വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കപ്പദൊക്യ കാറ്റും ജലവും കല്ലിൽത്തീർത്ത പാർപ്പിടങ്ങളുടെ നാട്‌

കപ്പദൊക്യ കാറ്റും ജലവും കല്ലിൽത്തീർത്ത പാർപ്പിടങ്ങളുടെ നാട്‌

കപ്പദൊക്യ കാറ്റും ജലവും കല്ലിൽത്തീർത്ത പാർപ്പിടങ്ങളുടെ നാട്‌

അപ്പൊസ്‌തലനായ പത്രൊസ്‌ കപ്പദൊക്യയെ [കപ്പഡോഷ്യ] കുറിച്ചു പറഞ്ഞിട്ടുണ്ട്‌. അവൻ തന്റെ ആദ്യ നിശ്വസ്‌ത ലേഖനത്തിന്റെ അഭിസംബോധനയിൽ ‘കപ്പദൊക്യയിൽ ചിതറിപ്പാർക്കുന്ന പരദേശികളെയും’ ഉൾപ്പെടുത്തി. (1 പത്രൊസ്‌ 1:⁠1) കപ്പദൊക്യ എങ്ങനെയുള്ള ഒരു നാടായിരുന്നു? അവിടത്തെ നിവാസികൾ കല്ലിൽ തുരന്നുണ്ടാക്കിയ വീടുകളിൽ പാർത്തിരുന്നത്‌ എന്തുകൊണ്ടായിരുന്നു? അവർ ക്രിസ്‌ത്യാനിത്വവുമായി സമ്പർക്കത്തിൽ വന്നത്‌ എങ്ങനെ?

“ശിലാസ്‌തൂപികകളുടെയും ശിലാസ്‌തംഭങ്ങളുടെയും ഒരു വനത്തിൽ ഞങ്ങൾ വഴിതെറ്റി അലഞ്ഞു” എന്ന്‌ 1840-കളിൽ കപ്പദൊക്യ സന്ദർശിച്ച ബ്രിട്ടീഷ്‌ സഞ്ചാരിയായ വില്യം എഫ്‌. എയ്‌ൻസ്‌വർത്ത്‌ പറഞ്ഞു. ടർക്കിയുടെ ഭാഗമായ, അനന്യ സവിശേഷതകളോടുകൂടിയ ഈ ഭൂപ്രദേശം ഇന്നും സഞ്ചാരികളെ വിസ്‌മയഭരിതരാക്കുന്നു. നിശ്ശബ്ദമായി നിൽക്കുന്ന കാവൽഭടന്മാരെപ്പോലെയാണ്‌ കപ്പദൊക്യയിലെ താഴ്‌വരകളിൽ കൂട്ടമായി നിൽക്കുന്ന അനിതരസാധാരണമായ ഈ ശിലാ“ശിൽപ്പങ്ങൾ.” ചിലത്‌ 30 മീറ്ററോ അതിലധികമോ ഉയരമുള്ള പടുകൂറ്റൻ ചിമ്മിനികൾ പോലെ തോന്നിക്കും. ഭീമൻ ഐസ്‌ക്രീം കോണുകളുടെയും സൂച്യഗ്രസ്‌തംഭങ്ങളുടെയും കൂണുകളുടെയും രൂപസാദൃശ്യം ഉള്ളവയുമുണ്ട്‌.

പകലോൻ പകലുടനീളം ഈ ശിലാരൂപങ്ങളിൽ വ്യത്യസ്‌ത നിറങ്ങൾ ചാലിച്ചു പൂശുന്ന കാഴ്‌ച കൺമയക്കുന്ന ഒന്നുതന്നെയാണ്‌. പുലരിയിൽ ഇളം പിങ്കുനിറമാണ്‌ അവയ്‌ക്ക്‌. ഉച്ചയാകുമ്പോഴേക്കും നേർത്ത ആനക്കൊമ്പു നിറം കൈവരിക്കുന്നു. ഒടുവിൽ അസ്‌തമയ സൂര്യൻ അവയെ കാവികലർന്ന പൊൻപ്രഭയിൽ കുളിപ്പിക്കുന്നു. ‘ശിലാസ്‌തൂപികകളുടെയും ശിലാസ്‌തംഭങ്ങളുടെയും ഈ വനം’ രൂപംകൊണ്ടത്‌ എങ്ങനെയാണ്‌? തദ്ദേശീയർ അവയിൽ തങ്ങളുടെ വീടുകൾ ഉണ്ടാക്കിയത്‌ എന്തുകൊണ്ട്‌?

