തിയിൽ എങ്ങനെ താത്‌പര്യം പ്രകടിപ്പിക്കാൻ കഴിയും?

6 നമ്മോടൊപ്പം ബൈബിൾ പഠിക്കുന്ന ആരെങ്കിലും മേൽപ്പറഞ്ഞ രീതിയിൽ ‘നനയാൻ പേടിക്കുന്ന’ അംഗങ്ങളുള്ള ഏതെങ്കിലും മതത്തിന്റെ ഭാഗമായിരുന്നെങ്കിൽ, ‘വെള്ളത്തോടുള്ള ആ ഭയം’ മാറ്റിയെടുത്ത്‌ ശിഷ്യരെ ഉളവാക്കാനുള്ള ക്രിസ്‌തുവിന്റെ കൽപ്പന അനുസരിക്കുന്നത്‌ അയാളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി ആയിരുന്നേക്കാം. അയാൾക്കു സഹായം ആവശ്യമായി വരും. അതുകൊണ്ട്‌, എത്യോപ്യനെ പ്രബുദ്ധനാക്കുകയും സ്‌നാപനമേൽക്കാൻ അവനെ പ്രചോദിപ്പിക്കുകയും ചെയ്യുംവിധം ഫിലിപ്പൊസ്‌ അവനെ ഉപദേശിച്ചതുപോലെ നാമും ക്ഷമാപൂർവം നമ്മുടെ ബൈബിൾ വിദ്യാർഥിയുടെ ഗ്രാഹ്യം ആഴമുള്ളതാക്കുകയും അയാളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നതരം പ്രബോധനവും മാർഗനിർദേശവും നൽകേണ്ടതുണ്ട്‌. (യോഹന്നാൻ 16:⁠13; പ്രവൃത്തികൾ 8:⁠35-38) കൂടാതെ, ശിഷ്യരെ ഉളവാക്കാനുള്ള കൽപ്പന അനുസരിക്കാൻ നമ്മുടെ ബൈബിൾ വിദ്യാർഥിയെ സഹായിക്കാനുള്ള നമ്മുടെ ആഗ്രഹം, അവർ രാജ്യപ്രസംഗ വേലയിലെ ആദ്യ ചുവടുകൾ വെക്കുമ്പോൾ അവരോടൊപ്പം പ്രവർത്തിച്ചുകൊണ്ട്‌ അവരെ വഴിനയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.​—⁠സഭാപ്രസംഗി 4:⁠9, 10; ലൂക്കൊസ്‌ 6:⁠40.

“കല്‌പിച്ചതു ഒക്കെയും”

7. യേശു “കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ” മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ ഏതു കൽപ്പനകൾ അവരെ പഠിപ്പിക്കുന്നതും ഉൾപ്പെടുന്നു?

7 ശിഷ്യരെ ഉളവാക്കാനുള്ള പരിശീലനം മാത്രം പുതിയ ശിഷ്യന്മാർക്കു നൽകിയാൽ പോരാ. താൻ “കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ” തക്കവണ്ണം മറ്റുള്ളവരെ പഠിപ്പിക്കാനാണ്‌ യേശു നമ്മെ പ്രബോധിപ്പിച്ചത്‌. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) അതിൽ തീർച്ചയായും ഏറ്റവും വലിയ രണ്ട്‌ കൽപ്പനകൾ ഉൾപ്പെട്ടിരിക്കുന്നു​—⁠ദൈവത്തെ സ്‌നേഹിക്കുക, അയൽക്കാരനെ സ്‌നേഹിക്കുക. (മത്തായി 22:⁠37-39) ആ കൽപ്പനകൾ അനുസരിക്കാൻ ഒരു പുതിയ ശിഷ്യനെ എങ്ങനെ പഠിപ്പിക്കാവുന്നതാണ്‌?

8. സ്‌നേഹം പ്രകടമാക്കാനുള്ള കൽപ്പന ഒരു പുതുശിഷ്യനെ എങ്ങനെ പഠിപ്പിക്കാനാകും എന്ന്‌ ദൃഷ്ടാന്തീകരിക്കുക.

