വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യ ഗവൺമെന്റ്‌ ഇന്ന്‌ ഒരു യാഥാർഥ്യം

ദൈവരാജ്യ ഗവൺമെന്റ്‌ ഇന്ന്‌ ഒരു യാഥാർഥ്യം

ദൈവരാജ്യ ഗവൺമെന്റ്‌ ഇന്ന്‌ ഒരു യാഥാർഥ്യം

തികച്ചും വിഭിന്നമായ സംസ്‌കാരങ്ങൾ നിലവിലിരിക്കുന്ന, വികസനത്തിന്റെ വ്യത്യസ്‌ത പാതകളിൽ ആയിരിക്കുന്ന, ഇത്രയധികം രാജ്യങ്ങൾക്ക്‌ എങ്ങനെ ഒരു കുടക്കീഴിൽ വരാൻ കഴിയും? അന്യഗ്രഹത്തിൽനിന്നുള്ള ഒരു ആക്രമണത്തിനു മാത്രമേ മാനവരാശിയെ ഒന്നിപ്പിക്കാൻ സാധിക്കു എന്നു പറയപ്പെട്ടിരിക്കുന്നു.”​—⁠ഓസ്‌ട്രേലിയൻ പത്രമായ ദി ഏജ്‌.

അന്യഗ്രഹത്തിൽനിന്നുള്ള ഒരു ആക്രമണമോ? അത്തരമൊന്നിന്‌ ഭൂമിയിലെ സകല രാഷ്‌ട്രങ്ങളെയും ഒന്നിപ്പിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും മുഴു രാഷ്‌ട്രങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന, അതിവേഗം സമീപിച്ചുകൊണ്ടിരിക്കുന്ന ഒരു വൻപ്രതിസന്ധിയെ കുറിച്ച്‌ ബൈബിൾ പ്രവചനം പറയുന്നു. അത്‌ ഭൗമേതര ഉറവിൽനിന്നുതന്നെ ആയിരിക്കുകയും ചെയ്യും.

അങ്ങനെയൊരു ലോകാവസ്ഥയെ കുറിച്ചു പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ പ്രാവചനികമായി സംസാരിക്കുകയുണ്ടായി. ദിവ്യ നിശ്വസ്‌തതയിൽ അവൻ ഇപ്രകാരം എഴുതി: “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്‌ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു: നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” (സങ്കീർത്തനം 2:⁠2, 3; പ്രവൃത്തികൾ 4:⁠25, 26) ലോകഭരണാധികാരികൾ ഒറ്റക്കെട്ടായി അഖിലാണ്ഡത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനും, അവന്റെ അഭിഷിക്തനും നിയമിത രാജാവുമായ യേശുക്രിസ്‌തുവിനും എതിരെ എഴുന്നേൽക്കും എന്നതു ശ്രദ്ധിക്കുക. അത്‌ എങ്ങനെയായിരിക്കും സംഭവിക്കുന്നത്‌?

ബൈബിൾ കാലഗണനയും നിവൃത്തിയേറിയ പ്രവചനങ്ങളും അനുസരിച്ച്‌, യേശുക്രിസ്‌തു ഭരണാധികാരിയായിരിക്കുന്ന ദൈവരാജ്യം 1914-ൽ സ്വർഗത്തിൽ സ്ഥാപിതമായി. * ആ സമയത്ത്‌ ലോകരാഷ്‌ട്രങ്ങൾക്കു പൊതുവായി ഒരൊറ്റ അഭിപ്രായമേ ഉണ്ടായിരുന്നുള്ളൂ. പുതുതായി ഭരണം ഏറ്റെടുത്ത ദൈവരാജ്യത്തിന്റെ പരമാധികാരത്തിനു കീഴ്‌പെടുന്നതിനു പകരം തങ്ങളുടെ ശക്തി തെളിയിക്കുന്നതിന്‌ പരസ്‌പരം പോരിനു വിളിച്ച്‌ അവർ ഒരു മഹായുദ്ധത്തിന്‌ അഥവാ ഒന്നാം ലോകമഹായുദ്ധത്തിന്‌ ഇറങ്ങിപ്പുറപ്പെട്ടു.

