വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല ഗവൺമെന്റിനായുള്ള അന്വേഷണം

നല്ല ഗവൺമെന്റിനായുള്ള അന്വേഷണം

നല്ല ഗവൺമെന്റിനായുള്ള അന്വേഷണം

“ആഗോളവത്‌കരണം ആഗോള പ്രശ്‌നങ്ങളുടെ ഒരു നിരതന്നെ ഉയർന്നുവരാൻ കാരണമായിരിക്കുന്നു. ഈ പ്രശ്‌നങ്ങളാകട്ടെ രാഷ്‌ട്രങ്ങൾക്ക്‌ ഒറ്റയ്‌ക്കു പരിഹരിക്കാനാകാത്തവയുമാണ്‌. ലോകവ്യാപകമായുള്ള സഹകരണത്തിലൂടെ മാത്രമേ, മാനവരാശി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും വിപത്തുകളെയും വിജയകരമായി നേരിടാനാകുകയുള്ളൂ.”​—⁠പാകിസ്ഥാൻ രാഷ്‌ട്രീയ വിശകലന വിദഗ്‌ധനായ ഗുലാം ഉമർ.

ഇന്നത്തെ ലോകത്തിൽ നിറയെ വൈപരീത്യങ്ങളാണ്‌. ചുറ്റും ഭൗതിക സമൃദ്ധി വഴിഞ്ഞൊഴുകുമ്പോൾത്തന്നെ അഷ്ടിക്കു വക കണ്ടെത്താൻ പാടുപെടുന്ന അനേകർ. വിദ്യാഭ്യാസത്തിലും അറിവിലും തലപ്പത്തു നിൽക്കുന്ന കമ്പ്യൂട്ടർയുഗത്തിലെ തലമുറയിൽ തൊഴിൽ സ്ഥിരതയില്ലാതെ ഉഴലുന്നവരുടെ ഉയരുന്ന സംഖ്യ. മാനവരാശി മുമ്പെന്നത്തെക്കാളും സ്വാതന്ത്ര്യം ആസ്വദിക്കുന്നതായി തോന്നുന്നെങ്കിലും ഭയപ്പാടിലും അരക്ഷിതത്വത്തിലും അനിശ്ചിതത്വത്തിലും ജീവിതം തള്ളിനീക്കുന്ന ജനകോടികൾ. ജീവിതം പച്ചപിടിപ്പിക്കാൻ ആകർഷകമായ പല അവസരങ്ങളും ചുറ്റുമുണ്ടെങ്കിലും സമൂഹത്തിന്റെ സമസ്‌ത തലങ്ങളിലും പടർന്നിരിക്കുന്ന അഴിമതിയും അരാജകത്വവും കണ്ട്‌ നിരാശയിലാണ്ട ഒട്ടനവധിപ്പേർ.

മാനവരാശി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഒരു രാഷ്‌ട്രത്തിനോ ഒരുകൂട്ടം രാഷ്‌ട്രങ്ങൾക്കു പോലുമോ വരുതിയിൽ ഒതുക്കാൻ കഴിയാത്തത്ര വിപുലമാണ്‌. അതുകൊണ്ട്‌, ലോക സമാധാനവും സുരക്ഷിതത്വവും എന്ന യാഥാർഥ്യം പൂവണിയണമെങ്കിൽ മുഴു രാഷ്‌ട്രങ്ങളും ഒരൊറ്റ ഗവൺമെന്റിന്റെ കീഴിൽ അണിനിരക്കണം, അതാണ്‌ അനേകം നിരീക്ഷകരുടെയും നിഗമനം. ഉദാഹരണത്തിന്‌, അത്തരമൊരു ആശയത്തിന്റെ ദീർഘകാല വക്താവായിരുന്നു ആൽബർട്ട്‌ ഐൻസ്റ്റീൻ. 1946-ൽ അദ്ദേഹം ഇങ്ങനെ തറപ്പിച്ചു പറയുകയുണ്ടായി: “ലോകജനതയുടെ ഭൂരിഭാഗവും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന്‌ ഞാൻ ഉറച്ചു വിശ്വസിക്കുന്നു . . . ഒരു ഏകലോക ഗവൺമെന്റിന്റെ സൃഷ്ടിയിലൂടെ മാത്രമേ സമാധാനത്തിനായുള്ള മനുഷ്യവർഗത്തിന്റെ അദമ്യമായ ആഗ്രഹം സഫലമാക്കാൻ സാധിക്കുകയുള്ളൂ.”

അഞ്ചു ദശകങ്ങൾക്കു ശേഷവും ഈ സുപ്രധാന ആവശ്യം ഒരു യാഥാർഥ്യമായിട്ടില്ല. 21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളികൾ അക്കമിട്ടുനിരത്തവേ ഫ്രാൻസിലെ പാരീസിലുള്ള ലാ മൊൺടേ എന്ന പത്രത്തിന്റെ കമന്ററി ഇപ്രകാരം പറയുന്നു: ‘ലോകത്തെവിടെയാണെങ്കിലും, ഒരു വംശീയ കൂട്ടക്കൊലയുടെ സമയത്ത്‌ ഉടൻ ഇടപെടാൻ പര്യാപ്‌തമായ നിയമവ്യവസ്ഥ, ഭരണനിർവഹണം, ഭരണഘടന എന്നീ അടിസ്ഥാന ഘടകങ്ങളുള്ള ഒരു അന്താരാഷ്‌ട്ര ഗവൺമെന്റിനു രൂപം നൽകേണ്ടത്‌ അനിവാര്യമാണ്‌. അതുപോലെ, ഭൂഗ്രഹത്തെ ഒരൊറ്റ രാജ്യമായി കണക്കാക്കേണ്ടതും അത്യാവശ്യമാണ്‌.” മനുഷ്യവർഗത്തിന്‌ സമാധാനനിർഭരമായ ഒരു ഭാവി ഉറപ്പാക്കുന്നതിനായി ഇതെല്ലാം ഒരു യാഥാർഥ്യമാക്കാൻ ആർക്ക്‌ അല്ലെങ്കിൽ എന്തിന്‌ കഴിയും?

