വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതത്തിന്‌ യഥാർഥ അർഥം പകരുന്നത്‌ എന്ത്‌?

ജീവിതത്തിന്‌ യഥാർഥ അർഥം പകരുന്നത്‌ എന്ത്‌?

ജീവിതത്തിന്‌ യഥാർഥ അർഥം പകരുന്നത്‌ എന്ത്‌?

ജീവിതത്തിന്റെ അർഥം എന്താണെന്നു ചോദിച്ചപ്പോൾ 17 വയസ്സുള്ള ജെസ്സെ എന്ന ഹൈസ്‌കൂൾ വിദ്യാർഥിയുടെ ഉത്തരം ഇതായിരുന്നു: “ജീവിച്ചിരിക്കുന്നിടത്തോളം നിങ്ങൾക്കു കഴിയുന്നത്ര സുഖം അനുഭവിക്കുക.” എന്നാൽ സൂസിയുടെ വീക്ഷണം മറ്റൊന്നായിരുന്നു. “നമ്മുടെ ജീവിതത്തിന്റെ അർഥം തീരുമാനിക്കുന്നതു നമ്മൾത്തന്നെ ആണെന്ന്‌ ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു,” അവൾ പറഞ്ഞു.

‘ജീവിതത്തിന്റെ അർഥം!’​—⁠അതേക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സകല മനുഷ്യരുടെയും ജീവിതത്തിന്‌ പൊതുവായ ഒരു ഉദ്ദേശ്യമാണോ ഉള്ളത്‌? അതോ സൂസി പറഞ്ഞതുപോലെ നാം ഓരോരുത്തരുമാണോ നമ്മുടെ ജീവിതത്തിന്റെ അർഥം നിർണയിക്കേണ്ടത്‌? ചുറ്റുമുള്ള ലോകം സാങ്കേതികമായി എത്ര പുരോഗമിച്ചാലും, ജീവിതത്തിന്റെ അർഥം കണ്ടെത്താനുള്ള ഒരു വാഞ്‌ഛ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുന്നതായി കാണപ്പെടുന്നു. ‘നാം ഇവിടെയായിരിക്കുന്നത്‌ എന്തിനുവേണ്ടിയാണ്‌?’ എന്ന്‌ ജീവിതത്തിൽ എപ്പോഴെങ്കിലും നമ്മിൽ മിക്കവരും ചിന്തിച്ചുപോകുന്നു.

ആ ചോദ്യത്തിനുള്ള ഉത്തരം നൽകാൻ ആധുനിക ശാസ്‌ത്രം പലവട്ടം ശ്രമിച്ചിട്ടുണ്ട്‌. എന്തായിരുന്നു അതിന്റെ ഫലം? “പരിണാമപ്രക്രിയയുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ, [നമ്മുടെ] അസ്‌തിത്വത്തിന്‌ അങ്ങനെ പ്രത്യേകിച്ച്‌ യാതൊരു അർഥവുമില്ല” എന്ന്‌ മനശ്ശാസ്‌ത്ര-ജന്തുശാസ്‌ത്ര പ്രൊഫസറായ ഡേവിഡ്‌ പി. ബേരഷ്‌ പ്രസ്‌താവിച്ചു. പരിണാമവാദികളായ ജീവശാസ്‌ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ജീവജാലങ്ങൾക്ക്‌ ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ: അതിജീവനവും പുനരുത്‌പാദനവും. അതുകൊണ്ട്‌ പ്രൊഫസർ ബേരഷ്‌ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “മനുഷ്യനെ കുറിച്ചു ചിന്തയില്ലാത്ത, ഉദ്ദേശ്യരഹിതമായ ഈ മഹാപ്രപഞ്ചത്തിൽ സ്വപ്രേരിതവും ബോധപൂർവകവും ഉദ്ദേശ്യപൂർവകവുമായ തിരഞ്ഞെടുപ്പുകളിലൂടെ ജീവിതത്തിന്‌ അർഥം പകരേണ്ടത്‌ നമ്മൾ തന്നെയാണ്‌.”