മനുഷ്യ ഭരണാധികാരികളുടെ ഭാഗത്തുനിന്നുള്ള അത്തരമൊരു പ്രതികരണത്തെ യഹോവയാം ദൈവം വീക്ഷിക്കുന്നത്‌ എങ്ങനെയാണ്‌? “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു. അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” എന്നിട്ട്‌ ദൈവരാജ്യത്തിന്റെ അഭിഷിക്ത രാജാവായ തന്റെ പുത്രനോട്‌ യഹോവ ഇപ്രകാരം അരുളിച്ചെയ്യും: “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അററങ്ങളെ കൈവശമായും തരും; ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.”​—⁠സങ്കീർത്തനം 2:⁠4, 5, 8, 9.

എതിർക്കുന്ന രാഷ്‌ട്രങ്ങളെ അന്തിമമായി ഇരിമ്പുകോൽകൊണ്ടു തകർത്തുതരിപ്പണമാക്കുന്നത്‌ അർമഗെദോനിൽ അഥവാ ഹർമ്മഗെദ്ദോനിൽ വെച്ച്‌ ആയിരിക്കും. അന്തിമമായി അരങ്ങേറാനിരിക്കുന്ന ഈ സംഭവത്തെ, “സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ” ഒരുമിച്ചുകൂട്ടുന്ന, “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മെന്നാണ്‌ ബൈബിളിന്റെ ഒടുവിലത്തെ പുസ്‌തകമായ വെളിപ്പാട്‌ വിശേഷിപ്പിക്കുന്നത്‌. (വെളിപ്പാടു 16:⁠14, 16) ഭൂതങ്ങളുടെ പ്രേരണയാൽ ഒടുവിൽ ഭൂമിയിലെ രാഷ്‌ട്രങ്ങൾ ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിച്ച്‌ അണിനിരക്കും​—⁠സർവശക്തനായ ദൈവത്തോടു യുദ്ധം ചെയ്യാൻ.

മാനവരാശി ദൈവത്തിന്റെ പരമാധികാരത്തോടു പടവെട്ടാൻ ഒന്നിച്ചുകൂടുന്ന സമയം സത്വരം സമീപിച്ചുകൊണ്ടിരിക്കുകയാണ്‌. വൈരുദ്ധ്യമെന്നു പറയട്ടെ, അവരുടെ “ഐക്യം” അവർക്ക്‌ വ്യക്തിഗതമായ യാതൊരു പ്രയോജനവും നേടിക്കൊടുക്കുകയില്ല. മറിച്ച്‌, അവരുടെ ആ നടപടി മുഴു മനുഷ്യവർഗവും ദീർഘകാലമായി വാഞ്‌ഛിക്കുന്ന സമാധാനം ഒരു യാഥാർഥ്യമാകാൻ പോകുന്നു എന്നതിന്റെ മുന്നോടി ആയിരിക്കും. അതെങ്ങനെ? ആ അന്തിമ യുദ്ധത്തിൽ, ദൈവരാജ്യം “ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” (ദാനീയേൽ 2:⁠44) ലോക സമാധാനത്തിനായുള്ള മനുഷ്യവർഗത്തിന്റെ അദമ്യമായ ആഗ്രഹം നിറവേറ്റുന്നത്‌ ഏതെങ്കിലും മാനുഷ സംഘടനകൾ ആയിരിക്കില്ല, മറിച്ച്‌ ദൈവരാജ്യ ഗവൺമെന്റ്‌ ആയിരിക്കും.

