വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങൾ യഹോവയുടെ ശക്തിയിൽ ആശ്രയിച്ചു

ഞങ്ങൾ യഹോവയുടെ ശക്തിയിൽ ആശ്രയിച്ചു

ജീവിത കഥ

ഞങ്ങൾ യഹോവയുടെ ശക്തിയിൽ ആശ്രയിച്ചു

എർഷേബെറ്റ്‌ ഹോഫ്‌നെർ പറഞ്ഞപ്രകാരം

“അവർ നിന്നെ നാടുകടത്താൻ ഞാൻ സമ്മതിക്കില്ല,” ടിബോർ ഹോഫ്‌നെർ എന്നോടു പറഞ്ഞു. ഞാൻ ചെക്കോസ്ലോവാക്യ വിട്ടുപോകണമെന്ന ഉത്തരവിനെ കുറിച്ചു കേട്ടതിനെ തുടർന്നായിരുന്നു ഇത്‌. അദ്ദേഹം പിന്നെ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിനക്ക്‌ സമ്മതമാണെങ്കിൽ ഞാൻ നിന്നെ വിവാഹം കഴിക്കാം. അപ്പോൾ എന്നോടൊപ്പം നിനക്ക്‌ എന്നും ഇവിടെ താമസിക്കാം.”

അങ്ങനെ, 1938 ജനുവരി 29-ന്‌, അപ്രതീക്ഷിതമായ ആ വിവാഹാഭ്യർഥന നടന്ന്‌ ഏതാനും ആഴ്‌ചകൾ കഴിഞ്ഞപ്പോൾത്തന്നെ ഞാനും ടിബോറുമായുള്ള വിവാഹം നടന്നു. എന്റെ കുടുംബം ആദ്യമായി സത്യം കേട്ടത്‌ അദ്ദേഹത്തിൽനിന്നായിരുന്നു. വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുക എന്നത്‌ അത്ര എളുപ്പമുള്ള തീരുമാനം ആയിരുന്നില്ല. എനിക്കു 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകയായിരുന്ന ഞാൻ എന്റെ യൗവനം മുഴുവനും ദൈവസേവനത്തിനായി ഉഴിഞ്ഞുവെക്കാൻ ആഗ്രഹിച്ചിരുന്നു. ഞാൻ കരഞ്ഞു. യഹോവയോടു പ്രാർഥിച്ചു. മനസ്സൊന്നു ശാന്തമായപ്പോൾ, ടിബോർ എന്നോടു കാട്ടിയത്‌ വെറുമൊരു ദയാപ്രവൃത്തി മാത്രമല്ലായിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു. എന്നെ ആത്മാർഥമായി സ്‌നേഹിക്കുന്ന ആ മനുഷ്യനോടൊപ്പം ജീവിക്കാൻ എന്റെ മനസ്സു കൊതിച്ചു.

എന്നാൽ ഞാൻ നാടുകടത്തൽ ഭീഷണിയിൽ ആയത്‌ എന്തുകൊണ്ടായിരുന്നു? ഒന്നാമതായി, ഞാൻ താമസിച്ചിരുന്നത്‌ സ്വന്തം ജനാധിപത്യ വ്യവസ്ഥയിലും മത സ്വാതന്ത്ര്യത്തിലും അഭിമാനം കൊണ്ടിരുന്ന ഒരു രാജ്യത്തായിരുന്നു. ഈ സന്ദർഭത്തിൽ എന്റെ പശ്ചാത്തലത്തെ കുറിച്ച്‌ കുറെ കാര്യങ്ങൾ കൂടി നിങ്ങളോടു പറയേണ്ടതുണ്ടെന്നു തോന്നുന്നു.

ഞാൻ ജനിച്ചത്‌ 1919 ഡിസംബർ 26-ന്‌ ആയിരുന്നു. ഗ്രീക്ക്‌ കത്തോലിക്കരായിരുന്നു എന്റെ മാതാപിതാക്കൾ. ഹംഗറിയിൽ, ബുഡാപെസ്റ്റിന്‌ എകദേശം 160 കിലോമീറ്റർ കിഴക്ക്‌ സ്ഥിതിചെയ്യുന്ന, ഷായോസെന്റ്‌പെറ്റെർ എന്ന ഗ്രാമത്തിലായിരുന്നു അവർ താമസിച്ചിരുന്നത്‌. ദുഃഖകരമെന്നു പറയട്ടെ ഞാൻ പിറക്കുന്നതിനു മുമ്പേ ഡാഡി മരിച്ചു. താമസിയാതെ മമ്മി നാലു കുട്ടികളുള്ള ഒരു വിഭാര്യനെ വിവാഹം കഴിച്ചു. ഞങ്ങൾ എല്ലാവരും അന്ന്‌ ചെക്കോസ്ലോവാക്യ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തെ ഒരു മനോഹര നഗരമായ ലുചെൻയെറ്റ്‌സിലേക്കു താമസം മാറി. അന്നൊക്കെ, രണ്ടാനപ്പനോ രണ്ടാനമ്മയോ ഉള്ള കുടുംബത്തിൽ ജീവിക്കുക എന്നത്‌ അത്ര എളുപ്പമായിരുന്നില്ല. അഞ്ചു മക്കളിൽ ഇളയവൾ ആയിരുന്ന ഞാൻ കുടുംബത്തിൽ ഒരധികപ്പറ്റാണെന്ന്‌ എനിക്കു തോന്നി. സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. എനിക്ക്‌ ഭൗതികമായി ഒന്നും ഇല്ലായിരുന്നെന്നു മാത്രമല്ല മാതാപിതാക്കളുടെ ശ്രദ്ധയും സ്‌നേഹവും വേണ്ടത്ര കിട്ടിയിരുന്നുമില്ല.

ആർക്കെങ്കിലും ഉത്തരം അറിയാമോ?