അർഥത്തിന്റെയും ഉദ്ദേശ്യത്തിന്റെയും ഉറവ്‌

അപ്പോൾ, ‘ഓരോരുത്തരും സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുക’ എന്നതാണോ ജീവിതത്തിന്റെ ലക്ഷ്യം? അർഥമോ ഉദ്ദേശ്യമോ ഇല്ലാത്ത ഒരു പ്രപഞ്ചത്തിൽ ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയാൻ വിടുന്നതിനുപകരം നമ്മുടെ ജീവിതത്തിന്‌ ഒരു ഉദ്ദേശ്യം ഉണ്ടെന്ന്‌ വളരെ മുമ്പുതന്നെ ബൈബിൾ വെളിപ്പെടുത്തിയിട്ടുണ്ട്‌. പ്രപഞ്ചത്തിൽ ഉണ്ടായ ഏതോ ഒരു യാദൃച്ഛിക സംഭവത്താൽ അസ്‌തിത്വത്തിൽ വന്നവരല്ല നമ്മൾ. മനുഷ്യർക്കു ജീവിതം ആരംഭിക്കാൻ തക്കവണ്ണം സ്രഷ്ടാവ്‌ വർഷങ്ങളെടുത്താണ്‌ ഭൂമിയെ ഒരുക്കിയതെന്നു നമ്മോടു പറയപ്പെട്ടിരിക്കുന്നു. യാതൊന്നും ആകസ്‌മികമായിരുന്നില്ല. എല്ലാം “എത്രയും നല്ലത്‌” ആണെന്ന്‌ അവൻ ഉറപ്പുവരുത്തി. (ഉല്‌പത്തി 1:⁠31; യെശയ്യാവു 45:⁠18) എന്തുകൊണ്ട്‌? മനുഷ്യരെ കുറിച്ച്‌ ദൈവത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു എന്നതാണ്‌ അതിന്റെ കാരണം.

എന്നിരുന്നാലും, ഏതെങ്കിലും ജീവശാസ്‌ത്ര പ്രക്രിയയിലൂടെയോ അല്ലെങ്കിൽ നേരിട്ട്‌ ഇടപെട്ടോ ദൈവം ഓരോ വ്യക്തിയുടെയും ഭാവി നിശ്ചയിച്ചുവെച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്‌. പാരമ്പര്യമായി ലഭിച്ച ജനിതക ഘടകങ്ങളാൽ നാം സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിലും നമുക്ക്‌ നമ്മുടെ പ്രവർത്തനങ്ങളെ വലിയ അളവിൽ നിയന്ത്രിക്കാൻ കഴിയും. ജീവിതം എങ്ങനെ മുന്നോട്ടു നയിക്കണം എന്നു തീരുമാനിക്കാൻ നമുക്കെല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്‌.

ജീവിതത്തെ കരുപ്പിടിപ്പിക്കേണ്ടത്‌ നമ്മൾ തന്നെയാണെങ്കിലും നമ്മുടെ കണക്കുകൂട്ടലുകളിൽ സ്രഷ്ടാവിനെ ഉൾപ്പെടുത്താതിരിക്കുന്നത്‌ ഒരു പിഴവായിരിക്കും. ജീവിതത്തിന്റെ യഥാർഥ അർഥവും ഉദ്ദേശ്യവും ദൈവവുമായുള്ള ഒരു ബന്ധത്തിൽ ഇഴചേർന്നിരിക്കുന്നുവെന്ന്‌ അനേകരും കണ്ടെത്തിയിരിക്കുന്നു എന്നതാണ്‌ യാഥാർഥ്യം. ദൈവവും നമ്മുടെ ജീവിതോദ്ദേശ്യവും തമ്മിലുള്ള മർമപ്രധാന ബന്ധത്തെ പ്രദീപ്‌തമാക്കുന്നതാണ്‌ യഹോവ എന്ന ദൈവത്തിന്റെ വ്യക്തിപരമായ നാമം. “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്‌ അതിന്റെ അക്ഷരാർഥം. (പുറപ്പാടു 6:⁠3; സങ്കീർത്തനം 83:⁠18) അതായത്‌, താൻ വാഗ്‌ദാനം ചെയ്യുന്നതെല്ലാം അവൻ ക്രമാനുഗതമായി നിവർത്തിക്കുകയും എല്ലായ്‌പോഴും തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. (പുറപ്പാടു 3:⁠14; യെശയ്യാവു 55:⁠10, 11) ഒന്നു ചിന്തിക്കുക. അർഥപൂർണമായ ഉദ്ദേശ്യത്തിന്റെ ആത്യന്തികവും നിലനിൽക്കുന്നതുമായ ഉറവാണ്‌ അവൻ എന്നതിന്‌ നമുക്കുള്ള ഉറപ്പാണ്‌ അവന്റെ നാമം.

