വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സൂക്ഷ്‌മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു”

“സൂക്ഷ്‌മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു”

“സൂക്ഷ്‌മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു”

ദൈവവചനമായ ബൈബിളിൽനിന്നുള്ള മാർഗനിർദേശം ‘പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവയാണ്‌.’ (സങ്കീർത്തനം 19:⁠7-10) എന്തുകൊണ്ട്‌? എന്തെന്നാൽ, “ജ്ഞാനിയുടെ [“യഹോവയുടെ,” NW] ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.” (സദൃശവാക്യങ്ങൾ 13:⁠14) തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കുമ്പോൾ അതു നമ്മുടെ ജീവിത ഗുണനിലവാരം വർധിപ്പിക്കുന്നുവെന്നു മാത്രമല്ല, ജീവന്‌ ആപത്‌കരമായ കെണികൾ ഒഴിവാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. നാം തിരുവെഴുത്തു പരിജ്ഞാനം തേടുകയും അങ്ങനെ പഠിക്കുന്ന കാര്യങ്ങൾക്കനുസൃതം പ്രവർത്തിക്കുകയും ചെയ്യേണ്ടത്‌ എത്ര പ്രധാനമാണ്‌!

സദൃശവാക്യങ്ങൾ 13:⁠15-25-ൽ കാണുന്ന പ്രകാരം, പരിജ്ഞാനത്തോടെ പ്രവർത്തിക്കാനും അങ്ങനെ മെച്ചപ്പെട്ടതും ദൈർഘ്യമേറിയതുമായ ജീവിതം ആസ്വദിക്കാനും നമ്മെ സഹായിക്കുന്ന ബുദ്ധിയുപദേശം പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌ നൽകുകയുണ്ടായി. * മറ്റുള്ളവരിൽനിന്ന്‌ അംഗീകാരം നേടാനും നമ്മുടെ ശുശ്രൂഷയിൽ വിശ്വസ്‌തമായി തുടരാനും ശിക്ഷണത്തോട്‌ ശരിയായ ഒരു മനോഭാവം ഉണ്ടായിരിക്കാനും സുഹൃത്തുക്കളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കാനും ദൈവവചനത്തിന്‌ നമ്മെ എപ്രകാരം സഹായിക്കാനാകുമെന്ന്‌ സംക്ഷിപ്‌തമായ സദൃശവാക്യങ്ങളിലൂടെ അവൻ വ്യക്തമാക്കുന്നു. മക്കൾക്ക്‌ അവകാശം വെക്കുന്നതിന്റെയും അവർക്ക്‌ സ്‌നേഹത്തോടെ ശിക്ഷണം നൽകുന്നതിന്റെയും ജ്ഞാനത്തെ കുറിച്ചും അവൻ ചർച്ച ചെയ്യുന്നു.

സദ്‌ബുദ്ധി പ്രീതി നേടിത്തരുന്നു

ശലോമോൻ പറയുന്നു: “സൽബുദ്ധിയാൽ രഞ്‌ജനയുണ്ടാകുന്നു” അല്ലെങ്കിൽ പ്രീതി ലഭിക്കുന്നു. “ദ്രോഹിയുടെ വഴിയോ ദുർഘടം.” (സദൃശവാക്യങ്ങൾ 13:⁠15) “സൽബുദ്ധി” അല്ലെങ്കിൽ നല്ല ഗ്രാഹ്യം എന്നതിനുള്ള മൂലഭാഷാപ്രയോഗം “നല്ല വിവേകത്തോടെ പ്രവർത്തിക്കാനോ നല്ല ന്യായനിർണയം നടത്താനോ ജ്ഞാനത്തോടെ അഭിപ്രായങ്ങൾ പറയാനോ ഉള്ള കഴിവിനെയാണ്‌ ചിത്രീകരിക്കുന്നത്‌” എന്ന്‌ ഒരു പരാമർശകൃതി പറയുന്നു. അത്തരം ഗുണങ്ങളുള്ള ഒരു വ്യക്തിക്ക്‌ മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.

