വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ “യഹോവയുടെ ന്യായപ്രമാണത്തിൽ” സന്തോഷിക്കുന്നുവോ?

നിങ്ങൾ “യഹോവയുടെ ന്യായപ്രമാണത്തിൽ” സന്തോഷിക്കുന്നുവോ?

നിങ്ങൾ “യഹോവയുടെ ന്യായപ്രമാണത്തിൽ” സന്തോഷിക്കുന്നുവോ?

‘യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].’​—⁠സങ്കീർത്തനം 1:⁠2.

1. യഹോവയുടെ ദാസരെന്ന നിലയിൽ നാം സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

യഹോവ തന്റെ വിശ്വസ്‌ത ദാസരായ നമ്മെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. നമുക്കു നിരവധി പരിശോധനകൾ നേരിടുന്നുണ്ട്‌ എന്നതു ശരിയാണ്‌. എന്നുവരികിലും നാം യഥാർഥ സന്തോഷം ആസ്വദിക്കുന്നു. അത്‌ അതിശയകരമല്ല, കാരണം നാം സേവിക്കുന്നത്‌ “ധന്യനായ” അഥവാ സന്തുഷ്ടനായ ‘ദൈവത്തെയാണ്‌.’ കൂടാതെ അവന്റെ പരിശുദ്ധാത്മാവ്‌ നമ്മുടെ ഹൃദയങ്ങളിൽ സന്തോഷം ഉളവാക്കുന്നു. (1 തിമൊഥെയൊസ്‌ 1:⁠11; ഗലാത്യർ 5:⁠22) സന്തോഷം അഥവാ ആനന്ദം എന്നത്‌ നല്ല എന്തിനെക്കുറിച്ചെങ്കിലും ഉള്ള പ്രതീക്ഷയിൽനിന്നോ അതു സിദ്ധിക്കുന്നതിൽനിന്നോ ഉളവാകുന്ന യഥാർഥ ആഹ്ലാദാനുഭൂതിയാണ്‌. തീർച്ചയായും, സ്വർഗീയ പിതാവിൽനിന്നു നമുക്ക്‌ നല്ല ദാനങ്ങൾ ലഭിക്കുന്നു. (യാക്കോബ്‌ 1:⁠17) നാം സന്തുഷ്ടരായിരിക്കുന്നതിൽ അതിശയമില്ല!

2. ഏതെല്ലാം സങ്കീർത്തനങ്ങളാണ്‌ നാം ചർച്ച ചെയ്യാൻ പോകുന്നത്‌?

2 സങ്കീർത്തന പുസ്‌തകം സന്തോഷത്തിനു സവിശേഷ പ്രാധാന്യം നൽകുന്നുണ്ട്‌. ഉദാഹരണത്തിന്‌, 1-ഉം 2-ഉം സങ്കീർത്തനങ്ങളുടെ കാര്യത്തിൽ ഇതു സത്യമാണ്‌. രണ്ടാം സങ്കീർത്തനത്തിന്റെ രചയിതാവ്‌ ഇസ്രായേലിലെ ദാവീദ്‌ രാജാവാണെന്ന്‌ യേശുക്രിസ്‌തുവിന്റെ ആദിമ അനുഗാമികൾ മനസ്സിലാക്കിയിരുന്നു. (പ്രവൃത്തികൾ 4:⁠25, 26) ഒന്നാം സങ്കീർത്തനത്തിന്റെ പേരു വെളിപ്പെടുത്താത്ത രചയിതാവ്‌ പിൻവരുന്ന വാക്കുകളോടെ തന്റെ നിശ്വസ്‌ത ഗീതം തുടങ്ങുന്നു: ‘ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതിരിക്കുന്നവൻ ഭാഗ്യവാൻ” അഥവാ സന്തുഷ്ടൻ. (സങ്കീർത്തനം 1:⁠1, 2) ഒന്നും രണ്ടും സങ്കീർത്തനങ്ങൾ നമുക്കു സന്തോഷത്തിനുള്ള വക നൽകുന്നത്‌ എങ്ങനെയെന്ന്‌ ഈ ലേഖനത്തിലും അടുത്തതിലും നമുക്കു പരിചിന്തിക്കാം.

സന്തുഷ്ടിയുടെ രഹസ്യം

3. സങ്കീർത്തനം 1:⁠1, 2 അനുസരിച്ച്‌, ദൈവഭക്തനായ ഒരു വ്യക്തി സന്തുഷ്ടനായിരിക്കുന്നതിന്റെ ചില കാരണങ്ങൾ ഏവ?