8 വാഹനം ഓടിക്കാൻ പഠിക്കുന്ന വ്യക്തിയുടെ ഉദാഹരണം വീണ്ടും പരിചിന്തിക്കുക. തന്നെ പഠിപ്പിക്കുന്ന വ്യക്തിയോടൊപ്പം ഇരുന്ന്‌ വാഹനം ഓടിക്കവേ, അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുന്നതിലൂടെ മാത്രമല്ല മറ്റു ഡ്രൈവർമാർ ചെയ്യുന്നതു നിരീക്ഷിക്കുന്നതിലൂടെയും ആണ്‌ അയാൾ ഡ്രൈവിങ്‌ പഠിക്കുന്നത്‌. ദൃഷ്ടാന്തത്തിന്‌, തന്റെ വാഹനത്തിനു മുമ്പിൽ കയറാൻ മറ്റൊരു വാഹനത്തെ ദയാപൂർവം അനുവദിക്കുന്ന ഒരു ഡ്രൈവറെയോ എതിരെ വരുന്നവരുടെ കണ്ണു മഞ്ഞളിക്കാതിരിക്കാൻ തന്റെ കാറിന്റെ ഹെഡ്‌ലൈറ്റുകൾ ഡിമ്മടിച്ച്‌ മര്യാദ കാണിക്കുന്ന ഒരു ഡ്രൈവറെയോ വാഹനം കേടായ ഒരാളെ സഹായിക്കാൻ മനസ്സൊരുക്കം കാണിക്കുന്ന ഒരു ഡ്രൈവറെയോ ഒക്കെ പഠിപ്പിക്കുന്ന ആൾ ചൂണ്ടിക്കാണിച്ചേക്കാം. അത്തരം ദൃഷ്ടാന്തങ്ങളിൽനിന്ന്‌, വാഹനം ഓടിക്കുമ്പോൾ ബാധകമാക്കാൻ കഴിയുന്ന വിലപ്പെട്ട പാഠങ്ങൾ വിദ്യാർഥി പഠിക്കുന്നു. സമാനമായി, ജീവനിലേക്കുള്ള പാതയിൽ സഞ്ചരിക്കുന്ന ഒരു പുതിയ ശിഷ്യൻ തനിക്ക്‌ അധ്യയനമെടുക്കുന്ന ആളിൽനിന്നു മാത്രമല്ല, സഭയിലെ മറ്റുള്ളവരുടെ ഉത്തമ മാതൃകകളിൽനിന്നും പഠിക്കുന്നു.​—⁠മത്തായി 7:⁠13, 14.

9. സ്‌നേഹം പ്രകടിപ്പിക്കാനുള്ള കൽപ്പന അനുസരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ ഒരു പുതിയ ശിഷ്യൻ പഠിക്കുന്നത്‌ എങ്ങനെ?