ഓടിപ്പോകുകയും പിന്നീട്‌ ക്രിസ്‌ത്യാനി ആയിത്തീരുകയും ചെയ്‌ത, ഫിലേമോന്റെ അടിമയായ ഒനേസിമൊസിനെ ഫിലേമോന്റെ അടുത്തേക്കു തിരിച്ചയയ്‌ക്കവേ അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ ആ സഹക്രിസ്‌ത്യാനിയോട്‌ ബുദ്ധിയോടെ ഇടപെട്ട വിധം ശ്രദ്ധിക്കുക. അപ്പൊസ്‌തലനായ തന്നെ സ്വീകരിക്കുമായിരുന്നതുപോലെതന്നെ ഒനേസിമൊസിനെ ദയയോടെ സ്വീകരിക്കാൻ പൗലൊസ്‌ ഫിലേമോനോട്‌ അഭ്യർഥിച്ചു. ഒനേസിമൊസ്‌ ഫിലേമോന്‌ എന്തെങ്കിലും കടപ്പെട്ടിരുന്നെങ്കിൽ അത്‌ താൻ നൽകിക്കൊള്ളാമെന്ന്‌ പൗലൊസ്‌ പറയുകപോലും ചെയ്‌തു. വേണ്ടതുചെയ്യാൻ ഫിലേമോനോട്‌ ആജ്ഞാപിക്കാൻ പൗലൊസിന്‌ തന്റെ അധികാരം ഉപയോഗിക്കാമായിരുന്നു. എന്നാൽ, നയത്തോടും സ്‌നേഹത്തോടുംകൂടെ പൗലൊസ്‌ പ്രസ്‌തുത സാഹചര്യം കൈകാര്യം ചെയ്യുകയാണുണ്ടായത്‌. അങ്ങനെ ചെയ്യവേ, ഫിലേമോൻ സഹകരിക്കുമെന്നും അങ്ങനെ താൻ ആവശ്യപ്പെട്ടതിനെക്കാളേറെ ചെയ്യാൻ അവൻ പ്രേരിതനാകുമെന്നും ഉള്ള വിശ്വാസം പൗലൊസിന്‌ ഉണ്ടായിരുന്നു. നാമും സഹവിശ്വാസികളോട്‌ ഇതേ വിധത്തിൽ ഇടപെടേണ്ടതല്ലേ?​—⁠ഫിലേമോൻ 8-21.

നേരെ മറിച്ച്‌, ദ്രോഹിയുടെ വഴി ദുർഘടം, കൂടുതൽ കൃത്യമായി പറഞ്ഞാൽ കടുപ്പമുള്ളത്‌ ആണ്‌. ഏതർഥത്തിൽ? ഒരു പണ്ഡിതന്റെ അഭിപ്രായത്തിൽ, ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദത്തിന്റെ അർഥം “ബലിഷ്‌ഠമായ, ഉറച്ച എന്നാണ്‌. ഇത്‌ ദുഷ്ടരുടെ തഴമ്പിച്ച മനോഭാവത്തെയാണു സൂചിപ്പിക്കുന്നത്‌. . . . തന്റെ ദുഷ്ടമായ വഴികളിൽ തുടരാൻ ഉറച്ചിരിക്കുന്ന, മറ്റുള്ളവരുടെ ജ്ഞാനോപദേശങ്ങൾ വകവെക്കാത്ത തഴമ്പിച്ച മനസ്സുള്ള വ്യക്തി, നാശത്തിന്റെ പാതയിലാണ്‌.”