3 ദൈവഭക്തനായ ഒരു വ്യക്തി സന്തുഷ്ടനായിരിക്കുന്നതിന്റെ കാരണം 1-ാം സങ്കീർത്തനം വ്യക്തമാക്കുന്നു. അത്തരം സന്തോഷത്തിനുള്ള ഏതാനും കാരണങ്ങൾ നൽകിക്കൊണ്ട്‌ സങ്കീർത്തനക്കാരൻ ഇങ്ങനെ പാടുന്നു: ‘ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്‌ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും ഇരിക്കുന്നവൻ ഭാഗ്യവാൻ’ അഥവാ സന്തുഷ്ടൻ.—സങ്കീർത്തനം 1:⁠1, 2.

4. സെഖര്യാവും എലീശബെത്തും മാതൃകാപരമായ ഏതു ഗതിയാണ്‌ പിൻപറ്റിയത്‌?

4 യഥാർഥ സന്തോഷം ആസ്വദിക്കണമെങ്കിൽ നാം യഹോവയുടെ നീതിനിഷ്‌ഠമായ വ്യവസ്ഥകൾ അനുസരിച്ചു ജീവിക്കേണ്ടതുണ്ട്‌. യോഹന്നാൻ സ്‌നാപകന്റെ മാതാപിതാക്കൾ ആയിരിക്കാനുള്ള സന്തോഷകരമായ പദവിയുണ്ടായിരുന്ന സെഖര്യാവും എലീശബെത്തും “ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകലകല്‌പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.” (ലൂക്കൊസ്‌ 1:⁠5, 6) സമാനമായ ഒരു ഗതി പിൻപറ്റുകയും ‘ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാനോ’ അവരുടെ അഭക്തമായ ഉപദേശമനുസരിച്ചു പ്രവർത്തിക്കാനോ ഉള്ള ഏതൊരു പ്രേരണയെയും ശക്തമായി ചെറുത്തുനിൽക്കുകയും ചെയ്യുന്നെങ്കിൽ നമുക്കു സന്തുഷ്ടരായിരിക്കാൻ കഴിയും.

5. “പാപികളുടെ വഴി” ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും?

5 ദുഷ്ടന്മാരുടെ ആലോചനകൾ തള്ളിക്കളയുന്നെങ്കിൽ നാം ‘പാപികളുടെ വഴിയിൽ നിൽക്കുന്നവർ’ ആയിരിക്കുകയില്ല. വാസ്‌തവത്തിൽ, പാപികളെ മിക്കപ്പോഴും കണ്ടെത്തുന്ന ഇടങ്ങളിൽ, അതായത്‌ അധാർമിക വിനോദം നടക്കുന്നതോ കുപ്രസിദ്ധിയാർജിച്ചതോ ആയ ഇടങ്ങളിൽ നാം ഒരിക്കലും പോകുകയില്ല. തിരുവെഴുത്തു വിരുദ്ധമായ നടത്തയിൽ പാപികളോടു ചേരാൻ നാം പ്രലോഭിതരാകുന്നെങ്കിലോ? എങ്കിൽ, അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള ദൈവസഹായത്തിനായി നമുക്ക്‌ പ്രാർഥിക്കാം: “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്‌മ?” (2 കൊരിന്ത്യർ 6:⁠14) നാം ദൈവത്തിൽ ആശ്രയിക്കുന്നവരും “ഹൃദയശുദ്ധി”യുള്ളവരും ആണെങ്കിൽ നാം പാപികളുടെ മനോഭാവവും ജീവിത ശൈലികളും ത്യജിക്കും, നമുക്ക്‌ ശുദ്ധമായ ആന്തരങ്ങളും ആഗ്രഹങ്ങളും ഒപ്പം “നിർവ്യാജവിശ്വാസ”വും ഉണ്ടായിരിക്കും.—മത്തായി 5:⁠8; 1 തിമൊഥെയൊസ്‌ 1:⁠5.

6. പരിഹാസികളോടുള്ള ബന്ധത്തിൽ നാം ജാഗ്രത പാലിക്കേണ്ടത്‌ എന്തുകൊണ്ട്‌?

6 യഹോവയെ പ്രസാദിപ്പിക്കണമെങ്കിൽ നാം തീർച്ചയായും “പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാ”ത്തവർ ആയിരിക്കണം. ചിലർ ദൈവഭക്തിയെത്തന്നെ പരിഹസിക്കുന്നു. എന്നാൽ ഈ “അന്ത്യകാലത്ത്‌,” വിശ്വാസത്യാഗികൾ ആയിത്തീർന്നിട്ടുള്ള മുൻ ക്രിസ്‌ത്യാനികൾ വിശേഷിച്ചും അതിനീചമായ വിധത്തിലാണ്‌ പലപ്പോഴും പരിഹസിക്കുന്നത്‌. അപ്പൊസ്‌തലനായ പത്രൊസ്‌ സഹവിശ്വാസികൾക്ക്‌ ഈ മുന്നറിയിപ്പു നൽകി: “പ്രിയമുള്ളവരേ, . . . അവന്റെ പ്രത്യക്ഷതയുടെ വാഗ്‌ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.” (2 പത്രൊസ്‌ 3:⁠1-4) പരിഹാസികൾക്കു സുനിശ്ചിതമായും വരാൻപോകുന്ന വിപത്തിൽനിന്നു രക്ഷപ്പെടണമെങ്കിൽ നാം യാതൊരു പ്രകാരത്തിലും ‘പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കരുത്‌.’​—⁠സദൃശവാക്യങ്ങൾ 1:⁠22-27.