എനിക്ക്‌ 16 വയസ്സുണ്ടായിരുന്നപ്പോൾ ഗൗരവമേറിയ ചില ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം അതിയായ താത്‌പര്യത്തോടെ വായിക്കുമായിരുന്ന ഞാൻ, ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുന്ന പരിഷ്‌കൃത രാഷ്‌ട്രങ്ങൾക്കിടയിൽ നടന്ന അറുകൊലകളെ കുറിച്ചു വായിച്ച്‌ അന്ധാളിച്ചുപോയി. മാത്രമല്ല, പലയിടങ്ങളിലും സൈനിക സന്നാഹങ്ങൾക്ക്‌ അങ്ങേയറ്റത്തെ പ്രാധാന്യം നൽകിവരുന്നതായും എനിക്കു കാണാൻ കഴിഞ്ഞു. അയൽസ്‌നേഹത്തെ കുറിച്ചു ഞാൻ പള്ളിയിൽവെച്ചു കേട്ടതും ഇതും തമ്മിൽ രാവും പകലും പോലുള്ള വ്യത്യാസം ഉണ്ടായിരുന്നു.

അതുകൊണ്ട്‌, ഞാൻ ഒരു റോമൻ കത്തോലിക്ക വൈദികനെ സമീപിച്ച്‌ ചോദിച്ചു: “ക്രിസ്‌ത്യാനികൾ എന്നനിലയിൽ ഏതു കൽപ്പനയാണ്‌ നാം മുറുകെ പിടിക്കേണ്ടത്‌​—⁠യുദ്ധത്തിനുപോയി അയൽക്കാരെ വകവരുത്തുക എന്നതോ അവരെ സ്‌നേഹിക്കുക എന്നതോ?” എന്റെ ചോദ്യം അദ്ദേഹത്തിനു തീരെ രസിച്ചില്ല. ഉന്നതാധികാരികൾ പറയുന്നതെന്തോ അതാണു താൻ പഠിപ്പിക്കുന്നതെന്ന്‌ അദ്ദേഹം ഉത്തരം പറഞ്ഞു. തുടർന്നു ഞാൻ ഒരു കാൽവിനിസ്റ്റ്‌ ശുശ്രൂഷകനെയും ഒരു യഹൂദ റബ്ബിയെയും സമീപിച്ചു. അവിടെയും മേൽപ്പറഞ്ഞതിനു സമാനമായ അനുഭവമായിരുന്നു. എന്റെ വിചിത്രമായ ചോദ്യം കേട്ട്‌ അവർ അന്ധാളിച്ചെന്നല്ലാതെ എനിക്ക്‌ യാതൊരു ഉത്തരവും കിട്ടിയില്ല. ഒടുവിൽ ഞാൻ ഒരു ലൂഥറൻ ശുശ്രൂഷകനെ സമീപിച്ചു. അദ്ദേഹത്തെയും എന്റെ ചോദ്യം അലോസരപ്പെടുത്തി. പക്ഷേ ഞാൻ ഇറങ്ങിപ്പോരുന്നതിനു മുമ്പ്‌ അദ്ദേഹം പറഞ്ഞു: “ഇതിനെ കുറിച്ച്‌ എന്തെങ്കിലും അറിയാൻ നീ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോയി യഹോവയുടെ സാക്ഷികളോടു ചോദിക്ക്‌.”

സാക്ഷികളെ കണ്ടെത്താൻ ഞാൻ കുറെ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം ജോലികഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ, വീടിന്റെ വാതിൽ പാതി തുറന്നിട്ടിരിക്കുന്നതു ഞാൻ കണ്ടു. സുമുഖനായ ഒരു ചെറുപ്പക്കാരൻ എന്റെ മമ്മിയെ ബൈബിളിൽനിന്ന്‌ എന്തോ വായിച്ചുകേൾപ്പിക്കുകയായിരുന്നു. പെട്ടെന്ന്‌ എന്റെ മനസ്സു പറഞ്ഞു: ‘അത്‌ യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കണം!’ ഞങ്ങൾ അദ്ദേഹത്തെ, ടിബോർ ഹോഫ്‌നെറിനെ, അകത്തേക്കു ക്ഷണിച്ചു. അദ്ദേഹത്തോടും ഞാൻ എന്റെ ചോദ്യങ്ങൾ ആവർത്തിച്ചു. സ്വന്തം ആശയങ്ങൾ പറയുന്നതിനു പകരം, സത്യക്രിസ്‌ത്യാനികളുടെ മുഖമുദ്രയെ കുറിച്ചു ബൈബിൾ പറയുന്നതെന്താണെന്ന്‌ അദ്ദേഹം കാണിച്ചുതന്നു. അതുപോലെ നാം ജീവിക്കുന്ന കാലത്തെ കുറിച്ചും.​—⁠യോഹന്നാൻ 13:⁠34, 35; 2 തിമൊഥെയൊസ്‌ 3:⁠1-5.

ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ, എനിക്കു 17 വയസ്സ്‌ തികയുംമുമ്പേ ഞാൻ സ്‌നാപനമേറ്റു. ഞാൻ ഏറെ ബുദ്ധിമുട്ടി കണ്ടെത്തിയ ഈ അമൂല്യ സത്യം സകലരും അറിയേണ്ട ഒന്നാണെന്ന്‌ എനിക്കു തോന്നി. ഞാൻ മുഴുസമയ പ്രസംഗവേലയിൽ ഏർപ്പെടാൻ തുടങ്ങി. 1930-കളുടെ അവസാനത്തിൽ ചെക്കോസ്ലോവാക്യയിൽ ഇതൊരു വെല്ലുവിളിപരമായ നിയോഗമായിരുന്നു. ഞങ്ങളുടെ വേല ഔദ്യോഗികമായി രജിസ്റ്റർ ചെയ്‌തിരുന്നെങ്കിലും വൈദിക വൃന്ദങ്ങൾ ഇളക്കിവിടുന്ന കടുത്ത എതിർപ്പ്‌ ഞങ്ങൾക്ക്‌ അഭിമുഖീകരിക്കേണ്ടിവന്നു.