ശലോമോൻ തുടരുന്നു: “സൂക്ഷ്‌മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്വം വിടർത്തു കാണിക്കുന്നു.” (സദൃശവാക്യങ്ങൾ 13:⁠16) സൂക്ഷ്‌മബുദ്ധിയുള്ള ഒരാൾ ഒരു കൗശലക്കാരനല്ല. ഇവിടെ ഉദ്ദേശിക്കുന്ന സൂക്ഷ്‌മബുദ്ധി പരിജ്ഞാനത്തോടും ചിന്തിച്ചശേഷം മാത്രം പ്രവർത്തിക്കുന്ന വിവേകിയായ ഒരു വ്യക്തിയോടുമാണു ബന്ധപ്പെട്ടിരിക്കുന്നത്‌. അന്യായമായ വിമർശനത്തിനു വിധേയനാകുമ്പോൾ, അധിക്ഷേപിക്കപ്പെടുമ്പോൾ പോലും, സൂക്ഷ്‌മബുദ്ധിയുള്ള വ്യക്തി തന്റെ നാവിനു കടിഞ്ഞാണിടുന്നു. പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കാൻ പ്രാർഥനാപൂർവം ശ്രമിക്കുന്നതിനാൽ, അദ്ദേഹം രോഷാകുലനാകുന്നില്ല. (ഗലാത്യർ 5:⁠22, 23) വിവേകിയായ വ്യക്തി, തന്നെ നിയന്ത്രിക്കാൻ അപരനെയോ സാഹചര്യത്തെയോ അനുവദിക്കില്ല. മറിച്ച്‌ അയാൾ ആത്മസംയമനം പാലിക്കുകയും, വ്രണപ്പെടുമ്പോൾ പെട്ടെന്നു ദേഷ്യപ്പെടുന്നവർ പലപ്പോഴും ചെന്നുപെടുന്ന വഴക്കുകൾ ഒഴിവാക്കുകയും ചെയ്യുന്നു.

തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോഴും സൂക്ഷ്‌മബുദ്ധിയുള്ള വ്യക്തി പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു. ഊഹാപോഹം നടത്തുകയോ വികാരത്തിനൊത്തു നീങ്ങുകയോ അല്ലെങ്കിൽ ഭൂരിപക്ഷം ആളുകളും ചെയ്യുന്നത്‌ അന്ധമായി പിൻപറ്റുകയോ ചെയ്യുന്നതിൽനിന്നു വിരളമായി മാത്രമേ ജ്ഞാനപൂർവകമായ പ്രവർത്തനങ്ങൾ ഉരുത്തിരിയുകയുള്ളുവെന്ന്‌ അദ്ദേഹത്തിന്‌ അറിയാം. അതുകൊണ്ട്‌, താൻ ആയിരിക്കുന്ന സാഹചര്യം അടുത്തു പരിശോധിക്കാൻ അദ്ദേഹം സമയമെടുക്കുന്നു. അദ്ദേഹം വസ്‌തുതകളെല്ലാം വിശകലനം ചെയ്യുകയും തന്റെ മുമ്പാകെയുള്ള തിരഞ്ഞെടുപ്പുകൾ ഏതെല്ലാമാണെന്നു കണ്ടെത്തുകയും ചെയ്യുന്നു. തുടർന്ന്‌ അദ്ദേഹം തിരുവെഴുത്തുകൾ പരിശോധിച്ച്‌ ബാധകമാകുന്ന ബൈബിൾ നിയമങ്ങളോ തത്ത്വങ്ങളോ ഏതെല്ലാമാണെന്നു തീരുമാനിക്കുന്നു. അത്തരമൊരാളുടെ പാത നേരെയുള്ളതായിരിക്കും.​—⁠സദൃശവാക്യങ്ങൾ 3:⁠5, 6.

“വിശ്വസ്‌തനായ സ്ഥാനാപതിയോ സുഖം നല്‌കുന്നു”

ദൈവദത്തമായ ഒരു സന്ദേശത്തിന്റെ പ്രഖ്യാപനം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവരാണ്‌ യഹോവയുടെ സാക്ഷികളായ നാം. നമ്മുടെ നിയോഗം നിറവേറ്റുന്നതിൽ വിശ്വസ്‌തരായി നിലകൊള്ളാൻ അടുത്ത സദൃശവാക്യത്തിലെ വാക്കുകൾ നമ്മെ സഹായിക്കുന്നു. അത്‌ ഇപ്രകാരം പറയുന്നു: “ദുഷ്ടദൂതൻ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്‌തനായ സ്ഥാനാപതിയോ സുഖം നല്‌കുന്നു.”—സദൃശവാക്യങ്ങൾ 13:⁠17.