7. ഒന്നാം സങ്കീർത്തനത്തിന്റെ പ്രാരംഭ വാക്കുകൾക്ക്‌ നാം ചെവികൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

7 ഒന്നാം സങ്കീർത്തനത്തിന്റെ പ്രാരംഭ വാക്കുകൾക്കു ചെവികൊടുക്കാത്തപക്ഷം, തിരുവെഴുത്തു പഠനത്തിലൂടെ ആർജിച്ച ആത്മീയത നമുക്കു നഷ്ടമായേക്കാം. തുടർന്ന്‌, നമ്മുടെ അവസ്ഥ കൂടുതൽ മോശമായിത്തീർന്നേക്കാം. ദുഷ്ടന്മാരുടെ ആലോചനപ്രകാരം പ്രവർത്തിക്കുന്നതായിരിക്കാം നമ്മുടെ ആത്മീയ തകർച്ചയിലേക്കുള്ള ആദ്യപടി. തുടർന്ന്‌ അവരോടു നാം ക്രമമായി സഹവസിച്ചേക്കാം, കാലക്രമത്തിൽ നാം പരിഹാസികളായ വിശ്വാസത്യാഗികൾ ആയിത്തീരുകപോലും ചെയ്‌തേക്കാം. വ്യക്തമായും, ദുഷ്ടന്മാരുമായുള്ള സൗഹൃദം നമ്മിൽ ഒരു അഭക്ത മനോഭാവം വളർത്തുകയും യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ നശിപ്പിക്കുകയും ചെയ്യും. (1 കൊരിന്ത്യർ 15:⁠33, NW; യാക്കോബ്‌ 4:⁠4) നമ്മുടെ കാര്യത്തിൽ ഒരിക്കലും അതു സംഭവിക്കാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം!

8. ആത്മീയ കാര്യങ്ങളിൽ മനസ്സ്‌ കേന്ദ്രീകരിച്ചു നിറുത്താൻ നമ്മെ എന്തു സഹായിക്കും?

8 ആത്മീയ കാര്യങ്ങളിൽ മനസ്സ്‌ കേന്ദ്രീകരിച്ചു നിറുത്താനും ദുഷ്ടന്മാരുമായുള്ള സഖിത്വം ഒഴിവാക്കാനും പ്രാർഥന നമ്മെ സഹായിക്കും. പൗലൊസ്‌ ഇങ്ങനെ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.” സത്യമായതും ഘനമായതും നീതിയായതും നിർമലമായതും രമ്യമായതും സത്‌കീർത്തിയായതും സദ്‌ഗുണമോ പുകഴ്‌ചയോ ആയതും ചിന്തിച്ചുകൊള്ളാൻ അപ്പൊസ്‌തലൻ നമ്മെ പ്രോത്സാഹിപ്പിച്ചു. (ഫിലിപ്പിയർ 4:⁠6-8) നമുക്ക്‌ പൗലൊസിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ ജീവിക്കുകയും ദുഷ്ടന്മാരുടെ അവസ്ഥയിലേക്കു കൂപ്പുകുത്താതിരിക്കുകയും ചെയ്യാം.

9. ദുഷ്ടമായ നടപടികൾ നാം ഒഴിവാക്കുന്നെങ്കിലും സകലതരം ആളുകളെയും സഹായിക്കാൻ നാം ശ്രമിക്കുന്നത്‌ എങ്ങനെ?

9 ദുഷ്ടമായ നടപടികളെ നാം തള്ളിക്കളയുന്നെങ്കിലും അപ്പൊസ്‌തലനായ പൗലൊസ്‌ റോമൻ ഗവർണറായ ഫേലിക്‌സിനോട്‌ “നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു” സംസാരിച്ചതു പോലെ നാം മറ്റുള്ളവരോടു നയപൂർവം സാക്ഷീകരിക്കുകതന്നെ ചെയ്യുന്നു. (പ്രവൃത്തികൾ 24:⁠24, 25; കൊലൊസ്സ്യർ 4:⁠6) സകലതരം ആളുകളോടും നാം രാജ്യസുവാർത്ത പ്രസംഗിക്കുകയും ദയയോടെ ഇടപെടുകയും ചെയ്യുന്നു. “നിത്യജീവന്നായി നിയമിക്കപ്പെട്ടവർ” വിശ്വാസികൾ ആയിത്തീരുമെന്നും അവർ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ സന്തോഷിക്കുമെന്നും നമുക്ക്‌ ഉറപ്പുണ്ട്‌.​—⁠പ്രവൃത്തികൾ 13:⁠48.

