വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ അത്ഭുതങ്ങൾ വസ്‌തുതയോ കെട്ടുകഥയോ?

യേശുവിന്റെ അത്ഭുതങ്ങൾ വസ്‌തുതയോ കെട്ടുകഥയോ?

യേശുവിന്റെ അത്ഭുതങ്ങൾ വസ്‌തുതയോ കെട്ടുകഥയോ?

“പല ഭൂതഗ്രസ്‌തരെയും അവന്റെ [യേശുവിന്റെ] അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തി.” (മത്തായി 8:⁠16) “അവൻ [യേശു] എഴുന്നേററു കാററിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാററു അമർന്നു, വലിയ ശാന്തത ഉണ്ടായി.” (മർക്കൊസ്‌ 4:⁠39) ഈ പ്രസ്‌താവനകളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു? ഈ വർണനകൾ യഥാർഥ ചരിത്ര സംഭവങ്ങളായി നിങ്ങൾ കരുതുന്നുണ്ടോ? അതോ അവ ആലങ്കാരിക വിവരണങ്ങൾ, വെറും കെട്ടുകഥകൾ ആയിട്ടാണോ നിങ്ങൾക്കു തോന്നുന്നത്‌?

യേശുവിന്റെ അത്ഭുതങ്ങളുടെ ചരിത്രപരത സംബന്ധിച്ച്‌ ഇന്ന്‌ അനേകർ ശക്തമായ സംശയം പ്രകടിപ്പിക്കുന്നു. ദൂരദർശിനികളുടെയും സൂക്ഷ്‌മദർശിനികളുടെയും ബഹിരാകാശ പര്യവേക്ഷണങ്ങളുടെയും ജനിതക എഞ്ചിനീയറിങ്ങിന്റെയും ഈ യുഗത്തിൽ അത്ഭുത പ്രവൃത്തികളും പ്രകൃത്യതീത സംഭവങ്ങളും സംബന്ധിച്ചുള്ള റിപ്പോർട്ടുകളെ ആളുകൾ വെറും അസംബന്ധം ആയി തള്ളിക്കളയുന്നു.

അത്ഭുതങ്ങൾ സംബന്ധിച്ചുള്ള വൃത്താന്തങ്ങളെ കാൽപ്പനികമോ ആലങ്കാരികമോ ആയിട്ട്‌ എടുക്കുന്നവരുമുണ്ട്‌. “യഥാർഥ” യേശുവിനെ കുറിച്ചു ഗവേഷണം നടത്തുന്നതായി അവകാശപ്പെടുന്ന ഒരു പുസ്‌തകത്തിന്റെ രചയിതാവ്‌, ക്രിസ്‌തുവിന്റെ അത്ഭുതങ്ങളെ കുറിച്ചുള്ള കഥകൾ ക്രിസ്‌ത്യാനിത്വം പ്രചരിപ്പിക്കാനുള്ള “കച്ചവട തന്ത്രം” മാത്രമാണെന്ന്‌ അഭിപ്രായപ്പെട്ടു.

മറ്റുചിലർ യേശുവിന്റെ അത്ഭുതങ്ങളെ ശുദ്ധ തട്ടിപ്പുകളായി വിലയിരുത്തുന്നു. വഞ്ചനാ കുറ്റം ചിലപ്പോഴൊക്കെ യേശുവിന്റെമേൽത്തന്നെ ചുമത്തപ്പെടുന്നു. യേശുവിന്റെ വിമർശകർ “അവനെ ഒരു മാന്ത്രികനും ജനവഞ്ചകനും എന്നുപോലും വിളിച്ചു” എന്ന്‌ പൊതുയുഗം (പൊ.യു.) രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജസ്റ്റിൻ മാർട്ടർ രേഖപ്പെടുത്തിയിട്ടുണ്ട്‌. യേശു “ഒരു യഹൂദ പ്രവാചകൻ എന്ന നിലയിലല്ല, പിന്നെയോ പുറജാതീയ ക്ഷേത്രങ്ങളിൽ മാന്ത്രിക വിദ്യ അഭ്യസിച്ച ഒരു മാന്ത്രികൻ എന്ന നിലയിലാണ്‌ അത്ഭുതങ്ങൾ പ്രവർത്തിച്ചത്‌” എന്ന്‌ ചിലർ ആരോപിക്കുന്നു.