ഒരു ദൂതന്റെ അഥവാ സന്ദേശവാഹകന്റെ ഗുണങ്ങൾക്കാണ്‌ ഈ ഭാഗം ഊന്നൽ നൽകുന്നത്‌. സന്ദേശവാഹകൻ സന്ദേശത്തിനു ഭേദഗതി വരുത്തുകയോ അതിനെ കോട്ടിക്കളയുകയോ ചെയ്‌താലോ? അയാൾക്കു പ്രതികൂല ന്യായവിധി ലഭിക്കില്ലേ? അത്യാഗ്രഹത്തോടെ, അരാമ്യ സേനാ നായകനായ നയമാന്‌ തെറ്റായ സന്ദേശം നൽകിയ ഗേഹസി എന്ന ഏലീശാ പ്രവാചകന്റെ ബാല്യക്കാരനെ കുറിച്ചു ചിന്തിക്കുക. നയമാനെ വിട്ടുപോയ കുഷ്‌ഠം ഗേഹസിയുടെമേൽ വന്നു. (2 രാജാക്കന്മാർ 5:⁠20-27) സന്ദേശവാഹകൻ അവിശ്വസ്‌തനായി സന്ദേശം അറിയിക്കുന്നതുതന്നെ നിറുത്തിക്കളഞ്ഞാലോ? ബൈബിൾ ഇങ്ങനെ ഉത്തരം നൽകുന്നു: “ദുഷ്ടൻ തന്റെ വഴി വിട്ടുതിരിവാൻ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടൻ തന്റെ അകൃത്യംനിമിത്തം മരിക്കും; അവന്റെ രക്തമോ ഞാൻ [യഹോവ] നിന്നോടു ചോദിക്കും.”​—⁠യെഹെസ്‌കേൽ 33:⁠8.

അതേസമയം, വിശ്വസ്‌തനായ സ്ഥാനപതി, കൂടുതൽ കൃത്യമായി പറഞ്ഞാൽ സന്ദേശവാഹകൻ തനിക്കുതന്നെയും ശ്രോതാക്കൾക്കും സുഖം അഥവാ സൗഖ്യം നൽകും. പൗലൊസ്‌ തിമൊഥെയൊസിനെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനില്‌ക്ക; അങ്ങനെ ചെയ്‌താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.” (1 തിമൊഥെയൊസ്‌ 4:⁠16) വിശ്വസ്‌തതയോടെയുള്ള രാജ്യ സുവാർത്താ പ്രഖ്യാപനം കൈവരുത്തുന്ന സൗഖ്യത്തെ കുറിച്ചു ചിന്തിക്കുക. അത്‌ ശരിയായ ഹൃദയനിലയുള്ളവരെ ഉണർത്തുകയും തങ്ങളെ സ്വതന്ത്രരാക്കുന്ന സത്യത്തിലേക്ക്‌ അവരെ നയിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 8:⁠32) ജനം സന്ദേശം ശ്രദ്ധിക്കുന്നില്ലെങ്കിൽ പോലും വിശ്വസ്‌ത സന്ദേശവാഹകൻ ‘തന്റെ പ്രാണനെ രക്ഷിക്കും.’ (യെഹെസ്‌കേൽ 33:⁠9) പ്രസംഗിക്കാനുള്ള നിയോഗം നിറവേറ്റുന്നതിൽ നമുക്ക്‌ ഒരിക്കലും വീഴ്‌ച വരുത്താതിരിക്കാം. (1 കൊരിന്ത്യർ 9:⁠16) വചനത്തിൽ ഒരിക്കലും വെള്ളം ചേർക്കാതെയും മധുരവാക്കുകളിൽ പൊതിഞ്ഞ്‌ കൂടുതൽ ആകർഷകമാക്കാനായി അതിൽ വിട്ടുവീഴ്‌ച വരുത്താതെയും ‘വചനം പ്രസംഗിക്കാൻ’ നമുക്ക്‌ എപ്പോഴും ശ്രദ്ധയുള്ളവർ ആയിരിക്കാം.​—⁠2 തിമൊഥെയൊസ്‌ 4:⁠2.

