വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നോഹയ്‌ക്ക്‌ ഒരു കത്ത്‌

നോഹയ്‌ക്ക്‌ ഒരു കത്ത്‌

നോഹയ്‌ക്ക്‌ ഒരു കത്ത്‌

“പ്രിയപ്പെട്ട നോഹയ്‌ക്ക്‌, താങ്കളെപ്പറ്റി ഞാൻ നിരവധി തവണ ബൈബിളിൽ വായിച്ചിട്ടുണ്ട്‌, താങ്കൾ ഒരു പെട്ടകം നിർമിച്ചതിനെയും പ്രളയത്തിൽ മുഴു കുടുംബത്തോടൊപ്പം അതിൽ കയറി രക്ഷപ്പെട്ടതിനെയും കുറിച്ചൊക്കെ.”

അങ്ങനെയാണ്‌, 14-നും 21-നും മധ്യേ പ്രായമുള്ള വിദ്യാർഥികൾക്കായി നടത്തിയ ഒരു കത്തെഴുത്തു മത്സരത്തിൽ മിന്നാമാരിയാ എന്ന പതിനഞ്ചുകാരി എഴുതി സമർപ്പിച്ച കത്ത്‌ തുടങ്ങുന്നത്‌. ഫിന്നിഷ്‌ തപാൽ വകുപ്പിന്റെയും ഫിന്നിഷ്‌ മാതൃഭാഷാധ്യാപക സംഘടനയുടെയും ഫിന്നിഷ്‌ സാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തിലാണ്‌ മത്സരം സംഘടിപ്പിച്ചത്‌. പങ്കെടുത്തവർ ഏതെങ്കിലും ഒരു ഗ്രന്ഥത്തെ അധികരിച്ച്‌ കത്തെഴുതേണ്ടിയിരുന്നു. ഗ്രന്ഥകാരനെയോ ഗ്രന്ഥത്തിലെ ഒരു കഥാപാത്രത്തെയോ അഭിസംബോധന ചെയ്‌ത്‌ എഴുതാമായിരുന്നു. തങ്ങളുടെ വിദ്യാർഥികൾ എഴുതി സമർപ്പിച്ചവയിൽനിന്ന്‌ 1,400-ലധികം കത്തുകൾ തിരഞ്ഞെടുത്ത്‌ അധ്യാപകർ മത്സര വിധികർത്താക്കൾക്ക്‌ അയച്ചു. വിധികർത്താക്കൾ അവയിൽനിന്ന്‌ ഏറ്റവും നല്ല ഒരെണ്ണവും രണ്ടും മൂന്നും സ്ഥാനത്തേക്കായി പത്തെണ്ണം വീതവും തിരഞ്ഞെടുത്തു. മൂന്നാം സ്ഥാനം നേടിയവയിൽ തന്റെ കത്തും ഉണ്ടെന്ന്‌ അറിഞ്ഞപ്പോൾ മിന്നാമാരിയാ വളരെ സന്തോഷിച്ചു.

കൗമാരപ്രായക്കാരിയായ മിന്നാമാരിയാ ഏകദേശം 5,000 വർഷം മുമ്പു ജീവിച്ചിരുന്ന നോഹയ്‌ക്ക്‌ തന്റെ കത്ത്‌ എഴുതിയത്‌ എന്തുകൊണ്ടാണ്‌? അവൾ ഇങ്ങനെ പറഞ്ഞു: “ബൈബിളാണ്‌ എന്റെ മനസ്സിലേക്ക്‌ ആദ്യം ഓടിയെത്തിയത്‌. ബൈബിൾ കഥാപാത്രങ്ങളെ എനിക്ക്‌ നല്ല പരിചയമാണ്‌. അവരെ കുറിച്ച്‌ ഞാൻ ഒരുപാട്‌ വായിച്ചിട്ടുള്ളതുകൊണ്ട്‌ അവരെല്ലാം എനിക്ക്‌ ജീവനുള്ളവരെപ്പോലെയാണ്‌. നോഹയെയാണ്‌ ഞാൻ തിരഞ്ഞെടുത്തത്‌, കാരണം അദ്ദേഹത്തിന്റെ ജീവിതം എന്റേതിൽനിന്നു വളരെ വ്യത്യസ്‌തമായ, എന്നാൽ അങ്ങേയറ്റം രസകരമായ ഒന്നായിരുന്നു.”

മിന്നാമാരിയാ നോഹയ്‌ക്കുള്ള തന്റെ കത്ത്‌ ഇങ്ങനെ ഉപസംഹരിച്ചു: “താങ്കൾ ഇന്നും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ഉത്തമ മാതൃകയാണ്‌. ബൈബിൾ വായിക്കുന്ന ഏവരെയും തങ്ങളുടെ വിശ്വാസത്തിനൊത്തു ജീവിക്കാൻ താങ്കളുടെ ജീവിതം പ്രോത്സാഹിപ്പിക്കുന്നു.”

“ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി” ആബാലവൃദ്ധം ജനങ്ങളുടെമേൽ ശക്തിചെലുത്തുന്നു എന്നതിന്‌ നല്ലൊരു ഉദാഹരണമാണ്‌ ചെറുപ്രായത്തിലുള്ള ഈ ബൈബിൾ വായനക്കാരിയുടെ കത്ത്‌. ​—⁠എബ്രായർ 4:⁠12.