“‘ഉവ്വ്’ എന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”
“‘ഉവ്വ്’ എന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”
നൈജീരിയയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിന് ഈയിടെ ഒരു കത്തു ലഭിച്ചു. അതിന്റെ ഒരു ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്:
“ഞങ്ങളുടെ മകൻ ആൻഡേഴ്‌സൻ, 14 വയസ്സുള്ളപ്പോൾ മരണമടഞ്ഞു. മരിക്കുന്നതിനു മുമ്പ് അവൻ രണ്ടു കോഴിക്കുഞ്ഞുങ്ങളെ വളർത്തിയിരുന്നു. അവയെ വിറ്റു കിട്ടുന്ന പണം ലോകവ്യാപക പ്രസംഗവേലയ്‌ക്കുള്ള സംഭാവനയായി ബ്രാഞ്ച് ഓഫീസിലേക്ക് അയച്ചുകൊടുക്കണം എന്നതായിരുന്നു അവന്റെ ആഗ്രഹം. എന്നാൽ അവയെ വിൽക്കാൻ കഴിയുന്നതിനു മുമ്പ് അവൻ മരിച്ചു.
“അവന്റെ ആഗ്രഹത്തിനു ചേർച്ചയിൽ, മാതാപിതാക്കളായ ഞങ്ങൾ ആ കോഴിക്കുഞ്ഞുങ്ങളെ വളർത്തി വിറ്റു. ലഭിച്ച തുക ആൻഡേഴ്‌സന്റെ സംഭാവനയായി ഞങ്ങൾ അയയ്‌ക്കുകയാണ്. പുനരുത്ഥാനം സംബന്ധിച്ച യഹോവയുടെ വാഗ്‌ദാനത്തിൽ വിശ്വസിക്കുന്നതിനാൽ ഞങ്ങൾക്ക് ആൻഡേഴ്‌സനെ പെട്ടെന്ന്, വളരെ പെട്ടെന്ന്, വീണ്ടും കാണാമെന്ന് ഉറപ്പുണ്ട്. അവന്റെ ഹൃദയാഭിലാഷം ഞങ്ങൾ നിറവേറ്റിയോ എന്ന് അവൻ ചോദിക്കുമ്പോൾ ‘ഉവ്വ്’ എന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തീർച്ചയായും, ആൻഡേഴ്‌സനെ മാത്രമല്ല പുനരുത്ഥാനം പ്രാപിക്കുന്ന ‘സാക്ഷികളുടെ വലിയ ഒരു സമൂഹ’ത്തെയും കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.”—എബ്രായർ 12:1; യോഹന്നാൻ 5:28, 29.
ഈ കത്തിൽ വ്യക്തമായി പ്രതിഫലിച്ചു കാണുന്നതു പോലെ, പുനരുത്ഥാനത്തിലുള്ള വിശ്വാസം സത്യക്രിസ്‌ത്യാനികൾക്കു ശക്തി പകരുന്ന ഒരു പ്രത്യാശയാണ്. മരണം എന്ന ശത്രു കവർന്നെടുത്ത തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ചു കിട്ടുമ്പോൾ ആൻഡേഴ്‌സന്റെ വീട്ടുകാർ ഉൾപ്പെടെ ദശലക്ഷക്കണക്കിനു കുടുംബങ്ങൾ അനുഭവിക്കാൻ പോകുന്ന ആ സന്തോഷം ഒന്നു സങ്കൽപ്പിച്ചുനോക്കുക!—1 കൊരിന്ത്യർ 15:24-26.
ദൈവരാജ്യത്തിൻ കീഴിലെ നീതി വസിക്കുന്ന പുതിയ ലോകത്തിൽ പെട്ടെന്നുതന്നെ സംഭവിക്കാൻ പോകുന്ന അത്ഭുതകരമായ അനേകം കാര്യങ്ങളിൽ ഒന്നാണ് പുനരുത്ഥാനത്തിന്റെ ഈ സാന്ത്വനദായകമായ പ്രത്യാശ എന്ന് ദൈവവചനം പ്രകടമാക്കുന്നു. (2 പത്രൊസ് 3:13) ദൈവം അന്ന് മനുഷ്യർക്കു വേണ്ടി ചെയ്യാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5.