‘ശാസന കൂട്ടാക്കുന്നവന്‌ ബഹുമാനം ലഭിക്കും’

സഹായകമായ ഏതെങ്കിലും ഉപദേശം ലഭിക്കുമ്പോൾ വിവേകിയായ വ്യക്തിക്ക്‌ അതിൽ നീരസം തോന്നണമോ? സദൃശവാക്യങ്ങൾ 13:⁠18  ഇപ്രകാരം പ്രസ്‌താവിക്കുന്നു: “പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും. ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.” ആവശ്യപ്പെടാതെ ലഭിക്കുന്ന ശാസനപോലും നാം കൃതജ്ഞതയോടെ സ്വീകരിക്കുന്നത്‌ ജ്ഞാനമാണ്‌. നമുക്ക്‌ ആവശ്യമുണ്ടെന്നു നാം തിരിച്ചറിയാത്ത സമയത്തെ ഉത്തമ ബുദ്ധിയുപദേശം ഏറ്റവുമധികം സഹായകമായിരുന്നേക്കാം. അത്തരം ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുന്നത്‌ ഹൃദയവേദനകളിൽനിന്നു നമ്മെ വിടുവിക്കുകയും ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അത്‌ ത്യജിച്ചാൽ ലഭിക്കുന്നത്‌ ലജ്ജ അല്ലെങ്കിൽ അപമാനമായിരിക്കും.

അനുമോദനം, അത്‌ അർഹിക്കുന്ന സമയത്തു ലഭിക്കുന്നത്‌ നമ്മെ കെട്ടുപണി ചെയ്യുന്നു, അത്‌ തീർച്ചയായും പ്രോത്സാഹജനകമാണ്‌. എന്നാൽ, ശാസനയും നാം പ്രതീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. അപ്പൊസ്‌തലനായ പൗലൊസ്‌ തിമൊഥെയൊസിന്‌ എഴുതിയ രണ്ട്‌ ലേഖനങ്ങൾ നോക്കുക. വിശ്വസ്‌തതയെ പ്രതി തിമൊഥെയൊസിനെ അനുമോദിക്കവേതന്നെ അവയിൽ നിറയെ അവനുള്ള ബുദ്ധിയുപദേശവും ഉണ്ടായിരുന്നു. വിശ്വാസവും നല്ല മനസ്സാക്ഷിയും മുറുകെ പിടിക്കൽ, സഭയിലെ മറ്റുള്ളവരോടുള്ള ഇടപെടൽ, ദൈവഭക്തിയും ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടാനുള്ള മനോഭാവം വളർത്തിയെടുക്കൽ, മറ്റുള്ളവരെ പ്രബോധിപ്പിക്കൽ, വിശ്വാസത്യാഗത്തെ ചെറുത്തുനിൽക്കൽ, ശുശ്രൂഷ നിർവഹിക്കൽ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച നിരവധി ബുദ്ധിയുപദേശങ്ങൾ പൗലൊസ്‌ ഈ ചെറുപ്പക്കാരനു നൽകി. സഭയിലെ ചെറുപ്പക്കാർ കൂടുതൽ അനുഭവസമ്പന്നരായവരിൽനിന്നു ബുദ്ധിയുപദേശം ആരായുകയും അത്‌ സന്തോഷപൂർവം സ്വീകരിക്കുകയും വേണം.

“ജ്ഞാനികളോടുകൂടെ നടക്ക”

ജ്ഞാനിയായ രാജാവ്‌ പറയുന്നു: “ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാർക്കു വെറുപ്പ്‌.” (സദൃശവാക്യങ്ങൾ 13:⁠19) ഈ സദൃശവാക്യത്തിന്റെ അർഥം സംബന്ധിച്ച്‌ ഒരു പരാമർശകൃതി ഇപ്രകാരം പറയുന്നു: “ഒരു ലക്ഷ്യമോ ആഗ്രഹമോ സാധിച്ചുകിട്ടുന്ന ഒരു വ്യക്തിയിൽ സംതൃപ്‌തി നിറയുന്നു . . . ഉദ്ദിഷ്ട കാര്യം നിറവേറുന്നത്‌ ഏറ്റവും സന്തോഷകരമായ ഒരനുഭവമാണ്‌. അതിനാൽ, ദോഷം വിട്ടകലുന്നത്‌ ഭോഷന്മാർക്കു വെറുപ്പായിരിക്കണം. ദുഷ്ടമാർഗങ്ങളിലൂടെ മാത്രമേ അവരുടെ അഭിലാഷങ്ങൾ സാധിക്കാനാകൂ. അവർ ദോഷം ഉപേക്ഷിച്ചാൽ തങ്ങളുടെ ആഗ്രഹങ്ങൾ നിവർത്തിക്കുന്നതിന്റെ സന്തോഷം അവർക്കു ലഭിക്കുകയില്ല.” നാം ഉചിതമായ ആഗ്രഹങ്ങൾ വളർത്തിയെടുക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