കാറ്റും ജലവും തീർത്ത ശിൽപ്പങ്ങൾ

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ആനറ്റോലിയൻ ഉപദ്വീപിന്റെ ഹൃദയഭാഗത്താണ്‌ കപ്പദൊക്യ സ്ഥിതിചെയ്യുന്നത്‌. അവിടെയുള്ള രണ്ട്‌ അഗ്നിപർവതങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ പ്രദേശം ഒരു പീഠഭൂമി ആയിരിക്കുമായിരുന്നു. സഹസ്രാബ്ദങ്ങൾക്കു മുമ്പ്‌, വമ്പൻ അഗ്നിപർവത സ്‌ഫോടനങ്ങൾ രണ്ടുതരം ശിലകൾകൊണ്ട്‌, കട്ടിയുള്ള കൃഷ്‌ണശിലയും അഗ്നിപർവത ചാരം കട്ടിപിടിച്ച്‌ ഉണ്ടായ വെളുത്തു കടുപ്പം കുറഞ്ഞ തൂപശിലയുംകൊണ്ട്‌ ആ പ്രദേശത്തെ മൂടി.

കാറ്റും മഴയും ജലപ്രവാഹങ്ങളും കടുപ്പമില്ലാത്ത തൂപശിലയെ കാർന്നുതിന്നാൻ തുടങ്ങിയപ്പോൾ മലയിടുക്കുകൾ രൂപംകൊണ്ടു. കാലക്രമേണ, ഈ മലയിടുക്കുകളുടെ വശങ്ങളിൽ ഉയർന്നുനിന്ന ചെങ്കുത്തായ പാറക്കെട്ടുകളിൽ ചിലത്‌ എണ്ണമറ്റ ശിലാസ്‌തൂപികകളായി സാവധാനം വേർപെടാൻ തുടങ്ങി. അങ്ങനെ ഭൂമിയിൽ മറ്റെങ്ങും കാണാത്ത തരം ശിൽപ്പങ്ങൾ ഈ പ്രദേശത്തിനു സ്വന്തമായി. ചില ശിലാസ്‌തൂപികകൾ കണ്ടാൽ തേൻകൂടുകൾ (honeycombs) ആണെന്നേ പറയൂ. പ്രാദേശിക വാസികൾ ഈ മൃദുശിലകൾ തുരന്ന്‌ മുറികൾ നിർമിച്ചു, കുടുംബം വളരുന്തോറും മുറികളുടെ എണ്ണവും കൂടി. ഈ പാർപ്പിടങ്ങൾ വേനൽക്കാലത്ത്‌ കുളിർമയും ശീതകാലത്ത്‌ ചൂടും പകരുന്നതായും അവർ മനസ്സിലാക്കി.

ഒരു സാംസ്‌കാരിക നാൽക്കവലയിലെ ജീവിതം

കപ്പദൊക്യയുടെ സ്ഥാനം പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക നാൽക്കവലയിൽ അല്ലായിരുന്നെങ്കിൽ ഇന്നാട്ടിലെ ഗുഹാവാസികൾ പുറംലോകവുമായി കാര്യമായ ഒരു സമ്പർക്കവുമില്ലാതെ ഒറ്റപ്പെട്ടു പോകുമായിരുന്നു. റോമാ സാമ്രാജ്യത്തെ ചൈനയുമായി ബന്ധിപ്പിച്ചിരുന്ന, 6,500 കിലോമീറ്റർ ദൈർഘ്യമുള്ള വാണിജ്യപാതയായ വിശ്വവിഖ്യാതമായ പട്ടുപാത കപ്പദൊക്യയിലൂടെയാണ്‌ കടന്നുപോയിരുന്നത്‌. വ്യാപാരികൾ യാത്ര ചെയ്‌തിരുന്നതിനു പുറമേ പേർഷ്യൻ, യവന, റോമൻ സൈന്യങ്ങൾ ഇതുവഴി പടയോട്ടം നടത്തിയിട്ടുണ്ട്‌. ഈ യാത്രികർ മതസംബന്ധിയായ നൂതനാശയങ്ങൾ ഇവിടേക്കു കൊണ്ടുവന്നു.