രാജ്യ ഗവൺമെന്റിന്റെ മുഖ്യ ഭരണാധിപൻ

“നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന്‌ ആത്മാർഥതയുള്ള ജനലക്ഷങ്ങൾ പ്രാർഥിച്ചിട്ടുള്ള ആ രാജ്യം ദൈവരാജ്യമാണ്‌. (മത്തായി 6:⁠10) ഹൃദയത്തിലെ എന്തെങ്കിലും അമൂർത്തമായ അവസ്ഥയല്ല ദൈവരാജ്യം. മറിച്ച്‌ 1914-ൽ സ്വർഗത്തിൽ സ്ഥാപിതമായതു മുതൽ വിസ്‌മയാവഹമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്ന ഒരു യഥാർഥ ഗവൺമെന്റാണ്‌ അത്‌. ദൈവരാജ്യം പ്രവർത്തനനിരതമായിരിക്കുന്ന ഒരു ഗവൺമെന്റാണെന്നു പ്രകടമാക്കുന്ന ചില പ്രധാന ഘടകങ്ങളെ കുറിച്ചു നമുക്കു പരിചിന്തിക്കാം.

ഒന്നാമതായി, ഈ ഗവൺമെന്റിന്‌ സിംഹാസനസ്ഥനാക്കപ്പെട്ട രാജാവായ യേശുക്രിസ്‌തുവിന്റെ നേതൃത്വത്തിൽ ശക്തവും കാര്യക്ഷമവുമായ ഒരു കാര്യനിർവഹണ വിഭാഗം ഉണ്ട്‌. പൊതുയുഗം (പൊ.യു.) 33-ൽ, യഹോവയാം ദൈവം യേശുക്രിസ്‌തുവിനെ ക്രിസ്‌തീയ സഭയുടെ ശിരസ്സായി അവരോധിച്ചു. (എഫെസ്യർ 1:⁠22) അന്നുമുതൽ, യേശു തന്റെ ശിരഃസ്ഥാനം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. അതുവഴി അവൻ തന്റെ ഭരണനിർവഹണ പ്രാപ്‌തി പ്രകടമാക്കിയിരിക്കുന്നു. ഉദാഹരണത്തിന്‌, ഒന്നാം നൂറ്റാണ്ടിൽ യഹൂദാ ദേശത്ത്‌ വലിയൊരു ക്ഷാമം ഉണ്ടായപ്പോൾ ക്രിസ്‌തീയ സഭ അതിന്റെ അംഗങ്ങളെ സഹായിക്കാൻ സത്വരം നടപടികൾ സ്വീകരിക്കുകയുണ്ടായി. ഒരു ദുരിതാശ്വാസ പ്രവർത്തനം സംഘടിപ്പിക്കപ്പെട്ടു, അന്ത്യോക്യയിൽനിന്ന്‌ ബർന്നബാസിനെയും ശൗലിനെയും ദുരിതാശ്വാസ സഹായവുമായി അയയ്‌ക്കുകയും ചെയ്‌തു.​—⁠പ്രവൃത്തികൾ 11:⁠27-30.

രാജ്യ ഗവൺമെന്റ്‌ പ്രവർത്തനത്തിലിരിക്കുന്ന ഈ സമയത്ത്‌, യേശുക്രിസ്‌തുവിൽനിന്ന്‌ അതിലും അധികം പ്രതീക്ഷിക്കാനാകും. ഭൂകമ്പം, ക്ഷാമം, പ്രളയം, ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്‌, പേമാരി, അഗ്നിപർവത സ്‌ഫോടനം എന്നിങ്ങനെയുള്ള വിപത്തുകൾ ആഞ്ഞടിക്കുമ്പോഴൊക്കെ യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ സഭ സത്വരം ദുരന്തബാധിത പ്രദേശത്തുള്ള തങ്ങളുടെ സഹവിശ്വാസികളുടെയും മറ്റുള്ളവരുടെയും സഹായത്തിനെത്തുന്നു. ഉദാഹരണത്തിന്‌, വിനാശകാരികളായ ഭൂകമ്പങ്ങൾ 2001 ജനുവരിയിലും ഫെബ്രുവരിയിലും എൽസാൽവഡോറിനെ തകർത്തെറിഞ്ഞപ്പോൾ രാജ്യത്താകമാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. കാനഡ, ഗ്വാട്ടിമാല, ഐക്യനാടുകൾ എന്നിവിടങ്ങളിൽനിന്നുള്ള യഹോവയുടെ സാക്ഷികളുടെ കൂട്ടങ്ങൾ സഹായഹസ്‌തവുമായി മുന്നോട്ടുവന്നു. അവരുടെ ആരാധനാലയങ്ങളിൽ മൂന്നെണ്ണവും 500-ലധികം വീടുകളും അവർ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുനർനിർമിച്ചു.