അവൻ യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നു

10. വ്യക്തിപരമായ പഠന സമയത്ത്‌ മനസ്സിലും ഹൃദയത്തിലും ആശയം മായാത്തവിധം പതിപ്പിക്കാൻ നമ്മെ എന്തു സഹായിക്കും?

10 സന്തുഷ്ടനായ മനുഷ്യനെ കുറിച്ച്‌ സങ്കീർത്തനക്കാരൻ തുടർന്ന്‌ ഇങ്ങനെ പറയുന്നു: ‘[അവൻ] യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നു [“മന്ദസ്വരത്തിൽ വായിക്കുന്നു,” NW].’ (സങ്കീർത്തനം 1:⁠2) ദൈവദാസരെന്ന നിലയിൽ നാം ‘യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നു.’ വ്യക്തിപരമായ പഠനത്തിന്റെയും ധ്യാനത്തിന്റെയും സമയത്ത്‌ സാധ്യമാകുമ്പോഴൊക്കെ നാം വാക്കുകൾ ഉച്ചരിച്ചുകൊണ്ട്‌ “മന്ദസ്വരത്തിൽ” വായിച്ചേക്കാം. തിരുവെഴുത്തു ഭാഗങ്ങൾ ഇങ്ങനെ വായിക്കുന്നത്‌ ഹൃദയത്തിലും മനസ്സിലും ആശയം മായാത്തവിധം പതിപ്പിക്കാൻ നമ്മെ സഹായിക്കും.

11. നാം “രാപ്പകൽ” ബൈബിൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 ബൈബിൾ ദിവസവും വായിക്കാൻ “വിശ്വസ്‌തനും വിവേകിയുമായ അടിമ” നമ്മെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. (മത്തായി 24:⁠45, NW) മനുഷ്യവർഗത്തിനു വേണ്ടിയുള്ള യഹോവയുടെ സന്ദേശവുമായി സുപരിചിതരാകാൻ തീക്ഷ്‌ണമായി ആഗ്രഹിക്കുന്നതിനാൽ നമുക്ക്‌ “രാപ്പകൽ”⁠—⁠അതേ, ഏതെങ്കിലും കാരണത്താൽ നമുക്ക്‌ ഉറക്കം വരാത്തപ്പോൾ പോലും⁠—⁠ബൈബിൾ വായിക്കാൻ കഴിയും. പത്രൊസ്‌ നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്‌ഛിപ്പിൻ.” (1 പത്രൊസ്‌ 2:⁠1, 2) നിങ്ങൾ ദിവസേന ബൈബിൾ വായിക്കുന്നതിലും രാത്രികാലങ്ങളിൽ ദൈവത്തിന്റെ വചനത്തെയും ഉദ്ദേശ്യങ്ങളെയും കുറിച്ചു ധ്യാനിക്കുന്നതിലും സന്തോഷം കണ്ടെത്തുന്നുവോ? സങ്കീർത്തനക്കാരൻ അങ്ങനെ ചെയ്‌തിരുന്നു.​—⁠സങ്കീർത്തനം 63:⁠5.

12. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നവർ ആണെങ്കിൽ നാം എന്തു ചെയ്യും?

12 നമ്മുടെ നിത്യ സന്തുഷ്ടി ദൈവത്തിന്റെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അത്‌ പൂർണവും നീതിയുക്തവുമാണ്‌, അത്‌ പ്രമാണിക്കുന്നത്‌ പ്രതിഫലദായകമാണ്‌. (സങ്കീർത്തനം 19:⁠7-11) ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉററുനോക്കി അതിൽ നിലനില്‌ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW] ആകും.” (യാക്കോബ്‌ 1:⁠25) നാം യഥാർഥമായി യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നവർ ആണെങ്കിൽ, ആത്മീയ കാര്യങ്ങൾ പരിചിന്തിക്കാതെ നമ്മുടെ ഒരു ദിവസം പോലും കടന്നുപോകുകയില്ല. വാസ്‌തവത്തിൽ, ‘ദൈവത്തിന്റെ ആഴങ്ങളെ ആരായാനും’ രാജ്യതാത്‌പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കാനും നാം പ്രേരിതരായിത്തീരും.​—⁠1 കൊരിന്ത്യർ 2:⁠10-13; മത്തായി 6:⁠33.

അവൻ ഒരു വൃക്ഷംപോലെ ആകും

13-15. ധാരാളം വെള്ളമുള്ള ഒരു ഉറവിനരികെ നട്ടിരിക്കുന്ന വൃക്ഷംപോലെ ആയിരിക്കാൻ നമുക്കു കഴിയുന്നത്‌ ഏത്‌ അർഥത്തിൽ?