നമ്മുടെ ചിന്തകളുടെയും ഇഷ്ടാനിഷ്ടങ്ങളുടെയുംമേൽ സഹകാരികൾക്ക്‌ എത്ര ശക്തമായ സ്വാധീനമാണുള്ളത്‌! പിൻവരുംവിധം പറഞ്ഞുകൊണ്ട്‌ ശലോമോൻ ഒരു നിത്യസത്യം പ്രഖ്യാപിക്കുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:⁠20) അതേ, നമ്മുടെ സഹവാസം നാം എങ്ങനെയുള്ളവർ ആണ്‌, എങ്ങനെയുള്ളവർ ആയിത്തീരും എന്നതിനെ സ്വാധീനിക്കുന്നു. വിനോദ മാധ്യമങ്ങളിലൂടെയോ ഇന്റർനെറ്റിലൂടെയോ പുസ്‌തകങ്ങളിലൂടെയോ മാസികകളിലൂടെയോ ഉള്ള സഹവാസം ആയിരുന്നാൽ പോലും അതു സത്യമാണ്‌. സഹകാരികളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

‘അവകാശം വെച്ചേക്കുക’

ഇസ്രായേൽ രാജാവ്‌ പ്രഖ്യാപിക്കുന്നു: “ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാർക്കോ നന്മ പ്രതിഫലമായി വരും.” (സദൃശവാക്യങ്ങൾ 13:⁠21) നീതി പിന്തുടരുന്നത്‌ പ്രതിഫലദായകമാണ്‌, കാരണം, യഹോവ നീതിമാന്മാർക്കുവേണ്ടി കരുതുന്നു. (സങ്കീർത്തനം 37:⁠25) എന്നിരുന്നാലും, നമുക്ക്‌ എല്ലാവർക്കും “കാലവും ഗതിയും” അല്ലെങ്കിൽ കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും വന്നു ഭവിക്കുന്നുവെന്നു നാം മനസ്സിലാക്കണം. (സഭാപ്രസംഗി 9:⁠11) അപ്രതീക്ഷിത സംഭവങ്ങൾക്കായി തയ്യാറായിരിക്കാൻ നമുക്ക്‌ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

ശലോമോൻ പ്രസ്‌താവിക്കുന്നു: “ഗുണവാൻ മക്കളുടെ മക്കൾക്കു അവകാശം വെച്ചേക്കുന്നു.” (സദൃശവാക്യങ്ങൾ 13:⁠22എ) യഹോവയെ കുറിച്ചുള്ള പരിജ്ഞാനം നേടാനും അവനുമായി നല്ല ബന്ധം നട്ടുവളർത്താനും തങ്ങളുടെ കുട്ടികളെ സഹായിക്കുമ്പോൾ മാതാപിതാക്കൾ എത്ര വിലപ്പെട്ട അവകാശമാണ്‌ അവർക്കു നൽകുന്നത്‌? എന്നാൽ അതോടൊപ്പംതന്നെ, മാതാവോ പിതാവോ അകാലമരണത്തിന്‌ ഇരയാകുന്നപക്ഷം കുടുംബം ഭൗതികമായി കഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾകൂടെ കഴിവുള്ളപ്പോൾ ചെയ്യുന്നതു വിവേകമായിരിക്കില്ലേ? മിക്ക സ്ഥലങ്ങളിലുമുള്ള കുടുംബനാഥന്മാർക്ക്‌ ഇൻഷുറൻസ്‌ പോളിസി എടുക്കാനോ വിൽപ്പത്രം എഴുതിവെക്കാനോ കുറെ സമ്പാദ്യം നീക്കിവെച്ചേക്കാനോ കഴിഞ്ഞേക്കാം.