ആദ്യ പീഡനം

1937-ന്റെ അവസാനത്തിൽ ഒരു ദിവസം ഞാനും ഒരു ക്രിസ്‌തീയ സഹോദരിയും കൂടി ലുചെൻയെറ്റ്‌സിന്‌ അടുത്തുള്ള ഒരു ഗ്രാമത്തിൽ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പെട്ടെന്ന്‌ ഞങ്ങളെ അറസ്റ്റു ചെയ്‌ത്‌ ജയിലിലേക്കു കൊണ്ടുപോയി. “നീയൊക്കെ ഇവിടെക്കിടന്നു ചാകും” എന്നു പറഞ്ഞ്‌ ഗാർഡ്‌ ഞങ്ങളുടെ തടവറയുടെ വാതിൽ വലിച്ചടച്ചു.

വൈകുന്നേരമായപ്പോൾ ഞങ്ങളുടെ തടവറയിലേക്കു തടവുപുള്ളികളായ നാലു സ്‌ത്രീകളെ കൊണ്ടുവന്നു. ഞങ്ങൾ അവരെ ആശ്വസിപ്പിക്കാനും അവർക്കു സാക്ഷ്യം നൽകാനും തുടങ്ങി. അവർക്ക്‌ ആശ്വാസം തോന്നി. രാത്രിമുഴുവനും ഞങ്ങൾ അവരോടു ബൈബിൾ സത്യം സംസാരിക്കുന്നതിന്റെ തിരക്കിലായിരുന്നു.

രാവിലെ ആറുമണിയായപ്പോൾ ഗാർഡ്‌ എന്നെ പുറത്തേക്കു വിളിച്ചു. ഞാൻ എന്റെ കൂട്ടുകാരിയോടു പറഞ്ഞു: “നമുക്കിനി ദൈവരാജ്യത്തിൽവെച്ചു കാണാം.” അവൾ അതിജീവിക്കുകയാണെങ്കിൽ സംഭവിച്ചതെന്താണെന്ന്‌ എന്റെ കുടുംബത്തെ അറിയിക്കണമെന്നു ഞാൻ അവളെ പറഞ്ഞേൽപ്പിച്ചു. മൗനമായി പ്രാർഥിച്ചശേഷം ഞാൻ അയാളെ അനുഗമിച്ചു. അയാൾ എന്നെയും കൂട്ടി ജയിൽ പരിസരത്തുതന്നെയുള്ള തന്റെ അപ്പാർട്ട്‌മെന്റിലേക്കു പോയി. “പെണ്ണേ, എനിക്കു നിന്നോടു ചിലതു ചോദിക്കാനുണ്ട്‌,” അയാൾ പറഞ്ഞു. “ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്ന്‌ ഇന്നലെ രാത്രി നീ പറയുന്നതു കേട്ടല്ലോ, നിനക്കത്‌ ബൈബിളിൽനിന്ന്‌ എന്നെയൊന്നു കാണിക്കാമോ?” എനിക്കുണ്ടായ അത്ഭുതവും ആശ്വാസവും പറഞ്ഞറിയിക്കാനാവില്ല! അയാൾ തന്റെ ബൈബിൾ എടുത്തുകൊണ്ടുവന്നു, ഞാൻ അയാളെയും ഭാര്യയെയും ദൈവത്തിന്റെ നാമം യഹോവ എന്നാണെന്ന്‌ അതിൽനിന്നു കാണിച്ചുകൊടുത്തു. ആ നാലു സ്‌ത്രീകളുമായി രാത്രി മുഴുവനും ഞങ്ങൾ ചർച്ചചെയ്‌ത വിഷയങ്ങളെ കുറിച്ച്‌ അയാൾക്കു മറ്റ്‌ അനേകം ചോദ്യങ്ങളും ഉണ്ടായിരുന്നു. ഞാൻ നൽകിയ ഉത്തരത്തിൽ സംതൃപ്‌തനായ അയാൾ എനിക്കും കൂട്ടുകാരിക്കും വേണ്ടി പ്രഭാതഭക്ഷണം തയ്യാറാക്കാൻ ഭാര്യയോടു പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ മോചിതരായി. എന്നാൽ എന്റേത്‌ ഹംഗേറിയൻ പൗരത്വം ആയതിനാൽ ഞാൻ ചെക്കോസ്ലോവാക്യ വിട്ടുപോകണമെന്ന്‌ ഒരു ജഡ്‌ജി തീരുമാനിച്ചു. ഈ സംഭവത്തിനു ശേഷമാണ്‌ ടിബോർ ഹോഫ്‌നെർ തന്റെ ജീവിതത്തിലേക്ക്‌ എന്നെ ക്ഷണിച്ചത്‌. ഞങ്ങൾ വിവാഹിതരായി, ഞാൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഉള്ള വീട്ടിലേക്കു താമസം മാറ്റി.

പീഡനം തീവ്രമാകുന്നു

ടിബോറിന്‌ സംഘടനാപരമായ ജോലികളും ചെയ്യാനുണ്ടായിരുന്നെങ്കിലും ഞങ്ങൾ ഒരുമിച്ച്‌ പ്രസംഗവേല തുടർന്നു. 1938 നവംബറിൽ ഹംഗേറിയൻ പട്ടാളം ഞങ്ങളുടെ നഗരത്തിലേക്ക്‌ ഇരച്ചുകയറുന്നതിന്‌ ഏതാനും ദിവസം മുമ്പ്‌ ഞങ്ങളുടെ മകൻ ടിബോർ ജൂനിയർ പിറന്നു. യൂറോപ്പിൽ അപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധത്തിന്റെ കാർമേഘം ചക്രവാളത്തിൽ ഉരുണ്ടുകൂടിയിരുന്നു. ചെക്കോസ്ലോവാക്യയുടെ വലിയൊരു ഭാഗം ഹംഗറി അധീനപ്പെടുത്തി. ഇത്‌ ആ പ്രദേശങ്ങളിൽ ജീവിക്കുന്ന യഹോവയുടെ സാക്ഷികളുടെമേൽ വലിയ പീഡനം വരുത്തിവെച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം, അതായത്‌ 1942 ഒക്ടോബർ 10-ന്‌ ടിബോർ ചില സഹോദരന്മാരെ കാണാനായി ഡെബ്രെറ്റ്‌സെനിലേക്കു പോയി. പക്ഷേ ഇത്തവണ അദ്ദേഹം തിരിച്ചുവന്നില്ല. എന്താണു സംഭവിച്ചതെന്ന്‌ പിന്നീട്‌ അദ്ദേഹം എന്നോടു പറയുകയുണ്ടായി. സഹോദരന്മാർക്കു പകരം തൊഴിലാളികളുടെ വസ്‌ത്രം ധരിച്ച ചില പോലീസുകാർ ആയിരുന്നു കണ്ടുമുട്ടാമെന്നു പറഞ്ഞുവെച്ചിരുന്ന പാലത്തിനു മുകളിൽ നിന്നിരുന്നത്‌. അവർ എന്റെ ഭർത്താവിനെയും പാൽ നോജ്‌പാലിനെയും കാത്തു നിൽക്കുകയായിരുന്നു. ഇവരായിരുന്നു ഒടുവിൽ വരാനുണ്ടായിരുന്നത്‌. പോലീസുകാർ അവരെ സ്റ്റേഷനിലേക്കു കൊണ്ടുപോയി, അവരുടെ നഗ്നമായ കാൽവെള്ളയിൽ വടികൊണ്ട്‌ അടിച്ചു, വേദനകൊണ്ട്‌ അവർ ബോധംകെട്ടുവീഴുന്നതു വരെ മർദനം തുടർന്നു.