ഒരു സ്രഷ്ടാവ്‌ ഉണ്ടെന്നുള്ള അറിവുതന്നെ ജീവിതത്തെ കുറിച്ചുള്ള ഒരു വ്യക്തിയുടെ വീക്ഷണത്തിന്മേൽ ശക്തമായ പ്രഭാവം ചെലുത്തുന്നു. 19 വയസ്സുള്ള ലിനെറ്റ്‌ ഇപ്രകാരം പറയുന്നു: “യഹോവ നിർമിച്ചിരിക്കുന്ന അത്ഭുതകരമായ സംഗതികളും അവയുടെ ഉദ്ദേശ്യവും കാണുമ്പോൾ എന്നെ സൃഷ്ടിച്ചതിലും അവന്‌ ഒരു ഉദ്ദേശ്യമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു.” ആംബർ എന്ന പെൺകുട്ടി ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “‘അജ്ഞാതനായ ഒരുവനെ’ കുറിച്ച്‌ ആളുകൾ സംസാരിക്കുമ്പോൾ എനിക്ക്‌ അവനെ അറിയാൻ കഴിഞ്ഞല്ലോ എന്ന്‌ ഞാൻ നന്ദിയോടെ ഓർക്കും. യഹോവ സ്ഥിതിചെയ്യുന്നു എന്നതിന്റെ തെളിവ്‌ അവൻ സൃഷ്ടിച്ച വസ്‌തുക്കളിൽത്തന്നെ കാണാവുന്നതാണ്‌.” (റോമർ 1:⁠20) എന്നാൽ, ഒരു സ്രഷ്ടാവ്‌ ഉണ്ടെന്നു തിരിച്ചറിയുന്നതും അവനുമായി അർഥവത്തായ ഒരു ബന്ധം വളർത്തിയെടുക്കുന്നതും രണ്ടു സംഗതികളാണ്‌.