ദുഷ്ടമാരുടെ അവകാശം സംബന്ധിച്ച്‌ എന്തു പറയാൻ കഴിയും? “പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു” എന്ന്‌ ശലോമോൻ തുടർന്നു പറയുന്നു. (സദൃശവാക്യങ്ങൾ 13:⁠22ബി) ഇപ്പോൾ ലഭിക്കുന്ന ഏതൊരു പ്രയോജനവും കൂടാതെ, ‘നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും’ സൃഷ്ടിക്കാനുള്ള യഹോവയുടെ വാഗ്‌ദാനം നിറവേറുമ്പോൾ അതു സത്യമാണെന്നു തെളിയും. (2 പത്രൊസ്‌ 3:⁠13) ദുഷ്ടന്മാർ അപ്പോൾ തുടച്ചുനീക്കപ്പെട്ടിരിക്കും. “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും.”​—⁠സങ്കീർത്തനം 37:⁠11.

സാധുവാണെങ്കിൽപ്പോലും വിവേകമുള്ള ഒരു വ്യക്തി പരിജ്ഞാനപൂർവം പ്രവർത്തിക്കും. സദൃശവാക്യങ്ങൾ 13:⁠23 പറയുന്നു: “സാധുക്കളുടെ കൃഷി വളരെ ആഹാരം നല്‌കുന്നു; എന്നാൽ അന്യായം ചെയ്‌തിട്ടു [“വിവേചനാപ്രാപ്‌തിയുടെ അഭാവംകൊണ്ട്‌,” NW] നശിച്ചുപോകുന്നവരും ഉണ്ട്‌.” കഠിനാധ്വാനവും ദൈവാനുഗ്രഹവുംകൊണ്ട്‌ സാധുവായ ഒരു മനുഷ്യനു സമൃദ്ധി ലഭിക്കും. എന്നാൽ, ന്യായരാഹിത്യമുള്ളപ്പോഴത്തെ തെറ്റായ ന്യായനിർണയം സമ്പത്തു നശിപ്പിച്ചുകളയും.

‘അവനെ ശിക്ഷിക്കുക’

അപൂർണ മനുഷ്യർക്ക്‌ ശിക്ഷണം ആവശ്യമാണ്‌, അതും കുട്ടിക്കാലം മുതൽ. “വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്‌നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു” എന്ന്‌ ഇസ്രായേൽ രാജാവ്‌ പറയുന്നു.​—⁠സദൃശവാക്യങ്ങൾ 13:⁠24.

വടി അധികാരത്തിന്റെ പ്രതീകമാണ്‌. സദൃശവാക്യങ്ങൾ 13:⁠24-ൽ അത്‌ മാതാപിതാക്കളുടെ അധികാരത്തെ സൂചിപ്പിക്കുന്നു. ഇവിടെ, ശിക്ഷണത്തിനുള്ള വടി പ്രയോഗിക്കുന്നത്‌ എല്ലായ്‌പോഴും ഒരു കുട്ടിയെ അടിക്കുന്നതിനെ അർഥമാക്കുന്നില്ല. മറിച്ച്‌, തിരുത്തൽ കൊടുക്കാൻ ഉപയോഗിക്കുന്ന ഏതൊരു മാർഗത്തെയുമാണ്‌ അതു സൂചിപ്പിക്കുന്നത്‌. ഒരു കുട്ടിയുടെ അനുചിതമായ പെരുമാറ്റത്തെ തിരുത്താൻ ദയയോടുകൂടിയ ഒരു ശാസന മാത്രം മതിയായിരിക്കാം. വേറൊരു കുട്ടിക്ക്‌ കുറച്ചുകൂടെ ശക്തമായ താക്കീത്‌ ആവശ്യമായിരുന്നേക്കാം. “ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും” എന്നു സദൃശവാക്യങ്ങൾ 17:⁠10 പറയുന്നു.