ഇതിനുശേഷം ഷൂസിട്ട്‌ എഴുന്നേറ്റു നിൽക്കാൻ അവരോടു പറഞ്ഞു. വളരെ വേദനയുണ്ടായിരുന്നെങ്കിലും റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ അവർ നിർബന്ധിതരായി. പോലീസുകാർ മറ്റൊരാളെ കൊണ്ടുവന്നു. ആ മനുഷ്യനു കണ്ണുപോലും കാണാൻ കഴിയാത്തതുപോലെ തലയിൽ ആസകലം ബാൻഡേജ്‌ ആയിരുന്നു. ആൻഡ്രാഷ്‌ പിലിങ്ക്‌ സഹോദരനായിരുന്നു അത്‌. അദ്ദേഹവും സഹോദരങ്ങളുമായി കൂടിക്കാഴ്‌ച നടത്താൻ എത്തിയതായിരുന്നു. എന്റെ ഭർത്താവിനെ ബുഡാപെസ്റ്റിന്‌ അടുത്തുള്ള ആലാഗിൽ തടവിലാക്കുന്നതിനായി തീവണ്ടി മാർഗം കൊണ്ടുപോയി. അടികൊണ്ട്‌ ചതഞ്ഞ ടിബോറിന്റെ കാൽപ്പാദം കണ്ട്‌ ഗാർഡുമാരിൽ ഒരാൾ പരിഹാസപൂർവം ഇങ്ങനെ പറഞ്ഞു: “ചിലയാളുകൾ എത്ര ക്രൂരന്മാരാണ്‌! വിഷമിക്കേണ്ട, ഞങ്ങൾ നിന്നെ സുഖപ്പെടുത്താം.” എന്നിട്ട്‌ രണ്ടു ഗാർഡുകൾ ടിബോറിന്റെ പാദത്തിൽ പ്രഹരിക്കാൻ തുടങ്ങി, രക്തം ചുറ്റും ചീറ്റിത്തെറിച്ചു. ഏതാനും മിനിട്ടുകൾക്കുള്ളിൽ ടിബോറിനു ബോധം നഷ്ടപ്പെട്ടു.

അടുത്ത മാസം, ടിബോറിനെയും സഹോദരന്മാരും സഹോദരിമാരുമായി 60-ലേറെപ്പേർ അടങ്ങുന്ന ഒരു കൂട്ടത്തെയും വിചാരണ ചെയ്‌തു. ആൻഡ്രാഷ്‌ ബാർത്ത, ഡേനെഷ്‌ ഫാലൂവേജി, യാനോഷ്‌ കൊൺറാഡ്‌ എന്നീ സഹോദരങ്ങളെ തൂക്കിക്കൊല്ലാൻ വിധിച്ചു. ആൻഡ്രാഷ്‌ പിലിങ്ക്‌ സഹോദരന്‌ ജീവപര്യന്തവും എന്റെ ഭർത്താവിന്‌ 12 വർഷത്തെ ജയിൽവാസവും വിധിച്ചു. എന്തായിരുന്നു ഇവരെല്ലാം ചെയ്‌ത കുറ്റം? കടുത്ത രാജ്യദ്രോഹ കുറ്റം, സൈനിക സേവനത്തിനുള്ള വിസമ്മതം, ചാരവൃത്തി, അതിവിശുദ്ധ സഭയ്‌ക്കെതിരെ ദുഷിപറച്ചിൽ എന്നീ കുറ്റങ്ങളാണ്‌ പ്രോസിക്യൂട്ടർ അവർക്കെതിരെ ആരോപിച്ചത്‌. മരണശിക്ഷ പിന്നീട്‌ ജീവപര്യന്തമായി ഇളവു ചെയ്യുകയുണ്ടായി.

എന്റെ ഭർത്താവിനെ അനുഗമിക്കുന്നു

ടിബോർ, സഹോദരന്മാരെ കാണാനായി ഡെബ്രെസെനിലേക്കു പോയി രണ്ടു ദിവസം കഴിഞ്ഞ്‌ ഞാൻ രാവിലെ ആറുമണിക്കു മുമ്പ്‌ എഴുന്നേറ്റ്‌ ഞങ്ങളുടെ വസ്‌ത്രങ്ങൾ ഇസ്‌തിരിയിടുകയായിരുന്നു. പെട്ടെന്ന്‌ വാതിലിൽ ശക്തിയായ ഒരു മുട്ടുകേട്ടു. ‘അവർ എത്തി’ ഞാൻ വിചാരിച്ചു. ആറു പോലീസുകാർ വീടിനകത്തേക്ക്‌ ഇരച്ചുകയറിയിട്ട്‌, അവർക്കു വീടുമുഴുവൻ പരിശോധിക്കുന്നതിനുള്ള അനുവാദമുണ്ടെന്ന്‌ എന്നോടു പറഞ്ഞു. വീട്ടിൽ ഉണ്ടായിരുന്നവരെയെല്ലാം അറസ്റ്റുചെയ്‌തു പോലീസ്‌ സ്റ്റേഷനിലേക്കു കൊണ്ടുപോയി, മൂന്നു വയസ്സുള്ള ഞങ്ങളുടെ മകനെ ഉൾപ്പെടെ. അന്നുതന്നെ ഞങ്ങളെ ഹംഗറിയിലെ പെറ്റെർവാഷാരാ എന്ന ജയിലിലേക്കു മാറ്റി.