13 ധർമിഷ്‌ഠനായ വ്യക്തിയെ കുറിച്ചു സങ്കീർത്തനക്കാരൻ കൂടുതലായി ഇങ്ങനെ പറയുന്നു: “അവൻ, ആററരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്‌ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” (സങ്കീർത്തനം 1:⁠3) യഹോവയെ സേവിക്കുന്ന നമുക്കും മറ്റെല്ലാ അപൂർണ മനുഷ്യരെയും പോലെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്‌. (ഇയ്യോബ്‌ 14:⁠1) പീഡനവും വിശ്വാസത്തോടു ബന്ധപ്പെട്ട മറ്റു പല പരിശോധനകളും നമുക്ക്‌ ഉണ്ടായേക്കാം. (മത്തായി 5:⁠10-12) എങ്കിലും, ഉറപ്പും ബലവുമുള്ള ഒരു വൃക്ഷം താരതമ്യേന ശക്തമായ കാറ്റുകളെ ചെറുത്തുനിൽക്കുന്നതു പോലെ ഈ പരിശോധനകളെ വിജയകരമായി സഹിച്ചുനിൽക്കാൻ ദൈവസഹായത്താൽ നാം പ്രാപ്‌തരാണ്‌.

14 വറ്റാത്ത ഒരു ഉറവിനരികെ നട്ടിരിക്കുന്ന വൃക്ഷം വേനലോ വരൾച്ചയോ ഉണ്ടാകുമ്പോൾ ഉണങ്ങിപ്പോകുന്നില്ല. നാം ദൈവഭക്തരാണെങ്കിൽ വറ്റാത്ത ഉറവായ യഹോവയാം ദൈവത്തിൽനിന്ന്‌ നമുക്കു ശക്തി ലഭിക്കും. സഹായത്തിനായി ദൈവത്തിലേക്കു നോക്കിയ ഒരു വ്യക്തിയാണ്‌ പൗലൊസ്‌. അവന്‌ ഇപ്രകാരം പറയാൻ കഴിഞ്ഞു: “എന്നെ ശക്തനാക്കുന്നവൻ [യഹോവ] മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” (ഫിലിപ്പിയർ 4:⁠13) യഹോവയുടെ പരിശുദ്ധാത്മാവ്‌ നമ്മെ വഴിനയിക്കുകയും ആത്മീയമായി പുലർത്തുകയും ചെയ്യുമ്പോൾ, ഫലമില്ലാത്തവരോ ആത്മീയമായി മരിച്ചവരോ ആയിത്തീർന്നുകൊണ്ട്‌ നാം ഉണങ്ങിപ്പോകുന്നില്ല. നാം ദൈവസേവനത്തിൽ ഫലപ്രദരാണ്‌, കൂടാതെ അവന്റെ ആത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുകയും ചെയ്യുന്നു.​—⁠യിരെമ്യാവു 17:⁠7, 8; ഗലാത്യർ 5:⁠22, 23.

15 “പോലെ” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന എബ്രായ പദരൂപം ഉപയോഗിച്ചുകൊണ്ട്‌ സങ്കീർത്തനക്കാരൻ ഒരു ഉപമാലങ്കാരം പ്രയോഗിക്കുകയാണ്‌. ഒരു പ്രത്യേക ഗുണം പൊതുവായി ഉണ്ടെങ്കിലും വ്യത്യസ്‌തമായിരിക്കുന്ന രണ്ടു കാര്യങ്ങളെ അവൻ താരതമ്യം ചെയ്യുന്നു. മനുഷ്യർക്കും വൃക്ഷങ്ങൾക്കും തമ്മിൽ വ്യത്യാസമുണ്ട്‌. എങ്കിലും, ധാരാളം വെള്ളമുള്ള ഒരു ഉറവിനരികെ നട്ടിരിക്കുന്ന ഒരു വൃക്ഷത്തിന്റെ പച്ചപ്പും തഴപ്പും “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷി”ക്കുന്നവരുടെ ആത്മീയ സമൃദ്ധിയെ സങ്കീർത്തനക്കാരന്റെ മനസ്സിലേക്കു കൊണ്ടുവന്നു എന്നതിനു സംശയമില്ല. ദൈവത്തിന്റെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നെങ്കിൽ നമ്മുടെ നാളുകൾ ഒരു വൃക്ഷത്തിന്റെ നാളുകൾ പോലെ ആയിത്തീരും. വാസ്‌തവത്തിൽ, നമുക്ക്‌ എന്നേക്കും ജീവിക്കാനാകും.​—⁠യോഹന്നാൻ 17:⁠3.

16. ‘നാം ചെയ്യുന്നതൊക്കെയും സാധിക്കുന്നത്‌’ എന്തുകൊണ്ട്‌, എങ്ങനെ?