9 ദൃഷ്ടാന്തത്തിന്‌, തന്റെ കൊച്ചുകുട്ടികളെയും കൂട്ടി വളരെ കഷ്ടപ്പെട്ട്‌ രാജ്യഹാളിൽ എത്തുന്ന ഒറ്റയ്‌ക്കുള്ള ഒരു മാതാവിനെ ബൈബിൾ വിദ്യാർഥി നിരീക്ഷിച്ചേക്കാം. വിഷാദത്തിനെതിരെ പോരാടിക്കൊണ്ട്‌ വിശ്വസ്‌തതയോടെ യോഗങ്ങൾക്കു വരുന്ന ഒരു വ്യക്തിയെയോ സഭായോഗത്തിന്‌ മറ്റു വൃദ്ധരായ ആളുകളെ തന്റെ വാഹനത്തിൽ കൊണ്ടുവരുന്ന പ്രായംചെന്ന ഒരു വിധവയെയോ രാജ്യഹാൾ ശുചീകരണത്തിൽ പങ്കെടുക്കുന്ന ഒരു കൗമാരപ്രായക്കാരനെയോ അദ്ദേഹം കണ്ടേക്കാം. മറ്റു ധാരാളം സഭാ ഉത്തരവാദിത്വങ്ങൾ ഉണ്ടെങ്കിലും വിശ്വസ്‌തതയോടെ വയൽസേവനത്തിൽ നേതൃത്വമെടുക്കുന്ന ഒരു സഭാ മൂപ്പനെ ബൈബിൾ വിദ്യാർഥി ശ്രദ്ധിച്ചേക്കാം. ശാരീരിക പരിമിതികൾമൂലം വീട്ടിൽത്തന്നെ കഴിഞ്ഞുകൂടേണ്ടി വരുന്നെങ്കിലും തന്നെ വന്നുകാണുന്ന എല്ലാവർക്കും ആത്മീയ പ്രോത്സാഹനത്തിന്റെ ഉറവായ ഒരു സാക്ഷിയെ കണ്ടുമുട്ടാൻ അദ്ദേഹത്തിന്‌ അവസരം ലഭിച്ചേക്കാം. പ്രായംചെന്ന മാതാപിതാക്കളെ ശുശ്രൂഷിക്കാനായി തങ്ങളുടെ ജീവിതത്തിൽ വളരെയധികം പൊരുത്തപ്പെടുത്തലുകൾ വരുത്തുന്ന ഒരു ദമ്പതികളെ വിദ്യാർഥി നിരീക്ഷിച്ചേക്കാം. ദയയുള്ളവരും സഹായ മനസ്‌കരും ആശ്രയയോഗ്യരുമായ അത്തരം ക്രിസ്‌ത്യാനികളെ നിരീക്ഷിക്കുന്നതിലൂടെ, ദൈവത്തെയും അയൽക്കാരനെയും, വിശേഷാൽ സഹവിശ്വാസികളെയും സ്‌നേഹിക്കാനുള്ള ക്രിസ്‌തുവിന്റെ കൽപ്പന അനുസരിക്കുന്നതിൽ എന്താണ്‌ ഉൾപ്പട്ടിരിക്കുന്നതെന്ന്‌ പുതിയ ശിഷ്യൻ ദൃഷ്ടാന്തത്തിലൂടെ പഠിക്കുന്നു. (സദൃശവാക്യങ്ങൾ 24:⁠32; യോഹന്നാൻ 13:⁠35; ഗലാത്യർ 6:⁠10; 1 തിമൊഥെയൊസ്‌ 5:⁠4, 8; 1 പത്രൊസ്‌ 5:⁠2, 3) ഈ വിധത്തിൽ സഭയിലെ ഓരോ അംഗത്തിനും ഒരു അധ്യാപകനും വഴികാട്ടിയും ആയിരിക്കാൻ കഴിയും. അവർ അങ്ങനെ ആയിരിക്കുകയും വേണം.​—⁠മത്തായി 5:⁠16.

“ലോകാവസാനത്തോളം”

10. (എ) നാം എത്രകാലം ശിഷ്യരാക്കൽ വേല തുടരും? (ബി) നിയമനങ്ങൾ നിറവേറ്റുന്നതിനോടുള്ള ബന്ധത്തിൽ യേശു എന്തു മാതൃക വെച്ചു?

10 നാം എപ്പോൾവരെ ശിഷ്യരാക്കൽ വേല തുടരണം? ലോകാവസാനത്തോളം അതായത്‌ വ്യവസ്ഥിതിയുടെ സമാപന കാലഘട്ടത്തിൽ ഉടനീളം. (മത്തായി 28:⁠20) യേശുവിന്റെ കൽപ്പനയുടെ ഈ വിശദാംശം നിറവേറ്റാൻ നമുക്കു സാധിക്കുമോ? ഒരു ലോകവ്യാപക സഭ എന്ന നിലയിൽ അങ്ങനെ ചെയ്യാൻ നാം ദൃഢചിത്തരാണ്‌. ‘നിത്യജീവനു ചേർന്ന പ്രകൃതമുള്ളവരെ’ കണ്ടെത്താൻ നമ്മുടെ സമയവും ഊർജവും വിഭവങ്ങളും നാം സന്തോഷപൂർവം കഴിഞ്ഞ കാലങ്ങളിൽ ചെലവഴിച്ചിട്ടുണ്ട്‌. (പ്രവൃത്തികൾ 13:⁠48, NW) ഇന്ന്‌, യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി രാജ്യപ്രസംഗ, ശിഷ്യരാക്കൽ വേലയിൽ ഓരോ ദിവസവും ശരാശരി 30 ലക്ഷത്തിലധികം മണിക്കൂർ വിനിയോഗിക്കുന്നു. നാം യേശുവിന്റെ കാൽച്ചുവടുകൾ പിന്തുടരുന്നതുകൊണ്ടാണ്‌ അപ്രകാരം ചെയ്യുന്നത്‌. അവൻ ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (യോഹന്നാൻ 4:⁠34) അതുതന്നെയാണ്‌ നമ്മുടെയും ഹൃദയംഗമമായ ആഗ്രഹം. (യോഹന്നാൻ 20:⁠21) നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന വേല കേവലം തുടങ്ങിവെക്കാനല്ല, പിന്നെയോ അതു തികെക്കാൻ അഥവാ പൂർത്തിയാക്കാൻ നാം ആഗ്രഹിക്കുന്നു.​—⁠മത്തായി 24:⁠13; യോഹന്നാൻ 17:⁠4.

11. നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാരിൽ ചിലർക്ക്‌ എന്തു സംഭവിച്ചിരിക്കുന്നു, നാം നമ്മോടുതന്നെ എന്തു ചോദിക്കണം?

11 എന്നിരുന്നാലും, നമ്മുടെ സഹവിശ്വാസികളിൽ ചിലർ ആത്മീയമായി ദുർബലരായിത്തീർന്നുകൊണ്ട്‌ ശിഷ്യരെ ഉളവാക്കാനുള്ള ക്രിസ്‌തുവിന്റെ കൽപ്പന അനുസരിക്കുന്നതിൽ മന്ദീഭവിക്കുകയോ അതു നിറുത്തിക്കളയുകയോ ചെയ്‌തിരിക്കുന്നതായി കാണുന്നത്‌ നമ്മെ ദുഃഖിപ്പിക്കുന്നു. സഭയുമായുള്ള സഹവാസം പുനരാരംഭിക്കാനും ശിഷ്യരാക്കൽവേലയിൽ വീണ്ടും പങ്കുപറ്റിത്തുടങ്ങാനും അത്തരക്കാരെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ നമുക്കു കഴിയുമോ? (റോമർ 15:⁠1; എബ്രായർ 12:⁠12) ശിഷ്യന്മാർ താത്‌കാലികമായി ദുർബലാവസ്ഥയിലായപ്പോൾ യേശു അവരെ സഹായിച്ച വിധം നമുക്ക്‌ ഇന്ന്‌ എന്തു ചെയ്യാനാവുമെന്നു സൂചിപ്പിക്കുന്നു.

അവരുടെ കാര്യത്തിൽ താത്‌പര്യമുണ്ടെന്നു പ്രകടമാക്കുക

12. (എ) യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പ്‌ അവന്റെ അപ്പൊസ്‌തലന്മാർ എന്തു ചെയ്‌തു? (ബി) അപ്പൊസ്‌തലന്മാർ ഗുരുതരമായ ബലഹീനതകൾ പ്രകടമാക്കിയിട്ടും യേശു അവരോട്‌ എങ്ങനെയാണ്‌ ഇടപെട്ടത്‌?

12 യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ അവസാനത്തോടടുത്ത്‌ അവന്റെ മരണം ആസന്നമായപ്പോൾ അപ്പൊസ്‌തലന്മാർ “എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.” യേശു മുൻകൂട്ടി പറഞ്ഞിരുന്നതുപോലെതന്നെ ‘ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോയി.’ (മർക്കൊസ്‌ 14:⁠50; യോഹന്നാൻ 16:⁠32) ആത്മീയമായി ദുർബലരായിത്തീർന്ന തന്റെ സഹകാരികളോട്‌ യേശു എങ്ങനെയാണ്‌ ഇടപെട്ടത്‌? തന്റെ പുനരുത്ഥാനത്തിനു ശേഷം ശിഷ്യന്മാരിൽ ചിലരോട്‌ യേശു ഇങ്ങനെ പറഞ്ഞു: “ഭയപ്പെടേണ്ടാ; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.” (മത്തായി 28:⁠10) അപ്പൊസ്‌തലന്മാർ ഗുരുതരമായ ബലഹീനതകൾ പ്രകടമാക്കിയെങ്കിലും യേശു പിന്നെയും അവരെ ‘എന്റെ സഹോദരന്മാർ’ എന്നുതന്നെ വിളിച്ചു. (മത്തായി 12:⁠49) അവൻ അവരെ എഴുതിത്തള്ളിയില്ല. ഇങ്ങനെ, താനും യഹോവയെപ്പോലെതന്നെ കരുണാമയനും ക്ഷമിക്കുന്നവനും ആണെന്ന്‌ യേശു തെളിയിച്ചു. (2 രാജാക്കന്മാർ 13:⁠23) നമുക്ക്‌ യേശുവിനെ എങ്ങനെ അനുകരിക്കാനാകും?