ദൈവരാജ്യ ഗവൺമെന്റിന്റെ പ്രജകൾ

1914-ൽ സ്ഥാപിക്കപ്പെട്ടതു മുതൽ ദൈവത്തിന്റെ സ്വർഗീയ രാജ്യം മുഴുഭൂമിയിൽനിന്നും അതിന്റെ പ്രജകളെ ശേഖരിക്കുകയും സംഘടിപ്പിക്കുകയും ചെയ്‌തുകൊണ്ടാണിരിക്കുന്നത്‌. ഇത്‌ യെശയ്യാവ്‌ രേഖപ്പെടുത്തിയ പിൻവരുന്ന വിസ്‌മയാവഹമായ പ്രവചനത്തിന്റെ നിവൃത്തിയാണ്‌: ‘അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം [അവന്റെ ഉത്‌കൃഷ്ടമായ സത്യാരാധന] പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതം ആയിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.’ ‘അനേകം വംശങ്ങൾ’ അഥവാ ആളുകൾ ആ പർവതത്തിലേക്കു കയറിച്ചെല്ലുകയും യഹോവയുടെ നിർദേശങ്ങളും നിയമങ്ങളും മനസ്സോടെ സ്വീകരിക്കുകയും ചെയ്യും എന്ന്‌ പ്രവചനം വ്യക്തമാക്കുന്നു.—യെശയ്യാവു 2:⁠2, 3.

ഫലമോ? ഇന്ന്‌, ആധുനിക നാളിൽ അതിശ്രദ്ധേയമായ ഒരു സംഘടന​—⁠ഭൂഗോളത്തിലെ 230-ലധികം രാജ്യങ്ങളിലായി 60,00,000-ത്തിലധികം വരുന്ന ക്രിസ്‌ത്യാനികളുടെ ഒരു ആഗോള സഹോദരവർഗം​—⁠പ്രവർത്തനത്തിൽ വന്നിരിക്കുന്നു. ദേശീയത, സംസ്‌കാരം, ഭാഷ എന്നിവയുടെ മതിൽക്കെട്ടുകൾ ഭേദിച്ച്‌ യഹോവയുടെ സാക്ഷികളുടെ അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ സ്‌നേഹത്തിലും സമാധാനത്തിലും ഐക്യത്തിലും കൂടിവരുന്ന വൻ ജനാവലി, നിരീക്ഷകരിൽ മിക്കപ്പോഴും വിസ്‌മയമുണർത്താറുണ്ട്‌. (പ്രവൃത്തികൾ 10:⁠34, 35) നൂറുകണക്കിനു വംശീയ കൂട്ടങ്ങളെ സമാധാനത്തിലും ഒത്തൊരുമയിലും കോർത്തിണക്കാൻ കഴിവുള്ള ഒരു ഗവൺമെന്റ്‌ സ്ഥിരതയുള്ളതും കാര്യക്ഷമവും യഥാർഥവും ആണ്‌ എന്നുള്ളതിനോടു നിങ്ങൾ യോജിക്കുകയില്ലേ?