16 നാം നേരായ മാർഗത്തിലൂടെ ചരിക്കവേ, പരിശോധനകളെയും ബുദ്ധിമുട്ടുകളെയും സഹിച്ചുനിൽക്കാൻ യഹോവ നമ്മെ സഹായിക്കുന്നു. ദൈവസേവനത്തിൽ നാം സന്തോഷമുള്ളവരും ഫലോത്‌പാദകരുമാണ്‌. (മത്തായി 13:⁠23; ലൂക്കൊസ്‌ 8:⁠15) ‘നാം ചെയ്യുന്നതൊക്കെയും സാധിക്കുന്നു,’ എന്തെന്നാൽ യഹോവയുടെ ഹിതം ചെയ്യുക എന്നതാണ്‌ നമ്മുടെ പ്രഥമലക്ഷ്യം. അവന്റെ ഉദ്ദേശ്യങ്ങൾ എല്ലായ്‌പോഴും നിറവേറുകയും നാം അവന്റെ കൽപ്പനകളിൽ സന്തോഷിക്കുകയും ചെയ്യുന്നതിനാൽ നാം ആത്മീയമായി പുഷ്ടിപ്രാപിക്കുന്നു. (ഉല്‌പത്തി 39:⁠23; യോശുവ 1:⁠7, 8; യെശയ്യാവു 55:⁠11) നമ്മൾ പ്രതികൂല സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ പോലും ഇത്‌ സത്യമാണ്‌.​—⁠സങ്കീർത്തനം 112:⁠1-3; 3 യോഹന്നാൻ 2.

ദുഷ്ടന്മാർ തഴച്ചുവളരുന്നതായി കാണപ്പെടുന്നു

17, 18. (എ) സങ്കീർത്തനക്കാരൻ ദുഷ്ടന്മാരെ എന്തിനോട്‌ ഉപമിക്കുന്നു? (ബി) ഭൗതികമായി അഭിവൃദ്ധിപ്പെട്ടാൽ പോലും ദുഷ്ടന്മാർക്കു നിലനിൽക്കുന്ന സുരക്ഷിതത്വം ഇല്ലാത്തത്‌ എന്തുകൊണ്ട്‌?

17 ദുഷ്ടന്മാരുടെ അവസ്ഥ നീതിമാന്മാരുടേതിൽനിന്ന്‌ എത്ര വ്യത്യസ്‌തമാണ്‌! ദുഷ്ടന്മാർ കുറച്ചുകാലത്തേക്ക്‌ ഭൗതിക അഭിവൃദ്ധി പ്രാപിക്കുന്നതായി കാണപ്പെട്ടേക്കാമെങ്കിലും, അവർ ആത്മീയ അഭിവൃദ്ധി കൈവരിക്കുന്നില്ല. സങ്കീർത്തനക്കാരൻ തുടർന്നു പറയുന്ന പിൻവരുന്ന വാക്കുകളിൽനിന്ന്‌ ഇതു വ്യക്തമാണ്‌: “ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാററു പാററുന്ന പതിർപോലെയത്രേ. ആകയാൽ ദുഷ്ടന്മാർ ന്യായവിസ്‌താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്‌ക്കയില്ല.” (സങ്കീർത്തനം 1:⁠4, 5) “ദുഷ്ടന്മാർ അങ്ങനെയല്ല” എന്നു സങ്കീർത്തനക്കാരൻ പറയുന്നതു ശ്രദ്ധിക്കുക. ഫലം പുറപ്പെടുവിക്കുന്നതും ദീർഘായുസ്സുള്ളതുമായ വൃക്ഷങ്ങളോട്‌ ഉപമിക്കപ്പെട്ടിരിക്കുന്ന ദൈവഭക്തരെപ്പോലെയല്ല അവർ എന്നാണ്‌ അവൻ അർഥമാക്കുന്നത്‌.