അസാധ്യം എന്ന പദത്തെ നിർവചിക്കൽ

അത്തരം സംശയങ്ങൾ, ആളുകൾ അത്ഭുതങ്ങളിൽ വിശ്വസിക്കാൻ വിമുഖത കാട്ടുന്നതിന്റെ ഒരു അടിസ്ഥാന കാരണം വെളിപ്പെടുത്തുന്നതായി നിങ്ങൾക്കു തോന്നിയേക്കാം. പ്രകൃത്യതീത ശക്തികൾക്ക്‌ അത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നുള്ള ആശയം വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതായി, അസാധ്യമായി പോലും അവർക്കു തോന്നുന്നു. “അത്ഭുതങ്ങളെന്നു പറയുന്ന ഒന്നും സംഭവിക്കുന്നില്ല, അതുറപ്പാണ്‌,” അജ്ഞേയവാദിയായി സ്വയം വിശേഷിപ്പിക്കുന്ന ഒരു യുവവ്യക്തി പറഞ്ഞു. തുടർന്ന്‌ ആ വ്യക്തി 18-ാം നൂറ്റാണ്ടിലെ ഒരു സ്‌കോട്ടിഷ്‌ തത്ത്വചിന്തകനായ ഡേവിഡ്‌ ഹ്യൂമിനെ ഉദ്ധരിച്ചു: “പ്രകൃതിനിയമങ്ങളുടെ അതിലംഘനമാണ്‌ അത്ഭുതങ്ങൾ.”

എന്നിരുന്നാലും, ഏതെങ്കിലും ഒരു പ്രതിഭാസം അസാധ്യം എന്നു തറപ്പിച്ചു പറയുന്നതു സംബന്ധിച്ച്‌ പലരും വളരെ ജാഗ്രതയുള്ളവരാണ്‌. “അറിയപ്പെടുന്ന പ്രകൃതിനിയമങ്ങളാൽ വിശദീകരിക്കാനാവാത്ത ഒരു സംഭവം” എന്ന്‌ ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ അത്ഭുതത്തെ നിർവചിക്കുന്നു. ആ നിർവചനം അനുസരിച്ച്‌ ബഹിരാകാശ യാത്രയും കമ്പിയില്ലാക്കമ്പി വാർത്താവിനിമയവും കൃത്രിമോപഗ്രഹങ്ങളുടെ സഹായത്താലുള്ള ഗതിനിർണയവും എല്ലാം വെറും ഒരു നൂറ്റാണ്ടു മുമ്പു ജീവിച്ചിരുന്ന മിക്കവരെയും സംബന്ധിച്ചിടത്തോളം “അത്ഭുതങ്ങൾ” ആയിരിക്കുമായിരുന്നു. അതിനാൽ, ഇന്നുള്ള പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും അത്ഭുതത്തെ നമുക്കു വിശദീകരിക്കാനാവുന്നില്ല എന്ന ഒറ്റക്കാരണത്താൽ അതിനെ അസാധ്യം എന്നു പറഞ്ഞ്‌ തള്ളിക്കളയുന്നത്‌ ഒട്ടും ബുദ്ധിയായിരിക്കില്ല.

യേശുക്രിസ്‌തു ചെയ്‌തതായി പറഞ്ഞിരിക്കുന്ന അത്ഭുതങ്ങളെ ചുറ്റിപ്പറ്റിയുള്ള ചില തിരുവെഴുത്തു തെളിവുകൾ നാം പരിശോധിക്കുന്നെങ്കിൽ നാം എന്തായിരിക്കും കണ്ടെത്തുക? യേശുവിന്റെ അത്ഭുതങ്ങൾ വസ്‌തുതയോ കെട്ടുകഥയോ?