അവിടെ എത്തിയപ്പോൾ എനിക്കു പനി പിടിച്ചതിനാൽ മറ്റ്‌ അന്തേവാസികളിൽനിന്നും എന്നെ മാറ്റിപ്പാർപ്പിച്ചു. ഞാൻ സുഖം പ്രാപിച്ചപ്പോൾ, രണ്ട്‌ പട്ടാളക്കാർ എന്റെ തടവറയിൽനിന്ന്‌ എന്നെച്ചൊല്ലി വഴക്കടിക്കുകയാണ്‌, “ഇവളെ വെടിവെച്ചുകൊല്ലണം! ഞാൻതന്നെ ഇവളുടെ കഥകഴിച്ചോളാം!” അവരിൽ ഒരാൾ പറഞ്ഞു. എന്നാൽ എന്റെ നേർക്കു കാഞ്ചിവലിക്കുന്നതിനു മുമ്പ്‌ എന്റെ ആരോഗ്യനില പരിശോധിക്കേണ്ടതുണ്ടെന്ന്‌ മറ്റെയാൾക്കു തോന്നി. എന്നെ ജീവിക്കാൻ അനുവദിക്കണമേ എന്നു ഞാൻ അവരോടു കെഞ്ചി. ഒടുവിൽ അവർ എന്റെ ജയിലറയിൽനിന്നും പോയി. എന്നെ സഹായിച്ചതിന്‌ ഞാൻ യഹോവയ്‌ക്കു നന്ദിപറഞ്ഞു.

ഗാർഡുകൾക്ക്‌ ചോദ്യം ചെയ്യലിന്‌ ഒരു പ്രത്യേക രീതിയുണ്ടായിരുന്നു. അവർ എന്നോട്‌ തറയിൽ കമിഴ്‌ന്നു കിടക്കാൻ പറഞ്ഞു. എന്നിട്ട്‌ എന്റെ വായിൽ സോക്‌സുകൾ തിരുകി. എന്റെ കൈകാലുകൾ കെട്ടി. എന്നിട്ട്‌ എന്നെ അടിക്കാൻ തുടങ്ങി. ചോര വാർന്നൊഴുകുന്നതു വരെ. താൻ അടിച്ചു മടുത്തെന്ന്‌ അതിലൊരാൾ പറഞ്ഞപ്പോൾ മാത്രമാണ്‌ അവർ അടി നിറുത്തിയത്‌. എന്റെ ഭർത്താവിനെ അറസ്റ്റു ചെയ്‌ത ദിവസം അദ്ദേഹം ആരെ കാണാൻ പോകുകയായിരുന്നെന്ന്‌ അവർ എന്നോടു ചോദിച്ചു. ഞാൻ അവരോട്‌ അതു പറഞ്ഞില്ല, അതിനാൽ പ്രഹരം അടുത്ത മൂന്നു ദിവസത്തേക്കുകൂടി തുടർന്നു. നാലാം ദിവസം എന്റെ കുഞ്ഞിനെ എന്റെ അമ്മയുടെ അടുത്തെത്തിക്കാൻ എനിക്ക്‌ അനുവാദം തന്നു. അടികൊണ്ട്‌ മുറിവേറ്റ പുറത്ത്‌ കുഞ്ഞിനെയും കെട്ടിവെച്ച്‌ മരംകോച്ചുന്ന ആ തണുപ്പത്ത്‌ റെയിൽവേ സ്റ്റേഷൻവരെ 13 കിലോമീറ്റർ ഞാൻ നടന്നു. അവിടെനിന്നു വീട്ടിലേക്ക്‌ ഞാൻ ട്രെയിനിൽ പോയി, പക്ഷേ അന്നുതന്നെ എനിക്കു ജയിലിൽ തിരിച്ചെത്തണമായിരുന്നു.

എന്നെ ബുഡാപെസ്റ്റിലെ ഒരു ജയിലിൽ ആറു വർഷത്തെ തടവുശിക്ഷയ്‌ക്കു വിധിച്ചു. അവിടെ ചെന്നപ്പോൾ ടിബോറും അവിടെയുണ്ടെന്ന്‌ ഞാൻ അറിഞ്ഞു. ഇരുമ്പുവേലിക്ക്‌ അപ്പുറത്തും ഇപ്പുറത്തുമായി നിന്നുകൊണ്ട്‌ ഏതാനും മിനിട്ടുകൾ മാത്രമേ ഞങ്ങൾക്കു സംസാരിക്കാൻ അനുവാദം കിട്ടിയുള്ളു എങ്കിലും ഞങ്ങൾക്ക്‌ എന്തു സന്തോഷമായിരുന്നെന്നോ! ഈ അമൂല്യ നിമിഷങ്ങളിലൂടെ യഹോവയുടെ സ്‌നേഹം ഞങ്ങൾ അനുഭവിച്ചറിഞ്ഞു, അതു ഞങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്‌തു. വീണ്ടും ഞങ്ങൾ കണ്ടുമുട്ടുന്നതിനു മുമ്പ്‌ ഞങ്ങൾക്കു രണ്ടുപേർക്കും അതികഠിനമായ പരിശോധനകൾക്കു വിധേയരാകേണ്ടിവന്നു, പലപ്പോഴും മരണത്തിൽനിന്നു രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കായിരുന്നു.