ദൈവരാജ്യവും വിദ്യാഭ്യാസവും

ഏതൊരു ഗവൺമെന്റിനും അതിന്റെ പൗരന്മാർ പിൻപറ്റേണ്ട നിശ്ചിത നിലവാരങ്ങളുണ്ട്‌. ആ ഗവൺമെന്റിൻ കീഴിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും ആ നിലവാരങ്ങൾ നിശ്ചയമായും പിൻപറ്റുകയും വേണം. സമാനമായി, ദൈവരാജ്യത്തിന്റെ പ്രജകളായിരിക്കാൻ ആഗ്രഹിക്കുന്ന ഏവരും എത്തിച്ചേരേണ്ടതായ ചില യോഗ്യതകൾ ഉണ്ട്‌. എന്നിരുന്നാലും, തികച്ചും വ്യത്യസ്‌തമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന ഇത്രയധികം പേരെ ഒരേ നിലവാരങ്ങൾ സ്വീകരിക്കാനും പിൻപറ്റാനും സഹായിക്കുക എന്നത്‌ അതിബൃഹത്തായ ഒരു സംരംഭമാണ്‌. ഇവിടെയാണ്‌ ദൈവരാജ്യം ഒരു യഥാർഥ ഗവൺമെന്റാണ്‌ എന്നതിന്‌ അടിവരയിടുന്ന മറ്റൊരു ഘടകം ദൃശ്യമാകുന്നത്‌; ആളുകളുടെ മനസ്സിൽ മാത്രമല്ല ഹൃദയത്തിലും എത്തിച്ചേർന്ന്‌ പരിവർത്തനം വരുത്തുന്ന അതിന്റെ കാര്യക്ഷമമായ വിദ്യാഭ്യാസ പരിപാടി.

രാജ്യഗവൺമെന്റ്‌ വെല്ലുവിളി നിറഞ്ഞ ഈ പദ്ധതി നടപ്പാക്കുന്നത്‌ എങ്ങനെയാണ്‌? അപ്പൊസ്‌തലന്മാരുടെ മാതൃക പിൻപറ്റിക്കൊണ്ട്‌ “വീടുതോറും” പോയി ദൈവവചനം പ്രസംഗിക്കുകയും ആളുകളെ വ്യക്തിപരമായി ദൈവവചനം പഠിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌. (പ്രവൃത്തികൾ 5:⁠42; 20:⁠20) ഈ രീതിയിലുള്ള വിദ്യാഭ്യാസം എത്രത്തോളം ഫലപ്രദമാണ്‌? യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നതിൽനിന്ന്‌ ഒരു സ്‌ത്രീയെ പിന്തിരിപ്പിക്കാൻ താൻ നടത്തിയ ശ്രമത്തെ കുറിച്ച്‌ വാരംതോറും പ്രസിദ്ധീകരിക്കുന്ന ഒരു കനേഡിയൻ പത്രത്തിൽ ഒരു കത്തോലിക്കാ പുരോഹിതനായ ഷാക്‌ ജോൺസൺ ഇങ്ങനെ എഴുതി: “എന്റെ ശ്രമം വിഫലമായിപ്പോയി, മുട്ടുമടക്കേണ്ടിവരുമെന്നു ഞാൻ തിരിച്ചറിഞ്ഞു.” അദ്ദേഹം തുടരുന്നു, “വീട്ടിൽ അടച്ചുപൂട്ടി കഴിഞ്ഞിരുന്ന ആ യുവമാതാവുമായി യഹോവയുടെ സാക്ഷികളിൽപ്പെട്ട ആ സ്‌ത്രീകൾ പല മാസങ്ങൾകൊണ്ട്‌ അർഥവത്തായ ഒരു ബന്ധം നെയ്‌തെടുത്തു കഴിഞ്ഞിരുന്നതായി എനിക്കു മനസ്സിലായിത്തുടങ്ങി. അവളെ സഹായിച്ചും സൗഹൃദം വളർത്തിയും അവളുടെ ഹൃദയം കീഴടക്കി അവർ അവളെ തങ്ങളോട്‌ അടുപ്പിച്ചു. അവൾ പെട്ടെന്നുതന്നെ അവരുടെ മതത്തിലെ ഒരു സജീവ അംഗമായിത്തീർന്നു. കൈയുംകെട്ടി നോക്കിനിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.” യഹോവയുടെ സാക്ഷികൾ പകർന്നുകൊടുത്ത ബൈബിൾ സന്ദേശവും അവരുടെ ക്രിസ്‌തീയ നടത്തയും ഈ മുൻ കത്തോലിക്ക വിശ്വാസിയെ ആകർഷിച്ചതുപോലെ ലോകമെമ്പാടും ലക്ഷക്കണക്കിന്‌ ആളുകളുടെ ഹൃദയത്തെ സ്‌പർശിക്കുന്നു.