കുട്ടികളുടെ പ്രയോജനത്തിനു വേണ്ടി മാതാപിതാക്കൾ എല്ലായ്‌പോഴും സ്‌നേഹത്തോടും ജ്ഞാനത്തോടുംകൂടെ ആയിരിക്കണം അവരെ ശിക്ഷിക്കേണ്ടത്‌. സ്‌നേഹമുള്ള മാതാവോ പിതാവോ കുട്ടിയുടെ തെറ്റുകൾക്കു നേരെ കണ്ണടയ്‌ക്കുകയില്ല. നേരെ മറിച്ച്‌, തെറ്റുകൾ കുട്ടിയിൽ രൂഢമൂലമാകുന്നതിനു മുമ്പുതന്നെ നീക്കംചെയ്യാനായി അവ കണ്ടെത്താൻ അവർ ശ്രമിക്കുന്നു. സ്‌നേഹനിധിയായ മാതാപിതാക്കൾ പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുമെന്നതിൽ സംശയമില്ല: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.”​—⁠എഫെസ്യർ 6:⁠4.

ഒരു മാതാവോ പിതാവോ മക്കളെ കയറൂരി വിടുകയും വേണ്ട തിരുത്തൽ കൊടുക്കാതിരിക്കുകയും ചെയ്യുന്നെങ്കിലോ? മക്കളിൽനിന്ന്‌ പിന്നീട്‌ ആ പ്രവൃത്തിക്കു നന്ദി ലഭിക്കുമോ? ഒരിക്കലുമില്ല! (സദൃശവാക്യങ്ങൾ 29:⁠21) ബൈബിൾ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.” (സദൃശവാക്യങ്ങൾ 29:⁠15) മാതാപിതാക്കൾ തങ്ങളുടെ അധികാരം പ്രയോഗിക്കാതിരിക്കുന്നത്‌ നിസ്സംഗതയെയോ സ്‌നേഹമില്ലായ്‌മയെയോ ആണ്‌ കാണിക്കുന്നത്‌. എന്നാൽ, ദയയോടും ദൃഢതയോടുംകൂടെ അധികാരം പ്രയോഗിക്കുന്നത്‌ സ്‌നേഹപൂർവകമായ താത്‌പര്യത്തിന്റെ തെളിവാണ്‌.

യഥാർഥ പരിജ്ഞാനത്തോടുകൂടി പ്രവർത്തിക്കുന്ന വിവേകവും നേരും ഉള്ള ഒരു വ്യക്തി അനുഗ്രഹിക്കപ്പെടും. ശലോമോൻ നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.” (സദൃശവാക്യങ്ങൾ 13:⁠25) നമ്മുടെ ജീവിതത്തിലെ ഏതൊരു മണ്ഡലത്തിലും, കുടുംബ കാര്യങ്ങളിലായാലും മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യത്തിലായാലും ശുശ്രൂഷയിലായാലും നമുക്കു ശിക്ഷണം ലഭിക്കുമ്പോഴായാലും എന്താണു നമുക്കു പ്രയോജനകരമെന്നു യഹോവയ്‌ക്ക്‌ അറിയാം. അവന്റെ വചനത്തിലെ ബുദ്ധിയുപദേശം ജ്ഞാനപൂർവം ബാധകമാക്കിയാൽ നമ്മുടേത്‌ അത്യുത്തമ ജീവിതരീതി ആയിരിക്കുമെന്നതിൽ സംശയമില്ല.

[അടിക്കുറിപ്പ്‌]

[28-ാം പേജിലെ ചിത്രം]

അന്യായമായി വിമർശിക്കപ്പെടുമ്പോൾ സൂക്ഷ്‌മബുദ്ധിയുള്ള വ്യക്തി തന്റെ നാവിനെ നിയന്ത്രിക്കുന്നു

[29-ാം പേജിലെ ചിത്രം]

വിശ്വസ്‌തമായി രാജ്യം ഘോഷിക്കുന്ന വ്യക്തി വളരെയധികം നന്മ ചെയ്യുന്നു

[30-ാം പേജിലെ ചിത്രം]

അനുമോദനം പ്രോത്സാഹജനകമാണെങ്കിലും, തിരുത്തലും നാം സന്തോഷപൂർവം സ്വീകരിക്കണം

[31-ാം പേജിലെ ചിത്രം]

സ്‌നേഹമുള്ള മാതാവോ പിതാവോ കുട്ടിയുടെ തെറ്റുകൾക്കു നേരെ കണ്ണടയ്‌ക്കുകയില്ല