13. ആത്മീയമായി ദുർബലർ ആയിത്തീർന്നിരിക്കുന്നവരെ നാം എങ്ങനെ വീക്ഷിക്കണം?

13 ശുശ്രൂഷയിൽ മന്ദീഭവിച്ചിരിക്കുന്ന, അല്ലെങ്കിൽ അതിൽ പങ്കുപറ്റുന്നത്‌ നിറുത്തിക്കളഞ്ഞിരിക്കുന്ന ആളുകളുടെ കാര്യത്തിൽ നമുക്ക്‌ ആഴമായ താത്‌പര്യം ഉണ്ടായിരിക്കണം. ആ സഹക്രിസ്‌ത്യാനികൾ മുൻകാലത്ത്‌, ചിലർ ഒരുപക്ഷേ പതിറ്റാണ്ടുകളോളം ചെയ്‌തിട്ടുള്ള സ്‌നേഹപ്രവൃത്തികൾ നാം ഇപ്പോഴും ഓർമിക്കുന്നു. (എബ്രായർ 6:⁠10) വീണ്ടും അവരുടെ സൗഹൃദവും സഹവാസവും ആസ്വദിക്കാൻ നാം അതിയായി ആഗ്രഹിക്കുന്നു. (ലൂക്കൊസ്‌ 15:⁠4-7; 1 തെസ്സലൊനീക്യർ 2:⁠17) അങ്ങനെയെങ്കിൽ അവരിലുള്ള താത്‌പര്യം നമുക്ക്‌ എങ്ങനെ പ്രകടമാക്കാനാകും?

14. യേശുവിനെ അനുകരിച്ചുകൊണ്ട്‌ ദുർബലനായ ഒരു വ്യക്തിയെ നമുക്ക്‌ എങ്ങനെ സഹായിക്കാനാകും?

14 യേശു തന്റെ നിരുത്സാഹിതരായ അപ്പൊസ്‌തലന്മാരോട്‌ അവർക്കു തന്നെ കാണാൻ കഴിയേണ്ടതിന്‌ ഗലീലയിലേക്കു പോകാൻ പറഞ്ഞു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഒരു പ്രത്യേക യോഗത്തിനായി യേശു അവരെ ക്ഷണിക്കുകയായിരുന്നു. (മത്തായി 28:⁠10) സമാനമായി ഇന്ന്‌, ആത്മീയമായി ദുർബലരായവരെ നാം ക്രിസ്‌തീയ സഭയുടെ യോഗങ്ങളിൽ സംബന്ധിക്കുന്നതിനായി ക്ഷണിക്കുന്നു. അങ്ങനെ ചെയ്യാൻ നാം അവരെ ഒന്നിലേറെ തവണ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടാകാം. അപ്പൊസ്‌തലന്മാരുടെ കാര്യത്തിൽ ആ ക്ഷണം നല്ല ഫലം ഉളവാക്കി. “പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്‌പിച്ചിരുന്ന മലെക്കു പോയി.” (മത്തായി 28:⁠16) ബലഹീനരായവർ നമ്മുടെ ഊഷ്‌മളമായ ക്ഷണങ്ങളോടു സമാനമായി പ്രതികരിക്കുകയും ക്രിസ്‌തീയ യോഗങ്ങൾക്ക്‌ ഹാജരാകുന്നത്‌ പുനരാരംഭിക്കുകയും ചെയ്യുമ്പോൾ നാം എത്രയധികം സന്തോഷിക്കുന്നു!​—⁠ലൂക്കൊസ്‌ 15:⁠6.