പൊ.യു.മു. രണ്ടാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും കപ്പദൊക്യയിൽ യഹൂദ കുടിയേറ്റം നടന്നിരുന്നു. പൊ.യു. 33-ൽ ഈ പ്രദേശത്തുനിന്നുള്ള യഹൂദന്മാർ യെരൂശലേമിൽ സന്നിഹിതരായിരുന്നു. പെന്തെക്കൊസ്‌തു പെരുന്നാൾ ആഘോഷിക്കാനാണ്‌ അവർ അവിടെ എത്തിയത്‌. അന്ന്‌, പരിശുദ്ധാത്മാഭിഷേകം നടന്നശേഷം അപ്പൊസ്‌തലനായ പത്രൊസ്‌ കപ്പദൊക്യയിൽനിന്നെത്തിയ യഹൂദന്മാരോടു പ്രസംഗിച്ചു. (പ്രവൃത്തികൾ 2:⁠1-9) തെളിവനുസരിച്ച്‌ ചിലർ അവന്റെ സന്ദേശത്തോട്‌ അനുകൂലമായി പ്രതികരിക്കുകയും പുതുതായി കണ്ടെത്തിയ വിശ്വാസം തങ്ങളുടെ സ്വദേശത്തേക്കു കൊണ്ടുപോകുകയും ചെയ്‌തു. അതുകൊണ്ടാണ്‌, പത്രൊസ്‌ തന്റെ ആദ്യലേഖനത്തിൽ കപ്പദൊക്യയിലെ ക്രിസ്‌ത്യാനികളെയും അഭിസംബോധന ചെയ്‌തത്‌.

എന്നിരുന്നാലും, വർഷങ്ങൾ കടന്നുപോയപ്പോൾ കപ്പദൊക്യയിലെ ക്രിസ്‌ത്യാനികൾ പുറജാതീയ തത്ത്വശാസ്‌ത്രങ്ങളാൽ സ്വാധീനിക്കപ്പെടാൻ തുടങ്ങി. നാലാം നൂറ്റാണ്ടിൽ കപ്പദൊക്യയിലെ മൂന്നു മുഖ്യ സഭാനേതാക്കൾ തിരുവെഴുത്തു വിരുദ്ധമായ ത്രിത്വോപദേശത്തെ ശക്തമായി പിന്താങ്ങുകപോലും ചെയ്‌തു. നേസിയാൻസസിലെ ഗ്രിഗറി, മഹാനായ ബേസിൽ, നിസ്സയിലെ അദ്ദേഹത്തിന്റെ സഹോദരൻ ഗ്രിഗറി എന്നിവരായിരുന്നു അവർ.

മഹാനായ ബേസിൽ സന്ന്യാസ ജീവിതരീതിയുടെ വക്താവു കൂടിയായിരുന്നു. ശിലയിൽ വെട്ടിയുണ്ടാക്കിയ അനാർഭാടമായ കപ്പദൊക്യൻ ഗൃഹങ്ങൾ അദ്ദേഹം ഉന്നമിപ്പിച്ച താപസ ജീവിതരീതിക്കു നന്നേ ഇണങ്ങുന്നവയായിരുന്നു. സന്ന്യാസ ജീവിതം നയിക്കുന്നവരുടെ എണ്ണം വർധിച്ചപ്പോൾ വലുപ്പമുള്ള ചില ശിലാസ്‌തൂപികകൾക്കുള്ളിൽ പള്ളികൾ മുഴുവനായിത്തന്നെ നിർമിക്കപ്പെട്ടു. 13-ാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും ഏകദേശം മുന്നൂറു പള്ളികൾ ഇങ്ങനെ പാറയിൽ വെട്ടിയുണ്ടാക്കിയിരുന്നു. ഇവയിൽ പലതും ഇന്നും നിലനിൽക്കുന്നുണ്ട്‌.

പള്ളികളിലും സന്ന്യാസ ആശ്രമങ്ങളിലും ആളൊഴിഞ്ഞിരിക്കുകയാണെങ്കിലും ഇന്നാട്ടുകാരുടെ ജീവിതരീതി നൂറ്റാണ്ടുകൾ കടന്നുപോയിട്ടും കാര്യമായി മാറിയിട്ടില്ല. ഇന്നും അനേകം ആളുകൾ ഗുഹാഗൃഹങ്ങളിൽ വസിക്കുന്നു. പ്രതിഭാശാലികളായ കപ്പദൊക്യൻ നിവാസികൾ, പ്രകൃതിദത്തമായി രൂപംകൊണ്ട സംഗതികളെ പ്രായോഗിക ഭവനങ്ങളായി മാറ്റിയെടുത്തിരിക്കുന്നതു നോക്കി വിസ്‌മയംകൊള്ളാത്ത സന്ദർശകർ ആരുംതന്നെ ഉണ്ടാവില്ല.

[24, 25 പേജുകളിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

കപ്പദൊക്യ

ചൈന (കാഥെയ്‌)