വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘യഹോവയുടെ നാമത്തെ ഉന്നമിപ്പിക്കാൻ’

‘യഹോവയുടെ നാമത്തെ ഉന്നമിപ്പിക്കാൻ’

‘യഹോവയുടെ നാമത്തെ ഉന്നമിപ്പിക്കാൻ’

വീക്ഷാഗോപുരത്തിലും അതിന്റെ കൂട്ടുമാസികയായ ഉണരുക!യിലുമുള്ള ആത്മീയ വിവരങ്ങളെയും ഈ മാസികകളുടെ വിദ്യാഭ്യാസ മൂല്യത്തെയും പ്രതി അവ ലോകമെമ്പാടും വിലമതിക്കപ്പെടുന്നു. ഫ്രാൻസിൽനിന്ന്‌ ഒരു വായനക്കാരി അടുത്തയിടെ അയച്ച പിൻവരുന്ന കത്ത്‌ ഈ വസ്‌തുത സാക്ഷ്യപ്പെടുത്തുന്നു:

“നാമമാത്ര വിദ്യാഭ്യാസമുള്ള ഒരു യുവതിയാണ്‌ ഞാൻ. എന്റെ സ്വദേശം ആഫ്രിക്കയാണ്‌. ഞാൻ നിങ്ങളുടെ മാസികകൾ വായിക്കാൻ തുടങ്ങിയിട്ട്‌ കുറച്ചുനാളുകളായി. അതിലെ വിഷയങ്ങളിൽ ആകൃഷ്ടയായ ഞാൻ വായനയുടെ മൂല്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്‌. എന്റെ പദസമ്പത്തു വർധിപ്പിക്കാൻ നിങ്ങൾ എന്നെ സഹായിച്ചിരിക്കുന്നു. എനിക്കിപ്പോൾ അധികം തെറ്റു കൂടാതെ കത്തെഴുതാനും സാധിക്കുന്നുണ്ട്‌.

“മനുഷ്യനുമായും ഭൗമഗ്രഹവുമായും സ്രഷ്ടാവുമായും ബന്ധപ്പെട്ട സകല വിഷയങ്ങളും നിങ്ങൾ കൈകാര്യം ചെയ്യുന്നു എന്നത്‌ എന്നെ അതിശയിപ്പിക്കുന്നു. നല്ല വായനാശീലം വളർത്തിയെടുക്കാൻ ഒരു വ്യക്തിയിൽ ആഗ്രഹം ജനിപ്പിക്കുംവിധം അത്ര ആശയ സ്‌ഫുടതയുള്ളവയാണ്‌ ഈ ലേഖനങ്ങൾ. എല്ലാത്തരം ആളുകളെയും ഒരേസമയത്ത്‌ പഠിപ്പിക്കാനുള്ള കഴിവ്‌ മറ്റാർക്കുമില്ല.

“നിങ്ങൾ ഇതെല്ലാം ചെയ്യുന്നത്‌ ലാഭേച്ഛ മുൻനിറുത്തിയല്ല മറിച്ച്‌ യഹോവയുടെ നാമത്തെ ഉന്നമിപ്പിക്കാൻ വേണ്ടി മാത്രമാണ്‌ എന്നറിയുമ്പോൾ എനിക്ക്‌ ആശ്ചര്യം തോന്നുന്നു. നിങ്ങൾക്ക്‌ യഹോവയുടെ അംഗീകാരമുണ്ടെന്ന്‌ എനിക്കറിയാം. നിങ്ങൾക്കു നന്ദി. പഠിപ്പിക്കാനായി സ്രഷ്ടാവിൽനിന്നു ശക്തി പ്രാപിക്കുന്നതിൽ തുടരുക.”

യഹോവയുടെ സാക്ഷികൾ ഇപ്പോൾ 235 ദേശങ്ങളിൽ ബൈബിൾ വിദ്യാഭ്യാസ വേല നിർവഹിക്കുന്നുണ്ട്‌. വീക്ഷാഗോപുരം 148-ഉം ഉണരുക! 87-ഉം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. ഏതെങ്കിലും മനുഷ്യനെ പ്രശംസിക്കാൻ ഉദ്ദേശിച്ചുള്ളവയല്ല ഈ മാസികകൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശവും കാലാനുസൃത വിവരങ്ങളും സ്രഷ്ടാവിന്‌ ബഹുമതി കരേറ്റാൻ ഉദ്ദേശിച്ചുള്ളതാണ്‌. അവൻ ഇപ്രകാരം പ്രസ്‌താവിക്കുന്നു: ‘ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കുന്ന യഹോവ ഞാൻ തന്നേ.’ (യെശയ്യാവു 48:17) ഈ ബൈബിൾ പഠന സഹായികളോടൊപ്പം വിശുദ്ധ തിരുവെഴുത്തുകൾ ക്രമമായി വായിക്കുന്നത്‌ നിങ്ങൾക്കു പ്രയോജനങ്ങൾ കൈവരുത്തട്ടെ.