15. നമ്മുടെ യോഗസ്ഥലത്ത്‌ എത്തുന്ന ആത്മീയമായി ബലഹീനരായവരെ സ്വാഗതം ചെയ്യുന്നതിൽ നമുക്ക്‌ യേശുവിന്റെ മാതൃക എങ്ങനെ പിൻപറ്റാനാകും?

15 ബലഹീനനായ ഒരു ക്രിസ്‌ത്യാനി രാജ്യഹാളിൽ വരികയാണെങ്കിൽ നാം എങ്ങനെ പ്രതികരിക്കും? താത്‌കാലികമായി വിശ്വാസം ക്ഷയിച്ചുപോയിരുന്ന തന്റെ അപ്പൊസ്‌തലന്മാരെ നിർദിഷ്ട യോഗസ്ഥലത്ത്‌ കണ്ടുമുട്ടിയപ്പോൾ യേശു എന്താണ്‌ ചെയ്‌തത്‌? “യേശു അടുത്തുചെന്ന്‌” അവരോടു സംസാരിച്ചു. (മത്തായി 28:⁠18) അവൻ ദൂരെമാറിനിന്ന്‌ അവരെ തുറിച്ചു നോക്കുകയല്ല ചെയ്‌ത്‌, പിന്നെയോ അവരുടെ അടുക്കലേക്കു ചെന്നു. യേശുതന്നെ മുൻകൈയെടുത്ത്‌ അങ്ങനെ ചെയ്‌തപ്പോൾ അപ്പൊസ്‌തലന്മാർക്ക്‌ എത്ര ആശ്വാസം തോന്നിക്കാണും എന്നു ചിന്തിച്ചുനോക്കൂ! ക്രിസ്‌തീയ സഭയിലേക്കു തിരിച്ചുവരാൻ ശ്രമംചെയ്യുന്ന, ആത്മീയമായി ബലഹീനരായവരെ ഊഷ്‌മളമായി സ്വാഗതംചെയ്യാൻ നമുക്കും മുൻകൈയെടുക്കാം.

16. (എ) യേശു തന്റെ ശിഷ്യന്മാരോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? (ബി) ബലഹീനരോടുള്ള യേശുവിന്റെ വീക്ഷണം നമുക്ക്‌ എങ്ങനെ അനുകരിക്കാനാകും? (അടിക്കുറിപ്പു കാണുക.)

16 അതിനുപുറമേ യേശു മറ്റെന്തുകൂടി ചെയ്‌തു? ഒന്നാമതായി, അവൻ ഒരു പ്രഖ്യാപനം നടത്തി: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു.” രണ്ടാമത്‌, അവൻ അവർക്ക്‌ ഒരു നിയോഗം നൽകി: “നിങ്ങൾ പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” മൂന്നാമത്‌, അവൻ ഒരു വാഗ്‌ദാനം നടത്തി: ‘ഞാൻ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌.’ എന്നാൽ യേശു എന്തു ചെയ്‌തില്ല എന്ന്‌ നിങ്ങൾ ശ്രദ്ധിച്ചോ? ശിഷ്യന്മാരുടെ പരാജയങ്ങളും സംശയങ്ങളും നിമിത്തം അവൻ അവരെ ശകാരിച്ചില്ല. (മത്തായി 28:⁠17) അവന്റെ സമീപനം ഫലപ്രദമായിരുന്നോ? ഉവ്വ്‌. അധികം വൈകാതെ ശിഷ്യന്മാർ വീണ്ടും ‘ഉപദേശിക്കയും സുവിശേഷിക്കയും’ ചെയ്യാൻ ആരംഭിച്ചു. (പ്രവൃത്തികൾ 5:⁠42) ബലഹീനരായവരെ എങ്ങനെ വീക്ഷിക്കണം, അവരോട്‌ എങ്ങനെ ഇടപെടണം എന്നിവ സംബന്ധിച്ച്‌ യേശു വെച്ച മാതൃക പിൻപറ്റുമ്പോൾ സമാനമായ സത്‌ഫലങ്ങൾ നമ്മുടെ പ്രാദേശിക സഭയിലും നമുക്കു കാണാനായേക്കാം. *​—⁠പ്രവൃത്തികൾ 20:⁠35.