ദൈവവുമായുള്ള സൗഹൃദം

ഇക്കാര്യത്തിലും ബൈബിളിനു നമ്മെ സഹായിക്കാനാവും. യഹോവയാം ദൈവം സ്‌നേഹവാനായ ഒരു പിതാവാണ്‌ എന്നതിനുള്ള വ്യക്തമായ തെളിവ്‌ അതിന്റെ പ്രാരംഭ അധ്യായങ്ങൾ നൽകുന്നു. ഉദാഹരണത്തിന്‌, ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചശേഷം താൻ ആരാണെന്ന്‌ അവൻ അവരെ അറിയിക്കാതിരുന്നില്ല. മറിച്ച്‌ അവൻ അവരുമായി പതിവായി ആശയവിനിമയം നടത്തി. ജീവിക്കേണ്ടത്‌ എങ്ങനെയെന്നു സ്വയം കണ്ടുപിടിക്കാനായി അവരെ ഏദെനിൽ വിട്ടുകൊണ്ട്‌ അവൻ മറ്റു കാര്യങ്ങളിലേക്കു തന്റെ ശ്രദ്ധ തിരിച്ചില്ല. പകരം, ജീവിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം സംബന്ധിച്ച്‌ അവൻ അവർക്കു കൃത്യമായ നിർദേശം നൽകി. അവൻ അവർക്ക്‌ ഉല്ലാസകരമായ വേല നിയമിച്ചുകൊടുക്കുകയും അവരെ തുടർച്ചയായി പഠിപ്പിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുകയും ചെയ്‌തു. (ഉല്‌പത്തി 1:⁠26-30; 2:⁠7-9) പ്രാപ്‌തനും സ്‌നേഹവാനുമായ ഒരു പിതാവിൽനിന്ന്‌ നിങ്ങൾ ഇതുതന്നെയല്ലേ പ്രതീക്ഷിക്കുന്നത്‌? അതിന്റെ അർഥം എന്താണെന്നു ചിന്തിച്ചുനോക്കൂ. “യഹോവ ഭൂമിയെ സൃഷ്ടിക്കുകയും താൻ സൃഷ്ടിച്ച സംഗതികൾ ആസ്വദിക്കാനുള്ള പ്രാപ്‌തിയോടെ നമ്മെ രൂപകൽപ്പന ചെയ്യുകയും ചെയ്‌തതിൽനിന്ന്‌ നമ്മൾ സന്തുഷ്ടരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നുവെന്ന്‌ ഞാൻ മനസ്സിലാക്കുന്നു,” ഡിൻയെൽ പറയുന്നു.

അതിലുപരി, ഏതൊരു നല്ല പിതാവിനെയും പോലെ, തന്റെ മക്കൾക്കെല്ലാവർക്കും താനുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. ആ ലക്ഷ്യത്തിൽ പ്രവൃത്തികൾ 17:⁠27 നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.” എന്തു വ്യത്യാസമാണ്‌ അത്‌ ഉളവാക്കുന്നത്‌? “യഹോവയെ അറിയാൻ ഇടയായതിനാൽ ഞാൻ ഒരിക്കലും തീർത്തും ഒറ്റയ്‌ക്കല്ല എന്ന ബോധ്യം ഇപ്പോൾ എനിക്കുണ്ട്‌. എന്തു സംഭവിച്ചാലും ശരി, ആശ്രയിക്കാൻ എനിക്ക്‌ എപ്പോഴും ഒരാളുണ്ട്‌,” ആംബർ പറയുന്നു. തന്നെയുമല്ല, യഹോവയെ കൂടുതലായി അറിയുമ്പോൾ അവൻ ദയാലുവും നീതിമാനും നല്ലവനുമാണെന്നു നിങ്ങൾ കാണും. നിങ്ങൾക്ക്‌ അവനിൽ വിശ്വാസം അർപ്പിക്കാൻ കഴിയും. ജെഫ്‌ ഇങ്ങനെ പറയുന്നു: “യഹോവ എന്റെ അടുത്ത സുഹൃത്ത്‌ ആയിത്തീർന്നപ്പോൾ എനിക്കു തണലായി അവനെപ്പോലെ മറ്റാരുമില്ലെന്നു ഞാൻ മനസ്സിലാക്കി.”

ദുഃഖകരമെന്നു പറയട്ടെ, ആളുകൾ യഹോവയെ കുറിച്ചു വളരെ മോശമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്‌. മനുഷ്യർ അനുഭവിക്കുന്ന അനേകം ദുരിതങ്ങൾക്കും മതങ്ങൾക്കുള്ളിലെ ദുഷ്‌ചെയ്‌തികൾക്കും അവർ അവനെയാണു കുറ്റപ്പെടുത്തുന്നത്‌. മനുഷ്യചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള അതിഘോരമായ കൃത്യങ്ങൾക്ക്‌ അവർ അവനെ പഴിക്കുന്നു. എന്നാൽ ആവർത്തനപുസ്‌തകം 32:⁠4, 5 പറയുന്നതു ശ്രദ്ധിക്കുക: “അവന്റെ വഴികൾ ഒക്കെയും ന്യായം . . . അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ.” അതുകൊണ്ട്‌ വസ്‌തുതകൾ കണ്ടെത്താനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌.​—⁠ആവർത്തനപുസ്‌തകം 30:⁠19, 20.

ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറുന്നു

എന്നാൽ, നാം എന്തുതന്നെ തീരുമാനിച്ചാലും ഭൂമിയെയും മനുഷ്യനെയും സംബന്ധിച്ചുള്ള തന്റെ ഉദ്ദേശ്യം പൂർണമായി നിവർത്തിക്കുന്നതിൽനിന്ന്‌ യാതൊന്നും ദൈവത്തെ തടയുകയില്ല. അവനാണല്ലോ സകലത്തിന്റെയും സ്രഷ്ടാവ്‌. അങ്ങനെയെങ്കിൽ, എന്താണ്‌ ആ ഉദ്ദേശ്യം? “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും” എന്ന്‌ തന്റെ ഗിരിപ്രഭാഷണത്തിൽ പ്രഖ്യാപിച്ചപ്പോൾ യേശുക്രിസ്‌തു അതു പരാമർശിക്കുകയുണ്ടായി. പന്നീട്‌, ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാൻ’ ദൈവം നിശ്ചയിച്ചിരിക്കുകയാണെന്നു തന്റെ അപ്പൊസ്‌തലനായ യോഹന്നാനോട്‌ അവൻ സൂചിപ്പിച്ചു. (മത്തായി 5:⁠5; വെളിപ്പാടു 11:⁠18) സൃഷ്ടിയുടെ സമയത്ത്‌ യേശു ദൈവത്തോടു കൂടെ ഉണ്ടായിരുന്നതിനാൽ, പൂർണതയുള്ള ഒരു മാനുഷകുടുംബം ഭൂമിയിലെ പറുദീസയിൽ എക്കാലവും വസിക്കണം എന്നതായിരുന്നു തുടക്കം മുതലേയുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്ന്‌ അവനറിയാം. (ഉല്‌പത്തി 1:⁠26, 27; യോഹന്നാൻ 1:⁠1-3) കൂടാതെ, ദൈവം മാറാത്തവനുമാണ്‌. (മലാഖി 3:⁠6) “ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും” എന്ന്‌ ദൈവം നമുക്ക്‌ ഉറപ്പു നൽകുന്നു.​—⁠യെശയ്യാവു 14:⁠24.

ഒരു ഏകീകൃത സമുദായത്തിനുള്ള അസ്‌തിവാരം യഹോവ ഇട്ടുതുടങ്ങിയിരിക്കുന്നു. ഈ സമുദായം അടിസ്ഥാനപ്പെട്ടിരിക്കുന്നത്‌ ഇന്നത്തെ ലോകത്തിൽ സർവസാധാരണമായ അത്യാഗ്രഹത്തിലും സ്വാർഥ താത്‌പര്യത്തിലും അല്ല, പകരം ദൈവത്തോടും അയൽക്കാരനോടുമുള്ള സ്‌നേഹത്തിലാണ്‌. (യോഹന്നാൻ 13:⁠35; എഫെസ്യർ 4:⁠15, 16; ഫിലിപ്പിയർ 2:⁠1-4) ഈ വ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പായി ദൈവത്തിന്റെ വരാൻപോകുന്ന രാജ്യത്തെ കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുക എന്ന ലക്ഷ്യത്തിൽ മുന്നേറുന്ന, ശക്തമായി പ്രചോദിപ്പിക്കപ്പെട്ട വ്യക്തികളുടെ ഒരു സന്നദ്ധസംഘമാണത്‌. (മത്തായി 24:⁠14; 28:⁠19, 20) ഇപ്പോൾത്തന്നെ, 230-ലേറെ ദേശങ്ങളിൽ 60 ലക്ഷത്തിലധികം ക്രിസ്‌ത്യാനികൾ സ്‌നേഹവും ഐക്യവുമുള്ള ഒരു സാർവദേശീയ സഹോദരവർഗമായി ആരാധനയിൽ ഏകീഭവിച്ചിരിക്കുന്നു.