ഈ രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെ​—⁠രാജ്യ വിദ്യാഭ്യാസത്തിന്റെ​—⁠പാഠപുസ്‌തകം ബൈബിളാണ്‌. ബൈബിളിന്റെ മൂല്യങ്ങളും ധാർമിക നിലവാരങ്ങളും ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസമാണിത്‌. ഏതു പശ്ചാത്തലത്തിലുമുള്ളവരെ സ്‌നേഹിക്കാനും ആദരിക്കാനും ഇത്‌ ആളുകളെ പഠിപ്പിക്കുന്നു. (യോഹന്നാൻ 13:⁠34, 35) “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ” എന്ന ആഹ്വാനത്തോടു പ്രതികരിക്കാൻ ആളുകളെ ഇതു സഹായിക്കുന്നു. (റോമർ 12:⁠2) തങ്ങളുടെ മുൻ ജീവിതരീതി പാടേ ഉപേക്ഷിച്ചുകൊണ്ട്‌ രാജ്യ ഗവൺമെന്റിന്റെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും തങ്ങളെത്തന്നെ സന്തോഷത്തോടെ വിധേയരാക്കുന്ന ലക്ഷങ്ങൾ ഇപ്പോൾത്തന്നെ സമാധാനവും സന്തുഷ്ടിയും ആസ്വദിക്കുന്നു. കൂടാതെ ഒരു ശോഭനമായ ഭാവിയും അവരെ കാത്തിരിക്കുന്നു.​—⁠കൊലൊസ്സ്യർ 3:⁠9-11.

ലോകവ്യാപകമായ ഈ ഒത്തൊരുമ സാധ്യമാക്കുന്നതിൽ സവിശേഷ പങ്കുവഹിക്കുന്ന ഒന്നാണ്‌ നിങ്ങളുടെ കൈയിലിരിക്കുന്ന ഈ വീക്ഷാഗോപുരം മാസിക. സുസംഘടിതമായ പരിഭാഷാ ക്രമീകരണത്തിലൂടെയും നിരവധി ഭാഷകളിൽ പ്രസിദ്ധീകരണം നിർവഹിക്കാൻ പ്രാപ്‌തിയുള്ള സംവിധാനങ്ങളുടെ സഹായത്തോടെയും വീക്ഷാഗോപുരം മാസികയുടെ പ്രമുഖ ലേഖനങ്ങൾ ഒരേസമയം 135 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു. ലോകവ്യാപകമായുള്ള അതിന്റെ വായനക്കാരിൽ 95 ശതമാനത്തിലധികം പേർക്കും ഒരേസമയം അത്‌ തങ്ങളുടെ സ്വന്തം ഭാഷയിൽ പഠിക്കാൻ കഴിയുന്നു.