‘ഞാൻ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌’

17, 18. ‘ഞാൻ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌’ എന്ന യേശുവിന്റെ വാക്കുകളിൽ ബലപ്പെടുത്തുന്ന ഏത്‌ ആശയങ്ങൾ അടങ്ങിയിരിക്കുന്നു?

17 യേശു നൽകിയ നിയോഗത്തിലെ ‘ഞാൻ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌’ എന്ന ഉപസംഹാര വാക്കുകളിൽ ശിഷ്യരെ ഉളവാക്കാനുള്ള ക്രിസ്‌തുവിന്റെ കൽപ്പന അനുസരിക്കാൻ കഠിനാധ്വാനം ചെയ്യുന്ന എല്ലാവരെയും ബലപ്പെടുത്തുന്ന ഒരു ആശയം അടങ്ങിയിട്ടുണ്ട്‌. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) നമ്മുടെ രാജ്യപ്രസംഗ വേലയ്‌ക്കെതിരെ ശത്രുക്കൾ ഏതെല്ലാം എതിർപ്പുകൾ കൊണ്ടുവന്നാലും, നമുക്കെതിരെ ഏതെല്ലാം അപവാദങ്ങൾ പ്രചരിപ്പിച്ചാലും നമുക്കു ഭയപ്പെടാൻ യാതൊരു കാരണവുമില്ല. എന്തുകൊണ്ട്‌? നമ്മെ താങ്ങാൻ “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും” ഉള്ള നമ്മുടെ നേതാവായ യേശു നമ്മോടൊപ്പമുണ്ട്‌!

18 ‘ഞാൻ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌’ എന്ന യേശുവിന്റെ വാഗ്‌ദാനം വലിയ ആശ്വാസത്തിന്റെ ഒരു ഉറവുകൂടിയാണ്‌. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) ശിഷ്യരെ ഉളവാക്കാനുള്ള ക്രിസ്‌തുവിന്റെ കൽപ്പന നിറവേറ്റവേ സുദിനങ്ങളിലൂടെ മാത്രമല്ല ദുർദിനങ്ങളിലൂടെയും നാം കടന്നുപോകുന്നു. (2 ദിനവൃത്താന്തം 6:⁠29) പ്രിയപ്പെട്ട ഒരാളുടെ മരണത്തെ തുടർന്ന്‌ നമ്മിൽ ചിലർ സങ്കടകരമായ സമയങ്ങളിലൂടെ കടന്നുപോകുന്നു. (ഉല്‌പത്തി 23:⁠2; യോഹന്നാൻ 11:⁠33-36) ശക്തിയും ആരോഗ്യവും ക്ഷയിക്കുന്ന വാർധക്യകാലത്തിന്റേതായ പ്രശ്‌നങ്ങൾ മറ്റുചിലരെ വലയ്‌ക്കുന്നു. (സഭാപ്രസംഗി 12:⁠1-6) വേറെ ചിലർ വിഷാദത്തോടു പോരാടുന്നവരാണ്‌. (1 തെസ്സലൊനീക്യർ 5:⁠14) അതുംകൂടാതെ രൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കേണ്ടി വരുന്നവരുടെ എണ്ണവും വർധിക്കുന്നു. ഈ വെല്ലുവിളികളെല്ലാം ഉണ്ടായിരുന്നിട്ടും, നാം ശുശ്രൂഷയിൽ വിജയം വരിക്കുന്നു. കാരണം, നമ്മുടെ ജീവിതത്തിലെ ദുർദിനങ്ങളിൽ ഉൾപ്പെടെ “എല്ലാനാളുംയേശു നമ്മോടുകൂടെയുണ്ട്‌. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)​—⁠മത്തായി 11:⁠28-30.

19. (എ) ശിഷ്യരെ ഉളവാക്കാനുള്ള യേശുവിന്റെ നിയോഗത്തിൽ എന്തു നിർദേശങ്ങൾ അടങ്ങിയിരിക്കുന്നു? (ബി) ക്രിസ്‌തു നൽകിയ നിയോഗം നിറവേറ്റാൻ നമ്മെ പ്രാപ്‌തരാക്കുന്നത്‌ എന്ത്‌?