18 ദുഷ്ടന്മാർ ഭൗതികമായി അഭിവൃദ്ധിപ്പെട്ടാൽ പോലും അവർക്കു നിലനിൽക്കുന്ന സുരക്ഷിതത്വമില്ല. (സങ്കീർത്തനം 37:⁠16; 73:⁠3, 12) പിതൃസ്വത്ത്‌ സംബന്ധിച്ച ഒരു വിഷയത്തിനു തീർപ്പു കൽപ്പിക്കാൻ ആവശ്യപ്പെട്ട ഒരു സന്ദർഭത്തിൽ യേശു പറഞ്ഞ ഒരു ദൃഷ്ടാന്തകഥയിലെ ബുദ്ധിഹീനനായ ധനികനെ പോലെയാണ്‌ അവർ. സന്നിഹിതരായിരുന്നവരോട്‌ യേശു ഇങ്ങനെ പറഞ്ഞു: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്‌തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നത്‌.” ഒരു ധനികന്റെ നിലം നന്നായി വിളഞ്ഞതിനാൽ തന്റെ വിളവെല്ലാം സൂക്ഷിച്ചുവെക്കാനായി അയാൾ തന്റെ കളപ്പുരകൾ പൊളിച്ച്‌ കുറെക്കൂടി വലിയവ പണിയാനായി പദ്ധതിയിട്ടു എന്നു പറഞ്ഞുകൊണ്ട്‌ യേശു ഈ ആശയം ഒരു ദൃഷ്ടാന്തകഥയിലൂടെ വ്യക്തമാക്കി. വിളവെല്ലാം കൂട്ടിവെച്ച ശേഷം തിന്നുകുടിച്ച്‌ ആനന്ദിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. എന്നാൽ ദൈവം ഇങ്ങനെ പറഞ്ഞു: “മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും?” തന്റെ ആശയത്തിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ യേശു കൂട്ടിച്ചേർത്തു: “ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.”​—⁠ലൂക്കൊസ്‌ 12:⁠13-21.

19, 20. (എ) പുരാതനകാലത്തെ മെതിയും പാറ്റലും വിവരിക്കുക. (ബി) ദുഷ്ടന്മാരെ പതിരിനോട്‌ അല്ലെങ്കിൽ ഉമിയോട്‌ ഉപമിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 ദുഷ്ടന്മാർ “ദൈവവിഷയമായി സമ്പന്ന”രല്ല. അതിനാൽ പതിരിന്‌ അല്ലെങ്കിൽ മൂലഭാഷ അനുസരിച്ച്‌ ഉമിക്ക്‌ ഉള്ളതിൽ കവിഞ്ഞ സുരക്ഷിതത്വമോ സ്ഥിരതയോ അവർക്കില്ല. പുരാതനകാലത്ത്‌, ധാന്യം കൊയ്‌തശേഷം അതു മെതിക്കളത്തിലേക്കു കൊണ്ടുപോയിരുന്നു. മിക്കപ്പോഴും ഉയർന്ന, നിരപ്പായ സ്ഥലമായിരുന്നു അത്‌. കതിരിൽനിന്നു ധാന്യം ഉതിർക്കാനും ധാന്യമണികളിൽനിന്ന്‌ ഉമി വേർപെടുത്താനുമായി അടിഭാഗത്ത്‌ കൂർത്ത കല്ലുകളോ ഇരുമ്പു പല്ലുകളോ ഘടിപ്പിച്ച മെതിവണ്ടികൾ മൃഗങ്ങളെക്കൊണ്ട്‌ ധാന്യത്തിനു മുകളിലൂടെ വലിപ്പിച്ചിരുന്നു. അടുത്തതായി, കാറ്റുള്ളപ്പോൾ ഈ മിശ്രിതം കോരി മുകളിലേക്ക്‌ എറിഞ്ഞു പാറ്റാൻ ഒരു കോരിക ഉപയോഗിക്കുമായിരുന്നു. (യെശയ്യാവു 30:⁠24) അങ്ങനെ ധാന്യമണികൾ കളത്തിലേക്കുതന്നെ വീഴുകയും പതിരും ഉമിയുമെല്ലാം കാറ്റ്‌ അടിച്ചുകൊണ്ടു പോകുകയും ചെയ്യുമായിരുന്നു. (രൂത്ത്‌ 3:⁠2) ധാന്യത്തിൽനിന്ന്‌ കല്ലും മറ്റും അരിച്ചുനീക്കിയശേഷം അതു സൂക്ഷിച്ചുവെക്കാനോ പൊടിക്കാനോ കഴിയുമായിരുന്നു. (ലൂക്കൊസ്‌ 22:⁠31, NW) എന്നാൽ, അതിൽ ഉമി ഉണ്ടായിരിക്കുമായിരുന്നേയില്ല.

20 ധാന്യമണികൾ കളത്തിലേക്കു വീഴുകയും ഉമിയെ കാറ്റ്‌ പറത്തിക്കൊണ്ടു പോകുകയും ചെയ്യുന്നതുപോലെ, നീതിമാന്മാർ നിലനിൽക്കുകയും ദുഷ്ടമാർ നീങ്ങിപ്പോകുകയും ചെയ്യും. അത്തരം ദുഷ്‌പ്രവൃത്തിക്കാർ പെട്ടെന്നുതന്നെ എന്നേക്കുമായി ഇല്ലായ്‌മ ചെയ്യപ്പെടുമെന്നതിൽ നാം തീർച്ചയായും സന്തുഷ്ടരാണ്‌. അവർ നീക്കംചെയ്യപ്പെടുന്നതോടെ, യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നവർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും. യഥാർഥത്തിൽ, അനുസരണമുള്ള മനുഷ്യർക്ക്‌ ഒടുവിൽ നിത്യജീവൻ എന്ന ദൈവദാനം ലഭിക്കും.​—⁠മത്തായി 25:⁠34-46; റോമർ 6:⁠23.

