വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ പ്രശ്‌നങ്ങൾക്ക്‌ ഉത്തരവാദി ദൈവമാണോ?

നമ്മുടെ പ്രശ്‌നങ്ങൾക്ക്‌ ഉത്തരവാദി ദൈവമാണോ?

നമ്മുടെ പ്രശ്‌നങ്ങൾക്ക്‌ ഉത്തരവാദി ദൈവമാണോ?

പ്രായപൂർത്തിയായ മകൾക്ക്‌ ഗുരുതരമായ മസ്‌തിഷ്‌ക ക്ഷതം സംഭവിച്ചപ്പോൾ, നമ്മിൽ പലരും ചെയ്യുമായിരുന്ന ഒരു സംഗതിതന്നെയാണു മെറിയനും ചെയ്‌തത്‌. * അവർ സഹായത്തിനായി ദൈവത്തോടു പ്രാർഥിച്ചു. “ഇത്രയ്‌ക്കു നിസ്സഹായത അനുഭവപ്പെട്ട ഒരു സന്ദർഭം മുമ്പൊരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, ഞാൻ തനിച്ചായതുപോലെ തോന്നി,” മെറിയൻ പറയുന്നു. പിന്നീട്‌, മകളുടെ ആരോഗ്യനില കൂടുതൽ വഷളായപ്പോൾ അവരുടെ മനസ്സിൽ ദൈവത്തെ കുറിച്ച്‌ സംശയങ്ങൾ തലപൊക്കാൻ തുടങ്ങി. “എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്‌?” അവർ ചോദിച്ചു. സ്‌നേഹവാനും കരുതലുള്ളവനുമായ ഒരു ദൈവത്തിന്‌ എങ്ങനെ തന്നെ കൈവിടാൻ കഴിയുന്നുവെന്ന്‌ അവർ ചിന്തിച്ചുപോയി.

മെറിയന്റേത്‌ ഒരു ഒറ്റപ്പെട്ട അനുഭവമല്ല. ആവശ്യഘട്ടങ്ങളിൽ ദൈവം തങ്ങളെ കൈവിട്ടതായി ലോകമെമ്പാടുമുള്ള ഒട്ടനവധി ആളുകൾക്കു തോന്നിയിട്ടുണ്ട്‌. “എന്തുകൊണ്ട്‌ ദൈവം ഇതെല്ലാം അനുവദിക്കുന്നു എന്ന ചോദ്യവുമായി ഞാൻ ഇന്നും മല്ലിടുകയാണ്‌,” കൊച്ചുമകൻ കൊല്ലപ്പെട്ടതിന്റെ ദുഃഖത്തിൽ കഴിയുന്ന ലിസ പറയുന്നു. “ദൈവത്തിലുള്ള വിശ്വാസം എനിക്കു പൂർണമായി നഷ്ടപ്പെട്ടെന്നു പറയാനാവില്ലെങ്കിലും ആ വിശ്വാസത്തിനു തീർച്ചയായും ഉലച്ചിൽ തട്ടിയിട്ടുണ്ട്‌.” സമാനമായി, കൈക്കുഞ്ഞായിരുന്ന മകന്റെ ദാരുണമായ മരണം ഉൾക്കൊള്ളാനാവാതെ ഒരു സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “ദൈവം എനിക്ക്‌ യാതൊരു ആശ്വാസവും നൽകിയില്ല. എന്നോടു മനസ്സലിവുണ്ടെന്നതിന്‌ അവൻ എനിക്ക്‌ ഒരു അടയാളവും തന്നിട്ടില്ല.” അവർ കൂട്ടിച്ചേർക്കുന്നു: “ഞാൻ ഒരിക്കലും ദൈവത്തിനു മാപ്പു കൊടുക്കില്ല.”

മറ്റു ചിലർക്കു ദൈവത്തോട്‌ ഈർഷ്യ തോന്നുന്നത്‌ ചുറ്റുമുള്ള ലോകത്തിലേക്കു കണ്ണോടിക്കുമ്പോഴാണ്‌. കടുത്ത ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പിടിയിൽ കഴിയുന്ന മനുഷ്യസമൂഹങ്ങൾ, പ്രത്യാശയുടെ ഒരു നുറുങ്ങു വെട്ടം പോലും കാണാനാവാതെ ഉഴലുന്ന അഭയാർഥികൾ, എയ്‌ഡ്‌സ്‌ അനാഥരാക്കിയ അസംഖ്യം കുഞ്ഞുങ്ങൾ, മറ്റു രോഗങ്ങളാൽ വലയുന്ന കോടിക്കണക്കിന്‌ ആളുകൾ. ഈ ശോചനീയ കാഴ്‌ചകളെല്ലാം കാണുമ്പോൾ, പലരും ദൈവം നിസ്സംഗത പാലിക്കുകയാണെന്നു വിചാരിച്ച്‌ അവനെ കുറ്റപ്പെടുത്തുന്നു.

എന്നാൽ, മനുഷ്യവർഗത്തെ കാർന്നുതിന്നുന്ന പ്രശ്‌നങ്ങൾക്ക്‌ ഉത്തരവാദി ദൈവം അല്ലെന്നുള്ളതാണു വാസ്‌തവം. മാനവകുടുംബത്തിന്മേൽ വന്നുചേർന്നിരിക്കുന്ന ദോഷങ്ങൾ ദൈവം താമസിയാതെ നീക്കം ചെയ്യുമെന്നു വിശ്വസിക്കാൻ ശക്തമായ കാരണങ്ങളുണ്ട്‌. അടുത്ത ലേഖനം വായിക്കാനും അങ്ങനെ, ദൈവം നമ്മെ കുറിച്ചു കരുതലുള്ളവനാണെന്ന വസ്‌തുത മനസ്സിലാക്കാനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 2 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.