19 ഈ ലേഖനത്തിലും മുൻലേഖത്തിലും നാം കണ്ടതുപോലെ, ശിഷ്യരെ ഉളവാക്കാനുള്ള യേശുവിന്റെ കൽപ്പന സമസ്‌തതല സ്‌പർശിയാണ്‌. നാം ഈ കൽപ്പന അനുസരിക്കേണ്ടത്‌ എന്തുകൊണ്ടാണെന്നും എവിടെയാണെന്നും യേശു പറഞ്ഞു. കൂടാതെ, നാം പ്രസംഗിക്കേണ്ടത്‌ എന്താണെന്നും എപ്പോൾവരെയാണെന്നും അവൻ പറഞ്ഞു. ബൃഹത്തായ ഈ നിയോഗം നിറവേറ്റുന്നത്‌ ഒരു വെല്ലുവിളിയാണ്‌ എന്നതു ശരിതന്നെ. എന്നാൽ ഓർമിക്കുക: ക്രിസ്‌തുവിന്റെ അധികാരത്തിന്റെയും സാന്നിധ്യത്തിന്റെയും പിൻബലം നമുക്കുണ്ട്‌, അതു നിറവേറ്റാൻ തീർച്ചയായും നമുക്കു കഴിയും! എന്താ, നിങ്ങൾ അതിനോടു യോജിക്കുന്നില്ലേ?

[അടിക്കുറിപ്പുകൾ]

^ ഖ. 3 സ്‌നാനം കഴിപ്പിക്കാനും ഉപദേശിക്കാനുമുള്ള ഈ കൽപ്പന “ഒന്നിനു പിറകെ ഒന്നായുള്ള രണ്ടു പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നതായി എടുക്കേണ്ടതില്ല.” പകരം “ഉപദേശിക്കൽ എന്നത്‌ തുടർച്ചയായുള്ള ഒരു പ്രക്രിയ അഥവാ . . . ഭാഗികമായി സ്‌നാപനത്തിനു മുമ്പും ഭാഗികമായി അതിനു ശേഷവും നടത്തേണ്ട ഒന്നാണ്‌” എന്ന്‌ ഒരു പരാമർശകൃതി ചൂണ്ടിക്കാണിക്കുന്നു.

^ ഖ. 16 ബലഹീനരോടുള്ള നമ്മുടെ വീക്ഷണം എന്തായിരിക്കണം, നമുക്ക്‌ അവരെ എങ്ങനെ സഹായിക്കാനാകും എന്നിവ സംബന്ധിച്ചുള്ള കൂടുതലായ വിവരങ്ങൾക്ക്‌ 2003 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 15-18 പേജുകൾ കാണുക.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• യേശു കൽപ്പിച്ചത്‌ പ്രമാണിക്കാൻ നാം മറ്റുള്ളവരെ പഠിപ്പിക്കുന്നത്‌ എങ്ങനെ?

• ഒരു പുതിയ ശിഷ്യൻ സഭയിലെ മറ്റുള്ളവരിൽനിന്ന്‌ ഏതു പാഠങ്ങൾ പഠിച്ചേക്കാം?

• ആത്മീയമായി ബലഹീനർ ആയിത്തീർന്നിരിക്കുന്നവരെ സഹായിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും?

• ‘ഞാൻ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌’ എന്ന യേശുവിന്റെ വാഗ്‌ദാനത്തിൽനിന്ന്‌ എന്ത്‌ ശക്തിയും ആശ്വാസവും നാം ആർജിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രങ്ങൾ]

നാം അധ്യാപകരും ഒപ്പം വഴികാട്ടികളും ആയിരിക്കണം

[17-ാം പേജിലെ ചിത്രങ്ങൾ]

ഒരു പുതിയ ശിഷ്യൻ മറ്റുള്ളവർ വെക്കുന്ന മാതൃകയിൽനിന്നു വിലപ്പെട്ട പാഠങ്ങൾ പഠിക്കുന്നു