ഐക്യരാഷ്‌ട്ര സംഘടനയ്‌ക്കു കഴിയുമോ?

ലോക സമാധാനത്തിനായി അനേകരും ഐക്യരാഷ്‌ട്ര സംഘടനയിലേക്കു നോക്കുന്നു. എന്നാൽ ലോകജനതയ്‌ക്ക്‌ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ കഴിയുന്ന ഒരു ഗവൺമെന്റ്‌ ആണോ ഐക്യരാഷ്‌ട്ര സംഘടന? ആവേശവും പ്രതീക്ഷയും ഉണർത്തുന്ന പ്രചോദനാത്മകമായ രാഷ്‌ട്രീയ പ്രസ്‌താവനകൾക്ക്‌ ഇവിടെ യാതൊരു പഞ്ഞവുമില്ല. ഉദാഹരണത്തിന്‌, 2000-ത്തിലെ “സഹസ്രാബ്ദ പ്രഖ്യാപന”ത്തിൽ, ഐക്യരാഷ്‌ട്ര സംഘടനയുടെ ജനറൽ അസംബ്ലി പിൻവരുന്ന ഔദ്യോഗിക പ്രമേയം പാസ്സാക്കുകയുണ്ടായി: “പോയ ദശകത്തിൽ 50 ലക്ഷത്തിലേറെ ജീവൻ അപഹരിച്ച യുദ്ധത്തിന്റെ കരാളഹസ്‌തങ്ങളിൽനിന്നു നമ്മുടെ ജനങ്ങളെ മോചിപ്പിക്കാൻ ഞങ്ങൾ സകല ശ്രമവും ചെയ്യും, ആഭ്യന്തരയുദ്ധമായാലും രാഷ്‌ട്രങ്ങൾ തമ്മിലുള്ളതായാലും.” ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ഐക്യരാഷ്‌ട്ര സംഘടന അനേകരുടെ പ്രശംസയ്‌ക്കും ആദരവിനും പാത്രമായിട്ടുണ്ട്‌. സമാധാനത്തിനായുള്ള 2001-ലെ നോബൽ സമ്മാനവും ഈ സംഘടനയെ തേടിയെത്തുകയുണ്ടായി. നോർവീജിയൻ നോബൽ സമ്മാന കമ്മിറ്റി ഐക്യരാഷ്‌ട്ര സംഘടനയെ ആദരിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: “ലോക സമാധാനവും സഹകരണവും സാധ്യമാക്കുന്ന ഏക സരണി ഐക്യരാഷ്‌ട്ര സംഘടനയാണ്‌.”

ഇത്തരം ബഹുമതികൾ ഒക്കെ ഉണ്ടായിരുന്നിട്ടും 1945-ൽ സ്ഥാപിതമായ ഐക്യരാഷ്‌ട്ര സംഘടന ലോകത്തിൽ യഥാർഥവും നിലനിൽക്കുന്നതുമായ സമാധാനം കൊണ്ടുവരാൻ കഴിയുന്ന ഒരു ഗവൺമെന്റാണ്‌ എന്നു തെളിയിച്ചിട്ടുണ്ടോ? ഇല്ല. അംഗരാഷ്‌ട്രങ്ങളുടെ സ്വാർഥ താത്‌പര്യവും ദേശീയത്വമോഹങ്ങളും അതിന്റെ പല ഉദ്യമങ്ങളെയും വെറും ജലരേഖകളാക്കി. ഐക്യരാഷ്‌ട്ര സംഘടന “ലോകജനതയുടെ വീക്ഷണം അളക്കുന്ന ഒരുതരം ബാരോമീറ്റർ മാത്രമാണ്‌,” ഒരു വർത്തമാനപത്രത്തിന്റെ പത്രാധിപർ അഭിപ്രായപ്പെട്ടു. “അതിന്റെ അജണ്ടയിൽ നിറയെ പ്രശ്‌നങ്ങളാണ്‌. വർഷങ്ങളോളം ചർച്ച ചെയ്യപ്പെട്ടിട്ടും അവയുടെ പരിഹാരത്തിലേക്ക്‌ ഇതുവരെ ഒരു കൈത്തിരിയെങ്കിലും തെളിക്കാനായിട്ടില്ല.” അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്‌ മുഴുവൻ ജനങ്ങളുടെയും വികാരമാണ്‌. അവശേഷിക്കുന്ന ചോദ്യമിതാണ്‌: ലോകരാഷ്‌ട്രങ്ങൾ വാസ്‌തവത്തിൽ എന്നെങ്കിലും ഒരുമിക്കുമോ?

അത്തരമൊരു ഒരുമിക്കൽ ഉടൻ സാധ്യമാകുമെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. എങ്ങനെയായിരിക്കും അതു സംഭവിക്കുന്നത്‌? ഏതു ഗവൺമെന്റായിരിക്കും അതിനു ചുക്കാൻ പിടിക്കുക? ഉത്തരങ്ങൾക്ക്‌ ദയവായി അടുത്ത ലേഖനം വായിക്കുക.

[3-ാം പേജിലെ ചിത്രം]

ഒരു ഏകലോക ഗവൺമെന്റ്‌ അനിവാര്യമാണെന്ന ആശയത്തെ ഐൻസ്റ്റീൻ പിന്താങ്ങിയിരുന്നു

[കടപ്പാട്‌]

ഐൻസ്റ്റീൻ: U.S. National Archives photo