“നീതിമാന്മാരുടെ വഴി” അനുഗൃഹീതം

21. യഹോവ ‘നീതിമാന്മാരെ അറിയുന്നത്‌’ എങ്ങനെ?

21 ഒന്നാം സങ്കീർത്തനം പിൻവരുന്ന വാക്കുകളോടെ അവസാനിക്കുന്നു: “യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു [“നാശത്തിൽ അവസാനിക്കും,” പി.ഒ.സി. ബൈബിൾ].” (സങ്കീർത്തനം 1:⁠6) എങ്ങനെയാണ്‌ ദൈവം ‘നീതിമാന്മാരെ അറിയുന്നത്‌’? നാം നീതിപാതയിലൂടെ നടക്കുന്നെങ്കിൽ, സ്വർഗീയ പിതാവ്‌ നമ്മുടെ ദൈവഭക്തിയോടുകൂടിയ ജീവിതം ശ്രദ്ധിക്കുകയും നമ്മെ അവന്റെ അംഗീകൃത ദാസരായി വീക്ഷിക്കുകയും ചെയ്യുന്നു എന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. അപ്പോൾ, അവൻ യഥാർഥമായും നമുക്കു വേണ്ടി കരുതുന്നുവെന്ന ബോധ്യത്തോടെ നമുക്ക്‌ സകല ചിന്താകുലവും, അതായത്‌ ഉത്‌കണ്‌ഠയും അവന്റെമേൽ ഇടാനാകും, ഇടുകയും വേണം.​—⁠യെഹെസ്‌കേൽ 34:⁠11; 1 പത്രൊസ്‌ 5:⁠6, 7.

22, 23. ദുഷ്ടന്മാർക്കും നീതിമാന്മാർക്കും എന്തു സംഭവിക്കും?

22 “നീതിമാന്മാരുടെ വഴി” എന്നേക്കും നിലനിൽക്കും. എന്നാൽ, ശാഠ്യപൂർവം ദുഷ്ടതയിൽ തുടരുന്നവർ യഹോവയുടെ പ്രതികൂല ന്യായവിധി നിമിത്തം നശിക്കും. അവരോടുകൂടെ അവരുടെ “വഴി”യും അഥവാ ജീവിതഗതിയും അവസാനിക്കും. ദാവീദിന്റെ പിൻവരുന്ന വാക്കുകളുടെ നിവൃത്തിയിൽ നമുക്ക്‌ ഉറച്ച വിശ്വാസം ഉണ്ടായിരിക്കാനാകും: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:⁠10, 11, 29.

23 ദുഷ്ടന്മാർ ആരും ഇല്ലാത്ത ഒരു പറുദീസ ഭൂമിയിൽ ജീവിക്കാനുള്ള പദവി ലഭിച്ചാൽ, നമുക്ക്‌ എത്രയധികം സന്തോഷമായിരിക്കും ആസ്വദിക്കാനാവുക! സൗമ്യരും നീതിമാന്മാരും സദാ “യഹോവയുടെ ന്യായപ്രമാണത്തിൽ” സന്തോഷിക്കും എന്നതിനാൽ അവർ യഥാർഥ സമാധാനം ആസ്വദിക്കും. എന്നാൽ, അതിനു മുമ്പായി ‘യഹോവയുടെ നിർണയം’ നടപ്പാകണം. (സങ്കീർത്തനം 2:⁠7എ) ആ നിർണയം എന്താണെന്നും നമുക്കും മുഴു മനുഷ്യകുടുംബത്തിനും അത്‌ എന്തർഥമാക്കുമെന്നും മനസ്സിലാക്കാൻ അടുത്ത ലേഖനം നമ്മെ സഹായിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ദൈവഭക്തനായ ഒരുവൻ സന്തുഷ്ടൻ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• നാം യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നുവെന്ന്‌ എന്തു പ്രകടാക്കുന്നു?

• ഒരുവന്‌ എങ്ങനെയാണ്‌ വറ്റാത്ത ഉറവിനരികെയുള്ള ഒരു വൃക്ഷംപോലെ ആയിരിക്കാനാകുന്നത്‌?

• നീതിമാന്മാരുടെ വഴി ദുഷ്ടന്മാരുടേതിൽനിന്നു വ്യത്യസ്‌തം ആയിരിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[11-ാം പേജിലെ ചിത്രം]

ദുഷ്ടന്മാരുമായുള്ള സഖിത്വം ഒഴിവാക്കാൻ പ്രാർഥന നമ്മെ സഹായിക്കും

[12-ാം പേജിലെ ചിത്രം]

നീതിമാൻ ഒരു വൃക്ഷംപോലെ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?