ജയിലിൽനിന്നു ജയിലിലേക്ക്‌

ഒരു ജയിലറയിൽ ഏകദേശം 80-ഓളം സഹോദരിമാരെ കുത്തിനിറച്ചിരുന്നു. എന്തെങ്കിലും ആത്മീയ ആഹാരം കിട്ടിയിരുന്നെങ്കിൽ എന്നു ഞങ്ങൾ അതിയായി ആഗ്രഹിച്ചു. പക്ഷേ തടവറയിലേക്ക്‌ അങ്ങനെയെന്തെങ്കിലും എത്തിച്ചേരാൻ യാതൊരു പഴുതുമില്ലെന്ന്‌ ഞങ്ങൾക്കു തോന്നി. എന്നാൽ തടവറയ്‌ക്കകത്തുനിന്നുതന്നെ ഞങ്ങൾക്ക്‌ എന്തെങ്കിലും തരപ്പെടുമായിരുന്നോ? ഞങ്ങൾ ചെയ്‌തത്‌ എന്താണെന്നു ഞാൻ പറയാം. ജയിലിലെ ക്ലർക്കുമാരുടെ സോക്‌സുകൾ റിപ്പയർ ചെയ്യാനുള്ള ജോലി ഞാൻ സ്വമേധയാ ഏറ്റെടുത്തു. അതിൽ ഒരു സോക്‌സിൽ ഞാൻ ജയിൽ ലൈബ്രറിയിലെ ബൈബിളിന്റെ കാറ്റലോഗ്‌ നമ്പർ അഭ്യർഥിച്ചുകൊണ്ട്‌ ഒരു കുറിപ്പ്‌ എഴുതിയിട്ടു. സംശയമൊന്നും തോന്നാതിരിക്കാൻ മറ്റു രണ്ടു പുസ്‌തകങ്ങളുടെ നമ്പരും കൂടെ ഞാൻ ചോദിച്ചിരുന്നു.

അടുത്തദിവസം എനിക്ക്‌ സോക്‌സുകളുടെ മറ്റൊരു കൂട്ടം കൂടെ കിട്ടി. അതിൽ ഒന്നിൽ ഞാൻ ചോദിച്ച സംഗതി ഉണ്ടായിരുന്നു. എന്നിട്ട്‌ ഞാൻ ഈ നമ്പരുകൾ ഒരു ഗാർഡിന്റെ കൈവശം കൊടുത്ത്‌ പുസ്‌തകങ്ങൾ ചോദിച്ചു. ആ പുസ്‌തകങ്ങൾ എല്ലാം ഞങ്ങൾക്കു കിട്ടി, ബൈബിൾ ഉൾപ്പെടെ. ഞങ്ങളുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു! മറ്റു പുസ്‌തകങ്ങൾ ഞങ്ങൾ ഓരോ ആഴ്‌ചയിലും തിരികെ കൊടുത്ത്‌ വേറെ വാങ്ങിച്ചുകൊണ്ടിരുന്നു. പക്ഷേ ബൈബിൾ ഞങ്ങൾ കൊടുത്തില്ല. ഗാർഡ്‌ ബൈബിളിന്റെ കാര്യം ചോദിക്കുമ്പോൾ ഞങ്ങൾ പറയും: “അതൊരു വലിയ പുസ്‌തകമല്ലേ, എല്ലാവരും അതു വായിക്കാനും ഇഷ്ടപ്പെടുന്നു.” അങ്ങനെ ബൈബിൾ വായിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.

ഒരു ദിവസം ഒരു ഉദ്യോഗസ്ഥൻ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്കു വിളിപ്പിച്ചു. അദ്ദേഹം പതിവിലേറെ വിനയാന്വിതനായി കാണപ്പെട്ടു.

“മിസ്സിസ്‌ ഹോഫ്‌നർ, എനിക്ക്‌ നിങ്ങളെ ഒരു സന്തോഷവാർത്ത അറിയിക്കാനുണ്ട്‌,” അദ്ദേഹം പറഞ്ഞു, “നിങ്ങൾക്കു വീട്ടിൽ പോകാം. നാളെത്തന്നെ. ഇനി ഇന്നു ട്രെയിനുണ്ടെങ്കിൽ ഇന്നുതന്നെ പോകാം.”

“ഇത്‌ അതിശയമായിരിക്കുന്നല്ലോ” ഞാൻ പ്രതിവചിച്ചു.

“അതേ, അത്‌ അതിശയമാണ്‌,” അദ്ദേഹം പറഞ്ഞു. “നിങ്ങൾക്ക്‌ ഒരു കുഞ്ഞുണ്ട്‌ എന്ന്‌ എനിക്കറിയാം, അവനെ വളർത്തി വലുതാക്കാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടെന്നും അറിയാം.” എന്നിട്ട്‌ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു. “ഈ കത്തിൽ ഒന്ന്‌ ഒപ്പിട്ടാൽ മാത്രം മതി.”

“ഇത്‌ എന്തു കത്താണ്‌?” ഞാൻ ചോദിച്ചു.

“അതേക്കുറിച്ചൊന്നും നിങ്ങൾ വേവലാതിപ്പെടേണ്ട. ഇതിലൊന്ന്‌ ഒപ്പിട്ടാൽ മാത്രം മതി, നിങ്ങൾക്കു പോകാം,” അദ്ദേഹം പറഞ്ഞു. എന്നിട്ട്‌ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ വീട്ടിൽ ചെന്നു കഴിഞ്ഞ്‌ നിങ്ങൾക്ക്‌ ഇഷ്ടമുള്ളതു ചെയ്‌തോളൂ. പക്ഷേ ഇപ്പോൾ, മേലാൽ നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരിക്കില്ല എന്നുള്ള ഈ കത്തിൽ ഒപ്പിടണം.”

ഞാൻ ഒരു ചുവട്‌ പിന്നോട്ടു മാറിയിട്ട്‌ ആ പ്രലോഭനത്തെ ശക്തമായി നിരസിച്ചു.

“എങ്കിൽ നീ ഇവിടെക്കിടന്നു ചാകും,” അദ്ദേഹം കോപാകുലനായി അലറി. എന്നിട്ട്‌ എന്നെ അവിടെനിന്നു പറഞ്ഞുവിട്ടു.