ഒരു മോർമൻ എഴുത്തുകാരൻ മിഷനറിവേലയിൽ തന്റേതല്ലാത്ത സഭകളുടെ, ഏറ്റവും മഹത്തായ വിജയസംരംഭങ്ങളെ പട്ടികപ്പെടുത്തുകയുണ്ടായി. ഏറ്റവും ശ്രേഷ്‌ഠമായ സുവിശേഷ മാസികകളായി അദ്ദേഹം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം, ഉണരുക! മാസികകൾ വിശേഷവത്‌കരിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ആത്മീയ ഉദാസീനതയെ പിന്താങ്ങുന്ന മാസികകളാണെന്നു പറഞ്ഞ്‌ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വിലയിടിച്ചുകളയാൻ ആർക്കും ഒരിക്കലും കഴിയുകയില്ല. മറിച്ച്‌ ജാഗ്രതയോടെയിരിക്കേണ്ടതിന്റെ ആവശ്യം വിളിച്ചോതുകയാണ്‌ അവ ചെയ്യുന്നത്‌. മറ്റു മത പ്രസിദ്ധീകരണങ്ങളിൽ ഞാൻ ഇതു കണ്ടിട്ടില്ലെന്നുതന്നെ പറയാം. പ്രസക്തമായ ആനുകാലിക വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും വസ്‌തുതകളെ അടിസ്ഥാനപ്പെടുത്തിയും ആഴമായ ഗവേഷണം ചെയ്‌തും തയ്യാറാക്കുന്ന ഈ മാസികകളുടെ ഉള്ളടക്കം വായനക്കാരന്‌ ഉന്മേഷം പകരുന്നു.”

സജീവമായി പ്രവർത്തനത്തിലിരിക്കുന്ന ഒരു യാഥാർഥ്യമാണ്‌ ദൈവരാജ്യം എന്നുള്ളതിനു തെളിവുകൾ അനവധിയാണ്‌. യഹോവയുടെ സാക്ഷികൾ സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ “രാജ്യത്തിന്റെ ഈ സുവിശേഷം” തങ്ങളുടെ അയൽക്കാരോടു ഘോഷിക്കുകയും അതിന്റെ പ്രജകളായിരിക്കാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നു. (മത്തായി 24:⁠14) അത്തരമൊരു ഭാവി പ്രതീക്ഷ അഭികാമ്യമായി നിങ്ങൾക്കു തോന്നുന്നുണ്ടോ? ദൈവരാജ്യത്തിന്റെ നിലവാരങ്ങൾ പഠിക്കുകയും അതനുസരിച്ച്‌ ജീവിക്കാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നവരോടൊത്തു സഹവസിക്കുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾ നിങ്ങൾക്ക്‌ ആസ്വദിക്കാൻ കഴിയും. ഇതിനെല്ലാം പുറമേ, ദൈവരാജ്യ ഭരണത്തിൻ കീഴിൽ “നീതി വസിക്കുന്ന” പുതിയ വാഗ്‌ദത്ത ഭൂമിയിൽ ജീവിക്കുന്നതിനുള്ള ഭാവി പ്രത്യാശയും നിങ്ങൾക്കുണ്ടായിരിക്കും.​—⁠2 പത്രൊസ്‌ 3:⁠13.

[അടിക്കുറിപ്പ്‌]

^ ഖ. 5 വിശദമായ ചർച്ചയ്‌ക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 90-7 പേജുകളിലെ “ദൈവരാജ്യം ഭരിക്കുന്നു” എന്ന 10-ാം അധ്യായം കാണുക.

[4, 5 പേജുകളിലെ ചിത്രം]

1914-ൽ രാഷ്‌ട്രങ്ങൾ ഒരു മഹായുദ്ധത്തിന്‌ ഇറങ്ങിപ്പുറപ്പെട്ടു

[6-ാം പേജിലെ ചിത്രങ്ങൾ]

സന്നദ്ധ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ക്രിസ്‌തീയ സ്‌നേഹം പ്രവർത്തനത്തിലിരിക്കുന്നതിന്റെ തെളിവാണ്‌

[7-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷികൾ, ലോകവ്യാപകമായി ഒരേ വിദ്യാഭ്യാസ പരിപാടിയിൽനിന്നു പ്രയോജനം അനുഭവിക്കുന്നു