നിങ്ങളുടെ ജീവിതത്തിന്‌ അർഥം പകരുക

ജീവിതത്തിനു കൂടുതൽ അർഥം കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, “നീതിയുള്ള ജാതി”യായ തന്റെ ജനത്തോടുകൂടെ സഹവസിക്കാൻ യഹോവയാം ദൈവം ഇപ്പോൾ നിങ്ങളെ ക്ഷണിക്കുകയാണെന്നു തിരിച്ചറിയുക. (യെശയ്യാവു 26:⁠2) എന്നാൽ, ‘ഈ ക്രിസ്‌തീയ സമുദായത്തിന്റെ ജീവിതം എങ്ങനെയുള്ളതാണ്‌? ഞാൻ അതിന്റെ ഭാഗമായിത്തീരേണ്ടതുണ്ടോ?’ എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. യുവപ്രായക്കാരായ ചിലർക്കു പറയാനുള്ളത്‌ ശ്രദ്ധിക്കുക:

ക്വെന്റിൻ: “ഈ ലോകത്തിൽ സഭ എനിക്കൊരു സംരക്ഷണമാണ്‌. എന്റെ ജീവിതത്തിൽ യഹോവയ്‌ക്ക്‌ വലിയൊരു പങ്കുണ്ടെന്ന തിരിച്ചറിവ്‌, അവൻ സ്ഥിതിചെയ്യുന്നെന്നും ഞാൻ സന്തുഷ്ടനായിരിക്കാൻ അവൻ ആഗ്രഹിക്കുന്നെന്നും കാണാൻ എന്നെ സഹായിക്കുന്നു.”

ജെഫ്‌: “പ്രോത്സാഹനത്തിനായി എനിക്ക്‌ ആശ്രയിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം എന്റെ സഭയാണ്‌. എന്നെ പിന്താങ്ങുകയും അനുമോദിക്കുകയും ചെയ്യുന്ന സഹോദരീസഹോദരന്മാർ എനിക്ക്‌ അവിടെയുണ്ട്‌. അവർ എനിക്ക്‌ കുടുംബാംഗങ്ങൾത്തന്നെയാണ്‌.”

ലിനെറ്റ്‌: “ഒരു വ്യക്തി ബൈബിൾസത്യം സ്വീകരിക്കുകയും യഹോവയെ സേവിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നതു കാണുമ്പോഴുള്ള സന്തോഷം മറ്റൊന്നിനോടും താരതമ്യപ്പെടുത്താൻ കഴിയുകയില്ല. ഇത്‌ എന്റെ ജീവിതത്തിനു വർധിച്ച സംതൃപ്‌തി പകരുന്നു.”

ക്വോടി: “യഹോവയെ മാറ്റിനിറുത്തിയാൽ എന്റെ ജീവിതത്തിനു യാതൊരു വിലയുമില്ലാതാകും. സന്തോഷം തേടി അലഞ്ഞുനടന്നിട്ടും അതു കണ്ടെത്താൻ കഴിയാതെ നിരാശപ്പെടുന്ന മറ്റനേകരെയും പോലെ ആയിരിക്കുമായിരുന്നു ഞാനും. അതിനുപകരം, യഹോവയുമായി ഒരു അടുപ്പം ആസ്വദിക്കുന്നതിനുള്ള മഹത്തായ പദവി അവൻ എനിക്കു നൽകിയിരിക്കുന്നു, എന്റെ ജീവിതത്തിന്‌ അർഥം പകരുന്നതും അതാണ്‌.”

നിങ്ങൾക്കും ഒരു അന്വേഷണം നടത്തിക്കൂടേ? നിങ്ങളുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തോട്‌ അടുത്തുവരുമ്പോൾ നിങ്ങളുടെ ജീവിതത്തിനും യഥാർഥ അർഥം കൈവരും.

[31-ാം പേജിലെ ചിത്രങ്ങൾ]

ദൈവവുമായുള്ള ബന്ധം നമ്മുടെ ജീവിതത്തിന്‌ അർഥം പകരുന്നു

[29-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

NASA photo