1943 മേയ്‌ മാസത്തിൽ, ബുഡാപെസ്റ്റിലുള്ള മറ്റൊരു ജയിലിലേക്ക്‌ എന്നെ മാറ്റി. പിന്നീട്‌ മരിയാനോസ്‌ത്ര എന്ന ഗ്രാമത്തിലെ ഒരു ആശ്രമത്തിലേക്കും. അവിടെ 70-ഓളം കന്യാസ്‌ത്രീകളോടൊപ്പമാണ്‌ ഞങ്ങൾ താമസിച്ചത്‌. വിശപ്പും മറ്റ്‌ കഷ്ടപ്പാടുകളും ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പ്രത്യാശ അവരുമായി പങ്കുവെക്കാൻ ഞങ്ങൾക്കു വലിയ ഉത്സാഹമായിരുന്നു. ഞങ്ങളുടെ സന്ദേശത്തിൽ ഒരു കന്യാസ്‌ത്രീക്ക്‌ ആത്മാർഥ താത്‌പര്യം തോന്നി. അവർ ഇങ്ങനെ പറഞ്ഞു: “ഇതെല്ലാം എത്ര സുന്ദരമായ കാര്യങ്ങളാണ്‌. ഞാൻ ഇങ്ങനെയൊന്നും ഒരിക്കലും കേട്ടിട്ടില്ല. എന്നോട്‌ കൂടുതൽ കാര്യങ്ങൾ പറയാമോ.” ഞങ്ങൾ അവരോട്‌ പുതിയ ലോകത്തെ കുറിച്ചും അവിടത്തെ വിസ്‌മയകരമായ ജീവിതത്തെ കുറിച്ചും പറഞ്ഞു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മദർ സുപ്പീരിയർ അതുവഴിവന്നു. താത്‌പര്യത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ആ കന്യാസ്‌ത്രീയെ അവിടെനിന്നും അപ്പോൾത്തന്നെ കൊണ്ടുപോയി, അവരുടെ വസ്‌ത്രം വലിച്ചുകീറി, ചാട്ടകൊണ്ട്‌ അതിക്രൂരമായി പ്രഹരിച്ചു. ഞങ്ങൾ അവരെ വീണ്ടും കണ്ടപ്പോൾ അവർ ഞങ്ങളോട്‌ ഇപ്രകാരം അപേക്ഷിച്ചു: “എന്നെ രക്ഷിക്കാനും ഈ സ്ഥലത്തുനിന്നു രക്ഷപ്പെടാൻ സഹായിക്കാനും ദയവായി യഹോവയോടു പ്രാർഥിക്കണം. നിങ്ങളിലൊരാൾ ആകാൻ ഞാൻ ആഗ്രഹിക്കുന്നു.”

ബുഡാപെസ്റ്റിന്‌ 160 കിലോമീറ്റർ പടിഞ്ഞാറായി ഡാന്യൂബ്‌ നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കൊമാരോം നഗരത്തിലെ ഒരു പഴയ തടവറയിലേക്കാണ്‌ പിന്നീട്‌ ഞങ്ങളെ അയച്ചത്‌. അവിടത്തെ ജീവിത സാഹചര്യം ഭീകരമായിരുന്നു. സഹോദരിമാരിൽ പലരെയും പോലെ എനിക്കും ടൈഫസ്‌ രോഗം ബാധിച്ചു, രക്തം ഛർദിച്ച്‌ അവശനിലയിലായി ഞാൻ. ഞങ്ങൾക്കു മരുന്നൊന്നും ഇല്ലായിരുന്നു. ജീവിതം അതോടെ അവസാനിക്കുമെന്നു ഞാൻ കരുതി. അങ്ങനെയിരുന്നപ്പോഴാണ്‌ ഉദ്യോഗസ്ഥന്മാരിൽ ചിലർ ഓഫീസ്‌ ജോലികൾ ചെയ്യാൻ കഴിവുള്ള ഒരാളെ അന്വേഷിച്ചു വന്നത്‌. സഹോദരിമാർ എന്റെ പേര്‌ നിർദേശിച്ചു. അങ്ങനെ എനിക്ക്‌ കുറച്ചു മരുന്നു കിട്ടി, ഞാൻ സുഖം പ്രാപിച്ചു.

കുടുംബവുമായുള്ള പുനഃസംഗമം

സോവിയറ്റ്‌ സൈന്യം കിഴക്കുനിന്ന്‌ ആക്രമിച്ച്‌ വന്നതിനാൽ ഞങ്ങൾ പടിഞ്ഞാറോട്ട്‌ മാറാൻ നിർബന്ധിതരായിത്തീർന്നു. ഞങ്ങൾക്കു നേരിടേണ്ടിവന്ന ഭീതിദമായ അവസ്ഥകളെ കുറിച്ചു വിവരിക്കാൻ പോയാൽ അതൊരു നീണ്ട കഥയായിരിക്കും. നിരവധി തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു. പക്ഷേ യഹോവയുടെ കരം എന്നെ സംരക്ഷിച്ചു. യുദ്ധം അവസാനിച്ചപ്പോൾ ഞങ്ങൾ പ്രാഗിൽനിന്ന്‌ ഏതാണ്ട്‌ 80 കിലോമീറ്റർ അകലെയുള്ള ചെക്ക്‌ നഗരമായ ടാബോറിൽ ആയിരുന്നു. അതു കഴിഞ്ഞ്‌ മൂന്ന്‌ ആഴ്‌ചയ്‌ക്കു ശേഷം, 1945 മേയ്‌ 30-നാണ്‌ ഞാനും എന്റെ നാത്തൂൻ മഗ്‌ദലീനയും വീട്ടിൽ തിരിച്ചെത്തുന്നത്‌.

എന്റെ അമ്മായിയമ്മയും എന്റെ പൊന്നുമോൻ ടിബോറും വീടിന്റെ ഉമ്മറത്ത്‌ നിൽക്കുന്നത്‌ ദൂരെനിന്നേ ഞാൻ കണ്ടു. എന്റെ കണ്ണിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു, ഞാൻ ഉറക്കെ വിളിച്ചു, “ടിബിക്കീ!” അവൻ ഓടിവന്ന്‌ എന്റെ കൈകളിലേക്കു ചാടിക്കയറി. “മമ്മി ഇനീം പോകുമോ? ഇല്ലല്ലോ?” എന്നോടുള്ള അവന്റെ ആദ്യത്തെ വാക്കുകൾ ആയിരുന്നു അത്‌. ഞാൻ അത്‌ ഒരിക്കലും മറക്കില്ല.

യഹോവ എന്റെ ഭർത്താവ്‌ ടിബോറിനോടും കരുണ കാണിച്ചു. ബുഡാപെസ്റ്റിലെ ജയിലിൽനിന്ന്‌ അദ്ദേഹത്തെയും ഏകദേശം 160 സഹോദരന്മാരെയും കൂടി ബോറിലെ തൊഴിൽപ്പാളയത്തിലേക്ക്‌ അയച്ചു. പലതവണ അവർ മരണത്തിന്റെ വായിലെത്തി. എന്നാൽ ഒരു കൂട്ടമെന്ന നിലയിൽ അവർ അതിജീവിച്ചു. 1945 ഏപ്രിൽ 8-ന്‌ ടിബോർ വീട്ടിൽ എത്തിച്ചേർന്നു. എന്നെക്കാൾ ഏതാണ്ട്‌ ഒരുമാസം മുമ്പ്‌.

യുദ്ധാനന്തരം, ചെക്കോസ്ലോവാക്യയിലെ അടുത്ത 40 വർഷത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൽ കീഴിലെ പരിശോധനകൾ അതിജീവിക്കണമെങ്കിൽ ഞങ്ങൾക്കു പിന്നെയും യഹോവയുടെ ശക്തി കൂടിയേ തീരുമായിരുന്നുള്ളൂ. ടിബോറിനെ വീണ്ടും ദീർഘകാല തടവിനു വിധിക്കുകയുണ്ടായി. അദ്ദേഹമില്ലാതെ ഞങ്ങളുടെ മകനെ ഞാൻ ഒറ്റയ്‌ക്കു വളർത്തേണ്ടിവന്നു. മോചിതനായശേഷം ടിബോർ സഞ്ചാര മേൽവിചാരകനായി സേവിച്ചു. 40 വർഷത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്ത്‌ ഞങ്ങളുടെ വിശ്വാസം പങ്കുവെക്കാൻ കഴിയുന്ന എല്ലാ അവസരങ്ങളും ഞങ്ങൾ ഉപയോഗിച്ചു. സത്യം പഠിക്കാൻ നിരവധി ആളുകളെ സഹായിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അവരെല്ലാം ഞങ്ങളുടെ ആത്മീയ മക്കളായിത്തീർന്നു.

1989-ൽ, മതസ്വാതന്ത്ര്യം ലഭിച്ചത്‌ ഞങ്ങളെ എത്രമാത്രം പുളകിതരാക്കിയെന്നോ! അതിനടുത്ത വർഷം ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ ആദ്യത്തെ കൺവെൻഷനിൽ സംബന്ധിച്ചു. ഏറെ നാളുകൾക്കു ശേഷമായിരുന്നു ഞങ്ങൾ ഒരു കൺവെൻഷനിൽ സംബന്ധിക്കുന്നത്‌. ദശകങ്ങളോളം തങ്ങളുടെ നിർമലത കാത്തുസൂക്ഷിച്ച ആയിരക്കണക്കിന്‌ സഹോദരീസഹോദരന്മാരെ കണ്ടപ്പോൾ, അവരുടെ കാര്യത്തിലും ശക്തിപകരുന്ന ഉറവായി യഹോവ വർത്തിച്ചിരുന്നുവെന്ന്‌ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു.

എന്റെ പ്രിയപ്പെട്ട ഭർത്താവ്‌, ടിബോർ 1993 ഒക്ടോബർ 14-ന്‌ മരണമടഞ്ഞു. മരിക്കുവോളം അദ്ദേഹം യഹോവയോടു വിശ്വസ്‌തത കാത്തു. ഞാൻ ഇപ്പോൾ താമസിക്കുന്നത്‌ സ്ലൊവാക്യയിലെ ഷിലിനാ പട്ടണത്തിൽ, എന്റെ മകന്റെ വീടിനടുത്താണ്‌. ശാരീരികമായി അവശയാണെങ്കിലും യഹോവയുടെ ശക്തിയാൽ എന്റെ ഉള്ളിലെ തീക്ഷ്‌ണത ഇപ്പോഴും ഉജ്ജ്വലമാണ്‌. ഈ പഴയ വ്യവസ്ഥിതിയിൽ എനിക്കു സഹിക്കേണ്ടിവരുന്ന ഏതു പരിശോധനകളെയും തരണംചെയ്യാൻ യഹോവയുടെ ശക്തിയാൽ എനിക്കു കഴിയും എന്ന്‌ എനിക്ക്‌ ഉറച്ച ബോധ്യമുണ്ട്‌. മാത്രമല്ല, യഹോവയുടെ അനർഹദയയാൽ എനിക്ക്‌ എന്നേക്കും ജീവിക്കാൻ കഴിയുന്ന ആ കാലത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

[20-ാം പേജിലെ ചിത്രം]

എനിക്കു പിരിഞ്ഞിരിക്കേണ്ടിവന്ന, എന്റെ മകൻ ടിബോർ ജൂനിയർ (നാലു വയസ്സ്‌ ഉള്ളപ്പോൾ)

[21-ാം പേജിലെ ചിത്രം]

എന്റെ ഭർത്താവ്‌ ടിബോർ, മറ്റു സഹോദരങ്ങളോടൊപ്പം ബോറിൽ

[22-ാം പേജിലെ ചിത്രം]

ടിബോറിനോടും എന്റെ നാത്തൂൻ മഗ്‌ദലീനയോടുമൊപ്പം 1947-ൽ, ബർനോയിൽ

[23-ാം പേജിലെ ചിത്രങ്ങൾ]

നിരവധി തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു. പക്ഷേ യഹോവയുടെ കരം എന്നെ സംരക്ഷിച്ചു